മാനവ വികാസ സൂചകം വീണ്ടും പരിഷ്കരിക്കപ്പെടുന്നു


പ്രൊഫ.പി.കെ.രവീന്ദ്രൻ

ഒരു രാജ്യത്തെ ജനങ്ങളുടെ വികസനം പ്രതിശീർഷ വരുമാനം കൊണ്ടു മാത്രം അളക്കുന്നത്‌ ശരിയല്ല എന്നു കണ്ടാണു മാനവ വികാസ സൂചകം (Human Development Index) ആവിഷ്കരിച്ചത്‌. പാകിസ്ഥാൻകാരനായ മഹ്ബൂബ്‌ ഉൽ ഹഖ്‌ രൂപപ്പെടുത്തിയ ആശയം ഐക്യരാഷ്ട്രസംഘടന അംഗീകരിക്കുകയും ലോകമാകെ പ്രചാരത്തിലാവുകയും ചെയ്തു. യു.എൻ.ഡി.പി. എല്ലാവർഷവും എല്ലാ രാജ്യങ്ങളുടെയും HDI കണക്കാക്കി പ്രസിദ്ധപ്പെടുത്തുന്നുണ്ട്‌. 2019 ലെ. ലിസ്റ്റിൽ ഒന്നാം സ്ഥാനത്തുള്ളത്‌ നോർവ്വെ ആണ്. ഇന്ത്യ 131ആം സ്ഥാനത്തും. ആരോഗ്യരംഗം, വിദ്യാഭ്യാസം, പ്രതിശീർഷവരുമാനം എന്നിവ കണക്കിലെടുത്ത്‌ നീണ്ടതും ആരോഗ്യമുള്ളതുമായ ജീവിതം, വൈജ്ഞാനിക വളർച്ച, അന്തസ്സുള്ള ജീവിതനിലവാരം എന്നിവ രാജ്യത്തിലെ പൗരന്മാർക്ക്‌ എത്രത്തോളം ലഭ്യമാണു എന്ന് നിർണ്ണയിക്കുകയാണു ചെയ്യുന്നത്‌. ആയുർദൈർഘ്യം, എത്ര വർഷത്തെ വിദ്യാഭ്യാസം ലഭ്യമായി എന്നത്‌, പ്രതിശീർഷവരുമാനം എന്നീ അടിസ്ഥാന വിവരങ്ങളെ ആധാരമാക്കിയാണു HDI കണക്കുകൂട്ടുന്നത്‌. പട്ടികയിലെ റാങ്ക്‌ അനുസരിച്ച്‌ രാജ്യങ്ങളെ വളരെ ഏറെ വികസിച്ചവ (very high human development), ഏറെ വികസിച്ചവ (high human development) മധ്യമതല വികസിതം (middle human development), താഴ്ന്ന തല വികസിതം (low human development) എന്നിങ്ങനെ നാലായി വർഗീകരിച്ചിട്ടുണ്ട്‌. സർക്കാരുകളുടെ വികസനനയങ്ങളെ വിലയിരുത്താനുള്ള ഒരു ശാസ്ത്രീയ ഉപാധിയാണ് HDI.

എന്നാൽ മാനവ വികാസം സമൂഹത്തിലെ അസമത്വം പരിഗണിക്കുന്നില്ല എന്ന പരിമിതിയുണ്ട്‌. ഇതു കണക്കിലെടുത്താണു 2010ൽ അസമത്വം ക്രമപ്പെടുത്തിയ വികാസ സൂചകം (inequality adjusted HDI, IHDI) ആവിഷ്കരിച്ചത്‌. UNDP ഇതും പട്ടികപ്പെടുത്തി പ്രസിദ്ധപ്പെടുത്തുന്നുണ്ട്‌.

വികസനം സാധ്യമാക്കുന്നതിനു ഭൂമിയിൽ ഉണ്ടാക്കുന്ന സമ്മർദ്ദങ്ങൾ കൂടി പരിഗണിക്കപ്പെടേണ്ടതുണ്ട്‌ എന്നതാണു കാലാവസ്ഥാ വ്യതിയാനമുൾപ്പെടെയുള്ള സമീപകാല സംഭവങ്ങൾ കാണിക്കുന്നത്‌. വർദ്ധിച്ച കാർബൺ ഉത്സർജനവും പദാർഥ പാദമുദ്രയും പരിഗണിച്ചു കൊണ്ട്‌ മാനവ വികാസ സൂചകം പരിഷ്കരിക്കേണ്ടതുണ്ട്‌ എന്ന ആശയം രൂപമെടുത്തിട്ടുണ്ട്‌. ഇത്‌ ഭൗമസമ്മർദ്ദം ക്രമപ്പെടുത്തിയ മാനവ വികാസ സൂചകം (planetary pressure adjusted HDI, PHDI) എന്ന് അറിയപ്പെടുന്നു. പ്രതിശീർഷ കാർബൺ ഉത്സർജനവും പദാർത്ഥ പാദമുദ്രയും ഉൾപ്പെടുന്ന ഒരു ക്രമീകരണഘടകം കൊണ്ട്‌ മാനവ വികാസ സൂചകത്തെ ഗുണിച്ചാണു PHDI നിർണയിക്കുക. ഭൂമിയിൽ ഒരു സമ്മർദ്ദവും ഉണ്ടാക്കുന്നില്ലെങ്കിൽ ക്രമീകരണഘടകം 1 ആയിരിക്കും. അപ്പോൾ HDI ക്കും PHDI ക്കും ഒരേ മൂല്യമായിരിക്കും.

 

രസകരമായ വസ്തുത ഏറെ വികസിതമായ, ഉയർന്ന HDI റാങ്കിംഗ്‌ ഉള്ള പല രാജ്യങ്ങളും പുതിയ റാങ്കിങ്ങിൽ വളരെ താഴെ പോകും എന്നതാണു. ഒന്നാം സ്ഥാനത്തുള്ള നോർവ്വെ 15 സ്ഥാനം താഴോട്ട്‌ പോകും. യു എസ്‌ എ 45 സ്ഥാനവും ആസ്റ്റ്രേലിയ 72 സ്ഥാനവും പുറകോട്ടു പോകും. യു എ ഇ യുടെയും സിംഗപ്പൂരിന്റെയും സ്ഥാനങ്ങൾ യഥാക്രമം 87 ഉം 92 ഉം സ്ഥാനം പിറകിലാകും. ക്യൂബ 27 സ്ഥാനം മുകളിലേക്ക്‌ കയറും. പ്രകൃതിക്ക്‌ പരിക്കേൽപിക്കാത്തതും സമത്വാധിഷ്ഠിതവുമായ വികസനത്തെ അളക്കാൻ പറ്റിയ രീതി പദ്ധതികൾ ഇനിയും രൂപപ്പെട്ടു വരുമെന്നു പ്രത്യാശിക്കാം.


2020 ലെ Human Development Report ലെ കണക്കുകൾ നോക്കാം

ഇന്ത്യയുടെ സ്ഥാനം


2020 ലെ Human Development Report ഡൗൺലോഡ് ചെയ്യാം

Leave a Reply