Read Time:10 Minute

വിജയകുമാർ ബ്ലാത്തൂർ

അർദ്ധചന്ദ്രരൂപത്തിലുള്ള പരന്ന തല കണ്ടാൽ കുഞ്ഞ് കളിച്ചട്ടുകമാണെന്നു തോന്നും . അൽപ്പം ഇടുങ്ങിയ കഴുത്ത്. കറുപ്പോ തവിട്ടോ നിറമുള്ള വഴുക്കലുള്ള മിന്നുന്ന സുന്ദര ശരീരം, വയറുരച്ച് ഇഴഞ്ഞുള്ള പതുക്കെയുള്ള സഞ്ചാരം കഴുത്തുമുതൽ നെടുനീളത്തിൽ മേൽഭാഗത്ത് കടും നിറത്തിൽ വരകൾ . അടിഭാഗം ഇളം ചാരനിറമോ മങ്ങിയ വെളുപ്പോ ആയിരിക്കും. ആദ്യകാഴ്ചയിൽ ഒരു മണ്ണിരക്കഷണമാണെന്നേ തോന്നു. നമ്മുടെ നാട്ടിൽ പറമ്പിലും തൊടിയിലും മഴക്കാലത്ത് ഇവയെ ധാരാളം കാണാം. താപാമ്പ് , ചട്ടുകത്തലയൻ എന്നൊക്കെയുള്ള നാട്ട്പേരുകൾ കൂടാതെ ചോറുവാർക്കാൻ ഉപയോഗിക്കുന്ന അടച്ചൂറ്റിക്കഷണത്തിന്റെ രൂപമുള്ളത്തിനാൽ അടച്ചൂറ്റിപാമ്പ് എന്നും ചിലയിടങ്ങളിൽ പേരുണ്ട്. . പിക്കാസിന്റെ പോലെ രണ്ട് ഭാഗത്തേക്ക് പിരിഞ്ഞ പരന്ന തലയുള്ളതിനാലാണ് ഈ വിഭാഗം വിരകളുടെ ജീനസിന് ബൈപാലിയം (Bipalium) എന്ന പേരുകിട്ടിയത്. . ബൈ എന്നാൽ രണ്ട് എന്നും പാല എന്നാൽ മൺകോരി എന്നും ലാറ്റിനിൽ അർത്ഥമുണ്ട്.

മണ്ണിരകളാണ് പഹയരുടെ മുഖ്യഭക്ഷണം. മണ്ണിരപോയ വഴികൾ തിരിച്ചറിഞ്ഞ് പിന്തുടർന്നാണ് ബുദ്ധിപരമായ ഇരതേടൽ ആക്രമണം .അതിന് സഹായിക്കുന്നത് ഇഷ്ടമുള്ളപോലെ ചലിപ്പിക്കാനാകുന്ന പരപ്പൻ തലയാണ്. മണ്ണിരയെ അടുത്ത്കിട്ടി, ചട്ടുത്തലകൊണ്ട് തൊട്ടറിഞ്ഞാൽ പിന്നെ വജ്രപ്പശകൊണ്ട് ഒട്ടിയപോലെ ഒന്നൊന്നരപിടുത്തമാണ്. വഴുതിപ്പിടയുന്ന മണ്ണിരയുടെ ശരീരം നീളത്തിൽ പിണച്ച് ചുരുണ്ട് ഒരുതരം ധൃതരാഷ്ട്രാലിംഗനം നൽകും . മസിൽ പവറിനാലും പശപശപ്പുള്ള ശരീരദ്രവങ്ങൾ കൊണ്ട് ഒട്ടിപ്പിടിപ്പിച്ചും , രക്ഷപ്പെടാൻ പെടാപ്പാട് നടത്തുന്ന ഇരയെ വരുതിയിലാക്കും. മണ്ണിരയെ ചുരുട്ടിക്കൂട്ടിയശേഷമാണ് അടുത്തപണി. താപാമ്പിന്റെ വായ തലയിലല്ല, നെഞ്ചത്താണ് .കീറ് വാതുറന്ന് അണ്ണാക്ക് പുറത്തേക്കിട്ട് ഉള്ളിലെ എൻസൈമുകൾ ശർദ്ദിച്ചുകൂട്ടും. മണ്ണിരയുടെ സ്നിഗ്ധശരീരം അതുപയോഗിച്ച് ദഹിപ്പിച്ച് കുഴമ്പാക്കും. വായവിടവിലൂടെ മണ്ണിര സത്തെല്ലാം സിലിയ ചലനം വഴി വലിച്ച് അകത്താക്കും . നമ്മളൊക്കെ തിന്നശേഷമാണ് ഭക്ഷണം ദഹിപ്പിക്കുന്നതെങ്കിൽ ഈ ചങ്ങാതി ദഹിപ്പിച്ച ശേഷം ഭക്ഷണം വലിച്ചകത്താക്കുകയാണ് ചെയ്യുക എന്ന് സാരം .. എല്ലാം കൂടി അരമണിക്കൂറെടുക്കും ഒരു ഭീകര ശാപ്പാടിന്. .ഒരു മണ്ണിരയെ തിന്നാൽ പിന്നെ മൂന്നുമാസം പട്ടിണിയായാലും പ്രശ്നമില്ല. താപാമ്പിന്റെ ദേഹത്തെ ദ്രവങ്ങളുടെ അരുചിമൂലം സാധാരണ പക്ഷികളും മറ്റും ഇവരെ ഭക്ഷിക്കാതെ ഒഴിവാക്കും. സ്വന്തം വർഗ്ഗക്കാരെ ശാപ്പിടുന്ന കനാബോളിസ സ്വഭാവം ചിലയിനം ബൈപാലിയം സ്പീഷിസുകൾ പ്രകടിപ്പിക്കുന്നുണ്ട്. വളരെ നീളം കുറഞ്ഞവ മുതൽ 20 സെന്റീമീറ്റർ വരെ നീളമുള്ള നിരവധിയിനം ചട്ടുകത്തലയൻ പാമ്പുകൾ ഉണ്ട്. ബ്രൗൺ നിറമോ കറുപ്പു നിറമോ ആണ് സാധാരണ കാണാറെങ്കിലും ദേഹത്തെ നീളൻ വരകൾ ഓരോ ഇനങ്ങളിലും വ്യത്യസ്ഥമായിരിക്കും.

കടപ്പാട് വിക്കിപീഡിയ നവനീത് കൃഷ്ണന്‍ എസ് –
താപാമ്പ് കഞ്ഞിയിൽ വീണത് അറിയാതെ കഴിച്ച ഒരു കുടുംബത്തിലെ എല്ലാവരും ചത്തുപോയതുപോലുള്ള അതിശയോക്തിക്കഥകൾ പണ്ടേ പലനാട്ടിലും പ്രചാരത്തിലുണ്ടെങ്കിലും ഇതുവരെ കേരളത്തിൽ ഒരിടത്തും ബൈപാലിയം വിഷബാധകൊണ്ട് ആർക്കെങ്കിലും അപകടം സംഭവിച്ചതായി രേഖകളില്ല. പേരിൽ ഒരു പാമ്പുള്ളതിനാൽ കുറച്ച് വിഷവും കിടക്കട്ടെ എന്ന് ആരോ തീരുമാനിച്ചതാകാം.
എന്നാലും ടെട്രഡോടോക്സിൻ എന്ന ശക്തിയേറിയ ന്യൂറോടോക്സിൻ Bipalium adventitium , Bipalium kewense എന്നീ രണ്ട് ഇനങ്ങളുടെ ശരീരത്തിൽ വളരെ ചെറിയ അളവിൽ ഉണ്ടെന്ന് കണ്ടെത്തീട്ടുണ്ട്. . പക്ഷെ അത് മണ്ണിരയെ ചലനരഹിതമാക്കാൻ മാത്രം നിസാര അളവിൽ ഉള്ളതാണ്. ഇതിനെ പിടിച്ച് തിന്നുന്ന ഇരപിടിയന്മാരെ കുഴപ്പിച്ച് നിരുത്സാഹപ്പെടുത്താനും, ചില അസ്വസ്ഥതകൾ ഉണ്ടാക്കാനും സാധിക്കും. മനുഷ്യർക്ക് അപകടം ഉണ്ടാക്കാൻ മാത്രം ശക്തിയൊന്നും അതിനില്ല. . എങ്കിലും താപാമ്പ് പേടി ആദിവാസികളുടെ ഇടയിൽ പോലും ഇപ്പഴും ഉണ്ട്.

ശരീരത്തിന്റെ അടിഭാഗത്ത് ഉരഞ്ഞുനീങ്ങാൻ സഹായിക്കുന്ന ഒരു സോളുപോലുള്ള സംവിധാനം ഉണ്ട്. മ്യൂക്കസ് ആവരണം ഉള്ള പുറം തൊലിയ്ക്ക് പക്ഷെ ഉള്ളിലെ ജലാംശം നഷ്ടമാകാതെ സൂക്ഷിക്കാനുള്ള കഴിവില്ല. അതിനാൽ ഈർപ്പമുള്ള ഇടങ്ങളിലല്ലാതെ അധികസമയം ഇവയ്ക്ക് അതിജീവിക്കാനാകില്ല.. ഉപ്പ് ദേഹത്ത് വിതറിയാൽ തന്നെ ഉള്ളിലെ ജലാംശം പുറത്തേക്ക് നഷ്ടപ്പെട്ട് ചത്ത്പോകും..

വിവിധതരം താപ്പാമ്പുകൾ കടപ്പാട് വിക്കിപീഡിയ Piterkeo –

കഷണങ്ങളായി മുറിഞ്ഞ് ഓരോ കഷണങ്ങൾക്കും തലഭാഗം വളർന്ന് വന്ന് പുതിയ ജീവിയായി മാറുന്നതരം പ്രത്യുത്പാദനരീതിയാണ് സാധാരണയായി ഉണ്ടാകുക. ഏതെങ്കിലും ഇരപിടിയൻ ആക്രമണത്തിൽ പീസ് പീസായാലും സാരമില്ല. ബാക്കിയായ ഓരോ കഷണവും പുതിയ വിരകളായി വളർന്നോളും. ലൈംഗീക പ്രത്യുത്പാദാനവും ചില സ്പീഷിസുകളിൽ നടക്കുന്നുണ്ട്. ആൺ പെൺ ലൈംഗീക അവയവങ്ങൾ രണ്ടും ഒരേ ജീവിയിൽ കാണുകയെന്ന hermaphroditic സ്വഭാവം പ്രകടിപ്പിക്കുന്നവയാണ് ചട്ടുകത്തലയന്മാർ. അർദ്ധനാരീശ്വരനല്ല, പൂർണ്ണ നാരീശ്വരന്മാരാണിവർ. പരസ്പരം നേർവിപരീതദിശയിൽ ചേർന്ന് നിന്നാണ് ഇണചേരൽ. രണ്ട് ജീവികളിലേയും ആൺ പെൺ ലൈംഗീക അവയവങ്ങൾ നേർക്കുനേർ വരികയും ബീജസങ്കലനം നടക്കുകയും ഇരുവരും മുട്ടകൾ നിറഞ്ഞ ഒരു കൂട് പൊഴിച്ചിടുകയും ചെയ്യും.

കടപ്പാട് udaipurtimes.com

കിഴക്കനേഷ്യൻ രാജ്യങ്ങളിൽ മാത്രമുണ്ടായിരുന്ന പല ബൈപാലിയം സ്പീഷിസുകളും ഇപ്പോൾ അമേരിക്കയിലും മറ്റും വ്യാപകമായി കണ്ടുവരുന്നുണ്ട്. അലങ്കാരചെടികളുടെ വ്യാപാരം വഴി ചെടിച്ചട്ടികളിലൂടെയാണ് പലതും കടൽ കടന്നത്. എന്തൊക്കെയായാലും ഇവയുടെ സാന്നിദ്ധ്യം ചിലപ്രദേശങ്ങളുടെ സൂക്ഷ്മകാലാവസ്ഥ, മണ്ണിന്റെ ജൈവ ഘടന, മണ്ണിരകളുടെ ലഭ്യത, എന്നിവയുടെ ഒക്കെ സൂചകമാണ് . വളരെ ചെറിയ കാലാവസ്ഥാമാറ്റങ്ങൾ പോലും ഇവയെ ഇല്ലാതാക്കും. അതിനാൽ താപാമ്പിനെ നിങ്ങളുടെ പ്രദേശത്ത് നല്ല മഴക്കാലത്തും ഒട്ടും കാണാൻ കിട്ടുന്നില്ലെങ്കിൽ സൂക്ഷിച്ചോളു . അത് നല്ല ലക്ഷണമല്ല.



ഇതുവരെ പ്രസിദ്ധീകരിച്ച ഈ പംക്തിയിലെ ലേഖനങ്ങള്‍
1 ഉത്തരം താങ്ങുന്ന പല്ലികള്‍
2 മണ്‍കൂടൊരുക്കുന്ന വേട്ടാളന്‍
3 കൂറ മാഹാത്മ്യം അഥവാ പാറ്റപുരാണം
4 വായിക്കാനറിയാത്ത പുസ്തകപ്പുഴു
5 കാക്കയെകുറിച്ച് എന്തറിയാം ?
6 തേരുരുള്‍ പോലെ ചുരുളും തേരട്ട
7 കൊതുക് മൂളുന്ന കഥകള്‍
8 ചുമരില്‍ ചലിക്കും കുമ്പളക്കുരു
9 ഉറുമ്പുകടിയുടെ സുഖം
10 നൂറുകാലും പഴുതാരയും
11 തുമ്പിയുടെ ലാര്‍വാണോ കുഴിയാന ?
12 അരണ ആരെയാണ് കടിച്ചത് ?
13 മൂട്ടരാത്രികള്‍
14 ഒച്ചിഴയുന്ന വഴികള്‍
15 തേനീച്ചകളുടെ എട്ടിന്റെ പണി
16. ചാണകവണ്ടും ആകാശഗംഗയും
17 ചിതലു തന്നെയാണ് ഈയാംപാറ്റ
18 പൊഴിഞ്ഞുവീഴും മുപ്ലി വണ്ടുകള്‍
19 പ്രണയം പടര്‍ത്തിയ പേനുകള്‍
20 മനുഷ്യമുഖ ചാഴികള്‍
21 ഇറുക്കി വിഷം കുത്തും തേളുകള്‍
22 ജാഗ്രത ലേഡീ ബേഡാണ് ഞാന്‍
23 രക്തദാഹിയായ കുളയട്ടകള്‍
24 വേഷം കെട്ടുന്ന ചിത്രശലഭങ്ങള്‍
25 ഇലക്കവിളിലെ തുപ്പൽപ്രാണി
26 തുമ്പിപ്പെണ്ണേ വാ.. വാ..

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
25 %
Angry
Angry
25 %
Surprise
Surprise
0 %

Leave a Reply

Previous post പെർക്കിൻ പെരുമ
Next post നിരീക്ഷണവും താരതമ്യവും
Close