Read Time:46 Minute

പ്രാചീന നാവികർ ദൂരം കണക്കാക്കാൻ ഉപയോഗിച്ചിരുന്ന സാങ്കേതിക വിദ്യയെക്കുറിച്ചും ശാസ്ത്ര- സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതിൽ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ പങ്കും ആദ്യകാല കപ്പലോട്ടക്കാർ വിവിധ ശാസ്ത്ര ശാഖകൾക്ക് നൽകിയ നിസ്തുല സംഭാവനക്കുറിച്ചും വിശദീകരിക്കുന്നു. 2024 ഏപ്രിൽ ലക്കം ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

ഏപ്രില്‍ 14, 1498. വാസ്കോഡ ഗാമ അസ്വസ്ഥനായിരുന്നു. ആഫ്രിക്കയുടെ പടിഞ്ഞാറന്‍ തീരത്തുള്ള മാലിന്ദി എന്ന പട്ടണത്തില്‍ അദ്ദേഹം എത്തിയിരുന്നു. പ്രാദേശിക ഭരണാധികാരി മര്യാദയുള്ളവനും പൊതുവില്‍ വലിയ കൗതുകമുള്ളയാളുമായിരുന്നു. ഭക്ഷണവും മറ്റ് വിഭവങ്ങളും സ്വീകരിക്കുന്നതില്‍ സന്തോഷിച്ചെങ്കിലും വാസ്കോഡ ഗാമ പിരിമുറുക്കത്തിലായിരുന്നു. അറബിക്കടലിന്റെ വിസ്തൃതി കടന്ന്, തുറന്ന സമുദ്രത്തില്‍ യാത്ര ചെയ്ത്, വഴിതെറ്റാതെ എങ്ങനെ ലക്ഷ്യത്തിലെത്താനാകും?

1497 ജൂലായ് 8-ന് ലിസ്ബണിന്റെ തെക്ക് ഭാഗത്തുള്ള റെസ്റ്റെല്ലോയില്‍ നിന്ന് നാല് കപ്പലുകളുടെ ഒരു കൂട്ടമായി യാത്രതിരിച്ച വാസ്കോഡ ഗാമ, മുന്‍കാല പര്യവേക്ഷകര്‍ മുന്‍കൈയെടുത്ത് കണ്ടെത്തിയ റൂട്ട് പിന്തുടര്‍ന്ന്, ടെനെറിഫിലൂടെയും കേപ് വെര്‍ഡെ ദ്വീപുകളിലൂടെയും ആഫ്രിക്കന്‍ തീരം ചുറ്റി സഞ്ചരിച്ചു. ഭൂമധ്യരേഖ മുറിച്ചു കടന്നു ദക്ഷിണാഫ്രിക്കന്‍ തീരത്തുള്ള സെന്റ് ഹെലീന ഉള്‍ക്കടലില്‍ എത്തിച്ചേര്‍ന്നു. മുന്നോട്ടുള്ള യാത്രയില്‍ ഉറച്ചുനിന്നുവെങ്കിലും, വളരെ ജാഗ്രതയോടെ തീരത്തിനടുത്തു കൂടി, ഗുഡ് ഹോപ്പ് മുനമ്പ് ചുറ്റി കിഴക്കന്‍ ആഫ്രിക്കന്‍ തീരത്ത് നിന്നും വടക്കോട്ട് നീങ്ങി. വഴിയില്‍ കുറച്ച് തവണ ചുറ്റി തിരിഞ്ഞു പോയെങ്കിലും, അവര്‍ 1498 ഏപ്രില്‍ 14-ന് മലിന്ദിയില്‍ എത്തി. 

യാത്രയുടെ തയ്യാറെടുപ്പിനിടെ, വാസ്കോഡ ഗാമ റോയല്‍ ജ്യോതിശാസ്ത്രജ്ഞനായ എബ്രഹാം സക്കട്ടിന്റെ സഹായം തേടുകയും സോളാര്‍ ടേബിളുകള്‍ തയ്യാറാക്കുകയും ചെയ്തിരുന്നു. ഉച്ചസമയത്ത്, ഒരു പ്രദേശത്തെ സൂര്യന്റെ ഉയരം അളക്കുന്നതിലൂടെ, നാവികന് തന്റെ അക്ഷാംശം കണ്ടെത്താനാകും. രേഖാംശം വിശ്വസനീയമായി കണക്കാക്കാന്‍ ആര്‍ക്കും ഒരു മാര്‍ഗവുമില്ലായിരുന്നു. ആഫ്രിക്കന്‍ തീരത്തോട് ചേര്‍ന്ന് പതുക്കെ തെക്കോട്ടും പിന്നീട് വടക്കോട്ടും സഞ്ചരിക്കാന്‍ വാസ്കോഡ ഗാമയെ സഹായിച്ചത് ഈ സോളാര്‍ ടേബിളുകളായിരുന്നു.

വിശാലമായ അറബിക്കടലില്‍ കിഴക്കോട്ട് സഞ്ചരിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു വാസ്കോഡ ഗാമ. യൂറോപ്യന്‍ കപ്പലുകളൊന്നും ഇതുവരെ ഈ പാതയിലൂടെ സഞ്ചരിച്ചിട്ടില്ല എന്നതിനാല്‍ നാവിഗേഷന്‍ ചാര്‍ട്ടുകളൊന്നും അവരെ നയിക്കാന്‍, ഗാമയുടെ കയ്യില്‍ ഉണ്ടായിരുന്നില്ല. തുറന്ന കടലില്‍ സഞ്ചരിക്കാന്‍ സണ്‍ ടേബിളുകള്‍ അപര്യാപ്തമായിരുന്നു. മാലിന്ദിയിലെ ഭരണാധികാരി രക്ഷകനായി. അറബിക്കടല്‍ കടക്കാന്‍ വാസ്കോയെ സഹായിക്കാന്‍ ഗുജറാത്തി നാവികനായ മാലെമോ കാനയെ (കനാക്ക), അദ്ദേഹം കൂടെ അയച്ചു. 1498 മെയ് 20-ന് മലബാര്‍ തീരത്തെ കോഴിക്കോടിനടുത്തു കാപ്പാട് എത്താന്‍ മലെമോ കാന കപ്പലിനെ സുരക്ഷിതമായി സമുദ്രം കടത്തി. വാസ്കോഡ ഗാമയെ അത്ഭുതപ്പെടുത്തിക്കൊണ്ട്, ഗുജറാത്തി നാവികന്‍ കാന്തിക കോമ്പസ് നിരസിക്കുകയും, കമല്‍ (അല്ലെങ്കില്‍ തമിഴില്‍ ഇരപ്പ്-പലകൈ) എന്ന നിഗൂഢ ഉപകരണത്തെയും, തുറന്ന കടലിലൂടെ സഞ്ചരിക്കാന്‍ ചില വിചിത്ര ചാര്‍ട്ടുകളെയുമാണ് ആശ്രയിച്ചത്. 

എന്താണ് ഈ ഇരപ്പ്-പാലകൈ എന്ന കമല്‍? 

ഇരപ്പു എന്നത് തമിഴില്‍ രാത്രി എന്നതിന്റെ ചുരുക്കമാണ്. പലകൈ എന്നത് പലകയും. ഏകദേശം രാത്രി ഉപകരണം എന്നാണ് ഇരപ്പ്-പാലകൈയുടെ വിവര്‍ത്തനം. ദീര്‍ഘ ചതുരാകൃതിയിലുള്ള മരപ്പലകയാണിത്. സാധാരണയായി 4×3 വിരല്‍ വലുപ്പത്തിലുള്ള ഈ മരപലകയുടെ (വിരല്‍ എന്ന അളവ് നടുവിരലിന്റെ രണ്ട് മുട്ടുകള്‍ക്കിടയിലുള്ള ഇടമാണ്) മധ്യഭാഗത്ത് ഒരു ദ്വാരമുണ്ട്. അതിലൂടെ ഇരുവശത്തും കെട്ടുകളാല്‍ ഒരു ചരട് ഘടിപ്പിച്ചിരിക്കുന്നു. ചരടിന് നിരവധി കെട്ടുകളുണ്ടായിരിക്കും. നാവികര്‍ ഇടത് കൈകൊണ്ട് ബോര്‍ഡ് പിടിച്ച് ധ്രുവനക്ഷത്രത്തെ മുകളിലെ വരമ്പിലും ചക്രവാളം താഴത്തെ വരമ്പിലും വിന്യസിപ്പിക്കുന്നു. അതിനുശേഷം തങ്ങളുടെ പല്ലുകള്‍ കൊണ്ട് കയര്‍ മുറുകെ പിടിക്കുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ പല്ലുകള്‍ക്കും ബോര്‍ഡിനും ഇടയിലുള്ള കയറിലെ കെട്ടുകള്‍ സാധാരണയായി ധ്രുവനക്ഷത്രത്തിന്റെ ഉയരത്തെ ‘വിരല്‍’ എന്ന അളവിന്റെ അടിസ്ഥാനത്തില്‍ സൂചിപ്പിക്കും. ഇതില്‍ നിന്ന് നാവികര്‍ക്ക് കപ്പലിന്റെ അക്ഷാംശ സ്ഥാനം നിര്‍ണ്ണയിക്കാന്‍ കഴിയും. ധ്രുവനക്ഷത്രത്തിന്റെ ഉയരം അളക്കാന്‍ നാവികര്‍ ഡിഗ്രിയോ റേഡിയനോ പോലെയുള്ള കോണീയ അളവുകള്‍ ഉപയോഗിച്ചിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. പകരം ‘വിരല്‍’ എന്ന അളവിന്റെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ അളന്നിരുന്നത്. ഒരു പ്രത്യേക തുറമുഖം സൂചിപ്പിക്കാനാണ് കെട്ടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ലക്ഷ്യസ്ഥാനത്ത് എത്താന്‍ കപ്പല്‍ സഞ്ചരിക്കേണ്ട ദൂരത്തെയാണ് കയര്‍ കടിച്ചുപിടിച്ചിരിക്കുന്ന പല്ലും നിശ്ചിത കെട്ടും തമ്മിലുള്ള ദൂരം സൂചിപ്പിക്കുന്നത്. ഇതിന്റെ മറ്റൊരു പതിപ്പില്‍ നാവികര്‍ രണ്ട് ബോര്‍ഡുകളും ഉപയോഗിക്കുന്നു. ഒന്ന് വലുതും മറ്റൊന്ന് ചെറുതും. വലിയ കഷണത്തില്‍ ഘടിപ്പിച്ച ചരടിന് 12 കെട്ടുകളും ചെറിയ കഷണത്തില്‍ ഘടിപ്പിച്ച ചരടിന് 8 കെട്ടുകളും ഉണ്ടാകും. വലുത് ഉപയോഗിച്ച്, 1/3 വിരല്‍ കൃത്യതയോടെയും ചെറുത് ഉപയോഗിച്ച് 1/8 വിരല്‍ കൃത്യതയോടെയും ഉയരം അളക്കാന്‍ സാധിക്കുന്നു. രണ്ട് സ്കെയിലുകളും ഉപയോഗിച്ച്, തുറന്ന കടലില്‍ 11 മൈല്‍ കൃത്യതയോടെ നാവികര്‍ക്ക് തുറമുഖത്തേക്കുള്ള ദൂരം കണക്കാക്കാം. 

കിഴക്ക് അല്ലെങ്കില്‍ പടിഞ്ഞാറന്‍ തീരങ്ങളില്‍, തെക്ക് നിന്ന് വടക്കോട്ട് സഞ്ചരിക്കുന്ന നാവികര്‍ക്ക് അവരുടെ അക്ഷാംശം മാത്രം അറിയേണ്ട ആവശ്യമേയുള്ളു. തീരദേശ സഞ്ചാരങ്ങളില്‍ ഒരു പ്രത്യേക തുറമുഖം സൂചിപ്പിക്കുന്ന കെട്ടുകളുള്ള ഇരപ്പ് പലക കയ്യിലുണ്ടെങ്കില്‍ ധാരാളമായിരുന്നു. പടിഞ്ഞാറ് ആഫ്രിക്ക, മഡഗാസ്കര്‍, ഏഡന്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും, കിഴക്ക് ബര്‍മ, ആന്‍ഡമാന്‍ ദ്വീപുകള്‍, അല്ലെങ്കില്‍ ലക്ഷദ്വീപ്, മാലിദ്വീപ് എന്നിവിടങ്ങളില്‍ നിന്ന് കേരള തീരത്തേക്കുള്ള യാത്രകള്‍ തുറന്ന കടലിലൂടെ സഞ്ചരിക്കേണ്ടതുണ്ട്. തുറസ്സായ കടല്‍ യാത്രയ്ക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ ഇരിപ്പ് പലകയാണ് നാവികര്‍ ഉപയോഗിച്ചിരുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവികരുടെ നാവിഗേഷന്‍ അറിവും ഉപകരണങ്ങളും പോര്‍ച്ചുഗീസ് നാവികസേന ഉപയോഗിച്ചിരുന്നതിനേക്കാള്‍ വളരെ മികച്ചതായിരുന്നുവെന്ന് മുകളില്‍ നിന്ന് വ്യക്തമാണല്ലോ. നാവിഗേഷനില്‍ ഇത് പ്രായോഗികമാണെന്ന് കണ്ട പോര്‍ച്ചുഗീസ് നാവികര്‍ ഇതിന് തവോലെറ്റ ഡാ ഇന്ത്യ (ചെറിയ ഇന്ത്യന്‍ തടി പ്ലേറ്റുകള്‍) എന്ന് പേരിടുകയും അത് ഉപയോഗിക്കാന്‍ പഠിക്കുകയും ചെയ്തു. 

നമ്മള്‍ ഇവിടെ സ്വയം ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്. ആരാണ് ഈ അവിശ്വസനീയമായ ഉപകരണം കണ്ടുപിടിച്ചത്? നൂറുകണക്കിന് വര്‍ഷങ്ങള്‍, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യാത്ര ചെയ്യാന്‍ നമ്മുടെ നാവികര്‍ ഇത് ഉപയോഗിച്ചിരുന്നു. മാലെമോ കാന (കാനക്ക) എന്ന് വിളിക്കപ്പെടുന്ന ഒരാള്‍ ഇത് ഉപയോഗിച്ചതായി നമുക്കറിയാം. ഇന്ത്യന്‍, അറബി നാവികര്‍ക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് ചരിത്രരേഖകള്‍ പറയുന്നു. പിന്നീട്, ചൈനീസ് സ്രോതസ്സുകളും ഈ ഉപകരണം പരാമര്‍ശിക്കുന്നുണ്ട്. പിരി റെയ്സിന്റെ കിതാബ്-ഇ ബഹ്രിയെ (ദി ബുക്ക് ഓഫ് സീഫെറിംഗ്, 1526 CE), സെയ്ദി അലി റെയ്സിന്റെ കിതാബുല്‍-മുഹിത് (ദി ബുക്ക് ഓഫ് ദി ഓഷ്യന്‍, 1554 CE) തുടങ്ങിയ കൃതികള്‍ ഉപകരണം എങ്ങനെ കൂട്ടിച്ചേര്‍ക്കണമെന്നും നാവിഗേഷനില്‍ ഉപയോഗിക്കണമെന്നും വിവരിക്കുന്നു. എന്നിരുന്നാലും, അവരാരും അത് കണ്ടെത്തിയതായി അവകാശപ്പെടുന്നില്ല. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവികരുടെ ഉപകരണത്തെയും അതിന്റെ രീതികളെയും വിവരിക്കുക മാത്രമേ അവര്‍ ചെയ്യുന്നുള്ളു. 

നമ്മുക്ക് പരിചയമുള്ള ശാസ്ത്രത്തിന്റെ ചരിത്രം, ഭൂമിയുടെ ഗോളാകൃതി അനുമാനിക്കാന്‍ ആര്യഭടന്‍ ചന്ദ്രഗ്രഹണം വീക്ഷിക്കുന്നതിനെക്കുറിച്ചും, ഗലീലിയോ ദൂരദര്‍ശിനി രാത്രി ആകാശത്തേക്ക് തിരിക്കുകയും പ്രപഞ്ചത്തിന്റെ സൂര്യകേന്ദ്രീകൃത മാതൃക സ്ഥാപിക്കുന്നതിനെക്കുറിച്ചും, ഒരു ആപ്പിള്‍ വീണത് എന്തുകൊണ്ടാണെന്ന് ന്യൂട്ടണ്‍ ആശ്ചര്യപ്പെടുകയും ഗുരുത്വാകര്‍ഷണത്തിന്റെ സാര്‍വത്രിക നിയമങ്ങള്‍ തയ്യാറാക്കുകയും ചെയ്തതിനെക്കുറിച്ചും ഐന്‍സ്റ്റൈന്‍ ഒരു തൊഴിലാളി മേല്‍ക്കൂര നന്നാക്കുന്നതിനെ നോക്കി, അവന്‍ തെന്നിവീഴുമോയെന്നും വീഴുമ്പോള്‍ അവന്റെ ഭാരം എന്തായിരിക്കുമെന്ന് ആശ്ചര്യപ്പെട്ടതിനെക്കുറിച്ചും ആപേക്ഷികതയുടെ പൊതുവായ സിദ്ധാന്തം രൂപപ്പെടുത്തിയതിനെക്കുറിച്ചും മാത്രമേ സംസാരിക്കുന്നുള്ളൂ. അവ കേട്ട് വളര്‍ന്നുവരുമ്പോള്‍, ശാസ്ത്ര സാങ്കേതിക വിദ്യയുടെ ചരിത്രമെന്നാല്‍; അതിനെ മുന്നോട്ട് നയിക്കുന്ന ഉജ്ജ്വലമായ മനസ്സുകളുടെ ‘യുറീക്ക’ നിമിഷങ്ങളാല്‍ വിച്ഛേദിക്കപ്പെട്ട അജ്ഞതയുടെ നീണ്ട കാലഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നുവയാണെന്നു വിശ്വസിക്കാന്‍ നമ്മള്‍ പ്രേരിപ്പിക്കപ്പെടുന്നു. അതെ സമയം ഇരപ്പ് പലക സൃഷ്ടിച്ച സാധാരണ തൊഴിലാളികള്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ അപകടകരമായ തുറന്ന കടലില്‍ സഞ്ചരിക്കാന്‍ നമ്മളെ പ്രാപ്തരാക്കി. അതുപോലെ, ശാസ്ത്രീയ അറിവുകള്‍ കെട്ടിപ്പടുക്കുന്നതില്‍ സാധാരണക്കാര്‍ ധാരാളം സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. അവര്‍ക്കു ചുറ്റുമുള്ള പ്രകൃതിയെക്കുറിച്ച് മനസ്സിലാക്കാനും അവരുടെ ഉപജീവനത്തിനും വേണ്ടി വികസിപ്പിച്ച പ്രായോഗിക ഉപായങ്ങള്‍ അറിവിന്റെ പുരോഗതിക്കുള്ള സംഭാവനകളായി മാറുകയായിരുന്നു. 

ചരിത്രകാരന്മാര്‍ സാധാരണയായി രേഖാമൂലമുള്ള തെളിവുകളെ ആശ്രയച്ചാണ് ചരിത്രമെഴുതുന്നത്. ഔപചാരികമായ ശാസ്ത്രീയ, സ്ഥാപനസംവിധാനങ്ങളില്‍ പ്രവേശിച്ചവര്‍ ചരിത്രം നിര്‍മ്മിക്കാന്‍ ഉപയോഗിക്കാവുന്ന രീതിയില്‍ തെളിവുകളുടെ കടലാസ് പാത അവശേഷിപ്പിച്ചപ്പോള്‍, നിര്‍ഭാഗ്യവശാല്‍, സാമൂഹികമായി അടിച്ചമര്‍ത്തപ്പെട്ട ആളുകളുടെ സംഭാവനകള്‍ എഴുതപ്പെട്ട രേഖകളൊന്നും അവശേഷിപ്പിച്ചിട്ടില്ല. ശാസ്ത്ര-സാങ്കേതിക വിജ്ഞാനം വികസിപ്പിക്കുന്നതില്‍ സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ സംഭാവനകള്‍ പരിശോധിക്കുന്നതില്‍ നിന്ന് പണ്ഡിതന്മാരെ വിലക്കിയ ഒരു പ്രധാന കാരണമാണിത്. കൂടാതെ, അധ്വാനിക്കുന്ന ജനങ്ങളോടുള്ള മുന്‍വിധിയും ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ചരിത്രത്തില്‍ അവരുടെ സംഭാവനയെ വിശ്വസനീയമായ രീതിയില്‍ അംഗീകരിക്കുന്നതില്‍ പരാജയപ്പെടാന്‍ കാരണമായി. സമീപകാലത്ത്, ചരിത്രകാരന്മാര്‍ നരവംശശാസ്ത്രത്തിന്റെയും മറ്റ് മാനവ ശാസ്ത്രങ്ങളുടെയും രീതിശാസ്ത്രം ഉപയോഗിച്ച് ‘ചരിത്രാതീത’ ഭൂതകാലത്തെക്കുറിച്ച് മാത്രമല്ല, സാധാരണ അധ്വാനിക്കുന്ന ജനങ്ങളുടെ സംഭാവനകളെ കൂടി രേഖാമൂലമുള്ള ഉറവിടങ്ങളുടെ അഭാവത്തില്‍ വിശ്വസനീയമായ രീതിയില്‍ മനസ്സിലാക്കാന്‍ കഴിയും എന്ന് തെളിയിച്ചിട്ടുണ്ട്.

നമ്മുടെ പ്രബലമായ ജ്യോതിശ്ശാസ്ത്ര പാരമ്പര്യത്തില്‍ ചന്ദ്രമാസവുമായി ബന്ധപ്പെട്ട തിഥി എന്ന ചാന്ദ്രദിനം എടുക്കുക. ആന്‍ഡമാന്‍ നിക്കോബാറിലെ ചൗര ദ്വീപിനെക്കുറിച്ചുള്ള ഒരു നരവംശശാസ്ത്ര പഠനം കാണിക്കുന്നത് ഓരോ ചന്ദ്രദിനത്തിനും അവര്‍ക്ക് വ്യത്യസ്തമായ പേരുകള്‍ ഉണ്ടായിരുന്നു എന്നാണ്. ഉദാഹരണമായി ചന്ദ്രനില്ലാത്ത രാത്രിക്ക് (അമാവാസി) iliuö si എന്നും അമാവാസിക്ക് തൊട്ടുമുമ്പുള്ള ദിനത്തിന് engng hing എന്നും വിളിക്കുന്നു. അമാവാസിക്കുശേഷമുള്ള ആദ്യദിവസത്തില്‍ (Kanat) ചന്ദ്രന്‍ പടിഞ്ഞാറ് ജലോപരിതലത്തിന് 3′ മുകളിലായി കാണപ്പെടും. 

ചൗരക്കാരെ സംബന്ധിച്ചിടത്തോളം ചന്ദ്രദിനങ്ങളെക്കുറിച്ചുള്ള അറിവ് ആ പ്രദേശത്തിനു ചുറ്റുമുള്ള സമുദ്രത്തിന്റെ മാറ്റങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഉദാഹരണത്തിന് കനാറ്റി(Kanat)നും അതിനുശേഷമുള്ള രണ്ടു ദിവസവും സമുദ്രം ശാന്തവും മത്സ്യബന്ധനത്തിന് അനുകൂലവും ആയിരിക്കും. saneuiyö öngliöng എന്ന് വിളിക്കുന്ന, അമാവാസിക്ക് ശേഷം ആറു മുതല്‍ പത്തു ദിവസംവരെയുള്ള ദിവസങ്ങള്‍ കടലിലെ ഒഴുക്ക് വര്‍ദ്ധിക്കും. അതിനാല്‍ ജാഗ്രത പാലിക്കണം. അമാവാസിക്കുശേഷം 11 മുതല്‍ 13 വരെയുള്ള manuchö öngliöng എന്നു വിളിക്കപ്പെടുന്ന ദിവസങ്ങള്‍ കടല്‍ ഒഴുക്കില്ലാതെ ശാന്തമായിരിക്കും, പക്ഷേ വള്ളമിറക്കാന്‍ അനുയോജ്യമല്ല. പൗര്‍ണ്ണമിയെ annöyö hansoh എന്നാണ് അവര്‍ വിളിച്ചിരുന്നത്. കറുത്ത പക്ഷത്തിലെ അര്‍ദ്ധ ചന്ദ്രനെയാകട്ടേ Alhinot എന്നും. ആ സമയത്ത് കടലില്‍ ഒഴുക്കുണ്ടാവില്ല. 

ചുട്ടുപൊള്ളുന്ന വെയിലില്‍നിന്ന് രക്ഷപ്പെടാന്‍ ചൗരക്കാര്‍ രാത്രിയില്‍ മത്സ്യബന്ധനത്തിനു പോകാനാണ് താത്പര്യം കാണിച്ചിരുന്നത്. അവരുടെ കടല്‍യാത്രകള്‍ നക്ഷത്രങ്ങളെ ആശ്രയിച്ചായിരുന്നു. ഉദാഹരണത്തിന് അവര്‍ക്ക് കാര്‍ നിക്കോബാറിലേക്ക് പോകണമെങ്കില്‍ രാവിലെ രണ്ടു മണിക്കും മൂന്നു മണിക്കും ഇടയില്‍ യാത്ര തുടങ്ങും. ngeung nga എന്ന സപ്തര്‍ഷിയുടെ (Big dipper) താഴത്തെ നേര്‍രേഖയ്ക്കനുസരിച്ചാവും അവരുടെ ഗതി നിശ്ചയിക്കുന്നത്.

തമോല്‍ സഹിയോ (Tamol sahiöh) എന്നു വിളിക്കുന്ന ഉദ്യോഗസ്ഥനെയാണ് കാലാവസ്ഥ, ഋതുക്കള്‍, നക്ഷത്ര ആസ്പദമാക്കിയുള്ള മത്സ്യബന്ധനം എന്നിവയില്‍ വിദഗ്ദ്ധനായി കണക്കാക്കിയിരുന്നത്. ഇദ്ദേഹമാണ് എല്ലാ ഉത്സവങ്ങള്‍ക്കും തീയതി നിശ്ചയിച്ചിരുന്നത്. കൂടാതെ എല്ലാ പ്രധാന കടല്‍ യാത്രകള്‍ക്കും അദ്ദേഹത്തിന്റെ ഉപദേശം സ്വീകരിച്ചിരുന്നു. ഈ വ്യവസ്ഥാപിതരീതി വ്യക്തികളുടെ കടല്‍യാത്രാനുഭവങ്ങളെ ചന്ദ്രദിനങ്ങളുമായും കടലിന്റെ അവസ്ഥകളുമായും നിരന്തരം ബന്ധിപ്പിക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്ന് ഒരാള്‍ക്ക് നിശ്ചയമായും കരുതാം. എന്നിരുന്നാലും ഇതെല്ലാം സാധാരണക്കാര്‍ സൃഷ്ടിച്ച കൂട്ടായ അറിവിന്റെ ഉദാഹരണം തന്നെയാണ്. 

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ (അറബിക്കടല്‍, ഇന്ത്യന്‍ മഹാസമുദ്ര ദ്വീപുകള്‍, ബംഗാള്‍ ഉള്‍ക്കടല്‍) നാവികര്‍ കടലില്‍ ദിശ കണ്ടെത്തുന്നതിന് സങ്കീര്‍ണ്ണമായൊരു വടക്കുനോക്കിയന്ത്രം വികസിപ്പിച്ചതായി, പരമ്പരാഗത നാവിഗേഷന്‍ സാങ്കേതികവിദ്യകളെക്കുറിച്ചുള്ള എഴുത്തുകളുടെ വിപുലമായ പഠനത്തിന് ശേഷം അരുണാചലം ചൂണ്ടിക്കാണിക്കുന്നു. മുതിര്‍ന്ന നാവികരുടെ ജീവിതരീതികളും വാമൊഴി പാരമ്പര്യങ്ങളും, നാവികര്‍ പ്രാദേശിക ഭാഷകളിലും സങ്കര ഭാഷകളിലും എഴുതിയ കൈയെഴുത്തുപ്രതികള്‍, നാടന്‍ പാട്ടുകള്‍, നൃത്തഗാനങ്ങള്‍ തുടങ്ങിയവ അദ്ദേഹം പരിശോധിച്ചു. തമിഴിലെയും മലയാളത്തിലെയും കപ്പല്‍പ്പാട്ടുകള്‍, തമിഴിലെ kappal ca-stiram marakkala muhurttam calava-ttu pau kulatturaya kappal pau തുടങ്ങിയവയില്‍ നാവിഗേഷന്‍ സംബന്ധിച്ച അറിവുകളുടെ ശകലങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാന്തം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന വടക്കുനോക്കിയന്ത്രം ഈ പ്രദേശത്ത് ഒത്തിരിക്കാലം കഴിഞ്ഞാണ് എത്തിച്ചേരുന്നത്. പക്ഷേ ആ വടക്കുനോക്കിയന്ത്രങ്ങള്‍ ശരിയായി പ്രവര്‍ത്തിച്ചിരുന്നില്ല. കപ്പല്‍ തിരമാലകളില്‍പ്പെട്ട് ആടിയുലയുമ്പോള്‍ ഈ വടക്കുനോക്കിയന്ത്രം ഉപയോഗിച്ച് ദിശ മനസ്സിലാക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. 

നാവികര്‍ നക്ഷത്രങ്ങളെ ദിശാസൂചികകളായി ഉപയോഗിച്ചിരുന്നു. നാവികരുടെ ഇടയില്‍ നക്ഷത്രങ്ങളുടെ പേരുകള്‍ പരമ്പരാഗത സിദ്ധാന്തിക ജ്യോതിശാസ്ത്രത്തില്‍ നിന്നും തികച്ചും വ്യത്യസ്തമാണ്. ഉദാഹരണത്തിന്, തമിഴ് തീരങ്ങളില്‍ സപ്തര്‍ഷി അറിയപ്പെട്ടിരുന്നത് കപ്പല്‍ നക്ഷത്രമെന്നും വടക്കന്‍ കൊങ്കണില്‍ പലക കള്ളനെന്നും (palang chor) തോണി നക്ഷത്രമെന്നും (galbat tara) ഒക്കെയായിരുന്നു. ജ്യോതിശാസ്ത്രഞര്‍ സപ്ത ഋഷിമാരെ കണ്ടപ്പോള്‍ നാവികര്‍ കണ്ടത് പങ്കായമുള്ള തോണിയെയായിരുന്നു. പോളക്സിനെ (Pollux) ലക്ഷദ്വീപില്‍ സ്രാവ് എന്ന് വിളിക്കുന്നു. ഓറിയോണിനെയും ടോറസിനെയും സംയുക്തമായി മകയീരം എന്ന് തമിഴ് തീരത്തു വിളിക്കുമ്പോള്‍ ബംഗാളില്‍ കാലപുരുഷ് എന്നും കൊങ്കണിലെ ബെയില്‍ മാര (കാള വേട്ടക്കാരന്‍) എന്നും വിളിക്കപ്പെടുന്നു. സതേണ്‍ ക്രോസ് ചൗക്കോണ്‍ (ചതുരം) എന്നറിയപ്പെടുമ്പോള്‍ പ്ലീയാഡ്സ് പടിഞ്ഞാറന്‍ തീരത്തെ കത്യയും (കൃത്തികയുടെ ഒരു വകഭേദം) തമിഴ് തീരത്തെ arukottai (ആറ് നക്ഷത്ര കോട്ട) യുമാണ്. വൃശ്ചികം ഗുജറാത്തിലെ കാഗ്ഡോ (ക്രൗ) ആണ്. ഗുജറാത്തിന്റെ ആത്രയാണ് കേരളത്തിന്റെ ചെമ്മീന്‍. കച്ചിയിലെ തോരന്‍ തമിഴരുടെ താരാക്കുവേഴാണ്. ഗുജറാത്തിലെ അഗാച്ചിയും തമിഴ്നാട്ടിലെ ഓട്ടൈ വെളിയും കനോപ്പസാണ് (Canopus).

ഉര്‍സ മൈനറിലെ ധ്രുവനക്ഷത്രം യഥാര്‍ത്ഥ വടക്ക് സൂചിക്കുന്നു എന്നത് വിഖ്യാതമാണ്. എന്നാല്‍ ധ്രുവനക്ഷത്രം ചക്രവാളത്തിന് വളരെ അടുത്താണ്. അതിനാല്‍ താഴ്ന്ന അക്ഷാംശങ്ങളില്‍ എപ്പോഴും വ്യക്തമായി കാണാനാകില്ല. എന്നാല്‍ രണ്ട് നക്ഷത്രങ്ങള്‍ക്കിടയിലുള്ള ഇന്റര്‍സ്റ്റെല്ലാര്‍ ആര്‍ക്ക് ദൂരം ഒരു സ്ഥിരാങ്കമാണെന്ന് നാവികര്‍ക്ക് അറിയാമായിരുന്നു. അങ്ങനെ, ധ്രുവനക്ഷത്രവും അര്‍സ മേജറിലെ ദുബെയും തമ്മിലുള്ള ആര്‍ക്ക് ദൂരം എപ്പോഴും 28.7 ഡിഗ്രിയാണ്. ദുബെ നക്ഷത്രം അതിന്റെ ഉന്നതിയിലെത്തുമ്പോള്‍ അതിന്റെ ഉയരം അളക്കുകയും 28.7 ഡിഗ്രി കുറയ്ക്കുകയും ചെയ്താല്‍ ധ്രുവനക്ഷത്രത്തിന്റെ ഉയരം കണക്കാക്കാം. ധ്രുവനക്ഷത്രം ചക്രവാളത്തിന് വളരെ അടുത്തയതിനാല്‍ ഈ വഴി കപ്പലിന്റെ അക്ഷാംശം നാവികര്‍ക്ക് ലഭിക്കും. നാവികര്‍ക്ക് ധ്രുവനക്ഷത്രങ്ങളില്‍ നിന്ന് പല നിര്‍ണായക നക്ഷത്രങ്ങളുടെ കോണീയ ദൂരം വിരലളവുകളില്‍ അറിയാമായിരുന്നു. ധ്രുവനക്ഷത്രത്തിനും മറ്റ് നക്ഷത്രങ്ങള്‍ക്കും വഴികാട്ടികളായി പ്രവര്‍ത്തിക്കാന്‍ കഴിയും. ബോട്ടിന്റെ ഒരു കോണില്‍ ഒരു പ്രത്യേക നക്ഷത്രം നിലനിര്‍ത്തിക്കൊണ്ട് ഒരാള്‍ക്ക് ആവശ്യമുള്ള ദിശയില്‍ സഞ്ചരിക്കാം. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വടക്ക്-കിഴക്കന്‍ ചക്രവാളത്തില്‍ അര്‍സ മേജറും, തെക്കുകിഴക്ക് ഹാലോവീനും (കാനോപ്പസ്) പ്രത്യക്ഷപ്പെടുന്നു. അര്‍സ മേജര്‍ ഗ്രൂപ്പിന്റെ ഏറ്റവും വടക്കുഭാഗത്തുള്ള നക്ഷത്രത്തെ കപ്പലിന്റെ മുന്‍ഭാഗത്ത് നിര്‍ത്തിക്കൊണ്ട് യാത്ര ചെയ്താല്‍ നാവികര്‍ക്ക് തുറന്ന കടലില്‍ വടക്കോട്ട് സഞ്ചരിക്കാന്‍ നിഷ്പ്രയാസം കഴിയും. തോണിയുടെ ഇടതുവശത്ത് പ്രഭാതനക്ഷത്രത്തെ നിര്‍ത്തിയാല്‍ പുറംകടലില്‍ ചൗര ദ്വീപിലേക്ക് അടുക്കാന്‍ കഴിയുമെന്നും ചൗര മത്സ്യത്തൊഴിലാളികള്‍ക്ക് അറിയാമായിരുന്നു. 

കിഴക്ക്-പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക്-വടക്ക് നാവിഗേഷന്‍ അനുവദിക്കുന്ന ഒരു ലളിതമായ സാങ്കേതികതയാണ് ഒരു കോണില്‍ നക്ഷത്രത്തെ നിലനിര്‍ത്തുന്നത്. എന്നാല്‍ പുറങ്കടല്‍ യാത്ര അത്ര ലളിതമല്ല. ഇതിനായി നാവികര്‍ കൂടുതല്‍ സങ്കീര്‍ണ്ണമായ നടപടിക്രമം വികസിപ്പിച്ചെടുത്തിരുന്നു. ഓരോ നക്ഷത്രവും, ആകാശത്തിലെ കിഴക്ക്-പടിഞ്ഞാറ് ദിശയിലുള്ള ചലനത്തില്‍, എപ്പോഴും ഒരേ നിശ്ചിത ദിഗംശത്തിലാണ് (Azimuth) (ഗോളനിര്‍ദ്ദേശാങ്ക വ്യവസ്ഥകളില്‍ ഒരു നിശ്ചിത സ്ഥാനത്തു നിന്നും നോക്കുമ്പോള്‍ മറ്റൊരു സ്ഥാനത്തേക്കുള്ള തിരശ്ചീനമായ കോണി അകലമാണ് ദിഗംശം) ഉദിക്കുകയോ അസ്തമിക്കുകയോ ചെയ്യുന്നത് എന്ന് നാവികര്‍ക്ക് അറിയാമായിരുന്നു. അങ്ങനെയെങ്കില്‍, ഒരു നക്ഷത്രം ഉദിക്കുമ്പോഴോ അസ്തമിക്കുമ്പോഴോ ദിശയുടെ സൂചനയായി ഉപയോഗിക്കാം. ഉദാഹരണത്തിന്, മൃഗ് (Rigal) നക്ഷത്ര ദിഗംശം കിഴക്ക്-പടിഞ്ഞാറ് ചക്രവാളത്തിലാണ്. ശ്രാവണ നക്ഷത്രവും അങ്ങനെ തന്നെ. ഈ നക്ഷത്രങ്ങളില്‍ ഓരോന്നും ഏകദേശം ആറ് മാസത്തോളം ആകാശത്ത് പ്രത്യക്ഷപ്പെടുന്നു. ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെ നാവികര്‍ കടലില്‍, ഒരു നോട്ടിക്കല്‍ കോമ്പസിന്റെ 32 പോയിന്റുകളും മനസ്സിലാക്കാന്‍ ഒരു കൂട്ടം നക്ഷത്രങ്ങളെ തിരിച്ചറിഞ്ഞിരുന്നു.

നാവികര്‍ക്ക് ഒരു പ്രത്യേക തുറമുഖത്ത് എത്താന്‍ ചക്രവാളത്തിലെ നക്ഷത്ര സ്ഥാനത്തിലേക്ക് യാത്ര ചെയ്യാന്‍ കഴിയും എന്നതാണ് ഇതിന്റെ ഒരു പ്രധാന ഫലം. ഉദാഹരണത്തിന്, മദ്വാദില്‍ നിന്ന് ഒരു ഗുജറാത്തി നാവികന്‍ ദാമനില്‍ പോവുന്നതിന് കിഴക്കന്‍ ചക്രവാളത്തിലുള്ള ചിത്ര (spica virginis) ലക്ഷ്യമാക്കി കപ്പലോടിക്കണം. ഇന്ത്യന്‍ മഹാസമുദ്രത്തിലെ നാവികര്‍ പ്രത്യേക തുറമുഖ ലക്ഷ്യസ്ഥാനങ്ങള്‍ക്കായി തുറമുഖത്തെ അടിസ്ഥാനമാക്കിയുള്ള നക്ഷത്ര നേര്‍രേഖാ സൂചകങ്ങള്‍ ഉണ്ടാക്കിയിരുന്നു. ‘പുരാതന ശാസ്ത്രം വളരെ കുറച്ച് മനുഷ്യരുടെ ഉല്‍പന്നമായിരുന്നു’ എന്ന് വിഖ്യാതനായ അമേരിക്കന്‍ ശാസ്ത്ര ചരിത്രകാരന്‍ ഓട്ടോ ന്യൂഗെബൗവര്‍ പ്രഖ്യാപിച്ചു. എന്നാല്‍ നമ്മുടെ കണ്ണുകളും മനസ്സും പാരമ്പര്യേതര സ്രോതസ്സുകളിലേക്ക് തുറന്നു വെച്ചാല്‍ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കും ലഭിക്കുക. ലോകത്തു എല്ലായിടത്തും ജ്യോതിശാസ്ത്രത്തിന്റെ ഉത്ഭവം പുരാതന നാഗരികതകളുടെ ഉദയത്തിനും മുന്‍പാണ്.

ആദ്യകാല കപ്പലോട്ടക്കാര്‍ സമുദ്രശാസ്ത്രം, കാലാവസ്ഥാ ശാസ്ത്രം, ഭൗതിക ഭൂമിശാസ്ത്രം, കാര്‍ട്ടോഗ്രാഫി, ജ്യോതിശാസ്ത്രം തുടങ്ങിയ ശാസ്ത്രശാഖകളില്‍ നിസ്തുല സംഭാവനകള്‍ നല്‍കിയിരുന്നു എന്ന് മനസ്സിലായല്ലോ. ആദ്യകാല കപ്പലോട്ടക്കാര്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും മാത്രമല്ല, ആദ്യകാല കര്‍ഷകര്‍ക്ക് പോലും ജ്യോതിശാസ്ത്രം പ്രധാനമായിരുന്നു. കലണ്ടര്‍ നിര്‍മ്മാണത്തിന് ജ്യോതിശാസ്ത്രം അത്യന്താപേക്ഷിതമാണ്. ഇത് ഉഴവ്, നടീല്‍, വിളവെടുപ്പ് എന്നിവയുടെ വാര്‍ഷിക ചക്രങ്ങള്‍ സ്ഥാപിച്ചു. ലോകമെമ്പാടുമുള്ള കാര്‍ഷിക സമൂഹങ്ങളില്‍ നിന്ന് നവീന ശിലായുഗ ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെ സഹായിച്ച എണ്ണമറ്റ ശിലാ ക്രമീകരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ബെല്‍ഗാമിലെ ഹമാനസാഗറിലെ ഒരു കല്ല് ക്രമീകരണത്തിന് 7000 വര്‍ഷത്തിലേറെ പഴക്കമുണ്ട്.

കൃഷിയുടെ വികാസത്തോടെയും ആദ്യകാല പ്രോട്ടോ-സ്റ്റേറ്റുകളുടെ ആവിര്‍ഭാവത്തോടെയും, ഭരണാധികാരികള്‍ ആകാശത്തെക്കുറിച്ചുള്ള നിഗൂഢമായ അറിവുള്ള വിദഗ്ധരുടെ പിന്തുണയോടെ ജ്യോതിശാസ്ത്രത്തെ ഏകീകരിച്ചു. രേഖാമൂലമുള്ള ക്രമീകരണങ്ങളും ഗണിതശാസ്ത്രവും നിരീക്ഷണത്തിന്റെ കൃത്യതയും കലണ്ടറുകളുടെ കൃത്യത വര്‍ധിക്കുകയും ഗ്രഹണ പ്രവചനം പോലുള്ള സുപ്രധാന കണ്ടുപിടിത്തങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുകയും ചെയ്തു. എന്നാല്‍ ഈ നേട്ടങ്ങളെല്ലാം കൈവരിച്ചത് നിരവധി സഹസ്രാബ്ദങ്ങളുടെ നിരീക്ഷകര്‍ക്ക് ലഭിച്ച അടിസ്ഥാന വിജ്ഞാനത്തിനു മുകളില്‍ കെട്ടിപ്പടുത്തും നവീകരിച്ചുമായിരുന്നു. ആധുനിക കാലത്ത് എഴുത്തിന്റെയും ഗണിതത്തിന്റെയും ജനാധിപത്യവല്‍ക്കരണം നടക്കുന്നത് വരെ ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം എന്നിവയെക്കുറിച്ചുള്ള ആദ്യകാല വിദഗ്ധര്‍ പലപ്പോഴും പൗരോഹിത്യ വിഭാഗത്തില്‍ നിന്നുള്ളവരായിരുന്നു. അതുകൊണ്ടാണ് രേഖീയമായ ചരിത്രത്തില്‍ വരേണ്യവര്‍ഗ ബുദ്ധിജീവികളുടെ പ്രതിഭാവിലാസങ്ങളുടെ കഥ മാത്രമായി ശാസ്ത്രചരിത്രം ചുരുങ്ങി പോയത്. 

നാവിഗേഷനെക്കുറിച്ചുള്ള നമ്മുടെ ഇന്നത്തെ അറിവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഈ ‘നാടോടി’ അറിവ് പ്രാഥമികവും നിസ്സാരവുമായി തോന്നാം. മുന്‍പുണ്ടായിരുന്ന അറിവിനെ കൂടുതല്‍ വ്യവസ്ഥാപിതമാക്കി മാറ്റിയെങ്കിലും, ഇന്ന് നിലനില്‍ക്കുന്ന ശാസ്ത്രം, ഈ നാടോടി, കരകൗശല സമ്പ്രദായങ്ങളുടെയും പ്രതിഫലനങ്ങളില്‍ നിന്നും സൃഷ്ടിക്കപ്പെട്ടതാണ് എന്നതാണ് വസ്തുത. പതിനേഴാം നൂറ്റാണ്ടിലും പതിനെട്ടാം നൂറ്റാണ്ടിലും വികസിപ്പിച്ച നാവിഗേഷന്‍ ടെക്നിക്കുകള്‍ ഈ അറിവും പ്രയോഗങ്ങളും ഉള്‍ച്ചേര്‍ന്നവയാണ്. 

എന്നാല്‍ ഇന്നത്തെ ഗണിതശാസ്ത്ര ചരിത്രകാരന്‍, മുന്‍കാലങ്ങളില്‍, പ്രധാന ഭൂപ്രദേശത്തേക്കും ദ്വീപുകള്‍ക്കിടയിലും നാവിഗേറ്റുചെയ്യാന്‍ ലക്ഷദ്വീപുകാര്‍ സങ്കീര്‍ണ്ണമായ ഇരപ്പ്-പലകൈ എങ്ങനെ വിദഗ്ധമായി ഉപയോഗിച്ചുവെന്ന് വിശദീകരിച്ചതിന് ശേഷം, ‘ആധുനിക വിദ്യാഭ്യാസം’ കാരണം അവര്‍ പ്രാദേശിക അറിവുകള്‍ നിരസിക്കുകയും ഒഴിവാക്കുകയും ചെയ്യുകയും, ഇന്ന് സെക്സ്റ്റന്റിനെ മാത്രം ആശ്രയിക്കുന്നുവെന്ന് നിരീക്ഷിക്കുന്നു. ബ്രിട്ടീഷ് വിദ്യാഭ്യാസ പ്രക്രിയ രണ്ട് കാര്യങ്ങളെ മാറ്റിമറിച്ചുവെന്ന് ആകുലതപ്പെടുന്നു. ആദ്യം, ദ്വീപുവാസികളെ സെക്സ്റ്റന്റിനെക്കുറിച്ച് പഠിപ്പിച്ചു, പക്ഷേ ഇരപ്പ്-പലകൈയെക്കുറിച്ചു പഠിപ്പിച്ചില്ല. ഈ പരിശീലനത്തിന്റെ അനന്തരഫലമായി, അവര്‍ ഇരപ്പ്-പലകൈ ഉപേക്ഷിച്ചു സെക്സ്റ്റന്റിനെ ആശ്രയിച്ചു. മുന്‍കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന തദ്ദേശീയമായ സാങ്കേതിക വിദ്യകളെക്കുറിച്ച് യുവതലമുറയില്‍ ആര്‍ക്കും അറിയില്ല എന്ന് അദ്ദേഹം വിലപിക്കുന്നു, ബ്രിട്ടീഷുകാര്‍ പഠിപ്പിച്ച നാവിഗേഷന്‍ ടെക്നിക്കുകള്‍ അന്തര്‍ലീനമായി ഉയര്‍ന്നതാണെന്ന് യുവാക്കള്‍ ഇന്ന് കരുതുന്നുവെന്ന് വിലപിക്കുന്നു. രണ്ടാമതായി, സ്റ്റീല്‍ അവര്‍ക്ക് സ്വയം നിര്‍മ്മിക്കാന്‍ കഴിയുന്ന ഒന്നല്ലാത്തതിനാലും സെക്സ്റ്റന്റ് ഉരുക്കില്‍ നിന്ന് നിര്‍മ്മിച്ചതിനാലും ദ്വീപുകാര്‍ അതിജീവനത്തിനായി വിദൂര ബ്രിട്ടീഷ് എഞ്ചിനീയറിംഗിനെ ആശ്രയിക്കേണ്ടി വന്നു എന്ന് സമര്‍ത്ഥിക്കുന്നു. ഉചിതമായ ഉപകരണങ്ങള്‍ വാങ്ങാന്‍, അവര്‍ ബോംബെ വരെ കപ്പല്‍ യാത്ര ചെയേണ്ടി വരുന്നു എന്ന് പരിതപിക്കുന്നു. അവരുടെ ഉപജീവനമാര്‍ഗം സാധ്യമാക്കാന്‍ ബ്രിട്ടീഷുകാരെ ആശ്രയിക്കുകയും അത് വഴി അടിമത്തത്തിലേക്ക് താഴ്ത്തപ്പെടുകയും ചെയ്തു എന്ന് വിശദീകരിക്കുന്നു. അങ്ങനെ, ബ്രിട്ടീഷ് വിദ്യാഭ്യാസം ആസൂത്രിതമായി അറിവിന്റെയും വിദ്യാഭ്യാസത്തിന്റെയും കാര്യത്തില്‍ ആശ്രിതത്വത്തിന്റെയും അപകര്‍ഷതയുടെയും സാഹചര്യം സൃഷ്ടിച്ചുവെന്ന് അവകാശപ്പെടുന്നു. 

മുതലാളിത്തത്തിന്റെ കൈത്താങ്ങായിരുന്ന കൊളോണിയലിസം പ്രാദേശിക അറിവുകള്‍ വേണ്ടത്ര പരിശോധിക്കാതെ തള്ളിക്കളഞ്ഞു. അല്ലെങ്കില്‍ അത് സ്വായത്തമാക്കുകയും അതിന്റെ പ്രാദേശിക കണ്ടെത്തലുകളെ അംഗീകരിക്കാതെ, വംശീയ മേധാവിത്വം സ്ഥാപിച്ചു. എന്നാല്‍ പ്രാദേശികമല്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച അത്യാധുനിക ഉപകരണങ്ങളിലേക്ക് മാറുന്നത് അടിമത്വത്തിന്റെ ഒരു അവസ്ഥയായി കണക്കാക്കാനാവില്ല. ഒരു നാവികന്‍ പോലും സ്വന്തമായി ബോട്ട് ഉണ്ടാക്കുന്നില്ല. പരമ്പരാഗത കപ്പലുകളുടെ നിര്‍മ്മാണത്തിന് പോലും ആവശ്യമായ അസംസ്കൃത വസ്തുക്കള്‍ ചില ദ്വീപുകളില്‍ ഉണ്ടായിരിക്കില്ല. അവര്‍ വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ചില ഘടകങ്ങള്‍ സംഘടിപ്പിച്ചായിരിക്കാം കപ്പലുകള്‍ നിര്‍മിച്ചത്. ചിലപ്പോഴെങ്കിലും വിദൂര സ്ഥലങ്ങളില്‍ നിന്ന്. സാധാരണക്കാരുടെ ശാസ്ത്രസാങ്കേതികവിദ്യയെ അംഗീകരിക്കുകയും ഉയര്‍ത്തിക്കാട്ടുകയും അടിവരയിടുകയും ചെയ്യുമ്പോഴും ഈ കാല്പനികവല്‍ക്കരണത്തിന്റെ കെണിയില്‍ വീഴുന്നത് നമ്മള്‍ ഒഴിവാക്കണം. അടിസ്ഥാനങ്ങളെ ബഹുമാനിക്കുക എന്നാല്‍ അതിനു മുകളില്‍ നിര്‍മ്മിച്ചതിനെ അപകീര്‍ത്തിപ്പെടുത്തുക എന്നല്ല. ആ പുരാതന സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിലേക്ക് മടങ്ങാനുള്ള ആഹ്വാനമല്ല വേണ്ടത്. അറിവ് മനുഷ്യരാശിയിലുടനീളം പങ്കിടപ്പെട്ടുവെന്നു കാണിക്കാനുള്ള ഒരു പദ്ധതിയാണിത്. ലോകമെമ്പാടുമുള്ള പങ്കുവെക്കലിലൂടെയും സംഭാവനകളിലൂടെയുമാണ് അറിവ് പുരോഗമിച്ചത്, ഇപ്പോഴും പുരോഗമിക്കുന്നത്.

പുരാതന കാലം മുതല്‍, മുഖമില്ലാത്ത (തിരിച്ചറിയപ്പെടാത്ത) എത്രയോ മനുഷ്യര്‍ നമ്മുടെ ഇന്നത്തെ അറിവ് രൂപപ്പെടുത്തുന്നതില്‍ സംഭാവന ചെയ്തിട്ടുണ്ട്. അതിനാല്‍, തിരഞ്ഞെടുത്ത ചില മഹാന്മാരുടെ/മഹതികളുടെ പ്രതിഭയുടെ തീപ്പൊരിയുടെ കഥയായി ശാസ്ത്രത്തിന്റെ ചരിത്രത്തെ ഉയര്‍ത്തിക്കാട്ടുന്നത് തെറ്റും കൃത്യമല്ലാത്തതുമാണ്. പേറ്റന്റുകളുടെ രൂപത്തില്‍ വിജ്ഞാന വലയങ്ങള്‍ സ്ഥാപിക്കാനുള്ള നീക്കങ്ങള്‍, ജേണലുകളിലേക്കും വിവരങ്ങളിലേക്കും പ്രവേശനത്തിനുള്ള അധിക സാമ്പത്തിക ബാധ്യത, മറ്റ് തരത്തിലുള്ള പ്രവേശന നിയന്ത്രണങ്ങള്‍ എന്നിവ അന്യായമാണ്. കൂടാതെ, പരമ്പരാഗത സംസ്കാരങ്ങളില്‍ സ്ത്രീകളെ ബോട്ടുകളില്‍ നിന്നും എപ്പോഴും വിലക്കിയിരുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്. കപ്പലില്‍ ഒരു സ്ത്രീ ഉണ്ടായിരിക്കുന്നത് ദൗര്‍ഭാഗ്യമായി നാവികര്‍ കണക്കാക്കി. കപ്പലിലെ സ്ത്രീകളുടെ സാന്നിധ്യം കടല്‍ ദൈവങ്ങളെ ദേഷ്യം പിടിപ്പിക്കുകയും മോശം കാലാവസ്ഥയോ മോശം മീന്‍പിടിത്തമോ ഉണ്ടാക്കുകയും ചെയ്യും എന്ന് ആ കാലത്തേ മനുഷ്യര്‍ വിശ്വസിച്ചിരുന്നു. ഈ കാര്യങ്ങളെല്ലാം അറിയുന്നവര്‍ എന്ന നിലയില്‍ സാധാരണക്കാരുടെ സംഭാവനകള്‍ തിരിച്ചറിയുകയും ശ്രദ്ധയില്‍പ്പെടുത്തുകയും ഊന്നിപ്പറയുകയും ചെയ്യുമ്പോള്‍, വിമര്‍ശനരഹിതമായ കാല്പനികവല്‍ക്കരണത്തിന്റെ കെണിയില്‍ വീഴാതെ നമ്മള്‍ സൂക്ഷിക്കണം. 

അടിസ്ഥാനപരമായി നമ്മുടെ അറിവിനെ രൂപപ്പെടുത്തുന്നതില്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും ഗണ്യമായ പങ്ക് നമ്മെ ഞെട്ടിപ്പിക്കരുത്. പ്രകൃതിയെക്കുറിച്ചുള്ള അറിവാണ് ശാസ്ത്രം എന്ന് നമ്മള്‍ മറന്നു പോകരുത്. കര്‍ഷകര്‍, കരകൗശല തൊഴിലാളികള്‍, ഖനിത്തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, നാവികര്‍, നാടോടികള്‍ എന്നിവരെല്ലാം അതിജീവിക്കാന്‍ പ്രകൃതിയുമായി അനുദിനം ഇടപഴകേണ്ടി വരുന്നവര്‍ എന്ന നിലയില്‍ ചുറ്റുമുള്ള ലോകത്തെക്കുറിച്ചുള്ള അറിവ് വികസിപ്പിച്ചെടുത്തതില്‍ അതിശയിക്കാനില്ല. എന്നിരുന്നാലും, സൂക്ഷ്മദര്‍ശിനിയുടെ നിഗൂഢതകള്‍, പ്രപഞ്ചശാസ്ത്ര സിദ്ധാന്തങ്ങള്‍, ഭൂമിയിലെ ജീവന്റെ പരിണാമം, ആഴക്കടലിനു കീഴിലുള്ള ജീവിതം, എന്നിവയിലേക്കുള്ള ഏറ്റവും പുതിയ കടന്നുകയറ്റങ്ങള്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും പ്രവര്‍ത്തനത്തിന്റെ നേരിട്ടുള്ള ഫലങ്ങളാണെന്ന് അവകാശപ്പെടുന്നതും അസംബന്ധമാണ്.

ഇന്ത്യയിലെ പ്രബലമായ ആഖ്യാനത്തില്‍ ‘ജ്യോതിശാസ്ത്രത്തിന്റെ ചരിത്രം‘ വേദാംഗ ജ്യോതിഷത്തില്‍ നിന്ന് ആരംഭിച്ച് സിദ്ധാന്ത വിദ്യാലയത്തിലേക്കും കേരളത്തിലെ വിദ്യാലയത്തിലേക്കുമാണ് നീളുന്നത്. എന്നാല്‍ ആദിവാസി സമൂഹങ്ങളിലും അധ്വാനിക്കുന്ന ജനങ്ങളിലും ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള പഠനം, ശാസ്ത്ര സാങ്കേതിക വിദ്യകളുടെ ജനങ്ങളുടെ ചരിത്രം, തികച്ചും വ്യത്യസ്തമായ ചിത്രമാണ് നല്‍കുന്നത്. മുഖമില്ലാത്ത സാധാരണ അധ്വാനിക്കുന്ന ജനങ്ങളാല്‍ നിര്‍മ്മിച്ചതാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച ‘ചരിത്രം’. അജ്ഞാതരായ സാധാരണക്കാരുടെ കൂട്ടായ സംഭാവനയില്‍ വികസിച്ച ചില വിജ്ഞാന ഉല്‍പ്പാദനം ഈ ലേഖനത്തില്‍ ഞാന്‍ എടുത്തുകാണിച്ചിട്ടുണ്ടെങ്കിലും, സി വി രാമന്‍, ഗലീലിയോ തുടങ്ങിയ പരിചിതരായ മഹാന്മാരുടെ / മഹതികളുടെ സംഭാവനകള്‍ അപ്രധാനമാണ് എന്ന് കരുതരുത്. അവരുടെ നേട്ടങ്ങളും ഉള്‍ക്കാഴ്ചകളും നമ്മുടെ അറിവിനും പുരോഗതിക്കും കാര്യമായ സംഭാവന നല്‍കിയിട്ടുണ്ട്.

ഞാന്‍ കൂടുതല്‍ കണ്ടിട്ടുണ്ടെങ്കില്‍ അത് ഗലീലിയോയെപ്പോലെ മഹാന്മാരുടെ തോളില്‍ നില്‍ക്കുന്നത് കൊണ്ടാണെന്ന്ന്യൂട്ടണ്‍ പറഞ്ഞിട്ടുണ്ട്. ഗലീലിയോയ്ക്കും മറ്റും താഴെ നോക്കാന്‍ ശ്രദ്ധയുണ്ടെങ്കില്‍, സാധാരണ അധ്വാനിക്കുന്ന ആളുകളുടെ കൈകളും മനസ്സും എല്ലാ വിഷയങ്ങളുടെയും അടിത്തറയായി നമുക്ക് കാണാന്‍ കഴിയും. ആഴമേറിയതും ബൃഹത്തായതുമായ അടിത്തറയും മുകള്‍ത്തട്ടിലുള്ള കെട്ടിടവും എളിയ തൊഴിലാളികളുടെ സംഭാവനയാണ് എന്ന് നമ്മള്‍ മറക്കരുത്.


ശാസ്ത്രം ഇന്ത്യയിൽ – ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post പാരിസ് ഉടമ്പടി കാലാവസ്ഥയെ സംരക്ഷിക്കുമോ?
Next post ആഗോളതാപനവും മരംനടലും
Close