സമ്മർത്രികോണം കാണാം

ആഗസ്റ്റുമുതൽ നവംബർ അവസാനം വരെ നിരീക്ഷിക്കാൻ കഴിയുന്ന ഒരു നക്ഷത്രരൂപമാണ് സമ്മർത്രികോണം. പഠനത്തിന്റെ ഭാഗമായി നമുക്ക് സമ്മർത്രികോണത്തെ പരിചയപ്പെടാം.
സന്ധ്യയ്ക്ക് നിങ്ങള്‍ വടക്കുപടിഞ്ഞാറെ ആകാശത്തേക്ക് അല്പനേരം നോക്കി നില്ക്കുക. (2019 നവംബർ മാസം) ശീർഷബിന്ദുവുനും (തലയ്ക്കു നേര്‍മുകളിൽ ആകാശത്തിലുള്ള സ്ഥാനം) ചക്രവാളത്തിനും മദ്ധ്യേയാണ് നിരീക്ഷീക്കേണ്ടത്. ഏറ്റവും തിളക്കമാർന്ന മൂന്നു നക്ഷത്രങ്ങളാണ് ആ ഭാഗത്തുണ്ടാവുക. ഇവ ഒരു ത്രികോണത്തിന്റെ മൂന്നു മൂലകൾ എന്നതുപോലെ സങ്കല്പിക്കാൻ സാധിക്കും. സമ്മര്‍ ത്രികോണം (Summer Triangle) എന്നാണ് ഇവയെ ചേര്‍ത്തു പൊതുവെ വിളിക്കുന്നത്.

അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടന അംഗീകരിച്ച 88 നക്ഷത്രഗണങ്ങളിൽ ഇപ്രകാരമുള്ള ഒരു നക്ഷത്രഗണത്തെ കാണാനാകില്ല. അംഗീകൃത നക്ഷത്രഗണത്തിൽ ഉൾപ്പെടാത്തതും എന്നാൽ ഇത്തരത്തിൽ തിരിച്ചറിയാൻ കഴിയുന്ന രൂപമുള്ളതുമായ നക്ഷത്രക്കൂട്ടത്തെ നക്ഷത്രരൂപം (Asterism) എന്നുവിളിക്കുന്നു. സപ്തർഷികൾ ഇത്തരം നക്ഷത്രരൂപത്തിന് ഉദാഹരണമാണ്.

സമ്മർത്രികോണത്തിൽ വടക്കുപടിഞ്ഞാറുഭാഗത്ത് ചക്രവാളത്തോട് ചേര്‍ന്നുള്ള (താഴെയുള്ളത്) നക്ഷത്രമാണ് അഭിജിത്ത് (Vega). അയംഗിതി (Lyra) എന്ന നക്ഷത്രഗണത്തിലെ തിളക്കമേറിയ നക്ഷത്രമാണ് അഭിജിത്ത്. വടക്കുപടിഞ്ഞാറ് ദിശയിൽ മുകളിലുള്ളത് ദെനെബ് (Deneb) എന്ന നക്ഷത്രമാണ്. ജായര (Cygnus) എന്ന നക്ഷത്രഗണത്തിലെ പ്രഭയേറിയ നക്ഷത്രമാണ് ദെനബ്. ശീ‍ർഷബിന്ദുവിൽ നിന്നും പടിഞ്ഞാറായി കാണുന്ന തിളക്കമേറിയ നക്ഷത്രം ശ്രവണൻ (Altair) ആണ്. ഗരുഡ (Aquila) നക്ഷത്രഗണത്തിലെ തിളക്കമേറിയ നക്ഷത്രമാണ് ശ്രവണൻ. അതിന്റെ ഇരുഭാഗത്തുമുള്ള രണ്ടുനക്ഷത്രങ്ങളും കൂടി ചേരുന്നതാണ് തിരുവോണം എന്ന ചാന്ദ്രനക്ഷത്രം.
ആഗസ്റ്റുമുതൽ നവംബര്‍ വരെ ആകാശത്ത് വ്യക്തമായി കാണാൻ കഴിയുന്ന നക്ഷത്രരൂപമാണ് സമ്മർത്രികോണം. അതിനാൽ വാനനിരീക്ഷണത്തിലെ തുടക്കക്കാര്‍ക്ക് ഈ രൂപം ഏറെ പ്രയോജനകരമാണ്. ഈ രൂപം തിരിച്ചറിയാൻ സാധിച്ചാൽ, ഇവ ഉപയോഗിച്ച് മറ്റു നക്ഷത്രങ്ങളെയും നക്ഷത്രഗണങ്ങളെയും കണ്ടെത്താനാകും. അപ്പോൾ ഇന്നുതന്നെ സമ്മർത്രികോണം കണ്ടെത്തുമല്ലോ.

ശ്രദ്ധിക്കേണ്ട കാര്യം

പടിഞ്ഞാറേ ആകാശത്ത് സന്ധ്യയ്ക്ക് ശുക്രൻ, വ്യാഴം, ശനി ഏന്നീ ഗ്രഹങ്ങളെയും പ്രഭയോടെ ഈ സമയത്ത് കാണാം. എന്നാൽ അവ തെക്കുപടിഞ്ഞാറായാണ് കാണുന്നത്. സമ്മര്‍ ത്രികോണം വടക്കു പടിഞ്ഞാറായാണ് കാണുന്നത്. ഈ മാസം വടക്കുപടിഞ്ഞാറായി കാണുന്ന തിളക്കമേറിയ മൂന്നുനക്ഷത്രങ്ങൾ ചേരുന്നതാണ് സമ്മർ ത്രികോണം. തെക്കുകാണുന്ന പ്രഭയുള്ള വസ്തുക്കളുമായി ചേര്‍ത്ത് തെറ്റിദ്ധരിക്കാനിടവരരുത്.

One thought on “സമ്മർത്രികോണം കാണാം

Leave a Reply