Read Time:29 Minute

ലിംഗനീതിയും ശാസ്ത്ര-സാങ്കേതിക ഭാഷയും 

മ്യുറിയേൽ റുക്കീസറിന്റെ  “മിത്ത്” എന്ന കവിതയിൽ അന്ധനും വൃദ്ധനുമായ ഈഡിപ്പസ് നടന്നുപോകുമ്പോൾ പരിചിതമായ ഒരു ഗന്ധം അനുഭവപ്പെടും. അത് സ്ഫിങ്ക്സ് ആണെന്ന് മനസ്സിലാക്കിയ ഈഡിപ്പസ് എന്താണ് തനിക്ക് അമ്മയെ തിരിച്ചറിയാൻ കഴിയാതെ പോയത് എന്ന് ചോദിക്കുന്നു. താൻ ചോദിച്ച ചോദ്യത്തിന് ഈഡിപ്പസ് തെറ്റായാണ് ഉത്തരം പറഞ്ഞത് എന്ന് സ്ഫിങ്ക്സ് മറുപടി പറയും. പ്രഭാതത്തിൽ നാലു കാലിലും മദ്ധ്യാഹ്നത്തിൽ മൂന്നുകാലിലും സായാഹ്നത്തിൽ മൂന്നു കാലിലും നടക്കുന്നതെന്ത് എന്ന ചോദ്യത്തിന് “Man” എന്നാണ് നീ മറുപടി പറഞ്ഞത്.സ്ത്രീകളെപ്പറ്റി നീയൊന്നും പറഞ്ഞില്ല എന്ന് സ്ഫിങ്ക്സ് പറയുന്നു. “Man” എന്ന പദം സ്ത്രീകളെക്കൂടി ഉൾക്കൊള്ളുന്നുണ്ടല്ലോ എന്ന് ഈഡിപ്പസ് ചോദിയ്ക്കുമ്പോൾ അങ്ങനെ നീ കരുതുന്നു എന്ന് സ്ഫിങ്ക്സ് പറയുന്നു.1,2 കവിതയുടെ അവസാന ഒറ്റ വാചകത്തിൽ വളരെ ഗൌരവമേറിയ ഒരു പ്രശ്നത്തെ അവതരിപ്പിക്കുകയാണ് കവി . ഭാഷ എന്ന പ്രാഥമിക വ്യവഹാര രൂപം എത്രത്തോളം പുരുഷ പക്ഷത്താണ് നിലകൊള്ളുന്നത് എന്ന് ഓർമ്മിപ്പിക്കുകയാണ് മ്യുറിയേൽ റുക്കീസറിന്റെ കവിത. മനുഷ്യൻ എന്ന പദം സ്ത്രീയും പുരുഷനും അടങ്ങിയ ഹോമോ സാപ്പിയൻസ് എന്ന ജീവിവർഗ്ഗത്തെ കുറിക്കുന്നതാണെങ്കിലും നിത്യ ജീവിത ഉപയോഗങ്ങളിൽ അത് പുരുഷന്റെ പര്യായപദമായി മാറിപ്പോകുന്നു. “He” അല്ലെങ്കിൽ അവൻ എന്ന വാക്ക് മാത്രം എഴുത്തുകളിലും തൊഴിൽ പരസ്യങ്ങളിലും ഉപയോഗിക്കുന്നത് സ്ത്രീകളെ മാറ്റിനിർത്താനും, ഇത് തങ്ങൾക്ക് പറ്റിയതല്ല എന്ന് സ്ത്രീകൾ സ്വയമേ അനുമാനിക്കാനും കാരണമാകുന്നു എന്ന് പഠനങ്ങളുണ്ട്.3

ശാസ്ത്രത്തിന്റെ ആശയലോകവും രീതിശാസ്ത്രവും വസ്തുനിഷ്ഠമാണെന്നും അതുകൊണ്ടുതന്നെ ലിംഗ, വർണ്ണ , വർഗ്ഗ വ്യത്യാസങ്ങൾ ശാസ്ത്രലോകത്തെ സ്വാധീനിക്കുകയില്ലെന്നും ശുദ്ധ ശാസ്ത്രവാദികൾ ചൂണ്ടിക്കാട്ടാറുണ്ട്. എന്നാൽ പൊതുസമൂഹത്തിൽ നിന്ന് വിഭിന്നമായ സമത്വ ഉട്ടോപ്യയല്ല ശാസ്ത്രലോകം എന്നതിന് എത്രയോ തെളിവുകൾ നമുക്ക് ഒറ്റ നോട്ടത്തിൽ തന്നെ കാണാം. ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും  ഭാഷ എത്രത്തോളം ലിംഗനീതിയെ ഉൾക്കൊള്ളുന്നതാണ് എന്ന ആലോചനക്ക് അതുകൊണ്ടുതന്നെ വലിയ പ്രസക്തിയുണ്ട്.

കരിങ്കല്ലിൽ കൊത്തിയ നിയമങ്ങളോ ഭാഷ? 

ഒരു വ്യക്തിയുടെ സ്വത്വത്തെ (identity) സമൂഹത്തിൽ അടയാളപ്പെടുത്തുന്നതിൽ അവൾ / അയാൾ ഉപയോഗിക്കുന്നതും അവൾ / അയാൾ ഉൾപ്പെട്ട വ്യവഹാരങ്ങളിൽ സമൂഹം ഉപയോഗിക്കുന്നതുമായ ഭാഷക്ക് വലിയ സ്ഥാനമുണ്ട്. ഭാഷയിലൂടെ വ്യക്തി അവരവരുടെ സ്വത്വത്തെ ഉറപ്പിക്കാൻ ശ്രമിക്കുകയും തന്റെ identity ഇന്നയിന്നതാണ് എന്ന് സമൂഹത്തോട് ബോധപൂർവ്വവും അല്ലാതെയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. കുട്ടിക്കാലത്ത് മറ്റൊരു ജന്ററിൽ വളർത്തപ്പെട്ട ട്രാൻസ്ജന്റർ വ്യക്തി സ്വന്തം ലിംഗ സ്വത്വത്തെ തെരഞ്ഞെടുത്തതിന് ശേഷം ഭാഷയിൽ വരുന്ന മാറ്റം ശ്രദ്ധിച്ചാൽ ഇത് വ്യക്തമാകും. ഹിന്ദി പോലെ വസ്തുക്കൾക്ക് പോലും ലിംഗ പ്രത്യയങ്ങൾ ഉപയോഗിക്കുന്ന ഭാഷകൾ ഉപയോഗിക്കുന്ന സമൂഹങ്ങളിൽ ജൻറർ അസമത്വങ്ങൾ വളരെ കൂടുതലാണ് എന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.4 അതായത് ഭാഷ, ലിംഗ നിരപേക്ഷമായ ഒരു വ്യവഹാരമല്ല എന്നർത്ഥം. അതുപോലെ തന്നെ identity അഥവാ സ്വത്വം എന്നതും സാമൂഹിക വ്യവഹാരങ്ങൾക്കനുസരിച്ച് സ്വീകരിക്കുന്ന ഒരു നിലയും നിലപാടുമാണ്. ഉദാഹരണത്തിന് സ്ത്രീയും പുരുഷനും ഉൾപ്പെട്ട ഒരു കൂട്ടത്തിൽ സ്ത്രീ എന്ന identity-ക്കാകും പ്രാമുഖ്യം എങ്കിൽ സ്ത്രീകൾ മാത്രമുള്ള ഒരിടത്ത് ആ identity തന്നെ പ്രായം, തൊഴിൽ, സാമ്പത്തിക നില, ജാതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനമാക്കി പലതായി പിരിയാം. ഇത്തരത്തിൽ സൂക്ഷ്മ വ്യവഹാരങ്ങളിൽ ഒരു വ്യക്തി സ്വീകരിക്കുന്ന നിലപാടുകൾ കൂടി ഭാഷയിലൂടെ പ്രതിഫലിപ്പിക്കപ്പെടുന്നു.5 മാത്രമല്ല ഒരു വ്യക്തിയുടെ സ്വത്വപരമായ നിലയെ സൂചിപ്പിക്കും വിധമുള്ള അനുമാനങ്ങൾ, സംബോധനകൾ, സൂചകങ്ങൾ എന്നിവയെല്ലാം സംഭാഷണങ്ങളിൽ ഉപയോഗിക്കുന്നതിലൂടെയും ഒരാളുടെ ലിംഗപരമോ അല്ലാത്തതോ ആയ സ്വത്വം സമൂഹത്തിൽ ഉറപ്പിക്കപ്പെടുന്നു. ഇതിൽ നിന്നും ഒരു വ്യക്തിയുടെ സ്വത്വത്തെ നിർവചിക്കുന്നതിൽ ഭാഷക്ക് പ്രമുഖമായ സ്ഥാനം ഉണ്ടെന്ന് കാണാം. അതേസമയം ഭാഷ തന്നെ സാമൂഹ്യ-സാംസ്കാരിക വ്യവഹാരങ്ങളുടെ ഒരു ഉത്പന്നമാണ് . ഒരിക്കലും മാറ്റമില്ലാത്ത, മാറ്റത്തിന് സാധ്യതയില്ലാത്ത ഒന്നല്ല അതെന്ന് സാരം. സമൂഹത്തിൽ നിന്ന് ലിംഗപരമായ വിവേചനത്തെ ഇല്ലാതാക്കണമെങ്കിൽ അതിനെ പ്രോത്സാഹിപ്പിക്കുന്ന ഭാഷാശൈലിയിലും മാറ്റം ഉണ്ടാവണം. ശാസ്ത്രരംഗത്തേക്കുള്ള സ്ത്രീകളുടെ കടന്നുവരവിനെ പരിമിതപ്പെടുത്തുന്നതിൽ ശാസ്ത്രരംഗത്ത് ഉപയോഗിക്കുന്ന ഭാഷക്ക് പങ്കുണ്ടോ എന്ന് പരിശോധിക്കേണ്ടി വരുന്നതും ഇക്കാരണം കൊണ്ടുതന്നെയാണ്.

ശാസ്ത്രഭാഷ ലിംഗനിരപേക്ഷമോ ?

ശാസ്ത്രത്തിന്റെ ഭാഷയിലും രീതിശാസ്ത്രത്തിലും ലിംഗ പ്രത്യയങ്ങൾ കടന്നുവരിക അപൂർവ്വമാണ്. വ്യക്തിനിഷ്ഠമല്ലാത്ത, വസ്തുനിഷ്ഠമായ അതിന്റെ പ്രതിപാദന ശൈലി തന്നെയാവണം പ്രധാന കാരണം. എങ്കിലും ശാസ്ത്രത്തിന്റെ രീതിശാസ്ത്രം പുരുഷന്റെ കണ്ണിലൂടെയാണ് രൂപപ്പെട്ടിരിക്കുന്നത് എന്ന വിമർശനം ഫെമിനിസ്റ്റുകൾ വളരെ മുൻപ് തന്നെ ഉന്നയിച്ചിട്ടുണ്ട്.6,7 നവോത്ഥാന കാലത്തും തുടർന്നുവന്ന വൈജ്ഞാനിക വിപ്ലവ ഘട്ടത്തിലും സമൂഹത്തിലെ സ്ത്രീയുടെ ഇടപെടൽ പുരുഷയകേന്ദ്രീകൃത നിയമവ്യവസ്ഥകളാൽ പരിമിതപ്പെടുത്തപ്പെട്ടിരുന്നു. ശാസ്ത്രരംഗത്തെ വലിയ മുന്നേറ്റങ്ങൾക്ക് തുടക്കമിടുന്നത് ഈ കാലഘട്ടത്തിലാണ്. സുസംഘടിത രൂപത്തിലേക്ക് പ്രധാന ശാസ്ത്ര ശാഖകളെല്ലാം വളരുന്നതും ശാസ്ത്രത്തിന്റെ രീതിശാസ്ത്രം ഉരുത്തിരിഞ്ഞു വരുന്നതും ഇക്കാലത്ത് തന്നെയാണ്. ഈ വിജ്ഞാനവിസ്ഫോടനത്തിൽ കാര്യമായ പങ്ക് വഹിക്കാൻ സ്ത്രീകൾക്ക് കഴിയാതിരുന്നത് കൊണ്ടുതന്നെ ശാസ്ത്രത്തിന്റെ ചിന്താപദ്ധതി പുരുഷ കേന്ദ്രീകൃതമായാണ് രൂപപ്പെട്ടത്. എങ്കിലും ഇത്തരം പരിമിതികളെ മറികടക്കാൻ സാധ്യമായ വിധത്തിൽ ലിംഗതുല്യതയെക്കുറിച്ചുള്ള തെളിവുകൾ ജീവശാസ്ത്രവും, നരവംശശാസ്ത്രവും, തലച്ചോറിനെ കുറിച്ചുള്ള പഠനങ്ങളും എല്ലാം മുന്നോട്ട് വെച്ചിട്ടുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും സ്ത്രീയെക്കുറിച്ച് സമൂഹം നിർമ്മിച്ച് വെച്ചിരിക്കുന്ന വാർപ്പ് മാതൃകകൾ സാമൂഹ്യ ഉത്പന്നങ്ങളായ ശാസ്ത്രലോകത്തെ മനുഷ്യരേയും സ്വാധീനിക്കാതെ തരമില്ല .

ഉയർന്ന വിശകലന ശേഷിയും, ഗണിതശേഷിയും, സാങ്കേതിക പരിജ്ഞാനവും ആവശ്യമുള്ളതിനാൽ ശാസ്ത്രവും എഞ്ചിനീയറിംഗും സ്ത്രീകൾക്ക് പറ്റിയ മേഖലകൾ അല്ല എന്നൊരു ധാരണ നിലനിന്നിരുന്നു. ഏറെക്കാലം സ്ത്രീകൾക്ക് ശാസ്ത്ര-സാങ്കേതിക കോഴ്സുകളിലേക്ക് പ്രവേശനം പോലും അനുവദിക്കപ്പെട്ടിരുന്നില്ല. അതായത് പുരുഷൻ 100 ൽ നിന്ന് ഓട്ടം തുടങ്ങുമ്പോൾ സ്ത്രീക്ക് നെഗറ്റീവിൽ നിന്ന് തുടങ്ങേണ്ടി വരുന്നു. ശാസ്ത്ര രംഗത്തെ സ്ത്രീ പ്രാതിനിധ്യം കുറേയൊക്കെ മെച്ചപ്പെട്ട്  തുടങ്ങിയിട്ടുണ്ട്. ശാസ്ത്ര നൊബേൽ പട്ടികയിലും ഗ്രാന്റ്, അവാർഡ് പട്ടികകളിലും കൂടുതൽ സ്ത്രീകൾ സ്ഥാനം പിടിച്ച് തുടങ്ങിയിട്ടുമുണ്ട്. എങ്കിലും ഗണിത ശാസ്ത്രം പോലെ, മെക്കാനിക്കൽ എഞ്ചിനീയറിംഗ് പോലെ ചില സവിശേഷ മേഖലകൾ സ്ത്രീകൾക്ക് അനുയോജ്യമല്ല എന്ന പൊതുബോധം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് ശാസ്ത്ര രംഗത്തേക്കുള്ള, വിശേഷിച്ച് ഈ മേഖലകളിലേക്കുള്ള  സ്ത്രീകളുടെ കടന്നുവരവിനെ തടയുന്നുണ്ട്.

വിവരസാങ്കേതിക രംഗവും പുരുഷകേന്ദ്രീകൃത ഭാഷയും 

ഐ ടി ഭാഷയിലെ വംശീയവും സ്ത്രീ വിരുദ്ധവുമായ പൊതുബോധം അതിൽ ഉപയോഗിക്കുന്ന പല വാക്കുകളിൽ നിന്നു വ്യക്തമാണ് . “Master-Slave”, “whitelist”, “blacklist”, “Grandfathering” തുടങ്ങിയ പദങ്ങൾ വംശീയമായ മുൻവിധികൾ നിറഞ്ഞതാണ്. “Fingering”, “Penetration”, “Pentest” ““sucKIT” തുടങ്ങിയ പദങ്ങൾ ലൈംഗികമായ സൂചനകൾ ഉൾക്കൊള്ളുന്നതാണ്. Female connector, male connector എന്നിങ്ങനെ കണക്ടറുകളെ വേർതിരിക്കുന്നതും ലൈംഗിക സൂചകമായിത്തന്നെ. ഉയർന്നു നിൽക്കുന്ന പിൻ ഉള്ളത് പുരുഷ ലൈംഗിക അവയവത്തിന് സമാനമായി  male connector എന്നും അതിനെ ഇറക്കിവെക്കാവുന്ന ദ്വാരമുള്ളത് Female connector എന്നും സൂചിപ്പിക്കുന്നതിലെ ലൈംഗിക നോട്ടം വ്യക്തമാണല്ലോ. നിരവധി പെൺകുട്ടികളും സ്ത്രീകളും ലൈംഗിക ആക്രമണങ്ങൾക്ക് വിധേയമാകുന്ന ലോകത്ത് അത് സ്ത്രീകളിൽ ഉണ്ടാക്കുന്ന മാനസിക പ്രത്യാഘാതങ്ങൾ ആലോചിക്കാവുന്നതേയുള്ളൂ. “man-in-the-middle attack” ഉം ലിംഗ വിവേചനത്തെ സൂചിപ്പിക്കുന്ന പദം തന്നെ. തുറന്നുകിടക്കുന്ന കമ്പ്യൂട്ടറുകളിൽ നടക്കുന്ന ഹാക്കർ ആക്രമണമായ Evil Maid Attack ലിംഗവിവേചനം മാത്രമല്ല വീട്ടു ജോലിക്കാരായ സ്ത്രീകളോടുള്ള നീചമനോഭാവത്തെ കൂടിയാണ് കുറിക്കുന്നത് . ഇത്തരത്തിൽ സ്ത്രീ വിരുദ്ധവും ലൈംഗികവുമായ ഭാഷ ഉപയോഗിക്കപ്പെടുന്നത് ഈ മേഖല തിരഞ്ഞെടുക്കാൻ സ്ത്രീകൾക്ക് മടിയുണ്ടാക്കും. ഇത്തരം പദങ്ങളെ ലിംഗ നിരപേക്ഷമായി പരിഷ്കരിക്കേണ്ടത് സാമൂഹ്യ നീതിയെ സംബന്ധിച്ച് പ്രധാനമാണ് .

ഇമോജികളിലെ പുരുഷ മേധാവിത്വം

ലോകത്ത് എല്ലാ ഭാഷ സംസാരിക്കുന്ന മനുഷ്യരും ഉപയോഗിക്കുന്ന ഭാഷയാണ് ഇമോജികളുടേത്. ഒരുപക്ഷേ ആധുനിക കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഭാഷയും ഇതായിരിക്കും. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് ഇമോജി ഉപയോഗിക്കുന്നത് എന്നാണ് കണക്ക്. എന്നാൽ കൂടുതൽ സ്ത്രീകൾ ഉപയോഗിക്കുന്ന ഈ ഭാഷയും ലിംഗവിവേചനത്തിൽ നിന്ന് അന്യമല്ല . Runner, Detective, Police officer തുടങ്ങിയ ഇമോജികളെ അവ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ പുരുഷനായി വിഭാവനം ചെയ്യുകയും പുരുഷന്റെ ചിത്രം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം Person frowning എന്നതിന് സ്ത്രീ മുഖമുള്ള ഇമോജി ആയിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത്. യൂണികോഡ് ആണ് ഇക്കാര്യത്തിൽ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. ഒടുവിൽ 2016 ൽ യൂണിക്കോഡിന്റെ ഇമോജി സബ്കമ്മിറ്റി ഇടപെട്ടാണ് ഇവയ്ക്ക് സ്ത്രീ -പുരുഷ മുഖങ്ങൾ ഒരുപോലെ ഉൾപ്പെടുത്തിയത് . അര നൂറ്റാണ്ടിന്റെ പോലും പ്രചാരം ഇല്ലാത്ത, സമീപ കാലത്ത് മാത്രം രൂപപ്പെട്ട , വാക്കുകൾ ഉപയോഗിക്കാത്ത ഭാഷയിൽ പോലും അബോധമായി ലിംഗപരമായ വാർപ്പുമാതൃകകൾ ഇടപെടുന്നു എന്നാണിത് കാണിക്കുന്നത്.

സ്റ്റീരിയോടൈപ്പുകളും ശാസ്ത്രലോകവും 

ഒരു Scientist നെ വരയ്ക്കാൻ ആവശ്യപ്പെട്ടാൽ ഏറെപ്പേരും വരയ്ക്കുക ഒരു പുരുഷനെ ആയിരിക്കും.  28% സ്കൂൾ കുട്ടികൾ മാത്രമാണ്  ഒരു സ്ത്രീയെ വരച്ചത്.8 അത്രയെങ്കിലും ശതമാനം കൂടിയത് തന്നെ അടുത്തകാലത്ത് ഉണ്ടായ മാറ്റം ആണത്രേ  . Scientist എന്നത് ലിംഗ നിരപേക്ഷമായ ഒരു പദമാണ് എന്നോർക്കണം. മലയാളത്തിൽ ശാസ്ത്രജ്ഞൻ , ശാസ്ത്രജ്ഞ എന്നീ രണ്ട് വാക്കുകൾ ലിംഗഭേദമനുസരിച്ച് നിലവിലുണ്ട്. അപ്പോൾ നമ്മുടെ നാട്ടിലെ എത്ര ശതമാനം കുട്ടികളാവും ഒരു വനിതാ ശാസ്ത്രജ്ഞയെ വരയ്ക്കുക ? സ്ത്രീകളെ സംബന്ധിച്ച ഭാഷാപരമായ സ്റ്റീരിയോടൈപ്പുകൾ പെൺകുട്ടികളെ സ്വാധീനിക്കുകയും ശാസ്ത്ര സാങ്കേതിക രംഗത്തേക്കുള്ള അവരുടെ കടന്നുവരവിനെ തടയുകയും ചെയ്യുന്നുണ്ട്. 9 സ്റ്റീരിയോ ടൈപ്പുകളെ സമൂഹത്തിൽ കൈമാറുന്നതിലും നിലനിർത്തുന്നതിലും ഭാഷക്കാണ് പ്രധാന പങ്ക്.

ഐടിയും സ്ത്രീകളും 

പ്രധാനപ്പെട്ട മറ്റൊരു കാര്യം ലിംഗനിരപേക്ഷമായ ശാസ്ത്ര -സാങ്കേതിക പദങ്ങൾ നിലനില്ക്കുമ്പോൾ പോലും അവയെ പുരുഷന് അനുകൂലമായി  വ്യാഖ്യാനിക്കാനാണ് സമൂഹം താല്പര്യം പ്രകടിപ്പിക്കുന്നത് എന്നതാണ്. Scientist എന്ന പദത്തെ പുരുഷനായി വ്യാഖ്യാനിക്കും പോലെ തന്നെ വിവര സാങ്കേതിക വിദ്യയിലെ പദങ്ങളും ഇത്തരത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഈ രംഗത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദങ്ങളായ User, Participant, Person, Designer, Researcher തുടങ്ങിയ പദങ്ങൾ എല്ലാം തന്നെ ജൻറർ ന്യൂട്രൽ ആണെങ്കിലും ഇവ പുരുഷ കേന്ദ്രീകൃതമായി തന്നെ വ്യാഖ്യാനിക്കപ്പെടുന്നു. 2 പുരുഷന്മാർക്കൊപ്പം സ്ത്രീകളും ഈ സ്റ്റീരിയോ ടൈപ്പ് ദുർവ്യാഖ്യാനത്തിൽ പങ്ക് ചേരുന്നുണ്ട്. പുരുഷന്മാരെക്കാൾ നാമമാത്രം കൂടുതൽ സ്ത്രീകളാണ് ഇവയെ സ്ത്രീയായി സങ്കൽപ്പിച്ചത്. വിവരസാങ്കേതിക വിദ്യ പൊതുവേയും , പ്രോഗ്രാമിംഗ് , ഹാർഡ്വെയർ തുടങ്ങിയവ വിശേഷിച്ചും പുരുഷന്റെ മേഖലയായി സമൂഹം കണക്കാക്കുന്നുണ്ട്. എന്നാൽ തുടക്കകാലത്തെ അവസ്ഥ അങ്ങനെയായിരുന്നില്ല . ആദ്യ പ്രോഗ്രാമറായ അഡ ലവ്ലേസും, എനിയാക്കിന്റെ പ്രോഗ്രാമർമാരായിരുന്ന സ്ത്രീകളും തുടങ്ങി ആ മേഖലയിൽ മോശമല്ലാത്ത സ്ത്രീപ്രാതിനിധ്യം നിലനിന്നിരുന്നു.10 പക്ഷേ ഇത് കുറഞ്ഞു വരികയാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു . ഐ ടി മേഖലയിലെ സ്ത്രീ പ്രാതിനിധ്യം മെച്ചപ്പെടുത്താൻ പദ്ധതികൾ ഉണ്ടായിട്ടു പോലും ഇത് മെച്ചപ്പെടുത്താൻ കഴിയുന്നുമില്ല . ഐ ടി രംഗം സ്ത്രീകൾക്ക് അനുയോജ്യമല്ല എന്ന പൊതുബോധമാണ് ഇക്കാര്യത്തിലെ വില്ലൻ. മാത്രമല്ല പുരുഷനെക്കാൾ കുറഞ്ഞ വേതനവും  പ്രമോഷനുകളിലെ ചില്ലുമേലാപ്പ് പ്രതിഭാസവുമെല്ലാം ഐ ടി മേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവിനെ തടയുന്നുണ്ട്.

പൊതുബോധവും സ്റ്റീരിയോ ടൈപ്പിങ്ങും  വിദ്യാഭ്യാസ ആവശ്യത്തിന് ഐ.ടി. സങ്കേതങ്ങൾ, ഉപയോഗിക്കുന്നതിൽ നിന്നും പ്രോഗ്രാമിംഗ് ഭാഷകൾ പഠിക്കുന്നതിൽ നിന്നും പെൺകുട്ടികളെ പിന്നോട്ട് വലിക്കുന്നു. ഹോങ്കോങ്ങിലെ സർവ്വകലാശാല വിദ്യാർഥികൾക്കിടയിൽ നടത്തിയ സർവേയിൽ കമ്പ്യൂട്ടർ ഉപയോഗത്തിൽ പെൺകുട്ടികൾ ആൺകുട്ടികളെ അപേക്ഷിച്ച് ആത്മവിശ്വാസക്കുറവുണ്ട് എന്ന് വ്യക്തമായി . ഇത് ഇവരുടെ പ്രകടനത്തെ സാരമായി ബാധിക്കുന്നുമുണ്ട് . കോവിഡ് കാലം പോലെ വിവര സാങ്കേതിക വിദ്യകളെ ആശ്രയിച്ച് മാത്രം അദ്ധ്യയനം സാധ്യമാകുന്ന അവസ്ഥയിൽ ഇത് പെൺകുട്ടികളുടെ പഠന നിലവാരത്തിന് വളരെയേറെ ദോഷം ചെയ്യും.

ശാസ്ത്രരംഗത്തെ പെൺഭാഷ 

ഒരാൾ ഉപയോഗിക്കുന്ന ഭാഷ അയാളുടെ ആത്മവിശ്വാസത്തിന്റെ കണ്ണാടി കൂടിയാണ്. പുരുഷന്മാർ പൊതുവേ അക്രമണോത്സുകവും ആത്മവിശ്വാസം നിറഞ്ഞതുമായ ഭാഷ ഉപയോഗിക്കുന്നു. അതേസമയം സ്ത്രീകൾ സൌമ്യവും , ഉൾവലിഞ്ഞതുമായ ഭാഷ ഉപയോഗിക്കാനാണ് സമൂഹത്താൽ പരിശീലിപ്പിക്കപ്പെടുന്നത്. ഇത് തൊഴിൽ രംഗത്തും വിദ്യാഭ്യാസ രംഗത്തും തങ്ങളുടെ അഭിപ്രായങ്ങളെ ശക്തിയുക്തം അവതരിപ്പിക്കുന്ന കാര്യത്തിൽ സ്ത്രീകളെ പിന്നിലാക്കുന്നുണ്ട്. ഗവേഷണ ഫലങ്ങൾ അക്കാദമിക സമൂഹത്തിന് മുന്നിലും പിയർ ഗ്രൂപ്പിന് മുന്നിലും അവതരിപ്പിക്കുമ്പോൾ ഉപയോഗിക്കുന്ന ഭാഷക്ക് വലിയ പ്രാധാന്യമുണ്ട് . ആത്മവിശ്വാസത്തോടെ കാര്യങ്ങളെ അവതരിപ്പിച്ചുകൊണ്ട് മാത്രമേ ഗവേഷണത്തിന് പൊതുശ്രദ്ധയും ഗ്രാന്റുകളും നേടിയെടുക്കാൻ കഴിയൂ. ഇക്കാര്യത്തിൽ പുരുഷ ഗവേഷകരെ അപേക്ഷിച്ച് സ്ത്രീകൾ പിന്നിലാണ് എന്ന് പഠനങ്ങളുണ്ട് . “excellent”, “unique”, “novel” തുടങ്ങിയ വിശേഷണങ്ങൾ സ്വന്തം ഗവേഷണത്തെപ്പറ്റി ഉപയോഗിക്കുന്നതിന് സ്ത്രീകൾ മടിക്കുന്നു. ഇത് ഗവേഷണഫലങ്ങൾക്ക് ശ്രദ്ധ കിട്ടാതിരിക്കാനും മറ്റ് പ്രബന്ധങ്ങളിൽ ഇവ സൂചിപ്പിക്കപ്പെടാതിരിക്കാനും ഇടയാക്കുന്നുണ്ട്. ഇത് അത്ര നിസ്സാരമായ ഒന്നല്ല. ജോലികൾക്ക് തെരഞ്ഞെടുക്കുമ്പോഴും ശമ്പളം നിർണ്ണയിക്കുമ്പോഴും ഗവേഷണ പേപ്പറുകൾ എത്ര പേർ സൈറ്റ് ചെയ്തു എന്നത് പ്രധാന മാനദണ്ഡം ആകാറുണ്ട്. ഭാഷയിലൂടെ പുറത്തുവരുന്ന ആത്മാവിശ്വാസക്കുറവ് അങ്ങനെ വനിതാ ശാസ്ത്രജ്ഞരുടെ തൊഴിൽ സാധ്യതകളേയും വരുമാനത്തേയും ബാധിക്കുന്നു.

ഡാറ്റ അലഭ്യത 

ഭാഷയിൽ ഉപയോഗിക്കുന്ന ലിംഗ വിവേചനം യഥാർഥത്തിൽ ശാസ്ത്രീയമായ പഠനങ്ങളേയും ഗവേഷണങ്ങളേയും പരിമിതപ്പെടുത്തുന്നുണ്ട്. പുരുഷ പ്രത്യയങ്ങൾ ഉപയോഗിച്ചുള്ള ചോദ്യവലികളും വിവരണങ്ങളും സ്ത്രീകളെ അതിൽ നിന്ന് വിട്ടുനിൽക്കാൻ പ്രേരിപ്പിക്കുകയും അതുവഴി കിട്ടുന്ന ഗവേഷണ ഫലം അപൂർണ്ണവും വസ്തുതകളെ ശരിയായി പ്രതിഫലിപ്പിക്കാത്തതും ആയി മാറുകയും ചെയ്യുന്നു. പല രംഗങ്ങളിലും സ്ത്രീകളെ സംബന്ധിച്ച ഡാറ്റകൾ ലഭ്യമേ അല്ലാത്ത അവസ്ഥയുമുണ്ട് . അത് ഉപകരണങ്ങളുടെ ഡിസൈൻ, നിയമ നിർമ്മാണങ്ങൾ, പശ്ചാത്തല സൌകര്യ വികസനം എന്നിവയിലെല്ലാം പുരുഷന്റെ കാഴ്ചപ്പാടുകൾക്കും സൌകര്യങ്ങൾക്കും ഊന്നൽ ലഭിക്കാൻ ഇടയാക്കുന്നു. അത് നിലവിലുള്ള ജൻറ്ർ വിടവിന് ആക്കം കൂട്ടുകയും ചെയ്യുന്നു.

ടെക്നിക്കൽ കമ്യൂണിക്കേഷനും സ്ത്രീകളും 

ശാസ്ത്രത്തിന്റെയും സാങ്കേതിക വിദ്യയുടെയും മറ്റ് മേഖലകളിൽ എല്ലാം സ്ത്രീകളോടുള്ള വിവേചനം നില നിൽക്കുമ്പോഴും സ്ത്രീകൾക്ക് പ്രാമുഖ്യമുള്ള ഒരു മേഖലയാണ് ടെക്നിക്കൽ കമ്യൂണിക്കേഷൻ. ഭാഷാപരമായ കഴിവുകളിൽ സ്ത്രീകൾ മുൻപന്തിയിൽ നിൽക്കുന്നു എന്നതാണ് ഇതിന് ഒരു കാരണം. രണ്ടാമത്തേത് എഴുത്ത് പോലെ ശാരീരികാധ്വാനം ആവശ്യമില്ലാത്ത കസേരയിൽ ഇരുന്നു ചെയ്യാവുന്ന ജോലികൾ സ്ത്രീകൾക്ക് ഇണങ്ങിയതാണ് എന്ന മുൻവിധിയും ഈ രംഗത്തേക്ക് കൂടുതൽ സ്ത്രീകളെ എത്തിക്കുന്നു. ആദ്യകാലത്ത് പ്രവർത്തന മാർഗ്ഗ നിർദ്ദേശങ്ങളും മറ്റും കൂടുതലായി എഴുതേണ്ടി വന്നത് ഗൃഹോപകരണങ്ങൾക്കായിരുന്നു. സ്വാഭാവികമായും ഇവ ഉപയോഗിക്കുന്ന / ഉപയോഗിക്കേണ്ടവർ എന്ന നിലയ്ക്ക് സ്ത്രീകൾ ഈ മേഖലയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഏതായാലും ഈ രംഗത്ത് നിലവിൽ സ്ത്രീകളുടെ മെച്ചപ്പെട്ട പ്രാതിനിധ്യം നിലനിൽക്കുന്നു.

ശാസ്ത്ര സാങ്കേതിക രംഗത്ത് സ്ത്രീകൾ കുറയുന്നത് കൊണ്ടുള്ള നഷ്ടം ആർക്കാണ് ? പഠിക്കുകയും പരിശീലനം നേടുകയും ചെയ്ത സ്ത്രീകൾ ഉയർന്ന പദവിയിലോ ഗവേഷണ രംഗത്തോ എത്താതെ പോകുന്നതിന്റെ നഷ്ടം സമൂഹത്തിന് തന്നെയാണ്. മാത്രമല്ല വ്യത്യസ്തതകൾ നിലനിൽക്കുമ്പോഴേ സമഗ്രമായ കാഴ്ചപ്പാടുകൾ രൂപപ്പെടൂ. നമ്മുടെ പൊതുരംഗവും ഡാറ്റയും മുഴുവൻ പുരുഷ കേന്ദ്രീകൃതമായി തുടരുന്നത് സ്ത്രീകളുടെ കാഴ്ചപ്പാടുകളും ആവശ്യങ്ങളും അവതരിപ്പിക്കാൻ ആളില്ലാത്തതു കൊണ്ടും തീരുമാനങ്ങൾ എടുക്കുന്ന , താക്കോൽ സ്ഥാനങ്ങളിൽ സ്ത്രീകൾ എത്താത്തത് കൊണ്ടുമാണ്. സാമൂഹിക വ്യവഹാരങ്ങളിലും ശാസ്ത്ര രംഗത്തുമെല്ലാം മറ്റൊരു കാഴ്ചപ്പാടിനുള്ള സാധ്യത സ്ത്രീകളുടെ അഭാവത്തിൽ ഇല്ലാതാകുന്നു . പുരുഷപക്ഷത്ത് നിൽക്കുന്ന ഭാഷയ്ക്ക് ഇതിലുള്ള പങ്ക് വലുതാണ് . ഭാഷ പരിഷ്കരിക്കാൻ കഴിയാത്ത ഒന്നല്ല. അതിലുണ്ടാകുന്ന ചെറിയ മാറ്റങ്ങൾ തുല്യനീതിയുള്ള ഒരു സമൂഹത്തെ നിർമ്മിക്കാൻ സഹായിക്കുമെങ്കിൽ എന്തിന് മടിച്ച് നിൽക്കണം.

അധിക വായനയ്ക്ക്

 1. http://murielrukeyser.emuenglish.org
 2. Caroline Criado Perez, Invisible Women: Exposing Data Bias in a World Designed for Men,Harry N. Abrams 2019
 3. Sczesny Sabine, Formanowicz Magda, Moser Franziska, Can Gender-Fair Language Reduce Gender Stereotyping and Discrimination, Front. Psychol., 02 February 2016
 4. Prewitt-Freilino, J. L., Caswell, T. A., & Laakso, E. K. (2012). The gendering of language: A comparison of gender equality in countries with gendered, natural gender, and genderless languages. Sex Roles: A Journal of Research, 66(3-4), 268–281.
 5. Marry Bucholtz, Kira Hall, Identity and interaction: a sociocultural linguistic approach, Discourse Studies, 2005
 6. Sandra Harding,The Science Question in Feminism, Cornell University Press 1986
 7. Sandra Harding, Whose Science? Whose Knowledge?Thinking from Women’s Lives, Cornell University Press 2016
 8. https://www.theatlantic.com/what-we-learn-from-50-years-of-asking-children-to-draw-scientists/556025/
 9. https://www.theatlantic.com/science/what-we-learn-from-50-years-of-asking-children-to-draw-scientists/556025/
 10. Tone Bratteteig, Understanding IT and gender,Lecture given at the OECD-CERI Conference, 2008

അനുബന്ധ വായനയ്ക്ക്

  വനിതാദിന ലേഖനങ്ങൾ

  ലേഖനം വായിക്കാം
  ലേഖനം വായിക്കാം
  Happy
  Happy
  100 %
  Sad
  Sad
  0 %
  Excited
  Excited
  0 %
  Sleepy
  Sleepy
  0 %
  Angry
  Angry
  0 %
  Surprise
  Surprise
  0 %

  Leave a Reply

  Previous post ‘പുരുഷ ക്രോമസോം’ കണ്ടുപിടിച്ച വനിത
  Next post ലിംഗനീതിയും സമൂഹവും – ക്യാമ്പസ് പ്രതികരണങ്ങൾ
  Close