ജയന്ത് വി നാര്‍ലിക്കര്‍

ഇന്ത്യയുടെ ഐന്‍സ്റ്റൈന്‍ എന്നുവരെ അറിയപ്പെടുന്ന പ്രഗദ്ഭശാസ്ത്രജ്ഞനായ ജയന്ത് വി നാര്‍ലിക്കറുടെ ജന്മദിനമാണ് ജൂലൈ 19.ഗുരുത്വാകര്‍ഷണത്തെ വിശദീകരിക്കുവാനുള്ള ഒരു സിദ്ധാന്തം വികസിപ്പിച്ചെടുക്കുവാന്‍ അദ്ദേഹവും ഫ്രെഡ്ഹോയിലും ചേര്‍ന്നു നടത്തിയ ഒരു പരിശ്രമമാണ് നാര്‍ലിക്കറെ ശ്രദ്ധേയനാക്കിയത്,Jayant_Vishnu_Narlikar
1938 ജൂലൈ 19-ന് മഹാരാഷ്ട്രയിലെ കോല്‍ഹാപ്പൂരില്‍ നാര്‍ലിക്കര്‍ ജനിച്ചു. ഗണിതജ്ഞന്മാരുടെ ഒരു കുടുംബമായിരുന്നു അവരുടേത്. വാരാണസിയില്‍ താമസമാക്കിയിരുന്ന അമ്മാവന്റെ കൂടെയാണ് അദ്ദേഹം വളര്‍ന്നത്. അമ്മാവന്‍ ഒരു ഗണിത പണ്ഡിതനായിരുന്നു. അദ്ദേഹം എല്ലാ ദിവസവും രാവിലെ ബോര്‍ഡില്‍ ഒരു ഗണിതപ്രശ്നം എഴുതിയിടും. ജയന്ത് അതിനുത്തരം കണ്ടെത്തി ചുവടെ എഴുതിയിടണം. ഇതായിരുന്നു പഠനരീതി.

ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍നിന്ന് എം.എസ്.സി ബിരുദവും ഡോക്ടറേറ്റും നേടിയശേഷം അദ്ദേഹം കേംബ്രിഡ്ജിലേക്ക് പോയി. അവിടെ ഫ്രെഡ് ഹോയിലിന്റെ കൂടെ ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. നക്ഷത്ര ഭൗതികത്തിന് നാര്‍ലിക്കര്‍ നല്‍കിയ സംഭാവനകളെ പുരസ്കരിച്ച് നിരവധി അവാര്‍ഡുകളും സ്കോളര്‍ഷിപ്പുകളും അദ്ദേഹത്തിനു ലഭിച്ചു.

1972-ല്‍ നാര്‍ലിക്കര്‍ ഇന്ത്യയില്‍ തിരിച്ചെത്തി. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ പ്രൊഫസറായി പ്രവർത്തിച്ചു.1988 ൽ UGC യുടെ ആവശ്യാനുസരണം അദ്ദേഹം പൂനയിലെ ഇന്റർ യൂനിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ്‌ ആസ്ട്രോഫിസിക്സ് (IUCAA) സ്ഥാപിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. IUCAA യുടെ സ്ഥാപക ഡയരക്ടർ ആണ് അദ്ദേഹം. അന്താരാഷ്ട്ര തലത്തിൽ ഏറെ പ്രശസ്തിയാർജിച്ച സ്ഥാപനമായി IUCAA നെ മാറ്റിത്തീർത്തത്തിൽ നാർലിക്കർ വഹിച്ച പങ്ക് നിസ്തുലമാണ്.

ഏറെ അറിയപ്പെടുന്ന മഹാസ്ഫോടന സിദ്ധാന്തം (പ്രപഞ്ചോത്പത്തിയെ സംബന്ധിച്ച്) നിരസിക്കുന്ന ഒന്നായിരുന്നു ഹോയിലിന്റെയും, നാര്‍ലിക്കറുടെയും സിദ്ധാന്തം. സ്ഥിരപ്രപഞ്ചസിദ്ധാന്തം എന്ന വീക്ഷണമാണ് പ്രപഞ്ചോത്പത്തിയെ സംബന്ധിച്ച് നാര്‍ലിക്കര്‍ക്കുള്ളത്.ഗാലക്സികള്‍ അകന്നുപോകുന്നതിനോടൊപ്പം, പ്രപഞ്ചത്തില്‍ പദാര്‍ഥം നിരന്തരം സൃഷ്ടിക്കപ്പെടുന്നുവെന്നും, തന്മൂലം പ്രപഞ്ചത്തിന്റെ സാന്ദ്രത സ്ഥിരമായി നില്‍ക്കുന്നു എന്നുമാണ് ഈ സിദ്ധാന്തത്തിന്റെ സാരാംശം.

ഇപ്പോള്‍ തമോദ്വോരങ്ങളെയും, ടാക്കിയോണുകളെയും സംബന്ധിച്ച ഗവേഷണങ്ങളില്‍ വ്യാപൃതനാണ് അദ്ദേഹം. തമോദ്വോരങ്ങള്‍ ടാക്കിയോണുകളെ ആഗീരണം ചെയ്യുമ്പോള്‍ അവയുടെ പ്രതലവിസ്തീര്‍ണവും വ്യാപ്തിയും കുറയുമെന്നും അതിന്റെ നിരക്ക് അളക്കാന്‍ കഴിഞ്ഞാല്‍ ടാക്കിയോണുകളുടെ സാന്നിദ്ധ്യം തെളിയിക്കുവാന്‍ കഴിയുമെന്നും നാര്‍ലിക്കര്‍ വിശ്വസിക്കുന്നു.

ഒരു ശാസ്ത്രജ്ഞന്‍ എന്ന നിലയ്ക്കു മാത്രമല്ല നാര്‍ലിക്കര്‍ അറിയപ്പെടുന്നത്. മറാത്തിയിലും, ഇംഗ്ലീഷിലും നല്ല നല്ല ചെറുകഥകള്‍ അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവയില്‍ ഏറെയും ‘സയന്‍സ് ഫിക്ഷന്‍’ വിഭാഗത്തില്‍പെടുന്നു. ഇന്ത്യയിലും പുറത്തും അറിയപ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഈ വിഭാഗത്തിലുള്ള രചനകള്‍. സാമാന്യജനങ്ങള്‍ക്ക് മനസ്സിലാകുന്ന ലളിതമായ ഭാഷയില്‍ ശുദ്ധശാസ്ത്രം എഴുതുന്ന ഒരു ശാസ്ത്രസാഹിത്യകാരന്‍കൂടിയാണ് നാര്‍ലിക്കര്‍. ശാസ്ത്ര പ്രചാരണ മേഘലയിലെ സംഭാവനകൾ മാനിച്ച് UNESCO, 1996 ൽ അദ്ദേഹത്തിന് ‘കലിംഗ’ അവാർഡ് നല്കി ആദരിച്ചിട്ടുണ്ട്. 2011 ഭാരത സർക്കാർ അദ്ദേഹത്തെ പദ്മവിഭൂഷൻ ബഹുമതി നല്കി ആദരിച്ചിട്ടുണ്ട്.

http://en.wikipedia.org/wiki/Jayant_Narlikar

Leave a Reply