Read Time:21 Minute

ആധുനിക ബയോളജിയിലെ പല കുതിച്ചുചാട്ടങ്ങൾക്കും കാരണമായ വിപ്ലവകരമായ ആശയങ്ങൾ മുന്നോട്ടുവെച്ചത് സ്ത്രീ ശാസ്ത്രജ്ഞർ ആയിരുന്നു. ഇവയിൽ പലതും വേറിട്ട ചിന്തകൾ ആയതുകൊണ്ട് തന്നെ ആദ്യം എതിർക്കപ്പെടുകയും പിന്നീട് തെളിവുകൾ നിരാകരിക്കാൻ പറ്റാത്ത അവസ്ഥ വന്നപ്പോൾ മാത്രം അംഗീകരിക്കപ്പെടുകയും ചെയ്തവയാണ്.

അങ്ങിനെയുള്ള നാല് ശാസ്ത്രജ്ഞരേയും അവർ മുന്നോട്ട് വെച്ച ആശയങ്ങളേയും പരിചയപ്പെടുത്തുന്നു.

1. ബാർബറാ മക്ളിൻടോക്ക് (Barbara McClintock 1902 – 1992)

ന്യൂയോർക്കിലെ കോർണൽ യൂണിവേഴ്സിറ്റിയിലും പിന്നീട് പ്രസിദ്ധ ഗവേഷണ കേന്ദ്രമായ കോൾഡ് സ്പ്രിങ്ങ് ഹാർബർ ലബോറട്ടറിയിലുമാണ് ബാർബറാ മക്ളിന്റോക്ക് പണിയെടുത്തത്. ആദ്യം മുതലേ ചോള ചെടികളിലായിരുന്നു അവരുടെ ഗവേഷണങ്ങൾ മിക്കതും. ചോളത്തിന്റെ ക്രോമോസോമുകൾ മൈക്രോസ്കോപ്പിലൂടെ നിരീക്ഷിച്ച് ജനിതകമാറ്റങ്ങളിൽ അവയ്ക്കുള്ള പങ്ക് പഠിച്ചുകൊണ്ടായിരുന്നു തുടക്കം. ഇതു വഴി തികച്ചു നൂതനമായ സൈറ്റോജനറ്റിക്സ് (Cytogenetics) എന്ന ശാസ്ത്രശാഖയ്ക്ക് രൂപം നൽകി. സമാനമായ ക്രോമോസോമുകൾ തമ്മിൽ ചിലപ്പോൾ ജീനുകൾ പരസ്പരം കൈമാറ്റം ചെയ്യപ്പെടാമെന്ന തിയറി ജനിതക പഠനങ്ങളുടെ ആദ്യ ഉപജ്ഞാതാക്കളിൽ പ്രമുഖനായ തോമസ് ഹണ്ട് മോർഗൻ മുന്നോട്ട് വെച്ചിരുന്നു. ചോള ചെടികളിൽ മിയോസിസ് സമയത്ത് ഈ കൈമാറ്റം (crossing over) നടക്കുന്നത് കാണിച്ചു കൊണ്ട് ഈ തിയറി ശരിവെച്ചത് മക്ളിൻ്റോക്കും അവരുടെ ഗവേഷണം വിദ്യാർത്ഥി ഹാരിയറ്റ് ക്രെയിറ്റണും (Harriet Creighton) നടത്തിയ പഠനങ്ങളിലൂടെയായിരുന്നു. 1931 ലാണ് ഈ പ്രസിദ്ധമായ പേപ്പർ പ്രസിദ്ധീകരിക്കുന്നത്.

1940 കളിൽ നടത്തിയ പഠനങ്ങളിൽ വളരെ അസാധാരണമായ ഒരു കാര്യം മക്ളിന്റോക്ക് നിരീക്ഷിച്ചു. ചിലപ്പോഴെങ്കിലും ചില ജീനുകൾ ക്രോമോസോമിൽ അവയുടെ മുൻപുണ്ടായിരുന്ന സ്ഥാനത്തു നിന്ന് മാറുന്നതായി കണ്ടതാണിത്. ‘ചലിക്കുന്ന ജനിതക ഘടകങ്ങൾ (Mobile genetic elements) എന്നാണവർ അതിനെ വിളിച്ചത്. ജീനുകൾ ഒരു ചരടിൽ കോർത്ത മണികൾ പോലെ അചഞ്ചലമെന്ന് കരുതിയിരുന്ന ആ കാലത്തെ മോഡലിന് ദഹിക്കാവുന്നതിൽ അപ്പുറമായിരുന്നു ഇത്. 1950 ൽ മക്ളിൻ്റോക്ക് വിവരിച്ച, ‘ചാടുന്ന ജീനുകൾ’ (Jumping genes) അല്ലെങ്കിൽ ട്രാൻസ്പോസോണുകൾ (Transposons) എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ഈ പ്രക്രിയയെ അവിശ്വാസത്തോടെയാണ് അന്നത്തെ ശാസ്ത്രലോകം എതിരേറ്റത്. രണ്ടു പതീറ്റാണ്ട് കഴിയേണ്ടി വന്നു ചാടുന്ന ജീനുകൾ യഥാർത്ഥ്യമാണെന്ന തിരിച്ചറിവിൽ എത്തിച്ചേരാൻ. എല്ലാ ജീവികളിലും ഇവ ഉണ്ടെന്നും മനുഷ്യൻ്റെ ജിനോമിൽ എതാണ്ട് പകുതിയോളം ഇത്തരം ട്രാൻസ്പോസോണുകൾ ആണെന്നും ഇന്ന് നാം മനസ്സിലാക്കുന്നു. പരിണാമ പ്രക്രിയയിലും പല രോഗങ്ങൾ ഉണ്ടാക്കുന്ന മ്യൂട്ടേഷനുകളിലും നമ്മൂടെ രോഗപ്രതിരോധ സംവിധാനങ്ങളിലുമെല്ലാം ട്രാൻസ്പോസോണുകളുടെ  പ്രവർത്തനം പ്രധാനമാണെന്നും ഇന്ന് നമുക്കറിയാം.

1983ൽ തന്റെ എൺപത്തിയൊന്നാം വയസ്സിൽ – തൻ്റെ കണ്ടുപിടുത്തം കഴിഞ്ഞ് 33 വർഷങ്ങൾക്കു ശേഷം ബാർബറാ മക്ളിന്റോക്കിന് നൊബേൽ സമ്മാനം നൽകി ആദരിക്കപ്പെട്ടു. താൻ ജീവിച്ചിരുന്ന കാലഘട്ടത്തിന് ഏറെ മുൻപേ നടന്നു എന്നതായിരുന്നു ഈ വൈകലിനു കാരണം.

2. ലിൻ മാർഗുളിസ് (Lynn Margulis 1938 –2011)

ഡാർവിന്റെയും മെൻഡലിന്റെയും തത്വങ്ങൾ സംയോജിപ്പിച്ചാണ് ഇരുപതാം നൂറ്റാണ്ടിൽ നവഡാർവിനിസം (Neo-Darwinism) എന്നറിയപ്പെടുന്ന സിദ്ധാന്തം രൂപം കൊണ്ടത്. ഇത്  പ്രകാരം ആകസ്മികമായി ഉണ്ടാകുന്ന ചെറിയ ജനിതക മാറ്റങ്ങളിൽ ചിലത് പ്രകൃതി തെരഞ്ഞെടുക്കുകയും അതു വഴി ജീവി വർഗ്ഗങ്ങളിൽ മാറ്റങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ധാരാളം സമയം എടുത്ത് ഉണ്ടാവുന്ന ക്രമേണയുള്ള മാറ്റങ്ങൾ ആണ് നവഡാർവിനിസത്തിന്റെ അന്തസത്ത. പെട്ടെന്നുള്ള വലിയ കുതിച്ചുചാട്ടങ്ങൾക്കൊന്നും അതിൽ സ്ഥാനം ഉണ്ടായിരുന്നില്ല. ഈ യാഥാസ്ഥികത്വത്തെ ചോദ്യം ചെയ്തവരിൽ പ്രമുഖയായിരുന്നു അമേരിക്കയിലെ ഷിക്കാഗോവിൽ ജനിച്ച, ‘സാധൂകരിക്കപ്പെട്ട നിഷേധി’ (vindicated heretic) എന്ന് പിൽക്കാലത്ത് വിശേഷിപ്പിക്കപ്പെട്ട ലിൻ മാർഗുളിസ്.

പരിണാമത്തിൻ്റെ വഴികളിൽ ഏറ്റവും വലിയ സംഭവമായി പ്രസിദ്ധ നിയോഡാർവിനിസ്റ്റ് സൈദ്ധാന്തികനായ ഏൺസ്റ്റ് മെയർ വിശേഷിപ്പിച്ചത് ന്യൂക്ലീസ്സ് ഉള്ള കോശങ്ങളുടെ ആവിർഭാവമാണ്. എന്നാലിത് ക്രമേണയുള്ള മാറ്റങ്ങളിലൂടെ എങ്ങിനെ സംഭവിച്ചു എന്നുസങ്കൽപിക്കാൻ പോലും ആർക്കും കഴിഞ്ഞില്ല. അങ്ങിനെയിരിക്കെയാണ് യുകാരിയോട്ട് കോശങ്ങൾ രണ്ട് ബാക്റ്റീരിയൽ കോശങ്ങളുടെ കൂടിച്ചേരലും തുടർന്ന് ഒന്ന് മറ്റൊന്നിനുള്ളിൽ ജീവിക്കാൻ തുടങ്ങിയത് വഴി ആണെന്നും സമർത്ഥിച്ചു കൊണ്ട് മാർഗുളിസ് രംഗത്തെത്തുന്നത്. എൻഡോസിംബയോസിസ് (Endosymbiosis) എന്ന പേരിലാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്. ഇന്നുള്ള എല്ലാ യൂക്കാരിയോട്ട് കോശങ്ങളിലുമുള്ള മൈറ്റോകോൺഡ്രിയകളും സസ്യ കോശങ്ങളിലുള്ള ക്ളോറോപ്ളാസ്റ്റുകളും ഒരു കാലത്ത് കുടിയേറിപ്പാർത്ത ബാക്ടീരിയകളാണെന്നതായിരുന്നു ഈ തിയറിയുടെ കാതൽ. 1967ൽ ലിൻ സാഗൻ എന്ന പേരിൽ (അന്നവർ പ്രസിദ്ധ ശാസ്ത്രപ്രചാരകനായ കാൾ സാഗൻ്റെ ഭാര്യയായിരുന്നു) ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് അവരെഴുതിയ പേപ്പർ പതിനഞ്ചു ജർണലുകൾ തിരസ്കരിച്ചതിനു ശേഷം മാത്രമാണ് ഒരു ജർണൽ പ്രസിദ്ധീകരിക്കാൻ തയ്യാറായത്.

ലിൻ മാർഗുളിസിനു മുൻപും ചിലർ ഇക്കാര്യങ്ങൾ സൂചിപ്പിച്ചിരുന്നെങ്കിലും ഇതിനു വേണ്ടി ഇത്ര ശക്തമായി തെളിവുകൾ നിരത്തി ആരും വാദിച്ചിരുന്നില്ല. 1967ലെ പേപ്പറിനു ശേഷവും ഏറെ നാൾ ഇക്കാര്യം വിശ്വസിക്കാൻ ഭൂരിപക്ഷവും തയ്യാറായില്ല. പക്ഷെ 1980കൾ ആയപ്പോഴേക്ക് അവഗണിക്കാൻ കഴിയാത്തത്ര തെളിവുകൾ ലഭിച്ചതോടെ എൻഡോസിംബയോസിസ് വഴിയാണ് മൈറ്റോക്കോൺഡ്രിയയും ക്ളോറോപ്ളാസ്റ്റും ഉണ്ടായതെന്ന് പരക്കെ അംഗീകരിക്കപ്പെട്ടു. കാൾ വൂസിൻ്റെ (Carl Woese) മൂന്ന് ഡൊമെയിൻ സിദ്ധാന്തത്തിനു ശേഷം ഇന്ന് നാം മനസ്സിലാക്കുന്നത് എൻഡോസിംബയോണ്ടുകളെ സ്വീകരിച്ച് കോശം ഒരു ആർക്കിയ (Archaea) ആയിരുന്നെന്നും ആദ്യം ബാക്ടീരിയ അതിനകത്തു കയറി മൈറ്റോകോൺഡ്രിയകളായി എന്നും പിന്നീട് സസ്യങ്ങൾ ഉണ്ടായ ശാഖയിലെ കോശങ്ങളിൽ ഒരു സയനോബാക്ടീരിയയുടെ (Cyanobacteria) പ്രവേശനം ക്ളോറോപ്ളാസ്റ്റുകളുടെ രുപീകരണത്തിലേക്ക് നയിച്ചു എന്നുമാണ്.

3. മേരി ലിയോൺ (Mary Lyon 1925 – 2014)

നമ്മുടെ കോശങ്ങളിൽ 22 ജോഡി ഓട്ടോസോമുകളും ഒരു ജോഡി ലിംഗ ക്രോമോസോമുകളുമാണുള്ളത്. ഇതിൽ സ്ത്രീകളിൽ രണ്ട്  X ക്രോമോസോമുകളും പുരുഷന്മാരിൽ ഒരു X ക്രോമോസോമും ഒരു Y ക്രോമോസോമും ആണുള്ളത് എന്ന് നമുക്കറിയാം. Y വളരെ കുറച്ചു ജീനുകൾ മാത്രമുള്ള ഒരു ചെറു ക്രോമോസോം ആണെങ്കിൽ X അധികം ജീനുകൾ ഉള്ള ഒരു വലിയ ക്രോമോസോം ആണ്. X ക്രോമോസോമിലെ ജീനുകൾ പുരുഷന്മാരിൽ ഒരു കോപ്പി മാത്രമുള്ളപ്പോൾ സ്ത്രീകളിൽ ഓരോന്നിന്റേയും രണ്ടു കോപ്പി വീതമുണ്ട്. അപ്പോൾ ഈ ജീനുകൾ പ്രതിനിധാനം ചെയ്യുന്ന പ്രോട്ടീനുകൾ സ്ത്രീകളിൽ അധികമായി ഉണ്ടാവില്ലേ? അതു കൊണ്ട് പ്രശ്നങ്ങൾ ഉണ്ടാവില്ലേ? പല പഠനങ്ങളും കാണിച്ചത് അങ്ങിനെ അധികമായി ഈ പ്രോട്ടീനുകൾ സ്ത്രീകളിൽ ഇല്ല എന്നു തന്നെയാണ്. ഇത് എങ്ങിനെ എന്നത് ബയോളജിയിലെ ഉത്തരം കിട്ടാത്ത സമസ്യയായിരുന്നു.

ഈ പ്രശ്നത്തിന് ഉത്തരം കണ്ടെത്തിയത് ഇംഗ്ലീഷുകാരിയായ മേരി ലിയോൺ ആണ്. ഓക്സ്ഫോർഡിനടുത്തുള്ള ഹാർവെല്ലിലെ MRC റേഡിയോളജി യൂണിറ്റിൻ്റെ ജനിതക വിഭാഗത്തിൽ ജോലി ചെയ്യുന്ന സമയത്താണ് എലികളിൽ നടത്തിയ നിരവധി പരീക്ഷണങ്ങളിലൂടെ മേരി ലിയോണിന് ഇക്കാര്യത്തിൽ ഉൾക്കാഴ്ച്ച ലഭിച്ചത്. പെൺ എലികളിൽ ഓരോ കോശത്തിലും ഒരു X ക്രോമോസോം മാത്രമേ പ്രവർത്തനക്ഷമമായി ഉണ്ടാവുകയുള്ളൂ എന്നും മറ്റേ X ക്രോമോസോം നിർവീര്യമാക്കപ്പെടുമെന്നുമായിരുന്നു 1961ൽ മേരി ലിയോൺ മുന്നോട്ട് വെച്ച് പ്രസിദ്ധമായ ഹൈപ്പോത്തീസിസ്. ഇത് എലികളിൽ മാത്രമല്ല, എല്ലാ സസ്തനികളിലും കാണപ്പെടുന്ന പ്രക്രിയ ആണെന്ന് വേഗം തന്നെ മനസ്സിലായി. ഏതാനും കോശങ്ങൾ മാത്രമുള്ള സമയത്ത് ഭ്രൂണത്തിൻ്റെ ഓരോ കോശത്തിലും ഒരു X ക്രോമോസോം നിർവീര്യമാക്കപ്പെടുന്നു. ഇത് തികച്ചു ആകസ്മികമാണ് – അതായത് ഓരോ കോശത്തിലും അച്ഛനിൽ നിന്ന് കിട്ടിയ X ക്രോമോസോമിനും അമ്മയിൽ നിന്ന് കിട്ടിയ X ക്രോമോസോമിനും നിർവീര്യമാക്കപെടാനുള്ള ചാൻസ് 50% ആണ്. നിർവീര്യമാക്കപ്പെട്ട X ചിലപ്പോൾ ഒരു ഇരുണ്ട ഉണ്ടയായി ന്യൂക്ളിയസിൻ്റെ സ്തരത്തിനടുത്ത് കാണാം. ഇതിനെ സെക്സ് ക്രൊമാറ്റിൻ എന്ന് വിളിക്കുന്നു.

അദ്യം ചില എതിർപ്പുകൾ ഉണ്ടായിരുന്നെങ്കിലും മേരി ലിയോണിൻ്റെ സിദ്ധാന്തം പരക്കെ അംഗീകരിക്കപ്പെട്ടു. ഈ പ്രക്രിയക്ക് ലിയോണൈസേഷൻ (Lyonization) എന്ന പേരും നൽകപ്പെട്ടു.

4. ജാനറ്റ് റൗളി (Janet Rowley 1925 – 2015)

കോശങ്ങളിൽ ഉള്ള ജനിതക തകരാറുകളാണ് മിക്ക കാൻസറുകളും ഉണ്ടാവാനുള്ള കാരണമെന്ന് ഇന്ന് നമുക്കറിയാം. ഇവയിൽ ചിലത് ജന്മനാ പാരമ്പര്യപരമായി ലഭിക്കുന്നതാണെങ്കിലും മിക്കവയും പിന്നീട് ഉടലെടുക്കുന്നവയാണ്. റേഡിയേഷൻ, കാൻസർ ഉണ്ടാക്കുന്ന ചില രാസ്വസ്തുക്കൾ എന്നിവയൊക്കെ ഇതിനു കാരണമായേക്കാം. കാൻസറും ജീനുകളും തമ്മിലുള്ള ബന്ധം അനാവരണം ചെയ്യപ്പെട്ടിട്ട് അധിക കാലമായിട്ടില്ല. കോശങ്ങളിലെ ക്രോമോസോമുകളും കാൻസറുകളും തമ്മിലുള്ള ബന്ധത്തെ പറ്റി പഠിച്ച് കാൻസർ സൈറ്റോജനറ്റിക്സ് എന്ന ശാസ്ത്രശാഖയ്ക്ക് ജന്മം നൽകിയ പ്രതിഭയാണ് ജാനറ്റ് റൗളി.

ന്യൂയോർക്കിൽ ജനിച്ച് ഷിക്കാഗോവിൽ മെഡിക്കൽ പഠനം കഴിഞ്ഞ് സഹപാഠിയെ വിവാഹം കഴിച്ച് കുട്ടികലുടെ ജനിതകരോഗങ്ങൾ ചികിത്സിക്കുന്ന  ഒരു ക്ളിനിക്കൽ പണിയെടുക്കുമ്പോഴാണ് ജാനറ്റിന് ക്രോമോസോമുകളിൽ താൽപ്പര്യം ജനിക്കുന്നത്. തുടർന്ന് ഭർത്താവിന് ഇംഗ്ളണ്ടിൽ ഒരു ഫെലോഷിപ്പ് ലഭിച്ചപ്പോൾ കൂടെപ്പോയ അവർ ഓക്സ്ഫോർഡിൽ ഒരു ഹീമറ്റോളജിസ്റ്റിൻ്റെ കൂടെ ജോലി ചെയ്യുകയും അതിൻ്റെ ഭാഗമായി ലബോറട്ടറിയിൽ ക്രോമോസോമുകൾ മൈക്രോസ്കോപ്പിലൂടെ പരിശോധിക്കാൻ പഠിക്കുകയും ചെയ്തു. രണ്ടാമതും ഇംഗ്ളണ്ടിൽ പോയ സമയത്ത് ക്രോമോസോമുകളെ പ്രത്യേകമായി വേർ തിർച്ചു പഠിക്കാൻ സഹായിക്കുന്ന ബാൻഡിങ്ങ് ടെക്ക്നിക്കും അവർ പഠിച്ചു. തിരിച്ച് വന്നതിനു ശേഷം കാൻസർ കോശങ്ങളുടെ ക്രോമോസോമുകൾ പ്ഠിക്കുന്നതിലായി അവരുടെ ശ്രദ്ധ മുഴുവൻ. 1973ൽ ആദ്യമായി അക്യൂട്ട് മൈലോയ്ഡ് ലുക്കീമിയ എന്ന ഒരു തരം രക്താർബുദത്തിൽ ഒരു പ്രത്യേക ക്രോമോസോം ട്രാൻസ്ലൊക്കേഷൻ (Chromosome translocation) കണ്ടെത്തി. എട്ടാം ക്രോമോസോമിൻ്റേയും ഇരുപത്തി ഒന്നാം ക്രോമോസോമിൻ്റേയും ചെറു കഷണങ്ങൾ മുറിഞ്ഞ് പരസ്പരം മാറി ഒട്ടിച്ചേരുന്ന 8:21 ട്രാൻസ്ലൊക്കേഷൻ ആണ് റൗളി കണ്ടെത്തിയത്. തുടർന്ന് ക്രോണിക് മൈലോയ്ഡ് ലുക്കീമിയ എന്ന രക്താർബുദത്തിൻ്റെ സവിശേഷതയായ 9:22 ട്രാൻസ്ലൊക്കേഷനും അതു പോലെ പല കാൻസറുകളിലും കാണപ്പെടുന്ന തനതായ ട്രാൻസ്ലൊക്കേഷനുകളും അവർ കണ്ടെത്തി. ഈ ക്രോമോസോം മാറ്റങ്ങൾ ഓരോന്നും അതാത് കാൻസറുകളുടെ കാർനമായിരിക്കുമെന്ന് അവർ വാദിച്ചു. എന്നാൽ ഇത് അക്കാലത്ത് പരക്കെ സ്വീകാര്യമായില്ല. കാൻസറിൻ്റെ കാരണം എന്നതിനു പകരം ഇവ കാൻസറിൻ്റെ ഫലം മാത്രമാണെന്ന് വാദിക്കുന്നവർ പലരുമുണ്ടായിരുന്നു.

എന്നാൽ ഈ സംശയങ്ങൾ അധിക നാൾ നീണ്ടു നിന്നില്ല. മോളിക്യുലർ ബയോളജിയുടെ വരവോടെ, കൂടിച്ചേരുന്ന ക്രോമോസോമുകളൂടെ ഭാഗങ്ങളിൽ കാൻസർ കാരണകാരികളായ ജീനുക്കൾ ഉണ്ടെന്നും പുതിയ കൂടിച്ചേരലിൻ്റെ ഭാഗമായി അവ ഉത്തേജിപ്പിക്കപ്പെടുകയോ ചിലപ്പോൾ കാൻസർകാരികളായ പുതിയ പ്രോട്ടീനുകൾ ഉണ്ടാവുകയോ ചെയ്യുന്നുണ്ടെന്ന് കണ്ടുപിടിക്കപ്പെട്ടു. ചില കേസുകളിൽ ഫലപ്രദമായ പുതിയ ചികിത്സകളിലേക്ക് ഈ കണ്ടെത്തലുകൾ നയിച്ചു. ക്രോണിക് മൈലോയ്ഡ് ലുക്കീമിയക്ക് കാരണമാവുന്നത് റൗളി കണ്ടെത്തിയ ട്രാൻസ്ലൊക്കേഷൻ്റെ ഫലമായി ഉണ്ടാവുന്ന bcr-abl എന്ന പുതിയ പ്രോട്ടീൻ ആണെന്നും ഇതിൻ്റെ എഫക്ട് റദ്ദാക്കാൻ ഇമാറ്റിനിബ് എന്ന മരുന്നിന് കഴിയുമെന്നും കണ്ടുപിടിച്ചത് കാൻസർ ചികിത്സയിൽ വലിയൊരു വഴിത്തിരിവായി.

ഇന്ന് പല കാൻസറുകളിലും അവയ്ക്ക് പ്രത്യേകമായ ക്രോമോസോം ട്രാൻസ്ലൊക്കേഷനുകളും അതു പോലുള്ള മറ്റു ക്രോമോസോം മാറ്റങ്ങളും കണ്ടെത്തിയിട്ടുണ്ട്. പലതും ആ പ്രത്യേക തരം കാൻസറിൻ്റെ രോഗനിർണയത്തിന് സഹായിക്കുന്നു. ചിലതിലെങ്കിലും കാൻസർ കാരണകാരിയായ ജീനിൻ്റെ അമിതപ്രവർത്തനം തടയാനുള്ള കൃത്യമായ ‘ടാർഗറ്റഡ് തെറാപ്പി’ ലഭ്യമാണ്. ഇതു വഴി, മുൻപ് മാരകമായിരുന്ന പല കാൻസറുകളും ഇന്ന് ചികിത്സയ്ക്ക് വഴങ്ങുന്നു. ഈ വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച ജാനറ്റ് റൗളി എന്ന മഹാപ്രതിഭ 2015ൽ തൻ്റെ തൊണ്ണൂറാം വയസ്സിൽ ഈ ലോകത്തോട് വിട പറഞ്ഞു.

അധിക വായനയ്ക്ക്

ലൂക്ക ലേഖനങ്ങൾ

female engineer in space station

വനിതാ ശാസ്ത്രപ്രതിഭകളുടെ ചിത്രഗാലറി

200 വനിതാശാസ്ത്രജ്ഞർ – ലൂക്ക തയ്യാറാക്കിയ പ്രത്യേക ഇന്ററാക്ടീവ് പതിപ്പ് സ്വന്തമാക്കാം

നിങ്ങളറിഞ്ഞിരിക്കേണ്ട 10 വനിതാ ജ്യോതിശ്ശാസ്ത്രജ്ഞര്‍

പ്രപഞ്ചോല്പത്തിയുടെ രഹസ്യങ്ങള്‍ തേടി, പ്രപഞ്ചഗോളങ്ങളുടെ ഗതിവിഗതികളന്വേഷിച്ച് ശാസ്ത്രലോകത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ വനിതകളായ 10 ജ്യോതിശ്ശാസ്ത്ര ഗവേഷകരെ പരിചയപ്പെടാം.

Happy
Happy
14 %
Sad
Sad
0 %
Excited
Excited
71 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
14 %

Leave a Reply

Previous post മാധ്യമങ്ങളും പെൺപക്ഷവും
Next post ‘പുരുഷ ക്രോമസോം’ കണ്ടുപിടിച്ച വനിത
Close