കേൾക്കാം
കേക്ക് പങ്കിടലിന്റെ ബഹളമൊക്കെ കഴിഞ്ഞു. കടലും ശാന്തമാണ്. കബൂത്തര്‍ അച്ഛന്റെ മടിയില്‍ വലിയ ഗമയില്‍ ഇരിപ്പുണ്ട്, ഞാനാണ് നിങ്ങടെ രക്ഷകന്‍ എന്ന മട്ടില്‍. അമ്മയുടെ മടിയില്‍ കവ്വായും.
തക്കുടു ഇന്നു പോകും. പിന്നെ എപ്പം തിരിച്ചുവരും എന്നറിയില്ല. പലതും അവനോടു ചോദിക്കണമെന്നുണ്ട്. പക്ഷേ എങ്ങനെ തുടങ്ങണമെന്നറിയില്ല. ഒടുവില്‍ നിശ്ശബ്ദത ഭേദിച്ചത് ദില്‍ഷേടെ കുസൃതി തന്നെ. അവള്‍ ചോദിച്ചു, “തക്കുടൂ, നിങ്ങടെ ലോകത്ത് എങ്ങനയാ ആളുകള്‍ സമയം പോക്ക്ന്നെ? നിങ്ങക്ക് ഒന്നും ചെയ്യാനില്ലല്ലോ. കൃഷി വേണ്ട. വാഹനം ഉണ്ടാക്വേം വേണ്ട ഓടിക്യേം വേണ്ട. പറന്നാ മതീല്ലോ. വഴക്കും യുദ്ധോം ഒന്നും ഇല്ലാത്തോണ്ട് പട്ടാളവും വേണ്ട പോലീസും വേണ്ട. നിങ്ങക്ക് ബോറടിക്കൂലേ?”
തക്കുടു ചിരിച്ചു, “നല്ല ചോദ്യാ ദില്‍ഷേ. ബോറടിക്കാതിരിക്കാന്‍ നിങ്ങള്‍ മനുഷ്യന്മാര് നല്ലോണം ഉത്സാഹിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. രണ്ടു ലോകയുദ്ധങ്ങള്‍ നടത്തി. രണ്ടു കോടി ആളുകളെയെങ്കിലും കൊന്നിട്ടുണ്ടാകും. തകര്‍ത്ത കെട്ടിടങ്ങള്‍ക്ക് കണക്കില്ല. യൂറോപ്യര്‍ക്കെങ്കിലും ബോറടി മാറീട്ടുണ്ടാകും. ഇനീപ്പം ഏഷ്യക്കാരുടെ ബോറടി കൂടി മാറ്റണം. അതിന് ഇന്ത്യേന്നും ചൈനേന്നും കുറേപ്പേര്‍ ഹിമാലയത്തിലെ കൊടും തണുപ്പില്‍ പോയി തോക്കും പിടിച്ചു നില്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍കാരും ബോറടി മാറ്റാന്‍ ശ്രമിക്കുന്നുണ്ട്.”
ദില്‍ഷേടെ ചമ്മല് കണ്ട് തക്കുടു പറഞ്ഞു, “ഞങ്ങക്കൊരുപാടു പണിയുണ്ട് ദില്‍ഷേ. ബോറടി തീരെ ഇല്ല. മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കണ്ടേ. അതിനു കൃഷി ചെയ്യാണ്ടു പറ്റ്വോ? ഞങ്ങള്‍ക്കു തിന്നാൻ പഴങ്ങളും വേണ്ടേ, മീൻ മാത്രം മതിയോ ? കടലില്‍ കഴിഞ്ഞ കാലത്ത് വസ്ത്രം വേണ്ട, വീടും വേണ്ട. പക്ഷേ കരയില്‍ അതു രണ്ടും ഉണ്ടാക്കണം . പിന്നെ ഞങ്ങടെ വന്‍കരേടെ വലുപ്പം എത്രയാന്നറിയ്വോ?”
“ഞാനെങ്ങനയാ അറിയ്യ.? ഒറ്റ വൻകരയാന്ന് തക്കുടു പറഞ്ഞിട്ടുണ്ട്. എന്താ അങ്ങനേന്നും പറഞ്ഞില്ല , എത്രയാ വലിപ്പോന്നും പറഞ്ഞില്ല.”
“ ഒറ്റ വൻകരയായി നില്ക്കാൻ കാരണം പ്ലേറ്റ് ടെക്റ്റോണിക്സ് ഇല്ലാത്തതാ. അതെന്താന്ന് പിന്നെ മാഷ് പറഞ്ഞു തരും . വലിപ്പം പറയാം. ഞങ്ങടെ ഗ്രഹത്തിന്റെ മധ്യരേഖയ്ക്ക് ഇരുവശത്തുമായി പതിനൊന്നായിരത്തിലധികം കിലോമീറ്റര്‍ നീളത്തില്‍ കിടക്കുകയാണത് , ഒരു ദീർഘവൃത്തം പോലെ. തെക്കു വടക്ക് ഏറ്റവും കൂടിയ വീതി അയ്യായിരത്തിലധികം കിലോമീറ്ററുണ്ടാകും. ഏകദേശാണേ; ഞങ്ങടെ അളവൊക്കെ വേറെ ആണല്ലോ. ”
അല്പമൊന്നു നിർത്തിയിട്ട്
തക്കുടു തുടർന്നു , ” നദികള്‍ കടലില്‍ ചേരുന്നിടത്ത് നൂറ്ററുപത്താറ് വലിയ കായലുകള്‍ ഉണ്ടെന്നും അവിടെയാ ഞങ്ങള്‍ കഴിയുന്നതെന്നും പറഞ്ഞില്ലേ. അവയെല്ലാം ഓരോ നഗര രാജ്യങ്ങളാണ്. സ്വതന്ത്ര രാജ്യങ്ങള്‍. വന്‍കരേടെ ബാക്കിഭാഗം വന്‍ കാടുകളും പുല്‍മേടുകളും, പടിഞ്ഞാറു ഭാഗത്ത് കുറച്ചു മരുഭൂമികളുമാണ്. ഇതൊക്കെ എന്തിനാ പറഞ്ഞതെന്നുവച്ചാല്‍, ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്ക് പറന്നൊന്നും പോകാന്‍ പറ്റില്ല. നല്ല ദൂരംണ്ട്. അതുകൊണ്ട് ഞങ്ങക്ക് കാറു വേണ്ടെങ്കിലും വിമാനം വേണം. സാധനങ്ങള്‍ കൊണ്ടുപോകാന്‍ തീവണ്ടീം വേണം. നിങ്ങടെ തീവണ്ടിയേക്കാൾ ഒത്തിരി വീതീം ഉയരോം ഉള്ള ഭീമൻ വണ്ടികളാ. ”
ഞാന്‍ ചോദിച്ചു, “അല്ല തക്കുടൂ, നിങ്ങള്‍ മീനിന് തീറ്റ കൊടുക്കാന്‍ കൃഷി ചെയ്യണ കാര്യം പറഞ്ഞല്ലോ. കുളത്തില്‍ വളര്‍ത്തുന്ന മീനിനൊക്കെ ഞങ്ങളും കൊടുക്കും തീറ്റ. അതുപോലെ കായലിലും കടലിലും കൊണ്ടുപൊയി ധാന്യം വിതറുവോ നിങ്ങള്‍?”
“കടലിലില്ല, കായലില്‍ മാത്രം. മുളപ്പിച്ച ധാന്യോം വിത്തുകളും ആണ് മീനിന് ഇഷ്ടം. അത് ചില പ്രത്യേക ഇടങ്ങളില്‍ ഇട്ടുകൊടുക്കും. മീനുകള്‍ അവിടെ ആ സമയത്ത് എത്തിക്കോളും.”
“ഞങ്ങൾ ഒന്നും കൊടുക്കുന്നില്ലല്ലോ. എന്നിട്ടും കായലില്‍ മീനുണ്ടല്ലോ.”
“നിങ്ങക്ക് കറിവെക്കാന്‍ ഇത്തിരി മീനല്ലേ വേണ്ടൂ. ഞങ്ങടെ പ്രധാന ഭക്ഷണല്ലേ മീന്‍. ഞങ്ങടെ ഒരു കായലിന്റെ വലുപ്പം നിങ്ങടെ കേരളത്തിന്റെ നാലിലൊന്നൊക്കെ വരും. പക്ഷേ അതിന്റെ ചുറ്റും ഒരു കോടിക്കടുത്ത് താമസക്കാരുണ്ടാകും. തുടക്കത്തില്‍ ഒന്നു രണ്ടു ലക്ഷം ഒക്കെയേ ഉണ്ടായിരുന്നുള്ളൂ. അന്നു കൃഷീം ഇല്ല, തീറ്റ കൊടുക്കലും ഇല്ല.”
“ പിന്നെ എന്താ സംഭവിച്ചതെന്ന് ഞാൻ പറയട്ടേ”, ജോസ് പറഞ്ഞു. “ നിങ്ങടെ എണ്ണം കൂടിയപ്പം മീനിന് ക്ഷാമം ഉണ്ടായി. അപ്പം കയ്യൂക്കുള്ളോരു കാര്യക്കാരായി. മീന്‍ പിടിക്കാനുള്ള അവകാശത്തിനു തര്‍ക്കമായി. അടീം പിടീം ആയി. കൂടുതല്‍ പിടിച്ചോര് വില കൂട്ടി വിറ്റു.”
മാഷ് പറഞ്ഞു, “ജോസേ, നിനക്ക് കച്ചവടക്കാരന്റെ ജീന്‍ കിട്ടീട്ടുണ്ടെടാ.”
“ജീനൊന്നും കിട്ടിയതല്ല മാഷേ. അപ്പച്ചന്‍ മഹാ കത്തിയാണെന്ന് മാഷിനന്നു മനസ്സിലായില്ലേ? ബേക്കറി പൂട്ടി വീട്ടില്‍ വന്നാപ്പിന്നെ അന്നു നടന്ന എല്ലാ കാര്യോം ഞങ്ങളോടു പറയും. അമ്മേം ചേച്ചീം കൂടും ഒപ്പം. കച്ചവടക്കാരു തമ്മിലുള്ള മത്സരോം ഒരാളു മറ്റേയാളെ പറ്റിച്ചതും ഒക്കെ പറയും. കേക്കും ബിസ്ക്കറ്റും ഒക്കെ ഉണ്ടാക്കുന്നത് അമ്മേം ചേച്ചീം കൂടിയാ. ഇപ്പം നമ്മള് തിന്ന കേക്ക് അമ്മ ഉണ്ടാക്കിയതാ. തക്കുടൂന് പോലും നല്ല ഇഷ്ടായില്ലേ?”
“നിന്റെമ്മ അതില് മീന്‍ ചേര്‍ത്തിട്ടുണ്ടാകും. അതാ തക്കുടൂന് ഇത്ര ഇഷ്ടായെ” മൈഥിലീടെ കമന്റ് കേട്ട് തക്കുടു പോലും ചിരിച്ചുപോയി.
തക്കുടു പറഞ്ഞു, “ ജോസിന്റെ ഊഹം ശരിയാണ്. ആദ്യം ക്ഷാമം ഉണ്ടായത് പടിഞ്ഞാറന്‍ രാജ്യങ്ങളിലാണ്. മരുഭൂമികളുള്ള വരണ്ട പ്രദേശങ്ങളാണവ. പുഴകളിലൂടെ ഒഴുകിയെത്തുന്ന പോഷകങ്ങള്‍ കുറവായതുകൊണ്ട് അവിടത്തെ കായലുകളില്‍ മീന്‍ കുറവാണ്.”
“അപ്പം അവര് മറ്റു കായലുകളില്‍ വന്നു മീന്‍പിടിക്കാന്‍ തുടങ്ങി, അല്ലേ?”
“അല്ല, അവര്‍ നല്ല ബോട്ടുകളുണ്ടാക്കി കടലില്‍ പോയി മീന്‍പിടിക്കാന്‍ തുടങ്ങി. അത് മറ്റു രാജ്യങ്ങളിലും കൊണ്ടുപോയി വിറ്റ് കാശുണ്ടാക്കി. പട്ടിണി മാറ്റാൻ അവർ ശാസ്ത്രത്തെ ശരിക്കും ഉപയോഗിച്ചു. വ്യവസായരംഗത്തും അവര്‍ മറ്റുള്ളവരേക്കാള്‍ മുന്നിലെത്തി. കടല്‍ അവര്‍ സ്വന്തമാക്കി. മറ്റാര്‍ക്കും അവിടെ മീന്‍പിടിക്കാന്‍ അവകാശമില്ലെന്നു വന്നു. അവര്‍ വെടിക്കോപ്പുകളും മറ്റ് ആയുധങ്ങളും ഉണ്ടാക്കി.
ഇതൊക്കെ വളരെ പഴയ ചരിത്രാ ജോസേ. ഇപ്പം ഞങ്ങൾക്കതൊക്കെ കേട്ടുകേൾവി മാത്രാ .”
“അതൊക്കെ എങ്ങനെ അവസാനിപ്പിച്ചു എന്നുകൂടി പറ.”, അമ്മയ്ക്കാണ് അതറിയാന്‍ താല്പര്യം.
“ഞാന്‍ പറയാം”, മൈഥിലി പറഞ്ഞു, “ഒരു വലിയ പ്രവാചകന്‍ അവിടെ പിറന്നു. സ്നേഹത്തിന്റെയും ദയയുടെയും മാഹാത്മ്യം അദ്ദേഹം അവരോടു പറഞ്ഞു. ഈ ലോകത്ത് നന്മ ചെയ്താല്‍ മരണാനന്തരം കിട്ടാന്‍ പോകുന്ന സ്വര്‍ഗത്തെക്കുറിച്ചു പറഞ്ഞു. ഇല്ലെങ്കില്‍ കിട്ടുന്ന നിത്യനരകത്തെക്കുറിച്ചും . ഈ സുവിശേഷവുമായി നഗരത്തില്‍ നിന്ന് നഗരത്തിലേക്ക് അദ്ദേഹം പറന്നു സഞ്ചരിച്ചു.”
തക്കുടുവിന് ചിരി അടക്കാന്‍ കഴിഞ്ഞില്ല. അവന്‍ പറഞ്ഞു, “ഭാഗ്യത്തിന് ഞങ്ങടെ ലോകത്താര്‍ക്കും ഇതുവരെ അങ്ങനെ ഒരു പ്രവാചകനാകാനുള്ള ഭാവന ഉണ്ടായില്ല. ഇല്ലെങ്കില്‍ ഓരോ രാജ്യത്തും ഓരോ അവതാരമോ പ്രവാചകനോ ഉണ്ടായേനേം. പിന്നെ യുദ്ധങ്ങള്‍ ആ രക്ഷകന്റെ പേരില്‍ ആയേനേം.”
മാഷ് പറഞ്ഞു, “ശരിയാ തക്കുടൂ, ഒത്തിരി അവതാരങ്ങള്‍ നടന്നിട്ടും പ്രവാചകന്മാര്‍ വന്നിട്ടും ഞങ്ങടെ ഭൂമീടെ അവസ്ഥ കണ്ടില്ലേ. എല്ലാ ദുരിതോം ദൈവത്തിന്റെ പരീക്ഷകളാണ്, സ്വര്‍ഗത്തിലേക്കുള്ള സെലക്‌ഷന്‍ പ്രോസസ്സാണ് എന്നാ പുരോഹിതര് പറയുന്നെ. അതുപോട്ടെ, ആ പടിഞ്ഞാറേ രാജ്യക്കാര്‍ കടലില്‍ മീന്‍പിടിക്കാന്‍ തുടങ്ങിയപ്പം മറ്റുള്ളവരും എന്തുകൊണ്ട് അതിന് ശ്രമിച്ചില്ല?”
“പടിഞ്ഞാറുകാര്‍ക്ക് മത്സ്യക്ഷാമം തുടങ്ങിയ കാലത്ത് മറ്റുള്ളോര്‍ക്ക് അതില്ലായിരുന്നു. ജനസംഖ്യ കൂടി അവര്‍ക്കും ക്ഷാമം തുടങ്ങിയപ്പഴേക്കും കടല് മുഴുവന്‍ അക്കൂട്ടർ സ്വന്തമാക്കിക്കഴിഞ്ഞിരുന്നു. പട്ടിണി കിടക്കാതിരിക്കാന്‍ മറ്റുള്ളോർക്ക് അവരെ ആശ്രയിക്കേണ്ടി വന്നു. അതു പോട്ടെ. ഇതൊക്കെ ഏകദേശം മുപ്പതിനായിരം കൊല്ലം മുമ്പ് നടന്ന കാര്യാ.”
“മുപ്പതിനായിരം കൊല്ലം മുമ്പോ? അന്ന് ഇവിടെ മനുഷ്യര്‍ ആഫ്രിക്കയില്‍നിന്ന് ലോകത്തിന്റെ പല ഭാഗത്തേക്ക് കുടിയേറിക്കൊണ്ടിരിക്കുന്നതേയുള്ളൂ. എവിടെങ്കിലും സ്ഥിരതാമസമാക്കി കൃഷിയൊക്കെ ചെയ്ത് തുടങ്ങുന്നത് പിന്നെയും ഒരു ഇരുപതിനായിരം കൊല്ലം കഴിഞ്ഞിട്ടാ.”, മാഷ് പറഞ്ഞു.
“മീനിന് തീറ്റ കൊടുത്തു തുടങ്ങ്യത് എപ്പഴാന്ന് പറഞ്ഞില്ല ” , ദിൽഷ ഓർമിപ്പിച്ചു.
“അത് ഊഹിച്ചൂടേ ദിൽഷേ ? കടല് ഒരു കൂട്ടര് കയ്യടക്കിയപ്പം കിഴക്കേ അറ്റത്തുള്ള കുറച്ചു രാജ്യങ്ങള്‍ കായലിലെ മീനിനു ഭക്ഷണം കൊടുത്തു വളര്‍ത്താന്‍ തീരുമാനിച്ചു. പുല്‍മേടുകളില്‍ വെറുതേ വിളയുന്ന, പക്ഷികള്‍ മാത്രം തിന്നുന്ന ചില ധാന്യങ്ങളും വിത്തുകളും ശേഖരിച്ച് മീനുകൾക്കു കൊടുത്തു. മുളപ്പിച്ചു കൊടുത്തപ്പം കൂടുതൽ ഇഷ്ടായി. അതുകൊണ്ട് ഒരു ഗുണംണ്ടായി. മീനുകള്‍ വേഗം വളര്‍ന്നു. മാത്രല്ല, മീന്‍കുഞ്ഞുങ്ങളെ തിന്നുന്ന വലിയ മീനുകള്‍ വേറെ ഭക്ഷണം കിട്ടിയപ്പം കുഞ്ഞുങ്ങളെ തിന്നാതായി. അതിനു ശേഷാണ് ഞങ്ങള്‍ വലിയതോതില്‍ കൃഷി തുടങ്ങിയത്.”
അൻവർ മാഷ് പറഞ്ഞു, “മാലിനീ, നമ്മടെ യുദ്ധങ്ങളുമായി നോക്കുമ്പം ഇവരുടേത് ചെറിയ അടി പിടികളായിരുന്നു. അത് അവർക്ക് വേഗം തീർക്കാൻ പറ്റി. ഇവിടെ അതത്ര എളുപ്പാവില്ല.”
” ചെറിയ അടി പിടീലൊന്നും നിന്നില്ല മാഷേ. ശാസ്ത്രം വളർന്നു ,ധാരാളം വ്യവസായങ്ങൾ വന്നു. അപ്പം അതുവരെ വന്യജീവികൾ മാത്രം കഴിഞ്ഞിരുന്ന ഉൾപ്രദേശങ്ങളിൽ ഖനികൾ വന്നു, കാടുകൾ വെട്ടിനിരത്തി , കുന്നുകൾ ഇടിച്ചു നിരത്തി . സ്ഥലം കയ്യടക്കാൻ മത്സരമായി. വൻകരയാകെ യുദ്ധക്കളമായി മാറി. നൂറ്റാണ്ടുകൾ നീണ്ടു നിന്ന യുദ്ധങ്ങളുടെ കാലമായിരുന്നു പിന്നെ. ”
അച്ഛൻ പറഞ്ഞു, ” ശാസ്ത്രം വളര്കേം സംസ്ക്കാരം ഒപ്പം വളരാതിരിക്ക്യേം ചെയ്താ അതാ സംഭവിക്യ. ഭൂമീലും പ്രശ്നം ഇപ്പം അതു തന്ന്യാ. ”
ജോസിനെ ഒളികണ്ണിട്ട് നോക്കിക്കൊണ്ട് മൈഥിലി പറഞ്ഞു, “അതെങ്ങനയാ ഉണ്ണിയേട്ടാ, സംസ്കാരം ഉണ്ടാകണേ എന്തെങ്കിലും വായിക്ക്യേം ചിന്തിക്ക്യേം ഒക്കെ വേണ്ടേ? ജീവിതത്തില്‍ സ്വന്തം ഇഷ്ത്തോടെ ഒരു കഥയോ കവിതയോ നോവലോ വായിക്കാത്തോര് നമ്മടെ കൂടെത്തന്നെയുണ്ട്.”
“ ഉണ്ണിയേട്ടാ, ചെലര്‍ക്കൊരു വിചാരംണ്ട്.കഥേം കവിതേം എഴുത്വേം വായിക്ക്യേം ചെയ്താ സംസ്കാരായീന്ന്. കൂട്ടില്‍ പിടിച്ചിട്ടകിളീടെ സ്വാതന്ത്ര്യനഷ്ടത്തെക്കുറിച്ച് വിലാപ കാവ്യം എഴുതും. എന്നിട്ട് പോയി കോഴിബിരിയാണി തട്ടും. കോഴിക്കെന്താ സ്വാതന്ത്ര്യം പറ്റൂലേ? കോഴീം ആടും പശൂം ഒക്കെ നമ്മക്ക് വേണ്ടി കൂട്ടില് കെടക്കണോ?”
ജോസിന്റെ പരിഹാസം കേട്ട് മൈഥിലി പോലും ചിരിച്ചുപോയി. അവള്‍ പറഞ്ഞു, “നീ പോടാ; നീ എല്ലാ ദിവസോം അപ്പച്ചന്റെ പൈസ കട്ടെടുത്ത് ഹോട്ടലില്‍ പോയി ബിരിയാണി തട്ടുന്നോനല്ലേ?”
“ഞാന്‍ പക്ഷേ വിലാപകാവ്യം എഴുതി ആരേം ഉപദ്രവിക്കുന്നില്ലല്ലോ?”
മാഷ് ഇടപെട്ടു, “ജോസേ, കൂട്ടില്‍ കിളിയെ ഇട്ടടയ്ക്കുന്നത് വെറും കൗതുകത്തിനാണ്. അത് വേണമെങ്കിൽ ഒഴിവാക്കാം. കോഴീടേം ആടിന്റേം ഒക്കെ മാംസം കഴിക്കുന്നത് വിശപ്പുമാറ്റാനും മാംസ്യം ലഭിക്കാനുമാണ്. രണ്ടും ഒരുപോലെയാണോ? പരിണാമമാണ് ജീവികളുടെയെല്ലാം സ്വഭാവം രൂപപ്പെടുത്തിയത്. സിംഹവും കടുവയും വിചാരിച്ചാല്‍ നാളെ സസ്യഭുക്കാകാന്‍ പറ്റില്ല. ആടിനും പശുവിനും മാംസഭുക്കാകാനും പറ്റില്ല. മനുഷ്യര്‍ക്ക് രണ്ടുമാകാം. ഹിമം മൂടിയ തുണ്ഡ്ര പ്രദേശത്ത് ജീവിക്കുന്ന എസ്കിമോകള്‍ക്ക് ആറേഴു മാസം ഒരു പച്ചപ്പും കാണാന്‍ കൂടി കിട്ടില്ല. ഹിമമാനിന്റെയും സീലിന്റെയും മാംസം കഴിച്ചുതന്നെ വേണം അവര്‍ക്കു ജീവിക്കാന്‍. എസ്കിമോകളും സിംഹവും കടുവയും ഒന്നും ക്രൂരരായിട്ടല്ല കൊല്ലുന്നത്, വിശപ്പു മാറ്റാനാണ്.”
“എന്നാലും ജീവന്‍ നശിപ്പിക്കുന്നത് ശരിയാണോ മാഷേ?”
“എന്തു ചെയ്യാനാ മൈഥിലീ, പരിണാമം ചെയ്ത പണിയല്ലേ? അതു മാത്രല്ല, സസ്യങ്ങളും ജീവനുള്ളവ തന്നെയാണ്. ചീരയും വെണ്ടയും തക്കാളീം ഒന്നും ചോര ചിന്തുന്നില്ല എന്നേ ഉള്ളൂ.നമ്മള് കഴിക്കുന്ന ഓരോ നെന്മണിക്കുള്ളിലും പയര്‍മണിക്കുള്ളിലും മുളപൊട്ടാന്‍ കാത്തിരിക്കുന്ന ഒരു ബീജമുണ്ട്. നമ്മളതു കഴിക്കുന്നതും ജീവനെ നശിപ്പിക്കൽ തന്നെയല്ലേ? അപ്പപ്പിന്നെ നമ്മളെന്തു കഴിക്കും? നമ്മക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം വേദന അനുഭവിക്കാന്‍ കഴിവുള്ള, എന്നുവെച്ചാല്‍ കേന്ദ്രീയ നാഡീവ്യവസ്ഥയുള്ള ജീവികളെ കഴിയുന്നതും വേദനിപ്പിക്കാതിരിക്കുക എന്നതാണ്. അതുകൊണ്ട് കോഴിക്കും ആടിനും പശുവിനും എല്ലാം ജീവിച്ചിരിക്കുന്ന കാലത്ത് കുറച്ചു സ്വാതന്ത്ര്യവും സന്തോഷവും ഒക്കെ നല്‍കുക. അത് നമ്മക്ക് പരലോകത്ത് സ്വര്‍ഗം കിട്ടാനൊന്നുമല്ല. പരലോകത്തിലൊന്നും വിശ്വസിക്കാത്ത തക്കുടുവിന്റെ നാട്ടുകാര്‍ മീനിനും പക്ഷികള്‍ക്കും എല്ലാം വേണ്ടി കൃഷിചെയ്യുംപോലെ, മീന്‍കുഞ്ഞുങ്ങളെ പിടിക്കാതിരിക്കുംപോലെ നമ്മക്കും ചെയ്യാന്‍ പറ്റണം.”
എന്തു പറയണം എന്നറിയാതെ മൈഥിലി ഏറെ നേരം ഇരുന്നു. അവളെ ഒന്ന് സപ്പോര്‍ട്ടു ചെയ്യാന്‍ ഞാന്‍ പറഞ്ഞു, “ജോസ് എറച്ചി മൂക്കറ്റം തിന്നോട്ടെ. പക്ഷേ അവന്‍ ഒന്നും വായിക്കില്ലാന്ന് മൈഥിലി പറഞ്ഞത് സത്യാ. മലയാളം ടീച്ചറ് ക്ലാസ്സില് പുസ്തകത്തിലില്ലാത്ത എന്തെങ്കിലും കാര്യംപറഞ്ഞാ വെറുതേ സമയം കളയുന്നു ന്നും . പറഞ്ഞ് ഇവൻ തൊടങ്ങും.”
“ ശരിയാ . സാഹിത്യം, സംസ്കാരം മണ്ണാങ്കട്ടാന്ന് ഇടയ്ക്കിടെ പറയും”, മൈഥിലി കൂട്ടിച്ചേര്‍ത്തു.
മാഷ് ജോസിനെ ചേര്‍ത്തിരുത്തിക്കൊണ്ട് പറഞ്ഞു, “നിങ്ങളെല്ലാരും കൂടി ജോസിനെ ഒരു സംസ്കാരവിരുദ്ധനായി ചിത്രീകരിക്കുന്നത് ശരിയല്ല. അവനും ഒരു സാംസ്കാരിക പ്രവര്‍ത്തകനാണെന്ന കാര്യം നിങ്ങള്‍ മറക്കുന്നു. ഫുട്ബോള്‍കൊണ്ട് കവിത രചിക്കുന്ന ഒരു നല്ല കളിക്കാരനാണിവന്‍. എല്ലാ സ്പോര്‍ട്സും ഗെയിംസും സാംസ്കാരിക പ്രവര്‍ത്തനമാണ്. അന്യോന്യം പോരടിക്കുന്ന സ്വഭാവത്തെ മറികടക്കാന്‍ മനുഷ്യർ കണ്ടെത്തിയ മാര്‍ഗമാണത്. അതോടൊപ്പം കലകളും സാഹിത്യവും, ആധുനിക കാലത്ത് സിനിമയും ഒക്കെ ചേരണം. ഇവയ്ക്കെല്ലാം താങ്ങാകുന്ന നല്ല രാഷ്ട്രീയവും കൂടി ഉണ്ടെങ്കില്‍ നമ്മക്കെല്ലാം സംസ്ക്കാരമുള്ളവരാണെന്ന് അഭിമാനിക്കാം.”
ഞാന്‍ പറഞ്ഞു, “മാഷേ, ഈ മൈഥിലീം ജോസും തമ്മില്‍ എപ്പഴും അടിപിടിയാ. സംസ്കാരം രണ്ടാള്‍ക്കും ഇത്തിരി കുറവാ.”
മാഷ് ചിരിച്ചുകൊണ്ടു പറഞ്ഞു, “ദില്‍ഷേം ദീപൂം തമ്മിലും അങ്ങനെ തന്നെയല്ലേ. യദൂന് വഴക്കടിക്കാന്‍ ഒരാളില്ലാത്ത കുറവുണ്ട്. നമ്മക്കാ രേശ്മയെക്കൂടി നമ്മുടെ ഗ്രൂപ്പില്‍ ചേര്‍ത്താലോ?”
“ആ, അതു പറ്റും”, എല്ലാരും ആഹ്ലാദത്തോടെ ആ അഭിപ്രായത്തെ എതിരേറ്റു.
“അയ്യോ വേണ്ടായേ, ആ ഗണിതശാസ്ത്രജ്ഞയെ എനിക്കു പേടിയാണേ”, ഞാന്‍ ഉറക്കെ വിളിച്ചുകൂവി. എല്ലാരും കൂടി കൂട്ടച്ചിരി.
തുടരും എല്ലാ ആഴ്ച്ചയും
കേൾക്കാം
തക്കുടു ഇതുവരെ
1. നിങ്ങൾ തക്കുടുനെ കണ്ടിട്ടുണ്ടോ ?
3. അമ്മയ്ക്ക് തക്കുടൂനെ ഇഷ്ടായി
4. തക്കുടു എന്റെ കൂട്ടുകാരെ ഞെട്ടിച്ചു
5. മൈഥിലിക്ക് ഡോള്‍ഫിനെ പരിചയപ്പെടണം
6. ദിൽഷയ്ക്ക് ഹോളോഗ്രാഫിക് ക്യാമറ വേണം
9. വെള്ള്യാം കല്ലില്‍ ഒരു ഒത്തുചേരല്‍
11. ഡോള്‍ഫിനുകളോടൊപ്പം ഒരു രാത്രി
11. പ്രാവും കാക്കയും : രണ്ടു കാവല്‍ക്കാര്‍
12. തക്കുടൂനെ പോലീസ് പിടിച്ചാല്‍ എന്തുചെയ്യും ?
14. ഉണ്ണിയേട്ടനെ നമ്മൾ കണ്ടെത്തും
16. യദൂന്റെ രക്ഷയ്ക്ക് കാക്കപ്പോലീസ്
17. കവ്വായും കബുത്തറും ചാരപ്പണി തുടങ്ങി
19. പറന്നുപോയ മോട്ടോർ സൈക്കിൾ
20. അരോമ ബേക്കറിയിലെ ഒരു നാട്ടുകാരൻ
21. മഹർഷിയുടെ പർണ്ണശാല
22. യുദ്ധരംഗത്തേക്ക്
23. ദീപു പരിപാടിയാകെ പൊളിക്കുന്നു
25. ഒരു ഇതിഹാസകാരി ജനിക്കുന്നു
26. തക്കുടുവിന്റെ അമ്പരിപ്പിക്കുന്ന പ്രഖ്യാപനം
27. വെള്ള്യാംകല്ലിലേക്ക് ഒരിക്കൽകൂടി28 . മഹാമാരിയെ തുടര്‍ന്ന് ഒരു പലായനം