Read Time:6 Minute

സ്റ്റെല്ലേറിയം വാനനിരീക്ഷകര്‍ക്കൊരു സ്വതന്ത്രസോഫ്റ്റ്‍വെയര്‍

സ്റ്റെല്ലേറിയം ഉപയോഗിച്ചു തയ്യാറാക്കിയ ഒരു നക്ഷത്രമാപ്പ്

സ്വതന്ത്രലൈസൻസിൽ ഓപ്പൺ സോഴ്സോടുകൂടി സൗജന്യമായി ലഭ്യമാകുന്ന പ്ലാനറ്റേറിയം സോഫ്റ്റ്‍വെയറാണ് സ്റ്റെല്ലേറിയം. ലിനക്സ്, വിൻഡോസ്, മാക് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിലെല്ലാം ഈ സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തിക്കും. ആൻഡ്രോയിഡ്, ഐഫോൺ, സിംബിയൻ എന്നിവയ്‌ക്കായി സ്റ്റെല്ലേറിയം മൊബൈൽ എന്ന പണമടച്ചുള്ള ഒരു പതിപ്പും ലഭ്യമാണ്. ഓൺലാനായി സ്റ്റെല്ലേറിയം വെബ് എന്ന പതിപ്പും നിലവിലുണ്ട്. ഫ്രാൻസുകാരനായ ഫേബിയൻ ചെറോ എന്ന കംപ്യൂട്ടര്‍ പ്രോഗ്രാമറുടെ നേതൃത്വത്തിലാണ് ഈ സോഫ്റ്റ്‍വെയർ തയ്യാറാക്കിയത്. ഇത് ഇപ്പോഴും വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പ്രത്യേകതകൾ

നഗ്നനേത്രങ്ങള്‍ കൊണ്ടോ ബൈനോക്കുലര്‍, ദൂരദര്‍ശിനി എന്നിവ ഉപയോഗിച്ചോ കാണാൻ കഴിയുന്ന ആകാശ ദൃശ്യങ്ങളെ ത്രിമാനമികവോടെ യഥാതഥമായി പ്രദര്‍ശിപ്പിക്കാൻ സാധിക്കുന്ന സ്റ്റെല്ലേറിയം ഓപ്പൺ ഗ്രാഫിക് ലൈബ്രറി സംവിധാനം ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. തത്സമയ ആകാശദൃശ്യങ്ങള്‍ക്കുപുറമെ ഇഷ്ടമുള്ള സമയം തെരഞ്ഞെടുത്ത് പ്രദർശിപ്പിക്കാനും സാധിക്കും. ഒരു സാധാരണ കംപ്യൂട്ടറിനെ അത്ഭുതകരമായ ഒരു പ്ലാനറ്റോറിയമാക്കിമാറ്റുന്ന ഇത്രയും ലളിതമായ മറ്റൊരു സോഫ്റ്റ്‍വെയർ കാണാൻ പ്രയാസമാണ്.

വാനനിരീക്ഷണം പഠിപ്പിക്കുന്നതിനുള്ള ഒരു പഠന സഹായിയായും രാത്രിനിരീക്ഷണം ലക്ഷ്യം വയ്ക്കുന്ന അമച്വർ ജ്യോതിശാസ്ത്രജ്ഞ‍ർക്ക് നിരീക്ഷണത്തിനുള്ള ഉപാധിയായും ഒരു ഖഗോള വസ്തുവിനെ ദൂരദർശിനി ഉപയോഗിച്ച് നിരീക്ഷിക്കുന്നതിനു പകരമുള്ള സംവിധാനമായും അഥവാ വെറും കൗതുകത്തിനായി ആകാശം നിരീക്ഷിക്കാനും സ്റ്റെല്ലേറിയം പ്രയോജനപ്പെടുത്താം. യഥാര്‍ത്ഥ പ്ലാനറ്റേറിയങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നതിനായും ഈ സോഫ്റ്റ്‍വെയർ ഉപയോഗപ്പെടുത്തുന്നുണ്ട്. നക്ഷത്രമാപ്പുകൾ തയ്യാറാക്കുന്നതിന് ഉപയോഗപ്രദമായ ഒരു ഉത്തമ സഹായികൂടിയാണ് സ്റ്റെല്ലേറിയം.

ഉപയോക്താവ് ആഗ്രഹിക്കുന്ന സ്ഥലം, സമയം, ഉന്നതി എന്നിവ തെരഞ്ഞെടുക്കാനുള്ള സംവിധാനം സ്റ്റെല്ലേറിയത്തിലുണ്ട്. പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും സോഫ്റ്റ്‍വെയറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഥവാ അക്ഷാംശവും രേഖാംശവും ഉന്നതിയും നൽകി, ഏതു സ്ഥലും പുതുതായി ഉൾപ്പെടുത്താനുള്ള സൗകര്യവും ഉണ്ട്. ജി.പി.എസിൽ നിന്നും സ്ഥാനം നേരിട്ട് സ്വീകരിക്കാനും സാധിക്കും. പണ്ടു നടന്നതോ, ഭാവിയിൽ നടക്കാനിരിക്കുന്നതോ ആയ ഒരു പ്രതിഭാസം (ഉദാഗ്രഹണം, സംതരണം, ഉൽക്കാവ‍ർഷം മുതലായവ) പുനഃസൃഷ്ടിച്ച് കാണാൻ സാധിക്കും എന്ന പ്രത്യേകതയുമുണ്ട്.

നക്ഷത്രങ്ങളുടെ ഗ്രഹങ്ങളുടെയും പേരുകൾ പ്രദര്‍ശിപ്പിക്കുന്നതിനും ആകാശഗംഗയുടെ പ്രഭ, ചുറ്റുപാടുനിന്നുമുള്ള പ്രകാശത്തിന്റെ അളവ്, കൊള്ളിമീൻ, ഗ്രഹങ്ങളുടെ പരിക്രമണപഥം, ഖഗോള രേഖാംശങ്ങൾഅക്ഷാംശങ്ങൾ, ഖഗോള മധ്യരേഖ, ഉച്ചരേഖ തുടങ്ങി വാനനിരീക്ഷകര്‍ക്ക് ആവശ്യമായ അടിസ്ഥാന വിവരങ്ങളെല്ലാം ഈ സോഫ്റ്റ്‍വെയറിന്റെ ക്രമീകരണങ്ങള്‍ വഴി ലഭ്യമാക്കാൻ സാധിക്കും.

ലോകത്തെ വ്യത്യസ്ഥ സംസ്കാരങ്ങള്‍ ജ്യോതിശാസ്ത്ര വസ്തുക്കളെയും പ്രതിഭാസങ്ങളെയും നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിൽ നൽകിയ പേരുകൾ, സങ്കല്പിച്ച ചിത്രങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്ന തിനുള്ള ക്രമീകരണം സ്റ്റെല്ലേറിയത്തിൽ വരുത്താൻ സാധിക്കും. മലയാളം അടക്കമുള്ള നിരവധി ഭാഷകളിള്‍ ഈ സോഫ്റ്റ്‍വെയർ വിവരങ്ങള്‍ നല്കുന്നു.

ഇൻസ്റ്റാൾചെയ്യുന്നതെങ്ങനെ?

ഏതൊരാൾക്കും വളരെ ലളിതമായി സ്റ്റെല്ലേറിയം തങ്ങളുടെ കംപ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. http://stellarium.org എന്ന വെബ്‍സൈറ്റിൽ നിന്നും ഈ സോഫ്റ്റ്‍വെയറിന്റെ പാക്കേജ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. മിക്ക ലിനക്സ് പാക്കേജിലും സ്റ്റെല്ലേറിയം ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ പ്രത്യേകം ഡൗൺലോഡ് ചെയ്യേണ്ട ആവശ്യം ഉണ്ടാകാറില്ല. ഉബുണ്ടുവിൽ ടെര്‍മിനൽ തുറന്ന് താഴെ കൊടുത്തിട്ടുള്ളതുപോലെ ടൈപ്പ് ചെയ്തും സെറ്റെല്ലേറിയം ഇൻസ്റ്റാൾ ചെയ്യാം.

sudo add – apt – repository ppa : stellarium / stellarium – releases

sudo apt – get update

sudo apt – get install stellarium

ഡൗൺലോഡ് ചെയ്ത ഇൻസ്റ്റാളർ ഫയലിൽ ഡബിൾക്ലിക്ക് ചെയ്ത്, തുടര്‍ന്നുലഭിക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിച്ച് വിൻഡോസിൽ സ്റ്റെല്ലേറിയം ഇൻസ്റ്റാൾ ചെയ്യാം. ഓരോ പാക്കേജും 32 ബിറ്റ്, 64 ബിറ്റ് കംപ്യൂട്ടറുകള്‍ക്കായി പ്രത്യേകം ലഭ്യമാക്കിയിട്ടുണ്ട്.

തയ്യാറാക്കിയത് എൻ. സാനു

Happy
Happy
0 %
Sad
Sad
50 %
Excited
Excited
25 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

One thought on “സ്റ്റെല്ലേറിയം – ഭാഗം 1

Leave a Reply

Previous post ഒരു വാട്സപ്പ് മിസ്സ്ഡ് കാളിലൂടെ ഫോൺ ഹാക്ക് ചെയ്യാനാകുമോ ?
Next post സിർക്കോണിയം – ഒരു ദിവസം ഒരു മൂലകം
Close