Read Time:16 Minute

ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി ഒരാളെ പറ്റിക്കുന്നത് നിയമ വിരുദ്ധമാണെങ്കില്‍ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട സ്വര്‍ണക്കച്ചവടം ശിക്ഷാര്‍ഹമാണ്. കേരള സക്കാര്‍ പാസ്സാക്കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ പരിധിയില്‍ ഈ തട്ടിപ്പിന്റെ പരസ്യങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്.

ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി ഒരാളെ പറ്റിക്കുന്നത് നിയമ വിരുദ്ധമാണെങ്കില്‍ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട സ്വര്‍ണക്കച്ചവടം ശിക്ഷാര്‍ഹമാണ്. വിശ്വാസപരമായോ അല്ലാതെയോ നിലവിലില്ലാത്ത ഒരു കഥ പടച്ചുണ്ടാക്കി ഉപഭോക്താവിനെ ചൂഷണം ചെയ്യുന്ന ഒരു ഹീനപ്രവൃത്തിയാണത്. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ അത് പൊലിയ്ക്കുമെന്നും (പലമടങ്ങ് വര്‍ദ്ധിക്കും) ഐശ്വര്യം കൈവരുമെന്നും അവകാശപ്പെട്ടാണ് സ്വര്‍ണക്കച്ചവടക്കാര്‍ ഈ ദിവസത്തെ ഒരു സ്വര്‍ണം വാങ്ങല്‍ ദിനമാക്കി മാറ്റിയത്. അവധി ദിവസത്തിനു മുമ്പ് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പിനു മുന്നില്‍ കാണുന്ന അതേ ക്യൂ ആഭരണ ശാലകള്‍ക്ക് മുന്നിലും കാണുന്ന അപൂര്‍വ്വ സുന്ദര ദിവസം. അന്നേ ദിവസം സ്വര്‍ണ്ണം വാങ്ങാന്‍ പുലര്‍ച്ചെ തുടങ്ങുന്ന കാത്തിരിപ്പ് പാതിരാവരെ നീളും. ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കിയവര്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങും. ഒരു വര്‍ഷത്തെ മുവുവന്‍ ഐശ്വര്യം പേഴ്സിലാക്കിയ സന്തോഷവുമായി. എന്നാല്‍ ഇപ്രകാരമുള്ള ഒരു വിശ്വാസമോ ആചാരമോ നിലവിലില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും ഇന്ന് നാട്ടിലുള്ള സാധാരണക്കാരോട് അക്ഷയ തൃതീയ എന്താണെന്നു ചോദിച്ചാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസം എന്നായിരിക്കും ഉത്തരം തരിക. അത്രമാത്രം പ്രചരണം ഈ ദിവസത്തിനുണ്ടാക്കാന്‍ കച്ചവടക്കാര്‍ക്ക് സാധിച്ചു.

akshaya_manorama
അക്ഷയതൃതീയയിലേക്ക് ആളുകളെ ആകര്‍ഷിച്ചുകൊണ്ട് പ്രമുഖ പത്രങ്ങളില്‍ നല്‍കിയ പരസ്യം

മകരസംക്രമം, കുംഭ ഭരണി, വൃശ്ചിക മാസത്തിലെ കാര്‍ത്തിക (തൃക്കാര്‍ത്തിക) എന്നിങ്ങനെ ചില പ്രത്യേക ദിവസങ്ങള്‍ ഉത്സവമായി കേരളീയര്‍ ആഘോഷിക്കുന്ന പോലെ ഉത്തരേന്ത്യയിലെ ഹിന്ദുക്കളും ജൈന മതവിശ്വാസികളും ആഘോഷിച്ചുവരുന്ന ഒരു വിശേഷ ദിവസമാണ് അക്ഷയതൃതീയ. അന്നേദിവസം അവര്‍ ദാനധര്‍മ്മങ്ങള്‍ നടത്തുന്നു. ചിലയിടങ്ങളില്‍ ശൈശവ വിവാഹം പോലെയുള്ള അനാചാരങ്ങളും നടക്കുന്നു. ഒരു 20 കൊല്ലം മുമ്പ് ഇപ്പറഞ്ഞ ദിവസത്തെപ്പറ്റി മലയാളികള്‍ക്ക് അറിവുണ്ടായിരുന്നില്ല. ശകവര്‍ഷത്തിലെ രണ്ടാം മാസമായ വൈശാഖത്തിലെ കറുത്തവാവിനുശേഷം വരുന്ന മൂന്നാം ദിവസമാണ് അക്ഷയ തൃതീയ. ഒരു വാവ് കഴി‍ഞ്ഞാല്‍ തൊട്ടടുത്ത ദിവസം പ്രഥമ, രണ്ടാം ദിവസം ദ്വിതീയ, മൂന്നാം ദിവസം തൃതീയ, നാലാം ദിവസം ചതുര്‍ത്ഥി എന്നിങ്ങനെ പതിനാലാം ദിവസമായ ചതുര്‍ദശി വരെ ദിവസങ്ങള്‍ എണ്ണുന്നതിനെയാണ് തിഥികള്‍ എന്നുപറയുന്നത്. തിങ്കള്‍, ചൊവ്വ എന്ന് പേരിട്ട് വിളിക്കുന്നതിനോ, മാസത്തിലെ ഒന്നാം തീയതി, രണ്ടാം തീയതി എന്ന് നമ്പരിട്ട് വിളിക്കുന്നതിനോ മുമ്പ് ഒരു പ്രകൃതി പ്രതിഭാസത്തെ അടിസ്ഥാനമാക്കി ദിവസങ്ങള്‍ക്ക് പേരുകൊടുത്തിരുന്ന ഒരു സമ്പ്രദായമാണിത്. ആധുനിക കാലത്തെ കലണ്ടറിലും ഈ തിഥികള്‍ ഇടംപിടിച്ചിട്ടുണ്ട്. ഒരു വാവ് കഴിഞ്ഞ് അടുത്ത പതിനഞ്ചാം ദിവസം അടുത്ത വാവാണ്. പിന്നെ വീണ്ടും പ്രഥമ, ദ്വിതീയ, തൃതീയ എന്ന് എണ്ണിത്തുടങ്ങും. കറുത്തവാവ് മുതല്‍ വെളുത്തവാവ് വരെയുള്ള തിഥികള്‍ ചേര്‍ന്ന് വെളുത്ത പക്കവും (ശുക്ല പക്ഷം) വെളുത്ത വാവ് മുതല്‍ കറുത്തവാവ് വരെയുള്ള തിഥികള്‍ ചേര്‍ന്ന് കറുത്ത പക്കവും (കൃഷ്ണ പക്ഷം) ഉണ്ടാകുന്നു. ഇങ്ങനെ രണ്ട് പക്കങ്ങള്‍ ചേര്‍ന്നതാണ് ഒരു ചാന്ദ്രമാസം. വൈശാഖത്തിലെ ശുക്ലപക്ഷം മൂന്നാം തിഥിയാണ് അക്ഷയതൃതീയ. ഇതൊന്നും സാധാരണ മലയാളികള്‍ക്ക് അറിയില്ല. അവരുടെ അറിവ് വച്ച് സ്വര്‍ണം വാങ്ങാനുള്ള ഏറ്റവും നല്ല ദിവസമാണ് ഇന്ന് അക്ഷയതൃതീയ.

അക്ഷയ എന്ന പദത്തിന് ക്ഷയിക്കാത്തത് (നശിക്കാത്തത്) എന്നാണ് അര്‍ത്ഥം. വിഷ്ണുധർമസൂത്രത്തിലാണ് അക്ഷയതൃതീയയെക്കുറിച്ചുള്ള ആദ്യത്തെ പരാമർശം കാണുന്നത്. അന്ന് ഉപവസിക്കുകയും വിഷ്ണുവിന് അന്നം നിവേദിക്കുകയും പിന്നീട് അതുകൊണ്ട് അഗ്നിയെ പ്രീതിപ്പെടുത്തിയശേഷം ദാനം ചെയ്യുകയും വേണമെന്ന് അതിൽ പ്രസ്താവിച്ചിട്ടുണ്ട്. സർവപാപമോചനമാണു ഫലം. അന്നേ ദിവസം നേടുന്ന പുണ്യം അക്ഷയമായിരിക്കും. മത്സ്യപുരാണത്തിലും (അധ്യാ. 65) നാരദീയപുരാണത്തിലും (അധ്യാ. 1) അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഭവിഷ്യോത്തരത്തിലും (അധ്യാ. 30: 2-3) അന്നു ചെയ്യപ്പെടുന്ന സ്നാനം, ദാനം, ജപം, ഹോമം, സ്വാധ്യായം, പിതൃതർപ്പണം എന്നീ കർമങ്ങൾ അക്ഷയഫലപ്രദമാണെന്നു പറഞ്ഞിരിക്കുന്നു. അതായത് അക്ഷയതൃതീയ ദിവസം ദാനധര്‍മ്മങ്ങള്‍ക്കുള്ള ദിവസമാണ്. അല്ലാതെ സ്വര്‍ണമോ മറ്റേതെങ്കിലും തരത്തിലോ ഉള്ള സ്വത്ത് സമ്പാദിക്കുന്നതിനുള്ള ദിവസമല്ല. വിശ്വാസ പ്രകാരം അന്ന് നടത്തുന്ന ദാനംമൂലം ഉളവാകുന്ന പുണ്യമാണ് അക്ഷയമായുള്ളത്, അല്ലാതെ അന്ന് വാങ്ങുന്ന സ്വര്‍ണമോ രത്നമോ ഒന്നുമല്ല. എന്നിട്ടും നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു വിശ്വാസം കടന്നു വന്നതെങ്ങനെയാണ് ?

അക്ഷയ തൃതീയ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതുവഴി പുണ്യമുണ്ടാകും എന്നാണ് ഉത്തരേന്ത്യയിലെ വിശ്വാസം. അതായത് ആ ദിവസം വാങ്ങുകയല്ല, കൊടുക്കുകയാണ് വേണ്ടത്. ആ ദിവസം നടന്നിരുന്ന ശൈശവ വിവാഹങ്ങള്‍ നിരോധിച്ചതോടെ നഷ്ടത്തിലായ സ്വര്‍ണ്ണ വ്യാപാരികളുടെ പ്രചരണം മാത്രമാണ് സ്വര്‍ണ്ണം വാങ്ങാന്‍ വിശേഷപ്പെട്ട ദിവസമായി അക്ഷയത്രിതീയയെ മാറ്റിയത്.

ഉത്തരേന്ത്യയില്‍ ശൈശവ വിവാഹം നടക്കുന്ന ദിവസമാണല്ലോ അക്ഷയ തൃതീയ. സ്വാഭാവികമായും ആ ദിവസങ്ങളില്‍ വലിയ സ്വര്‍ണക്കച്ചവടവും നടന്നിരുന്നു. വിശ്വാസങ്ങളെ മുന്നോട്ട് കൊണ്ടുപോകുന്നത് കച്ചവടമാണല്ലോ. എന്നാല്‍ ശൈശവ വിവാഹം നിരോധിച്ചതോടെ ആ ദിവസങ്ങളില്‍ നടന്നുവന്ന സ്വര്‍ണക്കച്ചവടത്തിലും ഇടിവു വന്നു. ഇതു മറികടക്കാനായി ചില ഉത്തരേന്ത്യന്‍ സ്വര്‍ണ വ്യാപാരികള്‍ വ്യാപക പരസ്യം നല്‍കി. അക്ഷയതൃതീയയ്ക്ക് പുണ്യം പൊലിക്കും എന്ന വിശ്വാസത്തെ സ്വര്‍ണം പൊലിക്കും എന്നാക്കി തിരുത്തി.

childmarriage_1
കടപ്പാട് : http://standardissuemagazine.com

കേരളത്തിലെ ഒരു സ്വര്‍ണവ്യാപാരി കുറച്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് ഈ വിദ്യ ഇവിടെയും പരീക്ഷിച്ചു. സ്വര്‍ണ വ്യാപാരം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പല ആലോചനകള്‍ നടത്തിയതിന്റെ ഭാഗമായി അയാള്‍ ഒരു പരസ്യം നല്‍കി. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കും എന്നായിരുന്നു അത്. (കിട്ടിയാല്‍ ഊട്ടി, ഇല്ലങ്കില്‍ ചട്ടി എന്ന നിലയില്‍ പരസ്യം നല്‍കിയ ഇദ്ദേഹം ഹിന്ദുപോലും ആയിരുന്നില്ല.) ആ വര്‍ഷം പക്ഷേ അത് വലിയ ഫലം കണ്ടില്ല. തൊട്ടടുത്ത വര്‍ഷം ഈ മേഖലയിലെ ചില വന്‍കിടക്കാര്‍ കൂടി ഇത് ഏറ്റുപിടിക്കുകയും പത്രങ്ങളിലൂടെയും ടെലിവിഷനിലൂടെയും വ്യാപക പ്രചരണം നല്‍കുകും ചെയ്തു. അപ്രാവശ്യം എന്തായാലും സംഭവം ഏശി. വലംപിരി ശംഖിന്റെയും മദനകാമാക്ഷി യന്ത്രത്തിന്റെയും പിന്നാലെ ഓടുന്ന മലയാളി സ്വര്‍ണക്കടകളില്‍ കൂട്ടമായെത്തി സ്വര്‍ണം വാങ്ങി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ സ്വര്‍ണക്കടക്കാരെപോലും അമ്പരപ്പിക്കുന്ന വിധത്തിലായിരുന്ന കച്ചവടം. കഴി‍‍ഞ്ഞ വര്‍ഷം മാത്രം 500 കോടി രൂപയുടെ സ്വര്‍ണക്കച്ചവടം നടന്നതായാണ് കണക്ക്. ഇനി “ശരിക്കും ബിരിയാണി കിട്ടുന്നുണ്ടോ” എന്ന് വ്യാപാരികള്‍ക്ക് പോലും സംശയം തോന്നിയെന്നതാണ് സത്യം. പണയം വച്ചും കടം വാങ്ങിയും മലയാളി സ്വര്‍ണം വാങ്ങാന്‍ മത്സരിച്ചു. ചിലര്‍ ആഭരണശാലകളില്‍ പുരോഹിതന്മാരെ വരെ ഇരുത്തി കച്ചവടം പൊലിപ്പിച്ചു. അഡ്വാന്‍സ് ബുക്കിംഗും ആരംഭിച്ചു.. പോരേ. അക്ഷയതൃതീയ ദിവസത്തെ മുന്നോട്ടും പിന്നോട്ടും നീട്ടാന്‍ ഇതിലൂടെ കഴിഞ്ഞു. അക്ഷയതൃതീയ ആദ്യദിവസം രണ്ടാംദിവസം, അക്ഷയതൃതീയ മൂന്നാം ദിവസം എന്നിങ്ങനെ. തൃതീയയുടെ അടുത്ത ദിവസം ചതുര്‍ത്ഥിയാണ്. ഹിന്ദു വിശ്വാസപ്രകാരം ചതുര്‍ത്ഥി മോശം ദിവസവും. എന്നിട്ടും അക്ഷയതൃതീയയുടെ അടുത്ത ദിവസമായ ചതുര്‍ത്ഥിക്ക് സ്വര്‍ണം വാങ്ങി സായൂജ്യമടയുന്ന വിശ്വാസികളെയും നമ്മള്‍ കണ്ടു.

സ്വര്‍ണ്ണം വാങ്ങല്‍ പ്രോത്സാഹിപ്പിക്കാവുന്ന ഒന്നല്ല. സ്വര്‍ണ്ണം ആഭരണമാക്കുമ്പോള്‍ വരുന്ന അധിക വില, അത്തരത്തില്‍ കൂടിയ വില നല്‍കി വാങ്ങിയ സ്വര്‍ണ്ണം വീണ്ടും വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നഷ്ടമാകുന്ന മൂല്യം ഇങ്ങനെ പലതരം നഷ്ടങ്ങളാണ്, ഐശ്വര്യമല്ല, സ്വര്‍ണ്ണം വാങ്ങുന്നതിലൂടെ ഉണ്ടാകുന്നത്. കൂടാതെ അക്ഷയതൃതീയയ്ക് ഐശ്വര്യമാണെന്ന് പറഞ്ഞ് ആളുകള്‍ വാങ്ങുന്ന സ്വര്‍ണ്ണനാണയങ്ങളും സ്വര്‍ണ്ണ ലോക്കറ്റ്, ബിസ്കറ്റ് മുതലായവയും പിന്നെ ബാദ്ധ്യതയായി മാറും. അവ പണയം വെയ്കുന്നത് ആര്‍.ബി.ഐ വിലക്കിയിട്ടുണ്ട്. അവ ആഭരണമാക്കി മാറ്റാമെന്ന് വെച്ചാല്‍ അത് കനത്ത നഷ്ടവുമാകും.

സ്വര്‍ണഭ്രമത്തില്‍ അഭിരമിക്കുന്ന മലയാളി പക്ഷേ ഇതൊന്നും ആലോചിക്കാറില്ല. വിവാഹത്തിനും മറ്റും ലക്ഷങ്ങള്‍ മുടക്കി സ്വര്‍ണം വാങ്ങുന്ന മലയാളിയെ ഇപ്രകരം ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന കാശുകൊണ്ടാണ് വ്യാപാരികള്‍ നാള്‍ക്കുനാള്‍ മുപ്പതും നാല്പതുമൊക്കെ ഷോറൂമുകള്‍ പണിതുകൊണ്ടിരിക്കുന്നത്. അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കോ, തുച്ഛശമ്പളത്തിനുപുറമെ മൂത്രമൊഴിക്കാന്‍ പോലും സമരം ചെയ്യേണ്ടി വരുന്ന അവസ്ഥയും.

ശാസ്ത്രസാങ്കേതിക വിദ്യകളുടെ വളര്‍ച്ചയ്ക്കൊപ്പം അന്ധവിശ്വാസങ്ങളും തട്ടിപ്പുകളും പുതുരൂപത്തില്‍ പ്രചരിപ്പിക്കുന്നതിന്റെ മറ്റൊരുദാഹരണമാണ് അക്ഷയ തൃതീയ എന്ന് ചുരുക്കിപ്പറയാം.

ശരിയായ ശാസ്ത്രബോധം ഉണ്ടാവുക മാത്രമാണ് ഏക പരിഹാരം. അങ്ങിനെ വന്നാല്‍ മാത്രമേ കഴി‍ഞ്ഞവര്‍ഷം അക്ഷയ തൃതീയക്ക് സ്വര്‍ണം വാങ്ങിയ എത്രപേര്‍ക്ക് ഐശ്വര്യം വന്നൂ എന്ന് ചിന്തിക്കുകയുള്ളു. അങ്ങനെ പരിശോധിക്കുമ്പോള്‍ മാത്രമാണ് ഐശ്വര്യം വന്നത് സ്വര്‍ണക്കടക്കാര്‍ക്ക് മാത്രമാണെന്ന ബോധ്യം വരുന്നത്. അപ്പോഴാണ് ആ തട്ടിപ്പുകളുടെ പിന്നില്‍ സ്വര്‍ണക്കടക്കാരും, അവരുടെ പരസ്യം വരുമാനനമാര്‍ഗമാക്കിയ മാധ്യമങ്ങളുമാണെന്ന് തിരിച്ചറിയുക. അത്തരം ഒരു തിരിച്ചറിവ് എന്നാണാവോ മലയാളിയ്ക്കുണ്ടാവുക.

കൂടുതൽ വായനയ്ക്ക് ….

  • http://www.safalniveshak.com/7-reasons-to-not-buy-gold-this-akshaya-tritiya/
  • http://profit.ndtv.com/news/your-money/article-akshaya-tritiya-why-buying-gold-is-bad-for-the-indian-economy-322139
  • http://workersforum.blogspot.in/voices/breaking-cycle-child-marriage/
Happy
Happy
86 %
Sad
Sad
0 %
Excited
Excited
14 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “അക്ഷയതൃതീയ – നമുക്ക് വിഢിയാകാന്‍ ഒരു ദിനം കൂടി

  1. നല്ല പഠനർഹവും ചിന്തോദ്ദീപവും ആയ ലേഖനം. അഭിനന്ദനങ്ങൾ 🌹

  2. പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ചലച്ചിത്ര താരങ്ങള്‍ കൂടിയാകുമ്പോള്‍ താരാരാധന കൂടിയ മലയാളികള്‍ വീണില്ലെങ്കിലാണ് അതിശയം . മാത്രമോ കോളം ന്യുസിലും എഡിറ്റോറിയല്‍ പേജിലും അന്ധവിശ്വാസ ചൂഷണത്തിനെതിരെ അലറി വിളിക്കുന്ന മാധ്യമങ്ങള്‍ മുന്നോട്ടു പോകുന്നത് ഈ ലോബികളുടെ പരസ്യത്തിലൂടെയാണ് എന്നത് മറ്റൊരു വസ്തുത . എല്ലാത്തിനും പുറമേ അനുഭവസ്ഥരുടെ സാക്ഷ്യം വേറെയും … വിശ്വാസം കമ്പോളം ഏറ്റെടുത്തു കഴിഞ്ഞു ..മാര്‍ക്കറ്റുകളില്‍ നമ്മളെ കൂടി വിലയിട്ടു വെച്ചിരിക്കുന്ന കാലമാണ് … കഷ്ടം എന്നല്ലാതെ മറ്റെന്തു പറയാന്‍ .. നിയമങ്ങള്‍ പാലിക്കപ്പെടാനുള്ളതാണെങ്കില്‍ ഇത്തരം കബളിപ്പിക്കലുകള്‍ ചോദ്യം ചെയ്യാനുള്ള അധികാരം പൊതുജനങ്ങള്‍ക്കു നല്‍കുകയാണ് വേണ്ടത് .കടലാസിലല്ല ..കൈ വെള്ളയില്‍ ..!

Leave a Reply

Previous post വെസ്റ്റ് നൈൽ വൈറസ് കേരളത്തിൽ
Next post നക്ഷത്രങ്ങളോടൊത്ത് ഒരു പുരാവസ്തുപഠനം – LUCA TALK
Close