ഫിസിക്‌സും ചിത്രകലയും 

   ബൈസ്റ്റാൻഡർ

വെളിച്ചത്തിന്റെ പീഡാനുഭവവും ആഹ്ലാദവുമാണ് നിറങ്ങളാകുന്നതെന്ന് ഗോഹ്റ്റ (Goethe) പറഞ്ഞത് ന്യൂട്ടന്റെ വർണ്ണസിദ്ധാന്തത്തിന് എതിരായിട്ടായിരുന്നു. ന്യൂട്ടനാകട്ടെ രണ്ടായിരം വർഷങ്ങളായി നിലനിന്ന അരിസ്റ്റോട്ടിലിന്റെ വർണങ്ങളെക്കുറിച്ചുള്ള സങ്കല്പത്തെ പൊളിച്ചെഴുതിയാണ് തന്റെ മഴവില്ലിന്റെ വർണ്ണരാജി (VIBGYOR എന്ന്  പലരും പറയുന്ന ROYGBIV) കണ്ടുപിടിത്തം മുന്നോട്ടു വച്ചത്. ആദ്യമായി വർണങ്ങളെക്കുറിച്ച് ഒരു സിദ്ധാന്തമുണ്ടാക്കുന്നത് അരിസ്റ്റോട്ടിലാണ്. പ്രകാശത്തിന്റെയും ഇരുട്ടിന്റെയും വകഭേദങ്ങളാണ് എല്ലാ നിറങ്ങളുമെന്നാണ് അരിസ്റ്റോട്ടിൽ പറഞ്ഞത്. അതെന്തായാലും ന്യൂട്ടന്റെ പഠനം – ഓപ്റ്റിക്സ് (Opticks, 1704) – വന്നതോടെ നിറങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവിലേക്കുള്ള വഴി തുറക്കുകയായിരുന്നു. ഈ ശാസ്ത്രീയതെയാണ് ഗോഹ്റ്റയെപ്പോലുള്ള, മനുഷ്യ ചരിത്രത്തിലെ വലിയ കവികളിലൊരാൾ, എതിർത്തത്. നിറങ്ങളെ  മനഃശാസ്ത്രപരമായി സമീപിച്ച് ഒരു പുസ്തകം, Theory of Colours, അദ്ദേഹം എഴുതുകയും ചെയ്തു.

ഗെർണിക്ക കടപ്പാട്: artisera

ശാസ്ത്രീയമായും സാംസ്കാരികമായും ഈ  പ്രപഞ്ചത്തെ മനസ്സിലാക്കുന്നതിന് നിറങ്ങൾ മനുഷ്യരെ സഹായിക്കുന്നു. നിറങ്ങളുടെ സാംസ്കാരികമായ വ്യഖ്യാനം സമൂർത്തമായ അനുഭവമാകുന്നത് ചിത്രകലയിലാണ്. കവിതയിലൂടെയും  ചിത്രകലയിലൂടെയുമൊക്കെ ലഭിക്കുന്ന ലാവണ്യാനുഭവം (Aesthetics) അടിസ്ഥാനപരമായി ഒരു മനശ്ശാസ്ത്ര പ്രക്രിയയാണ്. വെളിച്ചത്തിന്റെ പീഡാനുഭവവും ആഹ്ലാദവുമാണ് നിറങ്ങൾ എന്ന്  പറയുമ്പോൾ ലാവണ്യാനുഭവത്തെ ശാസ്ത്രീയ വിശകലനത്തിന് എതിരെ നിർത്തുകയായിരുന്നു ഗൊഹ്റ്റ. നോബേൽ ജേതാവായ ഫിസിസിസ്റ്റ് റിച്ചാർഡ് ഫെയ്ൻമാൻ ‘ശാസ്ത്രം നക്ഷത്രങ്ങളുടെ ഭംഗി ഇല്ലാതാക്കുന്നു. അവയെ വെറും വാതകഗോളങ്ങളായി കാണുന്നു’ എന്ന് കവികൾ പറയുന്നതായി സൂചിപ്പിച്ചിട്ട്, “ഞാനും രാത്രിയിൽ മരുഭൂമിയിലെ നക്ഷത്രങ്ങളെ നോക്കിനിന്നിട്ടുണ്ട്. ആ കാഴ്ച അനുഭവിച്ചിട്ടുണ്ട്..” എന്ന് പറയുമ്പോൾ ശാസ്ത്രവും കലയും, ശാസ്ത്രവും ലാവണ്യാനുഭവവും തമ്മിലുള്ള വൈജാത്യം അർത്ഥരഹിതമാണ് എന്ന്  പറയാൻ ശ്രമിക്കുകയായിരുന്നു. മനുഷ്യന്റെ പീഡാനുഭവം നിറങ്ങളില്ലാതെ, കറുപ്പിലും  വെളുപ്പിലും, വരച്ച പികാസോ (Guernica) ശാസ്ത്രവും ലാവണ്യാനുഭവവും ചേരുന്ന ഒരു തലം കണ്ടെത്തിയത് ന്യൂട്ടനും ഗോഹ്റ്റയ്ക്കും ഒക്കെ വളരെ പിന്നീടാണ്.

മോനാ ലിസ കടപ്പാട്: വിക്കിപിഡിയ
ആദാമിന്റെ സൃഷ്ടി കടപ്പാട്: വിക്കിപിഡിയ

നിറങ്ങളും നിറങ്ങളുടെ ശാസ്ത്രവും ചിത്രകലയുടെ ചരിത്രത്തിലൂടെ പരിശോധിച്ചാൽ കൊടുക്കൽ വാങ്ങലുകളുടെ ഒരു തുടർച്ച കാണാനാകും. ന്യൂട്ടന്റെ വർണ്ണസിദ്ധാന്തം വരുന്നതിനു മുൻപും വർണ്ണ ചിത്രങ്ങളുണ്ടായിരുന്നു. ലിയനാർഡോ ഡാവിൻചിയും, മൈക്കലാഞ്ചലോയും, റാഫേലും, റ്റിഷ്യനുമൊക്കെ  ന്യൂട്ടന് മുൻപ് ജീവിച്ചിരുന്ന ചിത്രകാരന്മാരാണ്. അവരുടെ ചിത്രങ്ങളിലെ നിറക്കൂട്ടുകൾ അന്ന് ലഭ്യമായിരുന്ന രാസവിദ്യയുടെ പരിമിതിയുമാണ് കാണിക്കുന്നത്. ഡാവിഞ്ചിയുടെ ‘മോനാ ലിസ’ (Mona Lisa), മൈക്കലാഞ്ചലോയുടെ ‘ആദാമിന്റെ സൃഷ്ടി’ (The Creation of Adam) എന്നീ ചിത്രങ്ങളുടെ വർണ്ണപദ്ധതി ശ്രദ്ധിക്കുക. അവയൊക്കെ അരിസ്റ്റോട്ടിലിയൻ വർണ്ണസങ്കല്പത്തിന്റെ തുടർച്ചയാണെന്നും ഫ്രഞ്ച് ചിത്രകാരനായ സ്യൂറ (Georges Seurat) യെപ്പോലുള്ളവർ ന്യൂട്ടോണിയൻ വർണ്ണസിദ്ധാന്തത്തിന്റെ ഭാഗമാണെന്നും കലാചരിത്രകാരനായ മാർട്ടിൻ കെംപ് നിരീക്ഷിച്ചിട്ടുണ്ട്. 

A Sunday on La Grande Jatte കടപ്പാട്: biography

സ്യൂറയുടെ “A Sunday on La Grande Jatte” എന്ന ചിത്രത്തിൽ വെളിച്ചവും നിറങ്ങളും കലരുന്നത് നോക്കുക. മദ്ധ്യകാലഘട്ടത്തിലും മറ്റും ചായങ്ങൾ കൂട്ടിക്കലർത്തുന്നത്  (pigment mixing) മരണം, ജീർണത/അഴുകൽ എന്നിങ്ങനെ അസ്വീകാര്യമായ അനുഭവങ്ങളായാണ് കണ്ടിരുന്നതെന്നും അതുകൊണ്ട് ചായക്കൂട്ടുകൾ സൃഷ്ടിക്കുന്നത് യൂറോപ്പിൽ നിയമം മൂലം നിരോധിരിച്ചിരുന്നുവെന്നും ചരിത്രം. ചിത്രകാരന്മാർ ചായങ്ങൾ മിക്സ് ചെയ്യാനുപയോഗിക്കുന്ന ചായപ്പലക (Palette) ഉപയോഗത്തിൽ വരുന്നത് ക്രി. വ 1400 ആകുമ്പോഴാണ്. എന്തായാലും ചായങ്ങൾ കൂട്ടിക്കലർത്തി മറ്റു നിറങ്ങൾ ഉണ്ടാക്കുന്ന വിദ്യ ന്യൂട്ടന് പ്രചോദനമായിട്ടുണ്ട് എന്ന് ചരിത്രകാരനായ അലൻ ഷാപിറോ തന്റെ ശ്രദ്ധേയമായ പഠനത്തിൽ പറയുന്നു.

ചിത്രകലയെക്കുറിച്ചുള്ള സങ്കൽപ്പങ്ങൾ മാറ്റിയെഴുതുന്നതിൽ കാലാകാലങ്ങളിൽ വികസിച്ചു വന്ന സാങ്കേതികവിദ്യ (Technology) യുടെ പങ്ക് ഒരുപാട് പഠനങ്ങൾക്ക് കാരണമായി. കണ്ട കാഴ്ചയെ അതുപോലെ  പകർത്തുകയെന്ന പ്രാഥമിക കർത്തവ്യത്തിൽ നിന്ന് കാഴ്ചയെ, കണ്ടതിനെയും കാണാത്തതിനെയും, വ്യഖ്യാനിക്കുക എന്ന സങ്കീർണതയിലേക്ക് ചിത്രകലയെ എത്തിക്കുന്നതിൽ ഫോട്ടോഗ്രഫി എന്ന സാങ്കേതിക വിദ്യയുടെ പങ്ക് വളരെ ലളിതമായ ഒരു ഉദാഹരണമാണ്. “നമ്മൾ കാണുന്നതിനെ പുനർനിർമ്മിക്കുന്നതല്ല കല. അത് നമ്മെ കാഴ്ച്ചയിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്  (Art does not reproduce what we see; rather, it makes us see.) എന്നൊരു കുഴപ്പിക്കുന്ന നിരീക്ഷണം ഇരുപതാം നൂറ്റാണ്ടിലെ വലിയ ചിത്രകാരന്മാരിലൊരാളായ പോൾ ക്ലേ (Paul Klee) യുടേതായുണ്ട്.

കാമെറയും ഫോട്ടോഗ്രഫിയും അടിസ്ഥാനപരമായി വെളിച്ചത്തിന്റെ ശാസ്ത്രത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. അതായത് ഫിസിക്സിൽ നിന്ന്. ഫോട്ടോ ഫിലിം, പ്രിന്റിംഗ് എന്നീ സഹായക സാങ്കേതികവിദ്യക്ക് പിന്നിൽ കെമിസ്ട്രിയിലെ അറിവുകളുമുണ്ട്. പ്രകാശശാസ്ത്ര (Optics) ത്തിന്റെയും കാചം അഥവാ ലെൻസിന്റെയും ചരിത്രത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ടെങ്കിലും പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യവർഷങ്ങളിലാണ് ഫോട്ടോഗ്രാഫിക് ലെൻസ്, കാമെറ  എന്നീ സാങ്കേതിക വികാസങ്ങൾ ഉണ്ടാകുന്നത്. അതോടെ  ചിത്രകലയുടെ സ്വഭാവവും മാറുകയായിരുന്നു.

1. The Last Supper, 2. The Last Supper ന്റെ രേഖീയമായ ത്രിമാനത 

മനുഷ്യചിന്തയിലും സംസ്കാരത്തിലും പ്രത്യക്ഷമായ ഇടപെടൽ നടത്തിയ, അല്ലെങ്കിൽ ചിന്തയുടെയും സംസ്കാരത്തിന്റെയും ഗതിമാറ്റത്തിന് കാരണമായ ശാസ്ത്രശാഖ ഫിസിക്സ് ആണ്. ക്ലാസ്സിക്കൽ മെക്കാനിക്സിൽ (ബല-ചലന പഠനം) നിന്ന്  ക്വാന്റം മെക്കാനിസ്കസിലേക്ക് എത്തുമ്പോൾ മനുഷ്യന്റെ പ്രപഞ്ചവീക്ഷണം അതിവിശാലവും സങ്കീർണവുമാവുകയാണ്. ചിത്രകല ഈ സമസ്യയെ പിൻപറ്റിയാണ് വികസിച്ചത്. മനുഷ്യർക്ക് കാണാവുന്ന ബാഹ്യപ്രപഞ്ചം ത്രിമാന സ്വഭാവമുള്ളതാണ് (Three Dimensional). ചിത്രകലയുടെ പ്രതലം നീളവും വീതിയും മാത്രമുള്ള ദ്വിമാന അനുഭവസ്ഥലമാണ്. അവിടെ ത്രിമാനരൂപങ്ങൾ ചിത്രീകരിക്കാൻ കഴിയുമെന്നത് നമ്മുടെ അനുഭവപരിചയത്തിലുള്ള കാര്യമാണ്. ഒരു ദ്വിമാനസ്ഥലം എങ്ങനെ ത്രിമാനമായ ഒരു കാഴ്ച അല്ലെങ്കിൽ അനുഭവം തരുന്നു എന്നത് ന്യൂറോ സയൻസിന്റെ (ന്യൂറോളജി എന്ന വൈദ്യശാസ്ത്ര ശാഖയല്ല) പഠന മേഖലയാണ്.  ചിത്രകലയിലേക്ക് വന്നാൽ യൂറോപ്യൻ നവോത്ഥാന കാലഘട്ടത്തിലാണ് (Renaissance Period) ത്രിമാനരൂപങ്ങൾ വരയ്ക്കുന്ന സങ്കേതങ്ങൾ പൂർണ വികാസം പ്രാപിച്ചത്. ചിത്രങ്ങളിലെ ത്രിമാനസ്ഥലത്തിന് എത്ര വേണമെങ്കിലും ഉദാഹരണങ്ങളുണ്ട്. എന്നാൽ ലിയനാർഡോ ഡാ വിൻചി  The Last Supper, രേഖീയമായ ത്രിമാനത  (Linear Perspective) അഥവാ  ജ്യോമിതീയമായി സൃഷ്ടിക്കപ്പെടുന്ന സ്ഥലമാനം/ആഴം; തോത് ചുരുക്കൽ (Diminishing Scale) അഥവാ ദൂരവും വലുപ്പവും തമ്മിലുള്ള വിപരീത ബന്ധം; ചുറ്റുപാടുകളുടെ ത്രിമാനത (Atmospheric Perspective) അഥവാ ദൂരമനുസരിച്ച് നിറങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാക്കുക എന്നീ  സങ്കേതങ്ങളുടെ ഉത്തമ നിദർശനമാണ്. Linear Perspective എന്ന സങ്കേതം എത്ര ശാസ്ത്രീയമായാണ് ഡാ വിൻചി ഉപയോഗിച്ചിരിക്കുന്നതെന്ന് പലരും നിരീക്ഷിച്ചിട്ടുണ്ട്. രേഖീയ ത്രിമാനതയ്ക്ക് ഉപയോഗിക്കുന്ന, കാഴ്ചയുടെ രേഖകൾ ഒരു ബിന്ദുവിലേക്ക് ചെന്നുചേർന്ന്  (Converge) മറയുന്ന vanishing point എന്ന രീതി എങ്ങനെ The Last Supper  ൽ കൃത്യമായി വരുന്നു എന്നത് ശ്രദ്ധിക്കുക.  

Tesseract കടപ്പാട്: വിക്കിപിഡിയ

ത്രിമാനതയിൽ നിന്ന് ശാസ്ത്രം ചതുർമാനസ്ഥലം (Four-Dimensional Space) എന്നൊക്കെ സങ്കല്പങ്ങളെ മാറ്റിയെഴുതുമ്പോൾ സംഗതി ആകെ സങ്കീർണമാകുന്നു. “ഈ പ്രപഞ്ചം നമ്മൾ ചിന്തിച്ചതിനേക്കാൾ അത്ഭുതകരമാണ്. മാത്രമല്ല, നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനേക്കാളും  അത്ഭുതകരവുമാണത്.” (“Not only is the Universe stranger than we think, it is stranger than we can think.”) എന്ന് ഫിസിസിസ്റ്റും ദാർശനികനുമായിരുന്ന ഹൈസൻബെർഗ് (Werner Heisenberg) പറഞ്ഞത് ഇവിടെ ശ്രദ്ധേയമാണ്. പൊതുവേ സുപരിചിതമായ പരമ്പരാഗത ജ്യോമിതി (Euclidean Geometry) ഉപയോഗിച്ച് ഒരു ദ്വിമാനസ്ഥലത്ത് രണ്ട് ത്രിമാന ക്യൂബുകൾ വരയ്ക്കുക അതിലൊന്ന്  മറ്റൊന്നിനെ ഉൾക്കൊള്ളുന്നതുമായി സങ്കല്പിച്ചുനോക്കുക. ഇതിനെ Tesseract എന്ന് വിളിക്കുന്നു . ഒരു ചതുര രൂപത്തിന്റെ (Square) ത്രിമാനരൂപമാണല്ലോ ക്യൂബ് (Cube). ഒരു ക്യൂബിന്റെ ചതുർമാന രൂപമാണ് Tesseract. ഹെയ്‌സൻബർഗ് പറഞ്ഞതു പോലെ ‘it is stranger than we can think.’ ഐൻസ്റ്റൈൻ വിഭാവനം ചെയ്ത ആപേക്ഷികതാ സിദ്ധാന്തം  ജ്യാമിതീയമായി മനസ്സിലാക്കാനായി മിങ്കോവ്സ്കി (Hermann Minkowski)  വികസിപ്പിച്ച, യൂക്ലിഡിയൻ ജ്യോമെട്രിയുടെ നീളം വീതി കനം എന്നീ അളവുകൾക്കുമേൽ സമയം എന്നൊരു അളവുകൂടെ വയ്ക്കുന്ന, Minkowski space എന്നറിയപ്പെടുന്ന സങ്കല്‌പനം ഗണിതശാസ്ത്രത്തിന്റെ ദൃഢയുക്തികൾ കൊണ്ടേ മനസ്സിലാക്കാൻ കഴിയൂ.  ഫിസിക്സിന്റെ വികാസങ്ങളെ പിൻപറ്റിയിരുന്ന ചിത്രകല ഈ അതിസങ്കീർണമായ സങ്കല്പങ്ങളോട് എങ്ങനെയാണ് പ്രതികരിച്ചതെന്ന് നോക്കുന്നത് രസകരമായിരിക്കും.

1936 ൽ ഹംഗേറിയൻ ചിത്രകാരനും കലാസൈദ്ധാന്തികനുമായ ചാൾസ് സീരത്തോ (Charles Sirato) The Dimensionist Manifesto എന്നൊരു ആശയം മുന്നോട്ടുവച്ചു. സ്ഥലവും (ത്രിമാനസ്ഥലം, space എന്ന അർത്ഥത്തിൽ) കാലവും (Time) വ്യത്യസ്തമായ വിഭാഗങ്ങളല്ലെന്നും യൂക്ലിഡിയൻ ജ്യോമെട്രിയിൽ നിന്നു മാറി (Non-Euclidean) വിഭാവനം ചെയ്‌താൽ അനുബന്ധ പരിമാണങ്ങളാണ് സ്ഥലവും കാലവും എന്ന് മാനിഫെസ്റ്റോ പറയുന്നു. Dimensionism (പരിമാണവാദം എന്ന്  വേണമെങ്കിൽ അർത്ഥമെഴുതാം) എന്ന സങ്കല്പനത്തിന്റെ വികാസഗതി സീരത്തോ പറയുന്നത് ഇങ്ങനെയാണ്;

സാഹിത്യം വരികളിൽ നിന്ന് പ്രതലങ്ങളിലേക്ക് (plane) എത്തുക

ചിത്രകല  പ്രതലങ്ങളിൽ നിന്ന് ത്രിമാനസ്ഥലം- സ്പെയ്സിലേക്ക്

ശിൽപ്പകല ചലനരഹിതവും അടഞ്ഞതുമായ ത്രിമാനതയിൽ നിന്ന് പുറത്തേക്ക് (അങ്ങനെ Minkowski യുടെ ചതുർമാന (four-dimensional) സ്പെയ്സിന്റെ കലാപരമായ ആവിഷ്കാരമാകുക)

അങ്ങനെ ഒരു പുതിയ കലാരൂപം സൃഷ്ടിക്കപ്പെടും: “പ്രപഞ്ചകല (Cosmic art). ബാഷ്പീകരിക്കപ്പെടുന്ന / ആവിയായിപ്പോകുന്ന ശില്പങ്ങൾ (vaporisation of sculpture); പദാർത്ഥ/ദ്രവ്യ സംഗീതം” (“matter-music”-ഈ സങ്കൽപം  എന്താണെന്ന് മാനിഫെസ്റ്റോ വിശദീകരിക്കുന്നില്ല)  

കടപ്പാട്: വിക്കിപിഡിയ

വരികളുടെ ദൃശ്യപരിമിതിയിൽ  നിന്ന് ദ്വിമാന പ്രതലത്തിലേക്ക് സാഹിത്യം ചെന്നെത്തുന്നതിന് പല ഉദാഹരണങ്ങളും ചൂണ്ടിക്കാണിക്കാനാകും. ഫ്രഞ്ച് കവിയും നാടകകൃത്തും കലാവിമർശകനുമായിരുന്ന അപോളിനേയുടെ (Guillaume Apollinaire) അക്ഷരങ്ങളെയും വാക്കുകളേയും ദ്വിമാനമായി വിന്യസിച്ച് എഴുതിയ Calligrammes (ലിപിചിത്രവിന്യാസങ്ങൾ) ശ്രദ്ധേയമാണ്. ഒരു കവിതയിലെ വരികളുടെ വിന്യാസത്തിലൂടെ തന്റെ പ്രണയിയുടെ ചിത്രം അപോളിനേ എഴുതുന്നുണ്ട്. ആ കവിതയിലെ വരികളുടെ ഏകദേശ മലയാളം ഇങ്ങനെ വരും:

“തിരിച്ചറിയൂ നിന്നെ, ഈ ആരാധ്യരൂപം, അത് നീയാണ്. ആ വിടർന്ന തൊപ്പിയ്ക്കു താഴെ മൂക്ക് കണ്ണ് നിന്റെ ചുണ്ടുകൾ, ഇതാ നിന്റെ മുഖത്തിന്റെ ദീർഘവൃത്തം, നിന്റെ അനുപമമായ കഴുത്ത്, ഒടുവിലിതാ നിന്റെ മനോഹരമുഖത്തിന്റെ അപൂർണചിത്രം, മൂടൽമഞ്ഞിലൂടെ കാണുന്നതുപോലെ,നിന്റെ മിടിയ്ക്കുന്നഹൃദയം ഒരു ചെറു പുഷ്പമാണ്…”

ഈ വരികൾ ഫ്രഞ്ചിൽ തന്റെ കൈപ്പടയിൽ എഴുതി അല്ലെങ്കിൽ വരച്ച് അദ്ദേഹം ഒരു  ചിത്രം നിർമ്മിക്കുന്നു. (ഇവിടെ കൗതുകകരമായ ഒരു  വസ്തുതയുള്ളത്, ഈ കവിതാ ചിത്രത്തിലെ നായിക ഫ്രഞ്ച് ചിത്രകാരിയായിരുന്ന Marie Laurencin ആകാനാണ് സാദ്ധ്യതയെന്നതാണ്. അവർ അപോളിനേയുടെ കാമുകിയായിരുന്നു. Marie Laurencin ‘അപോളിനേയും സുഹൃത്തുക്കളും’ എന്നൊരു ചിത്രം വരച്ചിട്ടുണ്ട്. ക്യൂബിസ്റ്റ് രചനാസങ്കേതത്തിന്റെ ധ്വനികളുള്ള ഒരു ചിത്രമാണത്. ക്യൂബിസം , ഫ്യൂച്വറിസം എന്നീ കലാപ്രസ്ഥാനങ്ങളിലാണ്  പരിമാണവാദത്തിന്റെ (Dimensionism) വേരുകൾ എന്ന് മാനിഫെസ്റ്റോയുടെ തുടക്കത്തിൽ സീരത്തോ എഴുതുന്നുണ്ട്).

Man Dressing

ചിത്രകല ദ്വിമാനപ്രതലത്തിൽ നിന്ന് ത്രിമാനസ്ഥലത്തേക്ക് എന്ന് മാനിഫെസ്റ്റോയിൽ പറയുന്നത് ജ്യോമെട്രിയുടെ പരിമിതികളിൽ നിന്നുകൊണ്ട് ത്രിമാനരൂപങ്ങൾ സൃഷ്ടിക്കുന്നതല്ല.  ത്രിമാനത എന്ന അനുഭവത്തിലേക്ക് കാലത്തിന്റെ ദൃശ്യബിംബങ്ങളെയും പകർത്തുകയാണത്. സ്വിസ്സ് -അമേരിക്കൻ ഫോട്ടോഗ്രാഫറായ Herbert Matter പ്രകാശത്തിന്റെ ഇടവിട്ടുള്ള വിന്യാസത്തിലൂടെ ചലിക്കുന്ന ഒരു വസ്തുവിന്റെ ചലനരഹിതമായ നിമിഷങ്ങൾ പകർത്തുന്ന സാങ്കേതികവിദ്യയായ stroboscopy ഉപയോഗിച്ച് സൃഷ്ടിച്ച ‘Man Dressing’ എന്ന ഫോട്ടോ നല്ലൊരു ഉദാഹരണമാണ്. ഒരുമനുഷ്യൻ വസ്ത്രം ധരിക്കുകയാണ്. സ്റ്റിൽ കാമെറയിൽ ആ ചലങ്ങൾ ചിത്രീകരിക്കാനാവില്ലല്ലോ. Stroboscopic technology കഴിഞ്ഞുപോയ നിമിഷങ്ങളെ ഒരു തുടർച്ചയെന്നോണം ചിത്രീകരിക്കാൻ സഹായിക്കുന്നു. ആ ചിത്രം നോക്കൂ. വസ്ത്രം ധരിക്കുക എന്ന ചലനത്തിന്റെ കഴിഞ്ഞുപോയ നിമിഷങ്ങൾക്കുള്ളിലെവിടെയോ ആണ് വസ്ത്രം ധരിച്ചുകഴിഞ്ഞ ആ മനുഷ്യൻ. കഴിഞ്ഞുപോയ കാലമാണ് ഇവിടെ ത്രിമാനമായ അനുഭവം തരുന്നത്. ജ്യോമെട്രിയുടെ സങ്കേതങ്ങളല്ല.

CLAW

ശിൽപ്പകല ചലനരഹിതവും അടഞ്ഞതുമായ ത്രിമാനതയിൽ നിന്ന് പുറത്തേക്ക് (അങ്ങനെ Minkowski യുടെ ചതുർമാന (four-dimensional) സ്പെയ്സിന്റെ കലാപരമായ ആവിഷ്കാരമാകുക എന്നതിന്റെ ഉദാഹരണങ്ങളിലൊന്ന് മാനിഫെസ്റോയിൽ ഒപ്പു വച്ച കലാകാരന്മാരിലൊരാളും അമേരിക്കൻ ശില്പിയുമായിരുന്ന അലക്‌സാണ്ടർ കാൽഡറുടെ (Alexander Calder) ശില്പങ്ങളാണ്. അവ  നിശ്ചലമല്ല. ചലിക്കുന്ന ത്രിമാന രൂപങ്ങളാണവ. ഇന്ത്യൻ ആർക്കിറ്റെക്റ്റ് ഗീരാ സാരാഭായിയുടെ ക്ഷണം സ്വീകരിച്ച് അഹമ്മദാബാദിൽ വന്ന കാൽഡർ ഗീരയുടെ ഗാർഡനിൽ ചെയ്ത ഒരു ശിൽപം (Claw) ഈ സങ്കല്പത്തിൽ കണ്ടു നോക്കുക.

The Poet കടപ്പാട്: guggenheim

സീരത്തോയുടെ Dimensionist Manifesto യും പലരും തുടർന്ന് നടത്തിയ ഐൻസ്റ്റൈൻ-പിക്കാസോ പഠനങ്ങളും ലോകത്തിന്റെ ബൗദ്ധിക ചരിത്രത്തിന്റെ ഭാഗമായിയെന്നത് സത്യമാണ്. പക്ഷേ ക്യൂബിസം പോലുള്ള ചിത്രരചനാ സമ്പ്രദായങ്ങളും ഐൻസ്റ്റൈന്റെ ആപേക്ഷികതാ സിദ്ധാന്തവും (Theory of Relativity) തമ്മിൽ പലരും കണ്ടെത്താൻ ശ്രമിച്ച ബന്ധം തികച്ചും അടിസ്ഥാനരഹിതമാണെന്നും കലയുടെയും ഫിസിക്സിന്റെയും രീതിശാസ്ത്രയുക്തികൾക്ക് ചേരുന്നതല്ല എന്നും ആഴമുള്ള പഠനങ്ങളുണ്ട്. (Linda Dalrymple Henderson)  പികാസോയുടെ  The Poet എന്ന ക്യൂബിസ്റ്റ് ചിത്രം ഐൻസ്റ്റൈൻ പറയുന്ന reference frames  എന്ന  അമൂർത്തമായ coordinate സിസ്റ്റത്തിന്റെ ചിത്രീകരണമാണെന്നൊക്കെ കലാചിന്തകർ പറയുന്നതിലെ ലളിതവത്കരണം  Gavin Parkinson നെപ്പോലുള്ള കലാപണ്ഡിതർ ചൂണ്ടിക്കാണിച്ചിട്ടുണ്ട് .

തത്വചിന്തയിലും വിജ്ഞാനസിദ്ധാന്തത്തിലുമൊക്കെ (epistemology) ആപേക്ഷികതാ സിദ്ധാന്തവും (Theory ഓഫ് Relativity) കണികാഭൗതികവും (Quantum Physics) സൃഷ്ടിച്ച വിച്ഛേദം കാഴ്ചയിലും അറിവിലും അങ്ങനെ പ്രപഞ്ചവീക്ഷണത്തിലുമൊക്കെയുള്ള മനുഷ്യ ധാരണകളെ പുതുക്കിയെഴുതുകയായിരുന്നു. കലയുടെ എല്ലാ പ്രത്യക്ഷരൂപങ്ങളിലുമെന്നപോലെ അത് ചിത്രകലയുടേയും ധാരണകളെ മാറ്റിമറിച്ചു.   ചിത്രകലയ്ക്ക് എല്ലാ മനുഷ്യവ്യവഹാരങ്ങളേയും പോലെ ശാസ്ത്രവ്യതിരിക്തമായ ഒരു നിലനിൽപ്പില്ല. ചിത്രകലയുടെ അന്വേഷണൾക്ക് മുകളിൽ ശാസ്ത്രസിദ്ധാന്തങ്ങൾ ആരോപിക്കുന്നത്തിനു പകരം കലയും ശാസ്ത്രവും മനുഷ്യന്റെ സത്യാന്വേഷണവഴിയിലെ വെട്ടങ്ങളാണെന്ന് കാണുന്നതായിരിക്കും ശരി.


അധിക വായനയ്ക്ക്

  1. Martin Kemp, The Science of Art: Optical Themes in Western Art from Brunelleschi to Seurat, Yale University Press, 1992
  2. Shapiro, A. E. (1994). Artists’ Colors and Newton’s Colors. Isis, 85(4), 600–630. 
  3. Linda Dalrymple Henderson, The Fourth Dimension and Non-Euclidean Geometry in Modern Art, MIT Press, 2014 
  4. ‘Revolutions in Art and Science: Cubism, Quantum Mechanics, and Art History’ – Vanja V Malloy (ed), Dimensionism: Modern Art in the age of Einstein’, Cambridge, Mass.: MIT, 2018, 99-113

മറ്റു ലേഖനങ്ങൾ

 

Leave a Reply