Read Time:13 Minute

ഡോ. സപ്ന എറാട്ട്‌

ശാന്തമായ സുഖനിദ്ര അരോഗ്യത്തോടെയുള്ള ജീവിതത്തിന്റെ മൂന്നു തൂണുകളിൽ ഒന്നാണ്, പോഷകാഹാരവും വ്യായാമവുമാണ് മറ്റു രണ്ടെണ്ണം. ഒരു ശരാശരി മനുഷ്യൻ തന്റെ ആയുസിന്റെ മൂന്നിലൊന്നു സമയമാണ് ഉറക്കത്തിനുവേണ്ടി ചെലവഴിക്കുന്നത്. നിദ്രയെന്നാൽ ഒരു നിഷ്‌ക്രിയപ്രക്രിയയയാണെന്ന ധാരണ തെറ്റാണെന്ന് ഇന്ന് ഗവേഷണങ്ങൾ തെളിയിക്കുന്നു. ശരീരകോശങ്ങളുടെ കേടുപാടു തീർക്കുന്നതിനും പുനരുജ്ജീവനത്തിനും ഓർമകളുടെ എകീകരണത്തിനും ഊർജസംരക്ഷണത്തിനും താപനില നിയന്ത്രണത്തിനുമൊക്കെ സഹായിക്കുന്ന ഒരു സജീവപ്രക്രിയയാണ് ഉറക്കം.

എന്താണ് സാധാരണ ഉറക്കം ?

പ്രായഭേദമനുസരിച്ച് ഉറക്കത്തിന്റെ ആവശ്യകതയും വ്യത്യാസപ്പെട്ടിരിക്കുന്നു. ഒരു നവജാതശിശു ദിവസത്തിൽ 20-22 മണിക്കൂർ ഉറങ്ങുമ്പോൾ മുതിർന്ന മനുഷ്യനു സാധാരണ ദിനചര്യകൾ നിർവഹിക്കുന്നതിന് 6-8 മണിക്കൂർ ഉറക്കം ആവശ്യമാണ്. ഉറക്കത്തിൽ തലച്ചോറിലുണ്ടാവുന്ന മാറ്റങ്ങളെ ഇ.ഇ.ജി (EEG – Electroencephalogram) സിഗ്‌നലുകൾ ഉപയോഗിച്ച് അളക്കുന്നു. ഈ സിഗ്‌നലുകളുടെ അടിസ്ഥാനത്തിൽ ഉറക്കത്തെ പൊതുവിൽ എൻറെം (NREM-non rapid eye movement) ഉറക്കമെന്നും റെം (REM – rapid eye movement) ഉറക്കമെന്നും തരംതിരിച്ചിരിക്കുന്നു. റെം ഘട്ടത്തിൽ ദ്രുതനേത്രചലനങ്ങൾ സംഭവിക്കുന്നു. ഉറങ്ങുന്ന ഒരാൾ ഈ അവസ്ഥയിലാണെങ്കിൽ അയാളുടെ കൃഷ്ണമണി അടഞ്ഞ കൺപോളകൾക്കുള്ളിൽ വളരെ വേഗത്തിൽ ചലിക്കുന്നത് നമുക്കു കാണാൻ കഴിയും. ഒരു പക്ഷേ ചെറിയ കുട്ടികളുടെ ഇത്തരം ഉറക്കം നമ്മളെല്ലാവരും കണ്ടിരിക്കും. അതെ സമയം എൻറെം എന്ന അവസ്ഥയിൽ ദ്രുതനേത്രചലനങ്ങൾ സംഭവിക്കുന്നില്ല. ഈ രണ്ടു ഘട്ടങ്ങളും ഇടകലർന്നാണ് രാത്രിയിലെ ഉറക്കം ക്രമപ്പെടുന്നത്. ഇങ്ങനെയുള്ള ഘട്ടങ്ങളുടെ പല ചാക്രിക ആവർത്തനങ്ങളിലാണ് നമ്മൾ ഉറങ്ങുന്നത്. ഓരോ ചക്രവും 60 മുതൽ 90 മിനിറ്റുകൾ വരെ ദൈർഘ്യമുള്ളവയാണ്. രാത്രിയിൽ ഇത്തരം 4 മുതൽ 5 ചക്രങ്ങളിലൂടെ നമ്മൾ കടന്നുപോകും. നിദ്രയുടെ ആദ്യപകുതിയിൽ എൻറെമും പിന്നീട് പ്രഭാതത്തോടടുക്കുമ്പോൾ റെം അഥവാ സ്വപ്‌നനിദ്രയും മേൽക്കൈ നേടും. എൻറെം ഉറക്കസമയത്ത് ഒരാളുടെ ഹൃദയമിടിപ്പ്, ശ്വസോഛ്വാസം എന്നിവ കുറയുകയും മസ്തിഷ്‌കതരംഗങ്ങൾ സാവധാനമാകുകയും ചെയ്യുന്നു. ഓർമകളെ ഏകോപിപ്പിക്കാനും, തലച്ചോറിൽനിന്നു വിഷകാരിയായ ചയാപചയ വസ്തുക്കളെ (toxic metabolites) നീക്കം ചെയ്യാനും ഊർജസംരക്ഷണത്തിനും ഉറക്കത്തിന്റെ ഈ ഘട്ടം പ്രധാനപ്പെട്ട പങ്കുവഹിക്കുന്നു. ഒരോ വ്യക്തിക്കും ഉറക്കത്തിന്റെ ആവശ്യകത വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും വേണ്ടത്ര ദൈർഘ്യമുള്ള സുഖനിദ്ര, പകൽസമയത്ത് ഉറക്കച്ചടവില്ലാതെയും കൂടുതൽ ക്ഷീണമില്ലാതെയും പ്രവർത്തിക്കുന്നതിനാവശ്യമാണ്.

പ്രായത്തിനനുസരിച്ചുള്ള മാറ്റങ്ങൾ

പ്രായമേറുന്നതനുസരിച്ച് ഉറക്കത്തിന്റെ ദൈർഘ്യത്തിനും സ്വഭാവത്തിനും മാറ്റം വരും. ഒരു നവജാതശിശു ദിവസത്തിൽ 20-22 മണിക്കൂറാണ് ഉറങ്ങാറുള്ളത് എന്ന് നേരത്തേ സൂചിപ്പിച്ചുവല്ലോ. കുട്ടി വളരുന്നതനുസരിച്ച് കുട്ടിയുടെ ഉറക്കവും രാത്രി-പകൽ മാറ്റങ്ങൾക്കനുസരിച്ച് ക്രമപ്പെടാൻ തുടങ്ങും. രാത്രിയുറക്കത്തിന്റെ ദൈർഘ്യം കൂടിവരികയും പകൽസമയത്തു ഉണർന്നിരിക്കാനും ഇടയ്ക്കിടെ മാത്രം ഉറങ്ങാനും താല്പര്യപ്പെടും. അതോടൊപ്പം അവന്റെ/അവളുടെ ഉറക്കത്തിന്റെ ചിട്ടയും മാറിക്കൊണ്ടിരിക്കുന്നു. 6 മാസം മുതൽ 1 വയസ്സുവരെയുള്ള പ്രായത്തിൽ ഭൂരിപക്ഷം കുട്ടികളും രാത്രിയിൽ മാത്രം ദൈർഘ്യമേറിയ ഉറക്കം ശീലിക്കും. അതിനിടയിൽ ഒന്നുരണ്ടു പ്രാവശ്യം മുലകുടിയ്ക്കുന്നതിനായുള്ള ചെറിയ ഉണർച്ചകൾ മാത്രം. പകലുറക്കം ലഘുനിദ്രയിലേക്ക് ചുരുങ്ങും. 4-5 വയസ്സാകുമ്പോഴേക്കും പകൽമയക്കത്തിനുള്ള ആവശ്യം ഇല്ലാതാവും. ഒരു ശരാശരി കുട്ടിയ്ക്ക് 10-11 മണിക്കൂർ രാത്രിയുറക്കം ആവശ്യമുണ്ട്. പ്രായപൂർത്തിയാകുമ്പോഴത് 6-8 മണിക്കൂറായി കുറയും. വീണ്ടും വാർധക്യമാകുമ്പോൾ ഉറക്കം മുറിഞ്ഞുമുറിഞ്ഞാകുകയും ആളുകൾ മയക്കമുള്ളവരാവുകയും പകലുറക്കം പതിവാകുകയും ചെയ്യും. ഇതുകൂടാതെ പതിവായി നീണ്ട ഉറക്കമുള്ളവരും തീരെ ഉറങ്ങാത്തവരുമുണ്ട്. അത് അവരുടെ ഉറക്കത്തിന്റെ രീതികളിൽനിന്നു ബോധ്യമാകുന്നതാണ്.

ഹിപ്‌നോഗ്രാം – നിദ്രാഘട്ടങ്ങൾ – കുട്ടികലിലും മുതിർന്നവരിലും പ്രായം ചെന്നവരിലും

ഉറക്കസംബന്ധമായ പ്രശ്‌നങ്ങൾ

ഏകദേശം 70 ശതമാനം ആളുകളെയും ഇടയ്‌ക്കെങ്കിലും ബാധിക്കാവുന്ന ഒന്നാണ് ഉറക്കസംബന്ധമായ പ്രശ്‌നങ്ങൾ. എന്നാൽ 10-15 ശതമാനം പേരിൽ അവരുടെ ജീവിതഗുണതയെയും തൊഴിൽശേഷിയെയും ബാധിക്കുന്ന, അവരെ അപകടങ്ങളിലേക്കു തള്ളിവിടുന്ന തരത്തിൽ ഇത് ചിരസ്ഥായിയാവുന്ന അവസ്ഥയാണ്. ഉറക്കസംബന്ധമായ പ്രശ്‌നങ്ങളെ പൊതുവിൽ ആറായി തരംതിരിക്കാം.

  1. ഉറക്കമില്ലായ്മ (Insomnia)
  2. ഉറക്കത്തിൽ ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകൾ
  3. അമിതഉറക്കം (hypersomnolence)
  4. ഉറക്കത്തിലുണ്ടാകുന്ന പെരുമാറ്റവൈകല്യങ്ങൾ (Parasomnias)
  5. ജൈവഘടികാരത്തിന്റെ ക്രമംതെറ്റലുകൾ (Circardian disorders)
  6. ഉറക്കസംബന്ധമായ ചലനവൈകല്യങ്ങൾ

ഇവയിൽ മിക്ക അവസ്ഥകളും ഉറക്കത്തിന്റെ മുൻ അനുഭവങ്ങൾ നോക്കിയും, ഒന്നു രണ്ടാഴ്ച്ചത്തെ ഉറങ്ങുന്നതിന്റെയും ഉണരുന്നതിന്റെയും വിവരം രേഖപ്പെടുത്തുന്ന ഉറക്ക ഡയറി പരിശോധിച്ചും രോഗനിർണയം നടത്താനാവുമെങ്കിലും ചില അവസ്ഥകൾക്ക് കൂടുതൽ പരിശോധനകൾ ആവശ്യമായി വരും.

ഉറക്കം  അളക്കുന്നതെങ്ങനെ ?

രാത്രിയുറക്കവും അതിന്റെ ക്രമക്കേടുകളും രാത്രിയുറക്ക പഠനമോ പോളിസോംനോഗ്രാഫിയോ (polysomnography) ഉപയോഗിച്ച് പഠിക്കാം. എങ്കിലും ജൈവഘടികാരത്തിന്റെ പ്രവർത്തനത്തെ ബാധിക്കുന്നതും (circardian rhythm disorders) ഉറക്കമില്ലായ്മയുംപോലുള്ള ചില അവസ്ഥകൾ പകൽസമയപ്രവർത്തനങ്ങളുടെ നിലകൂടി അളന്നു മാത്രമേ പഠിക്കാൻ സാധിക്കയുള്ളൂ. ഇത് ആക്റ്റിഗ്രാഫി (actigraphy) ഉപയോഗിച്ചാണു ചെയ്യുന്നത്. (മനുഷ്യന്റെ പ്രവർത്തന-വിശ്രമചക്രങ്ങൾ നിരീക്ഷിക്കുന്ന രീതിയാണ് ആക്ടിഗ്രാഫി. ആക്റ്റിമെട്രി സെൻസർ എന്നറിയപ്പെടുന്ന ചെറിയ ആക്റ്റിഗ്രാഫ് യൂണിറ്റ് ഒരു റിസ്റ്റ് വാച്ച് പോലെ കൈത്തണ്ടയിൽ ധരിച്ച് മൊത്തം ശരീരചലനങ്ങൾ ഒരാഴ്ചയോ അതിൽ കൂടുതലോ അളക്കുന്ന രീതി.)

ശ്വാസതടസ്സത്തോടെയുള്ള ഉറക്കം അഥവാ സ്ലാപ് അപ്നിയ (Obstructive Sleep Apnea) രേഖപ്പെടുത്തിയ പോളിസോംനോഗ്രാഫി

സ്ലീപ്പ് ലബോറട്ടറി – ഒരു അവലോകനം

സ്ലീപ്പ് ലാബിൽ അല്ലെങ്കിൽ പോളിസോംനോഗ്രാഫി ലാബിലാണ് രാത്രിയുറക്കം അളക്കപ്പെടുക. ഉറക്കം എന്നർത്ഥം വരുന്ന ‘സോംനോ’, പഠനം എന്നർത്ഥം വരുന്ന ‘ഗ്രാഫി’ എന്നീ ഗ്രീക്കുവാക്കുകളിൽനിന്നാണ് പോളിസോംനോഗ്രാഫി എന്ന പദം വരുന്നത്. ഒന്നിലേറെ രീതിയിൽ ഉറക്കം പഠിക്കുന്ന ലാബുകളാണ് പോളിസോംനോഗ്രാഫി ലാബുകൾ. ഇവിടെ മസ്തിഷ്‌കതരംഗങ്ങൾ, കണ്ണുകളുടെ ചലനങ്ങൾ, പേശികളുടെ പ്രവർത്തനം, ശ്വസനം, ഹൃദയമിടിപ്പ്, ഓക്‌സിജന്റെ അളവ് എന്നിവ ഒന്നിലധികം ചാനലുകൾ ഉപയോഗിച്ച് രേഖപ്പെടുത്തുന്നു. ഇത് ഉറക്കഘട്ടങ്ങൾ, ഉണർവ്, ഉറക്കത്തിനിടയിലെ ശ്വസനസംഭവങ്ങൾ, കൈകാലുകളുടെ ചലനങ്ങൾ എന്നിവ മനസ്സിലാക്കാനായി വിശകലനം ചെയ്യും. സാങ്കേതികവിദ്യയുടെ പുരോഗതി 16 ചാനലുകളോ അതിൽ കൂടുതലോ ഉള്ള പരമ്പരാഗത ലബോറട്ടറി പോളിസോംനോഗ്രാഫി ലാബുകളെ, കുറഞ്ഞ ചാനലുകളുള്ള ധരിക്കാവുന്ന യൂണിറ്റുകളായി പരിവർത്തനം നടത്തിക്കൊണ്ടിരിക്കുന്നു. ഉറക്കത്തിനിടയിലെ ശ്വസനതടസ്സംപോലുള്ള അവസ്ഥകൾ നിർണയിക്കാൻ ഇവ പര്യാപ്തമാണ്. രോഗിയുടെ സ്വന്തം വീട്ടിൽ വച്ചുതന്നെ ടെസ്റ്റ് നടത്തി ഡാറ്റ മറ്റൊരിടത്തേക്ക് അയച്ചുകൊടുത്തു വിശകലനം നടത്തുന്ന ഈ രീതി ഇന്ന് വളരെ സ്വീകാര്യമായി വരുന്നു, പ്രത്യേകിച്ചും കോവിഡ് മഹാമാരിയുടെ സന്ദർഭത്തിൽ.

രാത്രിയുറക്കം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായി രോഗിയെ കട്ടിലിനരികിലുള്ള സ്ലീപ്പ് മെഷീനുമായി ചാനലുകൾ വഴി ബന്ധിപ്പിച്ച് റെക്കോർഡിങ് ആരംഭിക്കുന്നു. ഉറക്കം തുടങ്ങാൻ വേണ്ടിവരുന്ന സമയത്തെ സ്ലീപ്പ് ലേറ്റൻസി (sleep latency) എന്നുവിളിക്കുന്നു, ഇത് സാധാരണയായി ആരോഗ്യമുള്ള വ്യക്തികളിൽ 30 മിനിറ്റിൽ താഴെയായിരിക്കും. ഉറക്കം ആരംഭിക്കുന്നതു മുതൽ ഉണർവ് വരെയുള്ള സമയത്തെ മൊത്തത്തിലുള്ള ഉറക്കസമയം എന്നുവിളിക്കാം. അതിൽ ഹ്രസ്വമായ ഉണർച്ചകളും ഉൾപ്പെടും. എൻറെമ്മിൽ നിന്ന് റെമ്മിലേക്കുള്ള (NREM to REM) നിദ്രാചക്രങ്ങളിൽ, ഉറക്കത്തിന്റെ ആദ്യ പകുതിയിൽ എൻറെം ആധിപത്യം പുലർത്തുകയും പിന്നീട് റെം ദശ കൂടുകയും ചെയ്യും എന്ന് സൂചിപ്പിച്ചിരുന്നല്ലോ. ഇതിൽ എൻറെം ദശയെ വീണ്ടും ഘട്ടം 1 മുതൽ 3 വരെ വിഭജിച്ചിരിക്കുന്നു. ഈ ഘട്ടങ്ങളിൽ മസ്തിഷ്‌കം മന്ദഗതിയിലാകുന്നത് ക്രമാനുഗതമായി വർധിക്കും. മൂന്നാം ഘട്ടത്തെ മന്ദതരംഗനിദ്ര (slow wave sleep) എന്നു വിളിക്കുന്നു. ഉറക്കത്തിന്റെ ആഴത്തിലുള്ള ഘട്ടങ്ങളിൽ, പേശീസ്വാധീനം ക്രമമായി കുറഞ്ഞു റെം ഉറക്കത്തിൽ പൂർണമായും പേശികൾ ദുർബലമാവുന്നു. ഉറക്കചക്രങ്ങളുടെ ഗ്രാഫിക്കൽ പ്രാതിനിധ്യത്തെ ഹിപ്‌നോഗ്രാം (hypnogram) എന്നുവിളിക്കുന്നു.

രാത്രിയുറക്ക പരിശോധന കൂടാതെ നർക്കോലെപ്‌സി (narcolepsy; ഉറക്ക-ഉണർവ് ചക്രങ്ങൾ നിയന്ത്രിക്കാനാകാത്ത ദീർഘസ്ഥായിയായ ഒരു നാഡീരോഗം) പോലുള്ള ചില രോഗാവസ്ഥകളിൽ ഉറക്കച്ചടവു നിർണയിക്കുന്നതിനായുള്ള പകൽസമയ ടെസ്റ്റുകളും നടത്തേണ്ടിവരും. ഉറക്ക-ഉണർവ് ചക്രങ്ങൾ അളക്കുന്നതിനുള്ള മറ്റൊരു രോഗനിർണയ ഉപകരണമായ റിസ്റ്റ് ആക്റ്റിഗ്രാഫിയെക്കുറിച്ച് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അടുത്തകാലത്തെ ശാസ്ത്രമുന്നേറ്റങ്ങളുടെ ഫലമായി ആക്റ്റിഗ്രാഫി ഉപയോഗിച്ച് ഹൃദയമിടിപ്പും, ശ്വസനവേഗവും അളന്നുകൊണ്ടു ഉറക്കത്തിന്റെ ആഴം നിരീക്ഷിക്കുന്നതിനും സാധ്യമായിട്ടുണ്ട്.


തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് & ടെക്‌നോളജിയിൽ ന്യൂറോളജിയിലെ  അസ്സോസിയേറ്റ് പ്രഫസറാണ് ലേഖിക – വിവർത്തനം: വിന്നി ആന്റണി – 2022 ജനുവരി ലക്കം ശാസ്ത്രഗതി പ്രസിദ്ധീകരിച്ച ലേഖനം


Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മാനത്തൊരു സ്റ്റേഡിയം – തക്കുടു 30 
Next post ഹെൻറിഷ് ഹെർട്സ്
Close