Read Time:8 Minute

വിജയകുമാർ ബ്ലാത്തൂർ

 

വേനൽ തണലിൽ മരങ്ങളുടെ കീഴിൽ വെറുതേ ഇരുന്നപ്പോൾ ചാറ്റമഴ പൊഴിയുന്ന പോലെ കുഞ്ഞ് വെള്ളത്തരികൾ മുഖത്തും കൈകളിലും ഒക്കെ ഉതിരുന്നത് ചിലപ്പോൾ അനുഭവിച്ചിട്ടുണ്ടാവും. ഉടനെ യു.പി. സ്കൂളിൽ മാഷ് പഠിപ്പിച്ച സസ്യശാസ്ത്ര വിജ്ഞാനത്തിന്റെ അവ്യക്ത ഓർമകൾ തികട്ടിവരും. ഇലകളിലൂടെ സസ്യങ്ങൾ പുറത്ത് വിടുന്ന ശുദ്ധനീർക്കണങ്ങളാണ് അവ എന്ന് ഉറപ്പിച്ച് വലിയ സന്തോഷത്തിൽ അത് ആസ്വദിച്ച് അങ്ങിനെ ഇത്തിരി നേരം കൂടി റൊമാന്റിക്ക് മൂഡിൽ ഇരിക്കും. പക്ഷെ മരത്തിന് മുകളിലെ നൂറുകണക്കിന് തവളത്തുള്ളൻ പ്രാണികൾ മുള്ളുന്നതാണെങ്കിലോ!

നാട്ടുപാതകളിലെ നടത്തത്തിനിടയിൽ – അരികിലെ കുഞ്ഞ് ചെടികളിലെ ഇലക്കവിളുകളിലും പുൽപ്പരപ്പിനിടയിലുംവെളുത്ത് തിളങ്ങുന്ന തുപ്പൽ പോലെ ഒരു പത ചിലപ്പോൾ കാണാത്തവരുണ്ടാകില്ല. ‘കൂളിത്തുപ്പ്’ എന്നാണ് ചിലനാടുകളിൽ ഇതിന് പേര്. രാത്രി സഞ്ചാരികളായ ‘കാളാം കൂളി’കളെന്ന നാട്ട് പ്രേതങ്ങൾ തുപ്പിയിട്ടതെന്ന വിശ്വാസത്തിലാവാം അങ്ങിനെ പേര് വന്നത്. കൂളിവിശ്വാസം ഇല്ലാത്ത നാടുകളിൽ ഇത് പാമ്പിൻ തുപ്പ്, തവളത്തുപ്പ്, കിളിത്തുപ്പ് എന്നൊക്കെ പലവിധത്തിൽ കരുതുന്നവരും ഉണ്ട്. ഇതെന്താണെന്ന് ഒരു അന്തവും കുന്തവും കിട്ടാത്ത നമ്മൾ കൂളിത്തുപ്പ് എന്നും പേരിട്ടില്ലെങ്കിലേ അത്ഭുതമുള്ളു. എന്തോ ഒരു തരം പേടിയും അറപ്പും ഉള്ളതിനാൽ ആ പത തൊടാൻ പലരും മടിയ്ക്കും. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ തുപ്പൽ പതക്കുള്ളിൽ ചിലർ സുഖിച്ച് കഴിയുന്നത് കാണാം Spittle bug എന്ന് പേരുള്ള ഷഡ്പദങ്ങളുടെ കുഞ്ഞുങ്ങളായ നിംഫുകളുടെ സുരക്ഷിത കൂടാണത്.

Spittle bug കുഞ്ഞ് (നിംഫ്)

സെർകൊപൊയിഡെ (Cercopoidea) വിഭാഗത്തിൽ പെട്ട ഷഡ്പദങ്ങളിൽ ഹെമിപ്റ്റെറ ( Hemiptera ) ഓർഡറിലുള്ള മുതിർന്ന കീടങ്ങൾ ഉഗ്രൻ ചാട്ടക്കാരാണ്. ഒരിഞ്ചിന്റെ കാൽഭാഗം മാത്രം വലിപ്പമുള്ള ഇവർ ശരീരവലിപ്പത്തിന്റെ നൂറ് ഇരട്ടി നീളത്തിൽ വരെ ചാടും. കാലുകൾ അതിശക്തമായി പെടുന്നനെ നിവർത്തിയാണ് ഒരു ചെടിയിൽ നിന്ന് മറ്റൊന്നിലേക്ക് സ്പ്രിങ്ങ് ഘടിപ്പിച്ചപോലെ ഇവർ തെറിച്ച് നീങ്ങുന്നത്. ഇവരുടെ ഈ ചാട്ടം പ്രാണിലോകത്തെ ഒരു അത്ഭുതം തന്നെയാണ്. കുനിഞ്ഞുള്ള തവളരൂപത്തിലുള്ള നിൽപ്പും ഈ സൂപ്പർചാട്ടവും മൂലം തവളത്തുള്ളന്മാർ (Froghopper) എന്ന പേരുണ്ട് ഇവർക്ക്. തുപ്പൽ പ്രാണി (spittle bug) എന്ന മാനഹാനിയുണ്ടാക്കുന്ന പേര് കൂടി വന്നത് തുപ്പൽ ശീലം കൊണ്ട് തന്നെയാണ്. ഈ ഷട്പദത്തിന്റെ മുട്ട വിരിഞ്ഞുണ്ടാകുന്ന നിംഫുകളാണ് ഈ തുപ്പൽ ഉണ്ടാക്കുന്നത്. വെള്ള, ഇളംമഞ്ഞ, തളിർപ്പച്ച നിറങ്ങളിലാണ് സാധാരണയായി ഈ പീക്കിരികളെ കാണുക. ഈ പഹയർ ചെടിയുടെ ഇളം തണ്ടിൽ നിന്നും മരനീര് (xylem sap) തുരു തുരാ വലിച്ച് അകത്താക്കും.

വിശപ്പ് മാറാൻ വേണ്ടതിലും എത്രയോ അധികം. അതിന്റെ കൂടെ ശരീരത്തിലെ ചില ഗ്രന്ഥികൾ പുറപ്പെടുവിക്കുന്ന സ്രവങ്ങളും ചേർത്ത് അടിഭാഗത്തൂടെ പുറത്തേക്ക് വിടും. അത് പുറത്തേക്ക് വിടുമ്പോൾ പിൻഭാഗം കൊണ്ട് ഇളക്കലും മറിക്കലും ചെയ്തുകൊണ്ടിരിക്കും . ദ്രാവകത്തിനുള്ളിൽ വായുകുമിളകൾ നിറയും. വെളുവെളുത്ത സോപ്പ് പതപോലുള്ള ഈ സ്രവം കണ്ടാൽ മനുഷ്യർ തുപ്പിവെച്ചതാണെന്നേ തോന്നു. ഒരു തുപ്പ്ക്കൂടിനുള്ളിൽ ഒന്നിലധികം നിംഫുകൾ ചിലപ്പോൾ ഉണ്ടാകും. പൂർണ്ണ വളർച്ചയെത്തുന്നതു വരെ നിംഫുകൾ ഇതിനുള്ളിൽ സുരക്ഷിതരായി കഴിയും. മുതിർന്ന് തവളത്തുള്ളനായി മാറുന്നതിന് മുമ്പേ അഞ്ചു തവണയോളം ഉറപൊഴിക്കൽ നടത്തും. ലോകത്താകമാനം എണ്ണൂറ്റിയൻപതോളം തുപ്പൽ പ്രാണി സ്പീഷിസുകളുണ്ട്.

ഇരട്ടവരയന്‍ തവളത്തുള്ളന്‍ Two-lined Spittlebug (Prosapia bicincta) കടപ്പാട് വിക്കിപീഡിയ Kaldari

ഈ പതയുടെ കവചത്തിനുള്ളിലെ നിംഫിനെ ഒളിച്ചിരിക്കൽ വളരെ രസകരമാണ്. ആരുടെയും കണ്ണിൽ പെടില്ല. എന്നാലും ചിലപ്പോൾ ചില പക്ഷികൾ ഈ പതയ്ക്കുള്ളിൽ കൊക്കിറക്കി തപ്പി നോക്കും. ചിലയിനം കടന്നലുകളും ഉറുമ്പുകളും പിടിച്ച് തിന്നാൻ ശ്രമിക്കും. പൊതുവെ ഇരപിടിയന്മാർ. ഈ പതയുടെ രൂക്ഷരുചിമൂലം നിംഫിനെ ഒഴിവാക്കും. വായുകുമിളകൾ നിറഞ്ഞതിനാൽ ചൂടും തണുപ്പും ഉള്ളിലേക്ക് അധികം എത്തില്ല. കുഞ്ഞ് നിംഫിന്റെ ലോലശരീരം ഈർപ്പം നഷ്ടപ്പെട്ട് ഉണങ്ങിപ്പിരിഞ്ഞ് പോകാതെ കാത്ത് സൂക്ഷിക്കുന്നതും ഈ പതപ്പുതപ്പ് തന്നെ. നിംഫുകൾ തണ്ടിൽ നിന്ന് നീരൂറ്റുന്നത് കൊണ്ട് സാധാരണ ചെടികൾക്ക് വലിയ ദോഷമൊന്നും ഉണ്ടാവാറില്ല. ചിലയിനങ്ങൾ മാരകമായി നീരൂറ്റിക്കളഞ്ഞ് ചെടികളെ ഉപദ്രവിക്കാറും ഉണ്ട്. മുതിർന്നാലും തവളത്തുള്ളന്മാർ ചെടിത്തണ്ടുകളിൽ നിന്ന് സൈലം നീര് വലിച്ചുകുടിച്ച് തുള്ളികളായി അതിന്റെ പിൻഭാഗത്തുകൂടി കളയുന്നത് കാണാം.. ഇത്തരം തുള്ളന്മാരുടെ പടയുള്ള മരത്തിന് കീഴെ നിന്നാലാണ് മുഖത്ത് ചാറ്റമഴപൊഴിയുന്ന ഉഗ്രൻ സുഖാനുഭവം കിട്ടുക. തവളത്തുള്ളർ താവളമാക്കിയ ഇത്തരം മരങ്ങളെ ‘കരയുന്ന മരം’ എന്നും ‘മഴമരം’ എന്നൊക്കെ പേരിൽ അറിയപ്പെടാറും ഉണ്ട്.

നിലക്കാതെ മഴപൊഴിക്കുന്ന അത്ഭുതമരം എന്ന് പറഞ്ഞ് പത്ര വാർത്തയും ഇടക്ക് വരും. സത്യത്തിൽ ആ മരങ്ങൾക്ക് ‘’തവളത്തുള്ളൻ മുള്ളും മരം’’ എന്നാണ് പേര് നന്നായി ചേരുക.


വീഡിയോ കാണാം

ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍
1 ഉത്തരം താങ്ങുന്ന പല്ലികള്‍
2 മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
3 കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
4 വായിക്കാനറിയാത്ത പുസ്തകപ്പുഴു
5 കാക്കയെകുറിച്ച് എന്തറിയാം ?
6 തേരുരുള്‍ പോലെ ചുരുളും തേരട്ട
7 കൊതുക് മൂളുന്ന കഥകള്‍
8 ചുമരില്‍ ചലിക്കും കുമ്പളക്കുരു
9 ഉറുമ്പുകടിയുടെ സുഖം
10 നൂറുകാലും പഴുതാരയും
11 തുമ്പിയുടെ ലാര്‍വാണോ കുഴിയാന ?
12 അരണ ആരെയാണ് കടിച്ചത് ?
13 മൂട്ടരാത്രികള്‍
14 ഒച്ചിഴയുന്ന വഴികള്‍
15 തേനീച്ചകളുടെ എട്ടിന്റെ പണി
16. ചാണകവണ്ടും ആകാശഗംഗയും
17 ചിതലു തന്നെയാണ് ഈയാംപാറ്റ
18 പൊഴിഞ്ഞുവീഴും മുപ്ലി വണ്ടുകള്‍
19 പ്രണയം പടര്‍ത്തിയ പേനുകള്‍
20 മനുഷ്യമുഖ ചാഴികള്‍
21 ഇറുക്കി വിഷം കുത്തും തേളുകള്‍
22 ജാഗ്രത ലേഡീ ബേഡാണ് ഞാന്‍
23 രക്തദാഹിയായ കുളയട്ടകള്‍
24 വേഷം കെട്ടുന്ന ചിത്രശലഭങ്ങള്‍

 

Happy
Happy
33 %
Sad
Sad
0 %
Excited
Excited
44 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
22 %

Leave a Reply

Previous post ചണ്ണക്കുവ
Next post പരിണാമസിദ്ധാന്തമോ, ഈ ചിത്രം തെറ്റാണ്!
Close