ആർസനിക്കം ആൽബം 30സി എന്ന മരുന്നിന്റെ  ഫലപ്രാപ്തി പഠനം – ഒരവലോകനം

ഡോ. വി രാമൻകുട്ടി, ഡോ. കെ.പി. അരവിന്ദൻ

കോവിഡ്-19 രോഗം വരാതിരിക്കാനായി പ്രതിരോധത്തിന് ഹോമിയോ മരുന്നായ  ആർസനിക്കം ആൽബം 30സി വ്യാപകമായി നൽകപ്പെടുന്നുണ്ട്. കേന്ദ്ര ആയുഷ് മന്ത്രാലയം മാർച്ച് 6ന് ഇറക്കിയ നിർദേശത്തിൽ ഈ മരുന്ന് കോവിഡ് പ്രതിരോധത്തിന് നൽകാമെന്ന് പറയുന്നു. രോഗലക്ഷണങ്ങളെ പറ്റിയൊക്കെ പൂർണമായ അറിവുകൾ നേടുന്നതിനു പോലും മുൻപാണീ ഉത്തരവ് ഇറക്കിയത് എന്നത് പ്രസ്താവ്യമാണ്. യാതൊരു പഠനത്തിന്റേയും അടിസ്ഥാനത്തിലായിരുന്നില്ല ഈ നിർദേശം. 80% മരണസാധ്യതയുള്ള എബോള വൈറസ് എപ്പിഡമിക്കിന് പ്രതിരോധമോ ചികിത്സയോ ഇല്ലാതിരുന്ന സാഹചര്യത്തിൽ ക്ലിനിക്കല്‍ ട്രയലിൽ ഫലം തെളിയിക്കാത്ത ഇടപെടലുകൾ നൈതിക വിരുദ്ധമല്ല എന്ന് 2014ൽ ലോകാരോഗ്യസംഘടനയുടെ ഒരു രേഖയിൽ പറയുന്നതിന്റെ ചുവടു പിടിച്ചാണ് ആയുഷ് മന്ത്രാലയം ഒരു ശതമാനത്തിനടുത്ത് മരണസാദ്ധ്യതയുള്ള കൊറോണ-19 രോഗത്തിന് ഫലപ്രാപ്തിയുടെ തെളിവൊന്നുമില്ലാത്ത മരുന്നുകൾ ഉപയോഗിക്കാമെന്ന ശുപാർശയിലേത്തുന്നത്.

ഇതേതുടർന്ന് ആർസനിക്കം ആൽബം 30സി എന്ന മരുന്നിന്റെ ലക്ഷക്കണക്കിന് ഡോസുകൾ ഇന്ത്യ മുഴുവൻ നൽകപ്പെട്ടു. ഫലപ്രാപ്തിയെ പറ്റി യാതൊരു തെളിവുമില്ലാതെ ഇത്തരം പ്രതിരോധമരുന്നുകൾ പ്രചരിപ്പിക്കുന്നത് കോവിഡ്-19 നെതിരെ ജനങ്ങളുടെ ജാഗ്രത കുറവ് വരുത്തുമെന്ന് പലരും ചൂണ്ടിക്കാട്ടി. ആർസനിക്കം ആൽബം 30c  എന്ന മരുന്ന് ഹോമിയോപ്പതി വിധിപ്രകാരം നേർപ്പിച്ചെടുക്കുന്നതാണ്. 30c എന്നാൽ ഒരു തുള്ളി മരുന്ന് 99 തുള്ളി വെള്ളം ചേർത്ത്, അതിൽ നിന്നൊരു തുള്ളി എടുത്ത് അതും നൂറിൽ ഒന്നാക്കി,  അങ്ങനെ 30 തവണ ആവർത്തിച്ച് നേർപ്പിച്ചുണ്ടാക്കുന്നതാണ്. ഇതിൽ അന്തിമമായി മരുന്നിന്റെ ഒരു തന്മാത്ര പോലും അവശേഷിക്കുകയില്ല. എന്നിട്ടും ഇത് പ്രതിരോധത്തിന് ഉതകുമെന്നത് സാമാന്യയുക്തിക്ക് നിരക്കുന്നതല്ല എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. കോവിഡിനെതിരെ ഇന്ന് പല വാക്സീനുകളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അവയൊന്നും പല സ്റ്റേജുകളായ പഠനങ്ങൾ ഇല്ലാതെ ഉപയോഗിക്കാൻ പാടില്ല എന്നതാണ് വ്യവസ്ഥ. ഒന്നു പോലും ഉപയോഗിക്കാൻ തുടങ്ങിയിട്ടില്ല. ഹോമിയോ മരുന്നുകൾക്ക് ഇതൊന്നും ബാധകമല്ല എന്നത് എന്തടിസ്ഥാനത്തിലാണെന്ന ചോദ്യവും ഉയർത്തപ്പെട്ടിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് വൈകിയെങ്കിലും ഫലപ്രാപ്തി തെളിയിക്കാനുള്ള പുതിയ പഠനവുമായി ചിലർ രംഗത്തു വന്നിരിക്കുന്നത്. “Efficacy Of Arsenicum Alb 30c For Upregulating Immunological Markers Among Residents Of Covid-19 Related Hot Spot Areas In Pathanamthitta, Kerala” എന്ന പേരിലുള്ള പഠനം സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. Thomas M. V, (Research In Homoeopathy, Kerala); Bijukumar D (Department of Homoeopathy, Kerala); Nirmal Ghosh O.S (Homoeopathic Medical Education, Kerala); Muraleedharan K.C(National Homoeopathy Research Institute in Mental Health, Kerala); Biju S.G (Homoeopathic Multi-Speciality Clinic, Kottayam, Kerala) എന്നിവരാണ് ഇതിന്റെ കർത്താക്കൾ.

ഈ പഠനത്തെ ചുരുക്കി വിലയിരുത്തുകയാണ് ഈ ലേഖനത്തിന്റെ ഉദ്ദേശം.

നൂറോളം പേജുകളിലായി നീണ്ടു കിടക്കുന്ന റിപ്പോർട്ട് 23 ലക്ഷ്യങ്ങൾ, 30 പട്ടികകൾ,  27 ഗ്രാഫുകൾ എന്നിങ്ങനെ നീട്ടി വലിച്ച് ദുർഘടമാക്കിയിരിക്കുകയാണ്. പുരുഷന്മാരുടേയും സ്ത്രീകളുടേയും ശരാശരി ഉയരത്തിലുള്ള വ്യത്യാസം  കണ്ടെത്തുക എന്നൊരു ലക്ഷ്യം ഉണ്ടെന്നു വെക്കുക.  അതിനെ പുരുഷന്മാരുടേയും ശരാശരി ഉയരം കണ്ടെത്തുക, സ്ത്രീകളുടെ ശരാശരി ഉയരം കണ്ടെത്തുക, ഇവ തമ്മിലുള്ള താരതമ്യം നടത്തുക എന്നിങ്ങനെ മൂന്നു ലക്ഷ്യങ്ങളായി മാറ്റിയാൽ എങ്ങനെയിരിക്കും. ഏതാണ്ട് ഇതു പോലെയാണ് ഈ പഠനം മുഴുവൻ. പഠനത്തിൽ, CD4 കൗണ്ടിന്റെ മൊത്തമായി ഒരു പട്ടിക, പിന്നെ അതു തന്നെ ഒരു ഗ്രാഫ്, പിന്നെ അതിൽ തന്നെ പുരുഷന്മാരുടേതു മാത്രമായി പട്ടിക, ഗ്രാഫ്, സ്ത്രീകളുടേത് വേറൊരു പട്ടിക, ഗ്രാഫ്  എന്നിങ്ങനെ ഒരു ഡാറ്റയ്ക്കു മാത്രം പേജുകളാണ് ഉപയോഗിച്ചിരിക്കുന്നത്. സത്യത്തിൽ ഈ പഠനത്തിന്റെ കണ്ടെത്തലുകൾ മുഴുവൻ രണ്ടു പട്ടികകളിലായി ഒതുക്കാവുന്നതാണ്. എങ്കിൽ സമയം ഒരു പാട് ലാഭിക്കാമായിരുന്നു.

കോവിഡ് രോഗത്തെ പറ്റിയുള്ള ഭീതി മാനസിക സമ്മർദ്ദമുണ്ടാക്കുമെന്നും, മാനസിക സമ്മർദ്ദം രോഗ പ്രതിരോധ ശക്തിയെ തളർത്തുമെന്നും ആർസനിക്കം ആൽബം 30സി നൽകുക വഴി രോഗ പ്രതിരോധ ശേഷിയെ ഉത്തേജിപ്പിക്കാമെന്നുമാണ് ഗവേഷകരുടെ ഹൈപ്പോത്തീസിസ്. 

ചുരുക്കിപ്പറഞ്ഞാൽ പത്തനംതിട്ട ജില്ലയിലുള്ള 120 പേർക്ക് കോവിഡ് ഭീതി കാരണമുള്ള മാനസിക സമ്മർദ്ദം അളക്കാനുള്ള ചോദ്യാവലി നൽകുന്നു. അതിൽ 61 പേർക്ക് മാനസിക സമ്മർദ്ദമുണ്ടെന്ന് (Stress) കണ്ടെത്തുന്നു. ഇവരിൽ തെരഞ്ഞെടുത്ത 20 പേരിൽ CD4 ടെസ്റ്റ് ചെയ്ത് ഒരു പരിധിയിൽ കുറവുള്ള 16 പേരെ ആർസനിക്കം ആൽബം 30സി എന്ന മരുന്നിന്റെ ഫലപ്രാപ്തി പഠനത്തിന് വിധേയമാക്കുന്നു. 

ഫലപ്രാപ്തിയെന്നാൽ ഈ പഠനത്തിൽ വിവക്ഷിക്കുന്നത്  കോവിഡ് രോഗം തടയുകയെന്നതല്ല, പ്രതിരോധശേഷി കൂട്ടുകയെന്നതാണ്. അതിനായി രക്തത്തിലെ പ്രതിരോധകോശങ്ങളായ വിവിധ തരം ലിംഫോസൈറ്റുകളുടെ എണ്ണം മരുന്ന് നൽകിയതിനു ശേഷം കൂടുന്നുണ്ടോ എന്നു പരിശോധിക്കുന്നു. CD4, CD8, CD3, ആകെയുള്ള ലിംഫോസൈറ്റുകൾ എന്നിവയുടെ എണ്ണവും  CD4:CD8 എന്നിവയുടെ അനുപാതവുമാണ് അളക്കുന്നത്.  ഇത്രയുമാണ് പഠനം.

ഇനി ചില സാങ്കേതിക പ്രശ്നങ്ങളിലേക്ക്

  1. പേജ് 21- സാമ്പിൾ സൈസ് 385 ഇൽ കുറയാതെ എന്നു കാണുന്നു. ഇത് എങ്ങിനെ കണക്കാക്കി എന്നു വ്യക്തമല്ല. ഒരു സാമ്പിൾ സൈസ് കണക്കാക്കുമ്പോള്‍ അതിനു സ്റ്റാറ്റിസ്റ്റിക്കലായ ചില ധാരണകൾ- assumptions – ഉണ്ടായിരിക്കണം. അവ വ്യക്തമല്ല. മാത്രമല്ല പിന്നീടുള്ള വായനയിൽ ഈ 385 കടന്നുവരുന്നതേ ഇല്ല. ഇതിന്റെ സാംഗത്യം വ്യക്തമല്ല 
  2. ഈ 385 എന്തിനുള്ള സാമ്പിൾ സൈസ് ആണെന്നു വ്യക്തമല്ല. കാരണം, പഠനത്തിനു രണ്ടു പാദങ്ങൾ ഉണ്ട്- ആദ്യം മാനസിക സമ്മർദ്ദത്തിന്റെ പ്രാചുര്യം അളക്കുന്ന ഒരു സർവേ, പിന്നീട് മരുന്നിന്റെ ക്ഷമതാപരീക്ഷണം. പേജ് 22 ഇൽ ഇതൊരു ‘പർപസീവ് സാമ്പ്ലിങ്ങ്’ ആണെന്നു പറഞ്ഞിരിക്കുന്നു. പർപസീവ് സാമ്പ്ലിങ്ങിൽ നിന്ന് സ്റ്റാറ്റിസ്റ്റിക്കലായ നിഗമനങ്ങളിലെത്താൻ സാധ്യമല്ല. (പിന്നീടുള്ള ഒരു പേജിൽ റാൻഡം സാമ്പിൾ എന്നും കണ്ടു. റാൻഡം സാമ്പിൾ ആയിരുന്നെങ്കിൽ എങ്ങിനെ അതിലെത്തി എന്നും പറയേണ്ടതുണ്ട്.) 
  3. ഫിഗർ 3-2 ഇൽ നിന്ന് ആദ്യം 24 ഗ്രാമ പഞ്ചായത്തിൽനിന്ന് 1151 പേരെ തെരഞ്ഞെടുത്തതായി കാണുന്നു. ഇവരെ എങ്ങിനെ തെരഞ്ഞെടുത്തു എന്നു വ്യക്തമല്ല. ഹോമിയോ ക്ലിനിക്കുകളിൽ വരുന്നവരിൽ നിന്നാണോ, അതോ കമ്മ്യൂണിറ്റി സർവേ നടത്തിയാണോ? ഈ 1151 പേരിൽ നിന്ന് ഒരു ‘ഒറ്റച്ചോദ്യ സ്ക്രീനിങ്ങ്’ വഴി 120 പേരെ തെരഞ്ഞെടുത്തു. ഈ ‘ഒറ്റ ചോദ്യം’ എങ്ങിനെ കണ്ടെത്തി എന്നു വ്യക്തമല്ല. ഈ ചോദ്യം കൃത്യമായി സ്റ്റ്രെസ്സ് ഉള്ളവരെ തെരഞ്ഞെടുക്കാൻ പ്രാപ്തമാണെന്നു തെളിവുണ്ടോ? ഒറ്റ ചോദ്യം വഴി കിട്ടിയവരെ ഒരു ചോദ്യാവലി ഉപയോഗിച്ച് സ്റ്റ്രെസ്സ് ഉള്ളവരാരെന്നു കണ്ടെത്താൻ ശ്രമിക്കുന്നു. 61 പേരെയാണ് ഇതിൽ നിന്ന് കിട്ടിയത്. ആദ്യം കണക്കാകിയ സാമ്പിൾ സൈസായ 385 പേരെ കണ്ടെത്താൻ ശ്രമിക്കാത്തത് എന്തുകൊണ്ടാണെന്നു വ്യക്തമല്ല. 
  4. ഇമ്പാക്റ്റ് ഓഫ് ഇവന്റ്സ് സ്കേൽ- റിവൈസ്ഡ്’ എന്ന ഐ ഈ ആർ എസ് എന്ന ചോദ്യാവലിയാണ് ആളുകളിലെ സ്റ്റ്രെസ്സ് അളക്കാൻ ഉപയോഗിച്ചിരിക്കുന്നത്. ഇത് സാധാരണ പെട്ടെന്നുണ്ടാകുന്ന അപ്രതീക്ഷിത ശാരീരിക റിസ്കുകൾ- കാറപകടം, സുനാമി – എന്നിങ്ങനെ മൂലം ആളുകളിൽ ഉണ്ടായേക്കാവുന്ന ‘പോസ്റ്റ് ട്രമാറ്റിക് സ്റ്റ്രെസ്സ് ഡിസോർഡർ’ എന്ന മാനസികാവസ്ഥയുള്ളവരെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന ഒരു  ഉപകരണം ആണ്. ഇത് എത്രത്തോളം ഈ സന്ദർഭത്തിൽ സംഗതമാണ് എന്നത് സംശയമാണ്. തങ്ങൾ ഉപയോഗിച്ച മലയാള പരിഭാഷ മാനകീകരിച്ചതല്ല (not standardised) എന്നും  പഠനം നടത്തിയവർ പറഞ്ഞിരിക്കുന്നു. 
  5. 61 പേരിൽ പലകാരണങ്ങളാലും കൊഴിഞ്ഞുപോക്കുകൾ കഴിഞ്ഞ് 16 പേരിൽ മാത്രമാണ് രക്തസാമ്പിൾ പഠനം നടത്തിയിട്ടുള്ളത്. ഇതിൽ ഏറ്റവും വലിയ പങ്ക് കൊഴിഞ്ഞുപോയവർ പഠനം നടത്താൻ വിസമ്മതിച്ചവരാണെന്നു കാണുന്നു. ഒരു പഠനസാമ്പിളിന്റെ 26% (16/61) മാത്രം വെച്ചുകൊണ്ട് അനുമാനങ്ങളിൽ എത്തുന്നത് അബദ്ധമാണ്, കാരണം ബയാസ് കാരണം തെറ്റായ നിഗമനത്തിൽ എത്തിച്ചേരാനുള്ള സാധ്യത വളരെ കൂടുതലാണ്. 
  6. പഠനത്തിന്റെ ഏറ്റവും നിർണ്ണായകമായ ഭാഗം മരുന്നു കൊടുത്തിട്ട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നുള്ള ചോദ്യത്തിനുള്ള ഉത്തരമാണ്. ഇതിനായി രക്തസാമ്പിളുകൾ എടുത്തതിന്റെയും, ചെയ്ത ടെസ്റ്റുകളുടെ രീതിശാസ്ത്രവും  വിശദാംശങ്ങളും ലഭ്യമല്ല. എവിടെ എങ്ങിനെ ഏതു ടെസ്റ്റ് ചെയ്തു എന്നൊന്നും ഒരിടത്തും പറയുന്നില്ല!
  7. CD4, CD8, CD3, ലിംഫോസൈറ്റ് കൗണ്ട്, (ആകെയുള്ള ലിംഫോസൈറ്റുകളുടെ എണ്ണം)  CD4:CD8 അനുപാതം എന്നീ സൂചകങ്ങളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. പ്രീ-പോസ്റ്റ് ഇന്റെർവെൻഷൻ  (മരുന്നുകൊടുക്കുന്നതിനു മുൻപും പിൻപും രക്തപരിശോധന) എന്ന രീതിയാണ് അവലംബിച്ചിരിക്കുന്നത്. ഇവയെല്ലാം വർദ്ധിക്കുന്നത് പ്രതിരോധശേഷി (ഇമ്മ്യൂണിറ്റി) കൂടുന്നതിന്റെ ലക്ഷണമായാണ് സങ്കൽപ്പിച്ചിരിക്കുന്നത്. ഈ സങ്കൽപ്പത്തിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല എന്നതാണ് ഈ പഠനത്തിന്റെ ഏറ്റവും വലിയ ന്യൂനത. രക്തത്തിലെ CD4 കോശങ്ങളുടെ എണ്ണം വല്ലാതെ കുറയുകയാണെങ്കിൽ അത് പ്രതിരോധശേഷിക്കുറവിന്റെ ലക്ഷണമാണെന്ന് നമുക്കറിയാം. എയ്ഡ്സ് രോഗത്തിന്റെ കാരണം വൈറസ് CD4 കോശങ്ങളെ നശിപ്പിക്കുന്നതു കൊണ്ടാണ്. അതു മൂലം CD4  കോശങ്ങളുടെ എണ്ണം സാധാരണയിൽ താഴെയായി കാണപ്പെടുന്നു. സാധാരണ മനുഷ്യരിൽ ഏതാണ് 500–1,200 cells/mm3 എന്ന തോതിലാണ് CD4 ഉണ്ടാവുക. ഈ പരിധിക്കുള്ളിൽ എണ്ണം കൂടുന്നതു കൊണ്ട് എന്തെങ്കിലും മെച്ചമുണ്ടെന്നതിന് ഒരു തെളിവുമില്ല. മറ്റ് കോശങ്ങൾക്കെല്ലാം ഇതു പോലെ പരിധികളുണ്ട് (Absolute lymphocyte count 1115-4009; CD4 430-1740, CD8 218-1396, CD4:CD8 ratio 0.39-3.02).  ഈ പരിധികൾക്കുള്ളിൽ ഏറ്റക്കുറച്ചിലുകൾ സ്ഥിരമായി നടക്കുന്നതാണ്. അതിന് പ്രതിരോധം കുറയുന്നോ കൂടുന്നോ എന്നൊന്നും ഒരു അർത്ഥവുമില്ല. ഇമ്മ്യൂണിറ്റി കുറവ് മനസ്സിലാവുന്നതു പോലെ ഇമ്മ്യൂണിറ്റി കൂടുതൽ എന്നൊരു അവസ്ഥ ഉണ്ടോ എന്ന് തെളിയിക്കപ്പെട്ടിട്ടില്ല. പ്രതിരോധ കോശങ്ങളുടെ എണ്ണം കൂടുന്നത് ഇമ്മ്യൂണിറ്റി കൂടുന്ന അവസ്ഥ എന്നതിനേക്കാൾ രോഗങ്ങളുടെ (പകർച്ച വ്യാധികൾ, ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ, രക്തകോശങ്ങളുടെ കാൻസറുകൾ) ലക്ഷണമാണ്. എന്തെങ്കിലും മരുന്ന് കൊടുത്ത് പ്രതിരോധ കോശങ്ങളുടെ എണ്ണം കൂടുന്നത് ഇമ്മ്യൂണിറ്റി കൂട്ടി എന്നു പറയുന്നത് നിരർത്ഥകമാണ്. 
  8. പ്രീ- പോസ്റ്റ് അസ്സെസ്സ്മെന്റിൽ മിക്ക സൂചകങ്ങളിലും സ്റ്റാറ്റിസ്റ്റിക്കലി സിഗ്നിഫിക്കന്റ് ആയിട്ടുള്ള വ്യത്യാസം- എല്ലാത്തിലും ഗുണപരമായ മാറ്റം- വന്നു എന്നുള്ള വസ്തുതയെ അടിസ്ഥാനപ്പെടുത്തിയാണ് മരുന്നിന് ഇഫക്റ്റ് ഉണ്ട് എന്ന നിഗമനത്തിൽ എത്തിയിരിക്കുന്നത്. ഇതാണ് ഈ പഠനത്തിന്റെ കാതൽ. പക്ഷെ ഇവിടെ ഓർക്കേണ്ടത്, രക്തത്തിലെ പല കൗണ്ടുകളും സ്വതവേ മാറ്റങ്ങൾക്ക് വിധേയമാണെന്നുള്ളതാണ്. പഠനത്തിൽ പ്രതിഫലിച്ചിട്ടുള്ളത് ഈ വ്യതിയാനങ്ങളല്ല എന്നുറപ്പുവരുത്തണമെങ്കിൽ, ഒരു കൺട്രോൾ ഗ്രൂപ്പ്- മരുന്നു ലഭിക്കാത്ത, മരുന്നു ലഭിക്കുന്ന ഗ്രൂപ്പിനോട് താരതമ്യം ചെയ്യാവുന്ന- ഒരു ഗ്രൂപ്പും കൂടി വേണമായിരുന്നു. ഏറ്റവും അനുയോജ്യമായ ഡിസൈൻ, റാൻഡമൈസ് ചെയ്ത രണ്ടുഗ്രൂപ്പുകളിൽ ഒന്നിനു മരുന്നു കൊടുക്കുകയും, രണ്ടുഗ്രൂപ്പിലേയും മരുന്നിന്റെ പ്രാഭവം ഗ്രൂപ്പുതമ്മിൽ തിരിച്ചറിയാത്ത രീതിയിൽ (ബ്ലൈൻഡ്) പഠിക്കുകയും ചെയ്യുന്ന റാൻഡമൈസ്ഡ് കൺട്രോൾഡ് ഡിസൈൻ ആയിരുന്നു. 
  9. ഈ പഠനത്തിൽ കണ്ട മാറ്റത്തിന്റെ തോത് ഞെട്ടിപ്പിക്കുന്നതാണ്. പ്രയോഗിക്കുന്ന രാസവസ്തുവിന്റെ ഒരു തന്മാത്ര പോലും അവശേഷിക്കാതെ ഉണ്ടാക്കിയെടുത്ത മരുന്ന് നൽകിക്കഴിഞ്ഞ് പ്രതിരോധം കൂടുമെന്നതിന്റെ തെളിവായി ഗവേഷകർ തെറ്റിദ്ധരിച്ചതെന്തോ അതു തന്നെ ഗംഭീരമായി കാണപ്പെടുന്നു! ഗംഭീരമെന്നൊന്നും പറഞ്ഞാൽ പോരാ – അതിഗംഭീരം. താഴെയുള്ള ചിത്രം നോക്കൂ. CD4, CD8, CD3, ലിമ്ഫോസൈറ്റ് കൗണ്ട് എന്നിങ്ങനെ 4 സൂചകങ്ങൾ 16 പേരിൽ മരുന്ന് കൊടുക്കുന്നതിനു മുൻപും പിൻപും അളന്നിരിക്കുന്നു. ആകെ 64 ജോഡി അളവുകൾ. 63 തവണയും ഓരോ സൂചകവും മേൽപ്പോട്ട് മാത്രം മാറിയിരിക്കുന്നു. ഇമ്മ്യൂണോളജി പഠിക്കുന്ന ആർക്കും ദഹിക്കുന്നതല്ല ഈ ഡാറ്റ എന്നു മാത്രമല്ല പാചകം ചെയ്യപ്പെട്ടതാണോ എന്ന് സംശയിക്കുന്നവരെ കുറ്റം പറയാൻ പറ്റില്ല. സ്റ്റാറ്റിസ്റ്റിക്കൽ രീതികൾ വെച്ചു തന്നെ അതിൻ്റെ വിദഗ്ദ്ധർക്ക് ഇത് കണ്ടു പിടിക്കാനാവേണ്ടതാണ്.
  10. പരിസമാപ്തിയും ശുപാർശകളും’ എന്ന ഭാഗത്ത് അന്വേഷകർ പറയുന്നു പഠനത്തിന്റെ അടിസ്ഥാനത്തിൽ വ്യാപകമായി ഈ മരുന്നു ജനങ്ങൾക്ക് കൊടുക്കണം എന്ന്. എന്നാൽ, ഡാറ്റയുടെ അവിശ്വസനീയത മാറ്റി നിർത്തിയാൽ പോലും , ഈ പഠനത്തിന്റെ വെളിച്ചത്തിൽ ഇങ്ങിനെയൊരു നിഗമനത്തിൽ എങ്ങിനെയെത്താനാകുമെന്നു വ്യക്തമല്ല. സ്റ്റ്രെസ് ഉള്ളവരിൽ സിഡി കൗണ്ടും മറ്റു ചില സൂചകങ്ങളും ഉയർത്താനാകും എന്നു മാത്രമാണ് ഇവരുടെ അവകാശപ്രകാരമുള്ള പഠന റിസൾട്ടുകൾ സൂചിപ്പിക്കുന്നത്. എന്തെങ്കിലും സൈഡ് ഇഫക്റ്റുകൾ ഉണ്ടോ എന്നുള്ളത് വ്യക്തമല്ല. ഏറ്റവും പ്രധാനം, ഈ പഠിതാക്കളിൽ രോഗം വരാതെ സൂക്ഷിക്കൻ ഇതിനു കഴിയുന്നുവോ എന്നതാണ്. അത് ഈ പഠനത്തിന്റെ ഭാഗമേ അല്ല. 

ഉപസംഹാരം

ഗവേഷണത്തിന്റെ അടിസ്ഥാനതത്വങ്ങൾ പോലും പാലിക്കാത്ത ഈ പഠനത്തിലൂടെ ലഭിച്ചുവെന്ന് അവകാശപ്പെടുന്ന ഡാറ്റ വിശ്വസനീയതയുടെ പരിധികൾക്കപ്പുറമാണ്. ടെസ്റ്റുകൾ ചെയ്ത രീതികളും ലബോറട്ടറിയും ഏതെന്ന് വെളിപ്പെടുത്തണം. അവിടെയുള്ള ലോഗുകൾ പരിശോധിക്കപ്പെടണം. പിഴവുള്ള പഠനങ്ങൾ വെച്ച് പ്രചരണം നടത്തുകയോ അതു വഴി ജനങ്ങളെ വഴി തെറ്റിക്കുകയോ ചെയ്യാൻ ഇട വരരുത്.


ആർസെനിക്കം ആൽബം കോവിഡിനെ തുരത്തുമോ ?

Leave a Reply