ചൊറിയും ചിരങ്ങും പിന്നെ മൈറ്റും


വിജയകുമാർ ബ്ലാത്തൂർ

‘മമ്മി’ എന്ന ഹോളിവുഡ് സിനിമ കണ്ടവർ  മറക്കാത്ത ഒരു രംഗമുണ്ട്.  പിരമിഡിനുള്ളിൽ നിധിതേടിയെത്തിയവരിൽ  ഒരാളുടെ ദേഹം തുരന്ന്  ഒരിനം കരിവണ്ടുകൾ തൊലിക്കടിയിലൂടെ കയറി ഓടി നീങ്ങുന്ന   ഭീകര ദൃശ്യം . അതു പക്ഷെ വെറും ഭാവന മാത്രമാണെന്ന് നമുക്കറിയാം.  നമ്മുടെ തൊലിക്കുള്ളീലേക്ക്  ഒരു  കുഞ്ഞൻ,  ഉരുളൻ എട്ടുകാലി  ജീവി തുരന്ന് കയറി പതുക്കെ നീങ്ങി  പോകുന്നത് ഒന്ന് സങ്കൽപ്പിക്കാനാവുന്നുണ്ടോ? . ആലോചിക്കുമ്പോൾ  തന്നെ ഉളുത്തുകയറുന്നുണ്ടാവും  ചിലർക്ക്. പക്ഷെ ഇത്  കഥയല്ല, കാര്യം തന്നെ. ലോകത്തെങ്ങും ഓരോവർഷവും ഇരുപത്കോടിയിലധികം  മനുഷ്യരെ ഇത്തരത്തിൽ ഒരിനം ജീവികൾ  ആക്രമിക്കുന്നുണ്ട്.  Sarcoptes scabiei വിഭാഗത്തിലെ  കുഞ്ഞ് ജീവികളെ വിളിക്കാൻ മലയാളത്തിൽ പേരില്ല.  ‘മൈറ്റ്’ എന്നേ വിളിക്കാൻ പറ്റു. മലയാളത്തിൽ ‘ചെള്ള്’ എന്ന വാക്ക് ഉപയോഗിക്കുന്നത് ചിലപ്പോൾ  ആശയക്കുഴപ്പം ഉണ്ടാക്കും.  ദേഹത്ത് പറ്റിപ്പിടിച്ച് കിടക്കാൻ അവസരം കിട്ടിയാൽ പിന്നെ വിടില്ല. തൊലിതുരന്ന് ഉള്ളിൽ കയറും. ജീവിതം നമ്മുടെ തൊലിക്കകത്താകും പിന്നെ. ഇവരാണ് സ്കാബിസ് എന്ന  ചൊറിയും ചിരങ്ങും ഉണ്ടാക്കി നമ്മെ വലച്ചിരുന്ന പഹയർ.  കുറച്ച് വർഷം മുമ്പ് വരെ നമ്മുടെ നാട്ടിലും സ്കാബിസ് ചൊറി വളരെ സാധാരണമായിരുന്നു. സ്കൂൾ കുട്ടികളുടെ കൈകളും കാലും തലയും  ഒക്കെ ചൊറിവന്ന് മൊരിഞ്ഞ് കിടക്കുമായിരുന്നു. ചൊറി വന്ന തലയിലും കാലുകളിലും ഒക്കെ ജെൻഷൻ വയലറ്റ് കൊണ്ടുള്ള ചുട്ടികുത്തുമായി ക്ലാസുകളിൽ എത്തുന്ന കുട്ടികൾ നാട്ടിൻപുറത്തെ സ്കൂളുകളിൽ കാണാം. ആർത്രോപോഡ വിഭാഗത്തിലെ ചെറു ജീവിയായ സ്കാബിസ് മൈറ്റിന്  സൂചിമുനയുടെ പകുതി വലിപ്പം മാത്രമേ ഉള്ളു. അതിനാൽ  ലെൻസിലൂടെ നോക്കിയാലേ കാണാൻ കഴിയു. മനുഷ്യരെ മാത്രമല്ല പട്ടികൾ, പൂച്ചകൾ ആടുകൾ, കാട്ടുപന്നികൾ മുതൽ മനുഷ്യക്കുരങ്ങുകളെ  വരെ ഇവർ  ആക്രമിക്കുന്നുണ്ട് . പക്ഷെ മൃഗങ്ങളിലെ മൈറ്റുകൾക്ക്  മനുഷ്യ ശരീരത്തിൽ കയറാൻ പറ്റുമെങ്കിലും പെറ്റു പെരുകാൻ കഴിയില്ല എന്ന ആശ്വാസമുണ്ട്.  നമ്മുടെ  ശരീരത്തിൽ മുഖമൊഴികെ  ബാക്കി എല്ലായിടത്തും ഇവർ കയറിക്കൂടാം.

കണങ്കൈ, വിരലുകളുടെ ഇടകൾ, കാൽ പാദം, കക്ഷം, വയറിന്റെ മടക്കുകൾ,  അരക്കെട്ട്, ചന്തി  തുടങ്ങിയ ശരീരഭാഗങ്ങളാണ് ഇവർക്ക് കൂടുതൽ ഇഷ്ടം. പ്രതിരോധ ശേഷികുറഞ്ഞവരിൽ ആക്രമണം ജോറായിരിക്കും. രാത്രിയാണ്  ചൊറിച്ചിൽ  കൂടുക. ചൊറിഞ്ഞ് ചൊറിഞ്ഞ്  തൊലിപ്പുറം നമ്മൾ തന്നെ മുറിപ്പെടുത്തും.  ബാക്ടീരിയകൾ അവിടെ  വളർന്ന് പഴുപ്പ് ഉണ്ടാകും. ചിരങ്ങും പഴുപ്പും കൂടിക്കുഴഞ്ഞ അവസ്ഥ . ഒരു പിടിയും കിട്ടാത്ത ഒരു അലമ്പ് രോഗമായിട്ടായിരുന്നു ഇതിനെ കണക്കാക്കിയിരുന്നത് . വേഗത്തിൽ ഒരാളിൽ നിന്ന് മറ്റൊരാളിലെക്ക്  ഇത് പകരുകയും ചെയ്യും.  ജയിലുകൾ ,പട്ടാളക്യാമ്പുകൾ,  സ്കൂളുകൾ  ആളുകൾ വൃത്തിയും വെടിപ്പും ഇല്ലാതെ പരസ്പരം   കൂടിക്കലർന്ന് ജീവിക്കുന്ന ഇടങ്ങൾ ഒക്കെയാണ്  ഇവരുടെ വിഹാരകേന്ദ്രങ്ങൾ .

1687 ൽ ആണ് ഈ മൈറ്റുകളെ ആദ്യമായി കണ്ടെത്തിയത്. പതിനെട്ടാം നൂറ്റാണ്ടിൽ  ഇറ്റാലിയൻ ബയോളജിസ്റ്റായ ഡയാസിന്റോ സെസ്റ്റോനി (Diacinto Cestoni) ആണ്  മനുഷ്യരിലെ ചൊറി-ചിരങ്ങിന്റെ കാരണക്കാർ Sarcoptes scabiei, variety hominis.എന്ന ഇനം പെണ്മൈറ്റുകൾ ആണെന്ന് മനസിലാക്കിയത്.  മുട്ടയിടാനായി തൊലിക്കടിയിൽ സമാന്തരമായി  ഒരു സെന്റീമീറ്റർ നീളത്തിൽ  മാളം തുരക്കുമ്പോൾ ഉണ്ടാകുന്ന അസ്വസ്ഥയും വേദനയും കൊണ്ടാണ് മനുഷ്യർ അവിടം മാന്തിപ്പൊളിക്കുന്നത് എന്നത് പുതിയ  അറിവായിരുന്നു.  നമുക്ക് രോഗങ്ങളുണ്ടാകുന്നതിനു കാരണക്കാരായ  ജീവിയെ ആദ്യമായി  കണ്ടെത്തി രേഖപ്പെടുത്തിയത് അന്നാണ്. വൈദ്യ ശാസ്ത്ര ചരിത്രത്തിൽ ഈ മൈറ്റിന് അതുകൊണ്ട് ഒന്നാം സ്ഥാനമാണുള്ളത്..

മൈറ്റുകളെ നമുക്ക് നേരിട്ട് കാണാൻ കഴിയത്തതിനാൽ പേടി കുറയും. പക്ഷെ  ശക്തിയേറിയ മൈക്രോസ്കോപ്പിലൂടെയുള്ള ഇതിന്റെ കാഴ്ച  ഞെട്ടിക്കുന്നതാണ്. നമ്മുടെ സയൻസ് ഫിക്ഷൻ സിനിമയ്ഇലെ ക്രൂര കഥപാത്രജീവിയുടേതുപോലുള്ള  ഉള്ള കിടിലൻ രൂപം. പ്രായപൂർത്തിയായ മൈറ്റുകൾക്ക് മുന്നിലും പിറകിലും രണ്ട് ജോഡി വീതം കാലുകളുണ്ട്.. അടിഭാഗം പരന്നും മുകൾഭാഗം ഉരുണ്ടും ഉള്ള അണ്ഡാകൃതിയിലുള്ള ഇവരുടെ പുറത്ത് പടച്ചട്ടയ്ക്ക് മുകളിലെ ലോഹ മുള്ളുകൾ പോലുള്ള സംവിധാനം കാണാം.  നമ്മുടെ തൊലിക്കടിയിലൂടെ മാളം വലുതാക്കി തുരന്ന് നീങ്ങാൻ ഈ ശരീരപ്രകൃതിയാണ് സഹായിക്കുന്നത്. .ശരീരത്തിൽ മടക്കുകളും എഴുന്നുനിൽക്കുന്ന ഏതാനും രോമങ്ങളും ഉണ്ടാവും. 0.3 – 0.4 മില്ലീ മീറ്റർ വലിപ്പമേ പെണ്മൈറ്റുകൾക്ക്  സാധാരണ ഉണ്ടാവുകയുള്ളു. ആൺ മൈറ്റുകൾ  അതിലും  വലിപ്പം കുറഞ്ഞവരാണ്. മുഖത്ത് കണ്ണില്ലാത്ത ഇവരുടെ നടത്തം തുരക്കാൻ മാത്രമാണ്. നീളൻ  സക്കറുകൾ ഘടിപ്പിച്ചവയാണ് കാലുകൾ. ഇണചേർന്നു മുട്ടയിടാൻ പാകമായ ഒരു പെൺ മൈറ്റ് ഏതെങ്കിലും വിധത്തിൽ ഒരാളുടെ തൊലിയിൽ വന്നുപെട്ടാൽ ഉടൻ പണിതുടങ്ങും. തൊലിയിലെ ഏറ്റവും പുറത്തെ പാളിയായ  stratum corneum  തുരന്ന്  പഹച്ചി  അകത്ത് കയറും. സക്കറുകളിലെ ചിലസ്രവങ്ങൾ കൊണ്ട് നമ്മുടെ തൊലിയിലെ കോശങ്ങളെ ദ്രവിപ്പിച്ചാണ് തുരക്കുന്നത്. അരമണിക്കൂർ മുതൽ ഒരുമണിക്കൂർ വരെ സമയമെടുക്കും ഉള്ളിൽ കയറാൻ. അതിനു ശേഷം മുട്ടയിടാനുള്ള മാളം  പണിയാനുള്ള ശ്രമമാരംഭിക്കും. ദിവസേന ഒന്നോ രണ്ടോ മുട്ടകളിട്ട്  തുരന്ന് മുന്നേറിക്കൊണ്ടിരിക്കും. മാളത്തിന്റെ ആകൃതി തൊലിക്കടിയിൽ S എന്ന് എഴുതിയപോലെ ആണ് ഉണ്ടാവുക. ചിലരുടെ തൊലിയിൽ നമുക്കത് ന്തെളിഞ്ഞ് കാണാൻ കഴിയും. രണ്ട് മാസം വരെയുള്ള ആയുസ് കാലമത്രയും ദിവസേന  ഒന്നോ രണ്ടോ മുട്ടകൾ വെച്ച് ഇട്ടുകൊണ്ടിരിക്കും. . അവസാനം തുരന്ന് എത്തിയ സ്ഥലത്ത് പെൺമൈറ്റ്  ചത്തുകിടക്കും. മൊത്തം ഇട്ടുകൂട്ടിയ മുട്ടകളുടെ  പത്തുശതമാനമേ ബാക്കിയാകുകയുള്ളു. കുളിക്കുമ്പോഴും ഉരച്ച് കഴുകുമ്പോളും കുറേയെണ്ണം  ഒലിച്ച് പോകും, മാന്തുമ്പോൾ കുറേ എണ്ണം തെറിച്ച് നശിച്ച് പോകും. ബാക്കിയായ മുട്ടകൾ മൂന്നു മുതൽ പത്ത് ദിവസം കൊണ്ട് വിരിയും. ആറുകാലുള്ള ലാർവക്കുഞ്ഞുങ്ങൾ പുറത്ത് വരും. അവ ഗർഭഗൃഹ മാളത്തിൽ നിന്നും ഇഴഞ്ഞ് തൊലിക്ക് പുറത്തേക്കിറങ്ങും. വേഗം ഒളിവിടം കണ്ടെത്തും. രോമക്കുഴികളാണ് ഇഷ്ട സുരക്ഷിത സ്ഥലം. അതിൽ വെച്ച്  മൂന്നാലു ദിവസം കൊണ്ട് ഈ കുഞ്ഞൻ ലാർവ ഉറപൊഴിച്ച്  എട്ടുകാലുകളുള്ള നിംഫായി മാറും.  ഉറപൊഴിക്കൽ പരിപാടി വീണ്ടും  രണ്ട് തവണകൂടി നടത്തും.  രണ്ട് മൂന്ന് ആഴ്ചകൊണ്ട് നിംഫുകൾ വളർച്ച പൂർത്തിയാക്കും. അതിലെ ആണ്മൈറ്റുകൾ പെണ്മൈറ്റുകളെ അന്വേഷിച്ച്  യാത്ര തുടങ്ങും.   പെൺ മൈറ്റിന്റെ അവസാനത്തെ  ഉറയ്ക്കുള്ളിൽ തുരന്ന് കയറി ഇണ ചേരും. ഒരു ഇണചേരൽമാത്രമേ ജീവിതത്തിലുള്ളു.  ജീവിതകാലം മുഴുവൻ ഇടേണ്ട മുട്ടകളെയത്രയും സജീവമാക്കാനുള്ള ബീജം അപ്പോൾ തന്നെ കൈമാറ്റം ചെയ്യപ്പെടും. ആൺ മൈറ്റുകൾക്ക് ആയുസ് കുറവാണ്. അവ സാധാരണയായി  ഇണചേരലോടെ ചരമമടയും. പെൺ മൈറ്റിന് പിന്നെ നിക്കപ്പൊറുതിയില്ല. മുട്ടയിടാനുള്ള സുരക്ഷിത മാളംതുരക്കാനായി ഇഴഞ്ഞ് നീങ്ങിത്തുടങ്ങും ഉടനെ. അല്ലെങ്കിൽ യാദൃശ്ചികമായി  കുറച്ച്  സമയം തൊട്ടുമുട്ടിനിൽക്കാൻ അവസരം കിട്ടിയ നിർഭാഗ്യവാനായ    വേറൊരു  മനുഷ്യദേഹത്തിലെ തൊലിക്കടിയിലേക്ക് തുരന്ന് കയറും.

ഇവയുടെ സാന്നിദ്ധ്യവും തുരപ്പും  ചലനവും ഉണ്ടാക്കുന്ന അസ്ഥസ്ഥതയാണ് ആദ്യ ചൊറിക്ക് കാരണമെങ്കിലും പിന്നീട് കാര്യങ്ങൾ മാറി മറിയും. ആകെ പത്തു പതിമൂന്നു മൈറ്റുകൾ മാത്രമാണ് ഒരു ചൊറിസ്ഥലത്ത് ആകെ ഉണ്ടാകുക. വലിപ്പം  ആലോചിച്ചാൽ വളരെ നിസാരം. എല്ലാത്തിനും കൂടി ഒരു ചോക്കുപൊടി വണ്ണം. പക്ഷെ ദിവസങ്ങൾ കഴിയുമ്പോഴേക്കും   ഇവയുടെ മുട്ട, ലാർവ, നിംഫ്  എന്നിവയുടെ പുറത്തെ സ്രവങ്ങൾ ഉണ്ടാക്കുന്ന അലർജനുകൾ പണി തുടങ്ങും. മൈറ്റുകൾ  ഇട്ടുകൂട്ടുന്ന പാക്കറ്റു കണക്കിന്  മലത്തിൽ അതിന്റെ വയറ്റിലെ പ്രോട്ടീനുകളുടെ അംശവും കാണും. ഇവ വല്ലാത്ത അലർജിക്ക് കാരണമാകും. തിണിർപ്പും ചുകപ്പ് അടയാളങ്ങളും ഉണ്ടാകും. ചികിത്സകളൊന്നുമില്ലാതെ ഇവരെ തോന്നിയപോലെ വളരാൻ വിട്ടാൽ ചൊറി  പരന്ന് ഗുരുതരമാകും. സെക്കണ്ടറി ഇൻഫെക്ഷണുകൾ തൊലിയിൽ  പിടിപെടും. ചൊറികുത്തിയിരിക്കുന്നതിന്റെ സുഖ വേദനയെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീർ എഴുതിയ  വരട്ട് ചൊറിയായി അതു മാറും.

മൈക്രോസ്കോപ്പിലൂടെയുള്ള കാഴ്ച്ച

ഏറ്റവും വേഗത്തിൽ ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് ഇവർ പടരും എന്നത് വളരെ പ്രധാനമുള്ള കാര്യമാണ്. പൊതുവിടങ്ങൾ അശ്രദ്ധമായി ഉപയോഗിക്കുമ്പോൾ ഇത് നമുക്കും പിടിപെടാം. ചൊറിപിടിച്ച ആളെ  പത്തുമിനുട്ട് പരസ്പരം സ്പർശിച്ച് ഇരുന്നാൽ മതി നമുക്കും രോഗം കിട്ടാൻ. വസ്ത്രങ്ങൾ വിരിപ്പുകൾ എന്നിവയിലൂടെയും  രോഗം പകരും. മൂന്നുദിവസത്തിനപ്പുറം മനുഷ്യ ശരീരത്തിന് പുറത്ത് ഈ പഹയർക്ക് ജീവിക്കാനാകില്ല എന്നതു മാത്രമാണ് ഒരു ആശ്വാസം. നല്ല വ്യക്തി ശുചിത്വ ശീലങ്ങൾ പാലിക്കുന്നത് മൈറ്റുകൾ നമ്മുടെ ദേഹത്ത് കടന്നുകൂടാതെ നോക്കാൻ സഹായിക്കും. ഇനി കയറിക്കൂടിയാലും അത്രക്ക്  ഭയപ്പെടാനൊന്നും ഇല്ല . വളരെ ഫലപ്രദമായ മരുന്നുകൾ ലഭ്യമാണ്. സൾഫർ ലായനിയും മറ്റുമായിരുന്നു പണ്ട് കാലങ്ങളിൽ ഉപയോഗിച്ചിരുന്നതെങ്കിലും ഇപ്പോൾ  ബെൻസൈൽ ബെൻസോയേറ്റ് , പെർമിത്രിൻ പോലുള്ള മരുന്നുകൾ  ചികിത്സക്കായി ഉപയോഗിക്കുന്നുണ്ട്. ഈ ലേപനങ്ങൾ  ദേഹത്ത് രാത്രി മുഴുവൻ തേച്ച് പിടിപ്പിച്ചാൽ എല്ലാ മൈറ്റും ചത്തുപോയ്ക്കോളും. 


ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍
1 ഉത്തരം താങ്ങുന്ന പല്ലികള്‍
2 മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
3 കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
4 വായിക്കാനറിയാത്ത പുസ്തകപ്പുഴു
5 കാക്കയെകുറിച്ച് എന്തറിയാം ?
6 തേരുരുള്‍ പോലെ ചുരുളും തേരട്ട
7 കൊതുക് മൂളുന്ന കഥകള്‍
8 ചുമരില്‍ ചലിക്കും കുമ്പളക്കുരു
9 ഉറുമ്പുകടിയുടെ സുഖം
10 നൂറുകാലും പഴുതാരയും
11 തുമ്പിയുടെ ലാര്‍വാണോ കുഴിയാന ?
12 അരണ ആരെയാണ് കടിച്ചത് ?
13 മൂട്ടരാത്രികള്‍
14 ഒച്ചിഴയുന്ന വഴികള്‍
15 തേനീച്ചകളുടെ എട്ടിന്റെ പണി
16. ചാണകവണ്ടും ആകാശഗംഗയും
17 ചിതലു തന്നെയാണ് ഈയാംപാറ്റ
18 പൊഴിഞ്ഞുവീഴും മുപ്ലി വണ്ടുകള്‍
19 പ്രണയം പടര്‍ത്തിയ പേനുകള്‍
20 മനുഷ്യമുഖ ചാഴികള്‍
21 ഇറുക്കി വിഷം കുത്തും തേളുകള്‍
22 ജാഗ്രത ലേഡീ ബേഡാണ് ഞാന്‍
23 രക്തദാഹിയായ കുളയട്ടകള്‍
24 വേഷം കെട്ടുന്ന ചിത്രശലഭങ്ങള്‍
25 ഇലക്കവിളിലെ തുപ്പൽപ്രാണി
26 തുമ്പിപ്പെണ്ണേ വാ.. വാ..
27 ചട്ടുകത്തലയുള്ള താപ്പാമ്പ്
28 പുഴുവെറും പുഴുവല്ല
29 ന്യൂറോ സർജൻ കടന്നൽ
30 വെള്ളത്തിലാശാൻ

 

One thought on “ചൊറിയും ചിരങ്ങും പിന്നെ മൈറ്റും

  1. ഹോസ്റ്റൽ ജീവിത കാലത്തിൽ ഈ അടുത്ത് ഇതിനെ കൊണ്ടുള്ള അസ്വസ്ഥതകൾ കുറെ അനുഭവിച്ചിട്ടുണ്ട് .. വിരലുകൾക്കിടയിലും തുടയിലും ആണ് ഇതിന്റെ ആക്രമണം കൂടുതലായി നേരിടേണ്ടി വന്നത് . രാത്രി കാലങ്ങളിൽ മാത്രം തുടരുന്ന ചൊറിച്ചിൽ പകൽ സമയങ്ങളിൽ ഇല്ലാതിരുന്നത് ഡോക്ടറുടെ അഭിപ്രായങ്ങൾ തേടാൻ വൈകി പോകുന്നു എന്നതും ഇതിന്റെ വിജയമാണ് എന്നു തോന്നുന്നു..

Leave a Reply