Read Time:14 Minute

ടി.വി.വിനീഷ്

റിസർച്ച് ഓഫീസർ, SCERT, കേരളം.

നാടിന്റെ വികസനത്തിൽ പ്രഥമ പരിഗണന അർഹിക്കുന്ന ഒന്നാണല്ലോ വിദ്യാഭ്യാസം. 34 വർഷങ്ങൾക്ക് ശേഷം ഒരു പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP 2020) പുറത്ത് വന്നിരിക്കുകയാണ്. പ്രീ പ്രൈമറി മുതൽ കോളേജ് വിദ്യാഭ്യാസം വരെയുള്ള ദേശീയ നയം വ്യക്തമാക്കുന്ന വിപുലമായ ഈ രേഖയുടെ ഒരു ഭാഗത്തിന്റെ ആദ്യ വായനയിലെ സ്വതന്ത്രനിരീക്ഷണങ്ങളാണ് ഇവിടെ പങ്കു വയ്ക്കുന്നത്. വിദ്യാഭ്യാസത്തിന്റെ ഭാവിയിൽ താൽപ്പര്യമുള്ളവർ വായിക്കുമെന്നും പ്രതികരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയിൽ സ്കൂൾ വിദ്യാഭ്യാസം ചെയ്യുന്നവരിൽ അഞ്ച് കോടിയിൽ പരം കുട്ടികൾ അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും ആർജിക്കുന്നതിൽ പരാജയപ്പെടുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നതായി NEP 2020 ൽ പറയുന്നു. ഇതിനെ രാജ്യം നേരിടുന്ന പ്രധാനപ്പെട്ട പഠന പ്രതിസന്ധിയായിട്ടാണ് NEP യിൽ അവതരിപ്പിച്ചിരിക്കുന്നത് .

ഇത് പരിഹരിക്കുന്നതിന് വേണ്ടി നിരവധി നിർദ്ദേശങ്ങൾ രേഖ മുന്നോട്ടു വയ്ക്കുകയും ചെയ്യുന്നുണ്ട്. ഒഴിവുള്ള അധ്യാപക തസ്തികകളിൽ നിയമനം നടത്തണമെന്നതും അധ്യാപക-വിദ്യാർഥി അനുപാതം 30:1 എന്ന് പൊതുവായും, പിന്നാക്ക പ്രദേശങ്ങളിൽ 25:1 ആയും മാറ്റണമെന്നുതും ആഴത്തിലുള്ളതും പരന്നതുമായ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന്  വേണ്ടി പ്രത്യേക പദ്ധതികൾ നടപ്പിലാക്കണം എന്നതും കുട്ടികൾക്ക് ആരോഗ്യ പരിശോധനയും 100%  പ്രതിരോധ കുത്തിവയ്പും നടപ്പിലാക്കണമെന്നതും പ്രഭാതഭക്ഷണവും പോഷകാഹാരവും ഉറപ്പാക്കണമെന്നതുമെല്ലാം ഇത്തരത്തിൽ രേഖയിലുള്ള പൊതുവേ സ്വാഗതാർഹമായ നിർദേശങ്ങളാണ്.എന്നാൽ അഞ്ചു കോടി കുട്ടികളും ഒരേ കാരണം കൊണ്ടാണോ സാക്ഷരതയും സംഖ്യാ ബോധവും നേടുന്നതിൽ പരാജയപ്പെടുന്നത് എന്ന് വിലയിരുത്താതെ ഈ പ്രശ്നത്തെ സമീപിക്കുന്നത് അശാസ്ത്രീയമാണ്. പഠനം വ്യക്ത്യധിഷ്ഠിതമാണെന്നതും വ്യക്തിഗത പരിഗണനയും പ്രോത്സാഹനവുമാണ് കുട്ടികളെ അക്ഷരലോകത്തേക്ക് അടുപ്പിക്കുന്നതെന്നതും അംഗീകരിക്കപ്പെട്ട വസ്തുതയാണ്. വ്യത്യസ്തമായ കാരണങ്ങൾക്ക് വ്യത്യസ്തമായ പരിഹാരമാർഗങ്ങൾ ആണ് ആവശ്യം.

അത്തരത്തിൽ അഞ്ചു കോടി കുട്ടികൾ അടിസ്ഥാന സാക്ഷരത നേടാതെ പോയതിന്റെ പലവിധമായ കാരണങ്ങളെ പരിശോധിച്ചുകൊണ്ട് മാത്രമേ പരിഹാരനടപടികൾ നിർദ്ദേശിക്കാൻ സാധിക്കുകയുള്ളു.

ഒന്നാം ക്ലാസിൽ മൂന്നുമാസം കഴിയുമ്പോഴേക്കും ECCE (Early Childhood Care and Education)യിലൂടെ കടന്നു പോയിട്ടില്ലാത്ത കുട്ടികൾ പിന്നാക്കം പോകുന്നു എന്ന് രേഖ വിലയിരുത്തുന്നു. അത് പരിഹരിക്കാൻ മൂന്നു മാസത്തേക്കുള്ള , കളിരീതി അധിഷ്ഠിതമായ പ്രത്യേക പാഠ്യപദ്ധതി എൻ സി ഇ ആർ ടി, എസ് സി ഇ ആർ ടി എന്നിവ തയ്യാറാകണമെന്നും നിർദ്ദേശിക്കുന്നുണ്ട് . ഒന്നാം ക്ലാസിൽ മൂന്നുമാസംകൊണ്ട് കുട്ടി പിന്നാക്കം പോകുമ്പോൾ കുട്ടിയേയും കുട്ടിയുടെ പ്രകൃതത്തേയും പരിഗണിക്കുന്നില്ല എന്നാണ് മനസ്സിലാക്കേണ്ടത്. ഒരു ടാർഗറ്റ് നിശ്ചയിക്കുകയും അവിടെ എത്താൻ കഴിയാത്തവരെ എല്ലാം പിന്നാക്കക്കാർ ആയി ചാപ്പകുത്തുകയും ചെയ്യുന്ന രീതി ശിശുസൗഹൃദ വിദ്യാഭ്യാസ സമീപനത്തിന് നിരക്കുന്നതല്ല. കുട്ടിയുടെ പ്രകൃതം, വളർച്ചാ ഘട്ടം, വ്യക്തിവൈശിഷ്ട്യങ്ങൾ എന്നിവയെല്ലാം പരിഗണിച്ചുകൊണ്ട്, കളി രീതിയിലധിഷ്ഠിതമായി തന്നെയാണ് ചെറിയ  ക്ലാസുകളിൽ അധ്യയനം നടക്കേണ്ടത്. അവിടെ പിന്നാക്കക്കാർ ഉണ്ടാകുന്നുവെങ്കിൽ കുഴപ്പം കുട്ടിയുടെ ആയിരിക്കില്ല, സമീപനത്തിന്റെയോ, വിലയിരുത്തൽ രീതി ശാസ്ത്രത്തിന്റെയോ അധ്യാപകരുടെയോ ആയിരിക്കും.

കളി രീതിയിൽ അധിഷ്ഠിതമായ പാഠ്യപദ്ധതി കേവലം മൂന്നു മാസത്തേക്ക് പരിമിതപ്പെടുത്തുക അല്ല വേണ്ടത്, പകരം ശിശുകേന്ദ്രീകൃതമായ പദ്ധതി മുഴുനീളം ആയി നടപ്പാക്കുകയും ആരും പിന്നാക്കക്കാർ ആകാത്ത അവസ്ഥ സൃഷ്ടിക്കുകയും ആണ് ചെയ്യേണ്ടത്.

അഞ്ചു കോടിയിലധികം കുട്ടികൾ അടിസ്ഥാന സാക്ഷരത നേടാത്തവരാണ് എന്ന കണക്ക് വെച്ചുകൊണ്ട് ഇതിനെ രാജ്യം നേരിടുന്ന വലിയ പഠന പ്രതിസന്ധിയായി ചിത്രീകരിക്കുകയും ഇത് പരിഹരിക്കുന്നതിന് നിരവധി സന്നാഹങ്ങൾ സ്വരുക്കൂട്ടുന്നതിനെക്കുറിച്ച് പറയുകയും ചെയ്യുമ്പോൾ അധ്യാപകരുടെ ഗുണത എന്ന ഭാഗം വേണ്ടത്ര പരിഗണിച്ചിട്ടില്ല എന്നുകാണാം. പകരം സഹപഠിതാക്കളുടെ, സമൂഹത്തിലെ വിദ്യാഭ്യാസം നേടിയ ആളുകളുടെ, എന്നിങ്ങനെ സമാന്തരമായ ഇടപെടലുകളുടെ സാധ്യതകളെ കുറിച്ചാണ് പറഞ്ഞിട്ടുള്ളത്.

ടീച്ചർ ഒരു മെൻറർ ആയി ഇടപെടുകയും സ്നേഹവും പരിഗണനയും അംഗീകാരവും കുട്ടികൾക്ക് നൽകുകയും കുട്ടികളുടെ പ്രകൃതം മനസ്സിലാക്കിക്കൊണ്ടുള്ള പഠനരീതികൾ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്താൽ ഈ പിന്നാക്കാവസ്ഥ പരിഹരിക്കപ്പെടുമെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള കാര്യമാണ്. 

കുട്ടികളുടെ മനശ്ശാസ്ത്രം, വികസന ഘട്ടങ്ങൾ, പഠന വേഗം, അഭിരുചികൾ, സാമൂഹ്യപശ്ചാത്തലം തുടങ്ങി നിരവധി കാര്യങ്ങൾ മനസ്സിലാക്കി ഏറ്റവും ശാസ്ത്രീയമായ മാർഗങ്ങൾ പിന്തുടർന്ന് നടപ്പിലാക്കേണ്ട ചെറുപ്രായത്തിലെ വിദ്യാഭ്യാസം സഹപാഠിതാവിനെയോ സമൂഹത്തിലെ വിദ്യാഭ്യാസം നേടിയ ആളുകളെയോ ഏൽപ്പിക്കുന്നത് പ്രൊഫഷണലിസത്തെ കെടുത്തിക്കളയുന്നതിന് തുല്യമാണ്.  യഥാർത്ഥത്തിൽ കൂടുതൽ കൂടുതൽ അറിവും കഴിവും അനുകൂലമനോഭാവവുമുള്ള അധ്യാപകരെ ദീർഘമായ പരിശീലനത്തിലൂടെയും നിരന്തരമായ പിന്തുണ നൽകിക്കൊണ്ടും സൃഷ്ടിച്ചെടുക്കുകയാണ് ഇത്തരം കാര്യങ്ങൾ പരിഹരിക്കുന്നതിനായി ചെയ്യേണ്ടത്.

ഈ പ്രശ്നപരിഹാരത്തിനായി നിർദ്ദേശിച്ചിരിക്കുന്ന പലവിധമായ പരിഹാരങ്ങളിൽ മറ്റൊന്ന്, സാങ്കേതികവിദ്യയുടെ ഉപയോഗമാണ്. അതിനായി ഉയർന്ന ഗുണനിലവാരമുള്ള റിസോഴ്സുകൾ ദിക്ഷ ( DlKSHA ) എന്ന പോർട്ടലിൽ ലഭ്യമാക്കണമെന്നും നിർദ്ദേശിക്കുന്നു. ഇതു വഴി കുട്ടികളുടെയും അധ്യാപകരുടെയും ഇടയിലുള്ള ഭാഷാപരമായവിടവ് നികത്താം എന്നാണ് രേഖ നിരീക്ഷിക്കുന്നത്. ഇത് പഠനത്തിൽ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് ശരിയായ ഒരു കാഴ്ചപ്പാട് അല്ല. അധ്യാപക-വിദ്യാർത്ഥി ജൈവ ബന്ധത്തിന് പകരം വയ്ക്കാവുന്ന ഒന്നല്ല സാങ്കേതിക വിദ്യ. ജ്ഞാനനിർമ്മിതിയിൽ സങ്കേതിക വിദ്യയുടെ സാധ്യതകൾ വിവേചനപരമായി പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച് കൃത്യമായ ഒരു കാഴ്ചപ്പാട് പറയാതിരിക്കുന്നത് ഒരു തരം ദിശാബോധമില്ലായ്മ സൃഷ്ടിക്കും.

ലോകമെമ്പാടും നടന്ന പഠനങ്ങളുടെ വെളിച്ചത്തിൽ മനസ്സിലാക്കിയത് എന്ന തരത്തിൽ ഈ ഭാഗത്ത്  അവതരിപ്പിക്കുന്ന രണ്ട് കാര്യങ്ങൾ ഏതൊരാളുടെയും സാമാന്യബുദ്ധിക്ക് മനസിലാക്കാവുന്ന ലളിതമായ വസ്തുതകളാണ്. ലോകമെമ്പാടുമുള്ള പഠനങ്ങൾ തെളിയിച്ചതായി പറയുന്ന കാര്യങ്ങൾ നോക്കൂ,

  1. സഹപഠിതാവ് പഠിപ്പിക്കുമ്പോൾ പഠിതാവ് പഠിച്ചില്ലെങ്കിലും പഠിപ്പിക്കുന്ന ആൾക്ക് ഗുണകരമാകും.
  2. ബുദ്ധി നന്നായി പ്രവർത്തിക്കാൻ പോഷകാഹാരം ആവശ്യമാണ്.

ഇതൊക്കെ അറിയാൻ പഠനം നടത്തേണ്ട ആവശ്യമുണ്ടോ? ചെറിയ ക്ലാസുകളിൽ ഉള്ള കുട്ടികളുടെ പഠനം സംബന്ധിച്ച വിപുലമായ ഗവേഷണങ്ങൾ ലോകത്തു നടന്നിട്ടുണ്ട്. പല അധ്യാപകരും, വിദ്യാഭ്യാസ പ്രവർത്തകരും അവരുടെ ജീവിതകാലം മുഴുവൻ ചെലവഴിച്ച് ഈ മേഖലയിൽ പരീക്ഷണങ്ങൾ നടത്തുകയും കണ്ടെത്തിയ അറിവുകൾ പുസ്തകരൂപത്തിൽ പങ്കുവക്കുകയും ചെയ്തിട്ടുണ്ട്. സിൽവിയ ആൻറണിന്റെ ടീച്ചർ എന്ന പുസ്തകം, ഗിജു ഭായ് ബഘേഗയുടെ ദിവാസ്വപ്നം, ടോട്ടോച്ചാൻ തുടങ്ങിയ പുസ്തകങ്ങൾ എല്ലാവർക്കും പരിചിതമാണല്ലോ. ഇത്തരത്തിൽ എത്രയെത്ര അന്വേഷണങ്ങളും പരീക്ഷണങ്ങളും ലോകത്ത് നടന്നിരിക്കുന്നു. ഒരുപാട് ചർച്ച ചെയ്യപ്പെട്ട കേരളത്തിലെ പരീക്ഷണ ഇടപെടലുകൾ ആയിരുന്ന കനവ്, സാരംഗ് മുതലായവയെല്ലാം കുട്ടിയുടെ പ്രകൃതം അതിനനുസൃതമായ പാഠ്യപദ്ധതി അവരുടെ പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ എങ്ങനെയാണ് ഗുണകരമാകുന്നത് എന്നതിന്റെ ദീർഘകാല അനുഭവാധിഷ്ഠിത പഠന ഫലങ്ങൾ ആണ്.  ഇത്തരത്തിലുള്ള പഠനങ്ങളേയോ ഗുണപരം എന്ന് തെളിയിക്കപ്പെട്ട  സമീപനങ്ങളെയോ  പരിഗണിക്കാതെയാണ് പരിഹാരങ്ങൾ നിർദ്ദേശിച്ചിട്ടുള്ളത് എന്ന തോന്നൽ, പാഠ്യപദ്ധതി ഈ പ്രശ്നത്തെ അഭിമുഖീകരിക്കുന്നതെങ്ങനെ എന്ന ഭാഗം വായിക്കുമ്പോൾ തീർച്ചയായും ഉണ്ടാകും.

 

അനുകരണീയമായി പറയുന്ന മോഡലുകൾ ടീച്ചറെ കേന്ദ്രീകരിച്ചുള്ളതല്ല, സഹ പഠനം, സന്നദ്ധ പ്രവർത്തനം, എന്നിവയെ കേന്ദ്രീകരിച്ചുള്ളവയാണെന്നതും നിരാശജനകമാണ്. സഹപഠിതാക്കൾ ഒരുമിച്ചിരുന്ന് പഠിക്കുമ്പോൾ വേണ്ട സേഫ്റ്റി മെഷേഴ്സ് പരിഗണിക്കണം എന്നൊരു വാചകം ചേർത്തിട്ടുണ്ട്. ഇതിൽ ദുസ്സൂചനകൾ ഒളിഞ്ഞുകിടപ്പുണ്ട് .

പോഷകാഹാരത്തെക്കുറിച്ച് പറയുന്നിടത്തെ വാചകം, Hence, the nutrition and health of children will be addressed through healthy meals and the introduction of well trained social workers counselors and community involvement in to schooling system എന്നാണ്.
ഈ വാചകത്തിൽ  ആരോഗ്യം, പോഷകാഹാരം എന്നതിനോടൊപ്പം കൗൺസിലേഴ്സ്, സന്നദ്ധപ്രവർത്തകർ, സാമൂഹ്യ ഇടപെടൽ എന്നിവ ബന്ധിപ്പിച്ചിരിക്കുന്നത് തികച്ചും യുക്തിരഹിതമായിട്ടാണ്. പലയിടങ്ങളിൽ ആവർത്തിക്കുന്ന കൗൺസിലർ, സന്നദ്ധ പ്രവർത്തകർ എന്നിവർ ആരായിരിക്കണം, എന്ത് യോഗ്യത ഉള്ളവർ ആയിരിക്കണം, ആരാൽ നിയമിക്കപ്പെടണം, ആരാൽ നിയന്ത്രിക്കപ്പെടണം എന്നൊന്നും വ്യക്തതയില്ല. യോഗ്യതയുള്ളവരും പ്രത്യേക പരിശീലനം നേടിയവരുമായ അധ്യാപകർക്ക് പരിഹരിക്കാൻ കഴിയാത്തത് ഇവർക്ക് കഴിയുമെന്ന് എങ്ങനെയാണ് ഉറപ്പിക്കാൻ കഴിയുക?

അവ്യക്തതകളും പരസ്പരവിരുദ്ധതയും തോന്നിപ്പിക്കുന്നതും, അതിലുപരി, പ്രാധാന്യത്തോടെ പറയേണ്ടത് പറയാതിരിക്കുകയും അത്ര പ്രാധാന്യത്തോടെ പറയേണ്ടാത്തത് പറയുകയും ചെയ്യുന്നെന്ന പ്രതീതി ആദ്യവായനിൽ ആദ്യന്തം നിലനിർത്തുകയും ചെയ്യുന്നുണ്ട് NEP യുടെ അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും ചർച്ച ചെയ്യുന്ന ഈ ഭാഗം.


വീഡിയോ അവതരണങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കാലാവസ്ഥാമാറ്റവും പാരീസ് കരാറും
Next post കേരളം : വിദ്യാഭ്യാസത്തിന്റെ പടവുകള്‍
Close