Read Time:19 Minute

ലിംഗപദവി തുല്യതക്കായി എന്തെല്ലാം മാറ്റങ്ങളാണ് നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിലും പൊതുവിടങ്ങളിലും കൊണ്ടുവരേണ്ടത്? ലൂക്കയുടെ ക്യാമ്പസ് പ്രതികരണങ്ങളുടെ പംക്തിയിൽ പോണ്ടിച്ചേരി സർവ്വകലാശാലയിലെ സെന്റർ ഫോർ വിമൻസ് സ്റ്റഡീസ് ഡിപ്പാർട്ട്മെന്റിലെ ഒന്നാം വർഷ വിദ്യാർത്ഥികൾ എഴുതുന്നു..

ആൺകേന്ദ്രങ്ങളാകുന്ന കളിമൈതാനികൾ

ലക്ഷ്മി ഹീരൻ

നാട്ടിൻപുറങ്ങളിലൂടെയുള്ള യാത്രയിലുടനീളം കാണാറുള്ള മൈതാനങ്ങളിൽ ഒക്കെ പൊതുവേ ആണുങ്ങളുടെ ആരവങ്ങളാണ് കണ്ട് വരാറുള്ളത്. ഒരിക്കൽ സ്ത്രീകൾക്ക് അന്യവത്കരിക്കപ്പെട്ടിരുന്ന പൊതുമണ്ഡലങ്ങളിലേക്ക് അവർ കടന്നുവരാൻ തുടങ്ങിയിട്ടുണ്ടെങ്കിലും കളിമൈതാനങ്ങൾ ഇപ്പോഴും ആണിന്റെ ഇടമായി തന്നെ തുടരുകയാണ്. കളിയിടങ്ങളിൽ നിന്ന് സ്ത്രീകളെ ഈ മാറ്റി നിർത്തുമ്പോൾ കേവലം അവരുടെ കായികക്ഷമതയെ മാത്രമല്ല ബാധിക്കുക, ഈ മൈതാനങ്ങൾ സൃഷ്ടിക്കുന്ന സൗഹൃദങ്ങളുടെ, സായാഹ്ന ചർച്ചകളുടെ, ആശയ സംവേദനങ്ങളുടെ, ആത്മബന്ധങ്ങളുടെ, ഒത്തുചേരലുകളുടെ, സാംസ്കാരിക വിനിമയത്തിന്റെ വേദി അവർക്ക് അന്യമാക്കുക കൂടിയാണ്. ഇത് കാലാകാലങ്ങളായി സ്ത്രീകളെ ചുരുക്കി നിർത്തിയിരുന്ന സ്വകാര്യ ഇടങ്ങളിലേക്ക് വരും തലമുറകളെ കൂടി ഒതുക്കി പാകപ്പെടുത്തുന്നതിൽ ചെറുതല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. ആൺകേന്ദ്രീകൃതമായിരുന്ന കളിക്കളങ്ങളിലേക്ക് പുതുതലമുറയിലെ പെണ്ണുങ്ങൾ കടന്നു വരുന്നതിലൂടെ ‘gendered space ‘ ആയിരുന്ന പൊതു ഇടങ്ങൾ ‘gender inclusive’ ആയി മാറും. ആണിനെയും പെണ്ണിനെയും വേർതിരിച്ച് നിർത്തുന്ന വഴി അവർക്കിടയിൽ രൂപപ്പെടുന്ന ഇതര ജെന്ററിനോട് തോന്നുന്ന ‘others’ feeling (അന്യത്വ ബോധം) കുറച്ച് കൊണ്ടുവരാനാകും. തങ്ങളെ പോലെ തന്നെ വികാര വിചാരങ്ങൾ ഉള്ള, വ്യക്തിത്വം ഉള്ള മനുഷ്യരാണ് പെണ്ണുങ്ങൾ എന്നു മനസ്സിലാക്കാനും അങ്ങനെ അവരെ പരിഗണിക്കാനും ഒരു പരിധി വരെ ഇത്തരം കൂടിച്ചേരലുകൾ സഹായിക്കും. ഇത് പോലെയുള്ള ചെറിയ മാറ്റങ്ങൾ സ്കൂളുകളിൽ നിന്ന് തന്നെ നമുക്ക് തുടങ്ങാവുന്നതാണ്. കായിക വിദ്യാഭ്യാസത്തിനും കൂടി ഊന്നൽ നൽകുന്ന പാഠ്യപദ്ധതികൾ തയ്യാറാക്കേണ്ടത് ഒരു അനിവാര്യതയാണ്. പി.ഇ.ടി പിരിയഡുകൾ പ്രഹസനമാക്കാതെ കായിക തൽപരതയുള്ള പുതു പെൺതലമുറയെ വാർത്തെടുക്കാൻ ഉള്ള ഇടങ്ങളായി ആദ്യം സ്കൂളുകൾ തന്നെ മാറേണ്ടതുണ്ട്. അത്തരത്തിൽ ഉള്ളൊരു മാറ്റം പെൺകുട്ടികളെ കൂടി ഉൾകൊള്ളുന്ന പുതിയ ഒരു കായിക സംസ്കാരം രൂപപ്പെടുത്തി എടുക്കാൻ സഹായിക്കും. ഇത് അവരെ പുതിയ ഇടങ്ങൾ കണ്ടെത്താൻ പ്രേരിപ്പിക്കും. അതിനോടൊപ്പം തന്നെ ഇത്തരത്തിൽ ഉള്ള ഒരു കായിക വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെ കുറിച്ച് രക്ഷകർത്താക്കളെ അവബോധം ഉള്ളവരാക്കാൻ അധ്യാപകർ ശ്രമിക്കേണ്ടതുമുണ്ട്.. അങ്ങനെ ജെൻഡർ ഇൻക്ലുസിവ് ആയിട്ടുള്ള ഒരു കായിക സംസ്കാരം സ്കൂളുകളിൽ രൂപപ്പെടുത്തി എടുക്കാൻ സാധിച്ചാൽ അത് പതിയെ പൊതു ഇടങ്ങളിലേക്കും വ്യാപൃതമാകാൻ സഹായകമാകും.

സ്ത്രീകളും കായിക മേഖലകളിലെ അസമത്വങ്ങളും

കൃഷ്ണൻ ഉണ്ണി ആർ.എസ്.

രാഷ്ട്രീയ മേഖലയിലെ പങ്കാളിത്തത്തെ പോലെ തന്നെ എടുത്തുപറയേണ്ട വിഷയമാണ് കായികമേഖലയിലെ പങ്കാളിത്തം. ഒരു ജനതയെ ആരോഗ്യപരമായ ഉണർവിലേക്ക് നയിക്കുന്നതിൽ കായികം വളരെ വലിയ പങ്ക് വഹിക്കുന്നു. പക്ഷെ ഈ മേഖലയിലെ സ്ത്രീകളുടെ കടന്നുവരവ് വളരെ ചുരുക്കമാണ്. ശാരീരികാധ്വാനമുള്ള കായികം സ്ത്രീകൾക്ക് പറ്റിയതല്ല എന്ന നിലനിൽക്കുന്ന സ്റ്റീരിയോടൈപ്പ് ഇതിനൊരു കാരണമാണ് .ഇത് തച്ചുടച്ചു ഉയർന്നുവന്ന സ്ത്രീകൾ നിരവധി ഉണ്ടെങ്കിലും

അവർക്ക് കിട്ടുന്ന പിന്തുണ വളരെ വിരളമാണ്.കായിക ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാധനരായ സ്ത്രീകൾ ഇവിടെ ഉണ്ട്.അവരെ ഉയർത്തിക്കൊണ്ട് വരേണ്ടതും പിന്തുണ കൊടുക്കേണ്ടതും ഈ മേഖലയിൽ തുല്യത ഉറപ്പാക്കുന്നതിന് അനിവാര്യമാണ്.

വിദ്യാഭ്യാസവും ലിംഗവിവേചനവും

സ്നേഹ ഒ (ഗവേഷക)

സ്ത്രീകളുടെ വിദ്യാഭ്യാസത്തിന് ഇത്രയേറെ മുൻതൂക്കം കൊടുത്തിരുന്ന കേരളത്തിൽ, ലിംഗപരമായ വിവേചങ്ങൾ ഇപ്പോഴും പ്രകടമാണ്. ബാല്യകാലത്തിൽ ആർജ്ജിക്കുന്ന പല കാര്യങ്ങളും വ്യക്തികൾ തങ്ങളുടെ ശിഷ്ട ജീവിതത്തിൽ ശീലിച്ചു പോരാറുണ്ട്. അതുകൊണ്ടു തന്നെ ലിംഗപരമായ വാർപ്പു മാതൃകകളെ (Gender Stereotypes) പൊളിച്ചെഴുതുന്ന തരത്തിലായിരിക്കണം നമ്മുടെ വിദ്യാഭ്യാസം. ഉദാഹരണത്തിന്, ഇരിപ്പിട ക്രമീകരണം, സ്കൂളിലേക്കുള്ള യാത്ര എന്നിവ ഇപ്പോഴും പല സ്കൂളിലും നില നിന്ന് പോരുന്നത് ആൺ, പെൺ  വ്യത്യാസത്തിൽ തന്നെയാണ്. പഠന-പാഠ്യേതര പ്രവർത്തനങ്ങൾ ലിംഗ – സമ്മിശ്രമാകുകയും ക്ലാസ്റൂമിലെ പല പ്രവർത്തങ്ങളും ആൺ -പെൺ വ്യത്യാസമില്ലാതെ ഏല്പിക്കുകയും ചെയ്‌താൽ ലിംഗ-വിവേചനങ്ങൾ കുറയ്ക്കാമെന്ന് പഠനങ്ങൾ കാണിക്കുന്നു. ഇപ്പോഴും ക്ലാസ്റൂമുകളിൽ ലാപ്ടോപ്പ്, കമ്പ്യൂട്ടർ, തുടങ്ങിയ  സാങ്കേതിക സൗകര്യങ്ങൾ ഒരുക്കാൻ ആൺകുട്ടികളെ ഏല്പിക്കുകയും ശുചീകരണം മുതലായവ പെൺകുട്ടികളെ ഏല്പിക്കുകയും ചെയ്യുന്ന രീതി നിലവിലുണ്ട്.

സ്കൂളുകളെ ലിംഗ വിവേചന രഹിതമാക്കുന്നതിന് അധ്യാപകരെ കൂടുതൽ ലിംഗ സമത്വ ബോധമുള്ളവർ ആക്കേണ്ടതുണ്ട്. അതിനായി അവർക്ക് തൊഴിൽപരമായ പരിശീലനവും പാഠ്യവിവരങ്ങളും നൽകുകയും, ലിംഗ സമത്വവും വിദ്യാഭ്യാസവും എന്ന വിഷയം ബി എഡ്, എം എഡ് കോഴ്സുകുളിൽ നിർബന്ധമാക്കുകയും ചെയ്യാം. പെൺകുട്ടികളും ട്രാൻസ് ജൻഡർ വിഭാഗത്തിൽപ്പെട്ടവരും മറ്റ് നിശ്ചിതമല്ലാത്ത ലിംഗ വിഭാഗങ്ങളിൽപ്പെട്ടവരും ഉൾകൊള്ളുന്ന ഒരു പഠനാന്തരീക്ഷം സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞാൽ മാത്രമേ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ലിംഗ വിവേചന രഹിതമാക്കാനാവു. ഭരണസംവിധാനങ്ങൾക്കും സ്കൂൾ മാനേജ്മെന്റുകൾക്കും അതിനായി ഏറെ കാര്യങ്ങൾ ചെയ്യാനാവും.

സ്കൂളുകളിൽ ആവശ്യത്തിന് അടിസ്ഥാന സൗകര്യങ്ങൾ പലപ്പോഴും ലഭ്യമാകുന്നില്ല. ഉദാഹരണത്തിന് , ആൺകുട്ടികളുടെ ടോയ്‌ലെറ്റുകളിൽ ആവശ്യത്തിന് സ്വകാര്യതയില്ല. പെൺകുട്ടികളുടെ ശൗചാലയങ്ങളിൽ, ഹാൻഡ്‌വാഷ്/സോപ്പ്, സാനിറ്ററി നാപ്കിൻ, എന്നിവയൊന്നും പലപ്പോഴും ലഭ്യമാകുന്നില്ല.

സ്കൂളുകളെ ലിംഗ സൗഹൃദമാക്കാൻ ചെയ്യാവുന്ന മറ്റൊരു കാര്യം കുട്ടികളെ ഇതര ലിംഗത്തിൽപെട്ടവരുടെ ശരീരങ്ങളോടും അനുഭവങ്ങളോടും സംവദിക്കാൻ കഴിയുന്നവരാക്കി മാറ്റാൻ സഹായകമായ വിഷയങ്ങളിൽ  ചർച്ചകൾ സംഘടിപ്പിക്കുക എന്നതാണ്. ലൈംഗിക വിദ്യാഭ്യാസം എന്നത് മാറുന്ന തലമുറയെ സംബന്ധിച്ചടത്തോളം വളരെ വളരെ പ്രധാനമാണ്. അത് അവരുടെ ശാരീരിക ,മാനസിക, വൈകാരിക ആരോഗ്യം നിലനിർത്താൻ അവരെ പ്രാപ്തരാക്കുകയും  ചെയ്യുന്നു. സ്കൂളുകളിൽ കണ്ടു വരുന്ന മറ്റൊരു പ്രധാന പ്രശ്നം ആർത്തവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പെൺകുട്ടികളോട് മാത്രമായി സംസാരിക്കുകയും ആൺകുട്ടികളെ ഒഴിവാക്കുകയും ചെയ്യുക എന്നതാണ്. അതുകൊണ്ട് തന്നെ ലൈംഗികതയെയും  പ്രത്യുല്പാദനത്തെയും പറ്റി പഠിപ്പിക്കാനായി ദൃശ്യ -ശ്രാവ്യ സഹായികളടക്കമുള്ള പഠന സാമഗ്രികൾ വികസിപ്പിക്കേണ്ടിയിരിക്കുന്നു. കുട്ടികളെ ലൈംഗിക അതിക്രമ സാഹചര്യങ്ങളെ തിരിച്ചറിയാനും നേരിടാനും കൂടി ബോധവത്ക്കരണം നൽകേണ്ടതുണ്ട്.

സംസ്ഥാനത്ത് ജൻഡർ ന്യൂട്രൽ യൂണിഫോമുകൾ (gender neutral uniforms ) പോലുള്ളവ ചിലയിടങ്ങളിൽ നടപ്പിലാക്കിയിട്ടുണ്ട്. അതുപോലെത്തന്നെ മെൻസ്ട്രുവൽ കപ്പ് (menstrual cup)വിതരണത്തിനായി പോളിസികളും തയ്യാറാക്കുന്നു. ഇവയൊക്കെ തന്നെ ലിംഗ സൗഹൃദ അന്തരീക്ഷം സൃഷ്ടിച്ചെടുക്കുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്കൂളുകളെ ലിംഗ സൗഹൃദമാക്കാൻ ലിംഗ വേർതിരിവുള്ള സ്കൂളുകൾ ലയിപ്പിച്ചു കൊണ്ട് മിക്സഡ് സ്കൂളുകളാക്കുന്നുണ്ട് . ഇത്തരം മാറ്റങ്ങളുടെ സ്വാധീനങ്ങളും പഠിക്കേണ്ടിയിരിക്കുന്നു. അടുത്തിടെ നടന്ന ജൻഡർ ഓഡിറ്റിങ്ങിൽ പാഠപുസ്തങ്ങളിലും സ്ത്രീ സാന്നിധ്യം കുറവാണെന്ന് സൂചിപ്പിക്കുന്നു. അതുപോലെത്തന്നെ ‘മനുഷ്യൻ’ എന്ന വാക്കിന് പകരം ‘അവൻ ‘ എന്ന വാക്ക്‌ പാഠപുസ്തങ്ങളിൽ ഉപയോഗിക്കുന്നതും മാറ്റേണ്ടി ഇരിക്കുന്നു.

ഉന്നതവിദ്യാഭാസത്തിലും ഈ ലിംഗ വിവേചനം പ്രകടമാണ്. അതുകൊണ്ട് തന്നെയാണ് സ്ത്രീകളെ പലപ്പോഴും ‘educated; but poor and powerless ‘ എന്ന് പൊതുസമൂഹം വിളിക്കുന്നതും. ആഗ്രഹമുണ്ടായിട്ടും പല സ്ത്രീകൾക്കും ഉന്നത വിദ്യഭ്യാസം ലഭിക്കാതെ പോകുന്നത് സമൂഹത്തിൽ നിലനിൽക്കുന്ന , സ്ത്രീകൾക്ക് എതിരായ അലിഖിത നിയമങ്ങളിൽ നിന്നാണ്. സ്ത്രീകളെ വിവാഹം ചെയ്ത് വിടാനുള്ള വസ്തുക്കളായും കുട്ടികളെ പ്രസവിക്കാനും വളർത്താനുമുള്ള ഉപകാരണമായും സമൂഹം പൊതുവേ  കണ്ടുവരുന്നു. ക്രമേണ സാമ്പത്തികമായും മാനസികമായും ബുദ്ധിമുട്ടനുഭവിക്കേണ്ടി വരുന്ന സ്ത്രീക്ക്, ഈ ചട്ടക്കൂടുകൾക്ക് പുറത്തു കടക്കാൻ പറ്റാതാവുകയും ഇതിനുള്ളിൽ ഒതുങ്ങി ജീവിക്കേണ്ടി വരികയും ചെയ്യുന്നു.

ലോകബാങ്കിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ STEM വിഭാഗത്തിൽ സ്ത്രീകളുടെ പങ്കാളിത്തം മൂന്നിലൊന്നിൽ   കുറവാണ് – 27 ശതമാനം. സ്ഥാപനപരമായ ലിംഗ പക്ഷപാതങ്ങൾ, കർശനമായി നിർവചിക്കപെട്ട ലിംഗ മാനദണ്ഡങ്ങൾ, പുരുഷാധിപത്യ സംസ്കാരം എന്നിവയെല്ലാം ഇതിന്റെ കാരണങ്ങളാണ്. ചലന സ്വാതന്ത്ര്യം, ഉന്നത വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പല ഹോസ്‌റ്റലുകളും രാത്രികളിൽ സ്ത്രീകളുടെ സഞ്ചാര സ്വാതന്ത്ര്യത്തിന് വിലക്കേർപ്പെടുത്തുന്നുണ്ട് .അതുപോലെത്തന്നെ ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനായി സംസഥാനമോ, ജില്ലയോ വിട്ട് പോകേണ്ടി വരുന്ന സ്ത്രീകളെ ഇതേ കാര്യം അടിച്ചേല്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ, ഒരു ലിംഗ സൗഹൃദ വിദ്യാഭ്യാസ സമ്പ്രദായം സൃഷ്ടിച്ചെടുക്കാൻ , ലിംഗപരമായ വാർപ്പു മാതൃകകൾ പൊളിച്ചടുക്കാൻ നമ്മൾ ബഹുദൂരം മുന്നോട്ട് പോകേണ്ടിയിരിക്കുന്നു .

ലൈംഗികാരോഗ്യം മനുഷ്യാവകാശമാണ്.

മുഹമ്മദ്‌ ഉനൈസ് കെ.വി

ലൈംഗിക വിദ്യാഭ്യാസം (Sexuality education) ഇല്ലായ്മയ സമൂഹത്തിൽ വരുത്തി വെക്കുന്ന പ്രശ്‌നങ്ങൾ അനവധിയാണ്. അത് പോലെ തന്നെ പ്രധാനമാണ് ലൈംഗീക ആരോഗ്യത്തെ .(Sexual Health) കുറിച്ചുള്ള അവബോധമില്ലായ്മയും. പ്രാഥമിക വിദ്യാഭ്യാസ കാലം തൊട്ടേ ഈ വിഷയങ്ങൾ നമ്മുടെ വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടതാണ്. സ്വന്തം ശരീരത്തെയും അത് പോലെ തന്നെ മറ്റുള്ളവരുടെ ശരീരത്തെയും അറിഞ്ഞു വെക്കാനും ആ രീതിയിൽ വേണ്ട വിധം സ്വകാര്യതയെ കുറിച്ചും, പരിധികളെ കുറിച്ചുമെല്ലാം ഒരു വ്യക്തമായ ബോധം ഉണ്ടാക്കിയെടുക്കുവാനും ഇത് സഹായകമാകും.

ഒരു പുരുഷാധിപത്യ സമൂഹത്തിൽ ഈ രണ്ട് ബോധങ്ങളും സൃഷ്ടിച്ചെടുക്കുക എന്നത് ശ്രമകരമായ കാര്യമാണ്. എന്നാലും അതിനായി കുടുംബങ്ങളിലും, വിദ്യാലയങ്ങളിലും, മറ്റു പൊതു ഇടങ്ങളിലും ഈ വിഷയങ്ങളെ കുറിച്ച് നാം സംസാരിച്ചു തുടങ്ങേണ്ടിയിരിക്കുന്നു.

ലൈംഗികതയെ കുറിച്ചുള്ള തെറ്റിദ്ധാരണ ഒരുപാട് പ്രശ്നങ്ങളിലേക്ക് നമ്മുടെ സമൂഹത്തെ എത്തിച്ചിട്ടുണ്ട്. അത് പോലെ അപകടകരമായ മറ്റൊന്നാണ് ലൈംഗിക ആരോഗ്യത്തിൽ തീരെ ശ്രദ്ധയില്ലാതെ പോകുന്നതും. ലൈംഗികതയുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ വികാസത്തിനു ലൈംഗീക ആരോഗ്യത്തിലുള്ള അവബോധം ആക്കം കൂട്ടുന്നു. പലപ്പോഴും സ്ത്രീ സമൂഹം ഒരു പരിധി വരെ ബോധ്യമുള്ളവരാണ്. അവരുടെ ആർത്തവകാലം തുടങ്ങുന്നത് മുതൽ വ്യക്തമായി ഒരു പ്രത്യേക ശ്രദ്ധ അവർ തുടർന്നു പോരുന്നുണ്ട്. പക്ഷെ പുരുഷൻമാർ വേണ്ടത്രേ ശ്രദ്ധിക്കാതെ പോകുന്നതും ഇതേ വിഷയത്തിലാണ്. അത് ഒരു ആരോഗ്യകരമായ സമൂഹത്തിന്റെ നിലനിൽപിനു തന്നെ ഒരുപാട് ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. ലൈംഗീക ആരോഗ്യം കേവലം രോഗങ്ങളുടെ അഭാവം, പ്രവർത്തന വൈകല്യം അല്ലെങ്കിൽ ബലഹീനത എന്നിവ മാത്രമല്ല. വ്യക്തി ശുചിത്വത്തിന്റെ ഭാഗം കൂടിയാണിത്. ലൈംഗിക ആരോഗ്യം ആത്മാഭിമാനം, വ്യക്തിപരമായ ആകർഷണം തുടങ്ങിയവ മെച്ചപ്പെടുത്തുകയും അതുപോലെ തന്നെ ലൈംഗിക അപര്യാപ്തത, ലൈംഗികമായി പകരുന്ന രോഗങ്ങൾ, ലൈംഗിക ആക്രമണം എന്നിവയിൽ നിന്നുള്ള സ്വാതന്ത്ര്യം  സാധ്യമാക്കുകയും ചെയ്യുന്നു. ലൈംഗിക ആരോഗ്യം ലൈംഗികതയെ ഒരു പോസിറ്റീവ് ശക്തിയായി സ്ഥിരീകരിക്കുന്നു. ഇത് ഒരാളുടെ ജീവിതത്തിന്റെ വിവിധ തലങ്ങളിലുള്ള മാനങ്ങൾ മെച്ചപ്പെടുത്തുകയും കൂടി ചെയ്യുന്നുണ്ട്. ലൈംഗിക ആരോഗ്യവും പ്രത്യുൽപാദനവും നമ്മുടെ ആരോഗ്യത്തോടുള്ള മനോഭാവവും പെരുമാറ്റവും ലൈംഗിക പ്രവർത്തനത്തിന്റെ അനന്തരഫലങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വ്യക്തമായ ധാരണയോടു കൂടിയുള്ള പെരുമാറ്റവും, ശരീരഘടനയും ശരീരശാസ്ത്രവും, ലൈംഗികമായി പകരുന്ന അണുബാധ, ഗർഭനിരോധനവും ഗർഭച്ഛിദ്രവും എന്നിവയെ കുറിച്ചെല്ലാം കൃത്യമായ അവബോധം നമ്മുടെ സമൂഹത്തിൽ സൃഷ്ടിക്കാൻ ഇത് കൊണ്ടാവുന്നു. അതിലൂടെ സ്ത്രീക്കും പുരുഷനും ഒരു ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാവുകയും ചെയ്യുന്നു. ഇത് ഏത് ലിംഗത്തിൽ പെടുന്നവർക്കും അവരുടെ അടിസ്ഥാന അവകാശമാണ്. അത് ഉറപ്പ് വരുത്തുക എന്നത് സമൂഹത്തിലെ ഓരോരുത്തരുടെയും ഉത്തരവാദിത്തവുമാണ്. അതിനായി നമ്മുടെ വിദ്യാഭ്യാസവും സാമൂഹികവുമായ ഇടപെടലുകൾ ഉപയോഗപ്പെടുത്തുക എന്നത് പ്രധാനമാണ്. ആരോഗ്യകരമായ ലൈംഗീകത ഓരോ മനുഷ്യനും ഉറപ്പ് വരുത്താൻ ഈയൊരു ഉദ്യമത്തിലൂടെ നമുക്ക് സാധ്യമാക്കാനാവണം. സ്വന്തം ലൈംഗീക സ്വാതന്ത്രത്തിനു വേണ്ടി പൊരുതുന്നത് പോലെ തന്നെ ലൈംഗിക ആരോഗ്യത്തിലും നാം ബോധവാന്മാരാകേണ്ടതുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലിംഗനീതിയും ശാസ്ത്ര-സാങ്കേതിക ഭാഷയും 
Next post ഫേസ്‌ബുക്കും നമ്മളും : അവ്യവസ്ഥയുടെ യന്ത്രങ്ങൾ
Close