ആ സ്കൂൾ കോംപ്ലക്സല്ല; ഈ കോംപ്ലക്സ്‌

രാജേഷ്.എസ്. വള്ളിക്കോട്

പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ സ്കൂൾ കോംപ്ലക്സ് സംവിധാനം രൂപപ്പെടുത്തുവാൻ വിശദമായ നിർദ്ദേശങ്ങളാണുള്ളത്. കോത്താരി കമ്മീഷൻ 1966 ൽ നിർദ്ദേശിക്കുകയും 1968 ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമാവുകയും ചെയ്ത സ്കൂൾ കോംപ്ലക്സ് സംവിധാനത്തിന്റെ തുടർച്ച അവകാശപ്പെടുന്ന ഇപ്പോഴത്തെ സംവിധാനം സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ട്. ഒപ്പം കോത്താരിക്കമ്മീഷൻ ഈ വിഷയത്തിൽ നടത്തിയ ശുപാർശകൾ ഓർത്തെടുക്കേണ്ടതുമുണ്ട്.

സ്കൂൾ കോംപ്ലക്സിനെക്കുറിച്ച് കോത്താരി കമ്മീഷൻ  രണ്ട് , പത്ത് എന്നീ അധ്യായങ്ങളിലാണ് വിവരിക്കുന്നത്. വിദ്യാഭ്യാസ സമ്പ്രദായം ഘടനയും നിലവാരവും എന്ന രണ്ടാം അധ്യായത്തിലാണ് സ്കൂൾ കോംപ്ലക്സ് എന്തെന്ന് വിശദീകരിക്കുന്നത്.പി

വിദ്യാഭ്യാസത്തിന്റെ വിവിധ തലങ്ങൾ തമ്മിൽ മെച്ചപ്പെട്ട ബന്ധം പുലർത്താൻ സ്കൂളുകൾ ഒറ്റപ്പെട്ടു പ്രവർത്തിക്കുന്ന നില ഇല്ലാതാവാണം. ഇതിനായി സ്വീകരിക്കാവുന്ന പല നടപടികളിൽ ഒന്നായി സ്കൂൾ കോംപ്ലക്സിനെ അവതരിപ്പിക്കുകയായിരുന്നു കോത്താരി കമ്മീഷൻ.  ഒരു സെക്കൻഡറി സ്കൂളും അതിനു സമീപമുള്ള ലോവർ , അപ്പർ പ്രൈമറി സ്കൂളുകളും ഉൾപ്പെട്ടതാണ് ഒരു കോംപ്ലക്സ് .

രണ്ടു തരത്തിലാണ് സംഘാടനം വിശദീകരിച്ചിരിക്കുന്നത്. ആദ്യ മാർഗം ഒരു അപ്പർ പ്രൈമറി വിദ്യാലയവും അതിനുചുറ്റുമുള്ള എട്ടോ പത്തോ ലോവർ പ്രൈമറി വിദ്യാലയങ്ങളും ഉൾപ്പെട്ടപ്പെട്ട കൂട്ടായ്മയാണ്. വിദ്യാഭ്യാസ സൗകര്യങ്ങൾ പങ്ക് വെക്കുന്നതിന് അത് ഒരൊറ്റ കോംപ്ലക്സായിത്തീരണം. അപ്പർ പ്രൈമറി വിദ്യാലയത്തിലെ ഹെഡ്മാസ്റ്റർ, തന്റെ ചുമതലയിലുള്ള ലോവർ പ്രൈമറി വിദ്യാലയങ്ങളിലെ വികസന പരിപാടികൾ സംഘടിപ്പിക്കണം. ഇവയുടെ പ്രവർത്തനത്തിനായി അപ്പർ പ്രൈമറി സ്കൂളിലെ ഹെഡ്മാസ്റ്റർ അധ്യക്ഷനായി ,ലോവർ പ്രൈമറി വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകർ എല്ലാവരുമുൾപ്പെട്ട ഒരു കമ്മിറ്റിയും ഉണ്ടാകണം.

സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകന്റെ നേതൃത്വത്തിൽ ഒരു കമ്മറ്റി ഉണ്ടായിരിക്കും. അതിൽ സെക്കൻഡറി സ്കൂളിന്റെ പരിധിയിലുള്ള ലോവർ പ്രൈമറി, അപ്പർ പ്രൈമറി വിദ്യാലയങ്ങളിലെ ഹെഡ്മാസ്റ്റർമാർ എല്ലാവരും അംഗങ്ങളായിരിക്കും. ആ കമ്മിറ്റിയാണ് ആ പ്രദേശത്തെ എല്ലാ വിദ്യാലയങ്ങളുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് ആസൂത്രണവും മാർഗനിർദേശവും നൽകേണ്ടത്. ഈ ആസൂത്രണത്തിന്റെയും നിർദ്ദേശങ്ങളുടെയും അടിസ്ഥാനത്തിലാകണം വിദ്യാഭ്യാസ കോംപ്ലക്സ് പ്രവർത്തിക്കേണ്ടത്.കോത്താരി കമ്മീഷൻ പറയുന്നു.

“ഓരോ വിദ്യാലയവും ഇന്ന് പ്രവർത്തിക്കുന്ന തരത്തിലുള്ള ഭയങ്കരമായ ഒറ്റപ്പെടൽ അവസാനിപ്പിക്കുവാൻ ഈ സമ്പ്രദായത്തിനു സാധിക്കും.  വിദ്യാഭ്യാസ നിലവാരം ഉയർത്താൻ അടുത്തടുത്തുള്ള ചെറിയ ഗ്രൂപ്പ് വിദ്യാലയങ്ങൾക്ക്  സഹകരണത്തോടെ പ്രവർത്തിക്കുന്നതിലൂടെ സാധിക്കും “

സ്കൂൾ വിദ്യാഭ്യാസത്തിന്റെ ഭരണവും പരിശോധനയും എങ്ങനെയാകണമെന്ന് വിശദീകരിക്കുന്നത്  പത്താം അധ്യായത്തിലാണ്. സ്കൂൾ കോംപ്ലക്സ് സംബന്ധിച്ച കൂടുതൽ പ്രവർത്തന നിർദ്ദേശങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ പ്രധാനമാണ് വിദ്യാലയങ്ങൾ തമ്മിലുള്ള പരസ്പര ബന്ധം ശക്തിപ്പെടുത്തി അവയെ ചെറു ഗ്രൂപ്പുകളായി മാറ്റുക,  വിദ്യാഭ്യാസ രംഗത്ത് പ്രധാനപ്പെട്ട പരിഷ്ക്കാരങ്ങൾ ആലോചിക്കാനും ആവിഷ്കരിക്കുവാനുമുള്ള സംവിധാനമായി ഇതിനെ വളർത്തുക. ഒപ്പം വിദ്യാഭ്യാസ വകുപ്പിലെ കേന്ദ്രീകൃതമായ അധികാരങ്ങൾ താഴെത്തട്ടിലേക്ക് വിട്ടുകൊടുക്കുകയെന്നതും. ഇതു വഴി വിദ്യാലയങ്ങൾ കൂടുതൽ ശക്തി നേടുകയും സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യും. വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനിത് സഹായകമാകുമെന്ന്  വിശദമാക്കുന്നുണ്ട് കമ്മീഷൻ.  യഥാർത്ഥമായ സാമൂഹ്യ ജീവിതത്തെ അടിസ്ഥാനമാക്കി അധ്യയന അന്തരീക്ഷം മെച്ചപ്പെടുത്തി, വിദ്യാർഥികളെ നവീകരീക്കലായിരുന്നു കമ്മീഷന്റെ ലക്ഷ്യം.സ്കൂൾ കോംപ്ലക്സ് സംവിധാനം ശക്തമാക്കുവാൻ കമ്മീഷൻ താഴെ പറയുന്ന നിർദ്ദേശങ്ങളും അവതരിപ്പിച്ചു.

കോംപ്ലക്സ് പരിധിയിൽ വരുന്ന എല്ലാ വിദ്യാലയങ്ങളിലെയും അധ്യാപകർക്ക് പരിശീലനം നൽകണം. ഒപ്പം ഈ കൂട്ടായ്മയിലെ വിദ്യാലയങ്ങൾക്ക് സൗകര്യങ്ങൾ പരസ്പരം പങ്കുവെക്കാൻ കഴിയണം. കേന്ദ്ര സ്കൂളിലെ ഒരു നല്ല പരീക്ഷണശാല മറ്റ് എൽപി , യുപി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് പ്രയോജനപ്പെടുത്താൻ കഴിയണം . കേന്ദ്ര സ്കൂളിൽ ഒരു സഞ്ചരിക്കുന്ന വായനശാല നടത്തണം. അത് മറ്റ് പള്ളിക്കുടങ്ങൾക്ക് കൂടി  പ്രയോജനപ്പെടണം. പുതിയ മൂല്യനിർണയ മാർഗ്ഗങ്ങൾ പരീക്ഷിക്കുക , ക്ലാസ് കയറ്റത്തിന് രീതി നിശ്ചയിക്കുക തുടങ്ങിയ കാര്യങ്ങളിൽ സ്കൂൾ കോംപ്ലക്സിന് ഒറ്റ യൂണിറ്റായി പ്രവർത്തിക്കണം. ഈ കൂട്ടായ്മയിലെ അധ്യാപകരും പ്രഥമാധ്യാപകരും അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവർത്തനങ്ങൾ വിശദമായി ആസൂത്രണം ചെയ്യണം. പുതിയ പാഠപുസ്തകങ്ങളും മറ്റും പരീക്ഷിച്ചു നോക്കുവാൻ തെരഞ്ഞെടുക്കപ്പെട്ട സ്കൂൾ കോംപ്ലക്സുകൾക്ക് അവസരം നൽകണം. വിദ്യാഭ്യാസ ഓഫീസർമാരുടെ അംഗീകാരത്തോടെ പാഠ്യപദ്ധതിയിൽ ആവശ്യമായ മാറ്റം വരുത്തുന്നതിനുള്ള അധികാരവും ഈ കോംപ്ലക്സിന് നൽകണം. പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങളെ, അതിന്റെ പരിധിയിൽ വരുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെടുത്തണമെന്നും കമീഷൻ നിർദ്ദേശിച്ചിരുന്നു. കോത്താരി കമ്മീഷൻ ശുപാർശ പ്രകാരം രാജ്യത്ത് സ്കൂൾ കോംപ്ലക്സുകൾ വ്യാപകമായി രൂപീകരിക്കപ്പെട്ടെങ്കിലും അവയൊന്നും ലക്ഷ്യം നേടുവാൻ പര്യാപ്തമായ വിധത്തിലേക്ക് ഉയർന്നില്ല. പ്രാദേശിക ഭരണകൂടങ്ങൾ ഇല്ലാത്തതും അതുള്ള സ്ഥലങ്ങളിലെ ദുർബലമായ അവസ്ഥയും ജനകീയ പങ്കാളിത്തത്തിന്റെ അഭാവവുമായിരുന്നു  ഇതിനു പ്രധാന കാരണം .

പുതിയ ദേശീയ വിദ്യാഭ്യാസ നയമനുസരിച്ച് സ്കൂൾ കോംപ്ലക്സ് മൂന്ന് മുതൽ പതിനെട്ട് വയസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന, അഞ്ച് മുതൽ പത്ത് വരെ കിലോമീറ്റർ ചുറ്റളവിലെ വിദ്യാലയങ്ങളുടെ കൂട്ടായ്മയാണ്. ഒരു സെക്കന്ററി വിദ്യാലയം, കോംപ്ലക്സ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. അതില്ലാത്തിടത്ത് സ്കൂൾ ആരംഭിക്കുന്നതിനും നിർദ്ദേശമുണ്ട്. പ്രീസ്കൂൾ , അങ്കണവാടികൾ, തൊഴിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വയോജന വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവയെല്ലാമടങ്ങുന്ന സ്കൂൾ കോംപ്ലക്സ്, ഒരു അർദ്ധ സ്വയം  ഭരണസംവിധാനമായിരിക്കും.  സ്കൂൾ കോംപ്ലക്സിനെക്കുറിച്ച് പുതിയ നയരേഖ പറഞ്ഞു തുടങ്ങുന്നതു തന്നെ വിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണവുമായി ബന്ധിപ്പിച്ച കണക്കുകൾ അവതരിപ്പിച്ചു കൊണ്ടാണ്. അതിങ്ങനെയാണ്   “2017 ലെ കണക്ക് പ്രകാരം ഇന്ത്യയിലെ  ലോവർ പ്രൈമറി വിദ്യാലയങ്ങളിൽ (I-V) 28 ശതമാനത്തിലും അപ്പർ പ്രൈമറി സ്കൂളുകളിൽ (VI – VIII) 14.8 ശതമാനത്തിലും മുപ്പത് കുട്ടികളിൽ താഴെയാണ് പഠിക്കുന്നത്.. പ്രൈമറി വിദ്യാലയങ്ങളിൽ ഒരു ക്ലാസ്സിൽ ഇപ്പോൾ ശരാശരി പതിന്നാല് കുട്ടികളാണ് പഠിക്കുന്നത്. 1,08,017 എകാധ്യാപക വിദ്യാലയങ്ങൾ  ഇന്നും നിലനിൽക്കുന്നു.ചെറിയ സ്കൂളുകൾ സാമ്പത്തികമായും നടത്തിപ്പിലും പ്രശ്നങ്ങളിലാണ്. വിവിധ ക്ലാസ്സുകളിൽ വിവിധ വിഷയങ്ങളിൽ ഒരേ അധ്യാപകർക്ക് പഠിപ്പിക്കണ്ടി വരുന്നു. അവർക്ക് അത്ര പ്രായോഗികാനുഭവമില്ലാത്ത കലാകായിക വിഷയങ്ങളും പഠിപ്പിക്കേണ്ടി വരുന്നു..ലൈബ്രറി, ലാബ് ,സ്പോർട്സ് ഉപകരണങ്ങൾ, എന്നിവയൊന്നും ഇത്തരം എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാകാത്ത അവസ്ഥയുമുണ്ട്.ഇത്തരം വിദ്യാലയങ്ങളുടെ ഒറ്റപ്പെടൽ പഠന ബോധന പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നു.നടത്തിപ്പിലും  ഭരണ പരമായ കാര്യത്തിലും കുട്ടികൾ കുറവുള്ള സ്കൂളുകൾ ഒട്ടേറെ വെല്ലുവിളികൾ നേരിട്ടുന്നുണ്ട്. കുട്ടികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ഭരണപരമായ സൗകര്യങ്ങൾ ഒരുക്കുന്നതിനും കഴിഞ്ഞിട്ടില്ല.സ്കൂളുകളുടെ ഏകീകരണം  പലപ്പോഴും ചർച്ചചെയ്യുന്നുണ്ടെങ്കിലും നടപ്പാക്കുന്നില്ല.ഈ പ്രശ്നങ്ങൾ 2025 ഓടു കൂടി പരിഹരിക്കണം. ഇതിനായ് സ്കൂളുകളെ യുക്തിസഹമായി യോജിപ്പിക്കണം ”

കുട്ടികളുടെ എണ്ണക്കുറവിനെ വിശകലനത്തിന് വിധേയമാക്കുന്നില്ല. കാരണമന്വേഷിച്ച് പരിഹരിക്കാനോ ഉചിതമായ നിർദ്ദേശങ്ങൾ നല്കാനോ ദേശീയ വിദ്യാഭ്യാസ നയം തയ്യാറാകുന്നില്ല.

വിദ്യാഭ്യാസത്തെ ലാഭ നഷ്ടത്തിന്റെ കണ്ണിലൂടെ നോക്കി, വിദ്യാലയങ്ങളെ കൂട്ടിച്ചേർത്ത് ലാഭം കൊയ്യാനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നത്. 2022 ൽ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികമാണല്ലോ. അപ്പോഴേക്കും “പുതിയ ഇന്ത്യയെ” സൃഷ്ടിക്കുവാൻ  വിവിധ മേഖലകളിൽ നടപ്പിലാക്കേണ്ട പരിഷ്ക്കാരങ്ങൾ നീതി ആയോഗ് തയ്യാറാക്കിയിട്ടുണ്ട്. 2018 നവംബറിൽ പുറത്തിറക്കിയ ഈ രേഖ (പേജ് 113) സ്കൂളുകളുടെ സംയോജനം ശുപാർശ ചെയ്യുന്നുണ്ട് . സ്കൂൾ പൂട്ടലിന്റെ രാജസ്ഥാൻ അനുഭവങ്ങൾ ഉദാഹരിക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ അക്കാദമിക നേട്ടം മുൻനിർത്തി പ്രവർത്തിക്കേണ്ട സ്കൂൾ കോംപ്ലക്സിനെ ,ദേശീയ വിദ്യാഭ്യാസ നയം ഭരണകൂടത്തിന്റെ നയങ്ങൾ നടപ്പാക്കാനുള്ള ഉപാധിയായി മാറ്റുന്നു. ഉപേക്ഷിക്കപ്പെട്ട ‘അനാദായകരമായ വിദ്യാലയങ്ങൾ” എന്ന  പദത്തിന് സമാനമായി സാമ്പത്തികമായി ക്ഷമതയില്ലാത്ത വിദ്യാലയങ്ങൾ എന്ന  പ്രയോഗവും നയത്തിൽ വായിക്കാം പൂട്ടാൻ കഴിയാത്തിടത്ത് വിഭവങ്ങളുടെ പങ്കിടൽ എന്ന ഓമനപ്പേരിൽ അധ്യാപക പുനർ വിന്യാസവുമുണ്ടാകും. കുട്ടികൾ കുറഞ്ഞ വിദ്യാലയങ്ങളുടെ നിലനിൽപ്പിനെ തന്നെയിത് ബാധിക്കും. ചുരുക്കത്തിൽ ,കോത്താരി കമ്മീഷൻ നിർദ്ദേശിച്ച സ്കൂൾ കോംപ്ലക്സ് എന്ന ആശയത്തെ , നിരവധി ഗ്രാമീണ വിദ്യാലയങ്ങൾക്ക് കൊലക്കയർ ഉറപ്പിക്കുവാനുള്ള  ഉപായമാക്കുകയാണ് പുതിയ നയം. മാത്രമല്ല വിദ്യാഭ്യാസ അവകാശ നിയമം കുട്ടികൾക്ക് ഉറപ്പു വരുത്തിയ സമീപസ്ഥ വിദ്യാലയമെന്ന ആശയത്തെ അത് ഇല്ലാതാക്കുകയും ചെയ്യും.

സ്കൂൾ കോംപ്ലക്സിലേക്കാണ് അധ്യാപകരെ നിയമിക്കുക. അധ്യാപകരെ വിദ്യാലയങ്ങൾക്കായി പങ്കുവെക്കുന്നതിനുള്ള ചുമതല കേന്ദ്ര വിദ്യാലയത്തിലെ പ്രഥമാധ്യാപകന് / പ്രിൻസിപ്പലിനാകും. എല്ലാ സ്കൂളിലും എല്ലാ വിഷയങ്ങൾക്കും അധ്യാപകർ എന്ന നില ഇനി ഉണ്ടാവാനിടയില്ല.അധ്യാപകരെ പങ്കിട്ടെടുക്കുന്ന വിദ്യാലയങ്ങളായിരിക്കും സ്കൂൾ കോംപ്ലക്സിൽ ഉണ്ടാവുക. ആവശ്യമായ അധ്യാപകരും പഠനോപാധികളും  വിദ്യാഭ്യാസ അവകാശ നിയമം കുട്ടികൾക്ക് നൽകിയ ഉറപ്പാണ്. എന്നാൽ പുതിയ നയത്തിലെ വിദ്യാഭ്യാസ കോംപ്ലക്സ്  ഇതില്ലാതാക്കുന്നു. സ്കൂൾ കോംപ്ലക്സിന്റെ കേന്ദ്ര വിദ്യാലയത്തിൽ നിയമനം നൽകി , മറ്റ് വിദ്യാലയയങ്ങളിലേക്ക് ജോലിക്ക് അയക്കും.  എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർണായക പങ്കു വഹിക്കുന്ന കേരളീയ സാഹചര്യത്തിൽ ഇത് നടപ്പിലാവുന്നതുമല്ല.

സ്കൂൾ കോംപ്ലക്സിൽ സന്നദ്ധ പ്രവർത്തകരുടെ സാന്നിധ്യം കരട് രേഖയിൽ കൃത്യമായി പരാമർശിച്ചിരുന്നു. കോംപ്ലക്സ് സംവിധാനത്തിലൂടെ, അധ്യാപകരുടെ സ്ഥാനത്തേക്ക് സേവകരുടെ കടന്നു കയറ്റം ഉണ്ടാകും സ്കൂൾ കോംപ്ലക്സുകൾക്ക് നേതൃത്വപരമായ ഇടപെടൽ നടത്തുന്നതിനുവേണ്ടി സ്കൂൾ കോംപ്ലക്സ് മാനേജ്മെന്റ് കമ്മറ്റികളും ശുപാർശ ചെയ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ പ്രാദേശിക ഭരണകൂടങ്ങളെ ഇത്തരമൊരു സംവിധാനത്തിന്റെ ഭാഗമാക്കാനുള്ള ഒരു നിർദ്ദേശവുമില്ല.  അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ വരുന്ന വിദ്യാലയങ്ങളുടെ മാറ്റത്തിൽ, അവർക്ക് യാതൊരു പങ്കുമുണ്ടാവില്ല. കോത്താരി കമ്മീഷൻ നിർദ്ദേശങ്ങളുടെ ഭാഗമായി ചിലയിടങ്ങളിൽ വിദ്യാഭ്യാസ കോംപ്ലക്സുകൾ നിലവിൽ വന്നിരുന്നു. അവ പരാജയപ്പെടാൻ കണ്ടെത്തിയ കാരണങ്ങളിലൊന്ന് പ്രാദേശിക ഭരണകൂടങ്ങളുടെ പങ്കാളിത്തമില്ലായ്മയാണെന്ന് ഓർക്കേണ്ടതുണ്ട്.
സ്കൂൾ ഡെവലപ്മെന്റ പ്ലാനുകളുടെ സ്ഥാനത്ത് സ്കൂൾ കോംപ്ലക്സ് ഡെവലപ്മെന്റ് പ്ലാനുകൾ ഉണ്ടാവും. ചുരുക്കത്തിൽ കേന്ദ്ര സ്കൂളിലേക്ക് അധികാരങ്ങളും ആസൂത്രണവും നടത്തിപ്പും എത്തിച്ചേരും. ഇത്തരം അധികാര കേന്ദ്രീകരണം വഴി ഇന്ന് സ്വയം പര്യാപ്തമായ നിരവധി  വിദ്യാലയങ്ങൾ ഇല്ലാതാകും.

കോത്താരിക്കമ്മീഷൻ വിഭാവനം ചെയ്ത അക്കാദമിക വിഭവങ്ങളും അധ്യാപക ശേഷിയും പങ്കു വെച്ച് സ്വയം ശക്തീകരിക്കുന്ന വിദ്യാലയങ്ങളുടെ സംഘാതമല്ല പുതിയ കോംപ്ലക്സ്‌  മറിച്ച് ഇന്ത്യൻ വിദ്യാഭ്യാസ സാഹചര്യത്തിൽ അനിവാര്യമായ സമീപസ്ഥ വിദ്യാലയങ്ങളെ തുടച്ചു നീക്കുന്നതിനുള്ള മാർഗമാണ് പുതിയ നയരേഖയിലെ സ്കൂൾ കോംപ്ലക്സ്. അധികാര കേന്ദ്രീകരണത്തെയാണിത് ശക്തിപ്പെടുത്തുന്നത്. എല്ലാ കുട്ടികൾക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്ന ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തെയത് തടസ്സപ്പെടുത്തും.


പ്രീസ്കൂൾ – ഔപചാരിക ഘടനയുടെ ഭാഗമാകുമ്പോൾ

NEP 2020 വിശകലനം -അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും

വീഡിയോ അവതരണങ്ങൾ

Leave a Reply