Read Time:11 Minute

കേൾക്കാം

എഴുതിയത് : പ്രവീൺ പതിയിൽ അവതരണം : ഡോ. സന്ധ്യാകുമാർ
സാങ്കേതികവിദ്യയും അതിനോട് ചേർന്ന തൊഴിൽ രംഗങ്ങളും വിവേചനങ്ങളിൽ നിന്ന് കുറേയൊക്കെ അകലെയാണ് എന്നൊരു ബോധം പൊതുവിലുണ്ട്. കഴിവും ബുദ്ധിയും പരിശ്രമവും വെച്ച് ആർക്കും മുന്നേറാം എന്നാണ് ഈ രംഗങ്ങളെക്കുറിച്ചുള്ള ധാരണ. ഒരു അളവ് വരെ അതെല്ലാം ശരിയാണെങ്കിലും ചരിത്രപരമായ പല അസമത്വങ്ങളെയും ഉപബോധാവസ്ഥയിലെങ്കിലും ഈ ഇടങ്ങൾ പിന്തുടരുന്നതായി കാണാൻ കഴിയും. അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് എന്ന കറുത്ത വർഗ്ഗക്കാരന്റെ മരണത്തോടെയാണ് സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ഭാഷയിൽ നിലനിന്നിരുന്ന ഇത്തരത്തിലുള്ള ഉപബോധ വിവേചനങ്ങളെക്കുറിച്ച് ചർച്ചകൾ ശക്തമായത്. 2021 മെയ് 25-ന് പോലീസുകാരുടെ അതിക്രമത്തിലാണ് ജോർജ് ഫ്ലോയ്ഡ് കൊല്ലപ്പെടുന്നത്. തുടർന്ന് തൊഴിലിടങ്ങളിൽ നിലനിൽക്കുന്ന സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടുമുള്ള  വിവേചനങ്ങൾ ചർച്ചചെയ്യപ്പെട്ടു. ആ പശ്ചാത്തലത്തിൽ ചർച്ചക്കിടയായ ചില പ്രയോഗങ്ങൾ, അവയിൽ അന്തർലീനമായ വിവേചനങ്ങൾ, ആ പ്രയോഗങ്ങൾക്ക് നിർദ്ദേശിക്കപ്പെട്ട ബദലുകൾ, ഇതെല്ലാമാണ് ഇവിടെ പരാമർശിക്കുന്നത്.

ബ്ലാക്ക് ലിസ്റ്റ് /വൈറ്റ് ലിസ്റ്റ് 

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് സാർവ്വത്രികമായി കണ്ടു വരുന്ന പ്രയോഗങ്ങളാണ് ബ്ലാക്ക് ലിസ്റ്റും  വൈറ്റ് ലിസ്റ്റും. തെറ്റായ രീതിയിലുള്ള ഉപയോഗം കൊണ്ട് എന്തെങ്കിലും ചെയ്യാൻ അനുമതി നിഷേധിക്കപ്പെട്ടവരാണ് ബ്ലാക്ക് ലിസ്റ്റിൽ പെടുന്നത്. ഏതെങ്കിലും വെബ്സൈറ്റുകളിൽ പ്രോഗ്രാമുകൾ ഉപയോഗിച്ച് ഒരു ചെറിയ സമയത്തിനുള്ളിൽ നിരവധി തവണ കയറിക്കൂടാൻ നോക്കിയാൽ അത്തരമൊരു യൂസറെ ബ്ലാക്ക് ലിസ്റ്റ് ചെയ്യാറുണ്ട്. അതുപോലെ സംശയപരമായ സന്ദേശങ്ങൾ അയക്കുന്ന കമ്പ്യൂട്ടറുകളെയും  (അവയുടെ ഐപി അഡ്രസ്സുകളെ) ബ്ലാക്ക് ലിസ്റ്റ് ചെയ്യാറുണ്ട്. കേൾക്കുമ്പോൾ നിർദ്ദോഷമെന്ന് തോന്നിക്കുന്ന ഈ വാക്കുകൾക്ക് എന്താണ് കുഴപ്പം? കറുപ്പിനെ മോശമായും വെളുപ്പിനെ നല്ലതായും നമ്മുടെ ഉപബോധതലത്തിൽ പ്രതിഷ്ഠിക്കുന്നു എന്നത് തന്നെ. ഇവയുടെ ഉപയോഗം മൂലം നമ്മളറിയാതെ ആ വിവേചനത്തിൻ്റെ പ്രചാരകരാവുകയാണ് നാം. ബ്ലാക്‌മെയ്ൽ, ബ്ലാക്ക് മണി, ബ്ലാക്ക് മാർക്കറ്റ് എന്നിങ്ങനെ കറുപ്പിനെ മോശമാക്കുന്ന പല വാക്കുകളും ഉപയോഗത്തിലുണ്ട്. കറുപ്പ് നിറത്തിനോടുള്ള അകൽച്ച പലപ്പോഴും അതിനോടടുത്ത നിറമുള്ളവരിലേക്കും പടരുന്നു എന്നതാണ് കാണാൻ കഴിയുന്നത്.

ബ്ലാക്ക് ലിസ്റ്റ്, വൈറ്റ് ലിസ്റ്റ് എന്നീ വാക്കുകൾക്ക് പകരം യഥാക്രമം അലൊവ് ലിസ്റ്റ് (allow list), ഡിനൈ ലിസ്റ്റ് (deny list) എന്നീ വാക്കുകൾ ഉപയോഗിക്കുക എന്നതാണ് നിർദ്ദേശിക്കപ്പെടുന്നത്.

മാസ്റ്റർ / സ്ലേവ്

ഡിസ്‌ട്രിബ്യൂറ്റഡ് കമ്പ്യൂട്ടിങ് ഇക്കാലത്ത് വളരെ പ്രാധാന്യമുള്ള ഒരു മേഖലയാണ്. ഒരു കംപ്യൂട്ടറിന് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെറിയ ഭാഗങ്ങളാക്കി പല കംപ്യൂട്ടറുകൾ  ഒരുമിച്ച് ഉപയോഗിച്ച് ചെയ്യുന്നതാണ് ഡിസ്‌ട്രിബ്യൂറ്റഡ് കമ്പ്യൂട്ടിങ് എന്ന് ലളിതമായി പറയാം. ഇത്തരത്തിലുള്ള ചട്ടക്കൂടുകളിൽ (frameworks) തീരുമാനങ്ങൾ എടുക്കുന്ന ഒരു കംപ്യൂട്ടറിനെ ‘മാസ്റ്റർ’ എന്നാണ് വിളിക്കുന്നത്. അതായത് ഒരു ജോലിയെ എത്ര ഭാഗങ്ങളാക്കണം, ആ ഭാഗങ്ങൾ ഏത് കംപ്യൂട്ടറുകൾ ഉപയോഗിച്ച് പൂര്‍ത്തിയാക്കണം എന്ന തീരുമാനങ്ങൾ ഈ ‘മാസ്റ്റർ’ (യജമാനൻ) ആണ് തീരുമാനിക്കുന്നത്. ഈ തീരുമാനങ്ങൾക്കനുസരിച്ച് ജോലി ചെയ്യുന്ന, അതായത് ജോലിയുടെ ചെറിയ ഭാഗങ്ങൾ നിർവഹിക്കുന്ന കംപ്യൂട്ടറുകൾ ആണ് ‘സ്ലേവ്’ (അടിമ)-കൾ. അമേരിക്കയിലും യൂറോപ്പിലും നിലനിന്നിരുന്ന അടിമത്തവും അടിമവ്യവസായവും ദീർഘവും ദുഷ്കരവുമായ സമരങ്ങൾക്ക് ശേഷമാണ് ഇല്ലാതെയായത്.  തൊഴിലിൽ യജമാനന്റെയും അടിമയുടെയും സ്ഥാനം എന്ന വിവേചനപരമായ സങ്കല്പത്തിന് ഈ കാലത്തും അറിയാതെയെങ്കിലും സ്വീകാര്യത നൽകുകയാണ് ഈ പദാവലിയുടെ പ്രയോഗം കൊണ്ട് നമ്മൾ ചെയ്യുന്നത്.

ഇതിന് പകരമായി ലീഡർ / ഫോളോവർ, റൈറ്റർ / റീഡർ എന്നിങ്ങനെ സന്ദർഭത്തിന് അനുയോജ്യമായ വാക്കുകളുടെ ഉപയോഗം ഇപ്പോൾ നിഷ്കർഷിക്കപ്പെടുന്നുണ്ട്.

മാൻ അവേഴ്സ്      

ഒരു പ്രൊജക്റ്റ് ആരംഭിക്കുന്ന സമയത്ത് ചെയ്യപ്പെടുന്ന കാര്യമാണ് എഫർട്ട് എസ്റ്റിമേഷൻ അഥവാ അധ്വാന അനുമാനം. ചെയ്ത് തീർക്കേണ്ട ജോലിയുടെ കാഠിന്യവും സങ്കീർണതയും അനുസരിച്ച് അത് ചെയ്യാൻ എത്ര ആളുകൾ വേണ്ടി വരും, അവർക്ക് അത് ചെയ്തു തീർക്കാൻ എത്ര സമയം എടുക്കും എന്നൊക്കെ നിർണയിക്കുന്നതിനാണ് എഫർട്ട് എസ്റ്റിമേഷൻ എന്ന് പറയുന്നത്. അത് കണക്ക് കൂട്ടിയിരുന്നത് ‘മാൻ അവേഴ്സ്’ അല്ലെങ്കിൽ ”മാൻ മന്ത്സ്’ എന്നീ ഏകകങ്ങളിലാണ് (units). തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പങ്കാളിത്തത്തെ  കുറച്ച് കാട്ടുന്ന പ്രയോഗങ്ങളിൽ ഒന്നാണിത്. സ്ത്രീകളും പുരുഷന്മാരും ഒരു പോലെ ജോലി ചെയ്യുന്ന ഒരിടത്ത്, അധ്വാനം അളക്കുന്നത് പുരുഷന്മാരുടെ പേരിൽ മാത്രമാവുമ്പോൾ സ്ത്രീകളുടെ സാന്നിധ്യവും സംഭവനകളും നിസ്സാരവൽക്കരിക്കപ്പെടുന്നു.

ആൺ-പെൺ ഭേദമില്ലാത്ത ‘പേഴ്സൺ അവേഴ്സ്’ എന്ന പദം ഇതിനൊരു നല്ല ബദലാണ്.
കടപ്പാട് : Twitter Engineering

വിവേചനം മനസ്സിൽ വെക്കാതെ കാലങ്ങളായി പ്രാബല്യത്തിലുള്ള ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് തെറ്റാണോ എന്ന ചോദ്യം മനസ്സിൽ വരാവുന്നതാണ്. അതിന് മറുപടിയായി മനസ്സിലാക്കേണ്ട ചില  കാര്യങ്ങളുണ്ട്.  നിയമത്തെക്കുറിച്ചുള്ള അറിവില്ലായ്‌മ നിയമലംഘനത്തിന് ഒഴിവ്കഴിവായി അംഗീകരിക്കാറില്ല. അതു പോലെ, പറയുന്ന ആളുടെ മനസ്സിൽ വിവേചനഭാവം ഉണ്ടായിരുന്നോ എന്നതിനല്ല മറിച്ച്, കേൾക്കുന്ന ആൾക്ക് അത്തരത്തിൽ അനുഭപ്പെട്ടോ എന്നതിനാണ് പ്രസക്തി. മറ്റുള്ളവരോട് നിഷേധാത്മകമായി (exclusivity) സംസാരിക്കാതിരിക്കുക എന്നത് പ്രധാനമാണ്.

അസമത്വങ്ങളും അവയുടെ ചരിത്രപരമായ ഉത്ഭവവും അറിഞ്ഞിരിക്കാനും അവയെ ഒഴിവാക്കി എല്ലാവരെയും ഉൾപ്പെടുത്തുന്ന ഒരു സമൂഹം ഉണ്ടാക്കുവാനും വിദ്യാർത്ഥികൾ ശ്രമിക്കേണ്ടതാണ്. അതിനെ ലക്ഷ്യമാക്കി, നമ്മളറിയാതെ നമ്മുടെ വ്യവഹാരത്തിലേക്ക് വരുന്ന വിവേചനങ്ങളെക്കുറിച്ചുള്ള ഒരു ചെറിയ സൂചികയാണ് ഈ ലേഖനം.


റഫറൻസ്: https://www.ietf.org/archive/id/draft-knodel-terminology-09.html

Happy
Happy
50 %
Sad
Sad
0 %
Excited
Excited
31 %
Sleepy
Sleepy
6 %
Angry
Angry
0 %
Surprise
Surprise
13 %

Leave a Reply

Previous post സെല്ലുലോയ്ഡ് എന്ന ആദ്യ പ്ലാസ്റ്റിക്
Next post കാലാവസ്ഥാമാറ്റം കോഴ്സ് ഉദ്ഘാടനം
Close