വിജയകുമാർ ബ്ലാത്തൂർ
“നീയൊക്കെ പുഴുത്ത് ചത്തുപോകും “ എന്നതാണ് ഏറ്റവും കടുത്ത ശാപവാക്കുകളിലൊന്ന്. വ്രണങ്ങൾ പഴുത്ത് അഴുകി പുഴുക്കൾ നുരച്ചുള്ള ദൈന്യ മരണം . മാംസ അവശിഷ്ടങ്ങളിലും പഴക്കം വന്ന ശവത്തിലും തിമിർക്കുന്ന പുഴുക്കളെകണ്ടാൽ അറപ്പുകൊണ്ട് ശർദ്ദി വരും ചിലർക്ക്. കാത്തിരുന്നു വീണുകിട്ടിയ മധുരമാങ്ങ പകുതി തിന്നുകഴിയുമ്പോൾ നൂൽ വണ്ണമുള്ള കുഞ്ഞ് പുഴുക്കളിഴയുന്നതു കണ്ടുള്ള കലിപ്പ് എനിക്ക് ഇപ്പഴും തീർന്നിട്ടില്ല. ഉപ്പുമാവുണ്ടാക്കാൻ പേപ്പറിൽ പരത്തിയിട്ട റവയിൽ നിന്നും കുത്തരിയിലെ ബാക്കിയായ നെന്മണി പൊറുക്കിമാറ്റും പോലെ വിളറിയ വെളളപ്പുഴുക്കളെ ചിള്ളിത്തെറിപ്പിക്കുമ്പോൾ അവയെ ശപിക്കാത്തവരില്ല. ഈ പുഴുക്കളൊക്കെയും എവിടെ നിന്ന് പൊട്ടിവീണവതരിച്ചു എന്ന് ചിലപ്പോൾ അമ്പരക്കാറും ഉണ്ട്. പരാദവിരകളായ നാടവിരയും കൊക്കപ്പുഴുവും കൃമിയും കൂടാതെ, കടലിലെ പലതരം നീളൻ വിരകളും മണ്ണിരയും ഒക്കെ പലതരം പുഴുക്കളായാണ് ചിലപ്പോൾ കരുതാറ്. പക്ഷെ അവരെപ്പോലെയല്ല ശവത്തിലും അഴുക്കിലും നുരയ്ക്കുന്ന “പുഴു“ക്കളുടെ പുഴുസ്വഭാവം.
ഈച്ചകളുടെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാർവ്വകളാണ് മാഗട്ടുകൾ എന്ന് വിളിപ്പേരുള്ള അറപ്പുളവാക്കുന്ന വെള്ള പുഴുക്കൾ. നമ്മൾക്ക് വളരെ പരിചിതരായ വീട്ടീച്ചകൾ മാത്രമല്ല, നിരവധിയിനം ഈച്ചകളുണ്ട് നമ്മുടെ നാട്ടിൽ. ഇവയുടെ ഒക്കെയും ജീവഘട്ടങ്ങളിലൊന്നാണ് ഈ പുഴുജീവിതകാലം. ഈച്ചക്കുഞ്ഞിന് വളർന്ന് പ്യൂപ്പാവസ്ഥയിലെത്താനുള്ളത്രയും കാലത്തേക്ക് വേണ്ട ഭക്ഷണം ഉറപ്പ് കിട്ടുന്ന സ്ഥലം നോക്കിയാണ് അമ്മ ഈച്ച മുട്ടയിടുക. ലാർവ്വപ്പുഴുവിന് കടിച്ച് തിന്നാൻ പല്ലൊന്നും ഇല്ല. ജ്യൂസു പോലെ അഴുകിദ്രാവകരൂപത്തിലായിക്കിട്ടണം വലിച്ച്കുടിച്ച് വളരാൻ. ചിലയിനങ്ങൾക്ക് മാത്രമേ തുരന്നുകയറിതിന്നാനുള്ള കഴുവുള്ളു. മുട്ടയിടാൻ സൗകര്യമുള്ള ഇടം നോക്കി ഈച്ച പറന്നുനടക്കും. 75 മുതൽ 150 എണ്ണം വെച്ച് മുട്ടകൾ ലോഡ് കണക്കിന് ഒറ്റ തട്ടാണ് ഓരോരിടത്തും. മധുരമുള്ള പഴമായാലും, മലമായാലും, കോഴിവേസ്റ്റായാലും, ചത്തഎലിയായാലും, നമ്മുടെ ദേഹത്തെ വൃത്തിയാക്കാത്ത വ്രണമായാലും സന്തോഷം. അൻപതിലധികം വ്യത്യസ്ഥ സ്പീഷിസ് ഈച്ചകൾ നമ്മുടെ നാട്ടിലുണ്ട്. ഇവർ ഓരോരുത്തരും മുട്ടകളിടുന്ന സ്ഥലം തീരുമാനിക്കുന്നതിൽ ചില പ്രത്യേക പരിഗണനകൾ കൊണ്ടു നടക്കുന്നവരാണ്. വിളറിയ വെള്ള കുഞ്ഞരിമണിപോലുള്ള മുട്ടകൾ സാധാരണയായി എട്ടുമുതൽ ഇരുപത് മണിക്കൂർ കൊണ്ട് വിരിയും. വിരിഞ്ഞിറങ്ങിയ ലാർവ പുഴുക്കളുടെ തലഭാഗം നേർത്തരൂപത്തിലാണുണ്ടാകുക. കൊളുത്തോടുകൂടിയ ഒരു വായും കാണും. തടിച്ച പിറകുവശത്ത് കിഡ്നിരൂപത്തിലുള്ള രണ്ട് അടയാളങ്ങളുണ്ടാകും . അതിലൂടെയാണ് ശ്വാസം കഴിക്കുന്നത്. പിന്നെ വിശ്രമമില്ലാതെ തീറ്റയോട് തീറ്റയാണ്. വിരിയുമ്പോൾ കുഞ്ഞന്മാരാണെങ്കിലും പിന്നീട് രണ്ട് സെന്റീമീറ്റർ വരെ നീളമുള്ള ഉരുളൻ കുട്ടപ്പന്മാരായി വളരും. നാലുമുതൽ പത്തു ദിവസം കൊണ്ട് പുതിയ ഘട്ടത്തിലേക്ക് മാറാനുള്ള തയ്യാറെടുപ്പു പൂർത്തിയാക്കും. അഴുകിയ പരിസരങ്ങൾ വിട്ട് ഉറച്ച ഉണങ്ങിയ ഇരുണ്ട സ്ഥലം തേടി ഇഴഞ്ഞ് നീങ്ങും. പറ്റിയ സ്ഥലം കിട്ടിയാൽ പുറത്തെ പാളി കനപ്പിച്ച് തവീട്ട്നിറമുള്ള കൂടാക്കി ഉള്ളിൽ ഒളിച്ച് പ്യൂപ്പാവസ്ഥയിലേക്ക് കടക്കും. ദിവസങ്ങൾ കൊണ്ട് ഈച്ചയായി രൂപാന്തരം നടത്തി കൂടുപൊളിച്ച് പുറത്തിറങ്ങിപ്പറപറക്കും. മണിക്കൂറിനുള്ളിൽ തന്നെ പെണ്ണീച്ച ഇണചേർന്ന് മുട്ടയിടൽ തുടങ്ങും . ഒറ്റ ഇണചേരൽ തന്നെ ധാരാളം. പിന്നെ ആണീച്ചയെ അടുപ്പിക്കുകപോലുമില്ല. ജീവിതകാലത്ത് ഇട്ടുക്കൂട്ടേണ്ട മുട്ടകളെ മുഴുവൻ സജീവമാക്കാനുള്ളത്രയും ബീജം ശേഖരിച്ച് സൂക്ഷിക്കാൻ അതിനു കഴിയും. ചാവും വരെ മുട്ടയിട്ട് കൂട്ടിക്കൊണ്ടിരിക്കും.
ജീവനുള്ള ശരീരത്തിൽ പുഴു
ജീവനുള്ള മനുഷ്യരുടെയോ മറ്റ് സസ്തനികളുടെയോ ശരീരത്തിൽ ഇത്തരം മാഗട്ടുകൾ വളരുന്ന അവസ്ഥയ്ക്ക് മൈയാസിസ് (Myiasis) എന്നാണ് പറയുക. കിടപ്പ് രോഗികളിലെ വൃത്തിയാക്കാത്ത വ്രണങ്ങളിൽ ഇത് കാണാറുണ്ട്. തുറന്ന് കിടക്കുന്ന വ്രണങ്ങളും, മലമൂത്രവിസർജ്ജ്യങ്ങളിൽ കുതിർന്ന തുണികളും ഒക്കെ ഈച്ചകളെ ആകർഷിക്കും . നൂറുകണക്കിന് മുട്ടയിട്ട് കൂട്ടിയാണ് പഹയർ പോകുക. ചിലയിനം ഈച്ച മുട്ടകൾ മൂക്കിലൂടെയും ചെവിയിലൂടെയും ഭക്ഷണത്തിലൂടെയും ഉള്ളിലെത്തി അവിടെ വളരുന്നതും അപൂർവ്വമായി സംഭവിക്കാറുണ്ട്. നാൽക്കാലി മൃഗങ്ങളുടെ ശരീരത്തിലെ വ്രണങ്ങളിൽ ഇത്തരം ഈച്ചകൾ മുട്ടയിട്ട് പുഴുക്കളായി വളരുന്നത് വളരെ സാധാരണമാണ്. വാലുകൊണ്ട് ആട്ടിയോടിച്ചും ചെവിയാട്ടിയും നക്കിയും ഒക്കെ ഈച്ചയെ അകറ്റാൻ പാവങ്ങൾ ശ്രമിക്കുമെങ്കിലും കിട്ടിയ അവസരം മുതലാക്കാൻ ഈച്ചകൾക്ക് അറിയാം. നമ്മുടെ സാധാരണ വീട്ടീച്ചകൾ പക്ഷെ ഇത്തരം പ്രശ്നക്കാരല്ലെങ്കിലും കുഴപ്പക്കാരായ ഇനങ്ങളുടെ മുട്ടകളുടേ വാഹകരായി പ്രവർത്തിക്കാറുണ്ട്. ഈച്ചലാർവ്വകൾ വ്രണത്തിലെ അഴുകിയ ശരീരകലകൾ തിന്നുതീർക്കുന്നതിനൊപ്പം വിസർജ്ജിക്കുകയും ചെയ്യും. അവിടം കൂടുതൽ ബാക്ടീരിയകൾക്ക് വളരാനുള്ള നല്ല സ്ഥലമാക്കിമാറ്റുന്നതിനാൽ വ്രണത്തിന്റെ വലിപ്പം കൂടിക്കൊണ്ടിരിക്കും. വേദനയും വലിയ അസ്വസ്ഥതകളും ഉണ്ടാക്കും. അണുബാധ അവസാനം ചിലപ്പോൾ മരണത്തിലേക്ക് വരെ മൃഗങ്ങളെ കൊണ്ടെത്തിക്കും. ഈച്ചപ്രശ്നം അതിലുപരി മാനസികമായ ഞെട്ടലും ഉണ്ടാക്കും. ടർപെന്റൈൻ ഓയിൽ , വേപ്പെണ്ണ തുടങ്ങിയവ ഉപയോഗിച്ച് ഉള്ളിലെ പുഴുക്കളെ പുറത്ത്ചാടിച്ച് കൊല്ലുകയാണ് സാധാരണ ചെയ്യുക.. പക്ഷെ ആ കാഴ്ചതന്നെ ചിലപ്പോൾ മനമ്പിരട്ടൽ ഉണ്ടാക്കും ചിലർക്ക്.
പുഴുപ്പല്ല്
പല്ല് കേടുവരുത്തി വലിയ കുഴിയാക്കി മാറ്റുന്നത് പുഴുക്കളാണ് എന്ന പഴയ ഏതോ ചിന്തയിൽ നിന്നാണ് പുഴുപ്പല്ല് എന്ന പ്രയോഗം വന്നത്. നമ്മുടെ നാട്ടിലും പണ്ട് അങ്ങാടിമുക്കുകളിൽ വാചകക്കസർത്തുകൊണ്ട് ആളുകളെ കൂട്ടി, പല്ല് പറിയും ദന്തചികിത്സയും നടത്തുന്ന സൂത്രശാലികളായ വൈദ്യന്മാർ കാണിക്കുന്ന ഒരുഗ്രൻ നമ്പരുണ്ട്. അയാളുടെ അത്ഭുത മരുന്നിന്റെ ശക്തിതെളിയിക്കുന്ന ഒരു ഷോ. കാണികളിൽ ആരെയെങ്കിലും വിളിച്ച് കേടുള്ള പല്ലിൽ അയാളുടെ മരുന്നു മുക്കിയ പഞ്ഞിക്കഷണം കടിച്ച്പിടിക്കാൻ പറയും . അത് പുറത്തെടുക്കുമ്പോൾ അനങ്ങുന്ന വെള്ള പുഴുക്കളെക്കാണിച്ച് അമ്പരപ്പിക്കും. ഒന്നുകിൽ ആ രോഗി അയാളുടെ മാജിക്ക് സഹായി ആയിരിക്കും. അല്ലെങ്കിൽ മുൻകൂട്ടി പഞ്ഞിയിൽ കരുതിയ പുഴുക്കളെ കാണിച്ച് നമ്മളെ പറ്റിക്കൽ. ഇപ്പഴും പല്ല് വേദനയുള്ളവരുടെ കവിളിൽ പച്ചമരുന്നു തേച്ച്പിടിപ്പിച്ച് ഉള്ളിലെപുഴുക്കളെ പുറത്തിറക്കികാണിക്കുന്ന തട്ടിപ്പുകൾ പലയിടത്തും നാട്ടുചികിത്സയെന്നുപറഞ്ഞ് നടത്താറുണ്ട്. ഭക്ഷണാവശിഷ്ടങ്ങളിൽ സൂക്ഷ്മജീവികളും ബാക്ടീരിയകളും വളർന്ന് ഇനാമലുകൾ ശോഷിപ്പിച്ച് ഉള്ളിലെ പൾപ്പിനകത്തേക്ക് കയറി അവിടെയും ഗുലുമാലാക്കുന്ന പരിപാടിയാണല്ലോ പല്ല് കേടുവരൽ. ഇവിടെ ഈച്ചമുട്ടകൾ എത്താനുള്ള സാദ്ധ്യതകുറവാണ്. വാപൊളിച്ച് നിൽക്കുന്നവരെ നാം കളിയാക്കി ‘ഉപദേശിക്കാറുണ്ടല്ലോ, “ഈച്ച കയറും“ എന്ന്. കാര്യം ശരിയാണ് വൃത്തിയാക്കത്ത മോണയും പല്ലുകളും അഴുക്കും വായിലുള്ളവരെ ഈച്ചകളും വെറുതെ വിടില്ല. വായ തുറന്ന് ഉറങ്ങുന്നവരെ സൗകര്യത്തിന് കിട്ടിയാൽ ഈച്ച കയറി മുട്ടയിട്ട് കടന്നുകളയും. അങ്ങിനെ അപൂർവ്വമായി മാത്രം വായ്ക്കുള്ളിൽ പുഴുക്കൾ നിറഞ്ഞിരിക്കുന്ന കേസുകൾ നമ്മുടെ നാട്ടിലും ഉണ്ടാകാറുണ്ട്.
പുഴുകടി
ഈ രോഗത്തിൽ പുഴു എന്ന പാവം നിരപരാധിയാണ്. സംഭവം നടത്തുന്നത് പലയിനം ഫംഗസുകളാണ്. ശരീരത്തിൽ വട്ടത്തിൽ തൊലിയിൽ ചുവന്നു തിണിർപ്പും പഴുപ്പും ഒക്കെയാണ് സാധാരണ കാണുക. അരികുകൾ വൃത്താകൃതിയിൽ അൽപം ചുവന്ന് പൊങ്ങി നിൽക്കും. വട്ടച്ചൊറി എന്നും റിങ്ങ് വേം എന്നുമൊക്കെ പേരുവിളിക്കാറുണ്ട്. മറ്റുള്ളവരിൽ നിന്നും വേഗത്തിൽ പകരുന്നതാണ് ഈ ഫംഗസുകൾ. പൊതുകക്കൂസുകൾ, പൊതു നീന്തൽക്കുളങ്ങളിലെയും ജിമ്മുകളിലേയും ഉപകരണങ്ങൾ മറ്റുള്ളവരുടെ വസ്ത്രങ്ങളും വിരിപ്പുകൾ എന്നിവ ഉപയോഗിക്കൽ, ഇങ്ങനെയൊക്കെയാണ് പലപ്പോഴും ഇത് പകരുന്നത്. Trichophyton, Epidermophyton, Microsporum എന്നീ പല സ്പീഷിസുകളിൽപ്പെട്ട ഫംഗസുകൾ മൂലമുണ്ടാകുന്ന ഒരു രോഗമാണ് അത്ലറ്റ്സ് ഫൂട്ട് ( tinea pedis) എന്നപേരിലുള്ള മറ്റൊരു പുഴുക്കടി. പാദങ്ങളിൽ പഴുപ്പും ശൽക്കങ്ങളും വീണ്ടുകീറലും കുമിളകളും ഒക്കെയാണ് ലക്ഷണങ്ങൾ. ഇതിലൊന്നും കാരണക്കാർ ഒരു പുഴുവും അല്ല. ചിലയിനം പരാദവിരകൾ നമ്മുടെ കാലുകളിലൂടെ തുരന്ന് കയറി ശ്വാസകോശത്തിലും അവിടെനിന്നും വയറിലും ഒക്കെ എത്തി വർഷങ്ങൾ നമുക്കുള്ളീൽ സുഖവാസം ഇരിക്കുന്ന കുഴപ്പം പിടിച്ച ഒരു ഏർപ്പാടും ഉണ്ട്. അതിനും ചിലപ്പോൾ പുഴുകടി എന്ന് പറയാറുണ്ട്. ചെരുപ്പുകൾ ശീലമാക്കുകയാണ് രക്ഷക്കായുള്ള ഒരു ഉപായം.
ശലഭപ്പുഴുക്കൾ
ചിത്രശലഭങ്ങളുടെയും നിശാശലഭങ്ങളുടെയും മുട്ടകൾ വിരിഞ്ഞ് പുറത്തുവരുന്നത് പുഴുരൂപി ലാർവകളാണ്. വ്യത്യസ്ഥകോലത്തിലും രൂപ ഭാവ വലിപ്പ സ്വഭാവത്തിലുമുള്ളവർ. ചൊറിയൻപുഴുക്കൾ എന്നൊക്കെ നമ്മൾ വിളിക്കുന്നത് ഇത്തരം ലാർവകളെ ആണ്. സസ്യഭാഗങ്ങൾ തിന്നുതിമിർക്കുന്ന ഇവർ അതിജീവനത്തിനായി പല തന്ത്രങ്ങളും പയറ്റും. ഹിസ് ശബ്ദമുണ്ടാക്കി ഓടിക്കുന്നവരും ചുറ്റുപാടുകളിൽ നിന്നും ശത്രുക്കൾക്ക് ഒട്ടും തിരിച്ചറിയാൻ കഴിയാത്തവിധം കാമോഫ്ലാഷ് തന്ത്രമുള്ളവരും, ഷോക്കടിപ്പിച്ചപോലെ ഞെട്ടിപ്പിക്കുന്നവരും, ചൊറിയിപ്പിക്കുന്നവരും, നിറവും കൺരൂപവും ഒക്കെ കാട്ടി പേടിപ്പിക്കുന്നവയും എല്ലാം ആ കൂട്ടത്തിലുണ്ട്.
പുഴുക്കൾ കൊണ്ടുള്ള ഉപയോഗങ്ങൾ
മൾബറിപ്പുഴുക്കളും സിൽക്കുവസ്ത്രങ്ങളും നമുക്ക് നൂറ്റാണ്ടുകൾ മുമ്പേ പരിചിതമാണല്ലൊ. മീൻപിടുത്തത്തിന് ഇരയായും ചൂണ്ടയിൽ കൊരുത്താനും കോഴിത്തീറ്റയായും ഒക്കെ മാഗട്ടുകളെ ഉപയോഗിക്കുന്നുണ്ട്. ഇത്തരം ആവശ്യങ്ങൾക്കായി മാഗട്ട് വളർത്തുഫാമുകൾ പ്രവർത്തിക്കുന്നുണ്ട്. ഉണങ്ങാത്ത വ്രണങ്ങളിലെ അഴുകിയ ഭാഗങ്ങൾ നീക്കം ചെയ്യാൻ Phaenicia sericata സ്പീഷിസിൽപ്പെട്ട ഈച്ചകളുടെ അണുമുക്തമാക്കിയ പുഴുക്കളെ ഉപയോഗിച്ച് അപൂർവ്വമായി ചികിത്സ നടത്തുന്നുണ്ട്. ഭാവിയിൽ പുഴുക്കളോടുള്ള അറപ്പ് മാറുന്നകാലത്ത്, അറവുമാലിന്യങ്ങളെക്കൂടി ഭക്ഷണമാക്കനുള്ള പദ്ധതിയുടെ ഭാഗമായി, പ്രോട്ടീൻ സമ്പുഷ്ടമായ പുഴു കൃഷിഫാമുകൾ നമ്മുടെ നാട്ടിലും വരും. പാലിൽ വളർത്തുന്ന പുഴുക്കളെ ഇപ്പോൾ തന്നെ ഭക്ഷണമായി ഉപയോഗിക്കുന്നവർ ലോകത്ത് ചിലയിടങ്ങളിൽ ഉണ്ട്. കൊലക്കേസുകൾക്ക് തുമ്പുണ്ടാക്കാൻ സഹായിക്കാൻ ഈ നിസാരൻപുഴുക്കൾക്ക് കഴിയും. ശവശരീരങ്ങളുടെ കാലപ്പഴക്കം തീരുമാനിക്കാൻ പോലീസ് സർജന്മാരെ സഹായിക്കുന്നത് ചിലപ്പോൾ ഈച്ചപ്പുഴുക്കളായ മാഗട്ടുകളാണ്.