Read Time:12 Minute

വെസ്റ്റ് നൈൽ വൈറസ് കേരളത്തിൽ

‘ഓരോ വർഷവും മഴക്കാലമെത്തുമ്പോൾ അധികൃതർ പ്രഖ്യാപിക്കുന്ന ഒരു സമ്മാനം പോലെ പുതിയ പേരുകളിലുള്ള പകർച്ചപ്പനികൾ കൊതുകുകളുടെ ചിറകിലേറി മനുഷ്യരിൽ പടർന്നുപിടിക്കും’.

(സുഭാഷ് ചന്ദ്രന്റെ സമുദ്രശിലയിൽ നിന്ന്).

മഴക്കാലമെത്തിയില്ല. പുതിയ രോഗവുമല്ല. എങ്കിലും ഇത്തവണ കേരളത്തിലെ  പത്രങ്ങളുടെ തലക്കെട്ടിൽ നിറയുന്ന, ‘കൊതുകുകളുടെ ചിറകിലേറി’ വരുന്ന പകർച്ചപ്പനിയായിരിക്കയാണ് വെസ്റ്റ് നൈൽ വൈറസ്.

വെസ്റ്റനൈൽ വൈറസ്

പേരും ചരിത്രവും 

വെസ്റ്റ് നൈൽ വൈറസിന് (West Nile Virus) നൈൽ നദിയുമായി ബന്ധമൊന്നുമില്ല. എന്നാൽ നൈൽ നദിയൊഴുകുന്ന ആഫ്രിക്കയുമായി ബന്ധമുണ്ട്. 1937ൽ ഉഗാണ്ടയിലെ വെസ്റ്റ് നൈൽ ജില്ലയിലെ ഒരു രോഗിയിൽ നിന്നാണ് ആദ്യമായി ഈ വൈറസ് കണ്ടെത്തിയത്. ജപ്പാൻ ജ്വര (Japanese Encephalitis) വൈറസിന്റെ അടുത്ത ബന്ധുവായ ഒരു ഫ്ലാവിവൈറസ് (flavivirus) ആണ് വെസ്റ്റ് നൈൽ വൈറസ്. കാക്കയുടെ കുടുംബത്തിൽ  പെട്ട (Corvidae) പക്ഷികളാണ് ഈ വൈറസിന്റെ പ്രധാന ആതിഥേയ ജീവി  (host). എന്നാൽ ഇന്ത്യയിൽ കൊക്ക് വർഗ്ഗത്തിൽ പെട്ട പക്ഷികളിൽ നിന്നും (Ardeola grayii, Bubulcus ibis) വൈറസിനെതിരെയുള്ള ആന്റിബോഡികൾ കണ്ടെത്തിയിട്ടുണ്ട്. ആഫ്രിക്ക, യൂറോപ്പിന്റെ ചില ഭാഗങ്ങൾ, ഏഷ്യ, ആസ്ത്രേലിയ, തുടങ്ങിയവയാണ് വെസ്റ്റ് നൈൽ വൈറസ് കാണപ്പെടുന്ന പ്രദേശങ്ങൾ. ഇന്ത്യയിൽ ആദ്യമായി വെസ്റ്റ് നൈലിനെതിരെയുള്ള ആന്റിബോഡികൾ കണ്ടെത്തിയത് 1952 ൽ മുംബൈയിൽ നിന്നാണ്. പിന്നീട് കേരളമടക്കം രാജ്യത്തിലെ പല  പ്രദേശങ്ങളിൽ  നിന്നും വെസ്റ്റ് നൈൽ വൈറസ് കണ്ടെത്തി. 

ജപ്പാൻ ജ്വരം പോലെ തന്നെ വൈറസ് ബാധിച്ച എല്ലാവരും രോഗലക്ഷണങ്ങൾ കാണിക്കില്ല. 20% ആളുകൾ മാത്രമേ കാര്യമായ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുകയുള്ളൂ. പക്ഷികൾക്ക് പുറമേ ഈ വൈറസ് കുതിരകളേയും ബാധിക്കും. കേരളത്തിൽ കുതിരകൾ അധികമില്ലാത്തതിനാൽ ഇവിടുത്തെ ഒരേയൊരു ‘വൈറസ് സംഭരണികൾ’ പക്ഷികൾ മാത്രമാണെന്ന് പറയാം. ലോകത്ത് നൈൽ വൈറസുകളുടെ എട്ട് വംശങ്ങളുണ്ട് (lineages). അവയിൽ രണ്ടെണ്ണമാണ് ഇന്ത്യയിലുള്ളത് (വംശം-I, വംശം-V).

രോഗസംക്രമണം

രോഗബാധിതരായ പക്ഷികളിൽ നിന്നാണ് വെസ്റ്റ് നൈൽ വൈറസ് കൊതുകുകൾ വഴി മനുഷ്യരിലെത്തുന്നത്. നൂറ് കണക്കിന് പക്ഷികളിൽ നിന്നും വൈറസ് വേർതിരിച്ചെടുത്തിട്ടുണ്ട്. ക്യൂലക്സ് വർഗ്ഗത്തിൽ പെട്ട കൊതുകുകളാണ് പ്രധാന രോഗവാഹകർ. കേരളത്തിൽ ഏത് കൊതുകാണ് രോഗം പരത്തുന്നത് എന്നറിയില്ല. എന്നാൽ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് ക്യൂലക്സ് വിഷ്ണുവൈ (Culex vishnui), ക്യൂലക്സ് ക്വിൻക്വിഫേഷിയേറ്റസ് (Culex quinquefasciatus) എന്നീ കൊതുകുകളിൽ വെസ്റ്റ് നൈൽ വൈറസിന്റെ സാന്നിദ്ധ്യം രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് കൊതുകുകളും കേരളത്തിലുണ്ട്. ഡെങ്കിപ്പനി പരത്തുന്ന ഏഡിസ് ആൽബോപിക്റ്റസ് (Aedes albopictus ) കൊതുകുകൾക്കും വെസ്റ്റ് നൈൽ വൈറസ് പരത്താനുള്ള കഴിവുണ്ടെങ്കിലും രോഗസംക്രമണത്തിൽ അവയ്ക്കുള്ള പ്രാധാന്യം വ്യക്തമല്ല.

ലക്ഷണങ്ങൾ

പൊതുവേ നിരുപദ്രവകാരിയായതും സ്വയം ശമിക്കുന്നതുമായ (self- limiting) രോഗമാണ് വെസ്റ്റ് നൈൽ വൈറസ്. വളരെ അപൂർവമായി മാത്രം മസ്തിഷ്കത്തെ ബാധിക്കാം. 80% ആളുകളിലും രോഗലക്ഷണങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞല്ലോ. ബാക്കി 20% ആളുകളിൽ വെസ്റ്റ് നൈൽ പനിയോ (West Nile fever) തീവ്രമായ വെസ്റ്റ് നൈൽ രോഗമോ (Severe West Nile disease) ഉണ്ടാകാം.

ഇവ ശ്രദ്ധിക്കാം

കൊതുക് കടിച്ച് 3-14 ദിവസങ്ങൾക്കകം ലക്ഷണങ്ങൾ കാണിച്ചു തുടങ്ങും. പനി, തലവേദന, തളർച്ച, ശരീരവേദന, ഓക്കാനം, ചർദ്ദി, വിരളമായി ചർമ്മത്തിലെ തിണർപ്പുകൾ, ഗ്രന്ഥിവീക്കം തുടങ്ങിയവയാണ് വെസ്റ്റ് നൈൽ പനിയുടെ ലക്ഷണങ്ങൾ. തലവേദന, ഉയർന്ന തോതിലുള്ള പനി, കഴുത്ത് തിരിക്കാൻ കഴിയാത്ത അവസ്ഥ (neck stiffness), വിറയൽ, അലസത, സ്ഥലകാലബോധമില്ലായ്മ, കോമ, അപസ്മാരം, പേശികളുടെ ബലക്ഷയം, പക്ഷാഘാതം തുടങ്ങിയവയാണ് തീവ്രമായ വെസ്റ്റ് നൈൽ രോഗത്തിന്റെ ലക്ഷണങ്ങൾ. രോഗം ബാധിച്ച 150 പേരിൽ ഒരാൾക്ക് തീവ്രമായ വെസ്റ്റ് നൈൽ രോഗമുണ്ടാകാം. 50 വയസ്സിൽ കൂടുതലുള്ളവരിലാണ് രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതൽ.

രോഗനിർണ്ണയവും ചികിൽസയും

എലൈസ,  ആർട്ടി-പിസിയാർ  (RT-PCR), വൈറസ് കൾച്ചർ തുടങ്ങിയ മർഗ്ഗങ്ങളിലൂടെ വെസ്റ്റ് നൈൽ വൈറസിന്റെ സാന്നിധ്യം തിരിച്ചറിയാൻ കഴിയും. മറ്റുള്ള വൈറസ് രോഗങ്ങൾ പോലെ തന്നെ ചികിൽസ രോഗലക്ഷണങ്ങൾക്കനുസരിച്ചാണ് (symptomatic treatment).

രോഗ നിയന്ത്രണം

വെസ്റ്റ് നൈൽ വൈറസിനെതിരെ ഇതുവരെ വാക്സിൻ കണ്ടുപിടിച്ചിട്ടില്ല. അതുകൊണ്ട് രോഗനിയന്ത്രണത്തിനുള്ള ഏകമാർഗ്ഗം കൊതുക് നിയന്ത്രണമാണ്. ക്യൂലക്സ് വിഷ്ണുവൈ കൊതുകുകൾ വളരുന്നത് താരതമ്യേന മലിനമല്ലാത്ത വെള്ളത്തിലാണ്. നെൽപ്പാടങ്ങളാണ് ഒരു പ്രധാന പ്രജനനസ്ഥലം (breeding habitat). കൂത്താടിതീനി മൽസ്യങ്ങൾ, ബാസിലസ് തുറിഞ്ചിയൻസിസ് ബാക്റ്റീരിയ തുടങ്ങിയ ജൈവരീതികളാണ് ശുപാർശ ചെയ്യപ്പെടുന്ന നിയന്ത്രണ രീതികൾ. ക്യൂലക്സ് ക്വിൻക്വിഫേഷിയേറ്റസ് പൊതുവേ മലിനജലത്തിൽ വളരുന്ന കൊതുകുകളാണ്. ഏറ്റവും പ്രധാനപ്പെട്ട പ്രജനനസ്ഥലങ്ങൾ ഓടകളും അഴുക്കുചാലുകളും. അവയ്ക്കെതിരെ ജൈവരീതിയോ രാസരീതിയോ പ്രയോഗിക്കാം.

ക്യൂലക്സ് കൊതുകുകൾ രാത്രി കാലത്ത് രക്തം കുടിക്കുന്നവയായതിനാൽ കൊതുകുവലയ്ക്കുള്ളിൽ  ഉറങ്ങുന്നത് ശീലമാക്കിയാൽ ഉറങ്ങുന്ന സമയത്തെങ്കിലും അവയുടെ കടിയിൽ നിന്ന് രക്ഷപ്പെടാം. കൊതുകിനെ അകറ്റുന്ന ലേപനങ്ങളും ഉപയോഗിക്കാവുന്നതാണ്.

വെസ്റ്റ് നൈൽ വൈറസ് കേരളത്തിൽ

കേരളത്തിൽ ആദ്യമായി വെസ്റ്റ് നൈൽ പ്രത്യക്ഷപ്പെടുന്നത് 2011 ലാണ്. അത് ഒന്നാം വംശത്തിൽ പെട്ട വൈറസായിരുന്നു. അതിന് ശേഷം രോഗം വീണ്ടും പ്രത്യക്ഷപ്പെടുന്നത് 2018 ൽ മാത്രമാണ്. ഭൂരിപക്ഷം കേസുകളും ഗുരുതരമല്ലാത്തതിനാൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടാത്തതാകാം ഈ അസാന്നിദ്ധ്യത്തിന് കാരണം.   2019 ൽ രണ്ട് മരണങ്ങളുമുണ്ടായി. ഈവർഷം ഇതുവരെ ഒൻപത് പേർക്ക്  വൈറസ് ബാധ  ഉള്ളതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. രോഗികളിൽ രണ്ടുപേർ മരണമടയുകയും ചെയ്തു. അതിലൊരെണ്ണം വെസ്റ്റ് നൈൽ വൈറസ് കാരണമല്ല എന്ന സംശയവുമുണ്ട് . ഇങ്ങനെയൊക്കെയാണെങ്കിലും  കേരളത്തിൽ ഇപ്പോഴും വെസ്റ്റ് നൈൽ വൈറസ് ഗുരുതരമായ ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറിയിട്ടില്ല (പട്ടിക കാണുക). എങ്കിലും ജാഗ്രത ഉണ്ടായേ മതിയാകൂ. 

വെസ്റ്റ് നൈൽ വൈറസ് കേരളത്തിൽ

വർഷംകേസുകൾമരണംവർഷംകേസുകൾമരണം
2011330201810
2012002019112
201300202000
201400202110
201500202231
201600202300
2017002024??

അധിക വായനയ്ക്ക് 

  1. Anukumar B, Gajanan NS, Babeesh VT, Balasubramanian R, Gangale D. (2014). West Nile encephalitis outbreak in Kerala, India, 2011. Journal of Clinical Virology. 61(1):152-155
  2. Paramasivan R, Mishra AC, Maurya DT (2003). West Nile Virus: The Indian Scenario. Indian J Med Res. 188(9): 101-108
  3. Chowdhury P, Khan SA (2021). Global emergence of West Nile virus: Threat and  preparedness in special perspective to India. Indian J Med Res.154:36-50

കൊതുകിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കൊതുകു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post 2024 മെയ് മാസത്തെ ആകാശം
Next post അക്ഷയതൃതീയ – നമുക്ക് വിഢിയാകാന്‍ ഒരു ദിനം കൂടി
Close