വിജയകുമാർ ബ്ലാത്തൂർ
തുമ്പിയും തുമ്പപ്പൂവും എന്നൊക്കെ പ്രാസമൊപ്പിച്ച് ഓണപ്പാട്ട് പാടാൻ രസമാണ്. ചിത്രശലഭങ്ങളെപ്പോലെ പൂക്കൾതോറും പാറിനടന്ന് നൃത്തം വെച്ച് തേനുണ്ട് നടക്കുന്ന ആർദ്രഹൃദയ കാൽപ്പനിക ജീവിയൊന്നും അല്ല തുമ്പി. പൂക്കൾ കണ്ടാലൊന്നും മയങ്ങാത്ത ഗൗരവപ്രകൃതർ. രൂപത്തിലെന്നപോലെ ആള് ‘റഫ് & ടഫ്’ തന്നെ.
‘ഡ്രാഗൺ ഫ്ലൈ’ എന്ന ഇംഗ്ലീഷ് പേരാണ് അർത്ഥഗംഭീരം. വെജിറ്റേറിയന്മാരല്ലാത്ത ശക്തരായ ഇരപിടിയന്മാരാണിവർ. പറന്നു നടന്ന് ആകാശത്ത് വെച്ച് തന്നെ കൊതുകുകൾ, ഈച്ചകൾ, ശലഭങ്ങൾ, തേനീച്ചകൾ എന്നിവയെ ഒക്കെ പിടിക്കൂടി ചിറകരിഞ്ഞ് കൊന്ന് ശാപ്പിടുന്നവർ. കുട്ടികൾ ഇവയെ പിടികൂടി ചിറകിൽ പിടിച്ച് തറയിലെ കുഞ്ഞുകല്ലുകൾ എടുപ്പിക്കുന്ന ക്രൂരപരിപാടി പണ്ടുണ്ടായിരുന്നു. രക്ഷപ്പെടാൻ കല്ലിൽ കാലുകൾ കൊണ്ട് ഇവ ഇറുക്കിപ്പിടിക്കും. പൊക്കുമ്പോൾ കല്ലിൽ നിന്നുള്ള പിടുത്തം വിടാത്തതുകൊണ്ട് അതും പൊങ്ങുന്നു. ഇതാണ് തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കൽ എന്ന പഴയ ഭാരോദ്വഹന വിനോദപരിപാടി. ‘കല്ലൻ തുമ്പികൾ’ എന്ന കരുത്തൻ പേര് അങ്ങിനെ കിട്ടിയതാണ്. കൂടാതെ അതിന്റെ വാലിൽ നൂലുകെട്ടി ജീവനുള്ള പട്ടമാക്കി പറപ്പിച്ച് രസിക്കുന്ന കുട്ടികളും ഉണ്ടായിരുന്നു. കാലെന്തിനാ എന്ന് ചോദിച്ചാൽ പൊതുവെ ഒറ്റ ഉത്തരമല്ലേ ഉള്ളു – നടക്കാൻ അല്ലെങ്കിൽ ഓടാൻ. എന്നാൽ ഷട്പദങ്ങളിൽപ്പെടുന്ന ഇവർക്ക് ആറ് കാലുകളുണ്ടെങ്കിലും ഒരിക്കലും നടക്കാൻ കൂട്ടാക്കില്ല. ഒന്നു പിച്ചവെക്കുന്നത്പോലും അത്യപൂർവ്വം. കാലുകൾ ഇവർക്ക് നടക്കാനുള്ളതല്ല. നിൽക്കാനും , ഇരകളെ ഇറുക്കിപ്പിടിക്കാനും ഉള്ളവയാണ്.

കാട്ടിലും മേട്ടിലും പാടത്തും പറമ്പത്തും പുഴക്കരയിലും കുളക്കടവിലും ആകാശം അതിരാക്കി അന്റാർട്ടിക്ക ഒഴികെ ഭൂമിയിലെങ്ങും കാണുന്നവരാണ് തുമ്പികൾ. ഒഡനേറ്റ (Odonata) ഓർഡറിൽ പെടുന്ന ഈ പ്രാണികൾ പ്രധാനമായും മൂന്നിനങ്ങളാണുള്ളത്. കരുത്തൻ ശരീരവും ചിറകുമുള്ള – കല്ലൻ തുമ്പികൾ (Dragonfly) എന്ന് വിളിക്കുന്ന അനിസോപ്‌റ്ററ (Anisoptera) വിഭാഗത്തിലുൾപ്പെടുന്നവയും സൂചിപോലെ നീണ്ടുമെലിഞ്ഞ ലോല ശരീരമുള്ള സൈഗോപ്‌റ്റെറ (Zygoptera) വിഭാഗത്തിലെ സൂചിത്തുമ്പികളും (Damselfly) . മൂന്നാമത്തെ ഇനം ‘ജീവിക്കുന്ന ഫോസിലുകൾ’ എന്നറിയപ്പെടുന്ന അനിസോസൈഗോപ്‌റ്ററ – (Anisozygoptera) വിഭാഗത്തിൽ പെട്ട തുമ്പികളാണ്. ലോകത്തെങ്ങുമായി 6000 ഓളം ഇനം തുമ്പികളെ ഇതുവരെയായി രേഖപ്പെടുത്തീട്ടുണ്ട്. 500 സ്പീഷുസുകളെ ഇന്ത്യയിലും കണ്ടെത്തീട്ടുണ്ട്. 250 ദശലക്ഷം വർഷം മുമ്പേ കാർബോണിഫെറസ് കാലത്തു ഭീമൻ തുമ്പികൾ ഉണ്ടായിരുന്നതായി ഫോസിൽ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. പരിണാമവഴിയിൽ ചിറകുകളുമായി ആദ്യമായി ആകാശം കീഴടക്കിയവർ തുമ്പികളാണ്. മനുഷ്യരുടെ ‘ഹോമോ’ ജീനസ് പരിണമിച്ചുണ്ടായിട്ട് ആകെ 2.8 (രണ്ട് ദശാംശം എട്ട്) ദശലക്ഷം വർഷം മാത്രമേ ആയിട്ടുള്ളു എന്നതുമായി ചേർത്ത് ചിന്തിക്കുമ്പോഴാണ് ശരിക്കും അമ്പരന്നുപോകുക.

വിശ്രമിക്കുമ്പോഴും പറക്കുമ്പോഴും കല്ലന്തുമ്പികൾ ചിറകുകൾ വിടർത്തി പരത്തിപ്പിടിക്കും. എന്നാൽ സൂചിത്തുമ്പികൾ വിശ്രമിക്കുമ്പോൾ പൊതുവെ രണ്ട് ജോഡി ചിറകുകളും ശരീരത്തിനോട് ചേർത്ത് സമാന്തരമായി പിടിക്കുകയാണ് ചെയ്യുക. കല്ലന്തുമ്പികളുടെ രണ്ട് ജോഡി ചിറകുകളും ഒരുപോലെ അല്ല . എന്നാൽ സൂചിതുമ്പികളുടെ ചിറകുകൾ ഒരേ വലിപ്പവും രൂപവും ഉള്ളവയാണ്. ചിറകുകൾ മറ്റുപ്രാണികളുടേതുപോലെ അഗ്രങ്ങളിൽ പരസ്പരം കൂടിച്ചേർന്നതല്ലാത്തതിനാൽ സ്വതന്ത്രമായി ഇവ ചലിപ്പിക്കാനാകും. അതിനാൽ ഇവയുടെ പറക്കൽ മികവ് മറ്റേത് പ്രാണിവർഗ്ഗത്തിനുമില്ല. പറക്കൽ തന്ത്രങ്ങളിൽ തേനീച്ചകളും , കടന്നലുകളും, പൂമ്പാറ്റകളും നിശാശലഭങ്ങളും തുമ്പികൾക്ക് പിറകിലാണ്. ഹെലിക്കോപ്റ്ററിനെ പോലെ വായുവിൽ ഉയർന്നും നിന്നനിൽപ്പിൽ 180 ഡിഗ്രിയിൽ ഒറ്റത്തിരിച്ചിൽ തിരിഞ്ഞും അത്ഭുതപ്പറക്കൽ നടത്താൻ ഇവർക്കാകും. ഉരസിലെ കരുത്തൻ മസിലുകൾ നീണ്ട പറക്കലിനുള്ള ശക്തി നൽകുന്നു. സൂചിത്തുമ്പികൾ പതിഞ്ഞപറക്കലുകാരണെങ്കിലും കല്ലന്തുമ്പികൾ മണിക്കൂറിൽ 25 – 30 കിലോമീറ്റർ വേഗതയിൽ പറക്കാൻ കഴിയുന്നവയാണ്. ഇവരുടെ തലമുഴുവൻ കണ്ണുകളാണെന്ന് വേണമെങ്കിൽ പറയാം. . മുപ്പതിനായിരത്തിനടുത്ത് ഒമാറ്റിഡിയ എന്ന് വിളിക്കുന്ന ചെറുനേത്രങ്ങൾ കൂടിച്ചേർന്നുള്ള ഉഗ്രൻ സമ്യുക്ത നേത്രങ്ങളാണിവരുടെ തലയിലുള്ളത്. കല്ലന്തുമ്പികളുടെ കണ്ണുകൾ മുൻഭാഗത്ത് പരസ്പരം മുട്ടിച്ചേരും എന്നാൽ സൂചിത്തുമ്പികളുടെ മുഴച്ച് നിൽക്കുന്ന മൊട്ടക്കണ്ണുകൾ വെവ്വേറെ രണ്ടായി തുറിച്ച് നിൽക്കും. ചിലയിനങ്ങളിൽ മുങ്കാലുകളിലെ ബ്രഷുപോലുള്ള പ്രത്യേക ഭാഗം കൊണ്ട് ഈ കണ്ണുകൾ ഇടക്കിടെ തുടച്ച് വൃത്തിയാക്കും.

തുമ്പികൾ ബാച്ച് ബാച്ചയാണ് മുട്ടയിടുക. ഒരു തവണ ആയിരത്തോളം മുട്ടയിടുന്നത് കല്ലന്തുമ്പികളുണ്ട്. സൂചിത്തുമ്പികളും മോശമല്ല. ഒറ്റത്തവണ 100 മുതൽ 400 വരെ മുട്ടകൾ ഇവരും ഇടും. കല്ലൻ തുമ്പികൾ വെള്ളത്തിലും തീരത്തും പൊങ്ങിനിൽക്കുന്ന പാറകളിലും മരക്കുറ്റികളിലും ആണ് മുട്ടയിടുക. സൂചിത്തുമ്പികൾ ജലസസ്യങ്ങളിൽ അവയുടെ ഓവിപോസിറ്റർ എന്ന മുട്ടയിടൽ അവയവം കൊണ്ട് തുരന്ന് മുട്ടയിട്ട് വെക്കും നമ്മുടെ കാലാവസ്ഥയിൽ സാധാരണയായി 5 മുതൽ 40 ദിവസം വരെ കഴിയുമ്പോൾ കല്ലൻതുമ്പിമുട്ടകൾ വിരിഞ്ഞ് ലാർവകളായ നിംഫുകൾ പുറത്ത് വരും. .

ചിത്ര ശലഭങ്ങളുടെ പോലെ സമാധിയൊന്നും ഇല്ല. രൂപത്തിൽ തുമ്പിയുമായി സാമ്യമൊന്നും ഇല്ല. വെള്ളത്തിൽ അത്ര സാധുക്കളല്ല ഇവർ. ആക്രമണത്തിന്റെ കാര്യത്തിൽ ഭീകരന്മാരാണിവർ തന്നെ.. പലതരം പ്രാണികളെ പിടിച്ച് തിന്നും, കൊതുകു ലാർവ്വകൾ ഇഷ്ടഭക്ഷണമാണ്. സ്വന്തം കൂട്ടരെതന്നെ പിടികൂടി തിന്നും. കടന്ന കൈയ്ക്ക് തവളക്കുഞ്ഞുങ്ങളേയും ചെറുമീനുകളെയും വരെ ശാപ്പിടും. ഇവ പലതവണ ഉറപൊഴിക്കൽ നടത്തി വളരും. വളർച്ച പൂർത്തിയായാൽ വെള്ളത്തിൽ നിന്നും കരക്ക് കയറിയോ , പൊങ്ങിനിൽക്കുന്ന പാറകളിലോ മരക്കഷണത്തിലോ കയറി ഇരുന്നോ രാത്രി ഉഗ്രൻ രൂപാന്തരണം നടത്തും. സ്വന്തം പുറംതോട് പതുക്കെ പൊളിച്ച് അടർത്തി ചിറകുകളോടെ ഒരു തുമ്പി പുറത്ത് വരുന്ന കൗതുകം. ആകാശത്തേക്ക് പാറിപ്പറന്നുള്ള വേട്ടജീവിതം ആരംഭിക്കുന്നു.

ആൺ തുമ്പികൾ അവരുടെ അധികാരപരിധിയിലുള്ള പ്രദേശത്തേക്ക് വരുന്ന മറ്റു തുമ്പികളെ ഭയപ്പേടുത്തിയും ആക്രമിച്ചും ഓടിക്കാൻ ശ്രമിക്കും. ഇണയെ ആകർഷിക്കാൻ പല പ്രകടനങ്ങളും ആൺതുമ്പികൾ കാട്ടിക്കൂട്ടും. വളരെ പ്രത്യേകതയുള്ള ഇണചേരൽ പ്രക്രിയയാണിവരുടേത്. തുമ്പികളുടെ ഉടലിന് 10 ഖണ്ഡങ്ങളുണ്ട്. ഇഷ്ടം പോലെ മേലോട്ടും താഴോട്ടുമൊക്കെ ശരീരം വളച്ച് പിടിക്കാൻ കഴിയും.. 9, 10 ഖണ്ഡങ്ങളുടെ ഇടയിലാണ് ആൺ തുമ്പിയുടെ ജനനേന്ദ്രിയം. ആൺ തുമ്പിയുടെ രണ്ടും മൂന്നും ഖണ്ഡങ്ങൾ വലുതാണ് രണ്ടാം ഖണ്ഡത്തിൽ ഒരുജോഡി ഇറുക്കു സംവിധാനവും ഉപ ലൈംഗീകാവയവും ഉണ്ട്. ഇണചേരലിനു മുമ്പ് ആൺതുമ്പി ശരീരം വളച്ച് ജനനേന്ദ്രിമ്മുള്ള ഭാഗം വളച്ച്പിടിച്ച് രണ്ടാം ഖണ്ഡത്തിലെ ലൈംഗീക ഉപ അവയവയത്തിൽ ബീജാണുക്കളെത്തിക്കുന്നു. തുമ്പികളുടെ ഉടലിന്റെ അവസാന ഭാഗത്ത് നല്ല കൊളുത്തുകൾ പോലുള്ള സംവിധാനം ഉണ്ട്. ഇണ ചേരലിന്റെ ആദ്യ ഘട്ടത്തിൽ ആൺ തുമ്പി കാലുകൾ കൊണ്ട് പെൺതുമ്പിയെ പിടികൂടി പിന്നറ്റത്തെ കൊളുത്തുകൾ ഉപയോഗിച്ച് ഉദരത്തിൽ ക്ലിപ്പിട്ടതുപോലെ സ്വയം ഘടിപ്പിക്കുന്നു. ഇതിന് ‘ടാൻഡം പൊസിഷൻ’ എന്നാണ് പറയുക. അതിനു ശേഷം ‘ചക്ര പൊസിഷ’നിലേക്ക് മാറും. പെൺതുമ്പിയുടെ ശരീരത്തിൽ ബീജം സ്വീകരിക്കാനായുള്ള സഞ്ചിപോലുള്ള ഭാഗത്ത് ബീജ നിക്ഷേപം നടത്തുന്നു. അവിടെ നിന്നും അണ്ഡങ്ങളിലെത്തി ബീജ സങ്കലനം നടക്കുന്നു. കല്ലൻ തുമ്പികൾ ഉടൻ തന്നെ ബന്ധനം വേർപെടുവിച്ച് മുട്ടയിടാനുള്ള സ്ഥലം തേടി പറക്കും. പെൺതുമ്പിക്കൊപ്പം കൂടെ കാവലാളായി ആൺ തുമ്പിയും ഉണ്ടാകും സൂചിതുമ്പി പരസ്പരം ബന്ധിക്കപ്പെട്ട നിലയിൽ തന്നെ പറന്നുപോയാണ് മുട്ടയിടാനുള്ള സ്ഥലം കണ്ടെത്തുക.

തുമ്പികൾ വലിയ വേട്ടക്കാരാണെങ്കിലും അവരെ കൊത്തിത്തിന്നാൻ പക്ഷികൾ എപ്പോഴും ചുറ്റുമുണ്ടാകും. നേർത്ത സുതാര്യ ചിറകുകളും തിരിച്ചറിയാൻ പ്രയാസമുള്ള നിറവും ജോറൻപറക്കലും കൊണ്ട് ഇരപിടിയന്മാരുടെ കണ്ണിൽ പെടാതെ രക്ഷപ്പെടാനുള്ള അനുകൂലനങ്ങൾ ചില ഇനങ്ങൾക്ക് പരിണാമദശകളിൽ കിട്ടീട്ടുണ്ട്. ലാർവകളുടേയും കൊതുകുകളുടെയും അന്തകന്മാരായതിനാൽ മനുഷ്യരെ സംബന്ധിച്ചടുത്തോളം വളരെ പ്രധാനമുള്ള ജീവികളാണ് തുമ്പികൾ. തണ്ണീർത്തടങ്ങളുടേയും ജലാശയങ്ങളുടേയും നാശം ഇവയുടെ ഭാവിക്കും വെല്ലുവിളിയാകുന്നുണ്ട്.

പക്ഷികളെപ്പോലെ ദേശാടനം നടത്തുന്ന തുമ്പികളും ഉണ്ട്. ഗ്ലോബൽ സ്‌കിമ്മേഴ്‌സ് , വാണ്ടറിങ് ഗ്ലൈഡർ എന്നൊക്കെ പേരുള്ള Pantala flavescens എന്ന തുമ്പികളാണ് ഇവരുടെ കൂട്ടത്തിലെ പ്രധാനികൾ. ആഫ്രിക്കൻ തീരങ്ങളിൽ നിന്ന് മാലിദ്വീപ് വഴി ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്തേക്ക് പറന്നെത്തുന്ന ഇവർ കേരളത്തിൽ തുലാമാസത്തിൽ കൂട്ടമായി എത്തും. അതിനാൽ ഇവയെ തുലാത്തുമ്പികൾ എന്നാണ് വിളിക്കാറ്. ഇത്തിരി ചിറകുമായി ആയിരക്കണക്കിനു മൈലുകൾ താണ്ടിയാണിവ നമ്മുടെ നാട്ടിലെത്തുന്നത്. കാറ്റിൽ ചിറകുകളനക്കാതെ , ഊർജ്ജനഷ്ടം ഇല്ലാതെ അപ്പൂപ്പൻതാടിപോലെ പാറിനീങ്ങിയാണ് സഞ്ചാരവിഷമം പരിഹരിക്കുന്നത്. കരയിലെ ദേശ സഞ്ചാരത്തിന് റെയിൽവേ ട്രാക്കുകൾ ,ഹൈവേകൾ എന്നിവയ്ക്ക് മുകളിലെ തടസങ്ങളില്ലാത്ത ഒഴിഞ്ഞ ആകാശപ്പെരുവഴിയാണ് അധികവും തിരഞ്ഞെടുക്കുക. പക്ഷെ ഈ ദേശാടനപ്പറക്കലിന്റെ ആവശ്യമെന്തെന്ന രഹസ്യം ഇപ്പഴും പൂർണ്ണമായും ചുരുളഴിഞ്ഞിട്ടില്ല.



ശാസ്ത്രമാസികകൾ ഓൺലൈനായി വരി ചേരാം