മറേ ഗെൽമാൻ


ഡോ. എൻ ഷാജി

പ്രസിദ്ധ ഭൗതിക ശാസ്ത്രജ്ഞനും നോബൽ പുരസ്കാര ജേതാവുമായ മറേ ഗെൽമാൻ (Murray Gell-Mann) 2019 മെയ് 24ന് നിര്യാതനായി. 89-ാം വയസ്സിൽ മരിക്കുമ്പോൾ അദ്ദേഹം അമേരിക്കയിലെ കാലിഫോർണിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ എമരിറ്റസ് പ്രൊഫസറായിരുന്നു. അടിസ്ഥാന കണങ്ങളുടെ വർഗീകരണവും ആയി ബന്ധപ്പെട്ട ഗവേഷണത്തിന് 1969 ലെ നോബൽ പുരസ്കാരം ഉൾപ്പടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ള അദ്ദേഹം നല്ലൊരദ്ധ്യാപകനെന്ന നിലയിലും രസികനായ ഒരു പ്രഭാഷകൻ എന്ന നിലയിലും പ്രസിദ്ധനായിരുന്നു. ഭൗതികശാസ്ത്രത്തിന്റെ ആഴങ്ങളില്‍ വ്യാപരിക്കുമ്പോള്‍ തന്നെ അദ്ദേഹം നല്ലൊരു പക്ഷി നിരീക്ഷകനുമായിരുന്നു . മറേ ഗെൽമാനെ അനുസ്മരിച്ചുകൊണ്ട് ഡോ. എൻ. ഷാജി എഴുതുന്നു …

മറേ ഗെല്‍മാൻ
മറേ ഗെൽമാൻ | കടപ്പാട് വിക്കിമീഡിയ കോമൺസ്

 

1929ല്‍ അമേരിക്കയിൽ ജനിച്ച ഗെൽമാൻ 1948ല്‍ ഡിഗ്രി പാസായ ഉടനെ ഗവേഷണം ആരംഭിക്കുകയും ഇരുപത്തിരണ്ടാം വയസ്സിൽ ഡോക്ടറേറ്റ് നേടുകയും ചെയ്തു. തുടർന്ന് ഏറെക്കാലം കണികാഭൗതികത്തിന്റെ (particle physics) മേഖലയിൽ ശ്രദ്ധേയമായ ഗവേഷണങ്ങൾ നടത്തി.

ഇദ്ദേഹത്തിൻറെ ലോകശ്രദ്ധ നേടിയ ആദ്യ ഗവേഷണപ്രബന്ധം ദുർബല പ്രവർത്തനങ്ങളെ (weak interactions) സംബന്ധിച്ചുള്ളതാണ്. റിച്ചാർഡ് ഫെയ്ൻമാനുമായി (Richard Feynman) ചേർന്ന് എഴുതിയതാണത്. എന്നാൽ ഇതേ ഗവേഷണഫലം ഇ.സി.ജി. സുദർശൻ അദ്ദേഹത്തിന്റെ ഗുരു റോബെർട്ട് മാർഷക്കും (Robert Marshak) ചേർന്ന് കണ്ടെത്തിയിരുന്നു. അതിനാൽ തന്നെ ഇവരുടെ അവകാശവാദങ്ങൾ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.

പിന്നീട് ഗെൽമാൻ നടത്തിയ പ്രധാന ഗവേഷണം കോസ്മിക് രശ്മികൾ വഴി വരുന്ന കണങ്ങളെ സംബന്ധിച്ച് ആയിരുന്നു. 1940 കളിലും 1950 കളിലും ഇത്തരം ധാരാളം കണങ്ങളെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരുന്നു. അക്കാലത്ത് പ്രത്യക്ഷത്തില്‍ പരസ്പര വിരുദ്ധമെന്ന് തോന്നുന്ന ചില കണ്ടെത്തലുകൾക്കും ഇവ കാരണമായി. ഈ സാഹചര്യത്തിൽ ഗെല്‍മാന്റെ ശ്രദ്ധ അതിലേക്ക് പതിഞ്ഞു. ഇവയെ കൂടുതലായി മനസ്സിലാക്കാനും വർഗീകരിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു.

രാസമൂലകങ്ങളുടെ കാര്യത്തിൽ ആവര്‍ത്തനപട്ടികയിലൂടെ ദിമിത്രി മെൻഡലീവിനു  സാധിച്ചതിനു സമാനമായ കണ്ടെത്തലുകളാണ് അടിസ്ഥാന കണങ്ങളുടെ കാര്യത്തിൽ ഗെൽമാൻ നടത്തിയത്.  മേല്‍പറഞ്ഞ വര്‍ഗീകരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രോട്ടോണിന്റെയും ന്യൂട്രോണിന്റെയും ഉപഘടകങ്ങളായി ക്വാർക്കുകളെ അദ്ദേഹം സൈദ്ധാന്തികമായി പ്രവചിച്ചു.

1964-ൽ ആണിത്. ഇതേ സമയത്തുതന്നെ ജോർജ് സ്വീഗ് എന്ന മറ്റൊരു ശാസ്ത്രജ്ഞനും സ്വതന്ത്രമായി സമാനമായ നിഗമനങ്ങളിൽ എത്തിയിരുന്നു. ക്വാർക്കുകൾക്ക് ആ പേര് നൽകിയത് ഗെൽമാനാണ്. പ്രസിദ്ധ നോവലിസ്റ്റ് ജെയിംസ് ജോയ് സിന്റെ ഫിന്നെഗൻസ് വേക് എന്ന ഗ്രന്ഥത്തിലെ പ്രാസം തുളുമ്പുന്ന ഈരടിയില്‍ നിന്നാണ് ഈ വാക്ക് കണ്ടെത്തിയത്. സ്വീഗ് നിര്‍ദേശിച്ചത് എയ്സ് എന്നപേരായിരുന്നെങ്കിലും ഗെല്‍മാന്റെ ക്വാര്‍ക്ക് ആണ് പ്രചാരം നേടിയതും സ്വീകരിക്കപ്പെട്ടതും.

 

Quark
ക്വാർക്കുകൾ | കടപ്പാട് വിക്കിമീഡിയ കോമൺസ്

 

പിന്നീട് നാലു വർഷങ്ങൾക്കകം 1968ൽ ക്വാർക്കുകളുടെ അസ്തിത്വം സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിച്ചു. സുശക്ത ബലങ്ങൾക്ക് വിധേയമാകുന്ന കണങ്ങളെ പട്ടികപ്പെടുത്തുന്നതിന് സഹായകരമാകുന്ന ഒരു ആശയം എന്ന നിലയിലാണ് ക്വാർക്കുകൾ ആദ്യം അവതരിപ്പിക്കപ്പെട്ടത്. പിന്നീട് ഇവയെ പരോക്ഷമായി കണ്ടെത്തുകയായിരുന്നു. പ്രോട്ടോണും ന്യൂട്രോണും 3 ക്വാർക്കുകൾ വീതം അടങ്ങിയതാണ്. പയോണുകൾ പോലുള്ള കണങ്ങൾ ഒരു ക്വാർക്കും ഒരു ആന്റി ക്വാർക്കും ചേർന്നതാണ്.

4 ക്വാർക്കും ഒരു ആന്റി ക്വാർക്കും ഒരു പുതിയ തരം പെൻറാക്വാർക്കിനേയും അടുത്ത കാലത്ത്, 2019 -ൽ കണ്ടെത്തിയിട്ടുണ്ട്. ഇതൊക്കെയും ഗെൽമാന്റെ പ്രവചനങ്ങളുമായി ഒത്തു പോകുന്നവയാണ്.

Leave a Reply