തേനീച്ചകളും ഒരേ ഒരു ഭൂമിയും


ജി.ഗോപിനാഥൻ
 

നാമെല്ലാം നമ്മുടെ നിലനിൽപ്പിനായി ആശ്രയിക്കുന്ന ജൈവവൈവിധ്യത്തിലെ ഒരു ഭാഗം തന്നെയാണ് തേനീച്ചകൾ. അവ ഉന്നതനിലവാരമുള്ള ഭക്ഷണം നമുക്കു നൽകുന്നു- തേൻ, ജെല്ലി, പൂമ്പൊടി എന്നിവ. കൂടാതെ മെഴുക്, പ്രൊപോലിസ്, തേനീച്ചവെനം (honey bee venom) എന്നിവയും.

ലോകത്തെ എല്ലാ സംസ്കാരങ്ങളിലും  തേനീച്ചയ്ക്ക് മനുഷ്യസമൂഹത്തിലുള്ള പ്രാധാന്യം സഹസ്രാബ്ദങ്ങളായി തന്നെ വാഴ്ത്തിപ്പാടിയിട്ടുണ്ട്. തേനീച്ചവളർത്തൽ അനേകം ഗ്രാമീണരുടെ ജീവനോപാധിയുമാണ്. പടിഞ്ഞാറൻ തേനീച്ചയാണ് (Western honey bee – Apis mellifera) ആഗോളതലത്തിൽ തന്നെ  ഏറ്റവുമധികം പരാഗണം നടത്തുന്നത്. എട്ടുകോടി കൂടുകളിലായി 16  കോടി ടൺ തേനാണ് കൊല്ലം തോറും ഉല്പാദിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷയ്ക്ക്  ഈ പരാഗണകാരികളുടെ സേവനം നേരിട്ടുള്ളതാണ്. ലോകത്തെ ഭക്ഷ്യോല്പാദനത്തിൽ മൂന്നിലൊന്നും പ്രാണികളെ ആശ്രയിച്ചിരിക്കുന്നു.

ജന്തുക്കളും പ്രാണികളും പൂക്കളിലെ പൂമ്പൊടി പകർന്നെടുത്ത് വിതരണം ചെയ്യുമ്പോൾ ഭക്ഷ്യാവശ്യത്തിനുപയോഗിക്കുന്നവ ഉൾപ്പെടെയുള്ള സസ്യങ്ങളുടെ വംശവർദ്ധനവിനെ സഹായിക്കുന്നു.   പക്ഷികളും എലികളും കുരങ്ങുകളും എന്തിന്,  മനുഷ്യർ പോലും പരാഗണത്തെ സഹായിക്കുന്നുണ്ട്. എങ്കിലും ഏറ്റവും സാധാരണമായ പരാഗണകാരികൾ തേനീച്ചയുൾപ്പെടെയുള്ള പ്രാണികളാണ്,  എന്നാൽ തേനീച്ചകളും മറ്റു പരാഗണകാരികളായ പൂമ്പാറ്റകളും വവ്വാലുകളും ഹമ്മിംഗ് ബേർഡ്സും മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം ഭീഷണിയെ നേരിടുകയാണ് എന്നത് ദുഃഖകരമാണ്. കഴിഞ്ഞ ഏതാനും ദശകങ്ങളായി ലോകമെമ്പാടും തേനീച്ചകളുടെ എണ്ണം  കുറഞ്ഞുകൊണ്ടിരിക്കുകയാണ്. വാസസ്ഥലങ്ങളുടെ നാശം, അശാസ്ത്രീയമായ സംയോജിത കൃഷിരീതികളുടെ ആവി‍ർഭാവം, കാലാവസ്ഥാമാറ്റങ്ങൾ, കീടനാശിനി പോലുളള രാസവസ്തുക്കളുടെ അമിതമായ ഉപയോഗം എന്നിവയാണ് ഇതിനു കാരണം.  മനുഷ്യന്റെ ക്ഷേമത്തിനും  ജീവിതത്തിനും നിർണ്ണായകമായിട്ടുള്ള നിരവധി സസ്യങ്ങളെ ആണ് ഇത് ബാധിക്കുന്നത്.

വായു മലിനീകരണവും തേനീച്ചകളെ ബാധിക്കുന്നുണ്ട്. ഭക്ഷണത്തിനായി തേനീച്ചകൾ ആശ്രയിക്കുന്ന സസ്യങ്ങൾ പ്രസരിപ്പിക്കുന്ന ഗന്ധങ്ങളുടെ കണികകളുമായി വായുവിലെ മലിനീകരണകാരികൾ കലരുകയും അത് തേനീച്ചകൾക്ക് തങ്ങൾക്കാവശ്യമായ സസ്യങ്ങളെ തിരിച്ചറിയുന്നതിന് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നു. അത് പരാഗണം മന്ദഗതിയിലാക്കുകയോ ഫലപ്രദമല്ലാതാക്കുകയോ ചെയ്യും.

തേനീച്ചകളുടെ  20,000  ൽ ഏറെ സ്പീഷീസുകൾ ഉള്ളതിൽ വലിയ വിഭാഗവും പ്രകൃതിജന്യമാണെങ്കിലും അവയെ വലിയ അളവിൽ പ്രജനനം നടത്തുന്നതും സംവഹനം ചെയ്യുന്നതും കാരണം രോഗാണുക്കളും പരാന്നഭുക്കുകളും അവയ്ക്ക് ഭീഷണിയാകുന്നുണ്ട്. അവയുടെ വാണിജ്യം ശരിയായി നിയന്ത്രിക്കേണ്ടത് അപ്രതീക്ഷിതമായ ദോഷങ്ങൾ കുറയ്ക്കുവാൻ സഹായിക്കും.

ആശാവഹമായ സൂചനകൾ

  • 2018 മെയ് മാസത്തിൽ നിയോനിക്കോട്ടിനോയ്ഡ് (neonicotinoids) ഇനത്തിൽ പെടുന്ന മൂന്ന് കീടനാശിനികളെ യൂറോപ്യൻ യൂണിയൻ നിരോധിച്ചു. അത് തേനീച്ചകളിലെ  വിഷബാധയെയും തുടർന്ന്  പരാഗണത്തിലുണ്ടായിരുന്ന ദൂഷ്യങ്ങളെയും കുറയ്ക്കാൻ സഹായിച്ചു. 2022 ആഗസ്റ്റിൽ ചൈനയിലെ കുൻമിംഗിൽ (Kunming) ചേരുന്ന ഐക്യരാഷ്ട്രസഭയുടെ ജൈവവൈവിദ്ധ്യ ഉച്ചകോടി  United Nations Biodiversity Conference (COP 15) ഇത്തരം കീടനാശിനികളുടെ ഉപയോഗം 2030 ഓടെ മൂന്നിൽ രണ്ടായി ചുരുക്കാനുള്ള തീരുമാനം എടുത്തേക്കും. കാ‍ർഷികവിളകളുടെയും പ്രാദേശിക കൃഷിയിടങ്ങളുടെയും വൈവിദ്ധ്യം വർദ്ധിപ്പിക്കുന്നതും ആവാസവ്യവസ്ഥുടെ പരിപാലനം, മാനേജ്മെന്റ്, പുനർനിർമ്മാണം എന്നിവയും കാലാവസ്ഥാവ്യതിയാനത്തെ ചെറുക്കുന്നതിനും ജൈവവൈവിദ്ധ്യം മെച്ചപ്പെടുത്തുന്നതിനും ഉള്ള  മാർഗ്ഗമാണ് എന്നാണ് യു എൻ ജൈവവൈവിദ്ധ്യ സ്പെഷ്യലിസ്റ്റ് മരിയേറ്റാ സകാലിൻ (Marieta Sakalian) പറയുന്നത്.
ആന്റൺ ജൻസ (Anton Janša)

സർക്കാരുകളെയും സംഘടനകളെയും പൊതു സമൂഹത്തെയും കരുതലുള്ള പൗരന്മാരെയും പരാഗണകാരികളെയും അവയുടെ ആവാസവ്യവസ്ഥകളെയും  സംരക്ഷിക്കുന്നതിനെ പ്രോത്സാഹിപ്പിക്കാനാണ്  മെയ് 20 ലോക തേനീച്ചദിനമായി (World Bee Day) യു.എൻ. പ്രഖ്യാപിച്ചത്. ഈ ഭൂമുഖത്തെയും അതിലെ ജനങ്ങളെയും ആരോഗ്യത്തോടെ നിലനിർത്തുന്നതിൽ തേനീച്ചകളും മറ്റു പരാഗണകാരികളും വഹിക്കുന്ന പങ്കിനേക്കുറിച്ച് അവബോധം വർദ്ധിപ്പിക്കാൻ ലോക തേനീച്ച ദിനം സഹായകമാകും. 18- ആം നൂറ്റാണ്ടിൽ തന്റെ സ്വദേശമായ സ്ലോവേനിയായിൽ ആധുനിക തേനീച്ചവളർത്തൽ ടെക്നിക്കുകൾ നടപ്പാക്കുന്നതിന് തുടക്കം കുറിച്ച ആന്റൺ ജൻസ (Anton Janša) യുടെ ജന്മദിനം കൂടിയാണ് മെയ് 20.


അധികവായനയ്ക്ക്

  1. Why bees are essential to people and planet, UNEP Report

 

Leave a Reply