Read Time:27 Minute


അജിത് ബാലകൃഷ്ണൻ

ഗ്രീൻലാന്റിലെ അതിവിശാലമായ മഞ്ഞുപാളികളുടെ ഉച്ചകോടിയിൽ സ്ഥിതിചെയ്യുന്ന സമ്മിറ്റ് ക്യാമ്പ് സാധാരണയായി വർഷത്തിലൊരിക്കലും മഴ പെയ്യാത്ത ഒരിടമാണ്. താപനില എപ്പോഴും 0° സെൽഷ്യസിൽ താഴെയായതിനാൽ മഞ്ഞുരുകാതെ കിടക്കും. എന്നാൽ കഴിഞ്ഞ ആഗസ്റ്റ് 14-ന് ആ പതിവ് തെറ്റി. സമ്മിറ്റിലെ മഞ്ഞുപാളികൾക്ക് മീതെ മണിക്കൂറുകളോളം മഴ പെയ്തു.

കുറച്ചു കാലങ്ങളായി കാലാവസ്ഥാവ്യതിയാനമെന്നത് ഒരു ഭാവനയല്ലെന്ന് ഓർമ്മിപ്പിച്ചുകൊണ്ട് നിത്യേനയെന്നോണം ലോകമെമ്പാടും ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളുണ്ട്. അവയിൽ പലതും നാളിതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത അനുഭവങ്ങളാണ്. ഗ്രീൻലാന്റിൽ ഉണ്ടായതുപോലെ. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നേച്ചർ മാസിക പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് അവിടത്തെ മഞ്ഞുപാളികൾ മുൻപൊന്നുമില്ലാത്ത രീതിയിൽ ഉരുകുകയാണ് എന്നാണ്. അന്റാർട്ടിക്ക കഴിഞ്ഞാൽ ഏറ്റവും അധികം മഞ്ഞുപാളികളുള്ളത് ആർട്ടിക്ക് അറ്റ്ലാന്റിക് സമുദ്രങ്ങൾക്കിടക്ക് സ്ഥിതി ചെയ്യുന്ന ഈ വലിയ ദ്വീപിലാണ്. ഇവിടെ മഞ്ഞുരുകുന്നത് ജൈവമണ്ഡലത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും എന്നാണ് വിദഗ്ദ്ധമതം.

സർറിയലിസ്റ്റ് മാനം കൈവരിക്കുന്ന ഇത്തരം കാലാവസ്ഥാമാറ്റങ്ങളുടെ കടുംചിത്രങ്ങളാണ് കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാവ്യതിയാനത്തിനായുള്ള ഇന്റർ ഗവൺമെന്റൽ പാനലിന്റെ (ഐപിസിസി) പുതിയ റിപ്പോർട്ട് വായിച്ചുകൊണ്ടിരുന്നപ്പോൾ മനസ്സിൽ തെളിഞ്ഞത്.

കാര്യമാത്ര പ്രസക്തമായ, നിസ്സംഗമെന്നു തന്നെ പറയാവുന്ന, ഇങ്ങനെയൊരു പ്രസ്താവനയോടെയാണ് റിപ്പോർട്ടിന്റെ പ്രധാനനിരീക്ഷണങ്ങൾ ആരംഭിക്കുന്നത്: “മനുഷ്യന്റെ ഇടപെടലുകൾ അന്തരീക്ഷത്തിന്റെയും കടലിന്റെയും കരയുടെയും താപനത്തിനിടയാക്കിയിട്ടുണ്ടെന്നത് സംശയാതീതമാണ്. വ്യാപകവും അതിവേഗത്തിലുള്ളതുമായ മാറ്റങ്ങളാണ് അന്തരീക്ഷത്തിലും സമുദ്രത്തിലും ഹിമാവരണങ്ങളിലും ജൈവമണ്ഡലത്തിലും ഉണ്ടായിട്ടുള്ളത്”.

ഗ്രെറ്റ തുൻബെർഗോ നവോമി ക്ളീനോ പോലുള്ള ആക്ടിവിസ്റ്റുകളുടെ ഭാഷയിലെ അതിവൈകാരികത ഒരു ശാസ്ത്രറിപ്പോർട്ടിൽ നിന്നു പ്രതീക്ഷിക്കുക വയ്യല്ലോ. എന്നാലും അതീവശ്രദ്ധയോടെ എഴുതപ്പെട്ട ഈ റിപ്പോർട്ടിലെ ഓരോ വാചകവും ഇനിയും വൈകുകയാണെങ്കിൽ അത് ഈ ഭൂമിയിലെ മനുഷ്യന്റെ അതിജീവനസാധ്യതകളെ ഇല്ലാതാക്കിയേക്കുമെന്ന ആശങ്ക പങ്കുവെക്കുന്നു. സമകാലീന ജീവിതാനുഭവങ്ങൾക്ക് അടിവരയിടുകയും ശാസ്ത്രത്തിന്റെ വിശദീകരണങ്ങൾ നൽകുകയും ചെയ്യുന്നു ഐപിസിസിയുടെ കണ്ടെത്തലുകൾ.

ഐപിസിസി റിപ്പോർട്ടുകൾ – ഘടനയും പ്രസക്തിയും

കാലാവസ്ഥാവ്യതിയാനത്തെ കുറിച്ചുള്ള ആധികാരിക രേഖകളാണ് ഐപിസിസി റിപ്പോർട്ടുകൾ. ലോകത്തെല്ലായിടത്തുനിന്നും ഉള്ള ശാസ്ത്രജ്ഞരുടെയും വിദഗ്‌ധരുടെയും പങ്കാളിത്തം, ദൗത്യത്തിന്റെ സങ്കീർണ്ണതയും വ്യാപ്തിയും ഇതൊക്കെയാണ് ഈ റിപ്പോർട്ടുകളെ ശ്രദ്ധേയമാക്കുന്നത്. 195 സർക്കാരുകളാണ് ഐക്യരാഷ്ട്രസഭയുടെ ഈ പാനലിൽ അംഗങ്ങളായിട്ടുള്ളത്. പാനൽ തിരഞ്ഞെടുക്കുന്ന ബ്യൂറോ ആണ് ഐപിസിസിയുടെ പ്രവർത്തനങ്ങളുടെ ദിശ നിർണ്ണയിക്കുന്നത്.

മൂന്ന് വർക്കിംഗ് ഗ്രൂപ്പുകളും ഒരു ടാസ്ക് ഫോഴ്സും ആയിട്ടാണ് ഐപിസിസിയുടെ പ്രധാന പ്രവർത്തനങ്ങൾ നടന്നുവരുന്നത്. കാലാവസ്ഥാവ്യതിയാനത്തിന്റ ഭൗതികശാസ്ത്ര അടിത്തറയാണ് ന്നാമത്തെ ഗ്രൂപ്പിന്റെ വിഷയം (WGI – The Physical Science Basis of Climate Change). രണ്ടാമത്തെ ഗ്രൂപ്പിന്റെ അന്വേഷണ വിഷയങ്ങൾ കാലാവസ്ഥാവ്യതിയാന പ്രത്യാഘാതങ്ങൾ, അതുമായി പൊരുത്തപ്പെടാനുള്ള വഴികൾ, അത് വെളിവാക്കുന്ന ദുർബലതകൾ എന്നിവയാണ്. (WGII Impacts, Adaptation and Vulnerability). കാലാവസ്ഥാവ്യതിയാനം ലഘൂകരിക്കുക, ഹരിതഗൃഹ വാതകങ്ങളുടെ ഉദ്‌ഗമനം (emission) കുറയ്ക്കാനും അന്തരീകാശത്തിൽനിന്ന് അവയെ നീക്കം ചെയ്യാനും ഉള്ള രീതികൾ വിലയിരുത്തുക തുടങ്ങിയ കാര്യങ്ങളാണ് മൂന്നാമത്തെ ഗ്രൂപ്പ് കൈകാര്യം ചെയ്യുന്നത്. (Working Group III Mitigation of Climate Change)

ഈ വർക്കിംഗ് ഗ്രൂപ്പുകളുടെ പ്രധാനപ്രവർത്തനം കാലാവസ്ഥാവ്യതിയാനം, അതിന്റെ കാരണങ്ങൾ, പ്രത്യാഘാതങ്ങൾ, പരിഹാരനിർദ്ദേശങ്ങൾ തുടങ്ങിയ കാര്യങ്ങളെ സമഗ്രമായി വിലയിരുത്തുന്ന റിപ്പോർട്ടുകൾ തയ്യാറാക്കലാണ്. ആറേഴ് വർഷങ്ങൾ എടുത്താണ് ഈ അസ്സസ്മെന്റ് റിപ്പോർട്ടുകൾ (ARs) തയ്യാറാക്കപ്പെടുന്നത്. ഇതിന് പുറമെ പ്രത്യേക വിഷയങ്ങളെ അധികരിച്ചുകൊണ്ടുള്ള സ്പെഷ്യൽ റിപ്പോർട്ടുകളും രീതിശാസ്ത്രസംബന്ധിയായ റിപ്പോർട്ടുകളും ചിലപ്പോൾ ഐപിസിസി പ്രസിദ്ധീകരിക്കാറുണ്ട്.

ഇതിനകം അഞ്ചു അസ്സസ്മെന്റ് റിപ്പോർട്ടുകളാണ് പുറത്തു വന്നിട്ടുള്ളത്. അഞ്ചാമത്തേത് പ്രസിദ്ധീകരിക്കപ്പെട്ടത് 2014 ൽ ആണ്. ഏതാണ്ട് പൂർത്തിയായ ആറാമത്തെ പൂർണ്ണ അസ്സസ്മെന്റ് റിപ്പോർട്ടിലേക്കുള്ള ഒന്നാമത്തെ വർക്കിംഗ് ഗ്രൂപ്പിന്റെ സംഭാവനയാണ് നേരത്തെ ഉദ്ധരിച്ച ഐപിസിസി റിപ്പോർട്ട്. 66 രാജ്യങ്ങളിൽ നിന്നായി 234 വിദഗ്ദ്ധരാണ് മൂവായിരത്തിലേറെ പേജുകളുള്ള 2021 ലെ കാലാവസ്ഥാവ്യതിയാനത്തിന്റെ ഭൗതികശാസ്ത്രാടിസ്ഥാനത്തെക്കുറിച്ചുള്ള ഈ റിപ്പോർട്ടിന്റെ രചനയിലേർപ്പെട്ടത്. ഇവർക്ക് പുറമെ 517 പേർ രചനയിൽ സംഭാവന ചെയ്യുകയും ചെയ്തു.

മറ്റു രണ്ടു വർക്കിങ് ഗ്രൂപ്പുകളുടെ റിപ്പോർട്ടും ഈ മൂന്നു റിപ്പോർട്ടുകളും ഉദ്ഗ്രഥിച്ച സിന്തെസിസ് റിപ്പോർട്ടും അടുത്ത വർഷത്തോടെ പുറത്തു വരും.

climate change

നിയന്ത്രണാധീനമാകാത്ത ആഗോളതാപനം

അമേരിക്കയിലെ നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷൻ (NOAA) പറയുന്നത് 2020 താപനില ഏറ്റവും ഉയർന്ന രണ്ടാമത്തെ വർഷമായിരുന്നു എന്നാണ്. ഏറ്റവും ചൂട് അനുഭവപ്പെട്ടത് അതിന് നാല് വർഷം മുൻപ് 2016 ൽ ആയിരുന്നു. ഉഷ്ണമേഖലാ പസഫിക്കിൽ ‘ലാ നിന’ യുടെ സാന്നിധ്യമുണ്ടായിട്ടും ഏറ്റവും ചൂട് കൂടിയ വർഷങ്ങളിലൊന്നായി 2020 മാറി. സാധാരണനിലയിൽ ആഗോളതാപനിലയിൽ കുറവുണ്ടാക്കുന്ന ഒരു സ്വാഭാവിക പ്രകൃതി പ്രതിഭാസമാണ് ‘ലാ നിന’.

കാർബൺ ഡയോക്സൈഡ് (CO2), മീഥേൻ (CH4), നൈട്രസ് ഓക്സൈഡ് (N2O) തുടങ്ങിയ ഹരിതഗൃഹ വാതകങ്ങളുടെ (greenhouse gases) അളവ് കുത്തനെ കൂടുന്നത് അന്തരീക്ഷത്തിന്‍റെ ശരാശരി താപനില ഉയരാൻ ഇടയാക്കുന്നുവെന്നത് ഇന്ന് എല്ലാവരും അംഗീകരിച്ച ശാസ്ത്രവസ്തുതയാണ്. അന്തരീക്ഷത്തിൻറെ ശരാശരി താപനിലയിൽ ഇങ്ങനെ ഒരു പരിധിയിൽ കവിഞ്ഞുണ്ടാകുന്ന വർദ്ധനവ് കാലാവസ്ഥയിലും അതുവഴി ആവാസവ്യവസ്ഥകളിലും (ecosystems) ദൂരവ്യാപകമായ പ്രതാഘാതങ്ങൾ ഉണ്ടാക്കുന്നു.

ആഗോള താപനത്തിന്റെ തോത് മുൻപ് കരുതിയിരുന്നതിലും വേഗത്തിലാണ് എന്ന് പുതിയ ഐപിസിസി റിപ്പോർട്ട് പറയുമ്പോൾ അതിൽ പുതുതായൊന്നുമില്ല. അതല്ല ഈ റിപ്പോർട്ടിന്റെ പ്രാധാന്യം. മാനുഷിക വ്യവഹാരങ്ങളാണ് ഈ കാലാവസ്ഥാവ്യതിയാനങ്ങൾക്ക് കാരണമെന്ന് മുൻകാലത്തെ അപേക്ഷിച്ച് വളരെ ഉയർന്ന ആത്മവിശ്വാസത്തോടെ (statistical confidence) അതിന് പറയാനാകുന്നു എന്നതാണ്. മാത്രമല്ല, ഭാവിയിൽ ഉണ്ടാകാനിടയുള്ള മാറ്റങ്ങളെ മുൻ റിപ്പോർട്ടുകളേക്കാൾ വസ്തുനിഷ്ഠമായും ശാസ്ത്രീയമായും വിലയിരുത്താനും ഈ റിപ്പോർട്ടിന് കഴിയുന്നു.

ആഗോള താപനം, കാലാവസ്ഥാവ്യതിയാനം, അതിതീവ്ര കാലാവസ്ഥ മൂലമുണ്ടാകുന്ന ദുരന്തങ്ങൾ തുടങ്ങിയ കാര്യങ്ങൾ തമ്മിലുള്ള പരസ്പരബന്ധവും മനുഷ്യന്റെ പ്രവർത്തനങ്ങൾ അവയിൽ വഹിക്കുന്ന പങ്കും സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തിൽ ഊഹിക്കാനെളുപ്പമാണ്. പക്ഷെ, അവക്ക് ശാസ്ത്രീയമായ വിശദീകരണം നൽകുക എളുപ്പമല്ല. കാലാവസ്ഥയിലും ജൈവമണ്ഡലത്തിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളെ ആഗോളതലത്തിൽ വ്യാപകമായി സൂക്ഷ്മനിരീക്ഷണങ്ങൾക്ക് വിധേയമാക്കി ഉണ്ടാക്കിയെടുത്ത വലിയ വിവരശേഖരങ്ങളെ ആധാരമാക്കി നടത്തിയ നിരവധി ഗവേഷണപഠനങ്ങളുടെയും ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകളുടെയും പിൻബലത്തിലാണ് ഐപിസിസി റിപ്പോർട്ട് അതിന് മുതിരുന്നത്. ഇക്കാര്യത്തിലവർ ഏറെ മുന്നോട്ട് പോയിട്ടുണ്ട്.

ഭൂമിയിലെ മാനുഷികവ്യവഹാരങ്ങൾ ഉണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങൾ മൂലം 1850-1900 കാലത്തെ അപേക്ഷിച്ച് ശരാശരി ആഗോള താപനിലയിലുണ്ടായ വർദ്ധനവ് ഏകദേശം 1.1°C ആണ് എന്നാണ് ഐപിസിസി പറയുന്നത്. കഴിഞ്ഞ നാല് പതിറ്റാണ്ടുകളിൽ ഓരോന്നിലും അതിനുമുമ്പുള്ള ദശകത്തേക്കാളും കൂടുതൽ ചൂട് അനുഭവപ്പെട്ടിട്ടുണ്ട്. ഹരിതഗൃഹ വാതകങ്ങളെ നിയന്ത്രണവിധേയമാക്കുന്നതിനുള്ള ഏറ്റവും അഭിലഷണീയമായ ലക്ഷ്യങ്ങൾ നേടാനൊത്താലും, അടുത്ത 20 വർഷങ്ങളിൽ ആഗോള താപനില 1.5°C ൽ കൂടുതൽ ഉയർന്നേക്കാം. അതേസമയം ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം നിയന്ത്രിക്കാനുള്ള സത്വര നടപടികൾ ഉണ്ടായിട്ടില്ലെങ്കിൽ താപനിലയിലെ വർദ്ധനവ് 1.5 ഡിഗ്രി സെൽഷ്യസിലെന്നല്ല 2 ഡിഗ്രി സെൽഷ്യസിനകത്ത് പിടിച്ചു നിർത്തുന്നത് പോലും അസാധ്യമാകും. ഈ റിപ്പോർട്ടിലെ ഏറ്റവും ആശങ്കാജനകമായ നിഗമനങ്ങളിലൊന്നാണിത്.

കഴിഞ്ഞ രണ്ടു ദശലക്ഷം വർഷങ്ങളിൽ അന്തരീക്ഷത്തിൽ CO2-വിന്റെ സാന്ദ്രത ഏറ്റവും കൂടിയിരുന്നത് 2019 ൽ ആയിരുന്നു. അതേപോലെ കഴിഞ്ഞ 800,000 വർഷങ്ങളിൽ CH4, N2O തുടങ്ങിയ വാതകങ്ങളുടെ സാന്ദ്രത ഏറ്റവും കൂടിയതും ആ വർഷമായിരുന്നു. ആഗോളതാപനം ആർട്ടിക് സമുദ്രത്തിലെ ഹിമപ്രദേശത്തിന്റെ വിസ്തൃതി കുറയാനും ആഗോളതലത്തിൽ സമുദ്രനിരപ്പ് ഉയർത്താനും ഇടയാക്കുന്നുണ്ട്. 1850 തൊട്ടിങ്ങോട്ട് നോക്കിയാൽ കഴിഞ്ഞ ദശകത്തിലാണ് ആർട്ടിക് സമുദ്രത്തിലെ ഹിമപാളികൾ ഏറ്റവും ചുരുങ്ങിയത്. കഴിഞ്ഞ 3000 വർഷങ്ങളിൽ സമുദ്രനിരപ്പ് ഏറ്റവും ഉയർന്നത് ഇരുപതാം നൂറ്റാണ്ടിലാണ്. ഉയർന്ന ആത്മവിശ്വാസത്തോടെ പറയാവുന്ന നിഗമനങ്ങളായാണ് ഈ കണ്ടെത്തലുകളെ റിപ്പോർട്ട് അവതരിപ്പിക്കുന്നത്.

കാലാവസ്ഥാവ്യതിയാനമെന്ന ആഗോളപ്രതിഭാസം

ഈ ഐപിസിസി റിപ്പോർട്ടിന് അനുബന്ധമായി ലോകത്തെ ഓരോ പ്രദേശത്തെയും കാലാവസ്ഥയിലുള്ള വ്യത്യാസങ്ങളെ പറ്റി മനസ്സിലാക്കാനൊക്കുന്ന ഒരു ഇന്ററാക്ടിവ് അറ്റ്‌ലസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. റിപ്പോർട്ട് തയ്യാറാക്കാനായി ഉപയോഗിച്ചിട്ടുള്ള വിവരശേഖങ്ങളുപയോഗിച്ച് സ്ഥലകാലങ്ങളിലൂടെയുള്ള പര്യവേക്ഷണം സാധ്യമാക്കുന്നു ഈ അറ്റ്‌ലസ്. ഭൂമിയുടെ ഓരോ കോണിലും ഉള്ള കാലാവസ്ഥാമാറ്റങ്ങളുടെ ഭൂത വർത്തമാന ഭാവികളിലൂടെ കടന്നു ചെല്ലാൻ അത് നമ്മെ സഹായിക്കുന്നു. മനുഷ്യജന്യമായ അന്തരീക്ഷതാപനത്തിന്റെയും കാലാവസ്ഥാമാറ്റങ്ങളുടെയും നടുക്കുന്ന ആഗോളമാനമാണ് അതിലൂടെ നമുക്ക് മുന്നിൽ തെളിയുക.

ലോകമെമ്പാടും അതിവർഷങ്ങൾ, വരൾച്ചകൾ, ചുഴലിക്കാറ്റുകൾ, ഉഷ്‌ണതരംഗങ്ങൾ തുടങ്ങിയ കടുത്ത കാലാവസ്ഥാനുഭവങ്ങളുടെ തീവ്രതയും ആവൃത്തിയും കൂടിവരുന്നതിന് മാനുഷികവ്യവഹാരങ്ങൾ വഹിക്കുന്ന പങ്ക് മുൻപത്തേക്കാൾ വ്യക്തമായി വരികയാണ് എന്ന് റിപ്പോർട്ട് എടുത്തു പറയുന്നു. 1950 ന് ശേഷം ഇത്തരം പ്രകൃതിദുരന്തങ്ങൾക്ക് ശക്തിയേറുകയാണ്. ഒന്നിൽ കൂടുതൽ തീവ്രകാലാവസ്ഥകൾ ഒന്നിച്ചുണ്ടാകുന്നതും കൂടി വരികയാണ്: ഉഷ്‌ണതരംഗങ്ങൾ, വരൾച്ച, കാട്ടുതീ, കൊടുങ്കാറ്റ്, പേമാരി, വെള്ളപ്പൊക്കം എന്നിങ്ങനെ.

ഈ വർഷത്തെ കഴിഞ്ഞ എട്ടു മാസകാലത്തെ പത്രവാർത്തകളിലൂടെ കണ്ണോടിച്ചാൽ മാത്രം മതി ഇത് ശരിയാണെന്ന് ബോധ്യമാകാൻ. ജൂൺ 12-17 അമേരിക്കയിലെ ഏഴു തെക്ക്പടിഞ്ഞാറൻ സ്റേറ്റുകളിൽ രേഖപ്പെടുത്തിയത് റിക്കോർഡ് താപനിലയായിരുന്നു. കാലിഫോർണിയയിലെ ഡെത്ത് വാലിയിൽ താപനില 53°C കടന്നു. രണ്ടാഴ്ച്ചക്കുള്ളിൽ പതിവില്ലാത്തരീതിയിൽ അമേരിക്കയുടെ വടക്കുപടിഞ്ഞാറൻ സ്റ്റേറ്റുകളിലും കാനഡയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലും ശക്തമായ ഉഷ്‌ണതരംഗം അനുഭവപ്പെട്ടു. 1000 വർഷങ്ങളിൽ ആദ്യമായാണ് ഈ പ്രദേശങ്ങൾ ഇത്രയും കടുത്ത ഉഷ്‌ണതരംഗത്തെ നേരിടുന്നത്. ജൂണിൽ തന്നെ റഷ്യൻ തലസ്ഥാന നഗരിയായ മോസ്കോ താപനില 35℃ എത്തിയാൽ എങ്ങിനെയിരിക്കുമെന്ന് അറിഞ്ഞു.

കഴിഞ്ഞ മാസം തെക്കൻ യൂറോപ്പിലുണ്ടായ ഉഷ്‌ണതരംഗം മൂലം ഉണ്ടായ കാട്ടുതീകൾ ബാധിച്ചത് ഗ്രീസിലും ഇറ്റലിയിലും ഫ്രാൻസിലും തുർക്കിയിലുമായി 460000 ഹെക്റ്റർ ഭൂമിയെ ആണ്. ഇതേ ചൂട് ഉഷ്‌ണതരംഗം യുറോപ്പിൽ മാത്രമല്ല അൾജീരിയയിലും ജറുസലേമിലും ലെബനോണിലും കാട്ടുതീകൾക്കിടയാക്കി. അമേരിക്കയുടെ പശ്ചിമതീരങ്ങളിൽ വേനൽക്കാലത്തെ കാട്ടുതീ ഇപ്പോൾ ഒരു വാർഷിക സംഭവമാണ്. ഈ വർഷം കാലിഫോർണിയായിൽ ഉണ്ടായ കാട്ടുതീ ചാമ്പലാക്കിയത് 400,000 ഹെക്റ്റർ ഭൂമിയാണ്. 1200 കെട്ടിടങ്ങൾ കത്തി നശിച്ചു. ഒറിഗോൺ സ്റ്റേറ്റിൽ ആളിപടർന്ന മറ്റൊരു കാട്ടുതീ 364000 ഹെക്റ്റർ വ്യാപിക്കുകയും നിരവധി കെട്ടിടങ്ങളെയും വാഹനങ്ങളെയും നശിപ്പിക്കുകയും ചെയ്തു. ഈ കാട്ടുതീകളിൽ നിന്നുണ്ടായ പുകപടലങ്ങളുടെ സാനിധ്യം ആയിരക്കണക്കിന് മൈലുകൾക്കിപ്പുറം വൻകരയുടെ കിഴക്കൻ തീരത്തെ പട്ടണങ്ങളായ ന്യൂയോർക്കിലും ബോസ്റ്റണിലും വരെയറിഞ്ഞു.

ഈ വർഷം ഇന്ത്യയും കണ്ടു ഒട്ടേറെ കാലാവസ്ഥാ ദുരന്തങ്ങൾ. ഫെബ്രുവരിയിൽ ഉത്തരാഖണ്ഡിലെ ചമോലി മേഖലയിലുണ്ടായ ഹിമാനി സ്ഫോടനം ഉണ്ടാക്കിയ കുത്തൊഴുക്കിൽ 200 -ൽ അധികം പേർ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തു. ഒരു ജലവൈദ്യുത നിലയത്തിന് കേടുപാടുകൾ സംഭവിച്ചു. മെയ് മാസം അഭൂതപൂർവമായ ശക്തിയോടെ ആഞ്ഞടിച്ച തൌക്തെ ചുഴലിക്കാറ്റിൽ മുംബയിലെ ഒരു എണ്ണപ്പാടത്തിലെ നിരവധി ജോലിക്കാരടക്കം 155 പേർ മരിച്ചു. ഒറീസയിലും ബംഗാളിലും കനത്ത നാശനഷ്ടങ്ങൾ ഉണ്ടാക്കിയ യാസ് ചുഴലിക്കാറ്റിനെ നേരിടാൻ ഒന്നര ദശലക്ഷം ആൾക്കാരെ മാറ്റി പാർപ്പിക്കേണ്ടി വന്നു. ജൂലൈയിൽ പേമാരിയും ഉരുൾപൊട്ടലും കാരണം മഹാരാഷ്ട്രയിൽ 75 പേർ മരണപ്പെട്ടു. നിരവധിപേരെ കാണാതായി.

ചൈനയിലെ ഹെനാൻ പ്രവിശ്യയിലുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും മരിച്ചത് മുന്നൂറിലേറെ ആൾക്കാരായിരുന്നു. 200,000 പേരെ മാറ്റിപാർപ്പിക്കേണ്ടി വന്നു. കനത്ത നാശനഷ്ടങ്ങളുണ്ടായി. ഒരു മണിക്കൂറിൽ 200 മില്ലീമീറ്ററിലേറെ മഴയാണ് ഹെനാനിൽ പെയ്തത്. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ന്യൂയോർക്കിൽ ഐഡ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിന്റെ ദൃശ്യങ്ങളും അഭൂതപൂർവമായ കാലാവസ്ഥാ മാറ്റത്തിന്റെ ശക്തി വിളിച്ചോതുന്നതാണ്. കഴിഞ്ഞ 50 വര്‍ഷത്തിനുള്ളില്‍ ഇങ്ങനെയൊരു മഴ കണ്ടതായി ഓര്‍ക്കുന്നില്ലെന്നാണ് നാല്പതിലേറെ പേർ മരണപ്പെട്ട ഈ വെള്ളപ്പൊക്കത്തെ കുറിച്ച് ഒരു പ്രദേശവാസി പറഞ്ഞത്.

കാലാവസ്ഥാവ്യതിയാനം ഒരു പാരിസ്ഥിക അടിയന്തിരാവസ്ഥയിലേക്ക് ലോകത്തെ നയിക്കുകയാണ് എന്ന് പറഞ്ഞാൽ അത് ഒരു അതിശയോക്തി അല്ല. സമീപകാലത്തെ തീവ്ര കാലാവസ്‌ഥാ ദുരന്തങ്ങളുടെ സാമ്പത്തിക ആഘാതമെന്തെന്ന് മനസ്സിലാക്കണമെങ്കിൽ അമേരിക്കയിലെ NOAA പ്രസിദ്ധീകരിച്ച ഈ കണക്കുകൾ നോക്കിയാൽ മതി. ഒരു ബില്യൺ ഡോളറിൽ കൂടുതൽ നഷ്ടം വരുത്തിവെച്ച 22 വലിയ കാലാവസ്ഥാ ദുരന്തങ്ങളാണ് 2020 ൽ യുഎസ്എയിൽ മാത്രം ഉണ്ടായിട്ടുള്ളത്. അവയിൽ നിന്നുള്ള മൊത്തം സാമ്പത്തിക ആഘാതം 95 ബില്യൺ ഡോളറായിരുന്നു. 1980 തൊട്ടിങ്ങോട്ടുണ്ടായ വലിയ ദുരന്തങ്ങളുണ്ടാക്കിയ നഷ്ടം 1.875 ട്രില്യൺ ഡോളറും.

ഭാവി കരുതി വെച്ചിട്ടുള്ളത്

കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ സമൂഹത്തിലും ജീവിതത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും അവ പരിഹരിക്കാനുള്ള മാർഗ്ഗങ്ങളും ഈ ഐപിസിസി റിപ്പോർട്ട് ചർച്ച ചെയ്യുന്നില്ല. പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഐപിസിസിക്ക് ഇക്കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ കുറിച്ചറിയാൻ മറ്റു രണ്ട് വർക്കിംഗ് ഗ്രൂപ്പുകളുടെ കൂടി പുതിയ റിപ്പോർട്ടുകൾ വരും മാസങ്ങളിൽ പുറത്തുവരുന്നത് വരെ കാത്തിരിക്കണം.

പക്ഷെ, ഭാവിയെ നിയന്ത്രണവിധേയമാക്കാൻ സ്വീകരിക്കാവുന്ന വിവിധ സമീപനങ്ങളിൽ പ്രാതിനിധ്യ സ്വഭാവമുള്ള അഞ്ചു പാതകളെ നിർവചിക്കുകയും ഇവയോരോന്നും ഉണ്ടാക്കാനിടയുള്ള ആഗോളതാപനത്തിന്റെയും കാലാവസ്ഥാവ്യതിയാനത്തിന്റെയും സ്വഭാവങ്ങൾ ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രവചിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുണ്ട് ഈ റിപ്പോർട്ട്. പൊതുവായ സാമൂഹിക സാമ്പത്തിക പാതകൾ (Shared Socioeconomic Pathways, SSPs) എന്നാണ് ഭാവിയിലെ ഈ സാധ്യതകളെ റിപ്പോർട്ടിൽ വിശേഷിപ്പിക്കുന്നത്. ഒരു സാധ്യത ഹരിതഗൃഹ വാതകങ്ങളുടെ ഉദ്ഗമനത്തെ കുറച്ചുകൊണ്ടുവരുന്നതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാത്ത, സ്റ്റാറ്റസ് കോ അതേപടി നിലനിർത്തുന്ന, അവസ്ഥയാണ്. ഇതിന്റെ മറുതല അന്തരീക്ഷത്തിലെ CO2 വിന്റെ ആധിക്യം പരമാവധി കുറയ്ക്കുന്ന സാമൂഹ്യ സാമ്പത്തിക വഴിത്താരയും. ഈ രണ്ട് സാധ്യതകൾക്കിടയിലെ പ്രാതിനിധ്യ സ്വാഭാവമുള്ള മൂന്നു സാമൂഹിക സാമ്പത്തിക പാതകൾ വേറെയും. എന്തൊക്കെയാണ് ഓരോ SSP -യുടെയും സാമൂഹികവും സാമ്പത്തികവും ആയ മുന്നുപാധികൾ എന്നതിലല്ല, ഒരു നിശ്ചിതതോതിൽ ഹരിതഗൃഹ വാതകങ്ങളെ പരിമിതപ്പെടുത്തുന്ന ഈ പാതകളോരോന്നും ആഗോളതാപനത്തിലും കാലാവസ്ഥയിലും എന്തൊക്കെ മാറ്റങ്ങളായിരിക്കും കൊണ്ടു വരിക എന്നതിലാണ് റിപ്പോർട്ടിന്റെ ഊന്നൽ.

ഇവയിലേത് വഴി തിരഞ്ഞെടുത്താലും ഈ നൂറ്റാണ്ടിന്റെ പകുതിയോടെ ആഗോള ശരാശരി താപനില വ്യവസായവിപ്ലവത്തിന് മുൻപുള്ള താപനിലയിൽ നിന്നും 1.5°C ന് അപ്പുറത്തേക്ക് ഉയർന്നേക്കാമെന്നാണ് റിപ്പോർട്ടിലെ പ്രധാനകണ്ടെത്തലുകളിലൊന്ന്. വരും ദശകങ്ങളിൽ CO2 ലും മറ്റ് ഹരിതഗൃഹ വാതക ഉദ്‌ഗമനങ്ങളിലും ഗണ്യമായ കുറവ് ഉണ്ടാക്കാനൊത്തില്ലെങ്കിൽ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ താപനിലാ വർധന 2°C യും കടന്നേക്കാം. അത്യന്തം ആശങ്കാജനകമായ ഒരു സ്ഥിതി വിശേഷമാണിത്. മൂന്നു വർഷം മുൻപ് ഐപിസിസി പ്രസിദ്ധീകരിച്ച Global Warming of 1.5°C എന്ന സ്പെഷ്യൽ റിപ്പോർട്ടിലെ താഴെ കൊടുക്കുന്ന ചിത്രീകരണം ഈ പ്രതിസന്ധിയുടെ ആഴം വ്യക്തമാകുന്നു.

ആഗോള താപനം കൂടുമ്പോൾ കാലാവസ്ഥയിലുള്ള മാറ്റങ്ങളുടെ തോതും തീവ്രതയും കൂടുന്നു. ഇങ്ങനെ കാലാവസ്ഥയിലുണ്ടാകുന്ന പല മാറ്റങ്ങളും പിന്നീടങ്ങോട്ട് നൂറ്റാണ്ടുകളോളം സ്ഥായിയായി തുടർന്നേക്കാം. സമുദ്രങ്ങളിലും ഹിമപാളികളിലും ഒക്കെയുണ്ടാകുന്ന മാറ്റങ്ങൾ ഇത്തരത്തിലുള്ളതാകാൻ സാധ്യത കൂടുതലാണ്.

അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബണിൻറെ അളവും പ്രകൃതിയിലുള്ളതോ മനുഷ്യനിർമ്മിതമോ ആയ മാർഗങ്ങളിലൂടെ ഭൂമിയിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാർബണിൻറെ അളവും തുല്യമായി മാറ്റുകയാണ് അന്തരീക്ഷത്തിൻറെ താപനില കൂടുന്നത് തടയാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാർഗ്ഗം (net zero CO2 emissions). അതിന്റെ കൂടെ മീഥേന്റെ (CH4) അളവു കൂടി നിയന്ത്രിക്കാനൊത്താൽ അത് ഏറോസോൾ മലിനീകരണം കുറക്കാനും അതു വഴി അന്തരീക്ഷതാപനം നിയന്ത്രിക്കാനും ഒരു പരിധി വരെ സഹായിക്കും.

റിപ്പോർട്ടിലെ ശ്രദ്ധിക്കപ്പെടേണ്ട വേറൊരു നിരീക്ഷണം CO2 ഉദ്ഗമനം കൂടിവരുമ്പോൾ കാർബണിനെ സ്വാഭാവികമായി ആഗിരണം ചെയ്യാനുള്ള കരയിലിലെയും സമുദ്രത്തിലെയും കാർബൺ സിങ്കുകളുടെ ഫലപ്രാപ്തി കുറഞ്ഞു വരുന്നു എന്നതാണ്. പ്രകൃത്യാലുള്ള മാർഗ്ഗങ്ങളിലൂടെ മനുഷ്യനിർമ്മിതമായ കാലാവസ്ഥാവ്യതിയാനത്തെ തടഞ്ഞുനിർത്താമെന്നത് അപ്രായോഗികമായ ആഗ്രഹചിന്തയായി ചുരുങ്ങും എന്നർത്ഥം.

ലേഖനത്തിന്റെ രണ്ടാംഭാഗം വായിക്കാം

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

One thought on “IPCC-യുടെ താക്കീതുകൾ – ഭാഗം 1

Leave a Reply

Previous post മികവുറ്റ പഠനം: ഫിൻലൻഡ് മാതൃക പറയുന്നതെന്ത്?
Next post ഇ.സി. ജോർജ് സുദർശൻ – ഗവേഷണ രംഗത്തെ സംഭാവനകൾ
Close