Read Time:11 Minute

കോവിഡിനോട് പോരാടാൻ നമുക്ക് ശാസ്ത്രാവബോധം ആവശ്യമാണ്. ജ്യോതിഷം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങളെ എതിർക്കുക.

ഈ അധ്യയന വർഷം മുതൽ ‘എംഎ-ജ്യോതിഷ്’ കോഴ്സ് ആരംഭിക്കുമെന്ന് ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റി (IGNOU) ഈയിടെ പ്രഖ്യാപിച്ചത്, അഖിലേന്ത്യാ ജനകീയശാസ്ത്രശൃംഖലയും (All India People’s Science Network – AIPSN) അതിന്റെ എല്ലാ ഘടകങ്ങളും ആശങ്കയോടെ കാണുന്നു. സമാനമായ കോഴ്സുകൾ സർക്കാർ ചെലവിൽ പ്രവർത്തിക്കുന്ന മറ്റു ചില സർവകലാശാലകളിലും നടക്കുന്നുണ്ടെന്നും ഞങ്ങൾ മനസ്സിലാക്കുന്നു. പാഠ്യപദ്ധതിയിൽ ‘ഭാരതീയജ്ഞാനവ്യവസ്ഥകൾ’ അവതരിപ്പിക്കാനുള്ള 2020 ലെ ദേശീയ വിദ്യാഭ്യാസനയ (NEP 2020) ശുപാർശകൾക്ക് അനുസൃതമായാണു ഈ കോഴ്സുകൾ എന്ന ന്യായം ഉപയോഗിച്ചാണു സർവകലാശാലകൾ ഇത്തരം കോഴ്സുകളെ ന്യായീകരിക്കുന്നത്.

ജ്യോതിശാസ്ത്രം, ഗണിതം, ലോഹശാസ്ത്രം, തത്ത്വചിന്ത എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ അറിവിൻ്റെ ഉത്പാദനം  നടത്തിയിരുന്ന സമ്പന്നമായ പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത്. ഭൂതകാലത്തിലെ എല്ലാ മഹത്തായ സംസ്കാരങ്ങളും വ്യത്യസ്തരീതികളിലും വ്യത്യസ്ത കാലഘട്ടങ്ങളിലും ശാസ്ത്രത്തെ പരിപോഷിപ്പിച്ചിട്ടുണ്ട്. ഈ കൂട്ടായ അറിവിലേക്കുള്ള ഇന്ത്യൻ സംഭാവനകളിൽ ചിലത് അനിഷേധ്യമായി പ്രാധാന്യമർഹിക്കുന്നുണ്ട്.

എന്നാൽ, പുരാതന ഇന്ത്യയിലുണ്ടായിരുന്നു എന്നു പറയപ്പെടുന്ന ശാസ്ത്രസാങ്കേതിക കണ്ടുപിടുത്തങ്ങളെക്കുറിച്ച് നമ്മുടെ പുരാതന ഐതിഹ്യങ്ങളുടെ അടിസ്ഥാനത്തിൽ (ഉദാ. പുരാതന ഇന്ത്യക്കാർക്ക് പറക്കാനുള്ള സാങ്കേതികവിദ്യയുണ്ടായിരുന്നു എന്നത് പോലുള്ള അവകാശവാദങ്ങൾ) അതിശയകരമായ രീതിയിൽ കപടവാദങ്ങൾ ഉന്നയിക്കുന്നതും, ജ്യോതിഷം (ഇന്ത്യൻ ജ്യോതിശാസ്ത്രത്തിലെ ഫലഭാഗജ്യോതിഷം / ‘ഹോരശാസ്ത്രം’ തുടങ്ങിയവ) പോലുള്ള കപടശാസ്ത്ര മേഖലകൾക്ക് വിശ്വാസ്യത നൽകുന്നതും ഭാരതീയശാസ്ത്രത്തിന്റെ യഥാർത്ഥ ചരിത്രത്തെ അപകീർത്തിപ്പെടുത്തുകയാണു ചെയ്യുന്നത്. നമ്മുടെ വിദ്യാർത്ഥികൾ, പ്രകടമായി തന്നെ തെറ്റായ എന്തെങ്കിലും പഠിക്കാൻ ചെലവഴിക്കുന്ന ഓരോ നിമിഷവും ഇന്ത്യൻ ശാസ്ത്രത്തിന്റെ യഥാർത്ഥ ചരിത്രത്തിനായി ഉപയോഗിക്കാമായിരുന്ന സമയമാണ്. ജ്യോതിശാസ്ത്രത്തിന്റെ ജ്യോതിഷഭാഗം ഒരു ഇന്ത്യൻ ഉല്പന്നം പോലുമല്ല എന്നതാണ് ഈ സാഹചര്യത്തിലെ ഏറ്റവും വലിയ വിരോധാഭാസം. രാശികൾ അടിസ്ഥാനപ്പെടുത്തിയ ജാതകനിർമ്മാണവും അവയെ അടിസ്ഥാനമാക്കിയുള്ള ഭാവിപ്രവചനവും ക്രിസ്തുവിനു മുൻപ് നാലാം നൂറ്റാണ്ടിൽ കൽഡിയൻ, ഗ്രീക്ക് ആശയങ്ങൾ ഇന്ത്യൻ തീരങ്ങളിൽ എത്തുന്നതു വരെ ഇവിടെ പ്രയോഗത്തിലുണ്ടായിരുന്നില്ല എന്നതിനു ധാരാളം  തെളിവുണ്ട്.

ഏതൊരു നിയന്ത്രിത സ്റ്റാറ്റിസ്റ്റിക്കൽ പരീക്ഷണത്തിലും ജ്യോതിഷ പ്രവചനങ്ങൾ പരാജയപ്പെടാറുണ്ടെന്നത് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഗ്രഹങ്ങൾ മനുഷ്യ ശരീരത്തിൽ ഗണ്യമായ എന്തെങ്കിലും പ്രഭാവം ചെലുത്തുന്നുവെന്ന് വിശ്വസിക്കുന്നതിന് യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ല. മാത്രമല്ല, നിങ്ങളുടെ ഗ്രഹനിലയെ അടിസ്ഥാനമാക്കി ഗ്രഹങ്ങളുടെ പ്രഭാവം വ്യത്യാസപ്പെടുമെന്ന ജ്യോതിഷതത്വം അടിസ്ഥാനയുക്തിക്കു പോലും നിരക്കാത്തതാണ്. തെളിയിക്കപ്പെടാത്തതും യുക്തിരഹിതവുമായ ഒരു വിഷയമേഖലയെ, ഇഗ്നോയുടെ ഒരു പാഠ്യക്രമം ആയി അവതരിപ്പിക്കുന്നത് സർക്കാർ നേരിട്ട് അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണ്. കൂടാതെ ഈ നടപടി, ‘ശാസ്ത്രാവബോധം പാലിക്കേണ്ടത് ഓരോ ഇന്ത്യൻ പൗരന്റെയും അടിസ്ഥാന കടമയാണെന്ന്’ നിഷ്കർഷിക്കുന്ന, ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 51A (H) ന് എതിരുമാണ്. കപടശാസ്ത്രത്തിന്റെ പ്രോത്സാഹനത്തെ, പ്രത്യേകിച്ച് സർക്കാർ സ്ഥാപനങ്ങൾ അത് ചെയ്യുന്നതിനെ എതിർക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും അടിസ്ഥാന കടമ കൂടിയായ ‘ശാസ്ത്രാവബോധം പ്രോത്സാഹിപ്പിക്കലിന്’ അത്യാവശ്യമാണ്.

ഇഗ്നോ ട്വിറ്ററിൽ പങ്കിട്ട പോസ്റ്റർ

ഒരു വശത്ത് മഹാമാരിയുടെ വ്യാപനത്തിനു കാരണമാകും വിധം കേന്ദ്രസർക്കാരും ചില സംസ്ഥാനസർക്കാരുകളും, വ്യാജസ്ഥിതിവിവരക്കണക്കുകളും കപടശാസ്ത്രങ്ങളും പ്രോത്സാഹിപ്പിക്കുന്നതും നിരുത്തരവാദിത്തപരമായ തീരുമാനങ്ങൾ എടുക്കുകയും  മറുവശത്ത് ശാസ്ത്രീയതയെ അടിസ്ഥാനമാക്കിയുള്ള പ്രതികരണത്തിനെ  അവഗണിക്കുകയും ചെയ്യുന്നതിൽ  ഞങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നു. ശാസ്ത്രാവബോധമില്ലാതെ കോവിഡിനെ പ്രതിരോധിക്കാനാവില്ല. ശാസ്ത്രീയമായി കോവിഡിനോട് പോരാടാൻ, ലാഭക്കണ്ണോടെയുള്ള സ്വകാര്യ ആരോഗ്യപരിചരണം പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ പിൻവലിക്കേണ്ടത് ആവശ്യമാണ്. ഇത്തരം നയങ്ങൾ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഫലപ്രദമായ പൊതു ആരോഗ്യപരിപാലന സംവിധാനങ്ങളുടെ അവഗണനയ്ക്കും തകർച്ചയ്ക്കും കാരണമാകുന്നുണ്ട്. കോവിഡിനോട് പോരാടുന്നതിന്, അടിയന്തിരമായി സാർവത്രികമായ സൗജന്യ വാക്സിനേഷനുള്ള ഒരു ദേശീയനയം ഫലപ്രദമായി നടപ്പിലാക്കേണ്ടതുണ്ട്. സത്യസന്ധമായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ആസൂത്രണം ഇതിന് ആവശ്യമാണ്. സൗജന്യ വാക്സിനേഷൻ സംബന്ധിച്ച തങ്ങളുടെ പരസ്യങ്ങളിൽ വലിയ തുക പാഴാക്കുന്നത് വഴി കേന്ദ്ര സർക്കാരും നിരവധി സംസ്ഥാന സർക്കാരുകളും അടിസ്ഥാന തലത്തിൽ പ്രായോഗികമായി വാക്സിനുകൾ, ഓക്സിജൻ, കോവിഡിന് കീഴടങ്ങിയവരുടെ മൃതശരീരങ്ങൾ ശരിയായി സംസ്ക്കരിക്കൽ എന്നിവ ഉറപ്പാക്കുന്നതിൽ പരാജയപ്പെടുന്നു. സ്ഥിതിഗതികൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളെ ആസൂത്രിതമായി ലക്ഷ്യമിടുകയും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗിച്ചു കൊണ്ട് അവരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അങ്ങനെ സർക്കാർ തന്നെ വ്യാജ സ്ഥിതിവിവരക്കണക്കുകളെ പ്രോത്സാഹിപ്പിക്കുകയും സത്യം അടിച്ചമർത്താൻ സജീവമായി ശ്രമിക്കുകയും ചെയ്യുന്നു.

 ജ്യോതിഷവുമായി (അതായത് ജ്യോതിശാസ്ത്രത്തിന്റെ പ്രവചനസ്വഭാവം ഉയർത്തിക്കാണിക്കുന്ന വിഷയവുമായി) ബന്ധപ്പെട്ട കോഴ്സുകൾ പൊതുധനസഹായം കൈപ്പറ്റുന്ന എല്ലാ സർവകലാശാലകളിലും നിർത്തലാക്കണമെന്ന് എ.ഐ.പി.എസ്.എൻ ആവശ്യപ്പെടുന്നു. അതിനു പകരം ഇന്ത്യൻ സർവകലാശാലകളിൽ ജ്യോതിശാസ്ത്രം ഒരു വിഷയമായി കൊണ്ടുവരണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. സ്വകാര്യവൽക്കരണനയങ്ങൾ പിൻവലിയ്ക്കുകയും, നല്ല ഗുണമേന്മയുള്ള പൊതുജനാരോഗ്യപരിചരണം സാർവത്രിക അവകാശമായി ഉറപ്പാക്കുന്നതിനുള്ള ശാസ്ത്രീയനയം പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. കൂടാതെ, കോവിഡ് സാഹചര്യത്തെക്കുറിച്ച് സത്യസന്ധമായി റിപ്പോർട്ടു ചെയ്യുന്ന മാധ്യമങ്ങൾക്കെതിരായ ആക്രമണങ്ങൾ സർക്കാർ നിർത്തണമെന്നും ആവശ്യപ്പെടുന്നു. കോവിഡ് മഹാമാരിയെ ഫലപ്രദമായി നേരിടുന്നതിനും പരാജയപ്പെടുത്തുന്നതിനും ബഹുജനതലത്തിൽ ശാസ്ത്രാവബോധം സജീവമായി പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ നമ്മുടെ ഭരണഘടനാ ആർട്ടിക്കിൾ 51A(H) നോട് പൂർണ്ണ ബഹുമാനം കാണിക്കണമെന്നും ഞങ്ങൾ ആവശ്യപ്പെടുന്നു. ഈ വെല്ലുവിളി നിറഞ്ഞ വേളയിൽ ശാസ്ത്രാവബോധം പ്രോത്സാഹിപ്പിക്കുന്നതിനും, ധാബോൽക്കർ, പൻസാരെ, കൽബുർഗി, ഗൗരി ലങ്കേഷ് എന്നിവരുടെ ക്രൂരമായ കൊലപാതകങ്ങൾക്കെതിരെ ശബ്ദമുയർത്തുന്നതിനുമായി, ആഗസ്റ്റ് 20-ന് നടക്കുന്ന ദേശീയ ശാസ്ത്രാവബോധ ദിനാചരണത്തിൽ (National Scientific Temper Day) പങ്കെടുക്കണമെന്ന് എല്ലാ പൗരന്മാരോടും ബഹുജന സംഘടനകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

(വ്യത്യസ്തതകളുടെ പ്രോത്സാഹനമാണ് നാഗരികത.-മഹാത്മാഗാന്ധി).

മലയാളവിവർത്തനം: അരുൺ രവി, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്.


ഈ നിവേദനത്തിൽ ഒപ്പ് വയ്ക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ആഗസ്റ്റ് 20 – ശാസ്ത്രാവബോധ ദിനം – സയൻസെഴുത്തിൽ കണ്ണിചേരാം
Next post നരേന്ദ്ര ധാബോൽക്കർ-ആനന്ദ്‌ പട്‌വർധന്റെ ഡോക്യുമെന്ററിയുടെ ആദ്യഭാഗം
Close