Read Time:25 Minute


അജിത് ബാലകൃഷ്ണൻ

ലേഖനത്തിന്റെ രണ്ടാംഭാഗം

ലോകരാഷ്ട്രങ്ങൾക്ക് മുൻപിലുള്ള വെല്ലുവിളികൾ

തുടക്കം തൊട്ടിങ്ങോട്ട് ഐപിസിസിയുടെ ഓരോ റിപ്പോർട്ടിലും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ആശങ്കകൾ കൂടി വന്നിട്ടുണ്ട്. പുതിയ റിപ്പോർട്ടും വ്യത്യസ്തമല്ല. സമൂഹത്തോട് അത് പറയുന്നത് ആഗോളതാപനവും അന്തരീക്ഷവ്യതിയാനവും നിയന്ത്രിക്കുന്നതിനാവശ്യമായ കർശനനടപടികൾ അതിവേഗം എടുത്തില്ലെങ്കിൽ ഈ ഭൂമിയിലെ മനുഷ്യന്റെ നിലനിൽപ്പിനു തന്നെ അവ ഭീഷണിയായി തീരും എന്നാണ്. ആ വെല്ലുവിളി ഏറ്റെടുക്കാൻ ലോകരാഷ്ട്രങ്ങൾ സജ്ജമാണോ എന്നതാണ് നിർണ്ണായകമായ ചോദ്യം.

1850 ന് ശേഷം ഭൂമിയിലെ അന്തരീക്ഷത്തിലേക്കെത്തിയ ഹരിതഗൃഹ വാതകങ്ങളുടെ അളവ് 2400 ബില്യൺ ടൺ CO2 വിന് തുല്യമാണ്. ഇതിൽ പ്രധാന പങ്ക് വഹിക്കുന്നത് ഊർജജാവശ്യങ്ങൾക്കായി ഫോസിൽ ഇന്ധനങ്ങളോടുള്ള അമിതാശ്രിതത്വമാണ്. ക്ലൈമറ്റ് വാച്ച് പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം 2016 ൽ അന്തരീക്ഷത്തിലേക്ക് തള്ളപ്പെട്ട 49.4 ബില്യൺ ടൺ ഹരിതഗൃഹ വാതകങ്ങളിൽ 73.2 ശതമാനത്തിൻറെയും ഉറവിടം ഊർജജ ഉദ്പാദനമായിരുന്നു. അതുകൊണ്ട്, കൽക്കരി, പെട്രോളിയം തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് പരമാവധി കുറച്ച് പകരം പുനരുപയോഗിക്കാവുന്ന ഊർജജ സ്രോതസ്സുകൾ (renewable energy sources) ഉപയോഗിക്കുകയാണ് net zero emissions കൈവരിക്കാനുള്ള ഏറ്റവും പ്രധാന മാർഗമായി പരിഗണിക്കപ്പെടുന്നത്.

ഊർജ്ജോത്പാദനത്തിൽ മാത്രമല്ല വ്യവസായം, നിർമാണം, കൃഷി, ഗതാഗതം തുടങ്ങിയ മേഖലകളിലെല്ലാം വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാതെ ഈ ലക്ഷ്യം കൈവരിക്കുക അസാധ്യമാണ്. താരതമ്യേന ചെറിയ മാറ്റങ്ങൾകൊണ്ട് കൈവരിക്കാനാകുന്ന ഗുണഫലങ്ങൾ പരിമിതമാണെന്നതിന് ഒരുദാഹരണം ഈ കോവിഡ് കാലം നൽകുന്നുണ്ട്. ലോകവ്യാപകമായുണ്ടായ അടച്ചിടലുകളും നിയന്ത്രങ്ങളും അന്തരീക്ഷത്തിലേക്കുള്ള ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌വമനത്തിൽ ഏഴ് ശതമാനത്തോളം കുറവുണ്ടാക്കിയ ഒരു വർഷമായിരുന്നു 2020. എന്നിട്ടും, ആ വർഷം അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് മുൻവർഷത്തേതിൽനിന്ന് 2.6 ppm വർദ്ധിച്ചു.

അതോടൊപ്പം ഫോസിൽ ഇന്ധന ലോബിയുടെ മൂലധന താല്പര്യങ്ങൾക്ക് ആഗോള സമ്പദ്ഘടനയിലും രാഷ്ട്രീയത്തിലും ഉള്ള വലിയ സ്വാധീനവും നിർണ്ണായക തിരുമാനങ്ങൾ എടുക്കുന്നതിൽനിന്ന് ലോകരാഷ്ട്രങ്ങളെ തടയുന്നുണ്ട്. സ്ഥിതിവിശേഷത്തിന്റെ ഗൗരവം ആരും തിരിച്ചറിഞ്ഞിട്ടില്ല എന്നല്ല ഇതിനർത്ഥം. ഏറെ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, ഒന്നര മുതല്‍ രണ്ടു വരെ ഡിഗ്രി സെൽഷ്യസിനപ്പുറത്തേക്ക് അന്തരീക്ഷത്തിൻറെ ആഗോള ശരാശരി താപനില വർദ്ധിക്കാതിരിക്കാനുള്ള നടപടികൾ ഓരോ രാജ്യവും സ്വീകരിക്കെണ്ടതുണ്ട് എന്ന കാര്യത്തിൽ 2015 ലെ പാരീസ് ഉച്ചകോടിക്ക് (COP25) ധാരണയുണ്ടാക്കാനായത് അതുകൊണ്ടാണ്. അത്‌ എപ്പോഴേക്ക് എങ്ങനെയൊക്കെ നടപ്പിലാക്കണമെന്ന കാര്യത്തിൽ ഇനിയും അഭിപ്രായ ഐക്യം ഉണ്ടാക്കാനായിട്ടില്ലെങ്കിലും.

അതിനെ തുടർന്ന്, 2019ൽ പ്രഖ്യാപിക്കപ്പെട്ട യൂറോപ്പ്യൻ ഗ്രീൻഡീലിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്ന് ഹരിതഗൃഹ വാതകങ്ങളുടെ ആകെ ഉദ്ഗമനം പൂജ്യമാക്കുകയാണ്. 2030 ഓടെ ആകെ വൈദ്യുതി ഉത്പാദനത്തിൻറെ 32 ശതമാനമെങ്കിലും നിർബന്ധമായും പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളിൽ നിന്നായിരിക്കണം എന്നാണ് യൂറോപ്പ്യൻ യൂണിയൻ ലക്ഷ്യമിടുന്നത്. യുകെ, ഡെന്മാർക്ക്, സ്വീഡൻ, ജപ്പാൻ, ഫ്രാൻസ്, ഹംഗറി, ന്യൂസിലൻഡ്, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങൾ 2050 ൽ ഈ ലക്ഷ്യം കൈവരിക്കാനുള്ള നിയമനിർമ്മാണം നടത്തിയിട്ടുണ്ട്. ഇതിനു വേണ്ടി അമേരിക്കയിൽ ജോ ബൈഡൻ പ്രഖ്യാപിച്ച കാലാവസ്ഥാനയത്തിന്റെ പ്രധാന ഊന്നൽ ഹരിത ഊർജ്ജ മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ്. അടുത്ത എട്ടു വർഷത്തേക്കായി ഒരു ട്രില്ലിയൻ (1,00,000 കോടി) ഡോളറാണ് ഇതിനായി നീക്കി വെച്ചിട്ടുള്ളത്. ചൈനയും ഇന്ത്യയും പോലുള്ള രാജ്യങ്ങളും പാരീസ് ഉച്ചകോടിയോടുള്ള വാഗ്ദാനം നിറവേറ്റാനുള്ള പരിപാടികൾ പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം ഇവയൊന്നും കാലാവസ്ഥാവ്യതിയാനത്തിന്റെ അതിരൂക്ഷ പ്രത്യാഘാതങ്ങൾക്ക് ഫലപ്രദമായി തടയിടുന്നതിന് മതിയാകില്ല എന്ന വലിയ വിമർശനം പല വിദഗ്ദ്ധരും ആക്റ്റിവിസ്റ്റുകളും ഉയർത്തുന്നുണ്ട്. സമയബന്ധിതമായി ഹരിതഗൃഹ വാതകനിയന്ത്രണം നടപ്പിലാക്കിയില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന ഐപിസിസി റിപ്പോർട്ടിലേതടക്കമുള്ള പുതിയ കണ്ടെത്തലുകൾ ഇത് ശരിവെക്കുന്നു. സ്റ്റാറ്റസ് കോയെ വെല്ലുവിളിക്കുന്ന കാര്യം വരുമ്പോൾ ഏട്ടിലെ പശു പുല്ലു തിന്നില്ലെന്നത് ഒരു വെറും പഴംചൊല്ല് മാത്രമല്ലെന്ന തിരിച്ചറിവും ഈ വിമർശനങ്ങൾക്ക് പുറകിലുണ്ട്. നിരവധി രാജ്യങ്ങൾ ഇനിയും ഒന്നും ചെയ്യാൻ തയ്യാറാകാത്തതായുണ്ട് എന്ന യാഥാർഥ്യം കൂടി ഇതിനോട് ചേർത്തു വായിക്കുമ്പോൾ ഈ വിഷയവുമായി ബന്ധപ്പെട്ട പബ്ലിക് റിലേഷൻസ് ശ്രമങ്ങൾ അണിയുന്ന പ്രസാദാത്മകതയുടെ മുഖം മൂടി അഴിഞ്ഞു വീഴുന്നു.

നവംബറിൽ യുകെ യിലെ ഗ്ലാസ്ഗോയിൽ നടക്കാനിരിക്കുന്ന യുഎൻ കാലാവസ്ഥാവ്യതിയാന സമ്മേളനം (COP26) നിര്ണായകമാകുന്നത് ഈ പശ്ചാത്തലത്തിലാണ്. അന്താരാഷ്ട്രതലത്തിൽ പൂർണ്ണ മനസ്സോടെയുള്ള ഒത്തുതീർപ്പുകളും സമവായവും ആവശ്യമുള്ള ചില പ്രധാന പ്രശ്നങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെടാതെ കിടക്കുന്നുണ്ട്.

ആഗോളതാപനത്തെ കുറിച്ച് പറയുമ്പോൾ ശ്രദ്ധിക്കേണ്ട ഒരു പ്രധാന വസ്തുത എപ്പോൾ “net zero emission” എത്തിച്ചേരുമെന്നതിനേക്കാളുപരിയായി ഇന്നേ വരെയുണ്ടായിട്ടുള്ള ഹരിതഗൃഹ വാതകങ്ങളുടെ ആകെ അളവാണ് അതിനെ നിർണ്ണയിക്കുന്നത് എന്നതാണ്. ഒന്നര ഡിഗ്രി സെൽഷ്യസിനപ്പുറത്തേക്ക് താപനില ഉയരാതിരിക്കണമെങ്കിൽ ഇനിയങ്ങോട്ട് 500 ബില്യൺ ടൺ ഹരിതഗൃഹ വാതകങ്ങൾ മാത്രമേ എല്ലാ രാഷ്‌ട്രങ്ങളും ചേർന്ന് പുറത്തുവിടാവൂ എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയും കാലത്തെ ഹരിതഗൃഹ വാതകങ്ങളുടെ വ്യാപനത്തിൽ പ്രധാന പങ്ക് വഹിച്ചിട്ടുള്ള വികസിത രാഷ്ട്രങ്ങളും ഇന്ത്യയടക്കമുള്ള പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളും തുല്യ പങ്ക് വഹിക്കണമെന്ന് പറയുന്നത് രണ്ടാമത് പറഞ്ഞ രാജ്യങ്ങൾക്കിടയിൽ നിന്ന് വലിയ പ്രതിഷേധങ്ങൾക്കിടയാക്കുന്നുണ്ട്. അത് കൊടിയ ദാരിദ്ര്യത്തിലും അവികസിതാവസ്ഥയിലും കഴിയുന്ന ആ രാജ്യങ്ങളുടെ തികച്ചും ന്യായമായ വികസനാവശ്യങ്ങൾക്ക് എതിരു നിൽക്കുന്നതാണ്. ഇനിയും പരിഹരിച്ചിട്ടില്ലാത്ത ഒരു തർക്കമാണത്.

വേറൊരു പ്രധാന വെല്ലുവിളി ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് ഹരിത ഊർജത്തിലേക്കുള്ള പരിവർത്തനവും കാലാവസ്ഥാനിയന്ത്രണത്തിനുള്ള നടപടികളും എങ്ങിനെ നീതിപൂർവമായി നടപ്പിലാക്കാൻ പറ്റുമെന്നതാണ്. പുതിയ ഊർജസ്രോതസുകളിലേക്കുള്ള മാറ്റങ്ങൾ ഉത്പാദന വിതരണ മേഖലകളിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ദൂരവ്യാപകമായിരിക്കും. ഫോസിൽ ഇന്ധനങ്ങളുടെ ഖനനത്തേയും സംസ്ക്കരണത്തേയും വിതരണത്തേയും ആശ്രയിച്ചാണ് പല സമ്പദ്‌വ്യവസ്ഥകളും നിലനിൽക്കുന്നത് തന്നെ. കോടിക്കണക്കിന് മനുഷ്യരാണ് ഈ മേഖലകളിൽ തൊഴിലെടുത്ത് ജീവസന്ധാരണം നടത്തുന്നത്. ജീവിത മാർഗങ്ങൾ അടയുന്ന ഈ തൊഴിലാളികളെ എവിടെ എങ്ങനെയൊക്കെ പുനരധിവസിപ്പിക്കണമെന്നത് ഒരു വലിയ സാമൂഹ്യപ്രശ്നമായി മാറും.

മൂലധന ധനികവർഗ്ഗ താല്പര്യങ്ങൾക്ക് ഉപരിയായി സാമാന്യജനങ്ങളുടെ നിത്യജീവിതപ്രശ്നങ്ങളെ മുൻനിർത്തുന്ന ജനപക്ഷരാഷ്ട്രീയത്തിന് സ്വാധീനമുള്ള ഭരണകൂടങ്ങൾ ഇല്ലാത്തിടത്തോളം കാലം ഈ പ്രശ്നങ്ങൾ സമഗ്രമായി പരിഗണിക്കപ്പെടുമെന്ന് കരുതുന്നത് മൗഢ്യമായിരിക്കും.

കോർപറേറ്റ് മുതലാളിത്തവും കാലാവസ്ഥാവ്യതിയാനവും

കുറച്ചു കാലം മുൻപ് വരെ കാലാവസ്ഥാവ്യതിയാനത്തിന്റെ കാര്യത്തിൽ നിഷേധാത്മാകമായ നിലപാടായിരുന്നു പൊതുവെ ആഗോള മുതലാളിത്തത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നത്. ഫോസിൽ ഇന്ധനലോബിയുടെ മൂലധനതാല്പര്യങ്ങൾക്കായിരുന്നു പൂർണ്ണമായ മേൽക്കൈ. എന്നാൽ കാലാവസ്ഥാവ്യതിയാനം നിഷേധിക്കാനാവാത്ത, അടിയന്തിരസ്വഭാവമുള്ള, ഒരു യാഥാർത്ഥ്യമാണെന്ന നില വന്നതോടെ ഇതിന് മാറ്റം വന്നു തുടങ്ങുന്നുണ്ട്. അതോടൊപ്പം ആഗോളതാപനത്തെ നിയന്ത്രിക്കാനായി വിവിധ രാജ്യങ്ങളിലെ സർക്കാരുകളുടെ മുൻകൈയിൽ നടത്തുന്ന തയ്യാറെടുപ്പുകൾ തുറന്നിടുന്നത് ഭീമമായ നിക്ഷേപസാധ്യതകൾ ആണെന്ന് അവർ തിരിച്ചറിയുകയും ചെയ്യുന്നു. ഗ്രീൻ എനർജി സാങ്കേതികവിദ്യകൾ പക്വതയാർജ്ജിച്ച് ലാഭസാധ്യതയും ചിലവു താരതമ്യേന കുറഞ്ഞതുമായ പൊതുധാരാ സാങ്കേതികവിദ്യകളായി മാറിക്കൊണ്ടിരിക്കുകയുമാണ്.

തങ്ങളുടെ കൈവശം കുമിഞ്ഞുകൂടികിടക്കുന്ന മിച്ച മൂലധനത്തിന് പുതുവഴികൾ തേടിയുള്ള നിരന്തരാന്വേഷണത്തിലാണ് മുതലാളിത്തം എപ്പോഴും. കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കുന്ന അവസരങ്ങൾ ആഗോള ഫിനാൻസ് മൂലധനശക്തികളെ ആവേശഭരിതരാക്കുന്നതിൽ അത്ഭുതത്തിനാവകാശമില്ല.

ഈ ആവേശത്തിന്റെ ഒരു പ്രകടിത രൂപമാണ് ESG എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന നിക്ഷേപരീതിക്ക് ഉണ്ടായി വരുന്ന വലിയ പ്രചാരം. ഒരു കമ്പനിയിൽ നിക്ഷേപം നടത്തുമ്പോൾ സാധാരണയായി നിക്ഷേപകർ പരിഗണിക്കാറുള്ളത് ആ സ്ഥാപനത്തിന്റെ ലാഭക്ഷമത, ധനകാര്യസ്ഥിതി തുടങ്ങിയ കാര്യങ്ങളാണ്. ഇതിന് പുറമെ കമ്പനിക്ക് പരിസ്ഥിതി (Environment), സമൂഹം (Society), ഭരണം (Governance) തുടങ്ങിയ കാര്യങ്ങളോടുള്ള സമീപനം കൂടി പരിഗണിക്കുന്ന രീതിയാണത്. സുസ്ഥിര വികസനം, net zero emissions തുടങ്ങി കാര്യങ്ങളിൽ ക്രിയാത്മകമായ സമീപനം എടുക്കാൻ കോർപറേറ്റുകളെ ഈ സമീപനം നിർബന്ധിതമാക്കും എന്നാണ് പറയപ്പെടുന്നത്. കുറച്ച് നാൾ മുൻപ് മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് അടുത്ത മൂന്നു വർഷങ്ങളിലേക്കായി 75000 കോടി രൂപ ഹരിത ഊർജ്ജ പദ്ധതികൾക്കായി വകയിരുത്തിയിട്ടുണ്ടെന്ന് പ്രഖ്യാപിച്ചത് ഓർക്കുക.

ഈ വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം ആഗോള ESG ഫണ്ടുകളിലേക്ക് 185.3 ബില്യൺ ഡോളർ നിക്ഷേപം എത്തിയിട്ടുണ്ട് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2025 ആകുമ്പോഴേക്ക് ESG ആസ്തികൾ 53 ട്രില്യൺ ഡോളർ കവിയുമെന്നാണ് ബ്ലൂംബെർഗ് പറയുന്നത്.

കോർപറേറ്റുകളെ ഗ്രീൻ എനർജി സംരംഭങ്ങളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്ന നിക്ഷേപകരുടെ ആക്ടിവിസം ഈ ആവേശത്തിന്റെ മറ്റൊരു രൂപമാണ്. ഈയിടെ ലോകത്തെ ഏറ്റവും വലിയ ഫോസിൽ ഇന്ധന കമ്പനികളിൽ ഒന്നായ എക്സോണിന്റെ ഡയറക്റ്റർബോർഡിലേക്ക് ഗ്രീൻ എനർജി സംരംഭങ്ങളോട് അനുഭാവമുള്ള മൂന്നു പേരെ തിരഞ്ഞെടുപ്പിക്കാൻ ഇങ്ങനെയുള്ള ആക്ടിവിസ്റ്റ് നിക്ഷേപകർ നടത്തിയ ശ്രമം വിജയം കണ്ടത് ഇതിന് ഒരു ഉദാഹരണമാണ്. അടുത്തയിടവരെ കാലാവസ്ഥാവ്യതിയാനത്തെ ആംഗീകരിക്കാൻ കൂട്ടാക്കാതിരുന്ന ഒരു കമ്പനിയാണത്.

ചിത്രം കടപ്പാട് : Metro DC DSA / Twitter

മുതലാളിത്തം പ്രശ്നമോ പരിഹാരമോ?

സ്വകാര്യ മൂലധനതാല്പര്യങ്ങൾ, അതിന്റെ സുഗമമായ പ്രവർത്തനം സാധ്യമാക്കുന്ന സർക്കാർ നയപരിപാടികൾ, പുതിയ സാങ്കേതികവിദ്യകൾ. ഈ മൂന്നും ഒത്തുചേർന്നാൽ കാലാവസ്ഥാവ്യതിയാനം സൃഷ്ടിച്ചിരിക്കുന്ന, ഭൂമിയിലെ ജീവന്റെ സാധ്യതകളെതന്നെ അപകടത്തിൽ ആക്കിയേക്കാവുന്ന, പ്രതിസന്ധികളെ മറികടക്കാനാകും എന്ന പ്രതീതി ഉണ്ടാക്കാൻ മേല്പറഞ്ഞ പ്രവണതകൾക്ക് കഴിഞ്ഞിട്ടുണ്ട്. ഇതെത്രത്തോളം ശരിയാണ്?

ശാസ്തസാങ്കേതികവിദ്യകൾക്ക് ഇക്കാര്യത്തിൽ വലിയ പങ്ക് വഹിക്കാനുണ്ടെന്നത് വാസ്തവമാണ്. CO2 ഉദ്ഗമനം കൂടിവരുമ്പോൾ കാർബണിനെ സ്വാഭാവികമായി ആഗിരണം ചെയ്യാനുള്ള കരയിലിലെയും സമുദ്രത്തിലെയും കാർബൺ സിങ്കുകളുടെ ഫലപ്രാപ്തി കുറഞ്ഞു വരുന്നു എന്നത് പോലുള്ള പുതിയ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിൽ പ്രത്യേകിച്ചും. പക്ഷെ അടിസ്ഥാനപരമായി വിവിധമാനങ്ങളുള്ള, പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ നിരവധി ഘടകങ്ങൾ കൂടി കലർന്ന അതിസങ്കീർണമായ പ്രതിസന്ധിയാണ് കാലാവസ്ഥാവ്യതിയാനം. അതിന് ഏകമാന പരിഹാരങ്ങൾ സങ്കൽപ്പിക്കുന്നത് യുക്തിസഹമല്ല.

മാത്രമല്ല, മുതലാളിത്ത സമ്പദ്വ്യവസ്ഥയുടെ ഘടനാപരമായ സവിശേഷതകളാണ്, അതിൽ അന്തർലീനമായിട്ടുള്ള വൈരുദ്ധ്യങ്ങളാണ്, കാലാവസ്ഥാവ്യതിയാനം അടക്കമുള്ള പാരിസ്ഥിതിക പ്രതിസന്ധികളുടെ കാതൽ. മൂലധന നിക്ഷേപകർക്ക് ലാഭം പരമാവധി ഉണ്ടാക്കി കൊടുക്കുക എന്നതാണ് ഈ വ്യവസ്ഥയുടെ ആത്യന്തിക ലക്ഷ്യം. പരിസ്ഥിതി, സമൂഹം തുടങ്ങിയ ഘടകങ്ങളെ കണക്കിലെടുക്കുന്നുണ്ടെങ്കിൽ തന്നെ ലാഭമാണ് അവയെ എല്ലാം കവച്ചു വെക്കുന്ന പ്രഥമപരിഗണന. അങ്ങിനെയൊരു വ്യവസ്ഥക്ക് ഉത്പാദനത്തിന്‍റെയും ഉപഭോഗതിന്‍റെയും പരിധികളില്ലാത്ത വളർച്ചയും അവസാനിക്കാത്ത മൂലധന സഞ്ചയനസാധ്യതകളും ലക്ഷ്യമാക്കിയേ മതിയാവൂ. രണ്ടു രീതിയിൽ ഈ പ്രക്രിയ പരിസ്ഥിതിയിൽ ആഘാതങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ഒന്നാമതായി, വ്യാവസായിക മുതലാളിത്തത്തിന്‍റെ തുടക്കം തൊട്ട് ഒരിക്കലും തീരാത്ത അസംസ്കൃത സാധനങ്ങളുടെ കലവറയായാണ് മുതലാളിത്തം ഭൂമിയെ കാണുന്നത്. അങ്ങിനെ കാണാതെ മുന്നോട്ട് പോകുക അതിന് അസാധ്യമാണ്. സമൂഹത്തിന്‍റെ പൊതുസ്വത്തായ ഭൂമിയേയും വെള്ളത്തെയും വായുവിനെയും പോലും മൂലധനത്തിന്‍റെ ആദിമസംഭരണത്തിന്‍റെ ഭാഗമാക്കി മാറ്റുന്ന മുതലാളിത്തയുക്തി സ്വാഭാവികമായും അനിവാര്യമായും വലിയ പാരിസ്ഥിതികപ്രതിസന്ധികൾക്ക് കാരണമാകുന്നു.

രണ്ടാമതായി, മിച്ചമൂല്യവും അതുവഴി ലാഭവും വർദ്ധിപ്പിക്കുകയെന്നത് അതിന്‍റെ നിലനിൽപ്പിന്‍റെ തന്നെ അടിസ്ഥാനനിയമമാണ്. അതിനായി മുതലാളിത്തത്തിന് ഉദ്പാദനശക്തികളുടെയും ഉല്പാദനരീതികളുടെയും നിരന്തരമായ നവീകരണത്തെയും വളർച്ചയെയും ആശ്രയിച്ചെ പറ്റൂ. ഈ സമ്മർദ്ദം സാങ്കേതികവിദ്യകൾ ദീർഘകാലാടിസ്ഥാനത്തിൽ പ്രകൃതിയിലും സമൂഹത്തിലും ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളെ അവഗണിക്കാൻ പ്രേരിപ്പിക്കുന്നു.

അങ്ങിനെ നോക്കുമ്പോൾ ഉദ്പാദനപ്രക്രിയയുടെമേലുള്ള ഫലപ്രദമായ സാമൂഹ്യനിയന്ത്രണം മാത്രമാണ് ആഗോളതാപനമടക്കമുള്ള പരിസ്ഥിതി പ്രതിസന്ധികൾക്കുള്ള ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരമാർഗ്ഗം എന്നത് വ്യക്തമാണ്. മാർക്കറ്റിന്റെ അദൃശ്യകാര്യങ്ങൾ മാത്രമായിരിക്കണം സാമ്പത്തികവ്യവഹാരങ്ങളെ നിയന്ത്രിക്കേണ്ടത് എന്ന് വിശ്വസിക്കുന്ന നിയോലിബറൽ മുതലാളിത്തത്തിന്റെ ചട്ടക്കൂട്ടിനകത്ത് ഇത് സാധ്യമല്ല.

പരിസ്ഥിതിപ്രശ്നങ്ങളുടെ പശ്ചാത്തലത്തിൽ വികസനത്തിന്റെ പരിധികളെക്കുറിച്ചുള്ള സന്ദേഹങ്ങൾ പൊതുമണ്ഡലത്തിൽ ഉയർത്തിക്കൊണ്ടുവരാൻ ആദ്യകാലത്ത് തുനിഞ്ഞത് മുതലാളിത്തത്തിന്റെ പതിവ് വിമർശകരായിരുന്നില്ല എന്നതാണ് കൗതുകകരമായ വസ്തുത. 1972 ൽ വ്യവസായിയും ധനശാസ്ത്രജ്ഞനും ആയ ഔരീലിയൊ പെക്കിയുടെ നേതൃത്വത്തിൽ ക്ലബ് ഓഫ് റോം പ്രസിദ്ധീകരിച്ച വളർച്ചയുടെ പരിമിതികൾ (Limits to growth) എന്ന പുസ്തകം ഉദാഹരണം. വിപ്ലവകരമായ ബദലുകളെ മുന്നോട്ടുവെച്ചില്ലെങ്കിലും മനുഷ്യൻ, പരിസ്ഥിതി, വികസനം തുടങ്ങിയ വിഷയങ്ങളെ വിമർശനപരമായി സമീപിക്കാൻ ഈ പുസ്തകത്തിൽ അവർ ശ്രമിച്ചു.

വാസ്തവത്തിൽ, ഇരുപതാം നൂറ്റാണ്ടിൽ മുതലാളിത്തത്തിന് ബദലായി ഉയർന്നു വന്ന പരീക്ഷണങ്ങളൊക്കെയും നടന്നത് ഉത്പാദനോപാധികളുടെ സ്വകാര്യ ഉടമസ്ഥതയിലാണ് മുതലാളിത്തത്തിന്റെ എല്ലാ പ്രശ്നങ്ങളും കുടികൊള്ളുന്നത് എന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ മാത്രമായിരുന്നു. മുതലാളിത്ത സാമ്പത്തികക്രമം രൂപം കൊടുത്ത മനുഷ്യനും പ്രകൃതിയും തമ്മിലുള്ള സുസ്ഥിരമല്ലാത്ത ബന്ധത്തെ വിമർശനാത്മകമായി സമീപിക്കേണ്ടതുണ്ട് എന്ന ബോധ്യം അവർക്കില്ലായിരുന്നു.

അതെന്തായാലും, മനുഷ്യജീവിതത്തിന്റെ ഭൗതിക അടിത്തറയായ പരിസ്ഥിതിയുടെ നാശം സംഭാവ്യമാണെന്ന നിലവന്നിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഈ കാഴ്ചപ്പാടിലൂടെയുള്ള വ്യവസ്ഥാവിമർശനം അനിവാര്യമായി തീർന്നിരിക്കുകയാണ്. നമ്മളെത്തി നിൽക്കുന്ന ഈ ചരിത്രസന്ധിയുടെ അനുഭവതീക്ഷ്ണത കാരണമായിരിക്കാം, പ്രതീക്ഷിക്കാത്ത കോണുകളിൽനിന്നുപോലും ഇപ്പോൾ ഇങ്ങനെയുള്ള വിമർശനങ്ങൾ ചിലപ്പോൾ ഉയർന്നു വരുന്നുണ്ട്. ഇവയെല്ലാം മുതലാളിത്തത്തിന് പകരം വെക്കാനൊക്കുന്ന ഒരു സോഷ്യലിസ്റ്റ് പരിപ്രേക്ഷ്യം മുന്നോട്ട് വെക്കുന്നുണ്ട് എന്നൊന്നുമല്ല പറഞ്ഞു വരുന്നത്. പക്ഷെ, അത്യന്തം പ്രസക്തമായ ചില ചോദ്യങ്ങൾ ഇവരിൽ നിന്നുയരുന്നുണ്ട്. സ്വാഗതാർഹമായ ഒരു കാര്യമാണത്.

അതിനൊരു ഉദാഹരണമാണ് ലോകത്തെ ഏറ്റവും വലിയ ഇൻവെസ്റ്റ്മെന്റ് മാനേജ്മെന്റ് സ്ഥാപനങ്ങളിലൊന്നായ ബ്ലാക്‌റോക്കിന്റെ മുൻ ചീഫ് ഇൻവെസ്റ്റ്മെന്റ് ഓഫീസർ ആയിരുന്ന താരിഖ് ഫാൻസി അടുത്തയിടെ പ്രസിദ്ധീകരിച്ച നീണ്ട കുറിപ്പ്. ESG നിക്ഷേപങ്ങളായിരുന്നു ബ്ലാക്‌റോക്കിൽ അദ്ദേഹത്തിന്റെ തട്ടകം. ഈ മേഖലയെ ഏറ്റവും അടുത്ത് അനുഭവിച്ചറിഞ്ഞ ഒരാളെന്ന നിലയിൽ നിരവധി ഉദാഹരണങ്ങൾ നിരത്തി ഫാൻസി പറയുന്നത് വളരെ ആപൽക്കരമായ ഒരു പ്ലസീബോ (മരുന്നെന്ന പേരില്‍ നല്‍കുന്ന മരുന്നല്ലാത്ത വസ്തു) ആണ് ESG എന്നാണ്. ബിസിനസ്സുകളുടെ ആത്യന്തികമായ ലക്ഷ്യം ലാഭം മാത്രമാണ്. പൊതുനന്മക്ക് വേണ്ടി സ്വയം നിയന്ത്രിക്കുന്ന ഒന്നല്ല മാർക്കറ്റ്. അതിന് വേണ്ടത് കാര്യങ്ങളെ വസ്തുനിഷ്ഠമായി കാണാനുള്ള കഴിവും ഇച്ഛാശക്തിയും ഉള്ള രാഷ്ട്രീയനേതൃത്വമാണ്.

ഒരു അനുഭവസ്ഥന്റെ ആത്മാർത്ഥതയുള്ള ആ നീണ്ട കുറിപ്പ് വായിച്ചു തീരുമ്പോൾ പരിഹാരനിർദ്ദേശങ്ങളുടെ വിശദാംശങ്ങളിൽ വിയോജിപ്പുണ്ടായെന്ന് വരാം. പക്ഷെ അതിന്റെ കേന്ദ്രസന്ദേശം വ്യക്തവും അനിഷേധ്യവുമാണ്: സമയം തീർന്നുകൊണ്ടിരിക്കുകയാണ്.


ലേഖനത്തിന്റെ ഒന്നാംഭാഗം

ആഗോളതാപനവും കാലാവസ്ഥാമാറ്റവും

എന്താണ് ഹരിതഗൃഹപ്രഭാവം?

കാലാവസ്ഥാചർച്ചകളും ഉടമ്പടികളും

എന്താണ് പാരിസ്ഥിതിക പാദമുദ്ര ?

കാലാവസ്ഥാമാറ്റവും പാരീസ് കരാറും

ആഗോളതാപനവും കാലാവസ്ഥാമാറ്റവും, നമുക്കെന്ത് ചെയ്യാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “IPCC-യുടെ താക്കീതുകൾ ഭാഗം 2

Leave a Reply

Previous post താണു പത്മനാഭൻ: കാലത്തിനു മുമ്പേ നടന്ന ദാർശനികൻ 
Next post ബെല്ലടിക്കുന്നു… ബാക്ക് റ്റു സ്കൂൾ
Close