2019 നവംബറിലെ ആകാശം

[author title=”എൻ. സാനു” image=”http://luca.co.in/wp-content/uploads/2016/12/Sanu-N-e1493187487707.jpg”]അമച്വ‍ർ അസ്ട്രോണമര്‍, ലൂക്ക അസോസിയേറ്റ് എഡിറ്റർ[/author]

തലയ്ക്കുമുകളില്‍ തിരുവാതിര, മദ്ധ്യാകാശത്ത് ചതുരം വരച്ച് ഭാദ്രപഥം, അസ്തമിക്കാറായി നിൽക്കുന്ന വ്യാഴവും ശനിയും … ഇവയൊക്കെയാണ് 2019 നവംബർ മാസത്തെ പ്രധാന സന്ധ്യാകാശ കാഴ്ചകൾ. കേരളത്തിൽ ദൃശ്യമാകില്ലങ്കിലും നവംബർ 11ന് ബുധസംതരണവും സംഭവിക്കുന്നുണ്ട്.

2019 നവംബറി ലെ ആകാശമാപ്പ്
2019 നവംബറി ലെ ആകാശമാപ്പ് – ഷാജി എന്ന ഉപയോക്താവ് വിക്കിപീഡിയിയിൽ ചേര്‍ത്തത്

പ്രധാന നക്ഷത്രങ്ങളും നക്ഷത്രഗണങ്ങളും

രാശികൾ

സന്ധ്യാകാശത്ത് നവംബറിൽ നിരീക്ഷണം നടത്തുന്നവര്‍ക്ക് ക്രാന്തിപഥത്തിന് ഇരുവശത്തുമായി പടിഞ്ഞാറുനിന്നും യഥാക്രമം ധനു, മകരം, കുംഭം, മീനം, മേടം, ഇടവം എന്നീ രാശികളെ നിരീക്ഷിക്കാൻ സാധിക്കും. നേർ കിഴക്കുപടിഞ്ഞാറായല്ല, മറിച്ച് തെക്കുപടിഞ്ഞാറുനിന്നും വടക്കുകിഴക്കായാണ് ക്രാന്തിപഥം (ecliptic)* കാണപ്പെടുക. ഇവിടെ കൊടുത്തിട്ടുള്ള നക്ഷത്രമാപ്പിന്റെ സഹായത്താല്‍ രാശികളെ തിരിച്ചറിയാവുന്നതാണ്. എട്ടുമണിയോടെ ധനു രാശി അസ്തമിച്ചു തുടങ്ങും.

[box type=”info” align=”” class=”” width=””]* ഖഗോളത്തിലൂടെ സൂര്യൻ സഞ്ചരിക്കുന്നതായി കാണപ്പെടുന്ന പാതയാണ് ക്രാന്തി പഥം (ecliptic). 18 ഡിഗ്രി വീതിയിൽ ക്രാന്തി പഥത്തിനിരുവശത്തുമായി  ഭൂമിക്കു ചുറ്റുമുള്ള സാങ്കല്പിക വൃത്തമാണ് രാശിചക്രം. രാശിചക്രത്തിലെ നക്ഷങ്ങളെ 12 നക്ഷത്രസമൂഹങ്ങളാക്കി വിഭജിച്ചിട്ടുണ്ട്. ഇവയാണ് ചിങ്ങം മുതല്‍ കര്‍ക്കിടകം വരെയുള്ള നക്ഷത്രരാശികള്‍. ഇവയില്‍ നാലു രാശികളെയെങ്കിലും രാത്രിയില്‍ ഒരേ സമയത്ത് നിരീക്ഷിക്കാനാകും. [/box]

ധനു

നവംബർ മാസം സന്ധ്യയ്ക്ക് തെക്കുപടിഞ്ഞാറേ ചക്രവാളത്തില്‍ നിന്നും ഏകദേശം 30ഡിഗ്രി വരെ മുകളിലായി ധനു (Sagittarius) രാശിയെ കാണാം. വില്ലിന്റെ(ധനുസ്സ്) ആകൃതി കണക്കാക്കുന്ന നക്ഷത്രഗണമാണ് ധനു. ആകാശ ഗംഗയുടെ കേന്ദ്രം ധനുരാശിയുടെ ഭാഗത്തായാണ് കാണുന്നത്. തിളക്കമേറിയ നക്ഷത്രങ്ങളാണുള്ളത് എന്നതിനാല്‍ വ്യക്തമായി തിരിച്ചറിയാന്‍ കഴിയുന്ന നക്ഷത്രസമൂഹമാണ് ധനു. ഇതിന്റെ പടിഞ്ഞാറേ പകുതി പൂരാടം ചാന്ദ്രഗണവും ബാക്കി ഉത്രാടവും ആണ്.

മകരം

മകര മത്സ്യത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്ര രാശി ആണ്‌ മകരം (Capricornus). രേഖാ ചിത്രങ്ങളിൽ ആടിന്റെ തലയും മത്സ്യത്തിന്റെ ഉടലുമായി ചിത്രീകരിക്കുന്നു. ഈ രാശിയിൽ നല്ലപ്രകാശമുള്ള നക്ഷത്രങ്ങൾ ഇല്ല. തെക്കുപടിഞ്ഞാറെ ചക്രവാളത്തിൽ, ധനുവിനും മുകളിലായി ഏകദേശം 40-60 ഡിഗ്രി മുകളിലായി ഈ മാസം മകരം രാശിയെ കാണാനാകും.

കുംഭം

കുടത്തിന്റെ ആകൃതി സങ്കല്പിച്ചിട്ടുള്ള നക്ഷത്രഗണമാണ് കുംഭം (Aquarius). സാമാന്യം വലിപ്പമുള്ളതാണെങ്കിലും ശ്രദ്ധേയമായ നക്ഷത്രങ്ങള്‍ ഒന്നും തന്നെ ഇല്ലാത്തതാണ് കുംഭം രാശി. നവംബർ മാസത്തിൽ ശീർഷബിന്ദുവിൽ നിന്നും അല്പം തെക്കു-കിഴക്കുമാറി മകരത്തെ നിരീക്ഷിക്കാം. മകരത്തിനും കിഴക്കായി ശീർഷബിന്ദുവിൽ (zenith)* നിന്നും അല്പം തെക്കുമാറി ഈ മാസം കുംഭത്തെ നിരീക്ഷിക്കാം.

[box type=”info” align=”” class=”” width=””]Zenith-Nadir.ml*ഒരു സ്ഥലത്തിന് നേർമുകളിലായി (ഗുരുത്വാകർഷണബലത്തിന് വിപരീതമായ ദിശ) ഖഗോളത്തിൽ വരുന്ന സാങ്കൽപ്പിക ബിന്ദുവാണ് ശീർഷബിന്ദു അഥവാ ഉച്ചബിന്ദു (zenith). ശീർഷബിന്ദുവിന് വിപരീത ദിശയിലുള്ള ബിന്ദുവിനെ നീചബിന്ദു (Nadir) എന്നു വിളിക്കുന്നു.[/box]

മീനം

ശീർഷബിന്ദുവിൽ നിന്നും അല്പം കിഴക്കുമാറി മീനം രാശിയെ (Pisces) നവംബറിൽ കാണാം. പ്രഭയേറിയ നക്ഷത്രങ്ങളൊന്നും ഈ രാശിയിലില്ല. ഈ രാശിയിലെ നക്ഷത്രഗണത്തിന് മീനുകളുടെ ആകൃതി സങ്കല്പിച്ചിരിക്കുന്നു.

മേടം

കിഴക്കേ ചക്രവാളത്തിൽ നിന്നും ഏകദേശം 45-60 ഡിഗ്രി മുകളിൽ, അല്പം വടക്കുക്കുമാറി മേടം രാശിയെ (Aries) നിരീക്ഷിക്കാം. ആടിന്റെ ആകൃതി സങ്കല്പിച്ചിരിക്കുന്ന മേടം നക്ഷത്രഗണത്തിലെ  പ്രധാന നക്ഷത്രം ഹമാൽ (Hamal) ആണ്. തിളക്കം കുറഞ്ഞ മറ്റുരണ്ട് നക്ഷത്രങ്ങളേയും തിരിച്ചറിയാൻ സാധിക്കും. ഈ മൂന്ന് നക്ഷത്രങ്ങളും ചേര്‍ന്ന് അശ്വതി എന്ന ചാന്ദ്രഗണം രൂപപ്പെടുന്നു.

മറ്റു പ്രധാന നക്ഷത്രഗണങ്ങള്‍

ഭാദ്രപഥം
ഭാദ്രപഥവും ആന്‍ഡ്രോമിഡയും

സൗരരാശികള്‍ കഴിഞ്ഞാല്‍ നവംബറിൽ സന്ധ്യാകാശത്തുകാണാൻ കഴിയുന്ന പ്രധാനപ്പെട്ട നക്ഷത്രഗണമാണ് ഭാദ്രപഥം (Pegasus). പറക്കുംകുതിര എന്നും ഇത്അറിയപ്പെടുന്നു. സന്ധ്യയ്ക്ക് ശീർഷബിന്ദുവിനോടു ചേര്‍ന്ന് അല്പം വടക്കുകിഴക്കുമാറിയാണ് ഇതിന്റെ സ്ഥാനം. ഇതിലെ നാല് പ്രധാന നക്ഷത്രങ്ങള്‍ ചേര്‍ന്ന് ആകാശത്ത് വലിയ ഒരു ചതുരം തീര്‍ക്കുന്നു. ഇതില്‍ മുകളിലുള്ള (പടിഞ്ഞാറ് ) രണ്ട് നക്ഷത്രങ്ങള്‍  പൂരുരുട്ടാതിയും, താഴെയുള്ള രണ്ടെണ്ണം ഉത്രട്ടാതിയുമാണ്. ഉത്രട്ടാതിയിലെ അല്‍ഫെരാട്സ് (Alpheratz) എന്ന നക്ഷത്രം യഥാര്‍ത്ഥത്തില്‍ ആന്‍ഡ്രോമിഡ നക്ഷത്ര സമൂഹത്തിന്റെ ഭാഗമാണ്. ഭാദ്രപഥത്തിനും താഴെയായാണ് ആന്‍ഡ്രോമിഡയുടെ സ്ഥാനം. M31 എന്ന ഗാലക്സിയെ (ആന്‍ഡ്രോമിഡ ഗാലക്സി) ടെലിസ്കോപ്പിന്റെ സഹായത്തോടെ ഈ ഭാഗത്ത് നിരീക്ഷിക്കാന്‍ സാധിക്കും.

ഭാദ്രപഥത്തിൽ നിന്നും  വടക്കുപടിഞ്ഞാറായി സിഗ്നസ്സ് (Cygnus), അതിനു താഴെ (പടിഞ്ഞാറ്) ലൈറ (Lyra) എന്നീ നക്ഷത്ര സമൂഹങ്ങളാണുള്ളത്. സിഗ്നസ്സിലെ പ്രധാന നക്ഷത്രമായ ദെനബ് (Deneb), ലൈറയിലെ വീഗ (Vega) എന്നിവ പ്രഭയേറിയ നക്ഷത്രങ്ങളാണ്. ശീർഷബിന്ദുവിൽ നിന്നും ഏകദേശം 45 ഡിഗ്രി പടിഞ്ഞാറുമാറി സന്ധ്യയ്ക്ക് കാണാന്‍ കഴിയുന്ന നക്ഷത്രമസൂഹമാണ് അക്വില (Aquila). ഇതിലെ പ്രഭയുള്ള നക്ഷത്രമാണ് ശ്രവണൻ (Altair). ശ്രവണനും അതിനിരുപുറവുമുള്ള പ്രഭകുറഞ്ഞ രണ്ട് നക്ഷത്രങ്ങളും ചേര്‍ന്ന് ഒരു വരിയിലായി കാണപ്പെടുന്നതാണ് തിരുവോണം എന്ന ചാന്ദ്രഗണം. “തിരുവോണം മുഴക്കോലുപോലെ മൂന്നെണ്ണം” എന്നൊരു ചൊല്ലുണ്ട്.

വടക്കൻ ചക്രവാളത്തിൽ കാണാൻ കഴിയുന്ന നക്ഷത്രഗണങ്ങൾ

വടക്കന്‍ ചക്രവാളത്തിൽ 30-40 ഡിഗ്രി മുകളില്‍, അല്പം കിഴക്കായി M എന്ന അക്ഷരത്തിന്റെ ആകൃതിയില്‍ കാണപ്പെടുന്ന നക്ഷത്രസമൂഹമാണ് കാസിയോപ്പിയ (Cassiopeia). കാസിയോപ്പിയക്ക് പടിഞ്ഞാറായി സെഫ്യൂസ് നക്ഷത്രഗണം, വടക്കുകിഴക്കായി പെഴ്സിയസ് നക്ഷത്രഗണം എന്നിവയും കാണാവുന്നതാണ്.

ഗ്രഹങ്ങള്‍

Position of Jupiter and Saturn during September 2019.ml

വ്യാഴം

വ്യാഴത്തെ (Jupiter) ഈ മാസം സന്ധ്യയ്ക്ക് തെക്കുപടിഞ്ഞാറേ ചക്രവാളത്തിൽ അസ്തമിക്കാൻ തുടങ്ങുന്ന നിലയിലാകും കാണുക. സന്ധ്യക്ക് നിരീക്ഷിക്കുന്നവർക്ക് വ്യാഴത്തെ പ്രയാസമില്ലാതെ തിരിച്ചറിയാവുന്നതാണ്. 12 വർഷം കൊണ്ടാണ് വ്യാഴം ക്രാന്തിപഥത്തലൂടെ ഒരു പരിക്രമണം പൂർത്തിയാക്കുന്നത്. അതിനാൽ ഓരോ വർഷവും ഓരോ രാശിയിയിലായാണ് വ്യാഴത്തെ കാണാൻ കഴിയുക. അടുത്തവർഷം ഇതേ സമയം മകരം രാശിയിലായിരിക്കും വ്യാഴം.

ശനി

വ്യാഴത്തിനും അല്പം മുകളിലായി ശനിയെ (Saturn) ധനു രാശിയില്‍ ഉത്രാടത്തിന്റെ ഭാഗത്ത് കാണാം. ശനിയുടെ പരിക്രമണകാലം 29.46 വര്‍ഷമാണ്. അടുത്ത വര്‍ഷം ഡിസംബറോടെ മകരം രാശിയിലേക്ക് ശനി പ്രവേശിക്കും. അപ്പോൾ ശനിയും വ്യാഴവും വളരെ അടുത്തടുത്തായി ദൃശ്യമാകും.

ചൊവ്വ, ശുക്രൻ, ബുധൻ

ചൊവ്വ പകലാണ് ഉദിക്കുക. ശുക്രനും ബുധനും സൂര്യസമീപകമായാണ് ഈ മാസം നിലകൊള്ളഉന്നത്. ആയതിനാൽ ഈ ഗ്രഹങ്ങളെ ഈ മാസം നിരീക്ഷിക്കാൻ സാധിക്കില്ല. നവംബ‍ർ 11ന് ബുധൻ സൂര്യനബിംബത്തിനു കുറുകെ സഞ്ചരിക്കും. ബുധസംതരണം എന്നിണിത് അറിയപ്പെടുന്നത്. കൂടുതലറിയാൻ നവംബർ 11-ന് ബുധസംതരണം എന്നലേഖനം വായിക്കുക.

 

അന്താരാഷ്ട്ര ബഹിരാകാശനിലയം

International Space Station after undocking of STS-132
അന്താരാഷ്ട്രബഹിരാകാശ നിലയം | കടപ്പാട് – NASA/Crew of STS-132 [Public domain], via Wikimedia Commons

അന്താരാഷ്ട്ര ബഹിരാകാശനിലയത്തെ (International Space Station) നിരീക്ഷിക്കുന്നതിനുള്ള വിവരങ്ങൾക്കായി നാസയുടെ  Spot the Station എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഇതും വായിക്കുക – അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍നിന്ന് ഭൂമിയെ തത്സമയം കാണാം


കുറിപ്പ്

  • ചിത്രങ്ങള്‍ തോതനുസരിച്ചുള്ളവയല്ല. സ്വതന്ത്ര സോഫ്റ്റുവെയറായ സ്റ്റെല്ലേറിയം ഉപയോഗിച്ചാണ് ചിത്രങ്ങള്‍ തയ്യാറാക്കിയിട്ടുള്ളത്.
  • 2019 നവംബർ 15 സന്ധ്യയ്ക്ക് 7.30 നുള്ള സമയം കണക്കാക്കിയാണ് വിവരണം, ചിത്രങ്ങള്‍ എന്നിവ തയ്യാറാക്കിയിട്ടുള്ളത്.

Leave a Reply