കേൾക്കാം
മാനം നിറയെ നക്ഷത്രങ്ങള്‍. സമയം പാതിര കഴിഞ്ഞുകാണും. നാട്ടുവെളിച്ചത്തില്‍ വെള്ള്യാംകല്ലും കടലും കാണാന്‍ നല്ല ചന്തം . തക്കുടൂന്റെ ലോകം ഉള്‍പ്പെട്ട എറിഡാനസ് നക്ഷത്രഗണം മാനത്ത് ഞങ്ങളെ നോക്കിനില്‍പ്പുണ്ട്.
“തക്കുടൂ, നിന്റെ വാഹനം ഒന്ന് ഞങ്ങക്ക് കാണിച്ചുതര്വോ?” പെട്ടെന്നായിരുന്നു ദില്‍ഷേടെ അപേക്ഷ.
തക്കുടു ചിരിച്ചുകൊണ്ടു പറഞ്ഞു, “അതിനെന്താ, എന്റെ കൂടെ വന്നോളൂ.”
“അയ്യോ അതു വേണ്ട. ഒന്നു പുറത്തേക്ക് പറത്തിക്കൊണ്ടുവാ.”
“കൊണ്ടുവന്നാലും കാണില്ല ദില്‍ഷേ. എന്നെപ്പോലെ അതും അദൃശ്യമാ. അതിന്റെ രൂപം ഞാൻ പിന്നെ പ്രൊജക്റ്ററിൽ കാണിച്ചു തരാം. “
“ ആയിക്കോട്ടെ “, ദിൽഷ സമ്മതിച്ചു. “ഒരു സംശയം. ഇവിടെത്താന്‍ നീ പതിനാറു കൊല്ലം എടുത്തൂന്നല്ലേ പറഞ്ഞത്? ഒറ്റയ്ക്ക് എങ്ങനെ ഇത്രേം കാലം കഴിയും?”
“ഒറ്റയ്ക്കല്ല കുട്ടീ ഞാന്‍ വന്നത്, ഒരു കപ്പലിനോളം പോന്ന വാഹനത്തില്‍ കൂട്ടുകാരുടെ കൂടെയാണ്. നാല് അജ്ഞാത ഗ്രഹങ്ങളിലേക്കുള്ള യാത്രികരുണ്ടായിരുന്നു അതില്‍. അക്കൂട്ടത്തില്‍ ഭൂമിയിലും വേറൊരിടത്തും ജീവനുണ്ടെന്നറിയാമായിരുന്നു. രണ്ടെണ്ണം ശൂന്യമാണെന്ന് തോന്നുന്നു. പക്ഷേ രണ്ടും ജീവയോഗ്യ മേഖലയിലാണ്. ഒരുപക്ഷേ ചെറു ജീവികള്‍ ഉണ്ടാകാം. എന്നെ സൗരയൂഥത്തിന്റെ അതിരില്‍ എത്തിച്ച്, ചെറിയ വാഹനത്തില്‍ വിട്ടിട്ട് അവര്‍ പോയി.”
“കപ്പലില്‍ ഇനി എത്ര പേരുണ്ട്, അവര് നിന്നെ കൂട്ടാന്‍ തിരിച്ചു വര്വോ?” അമ്മയ്ക്കാണ് സംശയം.
“പന്ത്രണ്ട് പേരുണ്ട് ചേച്ചീ. മൂന്നിടത്ത് രണ്ടു പേര് വീതം ഇറങ്ങും. ബാക്കിയുള്ളവര്‍ കപ്പലില്‍ത്തന്നെ കഴിയും. ജീവനില്ലാത്ത ഗ്രഹങ്ങളില്‍ കുറച്ചു കാലമേ ചെലവഴിക്കൂ. അവരേം കൂട്ടി തിരിച്ചുവരുമ്പം ഞാന്‍ പുറപ്പെട്ട സ്ഥലത്ത് എത്തണം.”
ഞാന്‍ പറഞ്ഞു, “പാവം തക്കുടു. തക്കുടൂനെ മാത്രം എന്താ ഒറ്റയ്ക്ക് വിട്ടത്?”
“ഭൂമിയെക്കുറിച്ച് ഞങ്ങള്‍ നന്നായി പഠിച്ചിരുന്നു. തനിച്ചു വന്നാലും മതി എന്ന് ആദ്യമേ മനസ്സിലാക്കി. ഇവിടെ എല്ലാടത്തും എനിക്ക് കൂട്ടുകാരെ കിട്ടിയല്ലോ. ഊഹം ശരിയായിരുന്നു എന്നു തെളിഞ്ഞു.”
“കൃത്യമായി നീ ഭൂമിയില്‍ തന്നെ എങ്ങനെ വന്നിറങ്ങി. ആദ്യം വരുവല്ലേ?”
“എന്റെ വാഹനം തന്നെ ഒരു റോബോട്ടാണ്. വഴിയൊക്കെ അതിനറിയാം.”
അച്ഛന്‍ ചോദിച്ചു, “ആ കപ്പല്‍ പോലത്തെ വാഹനത്തെ നിങ്ങളെങ്ങനെ ബഹിരാകാശത്തെത്തിച്ചു? അതിനു ഭയങ്കര ഭാരമില്ലേ? എത്ര വല്യ റോക്കറ്റു വേണ്ടിവരും!”
“വാഹനത്തിന് അത്ര വലിയ ഭാരമൊന്നുമില്ല ഉണ്ണിയേട്ടാ. രണ്ടു മില്ലിമീറ്റര്‍ കനമുള്ള ഗ്രാഫീന്‍ ഷീറ്റ് ഒരു ലോഹഫ്രെയ്മില്‍ ഉറപ്പിച്ചിരിക്കുന്നു, അത്രേ ഉള്ളൂ. പക്ഷേ വാഹനത്തിലെ പതിമൂന്നു യാത്രക്കാരും അവർക്കുള്ള നാലു ചെറിയ വാഹനങ്ങളും യാത്രികർക്ക് വര്‍ഷങ്ങളോളം വേണ്ട ഭക്ഷണവും വെള്ളവും വായുവും ഇന്ധനവും വലിയ റേഡിയോ അലൂമിനിയം ബാറ്ററികളും എല്ലാം ചേരുമ്പോള്‍ എണ്ണൂറ് ടണ്ണോളം വരും.”
“ഗ്രാഫീന്‍ ന്ന് ഞാന്‍ കേട്ടിട്ടുണ്ടല്ലോ. അതെന്താന്ന് അൻവർ മാഷൊന്നു പറഞ്ഞു തര്വോ?”, ജോസ് ചോദിച്ചു.
“കാര്‍ബണിന്റെ ഒറ്റ ആറ്റം കനമുള്ള ഷീറ്റാണ് ജോസേ അത്. നമ്മടെ ശാസ്ത്രജ്ഞരും അതുണ്ടാക്കീട്ടുണ്ട്, ചെറിയ അളവില്‍. ഇവരെപ്പോലെ ആകാശക്കപ്പലുണ്ടാക്കാന്‍ മാത്രമൊന്നുമില്ല. കാര്‍ബണ്‍ ആറ്റങ്ങളുടെ വിന്യാസത്തിന്റെ പ്രത്യേകത കാരണം ഗ്രാഫീന്‍ ഷീറ്റിന് നല്ല ബലമാണ്. അങ്ങനത്തെ ഏഴു ലക്ഷം ഷീറ്റുകള്‍ അടുക്കിവെച്ചാലേ ഒരു മില്ലീമീറ്റര്‍ കനം വരൂ. പക്ഷേ അതിന് അതേ കനമുള്ള മികച്ച ഉരുക്കിനേക്കാള്‍ മുന്നൂറ് ഇരട്ടി ഉറപ്പുണ്ടാകും. എന്നുവെച്ചാ ഇവര്‍ വന്ന വാഹനത്തിന്റെ കവചത്തിന് അറുപത് സെന്റീമീറ്റര്‍ കനമുള്ള ഉരുക്കുഷീറ്റിന്റെ ഉറപ്പുണ്ടെന്നര്‍ഥം.”
“എന്റമ്മേ ” ഞാൻ അറിയാതെ പറഞ്ഞു പോയി.
ദീപു ചോദിച്ചു, “ശൂന്യാകാശത്തെത്തിയാ ഭാരമില്ലായ്മ അനുഭവപ്പെടുംന്ന് വായിച്ചിട്ടുണ്ട്. വാഹനത്തിനുള്ളില്‍ ആളുകളിങ്ങനെ ഒഴുകി നടക്കുന്ന ചിത്രോം കണ്ടിട്ടുണ്ട്. തക്കുടൂനത് ഇഷ്ടാണോ?”
മാഷ് ഇടപെട്ടു: “നിന്റെ ചോദ്യത്തില്‍ പിശകുണ്ട് ദീപൂ. ഭൂമീന്ന് നൂറ് നൂറ്റമ്പത് കിലോമീറ്റര്‍ ഉയരത്തിലെത്തിയാത്തന്നെ ശൂന്യാകാശമാ. വായു ഇല്ലാത്ത ഇടമാണ് ശൂന്യാകാശം. അതുകൊണ്ടൊന്നും ഭാരമില്ലാതാകില്ല. ഭാരത്തിനു കാരണം ഗുരുത്വാകർഷണമല്ലേ . ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളില്‍ മാത്രം ഭാരമില്ലാതാകും. അതു കറക്കം കാരണമാ. ഭൂമിക്കു ചുറ്റും കറങ്ങുന്നില്ലെങ്കില്‍ ഭൂമീടെ ആകര്‍ഷണം തീരെ കുറയാൻ കുറേ ലക്ഷം കിലോമീറ്റര്‍ പോണം.”
“എന്നാലും പോര മാഷേ”, തക്കുടു പറഞ്ഞു. “അപ്പോള്‍ സൂര്യന്റെ ആകര്‍ഷണം ഉണ്ടാകും. ആയിരക്കണക്കിന് കോടി കിലോമീറ്റര്‍ പോയാലേ ഭാരം ഏതാണ്ട് ഇല്ലാതാകൂ. എന്തായാലും ദീപൂന്റെ ചോദ്യത്തിന് ഉത്തരം തരാം. യാത്രയിൽ കൊല്ലങ്ങളോളം ഞങ്ങള്‍ക്ക് ഭാരമില്ലാതെ കഴിയേണ്ടിവരും. പക്ഷേ ഒഴുകിയൊന്നും നടക്കണ്ട. നിലത്ത് നേര്‍ത്ത പച്ചിരുമ്പ് തകിട് വിരിച്ചിട്ടുണ്ടാകും. കാലില്‍ കാന്തഷൂസും. ഷൂസിന്റെ സോള് വൈദ്യുത കാന്തമാണ്. ആള്‍ട്ടര്‍നേറ്റര്‍ സംവിധാനം കൊണ്ട് ഇടത്തെ ഷൂവും വലത്തെ ഷൂവും ഇടവിട്ട് കാന്തമാകും. ആ ഇടവേള ഇഷ്ടംപോലെ അഡ്ജസ്റ്റ് ചെയ്ത് ഓടുകയോ നടക്കുകയോ എന്തുവേണമെങ്കിലും ചെയ്യാം.”
“അതു കൊള്ളാലോ മാഷേ. നമ്മളെന്താ നമ്മടെ ഉപഗ്രഹങ്ങളിൽ അതു ചെയ്യാത്തെ?” ദീപൂന് സംഗതി ഇഷ്ടപ്പെട്ടു.
“തക്കുടൂ ,ഞാന്‍ ചോദിച്ച ചോദ്യത്തിന് ഉത്തരം കിട്ടിയില്ല. എണ്ണൂറ് ടണ്‍ ഭാരമുള്ള ആകാശക്കപ്പല് നിങ്ങള്‍ എങ്ങനെ വിക്ഷേപിച്ചു?”, അച്ഛന്‍ ഓര്‍മിപ്പിച്ചു.
“ഉണ്ണിയേട്ടാ, നിങ്ങള്‍ ഭൂമീന്നല്ലേ വിക്ഷേപിക്കുന്നെ. ഞങ്ങള്‍ അങ്ങനെയല്ല. ആദ്യം വാഹനത്തെ സ്പേസ് എലിവേറ്ററില്‍ കേറ്റി സുസ്ഥിരപഥത്തില്‍ എത്തിക്കും. എന്നിട്ടവിടുന്ന് വിക്ഷേപിക്കും. അപ്പം ഭീമന്‍ റോക്കറ്റൊന്നും വേണ്ട.”
“അതെന്തു കുന്ത്രാണ്ടാ ഈ സുസ്ഥിരപഥം, സ്പേസ് എലിവേറ്റര്‍ എന്നൊക്കെ പറഞ്ഞാ?”, ദില്‍ഷ അവളുടെ സ്വതസിദ്ധ ശൈലിയില്‍ ചോദിച്ചു.
“നീ ഭൂസ്ഥിരപഥംന്ന് കേട്ടിട്ടുണ്ടോ?”
“ഓ, അതറിയാം. നമ്മടെ ഇന്‍സാറ്റ് നില്‍ക്കുന്ന സ്ഥലം. 36000 കിലോമീറ്റര്‍ ഉയരത്തില്‍. വാര്‍ത്താ വിനിമയ ഉപഗ്രഹത്തെ അവിടെ കൊണ്ടോയി വിട്ടാല്‍ അവിടെത്തന്നെ നിന്നോളും.”
മാഷ് ചിരിച്ചുകൊണ്ടു പറഞ്ഞു, “ഉപഗ്രഹത്തെ അവിടെ കൊണ്ടോയി വിട്ടാല്‍ അതിങ്ങോട്ടു തന്നെ പോരും ദില്‍ഷേ. ഭൂമിക്കു ചുറ്റും കറങ്ങാതെ ഒരു വസ്തുവിനും മുകളില്‍ നില്‍ക്കാനാവില്ല.”
“കറങ്ങിയാ സ്ഥാനം മാറിപ്പോവില്ലേ?”, ജോസിനു സംശയം.
“ഭൂമി കറങ്ങുന്നില്ലേ ജോസേ? ഭൂമധ്യരേഖയ്ക്കു തൊട്ടുള്ള സ്ഥലങ്ങളെല്ലാം സെക്കന്റില്‍ 460 മീറ്റര്‍ വേഗത്തില്‍ കറങ്ങും. ഭൂമീടെ കേന്ദ്രത്തില്‍ നിന്ന് അതിലും ആറര ഇരട്ടിയിലേറെ അകലെയുള്ള ഭൂസ്ഥിര പഥത്തില്‍ അത്രയും ഇരട്ടി, എന്നുവെച്ചാ സെക്കന്റില്‍ 3.07 കി.മീറ്റര്‍ വേഗത്തില്‍ ഉപഗ്രഹത്തെ വിക്ഷേപിച്ചാലേ ഭൂമീടെ ഒരേ സ്ഥാനത്തിനു മുകളില്‍ അതു നില്‍ക്കൂ. സ്പീഡ് കൂടിയാ ദൂരേയ്ക്കു പോകും. കുറഞ്ഞാ താഴോട്ടു പോരും.”
തക്കുടു പറഞ്ഞു, “അവിടെ വാര്‍ത്താവിനിമയ ഉപഗ്രഹമേ വിക്ഷേപിക്കാനാവൂ എന്നൊന്നും ഇല്ല ജോസേ. ഒരു വീട് അവിടെ കൊണ്ടുപോയി അതേ വേഗത്തില്‍ വിട്ടാല്‍ അതും അവിടെത്തന്നെ കറങ്ങിക്കോളും. നിങ്ങക്ക് അവിടെ പോയി താമസിക്കാം. വീട് ലീക്ക് പ്രൂഫ് ആകണം , അതിൽ വായു നിറയ്ക്കണം. എന്നാൽ അവിടങ്ങനെ പറന്നു നടക്കാം.”
“ഹുറാ…”, ദില്‍ഷ ആവേശംകൊണ്ട് വിളിച്ചുകൂവി. “അതല്ലേ വേണ്ടത്. നമ്മക്ക് അവിടെ നമ്മടെ സ്പേസ് ഫുട്ബോള്‍ സ്റ്റേഡിയം പണിയണം. അടച്ച് ലീക്കില്ലാതെ. എന്നിട്ട് വായു നിറയ്ക്കണം. ഭാരമില്ലാത്തതുകൊണ്ട് നമ്മക്ക് പറക്കാൻ രണ്ടു കുഞ്ഞിച്ചിറകുകള്‍ മതി . അത് രണ്ടു കയ്യിലും ഫിറ്റ് ചെയ്യാം. എങ്ങനെയുണ്ട് ഐഡിയ. ഗ്രൗണ്ടിലൊരു പച്ചിരുമ്പു തറയും കാലില്‍ കാന്ത ഷൂസും കൂടി ആയാ അസ്സലായി.”
“എന്നാ പുറപ്പെടുവല്ലേ,” ദീപു കളിയാക്കി. “ഒരു ചെറിയ പ്രശ്നണ്ടല്ലോ മണ്ടൂസേ. പതിനേഴും പതിനേഴും മുപ്പത്തിനാല് കളിക്കാരെ എങ്ങനെയെങ്കിലും അവിടെ എത്തിക്കാന്ന് വെക്ക്. കാണികളെ എങ്ങനെ എത്തിക്കും?”
ചിരിയുടെ മാലപ്പടക്കം പൊട്ടി. പക്ഷേ ദില്‍ഷ ഇക്കുറി ദേഷ്യപ്പെട്ടില്ല; നിരാശയോടെ അവള്‍ ചിന്തയില്‍ മുഴുകി. ഒടുവില്‍ ദീപു തന്നെ അവളുടെ സഹായത്തിനെത്തി.
ദീപു പറഞ്ഞു, “അതിന് പണീണ്ട് ദില്‍ഷേ. ഇവിടേം അതേപോലത്തെ ഒരു സ്റ്റേഡിയം പണിയ്യ. കാണികള്‍ ഇവിടിരിക്കും. അവിടെ തക്കുടൂന്റെ പോലത്തെ ഒരു ക്യാമറ വേണം. ത്രിഡി തല്‍സയ സംപ്രേഷണം. ശരിക്കുള്ള കളറില് വേണം. കാണികള്‍ക്ക് ശരിക്കുള്ള കളി കാണും പോലെ തോന്നണം. കളി കഴിഞ്ഞ് ജിയച്ചോരെ അഭിനന്ദിക്കാന്‍ ഗ്രൗണ്ടിലേക്കൊന്നും ആരേം കടത്തിവിടരുതെന്നു മാത്രം.”
അച്ഛന്‍ പറഞ്ഞു, “ദീപൂ, സ്വപ്നരാജ്യത്തെന്തിനാ അര്‍ധരാജ്യം. എന്തിനാ ഒറ്റ സ്റ്റേഡിയം ആക്കുന്നെ? ലോകത്തെല്ലാ വന്‍ നഗരങ്ങളിലും സ്റ്റേഡിയം ആകാം. കോടിക്കണക്കിനാളുകള്‍ കളി കാണുന്നു. എന്താ പറ്റൂലേ?”
കുട്ടികള്‍ ഹര്‍ഷാരവത്തോടെ അത് സ്വീകരിച്ചു. ജോസ് വിളിച്ചു പറഞ്ഞു, “ഉണ്ണിയേട്ടന്‍ ഞങ്ങടെ മാനേജര്‍.”
“ക്യാമറ എത്തിക്കുന്ന കാര്യം ഞാനേറ്റു. ”, തക്കുടൂന്റെ പ്രഖ്യാപനം കൂടി ആയപ്പോള്‍ കുട്ടികള്‍ തുള്ളിച്ചാടി.
“അപ്പം അക്കാര്യം തീരുമാനായി”, മാഷ് പറഞ്ഞു. “ഇനി സ്റ്റേഡിയം ഭൂസ്ഥിരപഥത്തില്‍ എങ്ങനെ എത്തിക്കും എന്നുകൂടി തീരുമാനിച്ചാ മതി.”
“അതിനൊക്കെ മാര്‍ഗംണ്ട് മാഷേ”, തക്കുടു പറഞ്ഞു. “ഞങ്ങള് ചെയ്തപോലെ ഭൂസ്ഥിരപഥത്തിലേക്ക് ഒരു ലിഫ്റ്റ് ഉണ്ടാക്കുക. അതാ ഞാന്‍ നേരത്തേ പറഞ്ഞ സ്പേസ് എലിവേറ്റര്‍.”
“ശൂന്യാകാശത്തേക്ക് ലിഫ്റ്റോ? പൊട്ടത്തരം പറയല്ലേ തക്കുടൂ”, ദില്‍ഷയ്ക്ക് ശുണ്ഠി വന്നു.
മാഷ് അവളെ ചേര്‍ത്ത് പിടിച്ചുകൊണ്ടു പറഞ്ഞു, “ശുണ്ഠിയെടുക്കല്ലേ ദില്‍ഷേ. ഇതൊക്കെ നമ്മുടെ ശാസ്ത്രജ്ഞരും ഭാവനയില്‍ കാണാന്‍ തുടങ്ങീട്ട് കൊറേ കാലായി. അവരാണ് സ്പേസ് ഇലവേറ്റര്‍ എന്ന പേരു പോലും കൊടുത്തത്. തക്കുട്ടൂന്റെ ലോകത്ത് ഒന്നിനും പേരില്ലല്ലോ”
“എന്നിട്ടെന്താ നമ്മളത് ഉണ്ടാക്കാത്തെ?”
“ഭയങ്കര ചെലവു വരും. അത്രേം പൈസ ഉണ്ടെങ്കില്‍ എത്ര യുദ്ധക്കപ്പലും യുദ്ധവിമാനോം ബോംബും മിസൈലും ഒക്കെ ഉണ്ടാക്കാം എന്നാ പല ഭരണാധികാരികളും ചിന്തിക്ക്യ. ലോകരാജ്യങ്ങളെല്ലാം കൂടി വിചാരിച്ചാലേ ഇതു നടക്കൂ.”
“ഇനി തക്കുടു പറ. എങ്ങനെയാ അതുണ്ടാക്കുന്നെ? മോളിലെവിടെ കൊണ്ടോയാ ലിഫ്റ്റിന്റെ കമ്പി ഉറപ്പിക്ക്യ? എന്ത് കമ്പിയാ അതിന് ഉപയോഗിക്ക്യ.”
തക്കുടു പറഞ്ഞു, “കമ്പിയൊന്നും വേണ്ട ദില്‍ഷേ. നമ്മള് നേരത്തേ പറഞ്ഞ ഗ്രാഫീന്‍ നാട മതി. 36000 കിലോമീറ്റര്‍ നീളം വേണമെന്നു മാത്രം. ആദ്യം റോക്കുറ്റുകളുപയോഗിച്ച് പല തവണയായി വലിയൊരു ഭാരം, ഒരു ആയിരം ടണ്‍, ഭൂസ്ഥിര പഥത്തിലെത്തിച്ച് കൂട്ടിച്ചേര്‍ക്കണം. അതൊരു വലിയ പ്ലാറ്റ്ഫോം ആകാം, ഒരു ഫാക്റ്ററിയാകാം, റോക്കറ്റ് വിക്ഷേപണ കേന്ദ്രമാകാം, നിങ്ങടെ സ്റ്റേഡിയവും ആകാം. ഞങ്ങള്‍ ആദ്യം പ്ലാറ്റ് ഫോം ആണ് പണിതത്. ഞങ്ങടെ ഗ്രഹം പതുക്കെ കറങ്ങുന്നതുകൊണ്ട് സുസ്ഥിരപഥം 48000 കിലോമീറ്റര്‍ ഉയരത്തിലാണ്. എന്തായാലും ഗ്രാഫീന്‍ നാടയുടെ മുകളറ്റം ഉറപ്പിക്കേണ്ടത് ആ പ്ലാറ്റ്ഫോമിലാണ്. എന്നിട്ട് ഗ്രാഫീന്‍ നാട താഴേക്കു കൊണ്ടുവന്ന് ചുവടറ്റം ഭൂമധ്യരേഖയില്‍ ഒരിടത്ത് ഉറപ്പിക്കണം. നാട അവിടെ മുകളിലേക്ക് വലിഞ്ഞു നിന്നോളും. ഗ്രാഫീനിന് വൈദ്യുതി കടത്തി വിടാനും കഴിയും. അതുപയോഗിച്ച് നാടയിലൂടെ ഒരു ലിഫ്റ്റ് അല്ലെങ്കില്‍ ഇലവേറ്റര്‍ കയറ്റുകയും ഇറക്കുകയും ചെയ്യാം. ഇനി സാധനങ്ങള്‍ അവിടെ എത്തിക്കാനും നിങ്ങക്കങ്ങോട്ടു പോകാനും ആ ലിഫ്റ്റ് മതി. “
ഞങ്ങളെല്ലാം അന്തംവിട്ടിരുന്നു കേട്ടു. അമ്മ ചോദിച്ചു, “തക്കുടൂന് അറിയ്യോ മുതിര ഉണ്ടായ കഥ?”
“ഇല്ല, അറിയില്ല.”
“എന്നാ കേട്ടോളൂ.” ഞങ്ങളെല്ലാം കഥ കേള്‍ക്കാന്‍ തയ്യാറായി.
അടുത്ത എല്ലാ ആഴ്ച്ചയും
കേൾക്കാം
തക്കുടു ഇതുവരെ
1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?
3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി
4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു
5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം
6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം
9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍
11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി
11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍
12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?
14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും
16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്
17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി
19. പറന്നുപോയ മോട്ടോർ സൈക്കിൾ
20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ
21. മഹർഷിയുടെ പർണ്ണശാല
22. യുദ്ധരംഗത്തേക്ക്
23. ദീപു പരിപാടിയാകെ പൊളിക്കുന്നു
25. ഒരു ഇതിഹാസകാരി ജനിക്കുന്നു
26. തക്കുടുവിന്റെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനം
27. വെള്ള്യാംകല്ലിലേക്ക് ഒരിക്കൽകൂടി28 . മഹാമാരിയെ തുടര്‍ന്ന് ഒരു പലായനം
29. തക്കുടൂ, നിങ്ങക്കെന്താ പണി ?