Read Time:56 Minute

ലോക കാലാവസ്ഥയെ സംരക്ഷിക്കാനും ആഗോളതാപനത്തെ ചെറുക്കാനും ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ  അംഗരാജ്യങ്ങളെ പ്രതിഞ്ജാബദ്ധരാക്കികൊണ്ട്  സുപ്രധാനമായ ചില കരാറുകളും ഉടമ്പടികളും നടപ്പിലായിക്കൊണ്ടിരിക്കയാണ്.  കാലാവസ്ഥാ മാറ്റത്തെക്കുറിച്ചുള്ള ഫ്രെയിംവർക്ക് കൺവെൻഷനും (UNFCC), ക്യോട്ടോ ഉടമ്പടിയും, പാരിസ് ഉടമ്പടിയും, വർഷം തോറും നടത്തുന്ന കൺവെൻഷൻ പാർട്ടികളുടെ കോൺഫറൻസുമൊക്കെ (COP) ഈ ഉദ്ദേശലക്ഷ്യത്തോടെയാണ്. ഈ ലക്കത്തിൽ പാരിസ് ഉടമ്പടിയുടെ    രൂപീകരണവും,  പ്രധാന വ്യവസ്ഥകളും, അവയുടെ ഇന്നത്തെ സ്ഥിതിയുമാണ്  ചർച്ച ചെയ്യുന്നത്.

2012-ൽ ഖത്തറിലെ ദോഹയിൽ നടന്ന ഫ്രെയിംവർക്ക് കൺവെൻഷൻ (UNFCC)പാർട്ടികളുടെ 18-ാമത് കോൺഫറൻസിൽ (COP18), ക്യോട്ടോ പ്രോട്ടോക്കോൾ 2020 വരെ നീട്ടാൻ പ്രതിനിധികൾ സമ്മതിച്ച കാര്യമൊക്കെ കഴിഞ്ഞ ലക്കത്തിൽ എഴുതിയിരുന്നു. അതിനു മുമ്പ് 2011-ൽ ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ നടന്ന COP17-ൽ ക്യോട്ടോ പ്രോട്ടോക്കോൾ നിലവിലുള്ള രീതിയിൽ തുടരുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വിവിധ രാജ്യങ്ങൾ പങ്ക് വെച്ചിരുന്നു. 2015-ഓടെ ഒരു പുതിയ നിയമചട്ടക്കൂട് ഉണ്ടാകേണ്ടതാണെന്നുള്ള അഭിപ്രായം പ്രതിനിധികൾ അംഗീകരിച്ചു. 2020-ലേക്കുള്ള രാജ്യങ്ങളുടെ നിലവിലെ എമിഷൻ കുറയ്ക്കൽ വാഗ്ദാനങ്ങളും ആഗോളതാപനം 2 ഡിഗ്രി സെൽഷ്യസിൽ താഴെ നിലനിർത്താനുള്ള ലക്ഷ്യവും തമ്മിലുള്ള വിടവ് അടയ്ക്കുന്നതിനുള്ള മർഗ്ഗങ്ങൾ തിരിച്ചറിയുന്നതിനുള്ള ഒരു പദ്ധതി ആരംഭിക്കാനും ഡർബൻ കാലാവസ്ഥാ സമ്മേളനം സമ്മതിച്ചു.

2015-ഓടെ പുതിയതും, സമഗ്രവും, നിയമപരവുമായ ഒരു കാലാവസ്ഥാ ഉടമ്പടി സൃഷ്ടിക്കുന്നതിന്, ക്യോട്ടോ പ്രോട്ടോക്കോളിൽ ഒപ്പിടാത്തവരും, പിന്മാറിയവരും, ബാധകമല്ലാത്തവയുമായ രാജ്യങ്ങൾ ഉൾപ്പെടെ, വലുപ്പ-ചെറുപ്പമില്ലാതെ, എല്ലാവരും ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനം പരിമിതപ്പെടുത്താനും കുറയ്ക്കാനും ബാധ്യസ്ഥരാകുന്ന ഒരു ക്രമമാണ് എല്ലാവരും ആഗ്രഹിച്ചത്.

ഫ്രെയിംവർക്ക് കൺവെൻഷന്റെ പാരിസ്  കോൺഫറൻസിന് (COP21) മുന്നോടിയായി, ഹരിതഗൃഹവാതക ഉദ്‌വമനം എങ്ങനെ കുറയ്ക്കാൻ ഉദ്ദേശിക്കുന്നുവെന്ന് വിശദമാക്കുന്ന പദ്ധതികൾ സമർപ്പിക്കാൻ ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. ആ പദ്ധതികളെ സാങ്കേതികമായി “ഉദ്ദേശിക്കുന്ന ദേശീയമായി നിർണ്ണയിക്കപ്പെട്ട നടപടികൾ” (Intended Nationally Determined Contributions, INDCs ) എന്ന് വിളിച്ചു. 2015 ഡിസംബർ 10 ഓടെ, 185 രാജ്യങ്ങൾ 2025 അല്ലെങ്കിൽ 2030-നകം ഹരിതഗൃഹ വാതക ഉദ്‌വമനം പരിമിതപ്പെടുത്തുന്നതിനോ കുറയ്ക്കുന്നതിനോ സാധ്യതയുള്ള നടപടികൾ സമർപ്പിച്ചു. ഇന്ത്യ  INDC-കളുടെ സമർപ്പണത്തോടൊപ്പം  ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനൊപ്പം ദാരിദ്ര്യം തുടച്ചുനീക്കുന്നതിനുള്ള വെല്ലുവിളികൾ  ശ്രദ്ധയിൽപെടുത്തുന്നതിനും ശ്രമിച്ചു.

പാരിസിൽ നടന്ന UNFCCC പാർട്ടികളുടെ 21-ാമത് കോൺഫറൻസിലെ മാരത്തോൺ ചർച്ചകൾക്ക്ശേഷം 2015 ഡിസംബർ 12-ന്, രാജ്യങ്ങൾ കാലാവസ്ഥാ മാറ്റത്തെ ചെറുക്കുന്നതിനും കുറഞ്ഞ കാർബൺ ഭാവിക്ക് ആവശ്യമായ പ്രവർത്തനങ്ങളും നിക്ഷേപങ്ങളും ത്വരിതപ്പെടുത്തുന്നതിനും തീവ്രമാക്കുന്നതിനുമുള്ള ഒരു സുപ്രധാന കരാറിലെത്തി.

2016 ഏപ്രിൽ 22-ന് (ഭൗമദിനം) ന്യൂയോർക്കിൽ വെച്ച് കരാർ ഒപ്പിടാനായി തുറന്നു. കൺവെൻഷനിലെ 55 പാർട്ടികളെങ്കിലും മൊത്തം ആഗോള ഹരിതഗൃഹ വാതക ഉദ്‌വമനത്തിൻ്റെ 55 ശതമാനമെങ്കിലും കുറക്കാമെന്ന് സമ്മതിക്കുന്നതിന്റെ മുപ്പത് ദിവസങ്ങൾക്ക് ശേഷം പ്രാബല്യത്തിൽ വന്നതായി കണക്കാക്കുമെന്നതായിരുന്നു തീരുമാനം. ഒക്ടോബർ 5 ന് ആവശ്യത്തിനുള്ള രാജ്യങ്ങളായി. അങ്ങിനെ,  പാരിസ്  ഉടമ്പടി ഒരുമാസത്തിനുശേഷം 2016 നവംബർ 4-ന് പ്രാബല്യത്തിൽ വന്നു.

പാരിസ്  ഉടമ്പടി പ്രായോഗികമായി നടപ്പിലാക്കുന്നതിനുള്ള പ്രവർത്തന വിശദാംശങ്ങൾ, പാരിസ്  റൂൾബുക്ക് അഥവാ  കറ്റോവിസ് കാലാവസ്ഥാ പാക്കേജ് എന്ന് വിളിക്കപ്പെടുന്നത്, 2018 ഡിസംബറിൽ പോളണ്ടിലെ കറ്റോവിസിൽ നടന്ന കോൺഫറൻസിൽ (COP24) അംഗീകരിക്കുകയും 2021 നവംബറിൽ നടന്ന COP26-ൽ (ഗ്ലാസ്‌ഗോ, യു. കെ.)അന്തിമമാക്കുകയും ചെയ്തു. ഇതിനു ശേഷമാണ് കോവിഡ്-19 പൊട്ടിപ്പുറപ്പെടുന്നത്. അതോടെ കാലാവസ്ഥാ ചർച്ചകൾ മന്ദഗതിയിലായി.  സ്പെയിനിൽ 2019 അവസാനം നടന്ന COP 25 ന് ശേഷം യു. കെ യിലെ ഗ്ലാസ്‌ഗോയിൽ  2020 ൽ നടക്കേണ്ടിയിരുന്ന COP 26 കോവിഡ് സാഹചര്യം മുൻനിർത്തി 2021 ലാണ് നടക്കുന്നത്.

പാരിസ്  ഉടമ്പടി കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള മഹത്തായ ലക്ഷ്യങ്ങൾ മുന്നോട്ട് വെക്കുന്നു. ഇവ 2015-ൽ ആരംഭിച്ചതും 2030-ൽ കൈവരിക്കാനുദ്ദേശിക്കുന്നതുമായ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals, SDGs) കൈവരിക്കുന്നതിനും നിർണായകമാണ്. പാരിസ്  ഉടമ്പടി നിയമപരമായ ആദ്യത്തെ കാലാവസ്ഥാ ഉടമ്പടി കൂടിയാണ്. ഈ ഉടമ്പടി ഇതേവരെ 198 പാർട്ടികൾ അംഗീകരിച്ചു (197 രാജ്യങ്ങളും 27 അംഗ യൂറോപ്യൻ യൂണിയനും). ഇവരെല്ലാം ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ പ്രതിജ്ഞാബദ്ധരാണ്. ആഗോള താപനിലയിലെ ശരാശരി വർദ്ധനവ് വ്യാവസായികഘട്ടത്തിന് മുമ്പുള്ള നിലയേക്കാൾ 2ഡിഗ്രി സെൽഷ്യസിനു താഴെയായി പിടിച്ചുനിർത്തുകയും; താപനിലവർദ്ധന വ്യാവസായികഘട്ടത്തിന്  മുമ്പുള്ളതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുക എന്നതാണ് പാരിസ് ഉടമ്പടിയുടെ പ്രധാന ലക്ഷ്യം.

പാരിസ്  ഉടമ്പടി ബഹുമുഖ കാലാവസ്ഥാ വ്യതിയാന പ്രക്രിയയിലെ ഒരു നാഴികക്കല്ലാണ്, കാരണം ആദ്യമായി, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും അതിന്റെ  പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനും എല്ലാ രാജ്യങ്ങളെയും ഒരുമിച്ചു കൊണ്ടുവരാനായി. യു. എസ്. എ. ആദ്യം ഒപ്പിടുവാൻ വിസമ്മതിച്ചുവെങ്കിലും (പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന് കാലാവസ്ഥ മാറ്റം എന്ന യാഥാർഥ്യത്തിൽ വിശ്വാസമേയുണ്ടായിരുന്നില്ല!)  ഇപ്പോഴത്തെ പ്രസിഡണ്ട് ജോ ബിഡൻ അധികാരത്തിൽ  വന്നതിനു ശേഷം കാലാവസ്ഥാ ചർച്ചകളിൽ സജീവമായി ഇടപെടുന്നുണ്ട്, പാരിസ് ഉടമ്പടിയിലും ഒപ്പിട്ടു.

ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്രീയവിവരങ്ങളെ അടിസ്ഥാനമാക്കി പാരിസ്  ഉടമ്പടി നടപ്പിലാക്കുന്നതിന് സാമ്പത്തികവും സാമൂഹികവുമായ പരിവർത്തനം ആവശ്യമാണ്. കൂടാതെ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങളെ നേരിടാനുള്ള രാജ്യങ്ങളുടെ കഴിവ് വർധിപ്പിക്കാനും, കുറഞ്ഞ ഹരിതഗൃഹവാതക ഉദ്‌വമനത്തിനും കാലാവസ്ഥയെ പ്രതിരോധിക്കുന്ന പാതയ്ക്കും അനുസൃതമായി ധനപ്രവാഹം നടത്താനും കരാർ ലക്ഷ്യമിടുന്നു. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, സാമ്പത്തിക സ്രോതസ്സുകളുടെ ഉചിതമായ സമാഹരണവും വിതരണവും, ഒരു പുതിയ സാങ്കേതിക ചട്ടക്കൂട്, ശേഷി വർദ്ധിപ്പിക്കൽ എന്നിവ ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ വികസ്വര രാജ്യങ്ങളും ഏറ്റവും ദുർബലരായ രാജ്യങ്ങളും അവരുടെ സ്വന്തം ദേശീയ ലക്ഷ്യങ്ങൾക്ക് അനുസൃതമായി പ്രവർത്തനത്തെ പിന്തുണക്കണം. ഇത്തരം പ്രവർത്തനങ്ങൾക്കും പിന്തുണയ്‌ക്കുമായി മെച്ചപ്പെട്ട സുതാര്യമായ നടപടിക്രമങ്ങളും കരാർ മുമ്പൊട്ടുവെക്കുന്നു.

പാരിസ്  ഉടമ്പടിയുടെ ലക്ഷ്യങ്ങൾ

പാരിസ്  ഉടമ്പടിയുടെ പ്രധാന ലക്ഷ്യം ലഘൂകരണം (mitigation) തന്നെ; അതായത്.  ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുക. പാരിസ് ഉടമ്പടിയിൽ 29 വ്യവസ്ഥകൾ (ആർട്ടിക്കിളുകൾ) ഉണ്ട്. ചില ആർട്ടിക്കിളുകൾ വളരെ വ്യക്തമാണ്. മറ്റ് രാജ്യങ്ങളുമായി സഹകരിച്ച് ചെയ്യേണ്ടവയുടെ കാര്യത്തിൽ വ്യക്തത ഇനിയും വരാനുണ്ട്. വരുംവർഷങ്ങളിലെ COP കൾ അത് ചെയ്യുമെന്ന് കരുതാം.  ആർട്ടിക്കിൾ 1 ൽ ചില സുപ്രധാന പദങ്ങളുടെ നിർവ്വചനങ്ങളാണ്. ആർട്ടിക്കിൾ 2 ന്റെ തുടക്കത്തിൽ എഴുതിയിരിക്കുന്നു (ഖണ്ഡിക 1), “സുസ്ഥിര വികസനത്തിന്റെയും ദാരിദ്ര്യം തുടച്ചുനീക്കാനുള്ള ശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണിയോടുള്ള ആഗോള പ്രതികരണം ശക്തിപ്പെടുത്തുക എന്നതാണ് ഈ കരാർ, അതിന്റെ ലക്ഷ്യം ഉൾപ്പെടെ, കൺവെൻഷന്റെ നടപ്പാക്കൽ വർദ്ധിപ്പിക്കുന്നതിന് ലക്ഷ്യമിടുന്നത്”.

സുസ്ഥിര വികസനം, ദാരിദ്ര്യം തുടച്ചു നീക്കൽ തുടങ്ങിയ കാലാവസ്ഥാ നീതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആദ്യംതന്നെ പറഞ്ഞുവെങ്കിലും  അത്തരത്തിലുള്ള പ്രവർത്തങ്ങൾ അധികമൊന്നും മുമ്പോട്ടു കൊണ്ടുപോകനായിട്ടില്ല. ആർട്ടിക്കിൾ 2 ൽ മൂന്നു പ്രധാന ലക്ഷ്യങ്ങളാണ് പറഞ്ഞിട്ടുള്ളത്.

ആർട്ടിക്കിൾ 2. ഖണ്ഡിക 1a: കാലാവസ്ഥാ മാറ്റത്തിന്റെ അപകടസാധ്യതകളും ആഘാതങ്ങളും ഗണ്യമായി കുറക്കാൻ സാധിക്കുമെന്ന് തിരിച്ചറിഞ്ഞ്, ആഗോള താപനിലയിലെ ശരാശരി വർദ്ധനവ് വ്യാവസായികഘട്ടത്തിന് മുമ്പുള്ള നിലയേക്കാൾ 2 ഡിഗ്രി സെൽഷ്യസിനു താഴെയായി കൊണ്ടുവരികയും, താപനില വർദ്ധനവ് വ്യാവസായികഘട്ടത്തിന് മുമ്പുള്ള നിലയേക്കാൾ 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുക.

ആഗോള താപനിലയിലെ ശരാശരി വർദ്ധനവ് വ്യാവസായികഘട്ടത്തിന്  മുമ്പുള്ളതിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസിൽ താഴെയായി പരിമിതപ്പെടുത്താൻ കരാർ ശ്രമിക്കുന്നു. ഇത് നേടുന്നതിന്, ആഗോള ഹരിതഗൃഹ വാതക ഉദ്‌വമന വക്രം കഴിയുന്നത്ര വേഗം ഉയർന്ന് പിന്നീട് കുറഞ്ഞു വരണം.. ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നെറ്റ് സീറോയിലെത്താൻ ഇത് പാർട്ടികളെ അനുവദിക്കും (2050-2100). ഇന്ത്യയുടെ കാർബൺ ഉദ്‌വമനം 2040 നും 2045 നും ഇടയിൽ  ഉയർന്ന് പിന്നീട് കുറയുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്തേണ്ടതിന്റെ ആവശ്യകത ഈയടുത്ത വർഷങ്ങളിൽ ലോക നേതാക്കൾ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അതിനൊരു കാരണവുമുണ്ട്.  ഐക്യരാഷ്ട്രസഭയുടെ IPCC സൂചിപ്പിക്കുന്ന പ്രകാരം 1.5 ഡിഗ്രി സെൽഷ്യസ് പരിധി കടക്കുന്നത് കഠിനമായ വരൾച്ച, ഉഷ്ണതരംഗങ്ങൾ, പേമാരി  എന്നിവയുൾപ്പെടെ ഗുരുതരമായ കാലാവസ്ഥാ വ്യതിയാന ആഘാതങ്ങൾ സ്ഥിരമായി ഉണ്ടാകാനുള്ള അപകടസാധ്യത വർധിപ്പിക്കും.

നിലവിൽ, ഭൂമിയുടെ താപനില  1800-കളുടെ അവസാനമുണ്ടായിരുന്നതിനേക്കാൾ 1.1 ഡിഗ്രി സെൽഷ്യസ് കൂടുതലാണ്. കാർബൺ ഉദ്വമനം വർദ്ധിച്ചുകൊണ്ടുമിരിക്കുന്നു. ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസിൽ കൂടാതിരിക്കാൻ, പാരിസ്  ഉടമ്പടിയിൽ ആവശ്യപ്പെടുന്നത് പോലെ, 2030-ഓടെ ഉദ്‌വമനം 43 ശതമാനം കുറയ്ക്കുകയും (2005 ലെ നിലയുമായി താരതമ്യം ചെയ്യുമ്പോൾ) 2050-ഓടെ നെറ്റ് സീറോയിലെത്തുകയും വേണം. നെറ്റ് സീറോ എന്നാൽ കാർബൺ ഉദ്‌വമനം കുറച്ചുകൊണ്ടു വന്ന് ആഗിരണവും ഉദ്‌വമനവും തുല്യമാക്കി  അവ തട്ടിക്കിഴിച്ചാൽ പൂജ്യമാക്കുക എന്നാണ് അർത്ഥമാക്കുന്നത്.

ആർട്ടിക്കിൾ 2. ഖണ്ഡിക 1b: കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ഭക്ഷ്യ ഉൽപ്പാദനത്തിന് ഭീഷണിയാകാത്ത വിധത്തിൽ കാലാവസ്ഥാ പ്രതിരോധശേഷിയും കുറഞ്ഞ ഹരിതഗൃഹവാതക ഉദ്‌വമന വികസനതന്ത്രങ്ങളും  പ്രോത്സാഹിപ്പിക്കുക.

‘ഭക്ഷ്യോൽപ്പാദനത്തിന് ഭീഷണിയാകാത്ത വിധത്തിൽ കാലാവസ്ഥാ പ്രതിരോധശേഷിയും കുറഞ്ഞ ഹരിതഗൃഹ വാതക ഉദ്‌വമന വികസനതന്ത്രങ്ങളും  പ്രോത്സാഹിപ്പിക്കുക’ എന്ന് പറഞ്ഞതിൽ കാര്യമുണ്ട്, ലോകജനസംഖ്യ 2050ൽ 1000 കോടി കടക്കുമെന്നാണ് സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തിലുള്ള പ്രവചനം (നിലവിൽ 810 കോടി). ആഗോള ഭക്ഷ്യോൽപ്പാദനം നിലവിലുള്ളതിനെക്കാൾ 60 ശതമാനം കണ്ട് വർദ്ധിക്കണമെന്നാണ് ഐക്യരാഷ്ട്ര സഭ പറയുന്നത്. അതായത് നിലവിലുള്ള കൃഷിഭൂമിയിൽ നിന്ന് കൂടുതൽ വിളയിക്കുന്ന കടുംകൃഷി തന്നെ തുടരേണ്ടി വരും. പക്ഷേ, ശാസ്ത്രീയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംയോജിത കൃഷിരീതികളും, നല്ല കൃഷിമുറകളും മറ്റും അവലംബിച്ചു കൊണ്ടുള്ളതായിരിക്കണം. ‘ആവശ്യത്തിൽ കൂടുതൽ ഉല്പ്പാദനമുണ്ട്, വിതരണം ശരീയായാൽ  മതി’,  എന്നൊക്കെ ചിലർ പറയുന്നതിൽ ആത്മാർത്ഥതയില്ല. വിതരണമൊക്കെ ശരിയാവുന്ന ഒരു ലോകക്രമം എന്നാണ് ഉണ്ടാവുക? ഐക്യരാഷ്ട്രസഭ തന്നെ പറയുന്നു, ആരെയും പിന്നിലാക്കരുത്!

ആർട്ടിക്കിൾ 2. ഖണ്ഡിക 1c: കുറഞ്ഞ ഹരിതഗൃഹ വാതക ഉദ്‌വമനം, കാലാവസ്ഥാ-പ്രതിരോധശേഷിയുള്ള വികസനം എന്നിവയിലേക്കുള്ള പാതയുമായി പൊരുത്തപ്പെടുന്ന ധനപ്രവാഹം സൃഷ്ടിക്കുക.

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വികസ്വര രാജ്യങ്ങളെയാണ്. വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് നൽകേണ്ട സാമ്പത്തിക, സാങ്കേതിക, ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള പിന്തുണയുടെ ചട്ടക്കൂടും കരാറിലുണ്ട്. ഈ പിന്തുണ ദരിദ്ര രാഷ്ട്രങ്ങളുടെ  കാലാവസ്ഥാ ലഘൂകരണ നടപടികളിലും (mitigation) പൊരുത്തപ്പെടൽ ശ്രമങ്ങളിലും (adaptation)  അവരെ സഹായിക്കാൻ ഉദ്ദേശിച്ച് കൊണ്ടാണ്. പക്ഷേ, ഇവയൊന്നും ഏഴു വർഷം കഴിഞ്ഞിട്ടും മൂർത്തരൂപത്തിൽ ആയിട്ടില്ല!

പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും

ആർട്ടിക്കിൾ 2.2 ൽ പറയുന്നു: വ്യത്യസ്‌ത ദേശീയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ, ധർമനീതിയും (equity), ‘പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ (common but differentiated responsibilities and respective capabilities) പ്രതിഫലിപ്പിച്ചുകൊണ്ടാണ് ഈ കരാർ നടപ്പിലാക്കുക.

‘പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ (Common but differentiated responsibilities and respective capabilities, CBDR-RC) എന്ന തത്ത്വം വളരെ പ്രധാനമാണ്. കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്നതിൽ ഓരോ രാജ്യത്തിന്റെയും  വ്യത്യസ്ത കഴിവുകളും ഉത്തരവാദിത്തങ്ങളും CBDR-RC കണക്കിലെടുക്കുന്നു. ആഗോള പാരിസ്ഥിതിക നാശത്തെ അഭിസംബോധന ചെയ്യാൻ എല്ലാ രാജ്യങ്ങളും ബാധ്യസ്ഥരാണ്, എന്നാൽ തുല്യ ഉത്തരവാദിത്തമല്ല! ഇതിനർത്ഥം ഓരോ പാർട്ടിയുടെയും സാമൂഹിക സാമ്പത്തിക വ്യത്യാസങ്ങളും അവരുടെ ഭൗതികവും സാമ്പത്തികവുമായ ശേഷികളും കണക്കിലെടുക്കുന്നു എന്നാണ്. കാലാവസ്ഥാ വ്യതിയാന ലഘൂകരണ പദ്ധതികളും അഡാപ്റ്റേഷൻ സപ്പോർട്ട് മെക്കാനിസങ്ങളും ഈ തത്ത്വങ്ങളാൽ നിർവചിക്കപ്പെട്ടിട്ടുണ്ട്, അവ തുടക്കത്തിൽ തന്നെ UNFCC സ്വീകരിച്ചു.

ഐക്യരാഷ്ട്രസഭ  മുമ്പോട്ടു വെക്കുന്ന മറ്റൊരു തത്ത്വമാണ്  ‘ആരെയും പിന്നിലാക്കാരത്’(Leave no one behind, LNOB). മറ്റൊരു തത്ത്വം ‘നീതിപൂർവമായ പരിവർത്തനം’ (just transition) ആണ്ബന്ധപ്പെട്ട എല്ലാവരെയും ന്യായമായി ഉൾക്കൊണ്ട്, മാന്യമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയും, ആരെയും പിന്നിലാക്കാതെ സമ്പദ്‌വ്യവസ്ഥയെ ഹരിതവൽക്കരിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ അർഥം .

ലക്ഷ്യങ്ങളോടൊപ്പം അവ കൈവരിക്കുന്നതിനുള്ള പ്രവർത്തന പദ്ധതികൂടി  ഉണ്ടാകണം. പാരിസ്  ഉടമ്പടിയുടെ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിനുള്ള മാർഗരേഖ രൂപപ്പെടുത്തിയിട്ടുണ്ട്. ചില കാര്യങ്ങളിൽ ഇനിയും വ്യക്തത വരാനുണ്ട്. മാർഗ്ഗനിർദ്ദേശങ്ങൾ പാരിസ്  റൂൾബുക്കിൽ (കാറ്റോവിസ് കാലാവസ്ഥാ പാക്കേജ്) പ്രതിപാദിച്ചിരിക്കുന്നു. ഈ റൂൾബുക്ക്  2018 ഡിസംബറിൽ പോളണ്ടിലെ കറ്റോവിസിൽ നടന്ന കോൺഫറൻസിൽ (COP24) അംഗീകരിക്കുകയും 2021 നവംബറിൽ നടന്ന COP26-ൽ (ഗ്ലാസ്‌ഗോ, സ്കോട്ട്‌ലൻഡ്) അന്തിമമാക്കുകയും ചെയ്തു.

ദേശീയമായി നിർണ്ണയിക്കുന്ന നടപടികൾ 

പാരിസ്  ഉടമ്പടിയുടെ മർമ്മമാണ് ഓരോ രാജ്യത്തിന്റെയും ‘ദേശീയമായി നിർണ്ണയിക്കുന്ന നടപടികൾ’ (Nationally Determined Contributions,NDCs).  പാരിസ്  ഉടമ്പടി (ആർട്ടിക്കിൾ 3, 4) ഓരോ രാജ്യവും കൈവരിക്കാൻ ഉദ്ദേശിക്കുന്ന ദേശീയമായി നിർണ്ണയിക്കുന്ന നടപടികൾ തയ്യാറാക്കാനും, ആശയവിനിമയം നടത്താനും, നിലനിർത്താനും ആവശ്യപ്പെടുന്നു. അത്തരം നടപടികളുടെ ഉദ്ദേശങ്ങൾ കൈവരിക്കുക എന്ന ലക്ഷ്യത്തോടെ പാർട്ടികൾ ആഭ്യന്തര ലഘൂകരണ നടപടികൾ പിന്തുടരണം. എൻ.ഡി.സി. കൾ തയ്യാറാക്കുന്നതും നടപ്പിൽ വരുത്തുന്നതും ‘പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് ശേഷികളും’(CBDR-RC) പ്രതിഫലിപ്പിച്ചുകൊണ്ടാവണം.

ദേശീയമായി നിർണ്ണയിക്കപ്പെട്ട നടപടികൾ GHG ഉദ്വമനം കുറയ്ക്കുന്നതിനും കാലാവസ്ഥാ ആഘാതങ്ങളുമായി പൊരുത്തപ്പെടുന്നതിനുമുള്ള ഒരു കാലാവസ്ഥാ പ്രവർത്തന പദ്ധതിയാണ്. പാരിസ്  ഉടമ്പടിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി തങ്ങളുടെ ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിന് സ്വീകരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് രാജ്യങ്ങൾ അവരുടെ NDC-കൾ വഴി അറിയിക്കുന്നു. ഓരോ പാർട്ടിയും രാജ്യത്തിനു വേണ്ടി എൻ.ഡി.സി. തയ്യാറാക്കുകയും ഓരോ അഞ്ച് വർഷം കൂടുമ്പോൾ അത് പരിഷ്കരിക്കുകയും വേണം. 2020 മുതൽ ഓരോ അഞ്ച് വർഷത്തേക്കും   പാർട്ടികൾ സമർപ്പിക്കേണ്ട കാലാവസ്ഥാ പ്രവർത്തന പദ്ധതികളാണിവ. മുൻ പതിപ്പിനെ അപേക്ഷിച്ച് കൂടുതൽ ഉയർന്ന അഭിലാഷം പ്രതിഫലിപ്പിക്കാനാണ് പരിഷ്കരിക്കുന്ന  ഓരോ എൻ.ഡി.സി.യും ശ്രമിക്കേണ്ടത്.

ഇന്ത്യയുടെ കാർബൺ ഉദ്‌വമനം 2040 നും 2045 നും ഇടയിൽ  ഉയർന്ന് പിന്നീട് കുറയുകയും ചെയ്യുമെന്ന അനുമാനത്തിലാണ്  2070 നെറ്റ് സീറോ’ ലക്ഷ്യ വർഷമായി സ്വീകരിച്ചിരിക്കുന്നത് .

പാരിസ്  ഉടമ്പടി രാജ്യങ്ങളോട് അവരുടെ NDC-കൾ 2020 മുതൽ ഓരോ അഞ്ച് വർഷം കൂടുമ്പോഴും അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ആഗോളതാപനം 1.5 ഡിഗ്രി സെൽഷ്യസായി പരിമിതപ്പെടുത്താൻ ആസൂത്രണം ചെയ്തിട്ടുള്ള ഉദ്വമനം വെട്ടിക്കുറയ്ക്കലും നിലവിലുള്ള ഉദ്‌വമനം കുറയ്ക്കലും തമ്മിലുള്ള വലിയ വിടവ് കണക്കിലെടുത്ത്, 2021 നവംബറിലെ ഗ്ലാസ്‌ഗോ ഉച്ചകോടി (COP 26) എല്ലാ രാജ്യങ്ങളോടും 2022-ൽ തങ്ങളുടെ NDC-കളിലെ ലക്ഷ്യങ്ങൾ പുനഃപരിശോധിക്കാനും പരിഷ്കരിക്കാനും ആഹ്വാനം ചെയ്തു. ഇന്ത്യ  2022 ൽ തന്നെ പരിഷ്കരിച്ച NDC കൾ സമർപ്പിച്ചിട്ടുണ്ട്.

പാരിസ്  ഉടമ്പടിയിലെ വിപണി, വിപണി ഇതര സമീപനങ്ങൾ

വിവിധ രാജ്യങ്ങൾ ഹരിതഗൃഹവാതക ഉദ്‌വമനത്തിന് സ്വയം പരിധി നിശ്ചയിക്കുമ്പോൾ, ആ പരിധിവരെ GHG പുറന്തള്ളാനുള്ള അവകാശമുണ്ട് എന്നൊരു നിലപാട് ഉണ്ടാകുകയാണ്. പ്രഖ്യാപിത പരിധിക്കും വളരെ  താഴെയായി ഉൽസർജനം കുറയ്ക്കുന്ന രാജ്യങ്ങൾക്കോ കമ്പനികൾക്കോ വേണമെങ്കിൽ ഈ ‘നേട്ടം’ വിൽക്കാൻ സാധിക്കുന്ന തരത്തിലുള്ള ചില വ്യവസ്ഥകൾ ഉടമ്പടിയുടെ ആർട്ടിക്കിൾ 6 ലുണ്ട്. അതായത്, GHG കൾ പുറന്തള്ളാനുള്ള ‘ഉപയോഗിക്കാത്ത അവകാശം’, ഒരു ടൺ CO2 ന് തുല്യമായി കണക്കാക്കി  (CO2e) തങ്ങളുടെ ലക്ഷ്യം കൈവരിക്കാൻ കഴിയാത്ത  രാജ്യങ്ങൾക്കും കമ്പനികൾക്കും ഇത്തരം യൂണിറ്റുകൾ (ഒരു യൂണിറ്റ്, ഒരു ടൺ)വാങ്ങി കുറവ് നികത്താനാകും. ഈ സംവിധാനത്തിന് വ്യക്തമായ നിയമങ്ങളും സുതാര്യതയും ആവശ്യമാണ്. ഇതുമായി ബന്ധപ്പെട്ടാണ് കാർബൺ ക്രഡിറ്റ്, കാർബൺ ഓഫ്സെറ്റിങ് എന്നീ പ്രയോഗങ്ങൾ ഉയർന്ന് വന്നിട്ടുള്ളത്.

ക്യോട്ടോ പ്രോട്ടോക്കോൾ മൂന്ന് വിപണി സംവിധാനങ്ങൾ സൃഷ്ടിച്ചിരുന്നു.  ആദ്യത്തേത്തേതായ കാർബൺ വ്യാപാരം  (emission trading) ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ വർദ്ധിച്ചുവരുന്ന എമിഷൻ മാർക്കറ്റുകളിലേക്ക് നയിച്ചു. ഒരുപക്ഷേ ഏറ്റവും അറിയപ്പെടുന്നത് യൂറോപ്യൻ യൂണിയൻ എമിഷൻസ് ട്രേഡിംഗ് സിസ്റ്റം (EUETS) ആണ്. മറ്റ് രണ്ട് മാർക്കറ്റ് സംവിധാനങ്ങൾ പ്രോജക്ട് അധിഷ്ഠിതമാണ്, സംശുദ്ധ വികസന തന്ത്രവും (ക്ലീൻ ഡെവലപ്‌മെന്റ് മെക്കാനിസം, CDM),  സംയുക്ത നിര്‍വ്വഹണവും  (ജോയിന്റ് ഇംപ്ലിമെൻ്റേഷൻ, JI).

ക്യോട്ടോ പ്രോട്ടോക്കോളിൽ, കാർബൺ ക്രഡിറ്റ് വ്യക്തവും പ്രമുഖവുമായ ഒരു തന്ത്രമായിരുന്നു. ക്യോട്ടോയിൽ വ്യാവസായിക രാജ്യങ്ങൾക്ക്  മാത്രമായിരുന്നു  ഉദ്‌വമനം കുറയ്ക്കാനുള്ള ബാധ്യസ്ഥത. അവർക്ക് വികസ്വര രാജ്യങ്ങളിലെ കാർബൺ പ്രോജക്റ്റുകൾക്ക് ഫണ്ട് നൽകാനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാനും ഇത് വഴി ഉദ്ദേശിച്ചിരുന്നു. പകരമായി, വ്യാവസായിക രാജ്യങ്ങൾക്ക് ഈ പദ്ധതികൾ കൈവരിച്ച GHG കുറവുകൾ അവകാശപ്പെടുന്നതിലൂടെ അവരുടെ ബാധ്യതകൾ കൂടുതൽ വിലകുറഞ്ഞ രീതിയിൽ നിറവേറ്റാനുമായി. ചില വികസ്വര രാജ്യങ്ങൾ അത്തരമൊരു കൈമാറ്റത്തിൽ നിന്ന് വലിയ തോതിലുള്ള പ്രയോജനങ്ങൾ നേടി. പക്ഷേ, പാരിസ്  ഉടമ്പടി ഈ പഴയ ചിത്രത്തെ വളരെയധികം സങ്കീർണ്ണമാക്കുകയാണ്. എല്ലാ രാജ്യങ്ങൾക്കും, വികസിത, വികസ്വര രാജ്യഭേദമില്ലാതെ,  ഉദ്‌വമനം കുറയ്ക്കാൻ ബാധ്യതയുണ്ട് എന്നതിനർത്ഥം, കാർബൺ ക്രഡിറ്റുകൾ വാങ്ങി തട്ടിക്കിഴിക്കാനുള്ള അവസരങ്ങൾ കുറവായിരിക്കുമെന്നാണ്!

ആർട്ടിക്കിൾ 6 പാരിസ്  ഉടമ്പടിയിലെ സങ്കീർണ്ണമായ ഒരു വ്യവസ്ഥയാണ്.  കാർബൺ ക്രെഡിറ്റുകളുടെ കൈമാറ്റം വഴി രാജ്യങ്ങളുടെ ദേശീയമായി നിശ്ചയിച്ചിട്ടുള്ള നടപടികളിൽ (NDC) എമിഷൻ കുറയ്ക്കൽ പരിധികൾ കൈവരിക്കുന്നതിന് പരസ്പരം സഹകരിക്കാൻ ഇത് രാജ്യങ്ങളെ അനുവദിക്കുന്നു. മാർക്കറ്റ് സംവിധാനങ്ങളുടെ പ്രാധാന്യം  കണക്കിലെടുത്ത്, മുൻകാലങ്ങളിൽ നിന്നുള്ള പാഠങ്ങൾകൂടി ഉൾക്കൊണ്ട്, ഒരു പുതിയ മാർക്കറ്റ് സംവിധാനം സൃഷ്ടിക്കാൻ പാർട്ടികൾ സമ്മതിച്ചിട്ടുണ്ട്.  ആർട്ടിക്കിൾ 6 ൽ  രണ്ട് വിപണി സംവിധാനവും ഒരു വിപണി ഇതര സംവിധാനവുമാണുള്ളത്.

ആർട്ടിക്കിൾ 6.2 : NDC ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് രാജ്യങ്ങൾക്കിടയിൽ കാർബൺ ക്രെഡിറ്റുകളുടെ ഉഭയകക്ഷി വ്യാപാരം അനുവദിക്കുന്നു. ഇങ്ങിനെ ക്രയവിക്രയം ചെയ്യുന്ന ക്രെഡിറ്റുകളെ ‘അന്താരാഷ്ട്രതലത്തിൽ കൈമാറ്റം ചെയ്യപ്പെടുന്ന ലഘൂകരണഫലങ്ങൾ’(Internationally Transferred Mitigation Outcomes, ITMOs) എന്ന് വിളിക്കുന്നു. ട്രേഡിംഗ് ക്രെഡിറ്റുകൾക്കായി രാജ്യങ്ങൾ സ്വന്തം മാർഗ്ഗനിർദ്ദേശങ്ങൾ തീരുമാനിക്കുന്നതിനാൽ ഇതൊരു വികേന്ദ്രീകൃത സമീപനമാണ്.

ആർട്ടിക്കിൾ 6.4: UNFCCC യുടെ മേൽനോട്ടത്തിൽ ഒരു പുതിയ ആഗോള കാർബൺ വിപണി സൃഷ്ടിക്കുകയാണ് ലക്ഷ്യം . ഇത് 2024-25-ൽ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ക്യോട്ടോ പ്രോട്ടോക്കോളിന് കീഴിൽ കാർബൺ വ്യാപാരം സാധ്യമാക്കിയ പഴയ സംശുദ്ധ വികസന തന്ത്രത്തിന് (Clean development mechanism, CDM) പകരമായിട്ടാണ് ഈ സംവിധാനം. ഈ സിസ്റ്റത്തിന് പ്രത്യേക ഔദ്യോഗിക പേര് ഇല്ലെങ്കിലും പലരും ‘സുസ്ഥിര വികസന സംവിധാനം’ (Sustainable Development Mechanism, SDM) എന്ന് വിളിക്കുന്നുണ്ട്. ഇവയിൽ നിന്നുള്ള എമിഷൻ റിഡക്ഷൻ യൂനിറ്റുകൾ (ER) രാജ്യങ്ങൾക്കോ കമ്പനികൾക്കോ വ്യക്തികൾക്കോ വാങ്ങാം. ITMO-കളിൽ നിന്ന് വ്യത്യസ്തമായി, ER ക്രെഡിറ്റുകൾ UNFCCC മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചായിരിക്കണം. രാജ്യങ്ങളെ അവരുടെ NDC-കൾ നേടാൻ സഹായിക്കുന്നതിനൊപ്പം, SDM രൂപകൽപ്പന ചെയ്തിരിക്കുന്നത് സുസ്ഥിര വികസനത്തിന് പിന്തുണ നൽകുന്നതിനും മലിനീകരണം കുറയ്ക്കുന്നതിനുമപ്പുറം ലഘൂകരണശ്രമങ്ങളിൽ  പങ്കാളികളാകുന്നതിന് സ്വകാര്യ മേഖലയെ അണിനിരത്തുന്നതിനും കൂടിയാണ്.

ആർട്ടിക്കിൾ 6.8: പാരിസ്  ഉടമ്പടിയുടെ ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്നങ്ങളിലൊന്ന് ആർട്ടിക്കിൾ 6.8 ൽ അടങ്ങിയിരിക്കുന്ന മാർക്കറ്റ് ഇതര സംവിധാനങ്ങളുടെ (non-market approaches, NMA) നിർവചനത്തെ സംബന്ധിച്ചാണ്.  രാജ്യങ്ങൾ തമ്മിലുള്ള കാലാവസ്ഥാ സഹകരണത്തിനായുള്ള മാർക്കറ്റ് ഇതര സമീപനങ്ങൾക്ക് ഒരു ഔപചാരിക ചട്ടക്കൂട് ഈ ആർട്ടിക്കിൾ നൽകുന്നു. പക്ഷേ,  അവിടെ പുറന്തള്ളലിന്റെ വ്യാപാരം ഉൾപ്പെടുന്നില്ല. ഉദാഹരണത്തിന്, സാങ്കേതികവിദ്യ കൈമാറ്റം, ശേഷി വർദ്ധിപ്പിക്കൽ, വികസന സഹായം അല്ലെങ്കിൽ ഉദ്വമനം നിരുത്സാഹപ്പെടുത്തുന്നതിനുള്ള നികുതികൾ. എന്നിവ.  മാർക്കറ്റ് ഇതര സംവിധാനങ്ങൾക്കായി ഒരു ചട്ടക്കൂട് സൃഷ്ടിക്കാനും ധാരണയായിട്ടുണ്ട്.

കാർബൺ വിപണികൾക്കെതിരെ ധാരാളം വിമർശനങ്ങളുമുണ്ട്.  ഭൂരിഭാഗം കാർബൺ ക്രഡിറ്റ്  പ്രോജക്റ്റുകളും ശാശ്വതമല്ലെന്നും യഥാർത്ഥത്തിൽ ഉദ്‌വമനം കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യുന്നില്ലെന്നും വിമർശകർ ചൂണ്ടിക്കാണിച്ചതോടെ, ക്രെഡിറ്റുകളുടെ ഗുണനിലവാരം തർക്കത്തിലായി. കാർബൺ ക്രഡിറ്റുകളുടെ പേരിൽ പല രാജ്യങ്ങളും ചെയ്യുന്നത് ‘ഗ്രീൻ വാഷിങ്’ ആണ് എന്നതാണ് വലിയൊരു വിമർശനം (കാർബൺ വ്യാപാരവും ആർട്ടിക്കിൾ 6 ഉം ആയി ബന്ധപ്പെട്ട വിവരങ്ങൾ വിശദമായി പിന്നീട് എഴുതുന്നതാണ്).

പൊരുത്തപ്പെടൽ സംവിധാനങ്ങൾ  

കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിന് (climate adaptation) പാരിസ്  ഉടമ്പടി ഒരു ആഗോളലക്ഷ്യം കാണുന്നുണ്ട്. ഉടമ്പടിയിലെ താപനില ലക്ഷ്യത്തിന്റെ പശ്ചാത്തലത്തിൽ പൊരുത്തപ്പെടൽ ശേഷി വർദ്ധിപ്പിക്കുക, പ്രതിരോധശേഷി ശക്തിപ്പെടുത്തുക, കാലാവസ്ഥാ മാറ്റത്തിനുള്ള സാധ്യത കുറയ്ക്കുക തുടങ്ങിയ്ക്കുള്ള പിന്തുണയും അന്താരാഷ്ട്ര സഹകരണവും ഉൾപ്പെടെയുള്ള ദേശീയ പൊരുത്തപ്പെടുത്തൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് ഇത് ലക്ഷ്യമിടുന്നത് (ആർട്ടിക്കിൾ 7).

പൊരുത്തപ്പെടൽ എല്ലാരാജ്യങ്ങളും അഭിമുഖീകരിക്കുന്ന ഒരു ആഗോള വെല്ലുവിളിയാണ്. എല്ലാ കൺവെൻഷൻ പാർട്ടികളും ദേശീയ അഡാപ്റ്റേഷൻ പ്ലാനുകൾ രൂപപ്പെടുത്തുകയും നടപ്പിലാക്കുകയും ചെയ്യുന്നത് ഉൾപ്പെടെയുള്ള പൊരുത്തപ്പെടൽ പ്രവർത്തനങ്ങളിൽ ഏർപ്പെടണം, കൂടാതെ അവരുടെ മുൻഗണനകൾ, ആവശ്യങ്ങൾ, പദ്ധതികൾ, പ്രവർത്തനങ്ങൾ എന്നിവ വിവരിക്കുന്ന ഒരു അഡാപ്റ്റേഷൻ കമ്മ്യൂണിക്കേഷൻ സമർപ്പിക്കുകയും കാലാനുസൃതമായി അപ്ഡേറ്റ് ചെയ്യുകയും വേണ്ടതുണ്ട്. വികസിത രാഷ്ട്രങ്ങൾ വികസ്വര രാജ്യങ്ങളുടെ പൊരുത്തപ്പെടൽ ശ്രമങ്ങൾ അംഗീകരിക്കുകയും ധനസഹായം ചെയ്യുകയും വേണം.

ദേശീയ അഡാപ്റ്റേഷൻ പ്ലാൻ, ദേശീയ ആശയവിനിമയം, NDCs, അല്ലെങ്കിൽ ദ്വിവത്സര സുതാര്യത റിപ്പോർട്ട് (BTR) എന്നിവയുൾപ്പെടെയുള്ള  ആശയവിനിമയങ്ങളോടൊപ്പമോ അല്ലെങ്കിൽ അനുബന്ധമായോ അഡാപ്റ്റേഷൻ കമ്മ്യൂണിക്കേഷൻ സമർപ്പിക്കാം. ഇന്ത്യ പ്രാരംഭ അഡാപ്റ്റേഷൻ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി മൂന്നാമത്തെ ദേശീയ ആശയവിനിമയം (NC3) 2023 ഡിസംബർ 9-ന് സമർപ്പിച്ചു (Third National Communication and Initial Adaptation Communication).

നാശവും നഷ്‌ടവും

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങളുമായി ബന്ധപ്പെട്ട ‘നാശവും നഷ്ടവും’ (loss and damage)   ഒഴിവാക്കുന്നതിനും കുറയ്ക്കുന്നതിനും പരിഹരിക്കുന്നതിനുമുള്ള പ്രാധാന്യവും പാരിസ്  ഉടമ്പടി അംഗീകരിക്കുന്നു (ആർട്ടിക്കിൾ 8). ‘നാശവും നഷ്ടവും’ എന്നത് കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ സൂചിപ്പിക്കുന്നു. മനുഷ്യജീവന്റെ നഷ്ടം, അടിസ്ഥാന സൗകര്യങ്ങൾക്കും കെട്ടിടങ്ങൾക്കുമുണ്ടാകുന്ന കേടുപാടുകൾ, വസ്തുവകകളുടെയും വിളകളുടെയും നഷ്ടം, അതുപോലെ തന്നെ ആവാസവ്യവസ്ഥയുടെ തകർച്ച എന്നിങ്ങനെയുള്ള ആഘാതങ്ങളുടെ ഒരു ശ്രേണിയെ നാശ-നഷ്ടങ്ങൾ സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതികൂല ഫലങ്ങളുമായി ബന്ധപ്പെട്ട നാശനഷ്ടം   സംബന്ധിച്ച് സുഗമമായ സഹകരണത്തിന്റെ അടിസ്ഥാനത്തിൽ, വാർസോ ഇന്റർനാഷണൽ മെക്കാനിസം ഉൾപ്പെടെയുള്ള ധാരണയും പ്രവർത്തനവും പിന്തുണയും കൺവെൻഷൻ പാർട്ടികൾ വർദ്ധിപ്പിക്കേണ്ടതുണ്ട്.

ആഗോള താപനത്തിന്റെ ദുരന്തങ്ങളെ അതിജീവിക്കുന്നതിന് വിഭവദാരിദ്ര്യമനുഭവിക്കുന്ന വികസ്വര രാജ്യങ്ങൾക്ക് വൻതോതിൽ പണം ചിലവഴിക്കേണ്ടിവരും. ചർച്ചകൾ നടക്കുന്നുണ്ടായിരുന്നുവെങ്കിലും കാര്യമായ പുരോഗതിയൊന്നും 2023 അവസാനംവരെ  ഉണ്ടായിരുന്നില്ല.  സമ്മർദ്ദങ്ങൾക്കൊടുവിൽ  ദുബായിയിൽ വെച്ചു നടന്ന  COP28 ൽ  ദുർബലരാജ്യങ്ങളെ സഹായിക്കുന്നതിന്  ഒരു ‘നാശ-നഷ്ട നിധി’ (loss and damage fund) രൂപീകൃത്മായി. കാലാവസ്ഥാമാറ്റത്തിന് യഥാർഥ ഉത്തരവാദികളായ വികസിത രാജ്യങ്ങൾ, അതിൽ പങ്കാളികൾ അല്ലാതിരുന്നിട്ടും പരിണിതഫലങ്ങൾ അനുഭവിക്കേണ്ടി വരുന്ന ദുർബലരാജ്യങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരമായാണ് മേൽപ്പറഞ്ഞ  നാശ-നഷ്ട നിധി വിഭാവനം ചെയ്തിട്ടുള്ളത്. ദുർബല രാഷ്ട്രങ്ങൾക്ക് കാലാവസ്ഥാ വ്യതിയാന പ്രശ്നങ്ങൾ ദൂരീകരിച്ച് പൊരുത്തപ്പെട്ടു പോകണമെങ്കിൽ പ്രതിവർഷം 21,500 മുതൽ 38,700 കോടി ഡോളർ ചിലവഴിക്കേണ്ടിവരുമെന്നാണ് കണക്ക്, എന്നാൽ, കാലാവസ്ഥാമാറ്റത്തിന്റെ യഥാർത്ഥ ഉത്തരവാദികളായ വികസിത രാജ്യങ്ങൾ എല്ലാം കൂടി  വാഗ്ദാനം ചെയ്തിരിക്കുന്നത് ഏകദേശം 70 കോടി ഡോളർ മാത്രമാണ്!  കാലക്രമത്തിൽ കൂടുതൽ ഫണ്ട് ഈ നിധിയിലേക്ക് വന്നുചേരുമെന്നും വികസ്വര രാഷ്ട്രങ്ങൾക്ക്  ആഗോള താപനത്തിന്റെ ദുരന്തങ്ങളെ അതിജീവിക്കുന്നതിന് പൊരുത്തപ്പെടൽ പ്രവർത്തികൾ കൂടുതൽ കാര്യക്ഷമമായി ചെയ്യാനാവുമെന്നും പ്രതീക്ഷിക്കാം.

ഗ്രീൻ ക്ലൈമറ്റ് ഫണ്ട്

പാരിസ്  ഉടമ്പടിയുടെ മറ്റൊരു നിർണായക ഘടകമായ ഗ്രീൻ ക്ലൈമറ്റ് ഫണ്ട് (GCF) ലോകത്തിലെ ഏറ്റവും വലിയ കാലാവസ്ഥാ ഫണ്ടാണ്. വികസ്വര രാജ്യങ്ങൾ അവരുടെ ദേശീയമായി നിശ്ചയിച്ചിട്ടുള്ള നടപടികൾ (NDCs) വഴി കുറഞ്ഞ ഉദ്‌വമനം, കാലാവസ്ഥാ-പ്രതിരോധ പാതകൾ എന്നിവയിലേക്കുള്ള താത്പര്യങ്ങൾ ഉയർത്തുന്നതിനും സാക്ഷാത്കരിക്കുന്നതിനും സഹായിക്കുന്നതിന് നിർബന്ധിതമാണ്. പാരിസ്  ഉടമ്പടിയുടെ ആർട്ടിക്കിൾ 9 ഖണ്ഡിക 8 അനുസരിച്ചാണ് GCF പാരിസ്  ഉടമ്പടി പുഷ്ടിപ്പെടുത്തുന്നത്. വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങളിൽ ലഘൂകരണം,  പൊരുത്തപ്പെടൽ എന്നിവക്കായി പ്രതിവർഷം 100 ബില്യൺ ഡോളർ (ഏകദേശം 83,000 കോടി രൂപ) സമാഹരിക്കുമെന്ന പ്രതിജ്ഞ പാലിക്കേണ്ടതുണ്ട് (തീരുമാനം 53).

നാല് തരം പദ്ധതികളാണ് GCF  ലക്ഷ്യം കൈവരിക്കുന്നതിന് നിലവിലുള്ളത്. (1) നിർമ്മിത പരിസ്ഥിതി; (2). ഊർജ്ജം & വ്യവസായം; (3) മനുഷ്യ സുരക്ഷ, ഉപജീവനമാർഗം, ക്ഷേമം; (4) ഭൂവിനിയോഗം, വനങ്ങൾ, ആവാസവ്യവസ്ഥകൾ.

വർദ്ധിപ്പിച്ച സുതാര്യതാ ചട്ടക്കൂട് 

പാരിസ് ഉടമ്പടിയുടെ ഭാഗമായ രാജ്യങ്ങൾക്ക് ഹരിതഗൃഹവാതക കണക്കുകൾ  ശേഖരിക്കുന്നതിനും റിപ്പോർട്ടുചെയ്യുന്നതിനും, ഉടമ്പടിയുടെ സമഗ്രമായ ലക്ഷ്യങ്ങൾക്കും ദേശീയമായി നിശ്ചയിച്ചിട്ടുള്ള നടപടികൾക്കും (NDCs) അനുസരിച്ച് പുരോഗതി പിന്തുടരുന്നതിനും, അവർ നൽകുന്നതോ സ്വീകരിക്കുന്നതോ ആയ സാമ്പത്തിക പിന്തുണയെക്കുറിച്ചുള്ള വിവരങ്ങൾ  നൽകുന്നതിനുമുള്ള പ്രക്രിയയെ ‘വർദ്ധിപ്പിച്ച സുതാര്യതാ ചട്ടക്കൂട്’ (Enhanced Transparency Framework, ETF) വിശദീകരിക്കുന്നു (ആർട്ടിക്കിൾ 13). 

ദ്വിവത്സര സുതാര്യതാ റിപ്പോർട്ട് (Biennial Transparency  Report, BTR) പഴയ ദ്വിവത്സര അപ്‌ഡേറ്റ് റിപ്പോർട്ടിന്  (Biennial Update Report, BUR ) പകരമുള്ളതാണ്. മുമ്പ്, UNFCC യുടെ രാജ്യങ്ങളുടെ വർഗ്ഗീകരണത്തെ (അനുബന്ധത്തിൽ പേരുള്ളവയും ഇല്ലാത്തവയും) ആശ്രയിച്ച് വ്യത്യസ്ത റിപ്പോർട്ടിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ നല്കിയിരുന്നു. പുതിയ വ്യവസ്ഥ അനുസരിച്ച് പാർട്ടികൾ അവരുടെ BTR-കൾ തയ്യാറാക്കുന്നതിനും ഒരേ ടൈംലൈനിൽ റിപ്പോർട്ടുചെയ്യുന്നതിനും സമാനമായ രീതികളും നടപടിക്രമങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും ഉപയോഗിച്ച് എല്ലാ രാജ്യങ്ങൾക്കും ബാധകമായ ഒരു ഏകീകൃത റിപ്പോർട്ടിംഗ് സംവിധാനം സൃഷ്ടിച്ചിട്ടുണ്ട്. NDC കൾ നടപ്പാക്കുന്നതിലെ പുരോഗതി നിരീക്ഷിക്കുന്നതിന് BTR നിർണായകമാണ്. BTR കൾ സമർപ്പിച്ചുകഴിഞ്ഞാൽ, NDC കൾ പ്രകാരം ഓരോ പാർട്ടിയുടെയും പുരോഗതി വിലയിരുത്തുന്നതിന് ഒരു വിദഗ്ധ സമിതിയുടെ സാങ്കേതിക വിദഗ്ധ അവലോകനത്തിന് (Technical Expert Review, TER) വിധേയമാകുന്നു.

പാരിസ്  ഉടമ്പടിയിലെ എല്ലാ കക്ഷികളും ഡിസംബർ 31-നുള്ള സമയപരിധിക്ക് മുമ്പ് ഈ റിപ്പോർട്ടുകൾ സമർപ്പിക്കണമെന്ന് ETF നിർബന്ധിക്കുന്നു. എന്നാൽ. റിപ്പോർട്ടിംഗിന് ശേഷി തടസ്സങ്ങൾ നേരിടുന്ന ചെറിയ ദ്വീപ് വികസ്വര രാജ്യങ്ങളും തീരെ അവികസിതമായ രാജ്യങ്ങൾക്കും  (LDCs) ഇളവ് അനുവദിച്ചിട്ടുണ്ട്. അതായത്, മറ്റെല്ലാ രാജ്യങ്ങളും 2024 അവസാനത്തോടെ അവരുടെ ആദ്യ സുതാര്യതാ റിപ്പോർട്ടുകൾ സമർപ്പിക്കണം.

നാല് വർഷം കൂടുമ്പോൾ സമർപ്പിക്കേണ്ട ദേശീയ ആശയവിനിമയം (National Communication) തുടരേണ്ടതാണ്. 2023 ഡിസംബർ 9-ന് ഇന്ത്യ മൂന്നാമത്തെ ദേശീയ ആശയവിനിമയം അഡാപ്റ്റേഷൻ കമ്മ്യൂണിക്കേഷൻ സഹിതം (Third National Communication and Initial Adaptation Communication) സമർപ്പിച്ചിട്ടുണ്ട്.

ആഗോള സ്റ്റോക്കെടുപ്പ് 

2023-ലും അതിനുശേഷം ഓരോ 5 വർഷം കൂടുമ്പോഴും നടക്കുന്ന ഒരു ആഗോള സ്റ്റോക്കെടുപ്പ് (global stocktake) പാരിസ് ഉടമ്പടിയുടെ ലക്ഷ്യങ്ങൾ സമഗ്രവും സുഗമവുമായ രീതിയിൽ കൈവരിക്കുന്നതിനുള്ള കൂട്ടായ പുരോഗതി വിലയിരുത്തും (ആർട്ടിക്കിൾ 14). ഉടമ്പടിയുടെ ലക്ഷ്യങ്ങളിലേക്കും അതിന്റെ വിവിധ പരിപാടികൾ നടപ്പാക്കുന്നതിലേക്കും ആഗോള തലത്തിൽ കൂട്ടായ പുരോഗതി വിലയിരുത്തുന്ന ഒരു നിരീക്ഷണ സംവിധാനമാണിത്. ലഭ്യമായ ഏറ്റവും മികച്ച ശാസ്ത്രീയ വിവരങ്ങളെയും അവയുടെ ദീർഘകാല ആഗോള ലക്ഷ്യത്തെയും അടിസ്ഥാനമാക്കിയുള്ളതായിരിക്കും ആഗോള സ്റ്റോക്കെടുപ്പ്.  അതിന്റെ ഫലം പാർട്ടികളെ അവരുടെ പ്രവർത്തനങ്ങൾ പരിഷ്കരിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും  കാലാവസ്ഥാ പ്രവർത്തനത്തിൽ അന്താരാഷ്ട്ര സഹകരണം ഉറപ്പുവരുത്തുന്നതിനും അറിയിക്കുകയും ചെയ്യും. ആദ്യത്തെ ആഗോള സ്റ്റോക്കെടുപ്പ് 2023 ൽ ദുബായിലെ COP28-ൽ വെച്ച് നടന്നു.

ക്യോട്ടോ പ്രോട്ടോക്കോളും പാരിസ്  ഉടമ്പടിയും: പ്രധാന വ്യത്യാസങ്ങൾ

ക്യോട്ടോ പ്രോട്ടോക്കോളും പാരിസ്  ഉടമ്പടിയും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ലക്ഷ്യമിട്ടുള്ള രണ്ട് അന്താരാഷ്ട്ര ഉടമ്പടികളാണ്. അവ ഒരേ ലക്ഷ്യങ്ങൾ പങ്കിടുന്നുണ്ടെങ്കിലും,  ശ്രദ്ധേയമായ ചില വ്യത്യാസങ്ങളുണ്ട്. ക്യോട്ടോ പ്രോട്ടോക്കോൾ 1997-ൽ ഒപ്പുവെക്കുകയും 2005-ൽ പ്രാബല്യത്തിൽ വരികയും ചെയ്തു. വ്യാവസായിക രാജ്യങ്ങളിലെ ഹരിതഗൃഹ വാതക ഉദ്‌വമനം 1990-ലെ നിലയിൽനിന്ന് 2012-ഓടെ 5 ശതമാനം കണ്ട് കുറയ്ക്കാനാണ് ഇത് രൂപകൽപ്പന ചെയ്‌തിരുന്നത്. രാജ്യങ്ങൾക്ക് കാർബൺ ക്രെഡിറ്റുകൾ വ്യാപാരം ചെയ്യാൻ കഴിയുന്ന ഒരു വിപണി അധിഷ്‌ഠിത സംവിധാനവും കരാർ സ്ഥാപിച്ചു, പാരിസ്  ഉടമ്പടി 2015 ൽ ഒപ്പുവച്ചു, പ്രധാന ലക്ഷ്യം ശരാശരി ആഗോളതാപനം വ്യവസായഘട്ടത്തിന് മുമ്പുള്ള നിലയേക്കാൾ 2 ഡിഗ്രി സെൽഷ്യസിൽ താഴെയായി പരിമിതപ്പെടുത്താനും, 1.5 ഡിഗ്രി സെൽഷ്യസിലേക്ക് കുറയ്ക്കാനുള്ള ശ്രമങ്ങൾ തുടരാനും ശ്രമിക്കുന്നു. ക്യോട്ടോയിൽ നിന്ന് വ്യത്യസ്തമായി, പാരിസ്  ഉടമ്പടിയിലെ രാജ്യങ്ങൾ ഹരിതഗൃഹവാതക ഉദ്‌വമനം കുറയ്ക്കുന്നതിനുള്ള പദ്ധതികൾ (NDCs) സമർപ്പിക്കുകയും അഞ്ച് വർഷം കൂടുമ്പോൾ അവയുടെ പുരോഗതിയെക്കുറിച്ച് റിപ്പോർട്ട് ചെയ്യുകയും വേണം.

രണ്ട് കരാറുകളും തമ്മിലുള്ള മറ്റൊരു വലിയ വ്യത്യാസം ഉദ്വമനം കുറയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങളോടുള്ള സമീപനമാണ്. ക്യോട്ടോ പ്രോട്ടോക്കോൾ ലക്ഷ്യങ്ങൾ ഒരു രാജ്യത്തിന്റെ വികസന നിലവാരത്തെ അടിസ്ഥാനമാക്കിയുള്ളതും നിർബന്ധിതവുമാണ്. അതേസമയം പാരിസ്  ഉടമ്പടി രാജ്യങ്ങളെ സ്വന്തം ലക്ഷ്യങ്ങൾ സജ്ജീകരിക്കാൻ അനുവദിച്ചു; ഒരു പ്രത്യേക ഫോർമുല പിന്തുടരേണ്ട ആവശ്യമില്ല. ലക്ഷ്യങ്ങൾ കൈവരിക്കാൻ നിർബന്ധിതരാക്കുന്നതിനുപകരം സ്വന്തം ലക്ഷ്യങ്ങൾ സജ്ജീകരിക്കാൻ കഴിയുമെങ്കിൽ പങ്കാളിയാകാൻ കൂടുതൽ രാജ്യങ്ങൾ സന്നദ്ധമാകുമെന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സമീപനം.

ക്യോട്ടോ പ്രോട്ടോക്കോളും പാരിസ്  ഉടമ്പടിയും വിവിധ കാരണങ്ങളാൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. GHG പുറന്തള്ളൽ കുറയ്ക്കുന്നതിൽ ക്യോട്ടോ പ്രോട്ടോക്കോൾ വേണ്ടത്ര മുന്നോട്ട് പോയിട്ടില്ലെന്ന് ചിലർ വാദിക്കുന്നു, അത് ശരിയുമാണ്! അതേസമയം, പാരിസ്  ഉടമ്പടി വളരെ ദുർബലമാണെന്നും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പര്യാപ്തമല്ലെന്നും വിശ്വസിക്കുന്നവരുമുണ്ട്. ഈ വിമർശനങ്ങൾക്കിടയിലും, രണ്ട് കരാറുകളും കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആഗോള സഹകരണത്തിലേക്കുള്ള സുപ്രധാന ചുവടുകളെ പ്രതിനിധീകരിക്കുന്നു.

ക്യോട്ടോ പ്രോട്ടോക്കോളും പാരിസ്  ഉടമ്പടിയും ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുക എന്ന പൊതുലക്ഷ്യം പങ്കിടുന്നുണ്ടെങ്കിലും, അവയുടെ സമീപനത്തിലും നടപ്പാക്കലിലും കാര്യമായ വ്യത്യാസങ്ങളുണ്ട്. രണ്ട് കരാറുകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ സങ്കീർണ്ണമായ പ്രശ്നം പരിഹരിക്കുന്നതിനും സുസ്ഥിരമായ ഭാവി പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സുപ്രധാന ഘട്ടങ്ങളെ പ്രതിനിധീകരിക്കുന്നു. പാരിസ് ഉടമ്പടിയിൽ വികസ്വര രാജ്യങ്ങളെയും ഉൾപ്പെടുത്തിയെന്നുള്ളതാണ് മറ്റൊരു വ്യത്യാസം. ക്യോട്ടോ പ്രോട്ടോക്കോൾ വ്യവസ്ഥകൾ വ്യാവസായിക രാജ്യങ്ങൾക്ക് മാത്രമായിരുന്നു ബാധകം; അവർക്ക്  നിർബന്ധിത ലക്ഷ്യങ്ങളുമുണ്ടായിരുന്നു.  അതേസമയം പാരിസ്  ഉടമ്പടിയിൽ വികസിത, വികസ്വര രാജ്യങ്ങളിൽ നിന്നുള്ള പ്രതിബദ്ധതകൾ ഉൾപ്പെടുന്നു. പക്ഷേ,  പാരിസ്  ഉടമ്പടി രാജ്യങ്ങളെ അവരുടെ ലക്ഷ്യങ്ങൾ ‘പൊതുവായ എന്നാൽ വ്യത്യസ്തമായ ഉത്തരവാദിത്തങ്ങളും അതത് കഴിവുകളും’ അനുസരിച്ച്  സ്വയം നിർണ്ണയിക്കാനും ആഗോള സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും അനുവദിക്കുന്നു. വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് അവരുടെ ലഘൂകരണ, പൊരുത്തപ്പെടൽ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാമ്പത്തികവും സാങ്കേതികവുമായ പിന്തുണയും  നല്കണം. വരും വർഷങ്ങളിലെ  കാലാവസ്ഥാ ഉച്ചകോടികൾ (COPs) പാരിസ് ഉടമ്പടി ശരിയായ ദിശയിൽ തന്നെ മുമ്പോട്ടു പോവുന്നതിനുള്ള വ്യവസ്ഥകളും നിർദ്ദേശങ്ങളും നല്കുമെന്ന് പ്രതീക്ഷിക്കാം.


അടുത്ത ലക്കം:  ഇന്ത്യയുടെ ദേശീയമായി നിർണ്ണയിക്കപ്പെട്ട നടപടികൾ


അധിക വായനയ്ക്ക്

  1. UNFCCC [United Nations Framework Convention on Climate Change] 1997. Kyoto Protocol to the United Nations Framework Convention on Climate Change, 24p. https://unfccc.int/documents/2409
  2. UNFCCC [United Nations Framework Convention on Climate Change] 2016. The Paris Agreement, 54p. >>>

CLIMATE DIALOGUE


അനുബന്ധ ലൂക്ക ലേഖനങ്ങൾ

കാലാവസ്ഥാമാറ്റം സംബന്ധമായ ലൂക്ക ലേഖനങ്ങൾ

SCIENCE OF CLIMATE CHANGE

climate change science and society10
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “പാരിസ് ഉടമ്പടി കാലാവസ്ഥയെ സംരക്ഷിക്കുമോ?

  1. Climate Dialogue പംക്തിയിലെ മൂന്നു ലേഖനങ്ങളും വായിച്ചു. സമഗ്രമായി കാലാവസ്ഥാ ചർച്ചകളെ വിശദീകരിച്ചു. ജോർജ്ജ് തോമസ് സാറിന് പ്രത്യേകം നന്ദി പറയുന്നു. ഇത്രയും വിശദമായി മലയാളത്തിൽ മറ്റാരും എഴുതിയിട്ടില്ല എന്നു തോന്നുന്നു. ക്വേട്ടോ പ്രോട്ടോകോളും, പാരീസ് ഉടമ്പടിയുമൊന്നും അത്ര പ്രാധാന്യത്തോടെ ലോകരാജ്യങ്ങൾ പ്രത്യേകിച്ച് വികസിത രാജ്യങ്ങൾ കാണുന്നില്ല എന്നത് നിരാശാജനകമാണ്. തുടർലേഖനങ്ങൾ കാത്തിരിക്കുന്നു,

Leave a Reply

Previous post ഉഷ്ണ തരംഗം ഒരു താത്കാലിക പ്രതിഭാസമോ?
Next post ശാസ്ത്രവും സാങ്കേതികവിദ്യയും – ജനപക്ഷ ചരിത്രത്തിന് ഒരാമുഖം
Close