ഗ്ലാസ്ഗോ ഉച്ചകോടി : മീഥെയിൻ കുറയ്ക്കുന്നതിന് പ്രാധാന്യം കൈവരുന്നു


പി.കെ.ബാലകൃഷ്ണൻ

മുൻ കാലങ്ങളിൽ കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ശാസ്ത്ര ചർച്ചകളിൽ അധികമൊന്നും പ്രാധാന്യം ലഭിക്കാതിരുന്ന മീഥെയിൻ വാതകത്തിന് ഗ്ലാസ്ഗോ ഉച്ചകോടിയുടെ (COP26) തുടക്കത്തിൽ തന്നെ പ്രാധാന്യം കൈവരികയും 90ലധികം രാഷ്ട്രങ്ങൾ 2030 ഓടെ മീഥെയിൻ ഉൽസർജനത്തിൽ 2020നെ അപേക്ഷിച്ച് 30 ശതമാനം കുറവ് വരുത്തുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഒരു സഖ്യം രൂപീകരിച്ചിരിക്കുന്നു. അതേസമയം തന്നെ അമേരിക്കയിലെ പരിസ്ഥിതി സംരക്ഷണ ഏജൻസി എണ്ണ, വാതക കമ്പനികളിൽ നിന്നുള്ള മീഥെയിൻ ഉൽസർജനം നിയന്ത്രണവിധേയമാക്കാനും തീരുമാനിച്ചിരിക്കുന്നു.

കടപ്പാട്: nytഅന്തരീക്ഷത്തിലെ ഹരിതഗൃഹ വാതകങ്ങളിൽ ചിലത് അന്തരീക്ഷത്തിൽ ഹ്രസ്വകാലവും,മറ്റു ചിലത് ദീർഘകാലവും നിലനിൽക്കും. ഹരിതഗൃഹ വാതകങ്ങളിൽ 76 ശതമാനം വരുന്ന CO2 അന്തരീക്ഷത്തിൽ 300 മുതൽ 1000 വർഷം വരെ തങ്ങിനിൽക്കും. രണ്ടാം സ്ഥാനത്ത് 20 ശതമാനമുള്ള മീഥെയിൻ (CH4) 9 മുതൽ 12 വർഷം വരെ മാത്രമാണ് തങ്ങി നിൽക്കുക. അന്തരീക്ഷത്തിൽ ദീർഘകാലം നിലനില്ക്കുന്ന  CO2 വാതകമാണ് അന്തരീക്ഷത്തിലേക്ക് കൂടുതലായി വമിക്കുത്. ഈ കാരണത്താലാണ് കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ചർച്ചകളിലെല്ലാം CO2 വിന് പ്രാധാന്യം കൈവന്നത്.

എന്നാൽ മീഥെയിനിന്റെ സ്ഥിതി വ്യത്യസ്ഥമാണ്. മീഥെയിൻ അന്തരീക്ഷത്തിൽ നില നിൽക്കുന്നത് CO2 വിനെ അപേക്ഷിച്ച് വളരെ കുറഞ്ഞ കാലം മാത്രമാണ്. എന്നാൽ അതിന്റെ 20 വർഷക്കാലത്തെ താപ ആഗിരണശേഷി (Heat trapping potential) CO2 വിന്റെ 84 ഇരട്ടിയാണ്. മീഥെയിനിന്റെ അളവ് വ്യവസായ വിപ്ലവ പൂർവ കാല അവസ്ഥയിൽ എത്തിക്കാൻ കഴിഞ്ഞാൽ താപ വർധനവിൽ 0.4°C മുതൽ 0.6°C വരെ കുറയ്ക്കാൻ കഴിയുമെന്നാണ് COP യിൽ പങ്കെടുക്കുന്ന Methane Action എന്ന ഗവേഷകരുടെ സംഘാംഗമായ ഭൗമശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടതായിക്കാണുന്നത്.

മീഥേനിന്റെ പ്രധാന സ്രോതസ്സുകൾ കാണിക്കുന്ന ഡയഗ്രം (2008-2017) കടപ്പാട്: വിക്കിപീഡിയ

വ്യവസായ വിപ്ലവാനന്തരം മീഥെയിനിന്റെ അളവ് 2.5 ഇരട്ടിയായി വർധിച്ചിട്ടുണ്ട്.

എങ്കിലും അന്തരീക്ഷത്തിലെ മീഥെയിനിന്റെ അളവ് CO2 വിനെ അപേക്ഷിച്ച് വളരെ കുറവാണ്. അന്തരീക്ഷ വായുവിൽ CO2 വിന്റെ ഇപ്പോഴത്തെ അളവ് 416 ppm (ppm- parts per million) ആണ്. മീഥെയിനിന്റെത് 2 ppm ൽ താഴെയാണ്. എന്നാൽ അന്തരീക്ഷ താപനം വർധിപ്പിക്കുന്നതിൽ മീഥെയിനിന്റെ പങ്ക് വലുതാണ്.

ഓക്സിജൻ വിരളമായ പാരിസ്ഥിതിക സാഹചര്യങ്ങളിൽ ജൈവ വസ്തുക്കൾ വിഘടിച്ചാണ് മീഥെയിൻ രൂപം കൊള്ളുന്നത്. ചതുപ്പുനിലങ്ങൾ, വയലുകൾ, ജൈവ വസ്തുക്കൾ, നിലം നികത്തിയ സ്ഥലങ്ങൾ എല്ലാം മീഥെയിനിന്റെ സ്വാഭാവിക സ്രോതസ്സുകളാണ്.

എണ്ണ, പ്രകൃതി വാതക ഉല്പാദന കേന്ദ്രങ്ങൾ, കൃഷി സ്ഥലങ്ങൾ, കൽക്കരി ഖനികൾ, കന്നുകാലി വളർത്തു കേന്ദ്രങ്ങൾ എന്നിവ മനുഷ്യ നിർമിത സ്രോതസ്സുകളുമാണ്. പ്രകൃതി വാതക ഉല്പാദന ഘട്ടത്തിൽ സംഭവിക്കുന്ന ചോർച്ച വഴിയാണ് മീഥെയിൻ ഉത്സർജനത്തിന്റെ 90 ശതമാനവും സംഭവിക്കുന്നത് എന്നാണത്രെ സമീപകാല  ഗവേഷണങ്ങൾ സൂചിപ്പിക്കുന്നത്. അമേരിക്കയിലെ എൻവയൺമെന്റൽ ഡിഫൻസ് ഫണ്ടി (EDF) ന്റെ നേതൃത്വത്തിലാണ് ഗവേഷണങ്ങൾ നടക്കുന്നത്. അടുത്ത വർഷം അവരുടെ പിന്തുണയിൽ മീഥെയിൽ സാറ്റ് (Methane SAT) എന്ന ഒരുപഗ്രഹം ആഗോള തലത്തിൽ മീഥെയിൻ പഠനത്തിന്നായി വിക്ഷേപിക്കുമെന്നും, പുതുതായി ഒരു യു.എൻ. ഇന്റർനാഷനൽ മീഥെയിൻ എമിഷൻസ് ഒബ്സർവേറ്ററി (IMEO) രൂപീകരിക്കുമെന്നുമറിയുന്നു.

ആഗോള താപനത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വർധനവിന്റെ ഫലമായി ആർട്ടിക് പ്രദേശത്തെ സമുദ്രോപരിതലത്തിലെയും, അന്റാർട്ടിക്കയിലെയും ഹിമാവരണത്തിൽ ശോഷണം സംഭവിക്കുന്നു. ഇതുമൂലം അവിടങ്ങളിൽ മഞ്ഞുപാളികൾക്കുള്ളിൽ നിക്ഷിപ്തമായ മീഥെയിൻ വാതകം അന്തരീക്ഷത്തിലേക്ക് വമിക്കാൻ തുടങ്ങിയതായും പഠനങ്ങൾ സൂചിപ്പിക്കുന്നു. ഇപ്പോൾ ഭൂമിയുടെ ഉത്തരാർധഗോളമാണ് മീഥെയിൻ ഉത്സർജനത്തിൽ മുന്നിട്ടു നിൽക്കുന്നത്. 

മീഥെയിൻ ഉത്സർജനം കുറയ്ക്കാനുള്ള നടപടികൾക്കുള്ള രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഉണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃതം നൽകിയത് അമേരിക്കയും യൂറോപ്യൻ യൂനിയനും ചേർന്നാണ്.

ചൈനയിലെയും ഇന്ത്യയിലെയും കന്നുകാലി വളർത്തലിന്റെ ഫലമായാണ് മീഥെയിയിൻ ഉത്സർജനം വർധിക്കുന്നത് എന്ന രൂപത്തിൽ നേരത്തെ ഉണ്ടായിരുന്ന കുറ്റാരോപണങ്ങളെ അപ്രസക്തമാക്കുന്ന പഠനഫലങ്ങളാണുണ്ടായതെന്നും കാണാവുന്നതാണ്.


അധിക വായനയ്ക്ക്


 

Leave a Reply