Read Time:15 Minute

 

ഡിസംബർ 2 – ഭോപ്പാൽ കൂട്ടക്കൊലയുടെ ഓർമ്മദിനമാണ്.  ദുരന്തമല്ല ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമാണ് ഭോപ്പാലിൽ നടന്നത്. 1985 മാർച്ച് ലക്കം ശാസ്ത്രഗതിയിൽ ഭോപ്പാൽ കൂട്ടക്കൊലയുടെ നൂറാം ദിനത്തിൽ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം

പ്രിയ സുഹൃത്തെ

നിങ്ങൾ ഇപ്പോഴും എവറെഡി ബാറ്ററി ഉപയോഗിക്കാറുണ്ടോ ? സെവിൻ കീടനാശിനി ഉപയോഗിക്കാറുണ്ടോ ? യൂണിയൻ കാർബൈഡിന്റെ ഏതെങ്കിലും ഉത്പന്നങ്ങൾ ഉപയോഗിക്കാറുണ്ടോ ?

എങ്കിൽ ഞങ്ങൾ വിനീതമായി അഭ്യർത്ഥിക്കുകയാണ്. അരുത്. ഭോപ്പാലിൽ നമ്മുടെ നിരപരാധികലായ 2500 സഹോദരീസഹോദരന്മാരെ നീചമായി കൊന്നൊടുക്കിയ കൊലയാളിയുടെ ഉത്പനന്ങ്ങൾ ബഹിഷ്കരിക്കൂ.. എവറെഡി ബാറ്ററിയും സെവിൻ കീടനാശിനിയും മറ്റ് കാർബൈഡ് ഉത്പന്നങ്ങളും നമ്മുടെ പ്രിയപ്പെട്ട സോദരരുടെ ചോരപുരണ്ട് കുതിർന്നവയാണ്. അവ പൈശാചികമായ ക്രൂരതയുടെ പ്രതീകങ്ങളാണ്. വിദേശ മേധാവിത്വത്തിനെതിരായ പോരാട്ടത്തിനിടയില്ർ നമ്മുടെ രാഷട്രപിതാവ് വിദേശ വസ്ത്രങ്ങൾ ബഹിഷ്കരിക്കാൻ നൽകിയ ആഹ്വാനം നമുക്ക് ഓർമ്മിക്കാം. വരൂ കൊലയാളി കാർബൈഡിനും ബഹുരാഷ്ട്രകുത്തകകൾക്കുമെതിരായുള്ള സമരത്തിൽ പങ്കുചേരൂ…

യൂണിയൻ കാർബൈഡ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കൂ…

കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

1985 ലെ ശാസ്ത്രഗതി മാസികയിൽ പ്രിസിദ്ധീകരിച്ച അഭ്യർത്ഥന

 

1985 മാർച്ച് ലക്കം ഭോപ്പാൽ കൂട്ടക്കൊലനടന്ന് 100 ദിവസം പിന്നിട്ടപ്പോൾ ശാസ്ത്രഗതിയിൽ പ്രസിദ്ധീകരിച്ച ലേഖനം

ഭോപ്പാൽ ഇനി എന്ത്?

ഭോപ്പാൽ കൂട്ടക്കൊല നടന്നിട്ട് മാർച്ച് 12ന് (1985)നൂറു ദിവസം തികഞ്ഞു. ലോകത്തിലെ ഏറ്റവും ഭീകരമായ വ്യവസായിക കൊലപാതകമെന്ന് ആവർത്തിച്ചു വിശേഷിപ്പിക്കപ്പെടുന്ന ഭോപ്പാൽ വിഷവാതകച്ചോർച്ച ഉയർത്തിവിട്ട പ്രതികരണങ്ങൾക്ക് കയ്യും കണക്കുമില്ല.

ഇനിയെന്ത് ? ലോകത്തിലെ നാനാഭാഗങ്ങളിൽ ദിവസേനയെന്നോണം നടക്കുന്ന വ്യവസായിക ദുരന്തങ്ങളിൽ ഒരെണ്ണം മാത്രമായി ഭോപ്പാൽ വിസ്മൃതിയിലേക്ക് മറയുകയാണോ ?. ഭോപ്പാൽ കൂട്ടക്കൊലയ്ക്ക് പിനിനലെ കറുത്ത കൈകൾ ഒന്നും സംഭവിച്ചിട്ടില്ല എന്നമട്ടിൽ അവരുടെ ഹീനമായ ചരടുവലികൾ തുടരുകയും നമ്മൾ ജീവനില്ലാത്ത പാവകളെ പ്പോലെ.. അതോ ഭോപ്പാലിലെ ശ്മശാനങ്ങളിൽ എരിഞ്ഞമർന്ന നിസ്സഹായരായ സഹോദരങ്ങളുടെ ഓർമ്മ പുതിയൊരു അവബോധത്തിലേക്കും ചെറുത്തുനിപ്പിലേക്കും നമ്മെ നയിക്കുമോ ? അത് തീരുമാനിക്കേണ്ടത് നമ്മളാണ്.

ഭോപ്പാൽ കൂട്ടക്കൊല  ഫോട്ടോഗ്രാഫർ രഘുറായുടെ ഫോട്ടോകൾ

ഭോപ്പാലിലെ കൂട്ടക്കൊലിലേക്ക് നയിച്ച നീചമായ നിരുത്തരവാദിത്വത്തിന്റെ വിശദാംശങ്ങളിൽ പലതും ഇപ്പോഴും അജ്ഞാതമായി അവശേഷിക്കുന്നു.  പക്ഷെ,യൂണിയൻ കാർബൈഡ് എന്ന ബഹുരാഷ്ട്ര രാക്ഷസന്റെ കൈകളാണ് അതിന്നു പിന്നിലുള്ളതെന്ന കാര്യം സംശയാതീതമായി തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു.  തങ്ങളുടെ ഉത്തരവാദിത്വത്തിന്റെ ഗൌരവം എറ്റവും നന്നായി അറിയുന്നത് ചെയർമാൻ വാറൻ ആൻഡേഴ്സനു തന്നെയാണ്. അദ്ദേഹമിപ്പോൾ തന്റെ സങ്കീർണ്ണമായ പബ്ലിക് റിലേഷൻസ് ഉപാധികളുടെ സഹായത്തോടെ കമ്പനിയുടെ മങ്ങലേറ്റ പ്രതിരൂപം വെള്ളപൂശിയെടുക്കാനുള്ള തീവ്ര ശ്രമത്തിലാണ്.

ആൻഡേഴ്സന്റെ വാദമിതാണ്. കൂട്ടക്കൊലയിൽ യൂണിയൻ കാർബൈഡിന്(അമേരിക്ക) യാതൊരു ഉത്തരവാദിത്വവുമില്ല. ഭോപ്പാൽ ഫാക്ടറിയിൽ അപകടസാധ്യതകളുണ്ടെന്ന കാര്യം ഏറ്റവുമാദ്യം ഇന്ത്യൻ കമ്പനി യൂണിയൻ കാർബൈഡ് ഇന്ത്യാ ലിമിറ്റഡ് യുടെ ശ്രദ്ധയിൽ പ്പെടുത്തിയത് തങ്ങളാണ്. അത് ഗൌരവമായി കണക്കിലെടുക്കാത്തിന്റെ മുഴുവൻ ചുമതലയും ഇന്ത്യൻ മാനേജ്മെന്റിനാണ്. പടിഞ്ഞാറൻ വെർജീനിയയിലെ തങ്ങളുടെ കമ്പനിയിൽ ഏർപ്പെടുത്തിയിട്ടുള്ളതുപോലെയുള്ള കമ്പ്യൂട്ടർ സുരക്ഷാ സംവിധാനങ്ങൾ ഭോപ്പാലിൽ ഏർപ്പെടുത്താതിതിരുന്നതിനുള്ള ഉത്തരവാദിത്തവും തങ്ങൾക്കല്ല. ഇന്ത്യൻ മാനേജ്മെന്റിനും ഇന്ത്യാഗവൺമെന്റിനുമാണ്. ഇന്ത്യയിലെ തൊഴിൽ സാഹചര്യങ്ങളാണ് കമ്പ്യൂട്ടർ സാഹചര്യങ്ങൾ ഏഞപ്പെടുത്താതിരുന്നതിന് കാരണമത്രെ!

ഭോപ്പാൽ കൂട്ടക്കൊല  ഫോട്ടോഗ്രാഫർ രഘുറായുടെ ഫോട്ടോകൾ

ആന്റേഴ്സന്റെ വാദങ്ങളെല്ലാം അസംബന്ധങ്ങളാണെന്ന് വസ്തുതകൾ വ്യക്തമാക്കുന്നു.

ഭോപ്പാൽ ഫാക്ടറിയിലെ 51 ശതമാനം ഷെയറുകളും യൂണിയൻ കാർബൈഡ് അമേരിക്കയുടെ നിയന്ത്രണത്തിലാണ്. ഇന്ത്യാ ഗവൺമെന്റിന്റെ വിദേശനാണ്യ നിയന്ത്രണ നിയമ(FERA) മനുസരിച്ച് സങ്കീർണ്ണമായ വിസേശ സാങ്കേതിക സഹായം പ്രയോജനപ്പെടുത്തുന്ന കമ്പനികൾക്കുമാത്രമേ 51 ശതമാനം വിദേശ ഷെയറുകൾ അനുവദിക്കാനാവൂ. ഭോപ്പാൽ ഫാക്ടറിയിൽ ഏറ്റവും മികച്ച സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നൽകുന്നതാണ് എന്ന് ഇന്ത്യാഗവൺമെന്റിന് എഴുതിക്കൊടുത്ത കരാറിന്റെ അടിസ്ഥാനത്തിലാണ് യൂണിയൻ കാർബൈഡ് അമേരിക്കക്ക്  51 ശതമാനം ഷെയറുകൾ അനുവദിക്കപ്പെട്ടത്. പ്രസ്തുത കരാർ നടപ്പാക്കാതിരിക്കുക വഴി കമ്പനി ഇന്ത്യാ ഗവൺെമെന്റിനെയും ഇന്ത്യൻ ജനതയേയും വഞ്ചിക്കുകയാണ് ഉണ്ടായത്. കരാർ പാലിക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഇന്ത്യാഗവണമെന്റും തയ്യാറായിട്ടില്ല.

ഭോപ്പാൽ കൂട്ടക്കൊല  ഫോട്ടോഗ്രാഫർ രഘുറായുടെ ഫോട്ടോകൾ

ഭോപ്പാൽ ഫാക്ടറിയുടെ ഡിസൈൻ പൂർണ്ണമായും അമേരിക്കൻ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് നടന്നിട്ടുള്ളത്. യൂണിയൻ കാർബൈഡ് ഇന്ത്യാലിമിറ്റഡിന്റെ മുൻ മാനേജിംഗ് ഡയറക്ടറായിരുന്ന എഡവേർഡ് മുനോസ് അമേരിക്കൻ കോടതി മുമ്പാകെ നൽകിയ മൊഴിയിൽത്തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഭോപ്പാൽ കൂട്ടക്കൊലക്ക് ഇടയാക്കിയ വിഷവാതകച്ചോർച്ചയുടെ സമയത്ത് ഫാക്ടറിയിലുണ്ടായിരുന്ന 5 സുരക്ഷാസംവിധാനങ്ങളും പരാജയപ്പെടുകയാണുണ്ടായത്. പ്രസ്തുത സുരക്ഷാസംവിധാനങ്ങൾ പ്രവർത്തിച്ചിരുന്നെങ്കിൽ പോലും അപകടം ഒഴിവാക്കാൻ കഴിയുമായിരുന്നില്ല എന്നും വിദഗ്തർക്ക് അഭിപ്രായമുണ്ട്. അത്രയേറെ നിരുത്തരവാദിത്തപരമായാണ് പ്ലാന്റ് ഡിസൈൻ നിർവഹിക്കപ്പെട്ടിരുന്നത് എന്നർത്ഥം.

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്തിൽ പ്രധാനമന്ത്രിക്ക് 5ലക്ഷം പേർ ഒപ്പിട്ട് അയച്ച നിവേദനം

ഈ വസ്തുതകളും യൂണിയൻ കാർബൈഡിന്റെ പൂർവ്വകാലചരിത്രവും ബഹുരാഷ്ട്രകുത്തകകളുടെ നീചമായ ചൂഷണതന്ത്രങ്ങളും ഒരുമിച്ചു പരിശോധിക്കുമ്പോൾ ഒരു കാര്യം തീർത്തും വ്യക്തമാകുന്നു. ഭോപ്പാൽ കൂട്ടക്കൊലയുടെ പ്രാഥമിക ഉത്തരവാദിത്വം യൂണിയൻ കാർബൈഡ് കോർപ്പറേഷൻ എന്ന കുത്തക രാക്ഷസനു തന്നെയാണ്. കമ്പനിയുടെ ഇന്ത്യൻ മാനേജ്മെന്റും കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ വിവിധ തലങ്ങളും ആ ബഹുരാഷ്ട്രരാക്ഷസന്റെ താളത്തിനൊത്ത് തുള്ളുകയായിരുന്നു എന്നത് തികച്ചും വ്യക്തമാണ്.

ഇതൊരുവശം. മറുവശത്ത് ഏങ്ങലടിയും ദുരന്തസ്മരണകളുമായി ഭോപ്പാൽ നഗരം ഇപ്പോഴും ഉഴറുകയാണ്. വിഷവാതകം ശ്വസിച്ച് മരണമടഞ്ഞവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം ഇപ്പോഴും മരീചിയായി അവശേഷിക്കുന്നു. കേന്ദ്രഗവൺമെന്റ്, ഈയിടെ പാസാക്കിയ ഓർഡിനൻസ് പ്രയോജനപ്പെടുത്തിക്കൊണ്ട് അമേരിക്കൻ കോടതികളെ സമീപിച്ചിരിക്കുകയാണ്. അതിനിടയിൽ കോടതിവ്യവഹാരം അനാവശ്യമായ കാലതാമസം വരുത്തുമെന്നും നേരിയ കൂടിയാലോചനവഴിക്കുമാത്രമേ പ്രശ്നം പരിഹരിക്കാനാകൂ എന്നു നേരിയൊരു ഭീഷണി സ്വരത്തിൽ അന്റേഴ്സൺ പ്രസ്താവിച്ചു കഴിഞ്ഞിട്ടുണ്ട്.

കടപ്പാട് വിക്കിപീഡിയ

ഭോപ്പാലിൽ സർക്കാർ നേതൃത്വത്തിൽ നടക്കുന്ന ദുരിതാശ്വാസ പ്രർത്തനങ്ങളെക്കുറിച്ച് ഒട്ടേറെ ആക്ഷേപങ്ങളും ആരോപണങ്ങളുമുണ്ട്. വിഷബാധയുടെ ദീർഘകാലഫലങ്ങളെക്കുറിച്ച് ഗൌരവപൂർണ്ണമായ യാതൊരു അന്വേഷണവും നടക്കുന്നില്ല എന്നാണ് റിപ്പോർട്ടുകൾ സൂടിപ്പിക്കുന്നത്. പോസ്റ്റ്മോട്ടം റിപ്പോർട്ടുകൾ ഒന്നുംതന്നെ സ്വതന്ത്രമായ പഠനത്തിന് ലഭിക്കുന്നില്ല. വിഷബാധയുടെ ആദ്യഘട്ടത്തിൽ സയനൈഡ് വിഷബാധയാണുണ്ടായത് എന്ന വാസ്തവം മൂടിവെക്കാൻ കാർബൈഡ് മാനേജ്മെന്റും ഏതാനും  ഉയർന്ന  മെഡിക്കൽ ഉദ്യോഗസ്ഥന്മാരും ചേർന്ന്  നടത്തിയ നിഗൂഢശ്രമം ഇതിനകം പുറത്തുവന്നിട്ടുണ്ട്. സയനൈഡ് വിഷബാധയ്ക്ക് മറുമരുന്നായി ഉപയോഗിക്കാവുന്ന സോഡിയം തയോസൾഫേറ്റിന്റെ  50,000 ഡോസുമായി ജർമ്മനിയിൽ നിന്നെത്തിയ ഡോ. മക്സ്ഡാവുണ്ടറർ , പ്രസ്തുത മരുന്ന് പ്രയോഗിക്കാൻ പാടില്ലെന്ന വിലക്കിനെ തുടർന്ന് മടങ്ങിപ്പോവുകയാണ് ഉണ്ടായത്. ആഴ്ച്ചകൾക്ക് ശേഷം സയനൈഡ് വിഷബാധ തെളിയിക്കപ്പെട്ടതിന് ശേഷം സോഡിയം തയോസൾഫേറ്റ് വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് അവതരിപ്പിച്ച ഭോപ്പാൽ തെരുവ് നാടകത്തിൽ നിന്ന്

വിഷബാധയെത്തുടർന്നുണ്ടായിട്ടുള്ള സാമൂഹ്യവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ നിരവധിയാണ്. വിഷബാധയേറ്റ തൊഴിലാളികളിൽ നല്ലൊരു ശതമാനം പേർക്ക് തൊഴിൽ ചെയ്യാനുള്ള കഴിവില്ലാതായിരിക്കുന്നു. അവരിൽ പലരും പിരിച്ചുവിടൽ ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഭോപ്പാലിൽ മരിച്ചുവീണവരുടെ വ്യക്തമായ കണ്കകുകൾ ഇപ്പോഴും ലഭ്യമല്ല. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഇതുമൂലം സങ്കീർണ്ണമായിരിക്കുന്നു. മിഥൈൽ ഐസോസയനേറ്റ് മനുഷ്യശരീരത്തിലും പരിസ്ഥിതിയിലുമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഇപ്പോഴും വ്യക്തമായ വിവരങ്ങളൊന്നുമില്ല. വിഷബാധയെത്തുടർന്നുള്ള നാളുകളിൽ ഭോപ്പാലിലെ ആശുപത്രിയിൽ ഒട്ടോറെ സ്ത്രീകളുടെ ഗർഭം അലസിപ്പോയി. ഇതിനുള്ള കാരണങ്ങൾ ഇപ്പോഴും അജ്ഞാതമാണ്.

നമ്മുടെതൊഴിൽ സുരക്ഷാനിയമങ്ങൾ, പരിസ്ഥിതി സംരക്ഷണനിയമങ്ങൾ എന്നിവയെല്ലാം കാലഹരണപ്പെട്ടു കഴിഞ്ഞവയാണെന്ന് ഭോപ്പാൽ ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തുന്നു. ഇനിയെന്ത്? അത് തീരുമാനിക്കേണ്ടത് നമ്മളാണ്. ഭോപ്പാൽ കൂട്ടക്കൊല ഉയർത്തുന്ന പ്രശ്നങ്ങൾക്കെതിരെ പ്രതികരിക്കാൻ ഇനിയും വൈകിക്കൂടാ. പ്രതികരണത്തിന്റെ ആദ്യത്തെ പടി ഭോപ്പാലിൽ ആയിരക്കണക്കിനു മനുഷ്യരെ കൊന്നൊടുക്കിയ യൂണിയൻ കാർബൈഡിനെ കെട്ടുകെട്ടിക്കാനുള്ള പ്രക്ഷോഭമായിരിക്കണം . ഇക്കാര്യത്തിൽ ഇന്ത്യയിലെ ഓരോ പൌരനും അവരുടെ ചുമതല നിറവേറ്റണം. കാർബൈഡ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുക വഴി മനുഷ്യജീവിതം പന്താടിക്കൊണ്ട് ലാഭം കൊയ്യുന്ന രാക്ഷസനെ ഒരു പാഠം പഠിപ്പിക്കാൻ നമുക്ക് കഴിയണം.

യൂണിയൻ കാർബൈഡിനെതിരെയുള്ള പ്രക്ഷോഭം മൂന്നാം ലോക രാഷ്ട്രങ്ങളെ കുപ്പത്തൊട്ടികളാക്കി മാറ്റുന്ന ബഹുരാഷട്രക്കുത്തകൾക്കെതിരെയുള്ള പോരാട്ടമാ്കി മാറ്റാൻ നമുക്ക് കഴിഞ്ഞേ പറ്റൂ..

 

 

 

Happy
Happy
7 %
Sad
Sad
36 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
57 %
Surprise
Surprise
0 %

Leave a Reply

Previous post നിശാശലഭങ്ങളെയും പൂമ്പാറ്റകളെയും തിരിച്ചറിയുന്നത് എങ്ങനെ ?
Next post പേനുകളും മൂട്ടകളുമെഴുതുന്ന മനുഷ്യചരിത്രം
Close