Read Time:12 Minute

പൊന്നപ്പൻ ദി ഏലിയൻ

അത്ര പെട്ടെന്ന് ദഹിക്കാൻ പറ്റാത്ത ഒരു വിഷയത്തെപ്പറ്റിയാണ് ഞാനിന്നിവിടെ പറയാൻ പോകുന്നത്. അത് ക്രാഷ് ടെസ്റ്റ് ഡമ്മികൾക്കിടയിലെ ലിംഗസമത്വത്തെപ്പറ്റിയാണ്.

ഇനി ക്രാഷ് ടെസ്റ്റ് ഡമ്മികൾ തന്നെ എന്തെന്നറിയാത്തവരുണ്ടെങ്കിൽ പറഞ്ഞു തരാം. നമ്മുടെ വാഹനങ്ങൾക്കൊക്കെ അവയുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി ചില ടെസ്റ്റുകൾ ഒക്കെ നടത്തേണ്ടതുണ്ട് എന്നറിയാല്ലോ? അതിൽ ഏറ്റവും ഗ്ലാ‍മർ ഉള്ള ഒരു തരം ടെസ്റ്റിങ്ങ് ആണ് ക്രാഷ് ടെസ്റ്റുകൾ. മര്യാദയ്ക്കിരിക്കുന്ന ഒരു വണ്ടിയെ ഒന്നുകിൽ ഒരു കോൺക്രീറ്റ് ചുമരിലേക്ക്, അല്ലെങ്കിൽ മറ്റൊരു വണ്ടിയിലേക്ക്, അല്ലെങ്കിൽ ഒരു തൂണിലേക്കൊക്കെ ഇടിച്ചങ്ങ് കേറ്റും. എന്നിട്ട് ആ ഇടിയുടെ ആഘാതം എത്രയെന്ന് പഠിക്കും. ഇതിന്റെ വീഡിയോ ഒക്കെ കാണണമെങ്കിൽ യൂട്യൂബിൽ ഒന്ന് സെർച്ച് ചെയ്ത് നോക്കിയാൽ മതി. നല്ല നല്ല വണ്ടികളൊക്കെ ഇങ്ങനെ ഇടിച്ചു പൊളിക്കുന്ന നയനമനോഹരമായ കാഴ്ചകൾ ഇഷ്ടം പോലെ കാണാൻ പറ്റും. ഇനി നിങ്ങൾ കാശില്ലാത്ത പാവങ്ങളാണെങ്കിൽ വല്ല ബി എം ഡബ്ല്യുവോ ഔഡിയോ ഒക്കെ ഇടിച്ചു പൊളിക്കുന്നത് കണ്ട് “ആ പറട്ട കാറിന് അങ്ങനെ തന്നെ വേണം” എന്ന് സന്തോഷിക്കുകയുമാവാം.

ഈ ക്രാഷ് ടെസ്റ്റ് തന്നെ പല തരമുണ്ട്. ഫ്രണ്ടൽ ഇമ്പാക്ട് ടെസ്റ്റുകൾ, ഓവർലാപ് ടെസ്റ്റുകൾ, റോൾ ഓവർ ടെസ്റ്റുകൾ, സൈഡ് ഇമ്പാക്ട് ടെസ്റ്റുകൾ, റോഡ്സൈഡ് ഹാർഡ്‌വെയർ ക്രാഷ് ടെസ്റ്റുകൾ അങ്ങിനെയങ്ങിനെ. ചിലപ്പോഴൊക്കെ കം‌പ്യൂട്ടർ സിമുലേഷനും ഉപയോഗിക്കും. ഇതിൽ മിക്കതിലും ഡമ്മികൾ ഉപയോഗിക്കാറുണ്ട്. നമ്മുടെ സേതുരാമയ്യർ സി.ബി.ഐ.യുടെ ഡൂക്കിലി തുണി ഡമ്മിയൊന്നുമല്ല. അത്യാവശ്യം കാശ് ചിലവുള്ള നല്ല സ്വയമ്പൻ ഡമ്മികൾ. പലതരം ടെസ്റ്റുകൾക്ക് പലതരം ഡമ്മികൾ ഉപയോഗിക്കാറുണ്ട്. ഈ ഡമ്മികൾ എങ്ങനെ വേണം എന്നതിന് വലിയ വലിയ ചങ്ങാതിമാർ കുറേ സ്റ്റാൻഡേഡുകളും ഉണ്ടാക്കി വച്ചിട്ടുണ്ട്.

ഈ ക്രാഷ് ടെസ്റ്റ് ചെയ്യുന്നതിനും ലോകത്ത് ചില വമ്പന്മാരുടെ സ്റ്റാൻഡേഡുകൾ ഉണ്ട്. അമേരിക്കയിലെ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ എൻ.സി.എ.പി (ന്യൂ കാർ അസെസ്സ്മെന്റ് പ്രോഗ്രാം), ഓസ്ട്രേലിയൻ എൻ.സി.എ.പി, ഗ്ലോബൽ എൻ.സി.എ.പി, യൂറോ എൻ.സി.എ.പി, ജാപ് എൻ.സി.എ.പി, അമേരിക്കയിലെ ഇൻഷ്വറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈവേ സേഫ്റ്റി എന്നിവയുടെ ഫ്രെയിംവർക്കുകൾ ആണ് ലോകത്ത് ഏറ്റവുമധികം പിന്തുടരുന്നത്

അപ്പോ പറഞ്ഞു വന്നത് നമ്മുടെ ക്രാഷ് ടെസ്റ്റ് ഡമ്മികളുടെ ജെൻഡറിനെപ്പറ്റിയാണ്. ആ ഡമ്മികൾ അവനോ അവളോ അവരോ എന്ന് ഊഹിച്ചെടുക്കാമോ? സംശയമെന്താ? അവൻ തന്നെ.

അമേരിക്കൻ നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അസോസിയേഷന്റെ മോട്ടോർ വാഹന സുരക്ഷാ സ്റ്റാൻഡേഡുകളുടെ ഫെഡറൽ റെഗുലേഷനിൽ നല്ല വ്യക്തമായി ഈ ചേട്ടന്റെ മാട്രിമണി പ്രൊഫൈൽ കൊടുത്തിട്ടുണ്ട്. സുന്ദരനും സുമുഖനുമായ നല്ല ഒന്നാന്തരം “ഹൈബ്രിഡ് III ഫിഫ്റ്റിയെത്ത് പെർസെന്റൈൽ“ ആമ്പിറന്നോൻ ആണ് ചങ്ങായി. ഈ സുന്ദരനും സുമുഖനും എന്ന് ഞാൻ കയ്യിൽ നിന്നിട്ട് പറഞ്ഞതാ കേട്ടോ. ബാക്കി എല്ലാം കറക്ടാ. ജെനറൽ മോട്ടോഴ്സ് അവരുടെ വാഹനങ്ങളുടെ സുരക്ഷയ്ക്കായി സൃഷ്ടിച്ച ഹൈബ്രിഡ് സീരീസിലെ പുതുമണവാളനാണ് ഇച്ചങ്ങായി. ഫിഫ്റ്റിയെത്ത് പെർസെന്റൈൽ എന്നു വച്ചാൽ മൊത്തം ആളുകളുടെ പൊക്കവും വണ്ണവുമൊക്കെ നോക്കുമ്പോൾ ഏതാണ്ട് നടുക്ക് നിൽക്കുന്ന ഒരു ആവറേജ് മനുഷ്യൻ എന്നർത്ഥം. ഈ പെർസന്റൈൽ എന്ന വാക്ക് ഒരു എർഗോണമിക് (വ്യക്തികളേയും ജോലിസ്ഥലങ്ങളേയും പഠിക്കുന്ന ഒരു സാങ്കേതികശാഖ) പദം ആണ്. അതുപോലെ, അവറേജ് മനുഷ്യൻ എന്നു പറയുമ്പോൾ ലോകത്തിലെ എല്ലാ മനുഷ്യന്മാരുടേയും ആവറേജ് എന്നും വിചാരിക്കരുത്. വടക്കേ അമേരിക്കയിലെ ഒരു ആവറേജ് പുരുഷൻ എന്ന് ചുരുക്കം.

അപ്പോ പെൺ ഡമ്മികൾ ഇല്ലേ എന്ന് ചോദ്യം വരാം. ഉണ്ടല്ലോ. പെൺ ഡമ്മികളും കുട്ടി ഡമ്മികളും ഒക്കെ ഉണ്ട്. ശരിക്കും പറഞ്ഞാൽ ഈ ഹൈബ്രിഡ് III ആമ്പിറന്നോൻ ഒരു കുടുംബസ്ഥനാണ്. അയാൾക്ക് ഒരു 5th പെർസന്റൈൽ ഹൈബ്രിഡ് III ഭാര്യയും (എന്നു വച്ചാൽ ഒരു കുറുണാപ്പി ഭാര്യ) 95th പെർസന്റൈൽ ഹൈബ്രിഡ് III ചേട്ടനും (അതായത് ഒരു തടിയൻ ചേട്ടൻ) പിന്നെ പത്ത് വയസ്സും ആറ് വയസ്സും മൂന്ന് വയസ്സുമുള്ള മൂന്ന് ഹൈബ്രിഡ് III കുട്ടികളും ഉണ്ട്.

Sources: Humanetics and CDC NHANES കടപ്പാട് consumerreports.org

പക്ഷേ, എപ്പോഴും നമ്മുടെ ആമ്പിറന്നോൻ മാത്രമേ വണ്ടിയോടിക്കൂ. അതും എല്ലായ്പ്പോഴും കുടുംബത്തെ കൂടെക്കൂട്ടുകയുമില്ല. സാധാരണയായി ഫ്രണ്ടൽ ഇം‌പാക്ട് പഠിക്കുമ്പോൾ മാത്രമേ ഈ ചങ്ങായി വണ്ടിയോടിക്കൂ. സൈഡ് ഇം‌പാക്ട് പഠിക്കാൻ വേറേ ഒരാളാണ് “സിഡ്” (സൈഡ് ഇം‌പാക്ട് ഡമ്മി) എന്നോ ഗ്ലോബൽ-സിഡ് എന്നോ ഒക്കെയായിരിക്കും ചങ്ങായിയുടെ പേര്. അയാളും ആണ് തന്നെ. അയാളെപ്പറ്റി ഐ.എസ്.ഓ ഒരു സ്റ്റാൻഡേഡ് തന്നെ ഉണ്ടാക്കിയിട്ടുണ്ട് (ISO TR9790). മറ്റ് ടെസ്റ്റുകൾക്ക് വേറേയും ഡമ്മികൾ ഉണ്ട്. “തോർ“ എന്നൊക്കെ പേരുള്ള മനുഷ്യന്റെ ശരീരപ്രവർത്തനങ്ങളെ കൃത്യമായി റെപ്രസന്റ് ചെയ്യുന്ന കിടിലോൽക്കിടിലം ഡമ്മികളുമുണ്ട്.

അതും മിക്കപ്പോഴും ആണ് തന്നെ. അഡ്വാൻസ്ഡ് ഡമ്മികളുടെ ഒക്കെ വില കേട്ടാൽ ഞെട്ടിപ്പോവും. രണ്ടര-മൂന്ന് കോടിയോളം രൂപ വിലയൊക്കെ വരും. അപ്പോ ഇങ്ങനെ സ്മാർട്ട് ആയ പുരുഷന്മാർ വണ്ടിയോടിച്ചാൽ ക്രാഷ് ടെസ്റ്റിന് ഇഷ്ടമാവില്ലേ എന്ന് ജഗദീഷ് സ്റ്റൈൽ ചോദ്യമാവും നിങ്ങളുടെ മനസ്സിൽ ഇപ്പോ വരുന്നുണ്ടാവുക.

അവിടെയാണ് പ്രശ്നം. നമ്മുടെ ഇപ്പോഴുള്ള വാഹനങ്ങളുടെ ശരിക്കുമുള്ള അപകടസ്റ്റാറ്റിസ്റ്റിക്സ് എടുത്ത് നോക്കിയാൽ പുരുഷന്മാരേക്കാൾ അൻപത് ശതമാനത്തിൽ കൂടുതൽ അപകടതീവ്രത സ്ത്രീകൾക്കാണെന്ന് കാണാം. കാരണമെന്താ? കാരണം പുരുഷന്റെ പൊക്കം കുറഞ്ഞ വേർഷൻ അല്ല സ്ത്രീ. പുരുഷനും സ്ത്രീയ്ക്കും രണ്ട് വ്യത്യസ്തങ്ങളായ ശരീരഘടനയാണ്. പുരുഷന്റെ ഡമ്മി ഉപയോഗിച്ച് അപകടങ്ങളെ സിമുലേറ്റ് ചെയ്യുമ്പോൾ സ്ത്രീകളുടെ ശാരീരികപ്രത്യേകതകളെ പരിപൂർണ്ണമായി അവഗണിക്കുന്നു എന്നു വേണമെങ്കിൽ പറയാം. ഇതൊക്കെ വലിയ കാര്യമാണോ എന്നു ചോദിച്ചാൽ – സ്ത്രീ ആയിപ്പോയി എന്ന കാരണത്താൽ ജീവിക്കാനുള്ള അവകാശത്തിൽ പോലും നമ്മുടെ സൊസൈറ്റികൾ വെള്ളം ചേർക്കുന്നു എന്ന ഒറ്റ ഉത്തരമേ എനിക്ക് പറയാനുള്ളൂ.
Source: NHTSA Injury Vulnerability and Effectiveness of Occupant Protection Technologies for Older Occupants and Women കടപ്പാട് consumerreports.org

ഈ പ്രശ്നത്തെ വർഷങ്ങൾക്ക് മുൻപ് തന്നെ സാങ്കേതികലോകം തിരിച്ചറിയുകയും അതിനുള്ള തിരുത്തലുകൾ മുന്നോട്ട് വയ്ക്കുകയും ചെയ്തിരുന്നു. 2003 ൽ ഒരു സ്വീഡിഷ് സംഘം ക്രാഷ് ടെസ്റ്റിനുപയോഗിക്കുന്ന സ്ത്രീ പാവകളെ സൃഷ്ടിക്കുകയും ചെയ്തു. ഒട്ടനവധി ജെൻഡർ സമ്മിറ്റുകളിലും ഈ വിഷയം ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. 2020 ൽ നിന്നു കൊണ്ട് തിരിഞ്ഞു നോക്കുമ്പോഴും വലിയ മാറ്റങ്ങൾ റെഗുലേറ്ററി തലത്തിൽ വന്നിട്ടുണ്ട് എന്ന് കാണാൻ കഴിഞ്ഞിട്ടില്ല.

ഈ പ്രശ്നം ക്രാഷ്‌ടെസ്റ്റ് ഡമ്മികളിൽ മാത്രമാണെന്ന് തെറ്റിദ്ധരിക്കരുത്. മനുഷ്യനെന്നാൽ പുരുഷൻ എന്ന മട്ടിൽ തന്നെയാണ് നമ്മുടെ പല സാങ്കേതികവിദ്യകളും, ഗവേഷണങ്ങളും നടക്കാറുള്ളത്. മരുന്നുകളുടെ ഡോസുകൾ തീരുമാനിക്കുമ്പോൾ പോലും സ്ത്രീ എന്നോ ട്രാൻസ്‌ജെൻ‌ഡർ എന്നോ പലപ്പോഴും പരിഗണിക്കാറില്ല. ക്ലിനിക്കൽ ടെസ്റ്റുകളിൽ പോലും ഈ പക്ഷാപാതം കാണാൻ കഴിയും. ചുമയ്ക്കും ജലദോഷത്തിനുമൊക്കെ ഉപയോഗിക്കുന്ന ഫിനൈൽ പ്രൊപ്പനോലമൈൻ എന്ന മരുന്ന് പുരുഷന്മാർക്ക് പ്രശ്നങ്ങളുണ്ടാക്കാത്തതും ചെറുപ്പക്കാരായ സ്ത്രീകളിൽ പക്ഷാഘാതത്തിന് കാരണമാവുന്നതും ആണെന്ന് കണ്ടുപിടിക്കപ്പെടുകയും ഇന്ത്യയിലുൾപ്പെടെ പല രാജ്യങ്ങളിലും നിരോധിക്കപ്പെടുകയും ചെയ്തിട്ട് കുറച്ചു കൊല്ലങ്ങളേ ആയിട്ടുള്ളൂ. ഇതു പോലെ സെക്സ് / ജെൻഡർ-ബേസ്ഡ് പഠനങ്ങൾ എത്ര വിഷയങ്ങളിൽ നടന്നിട്ടുണ്ട് എന്നത് വലിയൊരു ചോദ്യമാണ്.

എന്തിനിതു പറയുന്നു എന്നു വച്ചാൽ, ലിംഗസമത്വം നമ്മൾ കാണുന്ന ചുരുക്കം ചില മേഖലകളിൽ മാത്രം ചർച്ച ചെയ്യേണ്ട കാര്യമല്ല എന്ന് വീണ്ടും വീണ്ടും എടുത്തു പറയാൻ വേണ്ടിയാണ്. തീർച്ചയായും മീൻ പൊരിച്ചതിലും, ക്രാഷ് ടെസ്റ്റ് ഡമ്മികളിലും, കഫ് സിറപ്പുകളിലും, ചലനസ്വാതന്ത്ര്യത്തിലും, പ്രളയമുഖത്തും, ആരാധനാലയങ്ങളിലും, തൊഴിൽ മേഖലയിലും ഒക്കെ നമ്മൾ ഈ ചർച്ചകൾ തുടരണം. അത് പറയുന്നവരെ ഫെമിനിച്ചി  എന്നും പെണ്ണാളൻ എന്നുമൊക്കെ പറഞ്ഞ് അവഹേളിക്കുന്നതും അത്ര നല്ല കാര്യമാണോ എന്നൊന്ന് ചിന്തിച്ചോളൂ..


അധികവായനയ്ക്ക്

  1. Dummies Used In Motor Vehicle Crash Tests Favor Men And Put Women At Risk
  2. Gender equality for crash test dummies, too
  3. www.ftss.com/historybook.cfm?c=1

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post മലയാളത്തിലെ ആദ്യ ഗണിതശാസ്ത്ര കൃതി
Next post അറേബ്യൻ വിജ്ഞാന വിപ്ലവം -ശാസ്ത്ര-സാങ്കേതികവിദ്യകളുടെ ചരിത്രം ഭാഗം 2
Close