Read Time:37 Minute

പി.കെ. ബാലകൃഷ്ണൻ

1972 ൽ സ്വീഡനിലെ സ്റ്റോക്ക്ഹോമിൽ ഐക്യരാഷ്ട്ര സമിതിയുടെ പൊതുസഭ ജൂൺ 5 പരിസരദിനമായി അംഗീകരിക്കുകയും, ഒരോ വർഷവും പ്രസക്തമായ ആശയങ്ങളെ കേന്ദ്രീകരിച്ച് ആചരിക്കുവാനും തീരുമാനിക്കുകയുണ്ടായി. ‘ഒരേയൊരു ഭൂമി മാത്രം’ എന്ന ഒരു മുദ്രാവാക്യം മുന്നോട്ടുവെച്ചുകൊണ്ട് ആദ്യത്തെ പരിസ ദിനം1974 ജൂൺ 5 ന് ആചരിക്കുകയും ചെയ്തു. പിന്നീടുള്ള ഒരോ വർഷവും യു.എൻ.ഇ.പി. യിലെ ഏതെങ്കിലും ഒരംഗരാഷ്ട്രത്തിന്റെ ആതിഥേയത്വത്തിൽ വായു മലിനീകരണം, പ്ലാസ്റ്റിക്ക് മലിനീകരണം, നിയമ വിരുദ്ധമായ വന്യമൃഗ വ്യാപാരം, കടൽജലനിരപ്പ് വർധനവ്, ജൈവ വൈവിധ്യനാശം, ഭക്ഷ്യ സുരക്ഷ, സുസ്ഥിര ഉപഭോഗം തുടങ്ങി പരിസ്ഥിതിയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഒരു ആശയത്തെ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളാണ് നടന്നിട്ടുള്ളത്.

2022 ജൂൺ 5 സ്റ്റോക്ഹോം കോൺഫറൻസിന്റെ അമ്പതാം വാർഷിക ദിനമാണ്. ഈ ദിനാഘോഷത്തിന്റെ മുദ്രാവാക്യം 1972 ൽ തുടക്കത്തിൽ മുന്നോട്ടു വെച്ച ‘ഒരേയൊരു ഭൂമി മാത്രം’ എന്ന എപ്പോഴും പ്രസക്തമായ മുദ്രാവാക്യം തന്നെയാണ്. അമ്പതാം വാർഷികത്തിന്റെ ആതിഥേയ രാഷ്ട്രവും സ്വീഡൻ തന്നെ.

ഭൂമിയെ കൂടുതൽ ശുദ്ധവും ഹരിതാഭവുമാക്കി പ്രകൃതിയുമായി ഇണങ്ങിചേർന്നുള്ള ഒരു സുസ്ഥിര ജീവിതശൈലി സ്വീകരിക്കുവാൻ ആവശ്യമായ നയസമീപനങ്ങൾ കൈക്കൊള്ളുവാൻ രാഷ്ട്രങ്ങളും, അത്തരം ഒരു ജീവിത ശൈലി സ്വീകരിക്കുവാൻ വ്യക്തികളും തയാറാവേണ്ടുന്ന ഒരു സന്ദർഭം കൂടിയാണിത്.

1972 ൽ UN പൊതുസഭ ഒരേ ഒരു ഭൂമി മാത്രമെന്ന മുദ്രാവാക്യമംഗീകരിച്ചതിന്റെ അമ്പതാം വാർഷികം സ്റ്റോക്ക്ഹോം+50 എന്ന പേരിൽ 2022 ജൂൺ 2, 3 തീയതികളിൽ സ്വീഡനിലെ സ്റ്റോക്ഹോമിൽ ആഗോള തലത്തിൽ പരിസ്ഥിതി രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവരെയും വിളിച്ചു ചേർത്ത് ആചരിക്കുവാൻ തീരുമാനിച്ചു. 2021മെയ് 24ന് ചേർന്ന UN പൊതുസഭയുടെ അറുപത്തൊമ്പതാമത്തെ പ്ലീനറി മീറ്റിംഗിൽ ഒരു പ്രമേയം വഴിയാണ് ഈ തീരുമാനമുണ്ടായത്. ‘സ്റ്റോക്ഹോം+50, എല്ലാവരുടെയും ക്ഷേമത്തിനായി ആരോഗ്യമുള്ള ഒരു ഗ്രഹം; നമ്മുടെ ഉത്തരവാദിത്വം, നമ്മുടെ അവസരം’ എന്ന ഒരു മുദ്രാവാക്യവും മുന്നോട്ടു വെക്കപ്പെട്ടു.

2030 ഓടെ കൈവരിക്കേണ്ടുന്ന സുസ്ഥിര വികസന ലക്ഷ്യങ്ങൾ സംബന്ധിച്ച ദശവർഷ പരിപാടി, കാലാവസ്ഥ സംബന്ധിച്ച പാരീസ് ഉടമ്പടി, ജൈവവൈവിധ്യ സംരക്ഷണ പരിപാടി, കോവിഡാനന്തര ഹരിത സാമ്പത്തിക പുനരുജ്ജീവന പരിപാടി എന്നിവയെല്ലാം സംബന്ധിച്ച ബഹുകക്ഷി തല വിലയിരുത്തലുകളും തീരുമാനങ്ങളുമാണ് സ്റ്റോക്ക്ഹോം+50 സമ്മേളനത്തിൽ ഉണ്ടാവാൻ പോകുന്നത്.

പരിസ്ഥിതി ദിനത്തിന്റെ ചരിത്രം

മുൻ യുണൈറ്റഡ് നേഷൻസ് സെക്രട്ടറി-ജനറൽ ജാവിയർ പെറെസ് ഡി കുല്ലർ 1986ലെ ലോക പരിസ്ഥിതി ദിനത്തിൽ ന്യൂയോർക്കിലെ യുഎൻ ആസ്ഥാനത്ത് ഒരു മരം നട്ടുപിടിപ്പിക്കുന്നു.

1968 ഡിസംബറിൽ ന്യൂയോർക്കിൽ വെച്ചു ചേർന്ന ഐക്യരാഷ്ട്ര സഭയുടെ ഇരുപത്തിമൂന്നാമത്തെ സമ്മേളനം മനുഷ്യ പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ (Problems of the Human Environment) എന്ന പേരിൽ സഭയുടെ 2398-ാം നമ്പർ പ്രമേയം അംഗീകരിക്കുന്നു. ഈ ഒരു പ്രമേയം യു.എൻ.ന്റെ പൊതുസഭയിൽ അവതരിപ്പിക്കാനും അംഗീകാരം നേടാനുമുള്ള നയതന്ത്ര ശ്രമങ്ങൾക്ക് നേതൃത്വം നൽകിയത് സ്വീഡന്റെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം നയതന്ത്ര പ്രതിനിധിയായിരുന്ന സ്വേർക്കർ ആസ്ട്രോം (Sverker Astrom) ആയിരുന്നു. സ്വീഡനിലെ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ ഹാൻസ് പാംസ്റ്റീയർന (Hans Palmstierna) യുടെ ഏറെ ശ്രദ്ധ നേടിയ Plunder, Famine and Poisoning എന്ന പുസ്തകത്തിലെ ആശയങ്ങളും അദ്ദേഹവുമായുണ്ടായിരുന്ന ബന്ധവുമായിരുന്നു സ്വേർക്കർ ആസ്ട്രോമിന് പ്രേരണയായത്. അങ്ങനെയാണ് സ്വീഡന്റെ മുൻകൈയിൽ 1968 ൽ യു.എൻ. പൊതുസഭ ഐകകണ്ഠ്യേന പാസാക്കിയ 2398-ാം നമ്പർ പ്രമേയത്തിന്റെ അടിസ്ഥാനത്തിൽ 1972 ജൂൺ 5 മുതൽ 16 വരെ തീയതികളിൽ സ്വീഡനിലെ സ്റ്റോക്ഹോമിൽ മനുഷ്യ പരിസ്ഥിതിയുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര സമ്മേളനം ചേരുന്നത്. 114 രാജ്യങ്ങളാണ് സമ്മേളനത്തിൽ പങ്കു ചേർന്നത്. കിഴക്കൻ ജർമനിക്ക് ഐക്യരാഷ്ട്ര സഭയിൽ അംഗത്വം നൽകാത്തതിന്റെ പേരിൽ സോവിയറ്റ് യൂനിയനും വാഴ്സാ ഉടമ്പടി രാഷ്ട്രങ്ങളും സമ്മേളനത്തിൽ നിന്ന് വിട്ടു നിന്നു.

സ്റ്റോക്ക്ഹോം സമ്മേളന പ്രഖ്യാപനങ്ങൾ

  • 26 തത്വങ്ങളുൾച്ചേർന്നുള്ള പ്രഖ്യാപനങ്ങളോടു കൂടിയായിരുന്നു 1972 ലെ സ്റ്റോക്ക്ഹോം സമ്മേളനം പര്യവസാനിച്ചത്. ഇതിന്റെ തുടർച്ച എന്ന നിലയിൽ ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ ഒരു പരിസ്ഥിതി പരിപാടിക്കും (United Nations Environment Programme-UNEP) രൂപം നൽകി.
  • മനുഷ്യപരിസ്ഥിതിയുമായി ബന്ധപ്പെട്ട് ആഗോളമായിത്തന്നെ സംജാതമായിട്ടുള്ള പ്രശ്നങ്ങളും, അവയുടെ പരിഹാരം സംബന്ധിച്ച് ലോക രാഷ്ട്രങ്ങൾ ഒത്തുചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത സംബന്ധിച്ചുമുള്ള പ്രഖ്യാപനങ്ങൾക്കും പ്രവർത്തനങ്ങളുടെ പ്രായോഗികരൂപം സംബന്ധിച്ച തത്വങ്ങൾക്കുമായിരുന്നു സ്റ്റോക്ഹോം സമ്മേളനം അംഗീകാരം നൽകിയത്.
  • ഒരോ മനുഷ്യനും ആരോഗ്യകരമായ ഒരു പരിസരം ലഭ്യമാകണമെന്നത് ഒരേ സമയം തന്നെ ഒരു മൗലികാവകാശവും അത്തരം ഒരു പരിസരം സംരക്ഷിച്ച് പരിപാലിക്കുക എന്നത് ഒരു കടമയുമാണ്.
  • ഭൂമി, ജലം, വായു, ആവാസ വ്യവസ്ഥകൾ തുടങ്ങി എല്ലാ പ്രകൃതിവിഭവങ്ങളും ഉപയോഗിക്കുമ്പോൾ തന്നെ അവയെല്ലാം നന്നായി പരിചരിച്ച് സംരക്ഷിച്ച് വരുംതലമുറ കൾക്കായി കരുതി വെക്കുകയും വേണം.
  • ഇതിന് കൃത്യമായ ആസൂത്രണക്രമവും, നിർവഹണ സംവിധാനങ്ങളും സൃഷ്ടിക്കപ്പെടണം. മനുഷ്യസമൂഹം ഒന്നിച്ചു ചേർന്ന് ഭൂമിയുടെ പുതുക്കാവുന്ന വിഭവങ്ങളുടെ ഉല്പാദന ശേഷി നിലനിർത്താൻ പരിശ്രമിക്കണം.
  • പുതുക്കൽ സാധ്യമല്ലാത്ത പ്രകൃതിയിലെ വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറച്ചു കൊണ്ടുവരാനും അവ എല്ലാവർക്കും ലഭ്യമാവുന്നുണ്ട് എന്നുറപ്പാക്കാനും സാധിക്കണം. അവയുടെ ഭാവി ആവശ്യകതകൾ കൂടി കണക്കിലെടുത്തുള്ള നിയന്ത്രിത ഉപഭോഗം മാത്രം എന്ന നില ഉറപ്പാക്കുകയും ബദൽ മാർഗങ്ങൾ തേടുകയും വേണം. ദരിദ്ര ജനവിഭാഗങ്ങളുടെയും, ദരിദ്ര രാഷ്ട്രങ്ങളുടെയും വികസന ആവശ്യങ്ങൾ കണക്കിലെടുത്തു കൊണ്ടും ഒപ്പം തന്നെ പരിസര സംരക്ഷണം ഉറപ്പാക്കിക്കൊണ്ടുമുള്ള വികസന നയങ്ങൾ രൂപപ്പെടുത്തി പ്രവർത്തിക്കാൻ രാഷ്ട്രങ്ങൾ തയാറാവണം. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങൾ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഉണ്ടാവണം. പരിസ്ഥിതി സംരക്ഷണത്തിന്നാവശ്യമായ ശാസ്ത്ര സാങ്കേതികവിദ്യകൾ രുപപ്പെടുത്താനും ഇതുമായി ബന്ധപ്പെട്ട ഗവേഷണങ്ങൾ പ്രോത്സാഹിപ്പിക്കാനും ഒരോ രാജ്യവും തയാറാവണം.

ഇവയൊക്കെ സാധ്യമാക്കാനുള്ള 109 നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ ഒരു കർമ പദ്ധതിക്ക് സ്റ്റോക്ഹോം സമ്മേളനം രൂപം നൽകിയതിന്റെ പശ്ചാത്തലത്തിലാണ് പിന്നീട് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിലുള്ള പരിസ്ഥിതി പരിപാടിക്ക് (UNEP) രൂപം നൽകിയത്. അന്തരീക്ഷത്തിലെ ഓസോൺ പാളി ക്ഷയിക്കുന്നത് തടയാൻ ക്ലോറോ ഫ്ലൂറോ കാർബണിന്റെ ഉപയോഗം കുറയ്ക്കാനുള്ള തീരുമാനവും ഈ കർമപദ്ധതിയുടെ ഭാഗമായിരുന്നു.

നിലവിൽ193 രാഷ്ട്രങ്ങളുടെ പങ്കാളിത്തമുള്ള യു.എൻ. ഇ.പി. യുടെ ആസ്ഥാനം കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലാണ്. വികസിത രാജ്യങ്ങൾക്ക് പുറത്തുള്ള ഒരു രാജ്യത്ത് ആദ്യമായി പ്രവർത്തനം തുടങ്ങിയ ഐക്യരാഷ്ട്ര സഭയുടെ ഒരു ഘടകവും യു.എൻ.ഇ.പി. യാണ്. സ്റ്റോക്ഹോം സമ്മേളനത്തിനു തുടക്കമിട്ട ജൂൺ 5 പിന്നീട് ആഗോള തലത്തിൽ പരിസ്ഥിതി ദിനമായി ആചരിക്കുവാനും തീരുമാനിച്ചു.

സ്റ്റോക്ക്ഹോം സമ്മേളനത്തിനു ശേഷം

സ്റ്റോക്ഹോം സമ്മേളനത്തിൽ ദാരിദ്ര്യ നിർമാർജനത്തിലൂടെ മാത്രമെ പരിസ്ഥിതി സംരക്ഷണം സാധ്യമാവൂ എന്ന ഇന്ത്യയുടെ അഭിപ്രായം ഏറെ ശ്രദ്ധ നേടുകയും അംഗീകരിക്കപ്പെടുകയും ചെയ്തു. ആതിഥേയ രാഷ്ട്രത്തിന്റെ ഭരണത്തലവനു പുറമെ സ്റ്റോക്ഹോം സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിച്ച ഭരണ നേതൃത്വത്തിലുള്ള ഒരേ ഒരു വ്യക്തി അന്നത്തെ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മാത്രമായിരുന്നു എന്നതും ശ്രദ്ധേയമായിരുന്നു.

1983 ൽ പരിസ്ഥിതിയും വികസനവും സംബന്ധിച്ച് ഒരു റിപ്പോർട്ട് തയാറാക്കാൻ ഒരു കമ്മീഷൻ (World Commission for Environment and Development) ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ടു. ബ്രൻഡ്ലാൻഡ് കമ്മീഷൻ (Brundtland Commission) എന്നു വിശേഷിപ്പിക്കപ്പെട്ട ഈ കമ്മീഷൻ 1987 ൽ നമ്മുടെ പൊതുഭാവി (Our Common Future) എന്ന പേരിൽ ശ്രദ്ധേയമായ ഒരു റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. പരിസ്ഥിതിയെ സംരക്ഷിച്ചു കൊണ്ട് വരുംതലമുറകളുടെ ആവശ്യങ്ങളെക്കൂടി പരിഗണിച്ചു കൊണ്ടുള്ള ഒരു വികസന നയം പിന്തുടരാൻ എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്നായിരുന്നു റിപ്പോർട്ടിൽ അടിവരയിട്ടു പറഞ്ഞത്. സുസ്ഥിര വികസനം എന്ന ആശയം മുന്നോട്ടു വെക്കുന്ന ഒരു റിപ്പോർട്ടായിരുന്നു ബ്രൻഡ്ലാൻഡ് കമ്മീഷൻ റിപ്പോർട്ട്.

 

ഐക്യരാഷ്ട്ര സഭയുടെ ഉപഘടകമെന്ന നിലയിൽ യു.എൻ. ഇ.പി. നിലവിൽ വന്ന ശേഷം പല രാജ്യങ്ങളും പരിസ്ഥിതി മന്ത്രാലയങ്ങൾക്കും മറ്റു രൂപത്തിലുള്ള സ്ഥാപനങ്ങൾക്കും രൂപം നൽകിയെങ്കിലും സ്റ്റോക്ഹോം സമ്മേളനം കൈക്കൊണ്ട തീരുമാനങ്ങൾ നടപ്പിലാക്കുന്നതിൽ വേണ്ടത്ര പുരോഗതി കൈവരിക്കാൻ കഴിഞ്ഞില്ല. ഇക്കാരണത്താൽ യു.എൻ.ഡി.പി യുടെ നേതൃത്വത്തിൽ 1992 ൽ ബ്രസീലിലെ റിയോ ഡി ജാനിറോവിൽ വീണ്ടുമൊരു അന്താരാഷ്ട്ര സമ്മേളനം വിളിച്ചുചേർക്കപ്പെട്ടു. ഭൗമ ഉച്ചകോടി എന്നു വിശേഷിപ്പിക്കപ്പെട്ട റിയോ സമ്മിറ്റിൽ 108 രാജ്യങ്ങളുടെ ഭരണത്തലവന്മാർ ഉൾപ്പെടെ 172 രാജ്യങ്ങളുടെ പ്രതിനിധികൾ പങ്കെടുത്തു.

ഭൗമ ഉച്ചകോടി (Rio summit-1992)

കഴിഞ്ഞ നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ഭൂമിയിൽ മനുഷ്യ ഇടപെടലിന്റെ ഫലമായി ഉണ്ടായിട്ടുള്ള പാരിസ്ഥിതികപ്രശ്നങ്ങളുടെ അളവിലെ വർധനവ് ഭൗമ ഉച്ചകോടിയിൽ കൂടുതൽ രാഷ്ട്രങ്ങളുടെ പ്രതിനിധികളും, സർക്കാർ ഇതര സംഘടനാ പ്രതിനിധികളും പങ്കെടുക്കാനുള്ള സാഹചര്യം സംജാതമാക്കി.

വന സംരക്ഷണ തത്വങ്ങൾ, അജണ്ട 21, ജൈവ വൈവിധ്യം സംബന്ധിച്ച കൺവെൻഷൻ (CBD), കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ഫ്രെയിംവർക്ക് കൺവെൻഷൻ (UNFCCC) എന്നിവയെല്ലാം ഭൗമ ഉച്ചകോടിയുടെ ഭാഗമായി നിലവിൽ വന്നതാണ്. എല്ലാവിധ വനങ്ങളുടെയും സുസ്ഥിര സംരക്ഷണത്തിന്നായി ഒരാഗോള സമ്മതി ലക്ഷ്യമിട്ടുള്ളതായിരുന്നു വന സംരക്ഷണ തത്വങ്ങൾ.

അജണ്ട 21

സുസ്ഥിരവികസനത്തിന്നായുളള ഒരു ബ്രഹത്തായ പദ്ധതി ദേശീയ തലത്തിലും പ്രാദേശിക തലത്തിലും യു.എൻ. ന്റെ വിവിധ ഏജൻസികളും, സർക്കാറുകളും ചേർന്ന് നടത്തുന്നത് സംബന്ധിച്ചുള്ളതാണ് അജണ്ട 21.

2000 ആണ്ടോടു കൂടി ആഗോള തലത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കാൻ ഒരോ ദേശരാഷ്ട്രവും പ്രാദേശിക ഭരണകൂടങ്ങളും അവരുടെതായ അജണ്ട 21 രൂപീകരിച്ചു പ്രവർത്തിക്കണമെന്നായിരുന്നു നിർദ്ദേശിക്കപ്പെട്ടത്. 21 എന്നത് ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ എന്നു സൂചിപ്പിക്കുന്നതിനുള്ളതായിരുന്നു. അജണ്ട 21 ന്റെ നിർവഹണ പുരോഗതി അഞ്ചുവർഷത്തിലൊരിക്കൽ വിലയിരുത്തി റിപ്പോർട്ട് ചെയ്യാൻ കമ്മീഷൻ ഓൺ സസ്റ്റെയിനബിൾ ഡവലപ്മെന്റ് (CSD) എന്ന പേരിൽ ഒരു സമിതിയെ നിയോഗിച്ചു. ന്യൂയോർക്കിൽ1997 ൽ Rio+5 എന്ന പേരിൽ ചേർന്ന യു.എൻ . പൊതുസഭയിൽ ഈ വിലയിരുത്തൽ റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. പിന്നീട് 2002 ൽ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ് ബർഗിൽ Rio+10 എന്നും, സുസ്ഥിര വികസനത്തിന്നായുള്ള ലോക ഉച്ചകോടി എന്നുമൊക്കെയുള്ള പേരുകളിൽ ഭൗമ ഉച്ചകോടി നടന്നു. വികസനം, പരിസ്ഥിതി , സമൂഹം എന്നിവയെ ഉദ്‌ഗ്രഥിതമായ രൂപത്തിൽ കണ്ടുകൊണ്ടുള്ള ഒരു സുസ്ഥിര വികസന സങ്കൽപം ഏറ്റവും കൂടുതൽ രാജ്യങ്ങൾ അംഗീകരിച്ച ഒരു ഉച്ചകോടി ആയിരുന്നു റിയോ+10. ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയുടെ ആഭിമുഖ്യത്തിൽ 2000 ൽ രൂപം നൽകിയതും 2015 ൽ കൈവരിക്കേണ്ടുന്നതുമായ സഹസ്രാബ്ദ വികസന ലക്ഷ്യങ്ങൾ അംഗീകരിക്കപ്പെട്ടു. പിന്നീട് 2012 ൽ റിയോ+20 എന്ന പേരിൽ1992 നു ശേഷമുള്ള 20 വർഷക്കാലത്തെ പരിസ്ഥിതിയും വികസനവും സംബന്ധിച്ച പുരോഗതികൾ വിലയിരുത്താനും ഭാവി പരിപാടികൾ ആവിഷ്ക്കരിക്കാനും ബ്രസീലിലെ റിയോ ഡി ജാനി റോവിൽ ഭൗമ ഉച്ചകോടി ചേരുന്നു. സഹസ്രാബ്ദ ലക്ഷ്യങ്ങൾക്ക് പകരം വെക്കാവുന്ന പുതിയ സുസ്ഥിര വികസനലക്ഷ്യങ്ങൾ കൈവരിക്കാൻ ഒരു ഹരിത സമ്പദ് വ്യവസ്ഥയിലേക്ക് ലോകത്തെ നയിക്കാൻ ‘നമുക്കു വേണ്ടുന്ന ഭാവി ‘(‘The Future We Want’) എന്ന പേരിൽ ഒരു രേഖയ്ക്ക് അംഗീകാരം നൽകുന്നു. അതിനു ശേഷം 2015 ൽ അവസാനിക്കുന്ന സഹസ്രാബ്ദ ലക്ഷ്യങ്ങൾക്ക് പകരമായി 2030 ഓടെ കൈവരിക്കണമെന്ന ലക്ഷ്യത്തിൽ 17 ഇന സുസ്ഥിര വികസന ലക്ഷ്യങ്ങൾക്ക് ഐക്യരാഷ്ട്ര സഭയുടെ പൊതുസഭ അംഗീകാരം നൽകുന്നു. ഇവയെ അജണ്ട2030 എന്നും വിശേഷിപ്പിക്കുന്നു.

UNFCCC യും കാലാവസ്ഥാ ഉച്ച കോടികളും

  • കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ ആഗോള താപനത്തെ കുറയ്ക്കാനുള്ള നടപടികൾ ആവഷ്ക്കരിച്ച് നാപ്പിലാക്കുക എന്നതാണ് ഭൗമ ഉച്ചകോടിയിൽ നിലവിൽ വന്ന യു.എൻ. ഫ്രെയിംവർക്ക് കൺവെൻഷൻ ഓൺ ക്ലൈമറ്റ് ചെയിഞ്ച്കൊണ്ട് ലക്ഷ്യമാക്കുന്നത്. നിലവിൽ UNFCCC യിൽ 197 രാഷ്ട്രങ്ങളുടെ പങ്കാളിത്തമാണുള്ളത്.
  • UNFCCC യുടെ സമ്മേളനങ്ങൾ വർഷംതോറും നടന്നുവരാറുണ്ട്. ഇങ്ങനെ നടക്കുന്ന സമ്മേളനങ്ങളെ കോൺഫറൻസ് ഓഫ് ദി പാർട്ടീസ് ടു ദി കൺവെൻഷൻ (COP) എന്നാണ് വിശേഷിപ്പിക്കുന്നത്.
  • UNFCCC യുടെ ആഭിമുഖ്യത്തിൽ രണ്ട് പ്രധാന ഉടമ്പടികളാണ് നിലവിൽ വന്നത്. അവ 1997 ലെ ക്യോട്ടോ പ്രോട്ടക്കോളും, 2015 ലെ പാരീസ് ഉടമ്പടിയുമാണ്.

ക്യോട്ടോ പ്രോട്ടോക്കോൾ

ജപ്പാനിലെ ക്യോട്ടോ നഗരത്തിൽ 1997 ൽ ചേർന്ന COP-3 ലാണ് ക്യോട്ടോ പ്രോട്ടക്കോളിന് രൂപം നൽകുന്നത്. ക്യോട്ടോ പ്രോട്ടക്കോളിൽ ഒപ്പുവെച്ച അംഗങ്ങളെ മൂന്നായി തരംതിരിച്ച് അവർക്ക് വ്യത്യസ്തമായ ഉത്തരവാദിത്വങ്ങൾ നിശ്ചയിക്കുകയുണ്ടായി.

ഇതിൽ ഒന്നാമത്തെത് വികസിത രാജ്യങ്ങളായ OECD രാഷ്ട്രങ്ങളാണ്. ഇവയെ അനുബന്ധം1 രാജ്യങ്ങൾ എന്ന നിലയിൽ പട്ടികപ്പെടുത്തി. അന്തരീക്ഷത്തിലെ സഞ്ചിത ഹരിതഗൃഹ വാതകങ്ങളുടെ അധിക പങ്കും അവരുടെതായതിനാൽ അവർ അധിക ഉത്തരവാദിത്വമെടുത്ത് ഹരിതഗൃഹ വാതക ഉത്സർജനത്തെ സമയബന്ധിതമായി കുറച്ച്‌ കൊണ്ടു വന്ന് 1990 ലെ നിലയിലെത്തിക്കാനുള്ള പദ്ധതികൾ ആവഷ്ക്കരിച്ച് നടപ്പിലാക്കണം. ഇതിന്നായി രൂപം കൊടുക്കുന്ന നയപരിപാടികളുടെയും പ്രവർത്തനങ്ങളുടെയും പുരോഗതി കൃത്യമായി റിപ്പോർട്ട് ചെയ്യുകയും വേണം.

കിഴക്കൻ യൂറോപ്യൻ രാജ്യങ്ങൾ ഒഴികെയുള്ള OECD രാഷ്ട്രങ്ങളാണ് അനുബന്ധം 2 എന്ന നിലയിൽ പട്ടികപ്പടുത്തിയ രണ്ടാമത്തെ ഗ്രൂപ്പ്. ഇവർക്ക് വികസ്വര രാജ്യങ്ങളെ അവരുടെ ഹരിതഗൃഹ വാതകങ്ങളുടെ ഇൻവെന്ററി തയാറാക്കാനും, അവരുടെ വികസനാവശ്യങ്ങൾ നിറവേറ്റിക്കൊണ്ടു തന്നെ അവകുറയ്ക്കാനുള്ള നടപടികൾക്കും, സാങ്കേതി വിദ്യാ വികസനത്തിനും ആവശ്യമായ മ്പാമ്പത്തിക സഹായങ്ങൾ നൽകാനുള്ള ബാധ്യത കൂടിയുണ്ട്. ഇവ ‘പൊതുവായ ലക്ഷ്യത്തിന് വ്യത്യസ്ഥ ശേഷികളിലധിഷ്ഠിതമായ വ്യത്യസ്ഥ ഉത്തരവാദിത്വങ്ങൾ’ എന്ന നിലയിലുള്ള ഒരു തത്വമായി പ്രഖ്യാപിക്കുകയും ചെയ്തു. ഈ ഉത്തരവാദിത്വങ്ങൾ പൂർത്തീകരിക്കാനുള്ള സമയ പരിധി 2008 മുതൽ 2012 വരെയുള്ള കാലയളവായി നിശ്ചയിക്കുകയും ചെയ്തു.

ഹരിതഗൃഹ വാതക ഉൽസർജനത്തിൽ നിലവിൽ മുൻപന്തിയിലുള്ള ചൈന ഉടമ്പടിയിലെ വികസിത രാജ്യങ്ങളുടെ അനുബന്ധം1 പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല എന്ന കാരണം പറഞ്ഞ് അമേരിക്ക ഉടമ്പടിയിൽ നിന്നു വിട്ടു നിന്നു.

മറ്റുള്ള 37 രാജ്യങ്ങൾ ക്യോട്ടോ പ്രോട്ടക്കോളിന്റെ ഒന്നാം ഘട്ടത്തിൽ പങ്കാളികളായി തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാനുള്ള നയപരിപാടികൾക്ക് തുടക്കമിട്ടു. ഒന്നാം ഘട്ടമായ 2012 ൽ ലക്ഷ്യങ്ങൾ പൂർത്തിയായില്ലെന്നു മാത്രമല്ല അതിനു ശേഷം ചില രാഷ്ടങ്ങൾ കൂടി കരാറിൽ നിന്ന് പുറത്തു പോവുകയും ചെയ്തു. 2011 ൽ ദക്ഷിണാഫ്രിക്കയിലെ ദർബാനിൽ ചേർന്ന COP-17 ൽ അന്നേവരെ കൈക്കൊണ്ട നടപടികളുടെ അപര്യാപ്തത സംബന്ധിച്ച ആശങ്കകൾ പങ്കു വെക്കുകയും ആവശ്യമായ പരിഷ്ക്കരണങ്ങൾ വരുത്താൻ തീരുമാനമെടുക്കുകയും ചെയ്തു. അതുപ്രകാരം വ്യവസായ വിപ്ലവാനന്തരമുണ്ടായിക്കൊണ്ടിരിക്കുന്ന ആഗോള താപന വർധനവിനെ 2°C നുളളിൽ പരിമിതപ്പെടുത്താനും അതിന്നാവശ്യമായ പരിപാടികൾ 1.5°C എന്ന ലക്ഷ്യമിട്ടു തന്നെ രൂപം നൽകാനും തീരുമാനിച്ചു.

പിന്നീട് 2012 ൽ ദോഹയിൽ ചേർന്ന COP18 ൽ ക്യോട്ടോ പ്രോട്ടക്കോൾ 2020 വരെ നീട്ടാനും 2015 ഓടു കൂടി സമഗ്രവും നിയമപരമായി എല്ലാവർക്കും ബാധകവുമായ ഒരു കരാർ രൂപപ്പെടുത്താനും തീരുമാനിച്ചു. ഇതിന്റെ ഫലമായാണ് 2015 നവംബർ30 മുതൽ ഡിസംബർ12 വരെ പാരീസിൽ ചേർന്ന COP21 ൽ വെച്ച് പാരീസ് ഉടമ്പടിക്ക് രൂപം നൽകുന്നത്.

പാരീസ് ഉടമ്പടി

2016 നവംബർ 4 ന് പ്രാബല്യത്തിൽ വന്ന പാരീസ് ഉടമ്പടിയിൽ ഇപ്പോൾ 193 രാഷ്ട്രങ്ങളാണുള്ളത്. പ്രസിഡന്റ് റൊണാൾഡ് ട്രമ്പിന്റെ കാലത്ത് അമേരിക്ക കരാറിൽ നിന്ന് പിന്മാറുകയും ജോ ബൈദൻ അധികാരത്തിൽ വന്ന ശേഷം 2021 ൽ പങ്കു ചേരുകയും ചെയ്തു. പാരീസ് ഉടമ്പടിയിലെ പ്രധാന തീരുമാനങ്ങൾ ഇവയാണ്

അന്തരീക്ഷതാപനം വ്യവസായ വിപ്ലവത്തിനു ശേഷമുള്ള ആന്ത്രോപോ ജെനിക് കാലഘട്ടത്തിൽ 2°C ൽ വർധിക്കില്ലെന്നുറപ്പാക്കുക.

ഈ ലക്ഷ്യം മുൻ നിർത്തി അന്തരീക്ഷതാപ വർധനവിനെ1.5°C ൽ പരിമിതപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കുക.

ഇതിനായി ഹരിതഗൃഹ വാതകങ്ങളുടെ ഉത്സർജനം കഴിയാവുന്ന വേഗത്തിൽ പരമാവധിയിലെത്തിച്ച ശേഷം കുറച്ചു കൊണ്ട് വന്ന് 21-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കാർബൺ തുലിതാവസ്ഥ (Net zero emission) കൈവരിക്കുക.

ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ ഒരോ രാജ്യവും അവർ സ്വയം തീരുമാനിക്കുന്ന സംഭാവന (Nationally determined contributions – NDC) സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തി അതിന്നായി അവർ എന്തു ചെയ്തുവെന്ന് സമയബന്ധിതമായി റിപ്പോർട്ട് ചെയ്യുകയും വേണം.

വികസിത രാജ്യങ്ങൾ ദുർബലരായ അവികസിത രാജ്യങ്ങൾക്കും, വികസ്വര രാജ്യങ്ങൾക്കും അവരുടെ എൻ.ഡി.സി പൂർത്തീകരിക്കാനാവശ്യമായ ധനസഹായവും, സാങ്കേതികവിദ്യാ സഹായവും നൽകണം.

ഇത് പ്രകാരം 2020 ഓടെ വർഷംതോറും100 ബില്യൻ ഡോളർ വികസിത രാജ്യങ്ങൾ വികസ്വര രാജ്യങ്ങൾക്ക് സഹായമായി നൽകുന്ന നില കൈവരിക്കണം.

ഗ്ലാസ്ഗോ ഉച്ചകോടി

പാരീസ് ഉടമ്പടിക്കു ശേഷമുള്ള പുരോഗതികൾ വിലയിരുത്താനും പുതുക്കിയ എൻ.ഡി.സി കളുടെ പശ്ചാത്തലത്തിൽ എടുക്കേണ്ടുന്ന പുതിയ തീരുമാനങ്ങൾക്കുമായി 5 വർഷത്തിനു ശേഷം 2020 ഡിസംബർ ആദ്യവാരത്തിലായിരുന്നു ഗ്ലാസ്ഗോ ഉച്ചകോടി (COP-26) ചേരേണ്ടിയിരുന്നത്. കോവിഡ്-19 സൃഷ്ടിച്ച പ്രതിസന്ധികൾ കാരണം ഉച്ചകോടി 2021 ലേക്ക് മാറ്റി വെക്കപ്പെടുകയായിരുന്നു. 2021 ഒക്ടോബർ31 മുതൽ നവംബർ13 വരെ ദിവസങ്ങളിലായിരുന്നു ഗ്ലാസ്ഗോ ഉച്ചകോടി നടന്നത്.

2021 ആഗസ്ത് 9 നു പുറത്തുവന്ന ഐ.പി.സി.സി.യുടെ 6-ാമത്തെ ഭൗതികശാസ്ത്ര റിപ്പോർട്ടിന്റെയും, ഒക്ടോബർ 26 നു പുറത്തുവന്ന യു.എൻ.ഇ.പി.യുടെ ഉത്സർജന വിടവ് റിപ്പോർട്ടിന്റെയും (Emission gap report) പശ്ചാത്തലത്തിലാണ് ഗ്ലാസ്ഗോ ഉച്ചകോടി ചേർന്നത്.

ഐ.പി.സി.സി റിപ്പോർട്ടുകൾ

ഇന്റർ ഗവണ്മെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചെയിഞ്ച് (IPCC) എന്നത് ഐക്യരാഷ്ടസഭയുടെ പരിസ്ഥിതി പരിപാടി (UNEP) യുടെയും, കാലാവസ്ഥാപഠന സംഘടന (WMO) യുടെയും സംയുക്താഭിമുഖ്യത്തിൽ കാലാവസ്ഥാ മാറ്റത്തിന്റെ ഭൗതിക ശാസ്ത്രം, പ്രത്യാഘാതങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങളും അനുകൂലന നടപടികളും തുടങ്ങിയ കാര്യങ്ങൾ സംബന്ധിച്ചുള്ള പഠനങ്ങൾ നടത്തി റിപ്പോർട്ടുകൾ തയാറാക്കാനുള്ള ഒരു ശാസ്ത്രജ്ഞ സമിതിയാണ്. ഈ മൂന്നു വിഷയങ്ങളും പഠന വിധേയമാക്കി റിപ്പോർട്ടുകൾ തയാറാക്കുന്നത് ഐ.പി.സി.സി. യുടെ ആഭിമുഖ്യത്തിലുള്ള മൂന്നു വ്യത്യസ്ത കർമ സമിതികളാണ്. 1988 ലാണ് ഈ രൂപത്തിൽ കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പഠനം നടത്താനുള്ള ഐ.പി.സി.സിക്ക് രൂപം നൽകുന്നത്. 1990 ലാണ് സമിതിയുടെ ആദ്യ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത്. ഈ റിപ്പോർട്ടിൽ കാലാവസ്ഥയിൽ മാറ്റങ്ങൾ സംഭവിക്കുന്നുണ്ടെന്നും അതിന്റെ ഫലമായി ആഗോളതലത്തിൽ ഉണ്ടാവാനിടയുള്ള വെല്ലുവിളികളെ നേരിടാൻ രാഷ്ട്രങ്ങളുടെ സഹകരണം ആവശ്യമുണ്ടെന്നും സൂചിപ്പിക്കയുണ്ടായി. പിന്നീട് 1995, 2001, 2007, 2014 എന്നീ വർഷങ്ങളിലായി 5 റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു.

ഐ.പി.സി.സി യുടെ ആറാം റിപ്പോർട്ട് (AR-6)

ഐ.പി.സി.സി യുടെ ആറാം റിപ്പോർട്ടിന്റെ ഭാഗമായി മൂന്നു കർമ്മസമിതികളുടെയും റിപ്പോർട്ടുകൾ വന്നു കഴിഞ്ഞു. കാലവസ്ഥാ മാറ്റത്തിന്റെ ശാസ്ത്രം സംബന്ധിച്ച ഒന്നാമത്തെ കർമ്മസമിതി റിപ്പോർട്ട് 2021 ആഗസ്ത് 9 നും, പ്രത്യാഘാതങ്ങൾ, ദൗർബല്യങ്ങൾ, അനുകൂലനം എന്നിവ സംബന്ധിച്ച രണ്ടാമത്തെ കർമ്മസമിതി റിപ്പോർട്ട് 2022 ഫെബ്രുവരി 28 നും, പ്രതിരോധ നടപടികൾ സംബന്ധിച്ച മൂന്നാമത്തെ കർമ്മസമിതി റിപ്പോർട്ട് 2022 ഏപ്രിൽ 4 നു മാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.

50 വർഷങ്ങൾക്കു ശേഷം ഇന്നത്തെ അവസ്ഥ

  1. കാലാവസ്ഥാ വ്യതിയാനം

2022 മെയ്11 ന് പുറത്തുവന്ന ലോക കാലാവസ്ഥാ സംഘടനയുടെ (WMO) റിപ്പോർട്ട്കാരം, അന്തരീക്ഷത്തിലെ പ്രധാന ഹരിതഗൃഹ വാതകങ്ങൾ വലിയ തോതിൽ വർധിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ്- 19 തീർത്ത പ്രതിസന്ധികൾ ഇതിൽ മാറ്റമുണ്ടാക്കുമെന്നു കരുതിയിരുന്നെങ്കിലും 2021 ൽ ഹരിതഗൃഹ വാതകങ്ങൾ വർദ്ധിക്കുക തന്നെയായിരുന്നു.

  • വ്യവസായവിപ്ലവ പൂർവകാലത്തെ (1850-190) അപേക്ഷിച്ച് CO2 വിന്റെ അളവ്150 ശതമാനം വർധിച്ച് 418.81ppm ൽ എത്തി നില്ക്കുന്നു. മീഥെയിന്റെ അളവിൽ 262 ശതമാനവും നൈട്രസ് ഓക്സൈഡിന്റെ അളവിൽ 123 ശതമാനവുംവും വർധനവുണ്ടായിരിക്കുന്നു.
  • ഇത് മൂലം അന്തരീക്ഷതാപനിലയിൽ 1.1°C വർധനവുണ്ടായിരിക്കുന്നു. കഴിഞ്ഞ 7 വർഷക്കാലം ഇതേവരെ രേഖപ്പെടുത്തപ്പെട്ടതിൽ വെച്ചേറ്റവും ചൂടു കൂടിയ വർഷങ്ങളായിരുന്നു.
  • മോൺട്രിയൽ പ്രോട്ടക്കോൾ പ്രകാരം ഓസോൺപാളീക്ഷയം കുറയ്ക്കാൻ സാധിച്ചിരുന്നെങ്കിലും ഇപ്പോൾ അത് വർധിക്കുകയാണ്.
  • കഴിഞ്ഞ രണ്ടു ദശകങ്ങൾക്കിടയിൽ കടൽജല ഊഷ്മാവിൽ വലിയ അളവിൽ വർധനവുണ്ടായിരിക്കുന്നു. 2021 ൽ റെക്കോഡ് വർധനവാണുണ്ടായിട്ടുള്ളത്.
  • 2021 ൽ കടൽജലനിരപ്പിലും റെക്കോഡ് വർധനവുണ്ടായിരിക്കുന്നു.
  • കടൽജലത്തിന്റെ അമ്ലത വലിയ തോതിൽ വർധിച്ചിരിക്കുന്നു. ഇത് മൂലം മത്സ്യ സമ്പത്തിന്റെയും പവിഴപ്പുറ്റുകൾ, മറ്റുകടൽ സസ്യങ്ങൾ എന്നിവയുടെയെല്ലാം നാശം സംഭവിക്കുന്നു.
  • ആർക്ടിക് പ്രദേശത്തെയും, അന്റാർട്ടിക് പ്രദേശത്തെയും മഞ്ഞുപാളികൾ വലിയ തോതിൽ ഉരുകി ഒഴുകുന്നു.
  • ഭൂമിയിൽ പല സ്ഥലങ്ങളിലും താപ തരംഗങ്ങളും, തീപിടുത്തങ്ങളും ഉണ്ടാവുന്നു.
  • ഇവയെല്ലാം ചേർന്ന് സുസ്ഥിര വികസനത്തെയും, ഭക്ഷ്യ സുരക്ഷയെയും പ്രതികൂമായി ബാധിക്കുന്നു.
  1. ജൈവ വൈവിധ്യനാശം.

ഒരു ദശലക്ഷത്തോളം ജീവജാതികൾ അതായത് ആകെ ഉള്ളതിന്റെ നാലിലൊന്ന് വംശനാശ ഭീഷണിയിലാണെന്നാണ്.1970 നു ശേഷം ഭൂമിയിലെ സസ്തനികൾ, പറവകൾ, ഉഭയജീവികൾ, മത്സ്യങ്ങൾ, ഉരഗങ്ങൾ എന്നിവയുടെ എണ്ണത്തിൽ ശരാശരി 70 ശതമാനം കുറവുണ്ടായിരിക്കുന്നു.

  1. മലിനീകരണം

ജനസംഖ്യയിൽ ഉണ്ടാവുന്ന വർധനവും, മനുഷ്യരുടെ ജീവിത ശൈലികളിലും, ഉപഭോഗ രീതികളിലും വരുന്ന മാറ്റങ്ങളും പ്രകൃതിക്കു മേൽ വലിയ സമ്മർദ്ദങ്ങൾ ഉണ്ടാക്കുന്നു. വായു മലിനീകരണം, ജലമലിനീകരണം, ജീവി വർഗ്ഗങ്ങളുടെ വംശനാശം എന്നിങ്ങനെയുള്ള പല പുതിയ പ്രശ്നങ്ങളും പ്രതിസന്ധികളായി വളരുന്നു. കരയിൽ കൃഷിസ്ഥലങ്ങൾ, ശുദ്ധജല സ്രോതസ്സുകൾ, പുരയിടങ്ങൾ എല്ലാം തന്നെ വലിയ തോതിൽ മലിനീകരിക്കപ്പെടുന്നു. പ്ലാസ്റ്റിക്, മലിന ജലം, രാസവസ്തുക്കൾ എന്നിവയാൽ സമുദ്രങ്ങൾ മലിനീകരിക്കപ്പെടുന്നു. അന്തരീക്ഷത്തിൽ കുമിഞ്ഞുകൂടുന്ന കാർബൺ ഡൈ ഓഓക്സൈഡ് ആഗിരണം ചെയ്യുക വഴി അവ അമ്ലവൽക്കരിക്കപ്പെടുകയും ചെയ്യുന്നു. ഇത് വലിയ തോതിൽ മത്സ്യങ്ങളുടെയും, കടൽസസ്യങ്ങളുടെയും വംശനാശത്തിന്നിടയാക്കുന്നു.

വർധിച്ചഅളവിലുള്ള മലിനീകരണം രോഗവ്യാപനങ്ങൾക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ജലജന്യരോഗങ്ങളായ ഡയേറിയ, കോളറ എന്നീ സാംക്രമികരോഗങ്ങൾ വർഷംതോറും ആവർത്തിച്ചു പ്രത്യക്ഷമാവുന്നു. WHOവിൻ്റെ കണക്കുകൾ പ്രകാരം വർഷംതോറും ഇത്തരം രോഗങ്ങൾ ഭൂമിയിൽ 400 കോടിയോളം ജനങ്ങളെ ബാധിക്കുകയും ശരാശരി 2.2 ദശലക്ഷത്തോളം മരണങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്. 5 വയസ്സിനു താഴെയുള്ള കുട്ടികളെയാണ് ഇവ കൂടുതലായും ബാധിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ
  • വായു മലിനീകരണമാണ് മറ്റൊരു പ്രശ്നം. ഇന്ന് ലോകത്തെ എല്ലാ മഹാനഗരങ്ങളിലെയും അന്തരീക്ഷം വലിയ തോതിൽ മലിനമായിരിക്കുകയാണ്. 90 ശതമാനം ജനങ്ങളും മോശമായ വായുവാണ് ശ്വസിക്കുന്നത്.
  • ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിലാണത്രെ. ദൽഹി ലോകത്തെ ഏറ്റവും കൂടുതൽ മലിനീകരിക്കപ്പെട്ട തലസ്ഥാന നഗരവുമാണ്.
  • ഇതിനെല്ലാം പുറമെ ആവാസ വ്യവസ്ഥകളുടെ നാശവും മനുഷ്യനും വന്യജീവികളും തമ്മിലുള്ള സമ്പർക്കവും പുതിയ മൃഗജന്യ രോഗങ്ങൾക്കും കോവിഡ് – 19 പോലുള്ള മഹാമാരികൾക്കുമുള്ള സാഹചര്യം സംജാതമാക്കുന്നു.

സ്റ്റോക്ഹോം+50 ലെ മുൻഗണനകൾ

പരിസ്ഥിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഒരു പരിസ്ഥിതി മൗലികവാദ സമീപനത്തിന്റെയോ വികസനത്തിന്റെയോ തലത്തിൽ മാത്രം കാണുന്നതിനു പകരം ഒരു മനുഷ്യാവകാശ പ്രശ്നമെന്ന നിലയിൽ കണ്ടു കൊണ്ടുള്ള അടിയന്തര നടപടികളാണ് ഉണ്ടാവേണ്ടത്. ആരോഗ്യകരമായ പരിസ്ഥിതി ഒരു മനുഷ്യാവകാശമെന്ന നിലയിൽ പരിഗണിക്കപ്പെടണം. ജൂൺ മാസം സ്റ്റോക്ഹോമിൽ നടക്കുന്ന അമ്പതാം വാർഷിക സമ്മേളനത്തിൽ (സ്റ്റോക്ക്ഹോം+50) മാലിന്യ പ്രശ്നം പ്ലാസ്റ്റിക് മാലിന്യനിർമാർജനത്തെ കേന്ദ്രീകരിച്ചാണ് നടക്കാൻ പോവുന്നത്. ഇതോടൊപ്പം തന്നെ ഏക ആരോഗ്യസങ്കല്പത്തിന്റെ അടിസ്ഥാനത്തിൽ മഹാമാരികളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ഒരു അന്താരാഷ്ട്ര ഉടമ്പടിക്ക് ലോക ആരോഗ്യ സംഘടന രൂപം നൽകുന്നത് സംബന്ധിച്ച ധാരണകളും രൂപപ്പെടുമെന്നുമാണ് പ്രതീക്ഷിക്കുന്നത്..




Happy
Happy
50 %
Sad
Sad
50 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post LUCA MONSOON FEST 2022 – രജിസ്ട്രേഷൻ ആരംഭിച്ചു
Next post കോളേജ് വിദ്യാർത്ഥികൾക്ക് പ്രബന്ധ രചനാമത്സരം
Close