Read Time:26 Minute

പി.കെ.ബാലകൃഷ്ണൻ.

1972 ജൂൺ 5 മുതൽ 16 വരെ സ്വീഡനിലെ സ്റ്റോക്ഹോമിൽ ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ മനുഷ്യ പരിസ്ഥിതിയുമായി ബന്ധപ്പെട്ട് നടന്ന ഉച്ചകോടിയിൽ ഇന്ത്യയുടെ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സംബന്ധിക്കുകയുണ്ടായി. ആതിഥേയ രാഷ്ട്രത്തിന്റെ ഭരണത്തലവന് പുറമെ  രാഷ്ട്രത്തിന്റെ ഭരണ സാരഥ്യത്തിലുള്ള മറ്റൊരാൾ അന്ന് ഉച്ചകോടിയിൽ പങ്കെടുത്തത് സംസാരിച്ചത് ഇന്ത്യയുടെ പ്രധാനമന്ത്രി മാത്രമായിരുന്നു. ദാരിദ്ര്യ നിർമാർജനം പരിസ്ഥിതി സംരക്ഷണത്തിന്റെ ഉപാധിയെന്ന നിലയിലുള്ള ഇന്ത്യയുടെ ആശയം ഏറെ ശ്രദ്ധ നേടുകയും ഉച്ചകോടിയുടെ പ്രഖ്യാപനങ്ങളുടെ ഭാഗമാവുകയും ചെയ്യുകയുണ്ടായി.

സ്റ്റോക്ഹോം പ്രഖ്യാപനങ്ങളുടെയും തത്വങ്ങളുടെയും പ്രേരണയിൽ ഇന്ത്യയിൽ പരിസ്ഥിതി സംരക്ഷണം കേന്ദ്ര സർക്കാറിന്റെ  മുഖ്യ അജണ്ടകളിലൊന്നായി മാറി. പരിസ്ഥിതി സംരക്ഷണം സ്റ്റെയിറ്റിന്റെയും പൗരന്മാരുടെയും ഉത്തരവാദിത്വമെന്ന നിലയിൽ 1977 ലെ 42-ാം ഭരണഘടനാ ഭേദഗതിയിൽ ഉൾച്ചേർക്കപ്പെട്ടു. മനുഷ്യരുടെ പൊതു പ്രശ്നമായ പാരിസ്ഥിതിക തകർച്ചയെ മനസ്സിലാക്കാനും പരിഹാരങ്ങൾ തേടാനും ശാസ്ത്രത്തെ അവലംബിക്കണമെന്ന ഒരു  പൊതുബോധം ലോക രാഷ്ട്രങ്ങളുടെ ഭരണ നേതൃത്വങ്ങളിൽ സൃഷ്ടിക്കാൻ സ്റ്റോക്ഹോം ഉച്ചകോടി സഹായകമായിത്തീർന്നിരുന്നു. അക്കാരണത്താലായിരിക്കാം 1977 ലെ ഇന്ത്യൻ ഭരണഘടനയുടെ 42-ാം ഭേദഗതിയുടെ ഭാഗമായി നിലവിൽ വന്ന ആർട്ടിക്കിൾ 51-A പ്രകാരമുള്ള പൗരന്മാരുടെ 10 മൗലിക കടമകളിൽ ഒന്നായി പരിസ്ഥിതി സംരക്ഷണവും മറ്റൊന്നായി സമൂഹത്തിൽ ശാസ്ത്ര ബോധം സൃഷ്ടിക്കാനുള്ള പ്രവർത്തനങ്ങളും ഉൾച്ചേർക്കപ്പെട്ടത്.

  • 1980 ൽ കേന്ദ്ര ഭരണ സംവിധാനത്തിന്റെ ഭാഗമായി ഒരു പരിസ്ഥിതി വകുപ്പ് രൂപീകരിക്കപ്പെട്ടു. 1985 ൽ അത് പരിസ്ഥിതി വനം മന്ത്രാലയമായി വിപുലീകരിക്കപ്പെടുകയും ചെയ്തു.2014ൽ ഈ മന്ത്രാലയത്തെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയം എന്ന നിലയിൽ പുനർനാമകരണം ചെയ്യുകയും ചെയ്തു.
  • 1980 ൽ വായു മലിനീകരണം തടയലും നിയന്ത്രണവുമായി ബന്ധപ്പെട്ട നിയമം നിർമിക്കപ്പെട്ടു. അന്താരാഷ്ട്ര ഉടമ്പടികൾക്കനുസൃതമായ നിയമ നിർമാണം സംബന്ധിച്ച ഭരണഘടനയിലെ ആർട്ടിക്കിൾ 253 അനുസരിച്ച് 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം നിലവിൽ വന്നു. 1992 ൽ ഒരു നോട്ടിഫിക്കേഷൻ വഴി പ്രധാനപ്പെട്ട 32 മേഖലകളുമായി ബന്ധപ്പെട്ടു നടക്കുന്ന വികസന വർത്തനങ്ങൾക്ക് പരിസരാഘാത പഠനം വേണമെന്നതു സംബന്ധിച്ച നിയമം നിലവിൽ വന്നു.
  • അതിനു ശേഷം 2000 ലെ ഓസോൺ പാളീക്ഷയത്തിനു കാരണമാകുന്ന വസ്തുക്കൾ നിയന്ത്രിക്കുന്നത്‌ സംബന്ധിച്ച നിയമം, 2001 ലെ ഊർജ സംരക്ഷണ നിയമം,2002 ലെ ജൈവ വൈവിധ്യ ആക്റ്റ് തുടങ്ങിയ പരിസ്ഥിതി നിയമങ്ങൾക്കെല്ലാം നിദാനമായത് 1972 ലെ സ്റ്റോക്ഹോം പ്രഖ്യാപനങ്ങളും തത്വങ്ങളുമായിരുന്നു.
  • ഇതിനെല്ലാമുപരിയായി 2010 ൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾക്കെതിരെ വരുന്ന പരാതികളിൽ തീർപ്പു കല്പിക്കാനും ആവശ്യമായ ശിക്ഷാ നടപടികളും നഷ്ടപരിഹാരങ്ങളും നിശ്ചയിക്കാനുമായി ഒരു ദേശീയ ഹരിത ട്രിബ്യൂണലും ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം  രൂപീകരിക്കപ്പെട്ടു.

സാമ്പത്തിക ഉദാരവൽക്കരണവും പരിസ്ഥിതി സംരക്ഷണവും.

സ്റ്റോക്ക്ഹോം പ്രഖ്യാപനങ്ങളെയും തത്വങ്ങളെയും അടിസ്ഥാനപ്പെടുത്തി മെച്ചപ്പെട്ട പരിസ്ഥിതി നിയമങ്ങൾക്ക് ഇന്ത്യ രൂപം നൽകിയിട്ടുണ്ട് എന്നു നാം കണ്ടു. അവ നടപ്പിലാക്കാനുള്ള ഭരണ സംവിധാനങ്ങളും ഇന്ത്യയിൽ നിർമിക്കപ്പെട്ടിട്ടുണ്ടായിരുന്നു. അത്തരത്തിൽ മൂന്നു വിധത്തിലുള്ള സ്ഥാപ സംവിധാനങ്ങളാണ് ഇന്ത്യയിൽ നിലവിലുള്ളത്.

  1.  പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാനം മന്ത്രാലയം,
  2. ദേശീയ തലത്തിലുള്ള മലിനീകരണ നിയന്ത്രണ ബോഡ്,
  3. സംസ്ഥാന മലിനീകരണ നിയന്ത്രണബോഡ് .

ഇത്രയം സംവിധാനങ്ങളും, നിയമങ്ങളും ഉണ്ടെങ്കിലും ഒരോ വ്യവസായത്തിന്റെയും നിർമാണ പ്രവർത്തനത്തിന്റെയും പ്രത്യേകമായ പരിസ്ഥിതി പ്രശ്നങ്ങൾ മനസ്സിലാക്കി സന്ദർഭോജിതമായി ഇടപെടുവാൻ ഇവയൊന്നും മതിയാവുന്നില്ല. 70 കളിലും 80 കളിലും നിർമിക്കപ്പെട്ട ഈ നിയമങ്ങളിൽ ചിലതെങ്കിലും ഇന്നത്തെ സാഹചര്യങ്ങൾക്കനുയോജ്യമായ രീതിയിൽ ഭേദഗതി ചെയ്യേണ്ടിവരും. എന്നാൽ സാമ്പത്തിക ഉദാരവൽക്കരണത്തിനു ശേഷം ഇത്തരം ഭേദഗതികളെല്ലാം തന്നെ നടന്നത് മുലധന താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു. വായു മലിനീകരണം, ജല മലിനീകരണം,രാസമാലിന്യങ്ങൾ പുറത്തുവിടുന്നത് തുടങ്ങിയവയുമായി ബന്ധപ്പെട്ട് വ്യവസായശാലകളും ബിസിനസ് സ്ഥാപനങ്ങളും പാലിക്കേണ്ടുന്ന നിയന്ത്രണങ്ങൾ സംബന്ധിച്ചെല്ലാം നിയമങ്ങളുണ്ടെങ്കിലും അവയൊന്നും കൃത്യമായി പാലിക്കപ്പെടുകയോ നിയമ ലംഘനങ്ങൾ വേണ്ട വിധത്തിൽ പരിശോധനകൾക്ക് വിധേയമാക്കി ശിക്ഷിക്കപ്പെടുകയോ ചെയ്യുന്നില്ല. വായു

മലിനീകരിക്കുകയും അപകടകാരികളായ രാസമാലിന്യങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ എന്നിവ കൃഷി സ്ഥലങ്ങളിലും തോടുകളിലും നദികളിലും ഒഴുക്കിവിട്ട് മലിനീകരിക്കുകയും ചെയ്യുന്നത് നിരുത്തരവാദപരമാണെന്നറിഞ്ഞ് പ്രവർത്തിക്കുന്ന വിധത്തിലുള്ള പൗരബോധത്തിന്റെ അഭാവം വ്യാപകമാണ്.

പരിസ്ഥിതി നിയമങ്ങൾ ഭേദഗതി ചെയ്യപ്പെടുന്നു

  •  1986 ലെ പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിലവിലുണ്ടായിരുന്ന 2006 ലെ ഇ.ഐ.എ നോട്ടിഫിക്കേഷന് പകരമായി 2016 ലും പിന്നീട് 2020 ലും പുതിയൊരു കരട് ഇ .ഐ. എ നോട്ടിഫിക്കേഷൻ നിലവിൽ വരുന്നു. ഇത് പരിസ്ഥിതി സംബന്ധിച്ച്‌ നേരത്തെ പാലിക്കേണ്ടിയിരുന്ന നിബന്ധനകളിൽ പലതിനും ഇളവ് നൽകുന്നു. ജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള സമയം30 ദിവസത്തിൽ നിന്ന് 20 ആയി കുറയ്ക്കുന്നു. പദ്ധതികളെ A,B1,B2 എന്നിങ്ങനെ മൂന്നു  ഗ്രൂപ്പുകളാക്കി തിരിച്ച് ചില ഇളവുകൾ അനുവദിക്കുന്നു. B2 കാറ്റഗറിയിലുള്ള പ്രോജക്റ്റുകൾക്ക് പരിസരാഘാത പഠനം ആവശ്യമില്ല.
  • കടലിലും കരയിലുമുള്ളഎണ്ണ പര്യവേഷണം, 25 മെഗാവാട്ട് ജലവൈദ്യുത പദ്ധതി,2000 മുതൽ10,000 വരെ ഹെക്റ്റർ പ്രദേശത്തെ ജസേചനം, ചെറുകിട സിമന്റ് ഫാക്റററികൾ, എം.എസ്.എം. ഇ പദ്ധതികൾ 1,50,000 ചതുരശ്ര മീറ്റർ കെട്ടിടങ്ങൾ, വനങ്ങൾക്കുള്ളിലൂടെയും നദികൾക്കടിയിലൂടെയുമുൾപ്പെടെ 100 കി.മീറ്റർ വരെയുള്ള ദേശീയപാത തുടങ്ങിയവ ഇതിലുൾപ്പെടും.
  • പരിസ്ഥിതി നിയമങ്ങൾ പാലിക്കപ്പെട്ടു എന്നതു സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് ആറു മാസത്തിലൊരിക്കൽ എന്നതിനു പകരം വർഷത്തിലൊരിക്കൽ സ്വയം തയാറാക്കിയ റിപ്പോർട്ട് സമർപ്പിച്ചാൽ മതി.
  • നിയമ ലംഘനം സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതികൾ സ്വീകരിക്കില്ല. പകരം സർക്കാർ അധികാരികൾ സ്വയംപരിശോധിച്ച് നടപടികൾ കൈക്കൊള്ളും.
  • പാരിസ്ഥിതികാനുമതി മുൻകൂട്ടി വാങ്ങാതെ ആരംഭിക്കുന്ന പദ്ധതികൾ പിന്നീട് പരിശോധിച്ച് അനുമതി നൽകും.
  • ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട പദ്ധതികൾക്ക് പെട്ടെന്നുള്ള അനുമതി.

മേൽ സൂചിപ്പിച്ച ഭേദഗതികളും ഇളവുകളും വലിയ തോതിൽ ദുരുപയോഗം ചെയ്യാനും പരിസ്ഥിതിക്ക് ആഘാതം സൃഷ്ടിക്കാനുമിട നൽകുന്നതാണ്.

ഇന്ത്യ നേരിടുന്ന കാലാവസ്ഥാ പ്രതിസന്ധികൾ

ഇന്ത്യയിൽ പലയിടങ്ങളിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന താപ തരംഗങ്ങൾ കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലമായുള്ളതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ആഗോള താപ വർധനവ് ഇപ്പോൾ വ്യവസായ വിപ്ലവകാലത്തിനു മുമ്പത്തേക്കാൾ1.2°C ലെത്തി നിൽക്കുന്നതിന്റെ പ്രത്യാഘാതങ്ങളുടെ ഭാഗമാണിതെന്നാണ് ലോകത്തെ10 രാജ്യങ്ങളിൽ നിന്നുള്ള 30 ശാസ്ത്രജ്ഞരടങ്ങുന്ന ദി വേൾഡ് വെതർ ആട്രിബ്യൂഷൻ നെറ്റ് വർക്കിന്റെ  പഠനത്തിൽ പറയുന്നത്. ഇന്ത്യയിൽ ഈ വർഷം മാർച്ച് മാസത്തിലെ അന്തരീക്ഷതാപനം  കഴിഞ്ഞ 122 വർഷക്കാലത്തെ  രേഖപ്പെടുത്തപ്പെട്ട താപനത്തേക്കാളെല്ലാം ഉയർന്ന അളവിലായിരുന്നു എന്നും അത് ഭാവിയിൽ വർധിക്കാനാണ് സാധ്യത എന്നും ഈ പഠനം പറയുന്നു. ഇതോടൊപ്പം തന്നെ മൺസൂൺ മഴയുടെ ഗതിയിൽ വലിയ മാററങ്ങളുണ്ടാവുകയും വലിയ അളവിലുള്ള മഴയും കൊടുംകാറ്റുകളും ആവർത്തിക്കുമെന്നാണ് ഐ.പി.സി.സി യുടെ ആറാമത്തെ റിപ്പോർട്ടും നൽകുന്ന സൂചന.

ഗ്ലാസ്ഗോ ഉച്ചകോടിയും ഇന്ത്യയും

പാരീസ് ഉടമ്പടി പ്രകാരം അംഗരാജ്യങ്ങൾ കാർബൺ ഉത്സർജനത്തിൽ കുറവു വരുത്തുന്നത് സംബന്ധിച്ച് ദേശീയമായി നിർണയിക്കുന്ന സംഭാവനകൾ പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ ഗ്ലാസ്ഗോ ഉച്ചകോടിക്കു മുമ്പ് ഇന്ത്യ അങ്ങിനെ ചെയ്തിരുന്നില്ല. 2021 ഒക്ടോബർ31 മുതൽ നവംബർ 13 വരെ ദിവസങ്ങളിൽ നടന്ന ഗ്ലാസ്ഗോ ഉച്ചകോടിയുടെ രണ്ടാം ദിവസം ലോക രാഷ്ട്രങ്ങളിലെ ഭരണത്തലവന്മാരുടെ സമ്മേളനത്തിലാണ് ഇന്ത്യയുടെ തീരുമാനങ്ങൾ പ്രധാനമന്ത്രി തന്നെ നേരിട്ട് പ്രഖ്യാപിച്ചത്.

പ്രധാനമായും അഞ്ചു കാര്യങ്ങളിലാണ് പ്രഖ്യാപനങ്ങൾ ഉണ്ടായത്

  1. ഇന്ത്യയുടെ ഫോസിലേതര ഊർജ ഉല്പാദന ശേഷി 2030 ഓടെ 500GW വിലെത്തിക്കും.
  2. 2030 ഓടെ ഇന്ത്യയുടെ വൈദ്യുതി ആവശ്യങ്ങളുടെ 50 ശതമാനവും പുതുക്കാവുന്ന സ്രോതസ്സുകളിൽ നിന്ന് ലഭ്യമാക്കും.
  3. ഉത്സർജനത്തിൽ 2030നകം ഒരു ബില്യൺ ടണ്ണിന്റെ കുറവ് വരുത്തും.
  4. 2030 ഓടെ ഇന്ത്യയുടെ സാമ്പത്തികവളർച്ചയുടെ  കാർബൺ ഉത്സർജന തീവ്രത(Emission intensity)യിൽ 45% കുറവ് വരുത്തും.
  5. പുറമെ 2070 ഓടെ അറ്റ ഉത്സർജനരഹിതാവസ്ഥ(Net zero emission) കൈവരിക്കുകയും ചെയ്യും.

ലോകത്തെ വനസമ്പത്തിന്റെ 85 ശതമാനവുമുള്ള 100ലധികം രാഷ്ട്രങ്ങൾ ഒത്തുചേർന്ന് 2030 നുള്ളിൽ തങ്ങളുടെ രാജ്യങ്ങളിലെ വനനശീകരണം പൂർണമായും ഇല്ലാതാക്കുമെന്ന പ്രഖ്യാപനത്തിൽ നിന്ന് ഇന്ത്യ വിട്ടു നിന്നു. 100 ലധികം രാജ്യങ്ങൾ രണ്ടാമത്തെ ഏറ്റവും വലിയ ഹരിതഗൃഹ വാതകമായ മീഥെയിൻ ഉത്സർജനം 2030 ഓടെ 30 ശതമാനം കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇന്ത്യ, ചൈന, റഷ്യ എന്നീ രാജ്യങ്ങളോടൊപ്പം ഈ പ്രഖ്യാപനത്തിൽ പങ്കു ചേർന്നില്ല. ഗ്ലാസ്ഗോ ചർച്ചകൾ നേരത്തെ നിശ്ചയിച്ചതിൽ നിന്നും ഒരു ദിവസം കൂടി നീണ്ടതിനു കാരണമായിത്തീർന്നത് ഉടമ്പടിയിലെ ഒരു പദപ്രയോഗം സംബന്ധിച്ച് ഇന്ത്യയും ചൈനയും ഉയർത്തിയ എതിർപ്പാണത്രെ. ഉടമ്പടിയുടെ കരടിലെ ‘കൽക്കരിയുടെ ഉപയോഗം ഘട്ടംഘട്ടമായി ഉപേക്ഷിക്കണം(phase out of coal)’ എന്നത് ഘട്ടംഘട്ടമായി കുറയ്ക്കണം(phase down of coal) എന്നാക്കി ഭേദഗതി ചെയ്യണമെന്ന ആവശ്യമുയർത്തിയായിരുന്നു എതിർപ്പ് പ്രകടിപ്പിച്ചത്. ഇന്ത്യയെ സംബന്ധിച്ചേടത്തോളം ഊർജ ഉല്പാദനത്തിന്റെ 70 ശതമാനവും കൽക്കരി ഉപയോഗിച്ചാണ്. സാമ്പത്തിക വികസനത്തിൽ ഇനിയുമേറെ മുന്നോട്ടു പോകാനുള്ള ഇന്ത്യയ്ക്ക് കൽക്കരി ഉപേക്ഷിക്കുക എന്നത് എളുപ്പമായ കാര്യമല്ല എന്നതാണ് ഇതിനു കാരണമത്രെ. കൽക്കരി ഘട്ടംഘട്ടമായി ഉപേക്ഷിക്കണം എന്നതിനോടൊപ്പം അതുപോലെ തന്നെ കാർബൺ ഉത്സർജനത്തിനു കാരണമാവുന്ന ഫോസിൽ ഇന്ധനങ്ങളായഎണ്ണയോ, പ്രകൃതി വാതകങ്ങളോ  ചേർക്കപ്പെടാതിരുന്നത് സമ്പന്ന രാജ്യങ്ങളുടെയും, എണ്ണ കോർപ്പറേറ്റുകളുടെയും താല്പര്യങ്ങൾ സംരക്ഷിക്കാനാണന്ന ഒരു വിമർശനവും ഇതോടൊപ്പം ഉയർന്നു വരികയുണ്ടായി.

ഇന്ത്യ സ്റ്റോക്ഹോം+50 ലെത്തുമ്പോൾ

 “ഒട്ടേറെ നവീന ആശയങ്ങളുടെയും വിപുലമായ അളവിലു പ്രകൃതിവിഭവങ്ങളുടെയും സമ്പത്തുള്ള ,നൂറുകോടിയിലധികം ജനങ്ങൾ അധിവസിക്കുന്ന ഇന്ത്യ, 1972 ലെ പ്പോലെ സ്റ്റോക്ഹോം+50 ന്റെയും അവിഭാജ്യ ഘടകമാണ്. എല്ലാ മനുഷ്യരുടെയും ക്ഷേമത്തിനായി ആരോഗ്യമുള്ള ഒരു ഭൂമിയെ നിലനിർത്താൻ ആവശ്യമായ ശാസ്ത്ര ഗവേഷണങ്ങൾക്കും, ആവാസവ്യവസ്ഥകളുടെ പുനസ്ഥാപനത്തിനും ഇന്ത്യ നേതൃത്വം നൽകേണ്ടതുണ്ട്.”

ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പരിപാടി(UNEP) യുടെഎക്സിക്യൂട്ടീവ് ഡയറക്ടർ ഇങ്ങർ ആൻഡേഴ്സൺ തന്റെ ഒരു ലേഖനത്തിലൂടെ ഇന്ത്യക്കു നൽകിയ ആഹ്വാനമാണിത്.

” സ്റ്റോക്ക്ഹോമിലെത്തുമ്പോൾ നേരത്തെ എല്ലാ രാജ്യങ്ങളും പൊതുവായി അംഗീകരിച്ച തത്വങ്ങൾ ഓർക്കണം.”

” സ്ഥിതി സമത്വത്തത്തിന്റെയും, സ്വാതന്ത്രൃത്തിന്റെയും അന്തരീക്ഷത്തിൽ ക്ഷേമവും ഗുണമേൻമയുമുള്ള മാന്യമായ ഒരു ജീവിതം എല്ലാവരുടെയു അവകാശമാണ്. അതിന്നായി മനുഷ്യ പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുഞ്ഞുകയും ചെയ്യുക എന്നത് ഒരോ വ്യക്തിയുടെയും മൗലികമായ ഉത്തരവാദിത്വമാണ് “

എന്നു കൂടി അവർ ലേഖനത്തിൽ പറയുന്നു.സമ്പന്നർ അധിവസിക്കുന്ന ഉത്തരാർദ്ധഗോളത്തേക്കാൾ കാലാവസ്ഥാ മാറ്റത്തിന്റെ കെടുതികൾ അനുഭവിക്കുന്നത് ദക്ഷിണാർദ്ധഗോളത്തിലെ ദരിദ്ര ജനവിഭാഗങ്ങളാണ്. ഒരോ രാജ്യത്തിന്റെ അകത്തും കൂടുതൽ പ്രയാസങ്ങൾ അനുഭവിക്കേണ്ടി വരുന്നത് അവിടങ്ങളിലെ ദരിദ്ര ജനവിഭാഗങ്ങളാണ്. കാലാവസ്ഥാ മാറ്റത്തിനു കാരണക്കാരൻ മനുഷ്യനാണ് എന്നു പറയുമ്പോൾ തന്നെ അത് ധനികരുടെ  ഉപഭോഗശീലങ്ങളും മൂലധന വ്യവസ്ഥയുടെ ലാഭാധിഷ്ഠിത വികസനക്രമങ്ങളും വരുത്തിയ വിനയാണെന്ന് കൂടി അടിവരയിട്ടു പറയേണ്ടതുണ്ട്.

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം സംജാതമായ  സമാധാനത്തിന്റെയും എന്നാൽ ശീതസമരത്തിന്റെയും ഘട്ടത്തിലാണ് മാനവരാശി നേരിടാൻ പോകുന്ന വലിയ വിപത്തെന്ന നിലയിൽ പരിസ്ഥിതി പ്രശ്നങ്ങളിലേക്ക് ശാസ്ത്ര സമൂഹം മുന്നറിയിപ്പുകൾ നൽകുന്നത്. ഈ മുന്നറിയിപ്പുകൾ മുഖവിലയ്ക്കെടുത്ത് ഒരു ആഗോള ഐക്യം തീർത്ത് പ്രവർത്തിക്കാനാണ് 1972 ലെ സ്റ്റോക്ഹോം സമ്മേളനം വിളിച്ചു ചേർക്കപ്പെട്ടത്. രാഷ്ട്രത്തലവന്മാരുടെ വിമുഖത വെളിപ്പെട്ട ആ സമ്മേളനത്തിലെ ഇന്ത്യൻ പ്രധാനമന്ത്രിയുടെ സാന്നിധ്യവും അഭിപ്രായ പ്രകടനങ്ങളും ഏറെ ശ്രദ്ധ നേടുകയുമുായി. തുടർന്ന് നടന്ന ഉച്ചകോടികളിലേക്ക് കൂടുതൽ ഭരണത്തലവന്മാർ പങ്കെടുക്കുകയും പല നല്ല തീരുമാനങ്ങൾ രൂപപ്പെടുകയും ചെയ്തങ്കിലും അവയൊന്നും പ്രയോഗത്തിലെത്തിക്കാനുള്ള ഒരു രാഷ്ട്രീയ വ്യവസ്ഥയിലേക്കല്ല ലോകവും നമ്മുടെ ഇന്ത്യയും നടന്നുനീങ്ങിയത്. പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് മാത്രം നീങ്ങുന്ന മൂലധന വ്യവസ്ഥയെ അവസാനിപ്പിക്കാതെ പരിഹാരങ്ങൾ സാധ്യമാവില്ല എന്നത് ക്യോട്ടോ പ്രോട്ടക്കോളും, പാരീസ് ഉടമ്പടിയും , കോവിസ് – 19 കാലവും കോവിഡാനന്തരം ഇന്ന് നിലനില്ക്കുന്ന യുദ്ധത്തിന്റെ അന്തരീക്ഷവും നമ്മെ പഠിപ്പിക്കുന്നില്ല എങ്കിൽ നമുക്കു മുന്നിൽ ശാസ്ത്രം പ്രവചിക്കുന്ന ആറാം സർവനാശത്തിലേക്ക് നടന്നടുക്കുക എന്ന ഒരു വഴി മാത്രമെ അവശേഷിക്കുകയുള്ളൂ.

ഏക ലോകം, ഏകാരോഗ്യം

ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പരിപാടി(UNEP), ലോക ആരോഗ്യ സംഘടന(WHO), ലോക മൃഗ ആരോഗ്യ സംഘടന( OIE) ലോക ഭക്ഷ്യ കൃഷി സംഘടന(FAO) എന്നിവ സംയുക്തമായി നേതൃത്വം നൽകിയുള്ള ഒരു പ്രവർത്തന പരിപാടിയായാണ് ഏക ആരോഗ്യം വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ചുള്ള ഒരു പ്രഖ്യാപനം 2021 ഡിസംബർ മാസം ലോകാരോഗ്യ സംഘടനയുടെ പൊതുസമ്മേളനത്തിൽ ഉണ്ടായി. ജൂണിൽ വരാൻ പോകുന്ന ഉച്ചകോടിയിൽ ഇതിന്റെ തുടർ നടപടികൾ സംബന്ധിച്ച തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ആശയത്തിൽ അടങ്ങിയിരിക്കുന്ന സമഗ്ര സമീപനത്തിന്റെ പ്രാധാന്യം സമൂഹത്തിൽ പ്രചരിപ്പിക്കാനുള്ള ഉത്തരവാദിത്വം ഒരു ജനകീയ ശാസ്ത്ര പ്രസ്ഥാനമെന്ന നിലയിൽ നാമേറ്റെടുക്കണം.

 

ആഗോളമായി ചിന്തിക്കുക, പ്രാദേശികമായി പ്രവർത്തിക്കുക

പ്രശ്നം ഇപ്രകാരം ആഗോളമാനമുള്ളതാണെങ്കിലും നമ്മുടെ അതിജീവനമാർഗങ്ങൾ നമുക്കു തേടേണ്ടതുണ്ട്. കേരളത്തിൽ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളിലാണ് കൂടുതലായി നാം ശ്രദ്ധിക്കേണ്ടി വരിക. തുടർച്ചയായ പ്രളയങ്ങളെയും മഹാമാരിയെയും നേരിട്ടതിന്റെ അനുഭവ പാഠങ്ങൾ നമ്മുടെ മുന്നിലുണ്ട്. തദ്ദേശ ഭരണത്തിന്റെയും പൊതുജനാരോഗ്യത്തിന്റെ സുശക്തമായ  സ്ഥാപന സംവിധാനങ്ങൾ നാം വികസിപ്പിച്ചിട്ടുണ്ട്. അവ നല്ല നിലയിൽ പ്രവർത്തിക്കാനാവശ്യമായ ശേഷികൾ വികസിപ്പിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനം, ജൈവ വൈവിധ്യ സംരക്ഷണം, ദുരന്ത നിവാരണം എന്നീ മൂന്നു പ്രധാന വിഷയങ്ങളും തദ്ദേശ ഭരണച്ചുമതലകളുടെ ഭാഗമാക്കിയിട്ടുമുണ്ട്. ദുരന്തങ്ങളിൽ നിന്ന് രക്ഷപ്പെടാനും കാലാവസ്ഥാ മാറ്റത്തോടൊപ്പം അനുകൂലനം ചെയ്തു ജീവിക്കാനും ജനങ്ങളെ സഹായിക്കാനാവശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കാൻ തദ്ദേശ ഭരണ സ്ഥാപനങ്ങൾക്ക് സാധിക്കണം. വിദ്യാർത്ഥികളെയും, യുവജനങ്ങളെയും കാലാവസ്ഥാ മാറ്റത്തെപ്പറ്റിയും ദുരന്ത നിവാരണ പ്രവർത്തനങ്ങളെപ്പറ്റിയും അറിവുള്ളവരാക്കാനാവശ്യമായ പരിശീലനങ്ങൾ നല്കണം. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഭാവി പ്രവർത്തനങ്ങളുടെ ഭാഗമായി ഈ കാര്യങ്ങൾ ഉൾ ചേർക്കാൻ നമുക്കു സാധിക്കണം. കേരളത്തിന്റെ ഭാവി വികസനം സംബന്ധിച്ച ആലോചനകളിലെല്ലാം കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഘടകങ്ങൾ പരിഗണിക്കപ്പെടണം.

ഐ.പി.സി.സി യുടെ മുന്നാമത്തെ കർമ സമിതി റിപ്പോർട്ട് കാലാവസ്ഥാ പ്രതിരോധം സംബന്ധിച്ചുള്ളതാണ്. 2030 നകം തന്നെ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ആവശ്യമായ അടിയന്തിര നടപടികൾ കൈക്കൊണ്ടിട്ടില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രശ്നങ്ങൾ മനുഷ്യ നിയന്ത്രണങ്ങളുടെ പരിധികൾക്കപ്പുറത്തേക്കു വളരുമെന്ന മുന്നറിയിപ്പുകളാണുള്ളത്. ഇപ്പോഴത്തെ കാർബൺ ഉത്സർജനത്തിന്റെ ഒരു വലിയ പങ്ക് വഹിക്കുന്നത് ഗതാഗത സംവിധാനങ്ങളാണ്. ആഗോള തലത്തിൽ ഇത് 23 ശതമാനമാണ്. ഗതാഗതം വഴിയുള്ള കാർബൺ ബഹിർഗമനത്തിന്റെ 70 ശതമാനവും റോഡ് ഗതാഗതത്തിൽ നിന്നാണ്. റെയിൽവേ ഗതാഗതത്തിന്റെത് 1 ശതമാനവും, കപ്പൽ ഗതാഗതത്തിന്റെത് 11 ശതമാനവും, വിമാന യാത്രയുടെത് 13 ശതമാനവുമാണ്. കേരളത്തിലെ സ്വകാര്യ വാഹനങ്ങളുടെ വർധനവ് റോഡുകളുടെ വാഹകശേഷിക്കപ്പുറമാണിപ്പോഴെത്തി നിൽക്കുന്നത്. അതു മൂലം കാർബൺ ഉത്സർജനത്തിന്റെ കാര്യത്തിൽ നാം മുന്നിട്ടു തന്നെയാണുള്ളത്. ഇതിനുള്ള പ്രതിവിധികൾ കണ്ടെത്തുക എന്നത് നമ്മുടെ ഭാവി വികസനത്തിന്റെ ഭാഗമാവണം. വരുംതലമുറകളുടെ ആവശ്യങ്ങൾ കണക്കിലെടുത്തു കൊണ്ട് ദീർഘകാല പരിപ്രേക്ഷ്യത്തിലുള്ള ഒരു ഗതാഗത നയം രൂപീകരിക്കണം. അതിൽ ഇന്ധനക്ഷമത കൂടുതലുള്ളതും കാർബൺ എമിഷൻ കുറവുള്ളതുമായ റെയിൽവേ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനു തന്നെയാവണം മുൻഗണന. ഒപ്പം റോഡുകളുടെ ഗുണനിലവാരം വർധിപ്പിക്കാനും പൊതു ഗതാഗത സംവിധാനത്തിന്റെ ഗുണമേൻമ വർധിപ്പിക്കാനും നടപടികൾ വേണം. സ്വകാര്യ വാഹനത്തിന്റെ ഉപയോഗം ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിയന്ത്രിക്കണം. ജലഗതാഗത മാർഗങ്ങൾ വികസിപ്പിക്കാനുള്ള ഇപ്പോഴത്തെ നടപടികൾ ഏറെ സ്വാഗതാർഹമാണ്.


Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post കുട്ടികളുടെയും യുവജനങ്ങളുടേയും കാലാവസ്ഥാ അസംബ്ലിയിൽ പങ്കെടുക്കാം…
Next post തേനീച്ചകളും ഒരേ ഒരു ഭൂമിയും
Close