Read Time:11 Minute

ആഗോളതാപനവും മരംനടലും

ആഗോളതാപനത്തിന് എതിരായ  പ്രതിരോധ സംവിധാനമെന്ന നിലയിൽ പല രാജ്യങ്ങളും കോടിക്കണക്കിനു മരങ്ങൾ വച്ചുപിടിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.  എന്നാൽ ഈ ശ്രമങ്ങളെല്ലാം ഭൂമിയെ ഒരുപോലെയല്ല  ബാധിക്കുന്നത്

തെറ്റായ ഇടങ്ങളിൽ മരങ്ങൾ നടുന്നത് ആഗോളതാപനത്തിനു കാരണമാകുമോ ?

ഓരോ പരിസ്ഥിതി ദിനത്തിലും,  ഏറ്റവും എളുപ്പത്തിൽ നടത്തുന്ന ഒന്നാണ് വൃക്ഷത്തൈകളുടെ വിതരണവും അവയെ പല ഇടങ്ങളിലായി അലക്ഷ്യം വച്ചുപിടിപ്പിക്കുന്നതും. ഈ മാതൃക പിന്തുടരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങളും, പ്രകൃതിസംരക്ഷാസമിതികളും ധാരാളമാണ്. എന്നാൽ ഇത്തരത്തിൽ തെറ്റായ ഇടങ്ങളിൽ മരത്തൈകൾ വച്ചുപിടിപ്പിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും എന്നാണ് പുതിയ പഠനം ചൂണ്ടികാണിക്കുന്നത്.

മരങ്ങൾ വൻ തോതിൽ കാർബൺ ഡൈ ഓക്‌സൈഡ് വലിച്ചെടുക്കുകയും അതുവഴി നശിച്ചുപോയ വനപ്രദേശങ്ങൾ പുനഃസ്ഥാപിക്കുവാനും, വനമേഖല വർദ്ധിപ്പിക്കുവാനും ഒപ്പം കാലാവസ്ഥാവ്യതിയാനം ചെറുക്കുവാനും വൃക്ഷത്തൈകൾ  നടുന്നതിലൂടെ സാധിക്കും എന്ന വസ്തുത ആരും തള്ളിക്കളയുന്നില്ല.

എന്നാൽ ഈ വൃക്ഷത്തൈകൾ എവിടെ നട്ടുപിടിപ്പിക്കണം? അതിന്‌ അനുയോജ്യമായ സ്ഥലങ്ങൾ  ഏതെല്ലാമാണ് എന്നതാണ് ചോദ്യം?

2024 മാർച്ചിൽ Nature-ൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ കണ്ടെത്തിയത് പല സന്ദർഭങ്ങളിലും, ഒരു പ്രദേശത്ത്‌ വളരെയധികം മരങ്ങൾ ഉണ്ടായാൽ ഇത് ഭൂമിയുടെ ഉപരിതലത്തിൽ നിന്നും കുറച്ചു മാത്രം സൂര്യപ്രകാശം പ്രതിഫലിപ്പിക്കുകയും (reflect) കൂടുതൽ താപം ഭൂമി ആഗികരണം (absorb) ചെയുകയും ചെയുന്നു.

എന്താണ് ആൽബിഡോ എഫക്ട് ( Albedo effect)? കാലാവസ്ഥാവ്യതിയാനത്തിൽ അതിന്റെ പങ്കെന്ത് ?

ആൽബിഡോ എന്നാൽ സൂര്യപ്രകാശത്തെ പ്രതിഫലിപ്പിക്കാനുള്ള ഉപരിതല കഴിവിനെയാണ് സൂചിപ്പിക്കുന്നത്. ലോകത്തെ തണുത്തുറഞ്ഞ  പ്രദേശങ്ങളിലാണ് ആൽബിഡോ (reflectivity) ഏറ്റവും ഉയർന്നതായി കണ്ടെത്തിയിട്ടുള്ളത്. ഹിമവും, മഞ്ഞും  സൂര്യന്റെ ഊർജത്തിന്റെ 90 ശതമാനവും പ്രതിഫലിപ്പിക്കും. അതേസമയം  വനങ്ങൾ മറ്റ്  പ്രതലങ്ങളെ അപേക്ഷിച്ചു ഇരുണ്ടതാണ്. അതിനർത്ഥം  അവ കൂടുതൽ സൂര്യപ്രകാശം ആഗിരണം  ചെയുകയും ചൂട് പിടിക്കുകയും ചെയ്യുന്നു, ഇത് താഴ്ന്ന  ആൽബിഡോയ്ക്ക് കാരണമാകുന്നു.

കടപ്പാട് : Nature

ഇവിടെ കാലാവസ്ഥാ ആഘാതത്തിന്റെ  (net climate impact) സമഗ്രമായ ചിത്രം നൽകുന്നതിന് കാർബൺ സംഭരണവും (carbon sequestration), ആൽബിഡോ മാറ്റങ്ങളുമാണ് (albedo offset) ഗവേഷകസംഘം പരിഗണിച്ചിരിക്കുന്നത്. ഈ മാപ്പിൽ ഓറഞ്ച് നിറത്തിൽ കാണിക്കുന്നത് നെറ്റ് ക്ലൈമറ്റ് നെഗറ്റീവ് (net climate negative) സ്ഥലങ്ങളും നീല നിറത്തിൽ കാണിക്കുന്നത് നെറ്റ് ക്ലൈമറ്റ് പോസിറ്റീവ്(net climate positive) സ്ഥലങ്ങളുമാണ്. നെറ്റ് ക്ലൈമറ്റ് നെഗറ്റീവ് എന്നതിനർത്ഥം കാലാവസ്ഥയിൽ ചൂട് വർദ്ധിക്കുന്ന അവസ്ഥയാണ്, അതായത് ആൽബിഡോ(reflectivity) കുറവാകുന്നത് കാരണം ഉണ്ടാവുന്ന ചൂട് കാർബൺ സെക്വസ്ട്രേഷനിൽ (carbon sequestration – കാർബൺ ആഗിരണം ചെയ്യാനും സംഭരിക്കാനും ഉള്ള ശേഷി) നിന്ന് ഉണ്ടാകുന്ന ശീതീകരണ ഫലത്തേക്കാൾ (cooling effect)  കൂടുതൽ ആവുന്ന അവസ്ഥയാണിത്. നെറ്റ് ക്ലൈമറ്റ് പോസിറ്റീവ് എന്നാൽ കാർബൺ സെക്വസ്ട്രേഷൻ വഴിയുള്ള ശീതീകരണ പ്രഭാവം ചൂടാക്കൽ ഫലത്തേക്കാൾ (warming) കൂടുതലുള്ള ഒരു സാഹചര്യത്തെയാണ് . ഈ സാഹചര്യത്തിൽ, വർദ്ധിച്ച ആൽബിഡോ (റിഫ്ലെക്റ്റിവിറ്റി) ചൂടാകുന്ന ആഘാതത്തേക്കാൾ കൂടുതലാണ്.

ആൽബിഡോ മാറ്റങ്ങൾ (albedo offset) എന്നാൽ ആൽബിഡോയിലെ മാറ്റങ്ങൾ മൂലം പരമാവധി കാർബൺ സംഭരണത്തിൻ്റെ ശതമാനത്തിൽ വരുന്ന വ്യത്യാസങ്ങളെയാണ് ഉദ്ദേശിക്കുന്നത്.

കടപ്പാട് : Nature

ഇതിൽ പർപ്പിൾ നിറത്തിൽ കൊടുത്തിട്ടുള്ളത് 50 ശതമാനത്തിൽ മുകളിലുള്ള ആൽബിഡോ ഓഫ്‌സെറ്റും , പച്ച നിറത്തിൽ കൊടുത്തിട്ടുള്ളത് 50 ശതമാനത്തിൽ താഴെയുള്ള ആൽബിഡോ ഓഫ്‌സെറ്റുമാണ്. എളുപ്പത്തിൽ പറഞ്ഞാൽ കാർബൺ സംഭരണം കൊണ്ടുള്ള ശീതീകരണപ്രഭാവത്തെ (cooling effect)  ആൽബിഡോ കൊണ്ടുണ്ടാവുന്ന മാറ്റങ്ങൾ എത്ര ശതമാനം കുറയ്ക്കുന്നു എന്നതാണ് ഇവിടെ വിശദീകരിക്കുന്നത്. അതായത് ഒരിടത്തു ആൽബിഡോ ഓഫ്സെറ്റ് 50% താഴെ ആണെന്നു പറഞ്ഞാൽ അതിനർത്ഥം  അവിടെ സംഭവിക്കുന്ന ആൽബിഡോയിലെ കുറവ് അവിടത്തെ കാർബൺ സംഭരണം കാരണമുണ്ടാകുന്ന ശീതീകരണത്തെ 50% കുറയ്ക്കുന്നു എന്നാണ്.

ഇനി ഒരിടത്ത് ആൽബിഡോ ഓഫ്സെറ്റ് 100 ശതമാനമാണെന്നിരിക്കട്ടെ , അപ്പോൾ അവിടെ കാർബൺ സംഭരണം കൊണ്ട് സംഭവിക്കുന്ന ശീതീകരണത്തെ 100 ശതമാനവും, അതായത് പൂർണമായും അവിടെയുള്ള ആൽബിഡോയുടെ കുറവ് ഇല്ലാതെയാക്കും. ചുരുക്കി പറഞ്ഞാൽ, അവിടെ ശീതീകരണപ്രഭാവം ഉണ്ടാവില്ല എന്നർത്ഥം. ഈ 100 ശതമാനം എന്ന് പറയുന്നതു തന്നെ ഒരു നെറ്റ് ക്ലൈമറ്റ് നെഗറ്റീവ് കണ്ടിഷനാണ്.അതായത് കാർബൺ സംഭരണം കൊണ്ടുണ്ടാവുന്ന ശീതീകരണത്തെ ആൽബെഡോയുടെ കുറവ് പൂർണമായും ഇല്ലാതാകുന്ന സാഹചര്യമാണ് നമുക്കു ഈ സ്ഥലങ്ങളിൽ കാണാൻ സാധിക്കുക.

അനുയോജ്യ സ്ഥലങ്ങളിൽ മരംനടാം

വനങ്ങൾ എപ്പോഴും ഭൂമിയിലെ പ്രധാന കാർബൻ സിങ്കുകളിലൊന്നാണ് , അതുകൊണ്ടു തന്നെ ആഗോളതാപനത്തിനെതിരായ  പ്രതിരോധസംവിധാനമെന്ന നിലയിൽ പല രാജ്യങ്ങളും കോടിക്കണക്കിനു മരങ്ങൾ വച്ചുപിടിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.  എന്നാൽ ഈ ശ്രമങ്ങളെല്ലാം ഭൂമിയെ ഒരുപോലെയല്ല  ബാധിക്കുന്നത് എന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ടു തന്നെ ഭാവിയിൽ പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനുള്ള മികച്ച സ്ഥലങ്ങൾ എവിടെയാണെന്നു  അധികാരികൾക്ക് അറിവുണ്ടാകേണ്ടത് അനിവാര്യമാണ്.

ആമസോൺ, കോംഗോ ബേസിൻ തുടങ്ങിയ ഈർപ്പമുള്ള, ഉഷ്ണമേഖലാ ചുറ്റുപാടുകൾ വനവൽക്കരണത്തിന് (reforestration/ afforestration) അനുയോജ്യമാണ്. അവയുടെ ഉയർന്ന കാർബൺ സംഭരണവും, കുറഞ്ഞ ആൽബിഡോ മാറ്റങ്ങളുമാണ് (albedo offset) ഇതിനു കാരണം. എന്നാൽ മിതശീതോഷ്‌ണ പുൽമേടുകളിലും (temperate grasslands), സാവനകളിലും നേരെ വിപരീതമാണ് സ്ഥിതി.

അതിനാൽ കാലാവസ്ഥയ്ക്ക് പരമാവധി ഗുണം ചെയ്യുന്ന ഇടങ്ങളിൽ വനവൽക്കരണം  പ്രാവർത്തികമാക്കുക എന്നതാണ് ഏറ്റവും മികച്ച സമീപനം. ഇത്തരത്തിൽ അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുത്തു അവിടെ വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കാൻ സാധിച്ചാൽ അത് ആഗോളതാപനത്തിനെതിരായ പ്രവർത്തനങ്ങളുടെയും, പ്രചാരങ്ങളുടെയും ഫലപ്രാപ്തി വർദ്ധിപ്പിക്കാൻ സഹായിക്കും.

അവലംബം

  1. Hasler, N., Williams, C.A., Denney, V.C. et al. Accounting for albedo change to identify climate-positive tree cover restoration. Nat Commun 15, 2275 (2024). https://doi.org/10.1038/s41467-024-46577-1
climate change science and society10
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

2 thoughts on “ആഗോളതാപനവും മരംനടലും

  1. നമ്മുടെ നാട്ടിൽ എവിടെയൊക്കെ മരം നടാൻ പാടില്ല എന്ന് വ്യക്തമാക്കേണ്ടതുണ്ട് ഇല്ലെങ്കിൽ ഇതൊരു തെറ്റിദ്ധാരണ ഉണ്ടാക്കാൻ സാധ്യതയുണ്ട്

  2. കേരളം ഉൾപ്പെടുന്ന പ്രദേശങ്ങളിൽ മരം നടൽ നല്ലതു തന്നെ അല്ലേ.. അക്കാര്യം ഊന്നിപ്പറയുന്നതും നന്നാവും

Leave a Reply

Previous post ശാസ്ത്രവും സാങ്കേതികവിദ്യയും – ജനപക്ഷ ചരിത്രത്തിന് ഒരാമുഖം
Next post കേരളത്തിൽ അറോറ കണ്ടാൽ ലോകാവസാനം ആണോ?
Close