നവംബർ 21- തുമ്പ റോക്കറ്റ് വിക്ഷേപണത്തിന്റെ ഓർമ്മദിനം


സന്ദീപ് പി.

ഇന്ന് നവംബർ 21,ഇന്ത്യൻ ബഹിരാകാശ ചരിത്രത്തിലെ സുപ്രധാന ദിവസം.1963 നവംബർ 21 നാണ് ഇന്ത്യയിൽ നിന്നുള്ള ആദ്യ റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ആകാശത്തേക്ക് കുതിച്ചത്. സ്വാതന്ത്ര്യം ലഭിച്ച് പതിനാറു വർഷത്തിനുള്ളിൽ കൈവരിച്ച ഈ നേട്ടത്തിന് പുറകിലെ ആസൂത്രണവും സംഘാടനവും എടുത്തു പറയേണ്ടതാണ്.

ISROക്ക് മുൻപ് INCOSPAR

ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് Indian Space Research Organization (ISRO/ഇസ്രോ) ആണെന്ന് നമുക്കറിയാം. ആദ്യ റോക്കറ്റ് ആകാശത്തിലേക്കു ഉയരുമ്പോൾ ഇസ്രോ എന്ന സ്ഥാപനം പിറവികൊണ്ടിട്ടില്ല. ഡിപ്പാർട്ട്മെന്റ് ഓഫ് ആറ്റോമിക്ക് എനർജിക്കു കീഴിൽ ഒരു കമ്മിറ്റിയാണ് (Indian national committee for space research അഥവാ INCOSPAR) ഇന്ത്യയിലെ ബഹിരാകാശ ഗവേഷണങ്ങളെ ഏകോപിപ്പിച്ചിരുന്നത്. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും ആറ്റോമിക്ക് എനർജി കമ്മീഷൻ ചെയർമാൻ ഹോമി ഭാഭയും ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവെന്ന് അറിയപ്പെടുന്ന വിക്രം സാരാഭായിയുമായിരുന്നു INCOSPAR ന്റെ ശില്പികൾ.

വിക്രം സാരാഭായ്, ജവഹർലാൽ നെഹ്റു കടപ്പാട് isro

തുമ്പയിലേക്ക് 

ബഹിരാകാശ പദ്ധതികളുടെ ഭാഗമായി ഒരു വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നുന്നതിന് ഒരു ശാസ്ത്ര സംഘം ഇന്ത്യയിൽ ഇരുന്നൂറോളം സ്ഥലങ്ങളിൽ സന്ദർശനം നടത്തി. ഇങ്ങനെ കണ്ടെത്തിയ കേന്ദ്രങ്ങളിൽ കൊച്ചി, തിരുവനന്തപുരം ജില്ലയിലെ വർക്കല, തുമ്പ, കൊല്ലം ജില്ലയിലെ വെള്ളനാതുരുത്ത്, കരുനാഗപ്പിള്ളി എന്നീ പ്രദേശങ്ങൾ ഉണ്ടായിരുന്നു. ഭൂമിയുടെ കാന്തിക ഭൂമദ്ധ്യരേഖ കടന്നുപോകുന്ന തുമ്പയാണ് വിക്ഷേപണ കേന്ദ്രം സ്ഥാപിക്കാൻ അനുയോജ്യമായ സ്ഥലം എന്ന് സംഘം കണ്ടെത്തി. (തുമ്പയേക്കാൾ അനുയോജ്യമായ സ്ഥലമായി ഇ വി ചിട്നിസും സംഘവും കണ്ടെത്തിയത് കൊല്ലം ജില്ലയിലെ വെള്ളനാതുരുത്തായിരുന്നു. എന്നാൽ ആ സ്ഥലപ്പേര് ഇംഗ്ളീഷിൽ എഴുതിയാൽ ‘വെള്ളാന’ത്തുരുത്ത് എന്ന് വായിക്കുമെന്ന് പി ആർ പിഷാരടി പറഞ്ഞ ഒരു തമാശ കേട്ട സാരാഭായി, കേന്ദ്രം തുമ്പയിലേക്ക് മാറ്റി എന്ന് ഒരു കഥയും കേൾക്കുന്നുണ്ട്.)

വിക്രം സാരാഭായി, ഹോമി ജെ ബാബ – തുമ്പയിൽ കടപ്പാട് isro

അന്ന് തുമ്പ ഒരു ചെറിയ ഗ്രാമമായിരുന്നു. മീൻപിടുത്തമായിരുന്നു അവിടത്തുകാരുടെ പ്രധാന വരുമാന മാർഗം. മുന്നൂറ്റിയമ്പതോളം വരുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളെ അവിടെ നിന്നും മാറ്റി താമസിപ്പിച്ചു. അവിടെയുള്ള മഗ്ദലന മറിയം പള്ളി ഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിന് വിട്ടു കിട്ടാൻ ബന്ധപ്പെട്ടവരോട് സംസാരിച്ചു. അവർ അതിനു സമ്മതിക്കുകയും  വിക്ഷേപണ കേന്ദ്രത്തിനായി അറുനൂറേക്കർ ഭൂമി ഏറ്റെടുക്കുകയും ചെയ്തു. അങ്ങനെ പരിമിതമായ സാഹചര്യങ്ങളിൽ ഒരു പള്ളിയുടെ അകത്തളത്തിലും പരിസരത്തുമായി ഇന്ത്യയുടെ ആദ്യ ബഹിരാകാശ കേന്ദ്രം തുമ്പയിൽ (Thumba Equatorial Rocket Launching Station അഥവാ TERLS) പ്രവർത്തനം തുടങ്ങി.

തുമ്പയിലെ St Mary Magdalene Church. കടപ്പാട് isro

അന്താരാഷ്ട്ര സഹകരണം

ബഹിരാകാശരംഗത്ത് ഒന്നിച്ച് പരീക്ഷണങ്ങൾ നടത്തുന്നതിനും സാങ്കേതികവിദ്യകൾ കൈമാറുന്നതിനും രാജ്യങ്ങൾ തമ്മിൽ ചർച്ചകൾ നടക്കുന്ന കാലമായിരുന്നു അത്. ഇന്ത്യ നടത്തുന്ന ബഹിരാകാശ പരീക്ഷണങ്ങൾക്ക് പിന്തുണ നല്‍കുന്നതിന് അമേരിക്ക, റഷ്യ, ഫ്രാൻസ്, യുണൈറ്റഡ് കിങ്ഡം, ജർമനി എന്നീ രാജ്യങ്ങൾ സമ്മതിച്ചിട്ടുണ്ടായിരുന്നു. തുമ്പയിലെ വിക്ഷേപണ കേന്ദ്രം സ്ഥാപിക്കുന്നതിനും തുടർ പരീക്ഷണങ്ങൾ നടത്തുന്നതിനും നാസ സഹായം വാഗ്ദാനം ചെയ്തിരുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞരെ അമേരിക്കയിൽ അയച്ചു പരിശീലനം നടത്തുന്നതിനും ഇതുമൂലം സാധിച്ചു. വിക്ഷേപണം നടത്തുന്നതിനുള്ള സൌണ്ടിങ് റോക്കറ്റുകൾ നല്‍കാമെന്ന് അമേരിക്കയും അന്തരീക്ഷ പഠനം നടത്താനുള്ള ഉപകരണങ്ങൾ നല്‍കാമെന്ന് ഫ്രാൻസും സമ്മതിച്ചു.

നൈക്ക് അപ്പാച്ചെ (Nike-Apache) ഒരുങ്ങുന്നു കടപ്പാട് isro

അങ്ങനെ ആ ദിവസം 

1963 നവംബർ 21ന് വൈകീട്ട് 6.25 നു അമേരിക്ക നമുക്ക് തന്ന നൈക്ക് അപ്പാച്ചെ (Nike-Apache) എന്ന റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചുയർന്നു.180 കിലോമീറ്റർ ഉയരത്തിൽ വെച്ച് പേലോഡിൽ (payload) നിന്നും സോഡിയം വാതകം ആകാശത്തിൽ പരത്തി. അന്തരീക്ഷപഠനത്തിന്റെ ഭാഗമായി നിരവധി ഫോട്ടോകളും എടുത്തു.

നൈക്ക് അപ്പാച്ചെ (Nike-Apache) റോക്കറ്റ് തുമ്പയിലെ വിക്ഷേപണത്തറയിൽ നിന്നും ബഹിരാകാശത്തേക്ക് കുതിച്ചുയരുന്നു കടപ്പാട് isro

അതിനു ശേഷം ഇതുവരെ നൂറിന് മേൽ വിക്ഷേപണങ്ങൾ ഇസ്രോ നടത്തിക്കഴിഞ്ഞു. ഒരൊറ്റ വിക്ഷേപണത്തിൽ നൂറ്റിനാല് ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് ഇസ്രോ റെക്കോഡ് ഇട്ടിട്ടുണ്ട്. ഈ എല്ലാ വിജയങ്ങളുടെയും തുടക്കം 1963 നവംബർ 21 ന്നു കുതിച്ചുയർന്ന നൈക്ക് അപ്പാച്ചെ (Nike-Apache) എന്ന ഇരുപത്തിയേഴ് അടി മാത്രമുള്ള ആ റോക്കറ്റിൽ നിന്നുമായിരുന്നു.

ആദ്യവിക്ഷേപണം കാണുന്ന നാട്ടുകാരും സ്കൌട്ട് വിദ്യാർത്ഥികളും കടപ്പാട് isro

Leave a Reply