Read Time:17 Minute

കവ്വായികായലിന്റെ ഭൗമ സവിശേഷതകളെക്കുറിച്ചും ജൈവ വൈവിധ്യത്തെക്കുറിച്ചും കവ്വായികായലിന്റെ ടൂറിസം സാധ്യതകളെക്കുറിച്ചും വിശദീകരിക്കുന്ന ലേഖനം. ശാസ്ത്രഗതി 2024 ആഗസ്റ്റ് ലക്കത്തിൽ പ്രസിദ്ധീകരിച്ച ലേഖനം

കേരളത്തിന്റെ വടക്കുഭാഗത്ത് കണ്ണൂർ – കാസറഗോഡ് ജില്ലകളിലായി ഏകദേശം 20 ചതുശ്ര കിലോമീറ്റർ വിസ്‌തീർണ്ണമുള്ള കായലാണ് കവ്വായികായൽ. ജൈവവൈവിധ്യത്താലും ടൂറിസം സാധ്യതകളാലും ഭൂമിശാസ്ത്രംപരമായ പ്രത്യേകതകളാലും വ്യത്യസ്തമാണ് ഈ കായൽ. വലുപ്പത്തിൽ കേരളത്തിൽ മുന്നാം സ്ഥാനത്തു നിൽക്കുന്ന കവ്വായികായൽ, വടക്കൻ കേരളത്തിലെ ഏറ്റവും വലിയ കായലും കൂടിയാണ്. സമുദ്രതീരപ്രദേശത്തോട് ചേർന്നുനിൽക്കുന്ന തണ്ണീർ തടമെന്ന രീതിയിലും കവ്വായികായലും പരിസര പ്രദേശങ്ങളും ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. സമുദ്രതീരത്തിന് സമാന്തരമായി സ്ഥിതിചെയ്യുന്ന കവ്വായികായൽ കാര്യങ്കോട് പുഴ, നീലേശ്വരം പുഴ, കവ്വായി പുഴ, പെരുവാമ്പ പുഴ, രാമപുരം പുഴ എന്നിവയുടെ സംഗമഭൂമികൂടിയാണ്. എടയിലക്കാട്, മാടക്കൽ, വടക്കേക്കാട്, ചെമ്പന്തമേട്, തെക്കേക്കാട്, പുറത്താൽ, ഓരി, കോക്കൽ, കവ്വായി തുടങ്ങിയ ദ്വീപുകളും കവ്വായി കായലിനോട് ചേർന്നുകിടക്കുന്നവയാണ്.

കവ്വായികായലിന്റെ തെക്കുഭാഗത്തായി കായലിനോട് ചേർന്നു നിൽക്കുന്ന മറ്റൊരു ഭൂരൂപമാണ് ഏഴിമല. ഭൂമിശാസ്ത്രപരമായും ചരിത്രപരമായും ഏറെ പ്രാധാന്യമുള്ള ഏഴിമല സമുദ്രനിരപ്പിൽനിന്ന് 250 മീറ്ററോളം ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ പ്രദേശത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കൂടി കണക്കിലെടുത്തുകൊണ്ടാണ്, ഏഷ്യയിലെ ഏറ്റവും വലിയ നേവൽ അക്കാദമികൂടിയായ ഏഴിമല നേവൽ അക്കാദമി സ്ഥാപിച്ചത്. കവ്വായികായലിലും സമീപ പ്രദേശങ്ങളിലും നടത്തിയ ഭൗ മശാസ്ത്ര പഠനങ്ങളിൽനിന്ന് വ്യക്തമായത്, വ്യത്യസ്‌ത ദിശകളിലായി സ്ഥിതിചെയ്യുന്ന നിരവധി ഭൂ ഭ്രംശങ്ങളുടെ സാന്നിധ്യം ഈ പ്രദേശത്തുണ്ട് എന്നാണ്. 

കേരളത്തിന്റെ സമുദ്രതീരത്തിന് സമാന്തരമായും ലംബമായും നിരവധി ഭൂഭ്രംശങ്ങൾ (Fault) കാണപ്പെടുന്നുണ്ട്. ചില പ്രധാന ഭ്രംശ മേഖലകൾ (Lineanments) തീരപ്രദേശങ്ങളിലേക്കും കടലിലേക്കും വ്യാപിച്ചുകിടക്കുന്നതായി പഠനങ്ങൾ വ്യക്തമാക്കുന്നു. ചെറുവർ മുതൽ ഏഴിമലവരെ നീണ്ടു കിടക്കുന്ന സമുദ്രതീരത്തിന് സമാന്തരമായ ഭൂഭ്രംശത്തിലാണ് കവ്വായികായൽ സ്ഥിതിചെയ്യുന്നത്. സമുദ്രതീരത്തിന് ലംബമായി നില കൊള്ളുന്ന ബവാലി ഭ്രംശമേഖല ഏഴിമലയ്ക്കടുത്ത കവ്വായികായലിലൂടെയാണ് കടന്നുപോകുന്നത്. പല നദികളുടെയും പാതയെത്തന്നെ നിയന്ത്രിക്കുന്നത് ഇത്തരം ഭൂഭ്രംശങ്ങളും ഭ്രംശമേഖലകളുമാണ്. കേരളത്തിലെ കായലുകളുടെയടക്കം രൂപപ്പെടലിന് ഭ്രംശനങ്ങൾക്കും ഭ്രംശമേഖലകൾക്കും ഏറെ പ്രാധാന്യമുണ്ട്.

കവ്വായികായലടങ്ങുന്ന പ്രദേശത്തിന്റെ ഭൗമശാസ്ത്രം പരിശോധിക്കുമ്പോൾ മനസ്സിലാകുന്നത്. ഏകദേശം 18 ലക്ഷം വർഷങ്ങൾക്കു മുമ്പ് (Late pliocene) രൂപപ്പെട്ട ചെങ്കല്ലുകൾക്ക് മുകളിലായി തവിട്ട്നിറത്തിൽ കാണപ്പെടുന്ന മണൽ (ഗുരുവായൂർ ഫോർമേഷൻ) നിക്ഷേപിക്കപ്പെട്ടത് ഏകദേശം 11000 വർഷങ്ങൾക്കുമുമ്പ് കടലിന്റെ കയറ്റിറക്കത്തിന്റെ ഭാഗമായാണെന്നാണ്. ഇതിനും മുകളിലായി പെരിയാർ ഫോർമേഷന്റെ ഭാഗമായ, ചെളിയും മണലും കുടിക്കലർന്ന ഇളം തവിട്ടുനിറത്തിൽ കാണപ്പെടുന്ന അവസാദങ്ങൾ ഒരു നദീ തട നിക്ഷേപമാണ്. ഇതിന്റെ മുകളിലാണ് കറുപ്പുകലർന്ന, ചാരനിറത്തിൽ കുടലും പുഴകളും ചേർന്ന് നിക്ഷേപിച്ച വിയ്യം ഫോർമേഷന്റെ ഭാഗമായ ചെളി (Mud) നിക്ഷേപം. കടപ്പുറം ഫോർമേഷന്റെ ഭാഗമായ പൂഴി (Sand) യാണ് ഈ പ്രദേശത്ത് ഏറ്റവും ഒടുവിലായി നിക്ഷേപിക്കപ്പെട്ടിരിക്കുന്ന അവസാദം (Late holocene). ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ വിവിധ കാലങ്ങളിലായി പ്രസിദ്ധീകരിച്ച ടോപ്പോഷീറ്റുകൾ, ഉപഗ്രഹ ചിത്രങ്ങൾ എന്നിവ പരിശോധിക്കുമ്പോൾ ഇത് മനസ്സിലാക്കാം. ഈ പ്രദേശങ്ങളിൽ വളരെ ചെറിയ കാലയളവിൽത്തന്നെ സംഭവിച്ചിരിക്കുന്ന ഭൂമിശാസ്ത്രപരമായ മാറ്റങ്ങളാണിവ. ഇത്തരത്തിലുള്ള മാറ്റങ്ങളിൽ ഏറെ ശ്രദ്ധേയമായത് കവ്വായികായൽ കടലിനോട് ചേരുന്നതുമായി ബന്ധപ്പെട്ടുണ്ടായവയാണ്. 1914-ൽ പ്രസിദ്ധീകരിച്ച ടോപ്പോഷീറ്റുകളിൽനിന്ന് നിരീക്ഷിക്കാവുന്നത്, കവ്വായികായൽ രണ്ട് അഴിമുഖങ്ങളിലൂടെ കടലിലേക്ക് ചേരുന്നതാണ്. വടക്കുഭാഗത്ത് കാര്യങ്കോട് പുഴയോട് ചേർന്നും തെക്കുഭാഗത്ത് ഏഴിമലയോട് ചേർന്നുമുള്ള അഴികളിലൂടെയാണ് കായൽ അറബിക്കടലിൽ പതിക്കുന്നത്. പുതിയ ഉപഗ്രഹചിത്രങ്ങളും ടോപ്പോഷീറ്റുകളും വ്യക്തമാക്കുന്നത്, സമുദ്രതീരത്തുണ്ടായ മാറ്റത്തെത്തുടർന്ന് ഏഴിമലയ്ക്കടുത്തുണ്ടായ അഴിമുഖം അടയുകയും നിലവിൽ വടക്കുഭാഗത്തുള്ള ഏക അഴിമുഖത്തിലൂടെ കവ്വായികായൽ അറബിക്കടലിലേക്ക് ചേരുന്നു എന്നുമാണ്. പഴയ കാലത്ത്, ഏഴിമല ഭാഗത്തായി സ്ഥിതി ചെയ്തിരുന്ന അഴിമുഖം പ്രാദേശികമായി ‘കെട്ടിയ അഴി’ എന്നാണ് അറിയപ്പെട്ടത്.

ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യയുടെ പഠനപ്രകാരം കഴിഞ്ഞ 100 വർഷത്തിനുള്ളിൽ കായലിന്റെ വിസ്‌തീർണ്ണത്തിൽ 9 ചതുരശ്ര കിലോമീറ്റർ കുറവ് സംഭവിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. കൂടാതെ, 1914 മുതൽ 1968 വരെയുള്ള 54 വർഷം കവ്വായി പ്രദേശത്ത് ധാരാളം മണൽ നിക്ഷേപമുണ്ടാവുകയും തീരദേശത്തിന്റെ വ്യാപ്‌തി വർധിക്കുകയും ചെയ്തിരുന്നതായി മനസ്സിലാക്കാം. കാര്യങ്കാട് പുഴയുടെ പഴയ അഴിമുഖത്തോടനുബന്ധിച്ച് ഇന്നത്തേതിൽനിന്നും ഏകദേശം 190 മീറ്റർ കൂടുതൽ വിതിയുണ്ടായിരുന്നത് ക്രമേണ കുറഞ്ഞു വരുകയും ഇന്നത്തെ സ്ഥിതിയിലെത്തുകയും ചെയ്തു. സമീപകാലത്തായി വലിയപറമ്പ കടൽത്തീരവും വലിയ തോതിലുള്ള തീര ശോഷണത്തിനും കടലാക്രമണത്തിനും വിധേയമായിക്കൊണ്ടിരിക്കുകയാണ്. തീരദേശത്തെ പല നിർമ്മാണ പ്രവർത്തനങ്ങളും ഇതിന് ആക്കം കുട്ടിയിരിക്കാം. കവ്വായികായലിലെ ദ്വീപുകളിൽനിന്ന് ശേഖരിച്ച അവസാദങ്ങളിൽ നടത്തിയ പഠനങ്ങൾ സൂചിപ്പിക്കുന്നത് അവസാദങ്ങളിലേറെയും കടൽ നിക്ഷേപങ്ങളാണെന്നാണ്. കൂടാതെ, കായലിനകത്തെ ദ്വീപുകൾ ഒരു പരിധിവരെ തെക്കുവടക്ക് നീണ്ടു കിടക്കുന്നവയാണ്. ഇവയൊക്കെയും വിരൽ ചൂണ്ടുന്നത്. ഈ ദ്വീപുകളൊക്കെയും പഴയ കടൽത്തിരത്തിന് (Palaeo strandline) രൂപമാറ്റം സംഭവിച്ച് ഉണ്ടാകാനുള്ള സാധ്യതയിലേക്കാണ്. ടെർഷ്യറിയുഗത്തിലെ അവസാദശിലകളുടെ നിക്ഷേപം കാണപ്പെടുന്ന ചെറുവത്തൂർ, കവ്വായികായലിനോട് ചേർന്നുനിൽക്കുന്ന സ്ഥലമാണ്. തെക്കുഭാഗത്തായി പഴയങ്ങാടിപോലുള്ള സ്ഥലങ്ങൾ ക്ലേ നിക്ഷേപങ്ങൾക്ക് പേരുകേട്ട സ്ഥലമാണ്. ഈ പ്രദേശങ്ങളിലെ പാറക്കല്ലുകളിൽ നിന്നെല്ലാം കടലിറക്കത്തിന്റെയും തെളിവുകൾ ലഭിച്ചിട്ടുണ്ട്.

കവ്വായികായലിന്റെ തെക്കുഭാഗത്ത് പയ്യന്നൂരിനടുത്തുനിന്ന് കണ്ടെത്തിയ ചുണ്ണാമ്പ് (lime shell) നിക്ഷേപത്തിൽനിന്ന് റേഡിയോ കാർബൺ ഡേറ്റിങ് (C) രീതിവെച്ച് നടത്തിയ കാലപ്പഴക്ക നിർണ്ണയ പഠനം വെളിവാക്കുന്നത് 4370, 4490 വർഷം പഴക്കമുള്ളതാണ് ഈ ചുണ്ണാമ്പു നിക്ഷേപമെന്നാണ്. ഇത്തരത്തിലുള്ള ചുണ്ണാമ്പ് നിക്ഷേപങ്ങൾ കടലിറങ്ങിപ്പോയതിന്റെ (Marine Regression) ഭാഗമായി രൂപപ്പെട്ടതാണെന്ന അഭിപ്രായവുമുണ്ട്. കടലിറങ്ങി പോയതിന്റെ ഭാഗമായി  സമുദ്രതീരത്തിനോട് ചേർന്നുള്ള sand bar കൾ ഉടലെടുത്തതും വികസിച്ചതും ഇതേ കാലഘട്ടത്തിലായിരിക്കുമെന്നും, കായലുകളുടെ രൂപപ്പെടലിൽ ഈ കാലഘട്ടത്തിന് പ്രാധാന്യമുണ്ടെന്നുമുള്ള വാദവും നിലവിലുണ്ട്.

ഭൂമിശാസ്ത്രപരമായ പ്രാധാന്യത്തോടൊപ്പംതന്നെ, കൂട്ടിച്ചേർക്കേണ്ടതാണ് കവ്വായികായലിന്റെയും ദ്വീപു സമൂഹത്തിന്റെയും ജൈവ വൈവിധ്യം. ഈ മേഖലയിൽ നടന്ന നിരവധിയായ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ പ്രദേശത്തിന്റെ ജൈവവൈവിധ്യം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ്. ഏഴോളം വ്യത്യസ്‌ത വിഭാഗത്തിൽപ്പെട്ട കണ്ടൽക്കാടുകൾ ഈ പ്രദേശത്ത് കണ്ടെത്തിയിട്ടുണ്ട്. ഏഴിമല കവ്വായിമേഖലയിലെ കണ്ടൽക്കാടുകൾ പ്രധാനമായും രാമപുരം പുഴ, പെരുവാമ്പ പുഴ എന്നിവയോട് ബന്ധപ്പെട്ട് കിടക്കുന്നവയാണ്. കവ്വായി – ഏഴിമല പ്രദേശത്തിന് അടുത്തു കിടക്കുന്ന കുഞ്ഞിമംഗലം പ്രദേശം വ്യത്യസ്‌തമായ കണ്ടൽക്കാടുകളാൽ സമ്പന്നമാണ്. കവ്വായികായലിലെ മത്സ്യ സമ്പത്തുകളെക്കുറിച്ചുള്ള പഠനത്തിൽ, 36 കുടുംബത്തിൽ ഉൾപ്പെട്ട 65 ജനുസ്സിൽപ്പെടുന്ന മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണുള്ളത്. വളരെ വ്യത്യസ്‌തങ്ങളായ മത്സ്യവിഭാഗങ്ങൾ ആരോഗ്യകരമായ ആവാസവ്യവസ്ഥയുടെ അടയാളമാണ്. വ്യത്യസ്‌ത വിഭാഗത്തിൽപ്പെട്ട 34 ഓളം ജലപ്പക്ഷികളുടെ ആവാസവ്യവസ്ഥ കൂടിയാണ് കവ്വായി തണ്ണീർത്തടം. അപൂർവയിനത്തിൽപ്പെട്ട വംശനാശ ഭീഷണി നേരിടുന്ന white bellied sea eagle നെ ഈ പ്രദേശത്തുനിന്ന് കണ്ടെത്തിയിട്ടുണ്ട്. കവ്വായികായലിലേക്ക് എത്തിച്ചേരുന്ന കുണിയൻ പുഴയുടെ തിരവും ദേശാടനപ്പക്ഷികളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ്.

കടപ്പാട് : Rohit B

പ്രാദേശികമായി മത്സ്യക്ക്യഷിക്ക് അനുയോജ്യമായ പ്രദേശമാണ് കായലിനോട് ചേർന്നുള്ള തണ്ണീർത്തടം. കക്ക വിഭാഗത്തിൽപ്പെട്ട പാപിയ മലബാറിക്ക, കുട്ടൻ ഇളമ്പക്ക, കല്ലുമ്മക്കായ തുടങ്ങിയ വളരെ പ്രധാന്യമുള്ള മത്സ്യ വിഭാഗങ്ങൾ ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. കണ്ടൽക്കാടുകളാൽ സമ്പന്നമായ തീരം, വേലിയേറ്റ സമയത്ത് ചെളി അടിഞ്ഞുണ്ടാകുന്ന നദീമുഖപ്പരപ്പ് തുടങ്ങിയവ ഈ പ്രദേശത്തെ, മത്സ്യസമ്പത്തിനും മത്സ്യക്കൃഷിക്കും അനുയോജ്യമാക്കുന്നു. വ്യത്യസ്‌തതരം ജലപ്രാണികളാലും സമ്പന്നമാണ് ഈ കായൽ. ഇവിടുത്തെ ഇടയിലക്കാട് പോലുള്ള ദ്വീപുകൾ ജൈവവൈവിധ്യംകൊണ്ട് സമ്പന്നമാണ്. ഇടയിലക്കാട് ദ്വീപിലെ സർപ്പക്കാവിൽ നടത്തിയ പഠനങ്ങളിൽ, ഈ പ്രദേശം വളരെ വ്യത്യസ്‌തങ്ങളായ സസ്യങ്ങളുടെയും പുഷ്പങ്ങളുടെയും ആവാസവ്യവസ്ഥ കൂടിയാണെന്ന് രേഖപ്പെടുത്തിയിരിക്കുന്നു.

ഭൗമശാസ്ത്രവും ജൈവവൈവിധ്യവുമൊക്കെ വ്യത്യസ്‌തമാക്കുന്ന ഈ കായലും പരിസരവും കേരളത്തിലെ മറ്റു കായലുകളെയപേക്ഷിച്ച് വലിയ തോതിലുള്ള മലിനീകരണത്തിന്റെ ഭീഷണിയിൽ പ്പെടുന്നില്ലായെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഈ പ്രദേശത്തിന്റെ അനന്തമായ ടൂറിസം സാധ്യതകളെ വരുംകാലങ്ങളിൽ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. അതിനോടൊപ്പം ജൈവവൈവിധ്യങ്ങളെ കാത്തുസൂക്ഷിക്കേതും ഭൂമിശാസ്ത്രപരമായ പ്രാധാന്യം പൊതു സമൂഹത്തിലെത്തിക്കേണ്ടതും കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഏഴിമലയും കവ്വായികായലുമൊക്കെ വളർന്നുവരുന്ന ജിയോ – ടൂറിസംമേഖലയിൽ ഏറെ പ്രാധാന്യം കിട്ടുന്ന പ്രദേശമാണെന്ന് നിസ്സംശയം പറയാം. 


അനുബന്ധവായനയ്ക്ക്

Happy
Happy
80 %
Sad
Sad
0 %
Excited
Excited
20 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post KERALA SCIENCE SLAM’ 24
Next post ഗാലക്സികളെ വിഴുങ്ങുമോ ഗ്രേറ്റ് അട്രാക്റ്റർ? -വഴിക്കുരുക്കിൽപ്പെട്ട പൂവ് 11
Close