Read Time:27 Minute

ടി.വി.വിനീഷ്, റിസർച്ച് ഓഫീസർ, SCERT, കേരളം.

തെരഞ്ഞെടുപ്പുകൾക്ക് അവസരം ഇല്ലാതാവുന്നതാണ് ദാരിദ്ര്യം എങ്കിൽ വിദ്യാഭ്യാസത്തെ അതിന്റെ എതിർപദം ആയി കരുതാം. ഏറ്റവും ശക്തമായ അടിത്തറയിൽ വേണം ഭാവി അവസരങ്ങളുടെ കോട്ട കെട്ടിയുയർത്താൻ. പുതിയ വിദ്യാഭ്യാസ നയം വിദ്യാഭ്യാസത്തിൻറെ അടിത്തറയായ പ്രീസ്കൂളിനെ അതർഹിക്കുന്ന സമഗ്രതയിൽ പരിഗണിക്കുന്നുണ്ടോ എന്ന അന്വേഷണത്തിന്റെ പ്രതിഫലനമാണ് ഈ കുറിപ്പ്

ദേശീയ വിദ്യാഭ്യാസ നയം 2020ലെ സ്കൂൾ വിദ്യാഭ്യാസം എന്ന ആദ്യഭാഗം ആരംഭിക്കുന്നതുതന്നെ പാഠ്യപദ്ധതിയിലും ബോധന രീതിയിലും ലക്ഷ്യം വയ്ക്കുന്ന അടിസ്ഥാനപരമായ ഒരു പൊളിച്ചെഴുത്തിനെ പ്രതിപാദിച്ചു കൊണ്ടാണ്. നിലവിലെ 10+2 എന്ന വിദ്യാലയ ഘടന, 5+ 3+3+ 4 എന്ന തരത്തിൽ പുതുക്കുക എന്നതാണ്, ആ നിർദ്ദേശം. ഏറ്റവും തർക്കവിധേയമായ മാകുന്ന നിർദ്ദേശങ്ങളിലൊന്നും ഇതു തന്നെയാണ്. നിലവിലെ 10 +2 എന്ന ഔപചാരിക ഘടനയിൽ 3മുതൽ 6 വയസ്സുവരെ പ്രായമുള്ള കുട്ടികൾ ഉൾപ്പെട്ടിട്ടില്ല. അത് ശിശു പരിപാലനവും വിദ്യാഭ്യാസവും (ECCE-Early Childhood Care and Education) എന്ന അനൗപചാരിക സംവിധാനത്തിന്റെ  ഭാഗമാണ്. എന്നാൽ പുതിയ ദേശീയ നയം 3 മുതൽ 6 വയസുവരെയുള്ള കാലം വ്യക്തിയുടെ പഠനത്തിൻറെയും വികാസത്തിന്റെയും  സുസ്ഥിതിയുടെയും ബലമുള്ള അടിത്തറയായി മാറണം എന്ന് പറഞ്ഞു കൊണ്ട് അതിനെ ഔപചാരിക ഘടനയുടെ ഭാഗമാക്കുമ്പോൾ ECCE യുടെ അടിസ്ഥാന സങ്കൽപ്പങ്ങൾ വേണ്ട വിധം പരിഗണിക്കപ്പെടാതെ പോകുന്നുണ്ടോ എന്ന് ന്യായമായും സംശയമുണ്ടാകും.

സമീപനത്തിലെ വൈരുദ്ധ്യങ്ങൾ

തലച്ചോറിലെ വികാസത്തിന്റെ 85 ശതമാനവും നടക്കുന്ന ആറു വയസ്സിന് മുൻപുള്ള പ്രായം. ഏറെ കരുതലും പ്രചോദനവും ആവശ്യപ്പെടുന്നുണ്ട് എന്ന് രേഖ വിലയിരുത്തുന്നു. ഇന്ന് രാജ്യത്തെ കോടിക്കണക്കിന് ശിശുക്കൾക്ക്, വിശിഷ്യാ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ, ECCE പ്രാപ്തമല്ല എന്നും അതിനാൽ ശക്തമായ നിക്ഷേപം ഈ മേഖലയിൽ ആവശ്യമാണെന്നും ആദ്യഭാഗത്ത് പറയുന്നുണ്ട്. 2030ഓടെ കൂടി ആദ്യകാല ശൈശവ വിദ്യാഭ്യാസ പ്രക്രിയയിൽ മുഴുവൻ കുട്ടികളുടേയും പ്രാപ്യത ഉറപ്പുവരുത്തലും അതുവഴിയായി എല്ലാ കുട്ടികളുടെയും ഒന്നാം തരത്തിലേക്കുള്ള  പ്രവേശനം സാധ്യമാക്കലും ആണ് നയം മുന്നോട്ട് വയ്ക്കുന്നത്.

പിന്നീടങ്ങോട്ട് പലയിടത്തും പ്രൈമറി വിദ്യാഭ്യാസത്തിൻറെ തയ്യാറെടുപ്പ്കാലമായാണ് പ്രീപ്രൈമറി / അംഗൻവാടി ഘട്ടത്തെ സമീപിച്ചിട്ടുള്ളത്. ഈ കാലഘട്ടത്തിൽ വഴക്കമുള്ള, കളിയും പ്രവർത്തനങ്ങളും ഉൾപ്പെട്ട , അന്വേഷണാത്മകമായ പഠന രീതിയാണ് പിന്തുടരേണ്ടത് എന്ന് പറയുന്നുണ്ടെങ്കിലും അതോടൊപ്പം തന്നെ അക്ഷരങ്ങൾ, സംഖ്യകൾ, എണ്ണം, പസിലുകൾ, യുക്തിചിന്ത, പ്രശ്നപരിഹരണം, തുടങ്ങിയവയും ഉൾപ്പെടുത്തണമെന്നും നിർദ്ദേശിക്കുന്നുണ്ട്. കൂടാതെ ശിശുക്കളിൽ സാമൂഹ്യ ശേഷികൾ ആയ നല്ല പെരുമാറ്റം, വിനയം, സദാചാരബോധം എന്നിവ വളർത്തണമെന്നും പറയുന്നു.

വിവിധ മേഖലകളുടെ വികാസത്തെപ്പറ്റിയുള്ള പ്രതിപാദനം ചെന്നവസാനിക്കുന്നത് ഭാഷയുടെയും എഴുത്തിന്റെയും വായനയുടെയും സംഖ്യ ബോധത്തിന്റെയും പഠനത്തിലാണ്. തുടർഭാഗങ്ങളിൽ രേഖ പങ്കു വയ്ക്കുന്ന, രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന വിദ്യാഭ്യാസ പ്രതിസന്ധി കുട്ടികൾ അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും നേടുന്നതിൽ പരാജയപ്പെടുന്നതാണെന്ന, ആകുലതയുടെ പ്രതിവിധി വിദ്യാഭ്യാസ കാലത്തിന്റെ തുടക്കത്തിലേ കണ്ടെത്താനുള്ള തിടുക്കം  വരികളുടെയൊക്കെ ഉള്ളിൽ നിന്ന് കൃത്യമായി വായിച്ചെടുക്കാം.

ECCE യ്ക്കും ദേശീയ പാഠ്യപദ്ധതി

രാജ്യമാകെ ഒരു ഏകരൂപം കൈവരുത്തുന്നതിനു വേണ്ടി ആകണം എൻ.സി.ഇ.ആർ.ടി. ശിശു പരിചരണത്തിനും വിദ്യാഭ്യാസത്തിനും ആയി ദേശീയ പാഠ്യപദ്ധതി – ബോധനശാസ്ത്ര ചട്ടക്കൂട്  (National curricular and pedagogical framework for ECCE) തയ്യാറാകണമെന്ന് പറയുന്നത്. ഈ ചട്ടക്കൂടിനെ രണ്ടു ഉപഭാഗങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പൂജ്യം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്കായി ഒന്നും മൂന്ന് മുതൽ എട്ട് വയസ്സ് വരെ പ്രായക്കാർക്ക് ആയി മറ്റൊന്നും. ഇവിടെ പൂജ്യം മുതൽ മൂന്നു വയസ്സുവരെയുള്ള കുട്ടികൾക്ക് ദേശീയതലത്തിൽ നിർമ്മിക്കാൻ പോകുന്ന പാഠ്യപദ്ധതി-ബോധന ശാസ്ത്ര ചട്ടക്കൂട് എന്തായിരിക്കും എന്നത് ഏറെ കൗതുകം തോന്നിപ്പിക്കുന്നതാണ്. രക്ഷിതാക്കൾക്കും ECCE സ്ഥാപനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന മാർഗരേഖയാവണം ഇതെന്നും തുടർന്ന് പറയുന്നുണ്ട്. ഇത്രമേൽ വൈവിധ്യമാർന്ന ഇന്ത്യ പോലൊരു രാജ്യത്ത് എവിടെ ഒരു കുട്ടി ജനിച്ചു വീണാലും ഉടൻ പഠിച്ചു തുടങ്ങാൻ ഒരു ദേശീയ പാഠ്യപദ്ധതി ഉണ്ടാവുക എന്നത്, അത്ര യുക്തിസഹമായി ആർക്കും തോന്നുകയില്ല. വളരെ സങ്കീർണ്ണവും പല മാനങ്ങൾ ഉള്ളതും പലതരത്തിൽ സമീപിക്കേണ്ടതുമായ പ്രശ്നത്തിന് ഇത്തരം ഒറ്റമൂലി സമീപനം ഗുണം ചെയ്യുമെന്നും കരുതാനാവില്ല.

3 മുതൽ 8 വയസ്സ് വരെയുള്ള  പ്രായക്കാരെ ഉദ്ദേശിച്ചാണ് ചട്ടക്കൂടിന്റെ രണ്ടാം ഭാഗം നിർദ്ദേശിച്ചിരിക്കുന്നത്. അതായത്, രണ്ടാം ക്ലാസ് വരെ. എന്നു വച്ചാൽ പ്രീപ്രൈമറി, ഒന്ന്, രണ്ട് ക്ലാസുകളെ ഒരു തുടർച്ചയുടെ ഭാഗമായിട്ടാണ് കാണുന്നത് എന്നർത്ഥം. ഒന്ന് ,രണ്ട് ക്ലാസുകൾ ഇപ്പോൾ എങ്ങനെ ഔപചാരിക വിദ്യാഭ്യാസത്തിന് ഭാഗമായിരിക്കുന്നുവോ അതുപോലെതന്നെ പ്രീപ്രൈമറി വിദ്യാഭ്യാസത്തെയും ആക്കി തീർക്കാനുള്ള ഈ സമീപനം പ്രീസ്കൂളിന്  സ്വതന്ത്രാസ്ഥിത്വം ഉണ്ടാവണം എന്ന അംഗീകൃതതത്വത്തിന് വിരുദ്ധമായാണ് ഫലത്തിൽ വർത്തിക്കുക. തുടർന്ന്, ചട്ടക്കൂട് തയ്യാറാക്കുന്നതിന്, ആധുനികമായ ഗവേഷണ ഫലങ്ങളും ദേശീയവും അന്തർദേശീയവുമായ മികവുകളും പരിഗണിക്കണം എന്ന പുരോഗമനപരമായ നിർദ്ദേശത്തിന്റെ അടുത്ത ശ്വാസത്തിൽ എടുത്തു പറയുന്ന കാര്യം ഈ മേഖലയിൽ നൂറ്റാണ്ടുകളായി വളർന്നുവന്ന ഇന്ത്യൻ പാരമ്പര്യത്തെ ആധുനിക പഠനഫലങ്ങളുമായി ഇഴുകി ചേർത്ത് ഉപയോഗിക്കണമെന്നാണ്.

ഇന്ത്യയിലെവിടെ ജനിക്കുന്ന കുഞ്ഞും, ഇന്ത്യൻ പാരമ്പര്യത്തിന്റെ പാട്ടും കഥയും കേട്ടു വളരണമെന്ന് അർത്ഥശങ്കയില്ലാതെ പറഞ്ഞു വയ്ക്കുമ്പോൾ, ഏത് കാലത്തെ , ആരുടെ ഇന്ത്യ എന്ന ചോദ്യം സ്വാഭാവികമായും ഉയരും.

ഉയർന്ന നിലവാരം എങ്ങനെ?

പല ഘട്ടങ്ങളിലായി ‘ഉയർന്ന നിലവാരമുള്ള ‘ ECCE രാജ്യത്തുടനീളം നടപ്പിലാക്കണമെന്നാണ് രേഖ നിർദ്ദേശിക്കുന്നത്. ആദ്യം ഊന്നൽ നൽകേണ്ടത് സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾക്കായിരിക്കണമെന്നും ഇപ്പോൾ നിലവിലുള്ള പ്രീപ്രൈമറികളും അംഗനവാടികളിലും പ്രത്യേക പരിശീലനം നേടിയ അധ്യാപകരെയും തൊഴിലാളികളെയും നിയോഗിക്കണമെന്നും രേഖ നിർദേശിക്കുന്നുണ്ട്. ഉയർന്ന നിലവാരമുണ്ടാക്കുന്നതിന്റെ പ്രഥമോപാധി ഉയർന്ന നിലവാരമുള്ള അധ്യാപകർ ഉണ്ടാവൽ തന്നെയാണെന്നതിൽ തർക്കമില്ലല്ലോ. പിന്നീട് എന്താണ് ഈ പ്രത്യേകമായ പരിശീലനം എന്നത് വ്യക്തമാക്കുന്നത്, പ്ലസ് ടു പാസായ ആളാണെങ്കിൽ ആറുമാസത്തെ സർട്ടിഫിക്കറ്റ് കോഴ്സ്, അതിലും താഴ്ന്ന യോഗ്യത ഉള്ളവർ ആണെങ്കിൽ ഒരു വർഷത്തെ ഡിപ്ലോമ, എന്നാണ്. വളരെ അയവുള്ള സമീപനം ആണ് ഈ ഭാഗത്ത് നയമായി സ്വീകരിച്ചിട്ടുള്ളത്. യോഗ്യത കോഴ്സുകൾ ഡിജിറ്റൽ ആയോ വിദൂര വിദ്യാഭ്യാസ മാതൃകയിലോ ലഭ്യമാക്കണമെന്നും അതിനായി ടിവി ചാനലുകളും സ്മാർട്ട്ഫോണുകളും ഉപയോഗിക്കാമെന്നും പറയുന്നുണ്ട്. തുടർന്ന് ഇവർക്ക് സംസ്ഥാന ഗവൺമെന്റിന്റെ ആഭിമുഖ്യത്തിൽ  തുടർ പരിശീലനങ്ങൾ സംഘടിപ്പിക്കാം.

ഉയർന്ന യോഗ്യതയും മെച്ചപ്പെട്ട സേവന വേതന വ്യവസ്ഥകളും ഉറപ്പാക്കി നിലവാരമുയർത്താനുള്ള നിർദ്ദേശം രേഖ മുന്നോട്ട് വയ്ക്കുന്നില്ല. എന്നാൽ,ഉന്നത ഗുണനിലവാരമുള്ള ഭൗതികസൗകര്യങ്ങൾ ഉള്ള സ്ഥലങ്ങൾ ആയി അംഗനവാടികളിൽ വികസിപ്പിക്കണം എന്നും അടുത്തുള്ള പ്രൈമറി സ്കൂളുമായി ബന്ധം ഊട്ടിയുറപ്പിക്കാൻ രണ്ടിടത്തേയും പരിപാടികളിൽ രണ്ടിടത്തേയും കുട്ടികളെ പങ്കെടുപ്പിക്കണം  എന്നൊക്കെ നിർദ്ദേശിക്കുന്നുമുണ്ട്.

അഞ്ചാം വയസ് എന്ന സവിശേഷ ഘട്ടം

കുട്ടിയുടെ അഞ്ചാമത്തെ വയസ്സിനെ സവിശേഷമായ ഒരു ഘട്ടമായിട്ടാണ് നയം നിരീക്ഷിക്കുന്നത്. അതൊരു തയ്യാറെടുപ്പ് ക്ലാസ്സ് ആണ്. ഒന്നാം ക്ലാസിലേക്കുള്ള തയ്യാറെടുപ്പ്. കളി രീതി തന്നെ ഇവിടെയും പിന്തുടരാമെങ്കിലും അടിസ്ഥാന സാക്ഷരതയക്കും സംഖ്യാബോധത്തിനും ആണ് ഇവിടെ പ്രാധാന്യം നൽകേണ്ടത് എന്ന് രേഖ പറയുന്നു .ഉച്ചഭക്ഷണവും ആരോഗ്യ പരിശോധനകളും ഈ തയ്യാറെടുപ്പ് ക്ലാസിലും ലഭ്യമാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. എന്തുകൊണ്ട് അഞ്ചാം വയസ് ഒരു പ്രത്യേക ഘട്ടം എന്നതിന് മനശാസ്ത്രപരമായതോ, കുട്ടിയുടെ ബൗദ്ധിക – സാമൂഹിക-വൈകാരിക വളർച്ചയുമായി ബന്ധപ്പെട്ടതോ ആയ ഒരു വിശദീകരണവും ഇല്ല. ‘പഠിപ്പി’ക്കാനുള്ള ഒരു തിടുക്കം കൂട്ടലായേ ഇതിനെ കാണാനാവു.  പ്രീ പ്രൈമറിയിലെ പാഠ്യപദ്ധതിയും ബോധന രീതിയും പ്രൈമറിയിലേതുമായി ബന്ധപ്പെട്ടിരിക്കുന്നതതരത്തിലാണ് എന്ന് ഉറപ്പുവരുത്തണമെന്ന് പറയുന്നതും ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

ആശ്രമശാലകൾ

ആദിവാസി മേഖലകളിൽ ആശ്രമശാലകൾ എന്ന് വിളിക്കുന്ന ബദൽ വിദ്യാലയമാർഗ്ഗങ്ങൾ സ്വീകരിച്ചുകൊണ്ട് ECCE ലഭ്യമാക്കണമെന്ന് പറയുന്നു. എന്നാൽ അടുത്ത വാചകത്തിൽ, ഈ ബദൽ വിദ്യാലയത്തിലും മുൻപറഞ്ഞ കാര്യങ്ങൾ ഒക്കെ തന്നെയാണ് നടപ്പിലാക്കേണ്ടത് എന്നും പറയുന്നു അപ്പോൾ പിന്നെ ഏത് അർത്ഥത്തിൽ ആണ് ആശ്രമശാല ബദൽ ആകുന്നത് എന്നത് വ്യക്തമല്ല.

ആസൂത്രണവും നിർവ്വഹണവും സുഗമമാക്കുന്നതിനായി മാനവശേഷി വികസനം വനിതാ ശിശു വികസനം ആരോഗ്യകുടുംബക്ഷേമ ആദിവാസി വികസനം തുടങ്ങിയ വകുപ്പുകൾ ഒത്തുചേർന്ന് പ്രവർത്തിക്കണമെന്നും ഇവയെല്ലാം സമഗ്രമായി സംയോജിപ്പിക്കുന്നതിനായി ഒരു പ്രത്യേക ദൗത്യസംഘത്തെ നിയോഗിക്കണമെന്നും പറയുന്നു. തീർച്ചയായും വേണ്ടതാണ്. വിവിധ സംവിധാനങ്ങളുടെ ഏകോപനം കേരളത്തിലെ വിദ്യാഭ്യാസ പ്രവർത്തകരും ദീർഘകാലമായി ഉയർത്തുന്ന ആവശ്യമാണ്. കാതലായ പ്രശ്നം, എന്തുകൊണ്ടാണ്  നിലവിലുള്ള ,വിജയകരമായി പ്രവർത്തിക്കുന്ന, ഘടനയെ പൊളിച്ചെഴുതി പുതിയൊരു ഘടന നിർദ്ദേശിക്കുന്നത് എന്നതിന് അത്രമേൽ യുക്തിഭദ്രമായ ന്യായം കണ്ടെത്താനാവുന്നില്ല എന്നതാണ്. കുട്ടിയുടെ വികസന ആവശ്യങ്ങളും താൽപര്യങ്ങളും മുൻനിർത്തിയാണ് വിവിധ കാലഘട്ടങ്ങളിലെ തരംതിരിച്ചിരിക്കുന്നത് എന്ന് രേഖ അവകാശപ്പെടുന്നുണ്ട്. പ്രായാനുസൃതമായി 3 മുതൽ 8 വരെ, 8 മുതൽ 11 വരെ ,11 മുതൽ 14 വരെ ,14 മുതൽ 18 വരെ എന്നിങ്ങനെ നാല് ഘട്ടങ്ങളായും വിഭജിച്ചിട്ടുണ്ട്. ഇത് എന്ത് പഠനത്തിന്റെ, കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് എന്ന് പറയുന്നില്ല.ഇതിൽ 3 മുതൽ 8 വരെയുള്ള പ്രായത്തെ ഒരുമിച്ചു കാണുന്നത് പൂർണമായും കുട്ടിയുടെ ബൗദ്ധിക വികാസത്തെ അടിസ്ഥാനമാക്കിയാണ് എന്ന് പറയുന്നു. എന്നാൽ ആദ്യം പറയുന്ന തലച്ചോറിലെ വികാസത്തിന്റെ 85 ശതമാനവും നടക്കുന്ന  ആറ് വയസ്സുവരെയുള്ള പ്രായത്തെ പ്രത്യേകമായി പരിഗണിക്കുന്നുമില്ല. ഈ ഘട്ടത്തെ ഔപചാരിക ഘടനയുടെ ഭാഗമാകുന്നത് ഏതെങ്കിലും തരത്തിൽ ഗുണകരമാകുമെന്ന് കരുതാൻ തക്കതായ  പഠനങ്ങൾ ഉള്ളതായി അറിവില്ല.

നിലവിലെ കാഴ്ചപ്പാടുകൾ

ഇത്ര ചെറു പ്രായത്തിൽ ഏതെങ്കിലും തരത്തിലുള്ള ഒരു വിദ്യാഭ്യാസ പദ്ധതി ആവശ്യമാണോ, അത് കുട്ടികൾക്ക് ഗുണകരമാണോ എന്നതിനെ സംബന്ധിച്ച് പലവിധമായ കാഴ്ചപ്പാടുകൾ നിലവിലുണ്ട്. ലോകത്ത് ഇത് സംബന്ധിച്ച് നടന്ന പഠനങ്ങളിൽ തെളിയിച്ചിട്ടുള്ളത് കുട്ടിയുടെ ബുദ്ധിപരമായ കഴിവ് കൂട്ടാനും വികാസ ഗതിരോധം കുറയ്ക്കാനും സ്കൂൾ പഠനത്തിന് മികച്ചരീതിയിൽ തയ്യാറെടുക്കാനും അനൗപചാരികമായ, കളി രീതിയിലുള്ള പ്രീസ്കൂൾ വിദ്യാഭ്യാസം സഹായിക്കുമെന്നാണ്.

പക്ഷേ അവിടെ ശരിയായ പോഷണത്തിന് വലിയ പ്രാധാന്യമുണ്ട്. തലച്ചോറിന്റെ ത്വരിത ഗതിയിലുള്ളവളർച്ചയും വികാസവും നടക്കുന്ന ഈ ഘട്ടത്തിൽ പ്രത്യേകിച്ചും ഇരുമ്പ്, മാംസ്യം, ജീവകങ്ങൾ, ധാതുക്കൾ എന്നിവയടങ്ങിയ ഭക്ഷണം നൽകുക എന്നുള്ളത് ഏറെ പ്രധാനമാണ്. അതോടൊപ്പം തന്നെ കായികമായ ചലനങ്ങളും തലച്ചോറിലെ ഹിപ്പോകാമ്പസ് പോലെയുള്ള ഭാഗങ്ങളുടെ മെച്ചപ്പെട്ട വളർച്ചയെ സഹായിക്കും എന്നും പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
മറ്റൊന്ന് കുട്ടിക്ക് ലഭിക്കുന്ന നവ്യാനുഭവങ്ങൾ ആണ്. പുതിയ ആശയങ്ങൾ ,പുതിയ സാധനങ്ങൾ, പുതിയ ഇന്ദ്രിയാനുഭൂതികൾ എന്നിവ ആരോഗ്യവും ജീവസ്സും ഉള്ള തലച്ചോറിനെ വളർത്തിയെടുക്കുന്നു.നല്ല കൂട്ടുകെട്ടുകളും സാമ്യ വ്യത്യാസങ്ങളും മറ്റും മനസ്സിലാക്കുന്നത് വഴിയുള്ള യുക്തിചിന്ത വികാസവും കേട്ടും പറഞ്ഞും ഉള്ള ഭാഷാ വഴക്കവും എല്ലാം തലച്ചോറിലെ ശരിയായ വളർച്ചയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഈ ഘട്ടത്തിൽ കുട്ടികളുമായി ഇടപഴകുന്ന ടീച്ചറുടെ പങ്ക് ഏറ്റവും നിർണായകമാണ്.

കരുതലും വിദ്യാഭ്യാസവും ഒരുപോലെ കൊണ്ടുപോകേണ്ട ഈ ഘട്ടത്തിൽ പഠനപരമോ ശാരീരികമോ ആയ വൈകല്യങ്ങളിലേക്ക് പിന്നീട് നയിച്ചേക്കാവുന്ന  സാധ്യതകൾ മുൻകൂട്ടി തിരിച്ചറിയാനും വിദഗ്ധ ഉപദേശമോ ചികിത്സയോ ആവശ്യമുള്ളവർക്ക് ലഭ്യമാക്കാനും ശ്രദ്ധിക്കേണ്ടതുണ്ട് .ഓരോ കുട്ടിയേയും അവരുടെ വ്യത്യസ്തതകളോടെ ഉൾക്കൊണ്ട് സവിശേഷ ശ്രദ്ധ കൊടുക്കുക എന്നതും, വികാസ ഘട്ടങ്ങളിൽ ഉള്ള  വ്യത്യാസങ്ങൾ മനസ്സിലാക്കി വ്യത്യസ്ത പഠനരീതികൾ  ആവിഷ്കരിക്കലും എല്ലാം അത്യധികം അറിവും കഴിവും മനോഭാവവും ആവശ്യമുള്ള ഒന്നാണ്.അതുകൊണ്ടുതന്നെ  ECCEയുടെ അടിസ്ഥാന ഘടകമായി എല്ലാ രേഖകളും പറയുന്നത്.

ഉയർന്ന യോഗ്യതയും കഴിവും അർപ്പണ മനോഭാവമുള്ള അധ്യാപകരുടെ സാന്നിദ്ധ്യം ഈ മേഖലയിൽ കൂട്ടണം എന്നും അവർക്ക് ഉയർന്ന വേതനവും സാമൂഹിക അംഗീകാരവും ലഭ്യമാക്കണം എന്നുമാണ്. ഇന്ന് സ്ത്രീകൾ മാത്രമുള്ള ഈ മേഖലയിൽ പുരുഷ അധ്യാപകരുടെയും സാന്നിധ്യം ഉറപ്പാക്കുന്നത് ഗുണകരമാകും  എന്ന് വാദിക്കുന്നവരും ഉണ്ട്.

ECCE സംബന്ധിച്ച് യുനെസ്കോ പുറത്തിറക്കിയ രേഖയിൽ ഇത് കേവലം പ്രൈമറി ഘട്ടത്തിനുള്ള ഒരു തയ്യാറെടുപ്പ് അല്ല എന്നും കുട്ടിയുടെ സാമൂഹികവും വൈകാരികവും ബൗദ്ധികവും കായികവുമായ ആവശ്യങ്ങളെ പരിഗണിച്ചുകൊണ്ടുള്ള സമഗ്രമായ വികാസത്തെയാണ് പരിഗണിക്കേണ്ടതെന്നും ഖണ്ഡിതമായി പറയുന്നുണ്ട്. അപ്പോൾ മാത്രമേ അത് ജീവിതത്തിലുടനീളം നിലനിൽക്കുന്ന പഠനത്തിനും സുസ്ഥിതിക്കും പര്യാപ്തമായ തരത്തിൽ ഉറപ്പും വിശാലതയും ഉള്ള അടിസ്ഥാന അടിത്തറയായി വർത്തിക്കുക ഉള്ളൂ എന്നും ഈ രേഖ ഓർമിപ്പിക്കുന്നു.

രാജ്യത്തിന് ചെയ്യാവുന്ന ഏറ്റവും മികച്ച നിക്ഷേപം ആയിട്ടാണ് ഈ ECCE യെ കാണുന്നത്. വളർന്നുവരുമ്പോൾ ആ വ്യക്തിക്കായി ചെലവഴിക്കേണ്ട പല പ്രശ്നപരിഹരണ പദ്ധതികളുടെയും പണം ലാഭിച്ചു തരുമെന്നാണ് യുനെസ്കോയുടെ നിരീക്ഷണം. ബെൽഫീൽഡ് (2006 ) അമേരിക്കയിൽ നടത്തിയ ഒരു പഠനത്തിൽ പറയുന്നത് ECCE യിൽ ചെലവാക്കുന്ന ഓരോ ഡോളറും ഭാവിയിൽ ചെലവാകാവുന്ന 12.9 ഡോളർ ലാഭിക്കും എന്നാണ്. ആരോഗ്യം, ക്രമസമാധാനം നീതിന്യായവ്യവസ്ഥയുടെ നടത്തിപ്പ് തുടങ്ങിയ മേഖലകളിൽ വന്നേക്കാവുന്ന ചെലവ് ഉൾപ്പെടുത്തിയാണ് അദ്ദേഹം ഈ ലാഭം കണക്കാക്കിയത്. ശക്തമായ നിക്ഷേപം ECCE യിൽ നടത്തണം എന്ന് NPE 2020 ലും പറയുന്നുണ്ട്. എന്നാൽ, യഥാർത്ഥത്തിൽ നിക്ഷേപം നടത്തേണ്ട മേഖലകളെ അത് പരിഗണിച്ചിട്ടില്ല.

സങ്കലിത സമീപനത്തിന്റെ പ്രസക്തി

Integrating early childhood development (ECD) Activities into nutrition Programmes in Emergencies.Why what and how ? എന്ന പേരിൽ 2012 ൽ യൂണിസെഫും WHO യും ചേർന്ന് ഒരു രേഖ പുറത്തിറക്കിയിരുന്നു. വികസ്വരരാജ്യങ്ങളിലെ 200 ദശലക്ഷം കുട്ടികൾ നേരിടുന്ന വളർച്ചാ വൈകല്യമാണ് ഈ മേഖലയിലെ പ്രധാന പ്രശ്നമായി രേഖ ചൂണ്ടിക്കാണിച്ചിരുന്നത്.ഇതിൽ ന്യൂന പോഷണവും സാമൂഹ്യ വൈകാരിക അപര്യാപ്തതയും വളർച്ച വികാസ ഗതിരോധത്തിനും മാനസിക വൈകല്യത്തിനും കാരണമാകുന്നത് എങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്. അതായത് ശരിയായ വളർച്ച ഉറപ്പാക്കാൻ രണ്ടു ഘടകങ്ങളെ തുല്യമായി പരിഗണിക്കണം. അത് ശരിയായ പോഷണവും സാമൂഹ്യ വൈകാരിക പിന്തുണയുമാണ്.

മൂന്നാം ലോക രാജ്യങ്ങളിൽ ശിശു പരിചരണവും വിദ്യാഭ്യാസവും  സംബന്ധിച്ച് നടന്ന പഠനങ്ങളെ സമാഹരിച്ചുകൊണ്ട് ഹെലൻ ബേക്കർ ഹെന്നിങ് ഗാം, ഫ്ലോറൻസിയ ലോപ്പസ് ബൂ എന്നിവർ തയ്യാറാക്കിയ റിപ്പോർട്ടിൽ ഫലപ്രദമായ ECCE  പോഷണവും പഠനാനുഭവങ്ങളും സങ്കലിതമായി പരിഗണിക്കുന്നതാണെന്ന് പറയുന്നുണ്ട്. പോഷണം ഉറപ്പുവരുത്താതെ പഠനാനുഭവങ്ങൾ നൽകിയപ്പോൾ വളർച്ചയിലും വികാസത്തിലും കാര്യമായ പുരോഗതി ഉണ്ടായില്ല. പോഷണം നൽകുകയും പഠനാനുഭവങ്ങൾ നൽകാതിരിക്കുകയും ചെയ്തപ്പോഴും ഇതേ ഫലം ആണ് ഉണ്ടായത് എന്നാൽ പോഷണവും പഠനാനുഭവം നൽകുന്ന ഇടപെടലുംസംയുക്തമായി പരീക്ഷിച്ചുകൊണ്ട് നടത്തിയ 21 പഠനങ്ങളിൽ 20 ലുംകുട്ടികളുടെ ബൗദ്ധികമായ വികാസത്തിൽ വലിയ മുന്നേറ്റം ഉണ്ടായതായി കണ്ടെത്തി.

മറ്റൊന്ന് പോറ്റിവളർത്തൽ സംബന്ധിച്ച അമ്മമാർക്ക് നൽകിയ അറിവുമായി ബന്ധപ്പെട്ട പഠനങ്ങളാണ്. അമ്മമാരുടെ അവബോധം വർധിപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയ 16 പഠനങ്ങൾ പരിശോധിച്ചപ്പോൾ 14 പഠനങ്ങളും കുട്ടികളുടെ വികാസത്തിൽ ഗണ്യമായ പുരോഗതി ഉണ്ടാക്കാൻ ഇത് കാരണമായി കണ്ടെത്തിയിട്ടുണ്ട് .

മൂന്നാമത്തേത് സ്ഥാപന കേന്ദ്രീകൃതമായതല്ലാത്ത, ഗൃഹ കേന്ദ്രീകൃതമായ പഠനത്തിൻറെ സാധ്യതയാണ്. നേരത്തെ ജനിച്ചവർ, വളർച്ച സംബന്ധമായ വൈകല്യങ്ങൾ ഉള്ളവർ ,ഭാരക്കുറവ് ഉള്ളവർ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ തുടങ്ങിയ വിഭാഗത്തിൽപ്പെട്ട കുട്ടികളെ ഒന്നും ചെറുപ്രായത്തിൽ സ്ഥാപനങ്ങളിൽ വരുത്തുക  എന്നത് പ്രായോഗികമല്ല.  ആഴ്ചയിലൊരിക്കൽ വീടുകൾ സന്ദർശിച്ച് നടത്തിയ ഇടപെടലിലൂടെ കുട്ടികളുടെ ബൗദ്ധിക വികാസത്തിൽ ഗണ്യമായ പുരോഗതി ഉണ്ടാക്കാൻ സാധിച്ച ജമൈക്കൻ അനുഭവം വാക്കർ (2004) പങ്കു വയ്ക്കുന്നുണ്ട്

മൗനവും വാചാലതയും

നിശ്ചയമായും പരിഗണിക്കേണ്ട സുപ്രധാന സംഗതികളായ അധ്യാപക ഗുണത, പോഷണം, ഗൃഹ കേന്ദ്രീകൃത ഇടപെടൽ, രക്ഷിതാക്കളുടെ അവബോധം വളർത്തൽ, സ്വതന്ത്ര അസ്തിത്വത്തിന്റെ പ്രാധാന്യം, വൈവിധ്യങ്ങളെ അഭിമുഖീകരിക്കൽ എന്നിവയിൽ മൗനവും ബൗദ്ധിക വളർച്ച, അടിസ്ഥാന സാക്ഷരത,സംഖ്യാബോധം ഒന്നാം ക്ലാസിലേക്കുള്ള  തയ്യാറെടുപ്പ് തുടങ്ങിയ മേഖലകളിലെ വാചാലതയുമാണ് പുതിയനയത്തിലെ യാഥാർത്ഥ്യം. എന്നാൽ അത് 2030 തോടുകൂടി ഉന്നത നിലവാരമുള്ള ECCE സ്വപ്നം കാണുകയും ചെയ്യുന്നു !

പ്രകൃതിയിൽ ഒരു ചെടിയോ ജീവിയോ സ്വാഭാവികമായി വളർന്നുവരാൻ വേണ്ട സാഹചര്യത്തെയും സമയത്തെയും കുറിച്ച് നമുക്ക്  ധാരണയുണ്ട്. പെട്ടന്ന് വളരണം എന്നാഗ്രഹിച്ച്  ഇടപെടലുകൾ നടത്തിയാൽ പ്രതികൂലമായാണ് ബാധിക്കുക എന്നും നമുക്കറിയാം. എന്നാൽ മനുഷ്യകുഞ്ഞുങ്ങൾക്ക് വേണ്ട സാഹചര്യമോ സമയമോ അനുവദിക്കാതെ, ഏതു തരത്തിലും രൂപപ്പെടുത്തിയെടുക്കുന്ന മെഴുകോ കളിമണ്ണോ പോലെ കൈകാര്യം ചെയ്യുന്നത് വലിയ കഷ്ടമാണ് എന്ന് ഫ്രോബൽ ഒരു നൂറ്റാണ്ടു മുന്നേ നിരീക്ഷിച്ചത് ഓർത്തുപോകുന്നു..!


അധികവായനയ്ക്ക്

ഒന്നാം ഭാഗം -അടിസ്ഥാന സാക്ഷരതയും സംഖ്യാബോധവും

വീഡിയോ അവതരണങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കോവിഡ് 19 പുതിയ അറിവുകളും സമീപനങ്ങളും
Next post ഭൂമി എന്ന സ്പേസ്ഷിപ്പ്
Close