വിജയകുമാർ ബ്ലാത്തൂർ
പഴയ എഴുത്താശാന്മാർ എഴുത്താണികൊണ്ട് ഓലയിൽ ശരശരേന്ന് എഴുതുന്നതുപോലെ പുഴകളിലേയും കുളങ്ങളിലേയും അനക്കമില്ലാത്ത ജലോപരിതലത്തിൽ ഓടിനടന്നും നിന്നും പല വിക്രിയകൾ കാട്ടുന്ന കുഞ്ഞ് ജലപ്രാണികളാണ് എഴുത്താശാൻ പ്രാണികൾ. water striders, water bugs, pond skaters, water skippers എന്നൊക്കെപ്പേരിലാണ് അറിയപ്പെടുന്നത്. Hemiptera ഓഡറിൽ,. ജെറിഡെ (Gerridae ) കുടുംബത്തിൽ പെട്ട ഇവർ ലോകത്തിൽ ഒരുവിധം എല്ലായിടത്തുമുള്ള തടാകങ്ങളിലും കുളങ്ങളിലും പുഴകളിലും ഒക്കെ കാണും . ആകെ ആയിരത്തി എഴുന്നൂറിലധികം സ്പീഷിസുകൾ ഉണ്ട്, അതിൽ പത്ത് ശതമാനം കടലിലാണ് ജീവിക്കുന്നത്. ഈ വെള്ളത്തിലാശന്മാരുടെ പല ഇനങ്ങളും നമ്മുടെ നാട്ടിലും ഉണ്ട്. ഈ കുടുംബത്തിൽ പെടാത്ത Whirl gig beetle കളേയും ഒന്നായി തെറ്റിദ്ധരിച്ച് പലരും മലയാളത്തിൽ പ്രാദേശികമായി ഒരേ പേരുകൾ പരസ്പരം മാറി വിളിക്കാറുണ്ട്. വെള്ളത്തിലാശാൻ, എഴുത്താശാൻ എഴുത്തച്ഛൻ പ്രാണി എന്നിങ്ങനെ പല ദേശങ്ങളിൽ പല പേര്. കൃത്യമായി ഒരു പേര് ഇതുവരെയും മലയാളത്തിൽ ഇവർക്ക് തീരുമാനിക്കപ്പെട്ടിട്ടില്ല എന്നതിനാൽ നമുക്ക് ആശാൻ എന്ന് തന്നെ വിളിക്കാം. (വെള്ളത്തിന് മേലെക്കൂടി യേശുകൃസ്തു നടന്നു എന്ന വിശ്വാസത്തിൽ നമ്മുടെ വെള്ളത്തിലാശാനെ വെള്ളക്കാർ യേശു പ്രാണി (jesus bugs) എന്ന് വിളിക്കാറുണ്ട് )
‘ജലോപരി ജീവിതം’ എന്നതിനാൽ പല അനുകൂലനങ്ങളിലൂടെ വികസിച്ചതാണ് ഇവരുടെ ശരീരം. വെള്ളം കൊണ്ട് നനയാത്തതാണിവരുടെ ഉടൽ. ശരീരവും കാലുകളും അടിമുടി വളരെ നേർത്ത അതിലോല രോമങ്ങൾകൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. ഓരോ ചതുരശ്ര മില്ലീമീറ്ററിലും ആയിരക്കണക്കിന് രോമങ്ങൾ ഉണ്ട്. രോമങ്ങൾക്കിടയിലെ വിടവുകളിൽ വായുസ്ഥലങ്ങളുണ്ടാവും. ഇവ ജലം നനയാതെ ശരീരത്തെ പൊതിഞ്ഞ് സംരക്ഷിക്കും. അതുകൊണ്ട് വെള്ളത്തുള്ളികൾ ശരീരത്തിൽ തെറിച്ച് വീണാലും വലിയ തിരകളിൽ പെട്ട് മുങ്ങിപ്പോയാലും ശരീരം നനയാത്തതിനാൽ ഭാരം കൂടുന്നില്ല. ഉരുണ്ട നീളൻ കോലൻ ശരീരവും കാലുകളും ആണ് ഇവയ്ക്കുള്ളത്. കാലുകൾ വെള്ളത്തിനുമുകളിൽ പ്രതലബലത്തിന്റെ പരമാവധി ആനുകൂല്യങ്ങൾ ഉപയോഗിക്കും വിധം പ്രത്യേക കോണിലും രീതിയിലും ആണ് ചാഞ്ഞ് തൊടുക. പ്രതലബലം അല്ലെങ്കിൽ സർഫെയ്സ് ടെൻഷൻ എന്നത് കൗതുകമുള്ള ഒരു പ്രതിഭാസമാണല്ലോ. ജലതന്മാത്രകൾ പരസ്പരം ആകർഷിക്കുന്നത് നമുക്കറിയാം. ജലോപരിതലത്തിലെ ഏറ്റവും പുറമേയുള്ള തന്മാത്രകളെ ഉള്ളിലുള്ളവ അകത്തേക്ക് വലിക്കുന്നുണ്ട്. ആ വലിവ് ബലം മൂലം മുകൾപ്പാളി ഉറപ്പുള്ള ഒരു സ്തരം പോലെ പ്രവർത്തിക്കും. ഈ പാളിക്ക് ഒരു തുന്നൽ സൂചിയെ താങ്ങി പൊങ്ങിക്കിടത്താൻ പോലും സാധിക്കും. (സംശയമുള്ളവർ ഈ പരീക്ഷണം ചെയ്തു നോക്കിക്കോളു. ഒരു ഗ്ലാസിൽ നിറയെ വെള്ളം എടുക്കുക. സൂചിയുടെ നീളത്തിൽ ഒരു കുഞ്ഞ് പത്രക്കടലാസ്കഷണം കീറി വെള്ളത്തിനു മുകളിൽ വെക്കുക. അതിനുമുകളിൽ സൂചി പതുക്കെ അനങ്ങാതെ കിടത്തി വെക്കു . കുറച്ച് കഴിയുമ്പോൾ നനഞ്ഞ പത്രക്കടലാസ് താണ് പോകും അത്ഭുതം പോലെ താഴ്ന്നുപോകാതെ വെള്ളത്തിനുമുകളിൽ സൂചിയുടെ അനന്തശയനം കാണാം.)
കാലുകളിലെ രോമപ്പട കൂട്ടുന്ന പ്രതല വിസ്ത്രീണ്ണം, നീളൻ കാലുകൾ , ഭാരം കുറഞ്ഞ ശരീരം ഇവയൊക്കെയാണ് സർഫെയ്സ് ടെൻഷന്റെ സഹായത്തോടെ വെള്ളത്തിൽ മുങ്ങിപ്പോകാതെ നടക്കാൻ ഈ ആശാന്മാരെ സഹായിക്കുന്നത്. മൂന്നുജോഡിക്കാലുകളിൽ മുന്നിലെ കാലുകൾക്ക് ആണ് ഏറ്റവും നീളക്കുറവ്. ഇരയെപ്പിടിക്കാനുള്ള കൊളുത്തുകൾ ഇവയുടെ അഗ്രത്തിൽ ഉണ്ടാകും. നടുവിലെ കാലുകൾ അത്പം കൂടി നീളമുള്ളവയായിരിക്കും. പിറകിലെ കാലുകളാണ് ഏറ്റവും നീളമുള്ളവ. മുൻഭാഗം കുനിഞ്ഞുള്ള രൂപവും, നീണ്ട പിൻ കാലുകളും, അവ ഇഷ്ടാനുസരണം ചലിപ്പിക്കാനുള്ള കഴിവും വെള്ളത്തിലൂടെ തെന്നിത്തെറിച്ച് സഞ്ചരിക്കാൻ ഇവരെ സഹായിക്കുന്നു. ഇവരിൽ പല സ്പീഷിസുകൾക്കും കുഞ്ഞ് ചിറകുകളും ഉണ്ട്. അവ പറന്ന് കളിക്കാനുള്ളതല്ല. ചില സന്നിഗ്ധ് ഘട്ടങ്ങളിൽ മെച്ചപ്പെട്ട ജലസാമ്രാജ്യങ്ങളിലേക്ക് പറന്ന് രക്ഷപ്പെട്ട് പോകാൻ വേണ്ടി മാത്രം സഹായിക്കുന്നവ. ശരീരം മൊത്തം ഉയർത്തിപ്പിടിച്ച് കാലുകളുടെ അഗ്രങ്ങൾ മാത്രം വെള്ളത്തിൽ മുട്ടിച്ചാണ് സഞ്ചാരം നടുക്കാലുകൾ പ്രത്യേക രീതിയിൽ വെള്ളത്തിൽ അമർത്തി ഉയർത്തി ഓളങ്ങളുണ്ടാക്കി അതിന്റെ സഹായം മുന്നോട്ടുള്ള സഞ്ചാരത്തിന് ഉപയോഗിക്കുന്നുണ്ട്. ഒരു സെക്കന്റിൽ ഒരു മീറ്റർ എന്ന വേഗതയിൽ വരെ ഇവർക്ക് തെന്നി നീങ്ങാൻ ആകും.
വെള്ളത്തിൽ ഉറുമ്പുകൾ, എട്ടുകാലികൾ, മറ്റ് കുഞ്ഞ് പ്രാണികൾ എന്നിവ അബദ്ധത്തിൽ വീണാൽ ഉടൻ ഇവർക്ക് മനസിലാകും. ഇരയുടെ വീഴ്ചയുണ്ടാക്കിയ ജലോപരിതലത്തിലെ ഓളങ്ങൾ ശ്രദ്ധിച്ച് ഇര മുങ്ങിത്താഴുന്നതിനും, നീന്തിരക്ഷപ്പെടുന്നതിനും മുമ്പേ അവിടേക്ക് തെന്നിത്തെറിച്ച് ഓടിയെത്തും. വെള്ളത്തിൽ വീണ നിർഭാഗ്യവാന്മാരെയും എതിർക്കാൻ കഴിയാത്ത പാവങ്ങളേയും ആണ് സാധാരണ ഭക്ഷണമാക്കുന്നത്.. ആക്രമിച്ച് ഇരതേടലൊന്നും പതിവില്ല. ഇരയെ പിടികൂടാൻ മുൻ കാലുകളിലെ കൊളുത്തുകൾ സഹായിക്കും. ജീവനോടെ പിടയുന്ന ഇരയുടെ ശരീരം തുരന്ന് ദഹനരസങ്ങൾ കുത്തിവെക്കും. ദഹിച്ച് പാകമായാൽ സത്ത് വലിച്ച്കുടിക്കും. ചണ്ടി ഉപേക്ഷിച്ച് ഒന്നുമറിയാത്തപോലെ അടുത്തയാൾ വെള്ളത്തിൽ വീഴാൻ കാത്ത് കറങ്ങി നടക്കും. ഇണചേരൽ കാലത്ത് ചിലപ്പോൾ മത്സരം കുറക്കാനായി സ്വന്തം വർഗ്ഗത്തിലെ ചങ്ങാതികളെ തന്നെ കൊന്നുതിന്നുന്ന പരിപാടിയും ഇവർക്കുണ്ട്. വലിയ ഇരകളെ കിട്ടിയാൽ എല്ലാരും ചേർന്ന് പങ്കിട്ട് തിന്നുന്ന സമൂഹ ശീലവും കാണാം. ഇതിനിടയിൽ പക്ഷികളുടെ വായിൽ പോകതെ സ്വന്തം തടി രക്ഷിക്കുകയും വേണം. ശരീരത്തിന്റെ അടിഭാഗത്ത് നിന്ന് പുറപ്പെടുവിക്കുന്ന ചില അപ്രിയ ഗന്ധങ്ങൾ ഉള്ളതിനാൽ മീനുകൾ ഇവയെ അപൂർവ്വമായേ തിന്നാറുള്ളു. തവളകളും ഇവരെ ഒഴിവാക്കാറാണ് പതിവ്. ഈ നൂലൻ ശരീരം തിന്നിട്ട് എന്തുകിട്ടാൻ എന്ന ചിന്തയുമാകാം. എങ്കിലും മുഴുപ്പട്ടിണിക്കാലത്ത് മത്സ്യങ്ങളും ഇവയെ ഒഴിവാക്കാറില്ല.
👍🌹
❤️🌀