വിജയകുമാർ ബ്ലാത്തൂർ
ശത്രുക്കളെ തെറ്റിദ്ധരിപ്പിച്ച് അകറ്റാൻ പല സൂത്രങ്ങളും ശലഭങ്ങളിൽ പരിണാമം സാദ്ധ്യമാക്കീട്ടുണ്ട്. കാമൊഫ്ലാഷ് അതിലൊന്ന് മാത്രം. ചിലർ ചിറകുകളിൽ വലിയ കൺരൂപങ്ങൾ കാട്ടി പേടിപ്പിച്ച് ശത്രുക്കളെ പറ്റിച്ച് അകറ്റും. ചിറകിലെ വലിയ പൊട്ടുകൾ ഇവയുടെ ശരീരവലിപ്പത്തെക്കുറിച്ച് ഇരപിടിയന്മാർക്ക് ആശയക്കുഴപ്പം ഉണ്ടാക്കും. തവിടൻ (Bush Brown), കരിയില ശലഭം (Evening Brown), ഓക്കില ശലഭം (Blue Oakleaf) തുടങ്ങിയവയുടെ ചിറകുകളുടെ അടച്ച് വെച്ചാൽ ഉണങ്ങി ദ്രവിച്ച് തുടങ്ങിയ കരിയില ആണെന്നേ തോന്നൂ. നിലം മൂടിയ കരിയിലകൾക്കിടയിലോ, മരക്കൊമ്പിലോ വിശ്രമിക്കുമ്പോൾ ഇവരെ കണ്ടുപിടിക്കാൻ വിഷമമാണ്. പക്ഷെ ആരെങ്കിലും അടുത്തെത്തിയാൽ പെട്ടന്ന് ചിറക് നിവർത്തി കുറച്ച് ദൂരം നിലം പറ്റി ചറപറ പറക്കും. ചിറകിന്റെ അടിഭാഗം പോലെ അല്ല മുകൾ ഭാഗം.
അവിടെ നല്ല വർണ പാറ്റേണുകൾ ഉണ്ട്. ഇരതേടി നടക്കുന്ന പക്ഷികൾ ഇവരെ കൊത്തി അകത്താക്കാൻ കൂടെ പറക്കും. ആകർഷകമായ തിളക്കവർണമുള്ള മുകൾ ചിറകുകൾ നൽകിയ ദൃശ്യസൂചനയിൽ അവയും പ്രലോഭിപ്പിക്കപ്പെടും . കിട്ടിപ്പോയ് എന്ന മട്ടിൽ പൂമ്പാറ്റയുടെ തൊട്ടടുത്തെത്തുമ്പോൾ അത്ഭുതം പോലെ പൂമ്പാറ്റ അപ്രത്യക്ഷമാവും. കരിയിലകൾക്കിടയിൽ അനങ്ങാതെ ചിറകുകൾ അടച്ച് ഇരിക്കും. പക്ഷി ശരിക്കും അമ്പരന്ന് പോവും. ഇലകൾക്കിടയിൽ തിരയാൻ തുടങ്ങും. ‘ശ്ശെ-എവിടെപ്പോയി’ എന്ന് ചിന്തിച്ച് കുഴയുമ്പോൾ ശലഭം വീണ്ടു ഒന്നുകൂടി പറക്കും . തിളങ്ങുന്ന വർണാഭമായ മേൽഭാഗം വ്യക്തമായി കാണുന്നതിനാൽ പക്ഷിയുടേ ശ്രദ്ധ വീണ്ടും അതിനൊപ്പമാകും. വീണ്ടും പിന്തുടരും – ശലഭം പറ്റിക്കൽ തുടരും . ഇങ്ങനെ മൂന്നാലു തവണ ആവർത്തിച്ചാൽ പക്ഷിക്ക് മടുക്കും. ഇത് വല്ലാത്ത പൊല്ലാപ്പ് പരിപാടി ആയല്ലോ, ആരെങ്കിലും കണ്ടോ എന്ന് ചമ്മലോടെ ചുറ്റും നോക്കി – വേറെ വല്ലതും തിന്നാൻ എളുപ്പത്തിൽ കിട്ടുമോ എന്നന്വേഷിച്ച് പാവം സ്ഥലം വിടും.
എല്ലാ ശലഭങ്ങളെയും തിന്നാൻ പക്ഷികൾക്ക് ഇഷ്ടമല്ല. ചിലയിനങ്ങളിൽ ലാർവയായിരുന്ന കാലത്ത് ഭക്ഷണമാക്കിയിരുന്ന ചെടിയുടെ ഇലയിൽ ഉണ്ടായിരുന്ന വിഷാംശങ്ങൾ, ചിലയിനം ആൽക്കലോയിഡുകൾ, കാർഡിയാക്ക് ഗ്ലൈക്കോസൈഡുകൾ എന്നിവയെല്ലാം അതിന്റെ ശരീരത്തിലും ഉണ്ടാകും ശലഭത്തിന് ഇത് കൊണ്ട് ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല എന്ന് മാത്രം. മേഞ്ഞ് തിന്നുന്ന നാൽക്കാലികളിളെ അകറ്റാൻ ചെടികളിൽ പ്രതിരോധമായി ഉണ്ടായവയാണ് ഈ വിഷപദാർത്ഥങ്ങൾ. കാർഡിയാക്ക് ഗ്ലൈക്കോസൈഡുകൾ മൃഗങ്ങളുടേയും പക്ഷികളുടേയും ഉള്ളിൽ പോയാൽ ഹൃദയമിടിപ്പിലും പമ്പിങ്ങിലും പ്രകടമായ മാറ്റം ഉണ്ടാകും. അസ്വസ്ഥതകളും ശർദ്ദിയും ഉണ്ടാകും. വിഷാംശത്തിന്റെ പുറമെ കയപ്പും ചവർപ്പും ദുർഗന്ധവും ചില ശലഭങ്ങൾ ബോണസ് ആയി നൽകാറുമുണ്ട്. അതിനാൽ ഇത്തരം ശലഭത്തെ ഒരു പ്രാവശ്യം തിന്ന പക്ഷികൾ പിന്നെ ജീവിതകാലത്ത് ഒരിക്കലും തിന്നില്ല. വിഷാംശമുള്ള ശലഭ സ്പീഷീസുകളിലെല്ലാം ചിറകുകളിലെ പാറ്റേണുകളും അപകട സൂചന നൽകുന്ന കടുത്ത നിറവും ഏകദേശം ഒരുപോലെ ഉള്ളവയായിരിക്കും. ഇവയുടെ രൂപവും അപായ സൂചനയും പക്ഷികൾ ഓർത്ത് വെക്കും. പട്ടിണിയായാലും അബദ്ധത്തിൽ പോലും ഇവയെ തിന്നാതെ നോക്കും. ഇരപിടിയൻ പക്ഷികൾ ഇത്തരം ശലഭങ്ങളെ തിന്നാതെ ഒഴിവാക്കും എന്ന കാര്യം അറിയാവുന്ന ചില സാധാ- ശലഭങ്ങൾ തകർപ്പൻ തന്ത്രം പയറ്റും. വിഷശലഭങ്ങളുടെ ചിറക് ഡിസൈൻ കൂടാതെ പറക്കൽ രീതി വരെ കോപ്പിയടിക്കും . എന്നിട്ട് പക്ഷികളുടെ മുന്നിൽ കൂസാതെ പറന്നുകളിക്കും. പാവം പക്ഷികൾ ശരിക്കുമുള്ള വിഷ ശലഭങ്ങളാണ് എന്നുകരുതി, ദഹനക്കേടിന്റെ കഷ്ടപ്പാടും ദുരിതവും ഓർത്ത് ഇവരെ ഒഴിവാക്കും.
പൂമ്പാറ്റകളുടെ ലോകത്തെ ഈ മിമിക്രി പരിപാടി 1861 ലാണ് ഹെൻട്രി ബേറ്റ്സ് (Henry Bates) കണ്ടെത്തിയത്. ഇത്തരം അനുകരണങ്ങളെ ‘ബേറ്റീസിയൻ മിമിക്രി’ എന്നാണ് വിളിക്കുന്നത്. ഉറിതൂക്കി, ഗരുഢക്കൊടി എന്നൊക്കെപ്പേരുള്ള ഈശ്വരമുല്ല ഇല തിന്ന് വളരുന്ന ശലഭങ്ങളായ നാട്ട് റോസ് (Common Rose), ചക്കരപൂമ്പാറ്റ (Crimson Rose) എന്നിവയുടെ ഉള്ളിൽ അരിസ്റ്റോക്കിൻ എന്ന വിഷവസ്തു ഉണ്ടാകും . ഇതറിയാവുന്ന , മുൻപ് തിന്ന് അബദ്ധം പറ്റിയ പക്ഷികൾ അവയെ തിന്നാതെ വിടും, ഈ സാദ്ധ്യത മുങ്കൂട്ടികണ്ട് പെൺ നാരകക്കാളികൾ (Common Mormon) നാട്ട് റോസിന്റെയും ചക്കരപ്പൂമ്പാറ്റയുടേയും രൂപം അനുകരിച്ച് രക്ഷപ്പെടും. വിഷമുള്ള അരളി ശലഭത്തെ (Common Indian Crow) വൻ ചൊട്ട ശലഭവും (Great Eggfly) റാവനും, വഴനപൂമ്പാറ്റയും (Common Mime) അനുകരിക്കുന്നു. അരുചിയുള്ളതിനാൽ പക്ഷികൾ തിരിഞ്ഞ് നോക്കാത്ത വിലാസിനി ശലഭത്തെയും (Common Jezebel) എരുക്കുതപ്പിയേയും (Plain Tiger) ചോല വിലാസിനിയും (Painted Sawtooth) ചൊട്ടശലഭവും (Danaid Eggfly) ഇത്തരം മിമിക്രിപ്പരിപാടി നടത്തി എത്രയോ കാലമായി പറ്റിക്കുന്നു. ജീവിക്കാൻ വേണ്ടി വേഷം കെട്ടുന്ന പലരുമുണ്ട്. കാര്യം കഴിഞ്ഞാൽ അവർ വേഷം അഴിച്ച് വെക്കും. പക്ഷെ ഈ ശലഭങ്ങൾ അങ്ങിനെ അല്ല. പ്രച്ഛന്ന വേഷം സ്ഥിരം രൂപമാക്കി ജീവിച്ച് മരിക്കും. കാഞ്ഞിരക്കുരുവെന്ന് കരുതി പക്ഷികൾ ഉപേക്ഷിക്കുന്നത് മധുര ഫലങ്ങളാണെന്നർത്ഥം. പച്ചപ്പാവങ്ങൾ എന്ന് നമ്മൾ കരുതുന്ന പൂമ്പാറ്റകൾക്ക് ഇത്രയും സൂത്രമുണ്ടെങ്കിൽ – നമ്മൾ ചുറ്റും കാണുന്ന ജീവികളിൽ ആരാണ് ഒറിജിനൽ ആരാണ് മിമിക്രിക്കാർ എന്ന് ആർക്കറിയാം.