Read Time:11 Minute

കേൾക്കാം

ലോകമെമ്പാടുമുള്ള ഗവേഷണ ലബോറട്ടറികളിൽ പുതു ഗവേഷണങ്ങൾക്ക് ഊർജ്ജം നൽകി ജീവസ്സോടെ വിഭജിച്ചു കൊണ്ടേയിരിക്കുന്ന ഹീല കോശത്തെക്കുറിച്ച് വായിക്കാം എഴുതിയത് : ജിതിന എം അവതരണം : അഞ്ജലി ജെ.ആർ

ഹെന്നി എന്ന ആഫ്രിക്കൻ വംശജയായ യുവതി  തന്റെ ഭർത്താവിനോടും മക്കളോടും കൂടി അമേരിക്കയിലെ  ബാൾട്ടിമോറിൽ  പുതിയ വീട് വാങ്ങി സസന്തോഷം താമസിച്ചു വരികയായിരുന്നു.  1950 നവംബർ മാസം തന്റെ അഞ്ചാമത്തെ മകന് ഹെന്നി ജന്മം നൽകി. അതിനു ശേഷം  അവൾക്ക് തന്റെ വയറ്റിൽ ഒരു തടിപ്പ് അനുഭവപ്പെട്ടു. 1951 ജനുവരിയിൽ അവൾ അമിത രക്തസ്രാവത്തെ തുടർന്ന് ജോൺസ് ഹോപ്കിൻസ് ആശുപത്രിയിൽ ചെന്നു. ആ കാലത്ത് പാവപെട്ട ആഫ്രിക്കൻ വംശജരെ ചികിത്സിക്കുന്ന ചുരുക്കം ചില ആശുപത്രികളിൽ ഒന്നായിരുന്നു  ജോൺസ് ഹോപ്കിൻസ്.

Henrietta Lacks

അവിടുത്തെ സ്ത്രീരോഗ വിദഗ്ദ്ധനായ   ഡോ. ഹൊവാർഡ് ജോൺസൻ ഹെന്നിയുടെ ഗർഭാശയ മുഖത്തിൽ നിന്നും കോശങ്ങൾ എടുത്ത് ബയോപ്സി ചെയ്ത് അവൾക്ക് ഗർഭാശയ മുഖ കാൻസർ (cervical cancer) ആണെന്ന് സ്ഥിരീകരിച്ചു. വൈകാതെ ഡോക്ടർ അവൾക്ക് റേഡിയം ഉപയോഗിച്ച് ഉള്ള ചികിത്സ നൽകിത്തുടങ്ങി. ആയിടെ ഡോക്ടർ അവൾ അറിയാതെ അവളുടെ ഗർഭാശയ മുഖത്തു നിന്നും ആരോഗ്യമുള്ള കോശങ്ങളും അർബുദ കോശങ്ങളും ശേഖരിച്ചു. ഈ കോശങ്ങൾ ഡോ. ജോൺസൻ അതേ ആശുപത്രിയിലെ തന്നെ അർബുദ രോഗ ചികിത്സാ വിദഗ്ദ്ധനായ ജോർജ് ഓട്ടോ ഗ്രെയ്ക്ക് നൽകി. ഡോ. ഗ്രേ ആ ഹോസ്പിറ്റലിൽ വരുന്ന കാൻസർ രോഗികളുടെ കോശങ്ങൾ ലബോറട്ടറിയിൽ കൃത്രിമമായി  വളർത്തി എടുക്കുന്നത് പതിവായിരുന്നു.   അദ്ദേഹം വളർത്തുന്ന കോശങ്ങൾ ഒക്കെ പെട്ടെന്ന് തന്നെ നശിച്ചുപോവാറായിരുന്നു പതിവ്. എന്നാൽ പതിവിനു വിപരീതമായി ഹെന്നിയുടെ അർബുദ കോശങ്ങൾ ഓരോ 24 മണിക്കൂറിലും ഇരട്ടിയായി വർദ്ധിക്കുന്നത് കണ്ട അദ്ദേഹം അത്ഭുതപ്പെട്ടു. വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ  കോശങ്ങൾ മരണമില്ലാത്തവയാണെന്ന് അദ്ദേഹം മനസിലാക്കി. ഈ അർബുദകോശങ്ങളിൽ നിന്ന് ഒരെണ്ണം മാത്രമെടുത്ത് ഡോ. ഗ്രേ അതിന്റെ വിഭജനത്തിലൂടെ പുതിയ ഒരു സെൽ ലൈൻ തന്നെ ഉണ്ടാക്കാം എന്ന് കാട്ടി തന്നു. ആ കോശങ്ങൾക്ക് ഹെന്ന (Henrietta Lacks)യുടെ പേരിന്റെ ആദ്യത്തെ അക്ഷരങ്ങൾ ചേർത്ത്  അദ്ദേഹം ഹീലാ (HeLa)എന്ന പേര് നൽകി.

ജോർജ് ഓട്ടോ ഗ്രെ

കൃത്രിമമായി വളരാനും വിഭജിക്കാനുമുള്ള ഹീലാ കോശങ്ങളുടെ കഴിവ് അവയെ ലോകം എമ്പാടുമുള്ള അനേകം ഗവേഷണ ലാബുകളിലേക്ക് എത്തിച്ചു.

ഹീല കോശങ്ങൾ – മൈക്രോസ്കോപ്പിലൂടെയുള്ള കാഴ്ച്ച – കടപ്പാട് : Biomol

പോളിയോ വാക്‌സിന്റെ കണ്ടുപിടിത്തത്തിലെ പങ്ക്   

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ പോളിയോ അമേരിക്കയിൽ പിടിമുറുക്കി. 1954 ൽ ജോനാസ് സോക്ക് എന്ന ഗവേഷകൻ പോളിയോ വാക്‌സിൻ നിർമ്മിച്ചു. വാക്‌സിൻ ശരീരത്തിൽ എത്തിയാൽ ഉടനെ ശരീരത്തിന്റെ രോഗപ്രതിരോധ വ്യവസ്ഥ വൈറസിന് എതിരെയുള്ള  ആൻറ്റിബോഡി സൃഷ്ടിക്കും. എന്നാൽ ഇത് എത്രമാത്രം വിജയകരമാണെന്ന് തെളിയിക്കാൻ വേണ്ടി തുടക്കത്തിൽ കുരങ്ങന്മാരെയായിരുന്നു ഉപയോഗിച്ചത്. പിന്നീട് ഹീല സെല്ലുകളുടെ അതിവേഗം പെരുകാനുള്ള  കഴിവിനെപ്പറ്റി മനസിലാക്കിയ സോക്ക്, പോളിയോ  വാക്‌സിൻ കുത്തിവെച്ച രോഗിയുടെ രക്തവും ഹീലാ കോശങ്ങളും പോളിയോ വൈറസിനെയും ഒരു പേട്രി പ്ലേറ്റിൽ വച്ചു. രോഗിയുടെ രക്തത്തിൽ വാക്‌സിൻ ആവശ്യത്തിന് ആൻറ്റിബോഡി   സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ പോളിയോ വൈറസിനെ ഈ ആൻറ്റിബോഡി നശിപ്പിക്കുകയും ഹീലാ കോശങ്ങൾ ആകൃതിയിൽ ഒന്നും വ്യത്യസമില്ലാതെ നിലനിൽക്കുകയും ചെയ്യും. ഇതിനായി ഹീലാ കോശങ്ങളെ വലിയ അളവിൽ അലബാമയിലെ ടാസ്കഗീ ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ചു.

1952 ലെ പോളിയോ വാക്സിൻ – ഹേല കോശങ്ങളുടെ സഹായത്തോടെ നിർമ്മിച്ചത്

ഹ്യൂമൻ പാപ്പിലോമാ വൈറസ് (HPV) വാക്‌സിന്റെ നിർമാണം

1980-കളിൽ, ജർമ്മൻ വൈറോളജിസ്റ്റായ ഹെറാൾഡ് സൂർ ഹൗസെൻ എച്ച് .പി.വി യും സെർവിക്കൽ ക്യാൻസറും തമ്മിലുള്ള ബന്ധം പഠിക്കാൻ ഹീലാ സെല്ലുകൾ ഉപയോഗിച്ചു. ഹെൻറിറ്റ ലാക്‌സിന്റെ ക്യാൻസർ  കോശങ്ങളിൽ HPV-18 എന്ന വൈറസ് ടൈപ്പ് കണ്ടെത്തി.  എച്ച് .പി.വി ബാധിച്ച കോശങ്ങൾ  ഹീലാ കോശങ്ങൾക്ക് സമാനമായ അസാധാരണ വളർച്ചയും പെരുമാറ്റവും പ്രകടിപ്പിക്കുന്നതായി അദ്ദേഹം കണ്ടെത്തി.

ഹീല കോശങ്ങൾ – ഇലക്ട്രോൺ മൈക്രോസ്കോപ്പിലൂടെയുള്ള കാഴ്ച്ച

ഈ മുന്നേറ്റം എച്ച് .പി.വി  യും സെർവിക്കൽ ക്യാൻസറും തമ്മിൽ നേരിട്ടുള്ള ബന്ധം സ്ഥാപിക്കുകയും വാക്സിൻ വികസനത്തിന് വഴിയൊരുക്കുകയും ചെയ്തു.  എച്ച് .പി.വി യും മനുഷ്യ പ്രതിരോധ കോശങ്ങളും തമ്മിലുള്ള പ്രതിപ്രവർത്തനം പഠിക്കാൻ ഹെല സെല്ലുകൾ ഗവേഷകരെ അനുവദിച്ചു. പ്രതിരോധ സംവിധാനത്തിൽ നിന്ന് വൈറസ് എങ്ങനെ ഒഴിഞ്ഞുമാറുകയും ക്യാൻസറിന് കാരണമാകുകയും ചെയ്യുന്നു, ഇത് പ്രത്യേക വൈറൽ പ്രോട്ടീനുകളെ ലക്ഷ്യം വച്ചുള്ള വാക്സിനുകളുടെ വികസനത്തിലേക്ക് നയിക്കുന്നതും ശക്തമായ രോഗപ്രതിരോധ പ്രതികരണത്തെ ഉത്തേജിപ്പിക്കുന്നതും എങ്ങനെയെന്ന് മനസ്സിലാക്കാൻ ഇത് അവരെ സഹായിച്ചു.

ബ്രിസ്റ്റോളിലെ റോയൽ ഫോർട്ട് ഹൌസിലെ ഹെന്റിയറ്റ ലാക്ക്സിന്റെ പ്രതിമ- 2021 ൽ അനാച്ഛാദനം ചെയ്തത്

ഹീല കോശങ്ങൾ ബഹിരാകാശത്തിൽ

1960 കളിൽ ഹീല കോശങ്ങളെ സോവിയറ്റ് യൂണിയൻ തങ്ങളുടെ സ്പുട്നിക് 6 ൽ ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്. ബഹിരാകാശ യാത്ര എങ്ങനെ ജീവനുള്ള കോശങ്ങങ്ങളെയും കലകളെയും സ്വാധീനിക്കുന്നു എന്ന് പഠിക്കാൻ വേണ്ടിയായിരുന്നു ഇത്. ഗുരുത്വാകര്ഷണത്തിന്റെ അസാന്നിദ്ധ്യത്തിൽ  സാധാരണയിലും വേഗത്തിൽ ഹീല കോശങ്ങൾ വിഭജിക്കുന്നു എന്ന് അവർ കണ്ടെത്തി.

അഞ്ചാംപനി, മുണ്ടിനീര്, റുബെല്ല (എംഎംആർ) വാക്സിൻ,ചിക്കൻപോക്‌സ് വാക്‌സിൻ,റാബിസ് വാക്സിൻഹെപ്പറ്റൈറ്റിസ് എ വാക്സിൻ മുതലായവയുടെ കണ്ടുപിടിത്തങ്ങളിൽ ഹീലാ കോശങ്ങളുടെ പങ്ക് വലുതാണ്.  COVID-19 വാക്‌സിൻ വികസനത്തിൻ്റെ പശ്ചാത്തലത്തിൽ, മനുഷ്യകോശങ്ങളുമായി വൈറസ് എങ്ങനെ ഇടപഴകുന്നുവെന്ന് മനസിലാക്കാൻ പ്രാഥമിക പഠനങ്ങളിൽ HeLa സെല്ലുകൾ ഉപയോഗിച്ചിരുന്നു.

ഹെന്നി എന്ന ഹെൻറീറ്റ ലാക്‌സ് 1951 ഒക്ടോബർ 4 നു അർബുദ രോഗത്തിന് കീഴടങ്ങി എങ്കിലും 73 വർഷങ്ങൾക്കിപ്പുറം അവരുടെ കോശങ്ങൾ ഇന്നും ലോകമെമ്പാടുമുള്ള ഗവേഷണ ലബോറട്ടറികളിൽ പുതു ഗവേഷണങ്ങൾക്ക് ഊർജ്ജം നൽകി  ജീവസ്സോടെ വിഭജിച്ചു കൊണ്ടേയിരിക്കുന്നു.

Henrietta Lacks, August 1, 1920 – October 4, 1951
 In loving memory of a phenomenal woman,
wife and mother who touched the lives of many.
Here lies Henrietta Lacks (HeLa). Her immortal
 cells will continue to help mankind forever.
Eternal Love and Admiration, From Your Family
Happy
Happy
25 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post യൂണിവേഴ്സിറ്റി കോളേജ് ഓഫ് സയന്‍സ്: ഇന്ത്യന്‍ ശാസ്ത്രചരിത്രത്തിലെ നാഴികക്കല്ല്
Next post 2024 ഫെബ്രുവരിയിലെ ആകാശം
Close