Read Time:12 Minute

ഡോ. ടി.പി.നഫീസബേബി

അസിസ്റ്റന്‍റ് പ്രൊഫസര്‍, സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്

പ്രപഞ്ചോല്പത്തിയുടെ രഹസ്യങ്ങള്‍ തേടി, പ്രപഞ്ചഗോളങ്ങളുടെ ഗതിവിഗതികളന്വേഷിച്ച് ശാസ്ത്രലോകത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ വനിതകളായ 10 ജ്യോതിശ്ശാസ്ത്ര ഗവേഷകരെ പരിചയപ്പെടാം.

കടപ്പാട് ©flickr.com

റ്റവും പ്രാചീനമായ ശാസ്ത്രശാഖകളിലൊന്നാണ് ജ്യോതിശ്ശാസ്ത്രം. ആകാശത്ത് തിളങ്ങുന്ന നക്ഷത്രങ്ങളുടെ രഹസ്യലോകം അറിയാനുള്ള ആകാംക്ഷ എല്ലാവര്‍ക്കും എന്നും ഉണ്ടായിരുന്നു. പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കാന്‍ ‍ശ്രമംനടത്തിയ ശാസ്ത്രജ്ഞര്‍ ഏറെയുണ്ട്. ഈ ശ്രേണിയില്‍ നിര്‍ണായകമായ പങ്കുവഹിച്ച വനിതകള്‍ അനവധിയാണ്. പ്രപഞ്ചോല്പത്തിയുടെ രഹസ്യങ്ങള്‍ തേടി, പ്രപഞ്ചഗോളങ്ങളുടെ ഗതിവിഗതികളന്വേഷിച്ച് ശാസ്ത്രലോകത്തിന് വിലയേറിയ സംഭാവനകള്‍ നല്കിയ വനിതകളായ ഏതാനും ജ്യോതിശ്ശാസ്ത്രഗവേഷകരെ പരിചയപ്പെടാം.


1. ഹന്‍‌റിയെറ്റ സ്വാന്‍ ലെവിറ്റ് (Henrietta Swan Leavitt)

കടപ്പാട് :വിക്കിപീഡിയ

ടെലിസ്കോപ്പിന്റെയും മറ്റു വാനനിരീക്ഷണ മാര്‍ഗങ്ങളുടെയും ആവിര്‍ഭാവത്തിന് വളരെ മുമ്പുതന്നെ നഗ്നനേത്രങ്ങളുപയോഗിച്ച് ആകാശത്തിലുള്ള നക്ഷത്ര ങ്ങളെ നിരീക്ഷിക്കുകയും അവയെ പല ഗ്രൂപ്പുകളാക്കി തിരിക്കുകയും ചെയ്ത ഹിപ്പാര്‍ക്കസ്, ടൈ ക്കോ ബ്രാഹെ എ ന്നിവരെപ്പോലുള്ള ഒട്ടനവധിജ്യോതിശ്ശാസ്ത്രജ്ഞര്‍ ഉണ്ടായിരുന്നു. ഈ ശ്രേണിയിലെ ആദ്യത്തെ വനിതാ ജ്യോതിശ്ശാസ്ത്രജ്ഞയാണ് അമേരിക്കന്‍ വംശജയായ ഹെന്‍‌റിയെറ്റ സ്വാന്‍ ലെവിറ്റ് (1868-1921). സിഫീയഡ് വേരിയബിള്‍ (cepheid variable) വിഭാഗത്തിലെ നക്ഷത്രങ്ങളുടെ ശോഭ (luminosity)യും ശോഭയുടെ വ്യതിയാനത്തിന്റെ ആവര്‍ത്തനകാല (period) വും തമ്മിലുള്ള ബന്ധം നിര്‍ണയിച്ചതുവഴി ഒട്ടനവധി നക്ഷത്രക്കൂട്ടങ്ങളിലേക്ക് ഭൂമിയില്‍നിന്നുള്ള ദൂരം കണ്ടുപിടിക്കുന്നതിന് അവര്‍ കാരണക്കാരിയായി എന്നത് ഏറെ സവിശേഷമായ കാര്യമാണ്.


2. കരോലിന്‍ ഹെര്‍ഷല്‍ (Caroline Herschel)

കടപ്പാട് :വിക്കിപീഡിയ

ഏറ്റവും കൂടുതല്‍ വാല്‍നക്ഷത്രങ്ങള്‍ കണ്ടുപിടിച്ച ജര്‍മന്‍ വംശജയായ ജ്യോതിശ്ശാസ്ത്രജ്ഞയാണ് കരോലിന്‍ ഹെര്‍ഷല്‍ (1750-1848). പ്രമുഖ ജ്യോതിശ്ശാസ്ത്രജ്ഞനായ വില്യം ഹെര്‍ഷലിന്റെ സഹോദരിയായ കരോലിന് വാനനിരീക്ഷണത്തില്‍ ക മ്പംകയറിയത് സ ഹോദരന്‍ വില്യമിന്റെ രാത്രികാല ന ക്ഷത്രനിരീക്ഷണങ്ങള്‍ കണ്ടതിനാലാണ്. 1828 ല്‍ റോയല്‍ അസ്ട്രോണമിക്കല്‍ സൊസൈറ്റിയുടെ സ്വര്‍ണമെഡല്‍ ലഭിച്ചു. ഇംഗ്ലണ്ടില്‍ ആദ്യമായി ശാസ്ത്രജ്ഞ എന്ന നിലയില്‍ സര്‍ക്കാര്‍ വേതനം കൈപ്പറ്റിയത് കരോലിന ആണ്. സൗരയൂഥത്തിന്റെ ഏറ്റവും അടുത്തുള്ള ഗാലക്സിയായ ആന്‍‍ഡ്രോമീഡ നക്ഷത്രസമൂഹത്തിന്റെ രണ്ടാമത്തെ അംഗമായ മെസിയര്‍ 110 കണ്ടെത്തിയത് കരോലിന്റെ ഗവേഷണഫലമായാണ്.


3. റൂബി പെയിന്‍സ്കോട്ട് (Ruby Payne-Scott)

കടപ്പാട് :വിക്കിപീഡിയ

ഓസ്ട്രേലിയന്‍ സ്വദേശിയായ റൂബി പെയിന്‍ സ്കോട്ട് (1912-1981) ആദ്യത്തെ വനിതാ റേഡി യോ അസ്ട്രോണമര്‍ ആയാണ് അറിയപ്പെടുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് യുദ്ധവിമാനങ്ങളുടെ പ്ലാന്‍ പൊ സിഷന്‍ ഇ ന്‍ഡിക്കേറ്ററുകള്‍ (PPI) ആയി റഡാര്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതില്‍ പ്രധാന സംഭാവന നല്കിയത് പെയിന്‍സ്കോട്ട് ആയിരുന്നു.


4. നാന്‍സി ഗ്രേസ് റോമന്‍ (Nancy Grace Roman)

കടപ്പാട് :©Gettyimage

ഹബിള്‍ സ്പെയ്സ് ടെലിസ്കോപ്പിന്റെ മാതാവ് എന്നാണ് അമേരിക്കന്‍ വംശജയായ നാന്‍സി ഗ്രേസ് റോമന്‍ (1925-2018) അറിയപ്പെടുന്നത്. നാസയുടെ ആദ്യത്തെ വനിതാ എക്സിക്യൂട്ടീവ് പദവി ലഭിച്ച നാന്‍സി റോമന്റെ ഏറ്റവും പ്രധാന കണ്ടുപിടുത്തം പരിക്രമണം ചെയ്യുന്ന ദൂരദര്‍ശിനികള്‍ (orbiting telescope) ആണ്. ഇ തില്‍ ഏറ്റവും പ്രധാനം ഹബിള്‍ സ്പെയ്സ് ദൂരദര്‍ശിനിയാണ്. നക്ഷത്രങ്ങളുടെ വൈദ്യുതകാന്തിക വികിരണം കണ്ടെ ത്താന്‍ ശാസ്ത്രജ്ഞരെ സഹായിക്കാന്‍ നാന്‍സി റോമന്റെ ഗവേഷണങ്ങള്‍ക്ക് സാധിച്ചു.


5. കരോലിന്‍ ഷൂമാക്കര്‍ (Carolyn S. Shoemaker)

കടപ്പാട് :©twitter

മെക്സിക്കന്‍ വംശജയായ കരോലിന്‍ ഷൂമാക്കര്‍ ഒട്ടേറെ വാല്‍നക്ഷത്രങ്ങളും ഛിന്നഗ്രഹങ്ങളും സ്വന്തമായി കണ്ടുപിടിച്ച ശാസ്ത്രജ്ഞയായാണ് അറിയപ്പെടുന്നത്. ചരിത്രത്തിലും രാഷ്ട്രതന്ത്രത്തിലും ഭാഷയിലും ബിരുദങ്ങ ളുള്ള കരോലിന് ജ്യോതിശ്ശാസ്ത്രത്തില്‍ താല്പര്യം ജനി ച്ചത് ഭൗമശാസ്ത്രജ്ഞനായ ഷൂമാക്കറുമായുള്ള വിവാഹത്തിനുശേഷം മാത്രമാണ്. ഷൂമാക്കര്‍ ലെവി 9 എന്ന വാല്‍നക്ഷ ത്രത്തിന്റെ കണ്ടു പിടുത്തമാണ് അവര്‍ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്തത്. പ്രസ്തുത വാല്‍നക്ഷത്രം പലഭാഗങ്ങളായി വ്യാഴത്തിനെ ചുറ്റുന്നതായി കരോലിന്‍ കണ്ടെത്തി. പിന്നീട്, തൊട്ടടുത്ത വര്‍ഷം അതിന്റെ 21 ഭാഗങ്ങള്‍ വ്യാഴത്തിലേക്ക് അടിഞ്ഞുകൂടിയ അത്യപൂര്‍വ കാഴ്ചയും നിരീക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചു.


6. ഡെബ്ര ഫിഷര്‍ (Debra Fischer)

ടപ്പാട് ©www.radcliffe.harvard.edu

യേല്‍ സര്‍വകലാശാലയില്‍ പ്രൊഫസറായ ഡെബ്ര ഫിഷര്‍ ജനിച്ചത് 1953 ലാണ്. സൗരയൂഥത്തിന് പുറത്ത് നക്ഷത്രങ്ങളെ വലംവെക്കുന്ന പുതിയ ഗ്രഹങ്ങളെ കണ്ടുപിടിക്കുന്നതില്‍ ശ്രദ്ധാലുവായിരു ന്നു അവര്‍. തന്റെ ബിരുദപഠനകാലത്തുതന്നെ ഒരു സൗരയൂഥേതര ഗ്രഹം അവര്‍ കണ്ടെത്തി. ഭൂമിക്ക് പുറത്തുള്ള ജീവന്റെ സാന്നിധ്യത്തെക്കുറിച്ചുള്ള ഗവേഷണമാണ് ഇത്തരം നൂറുകണക്കിന് ഗ്രഹങ്ങളുടെ കണ്ടുപിടുത്തത്തിലേക്ക് നയിച്ചത്.


7. ജോസിലിന്‍ ബെല്‍ ബര്‍ണല്‍ (Jocelyn Bell Burnell)

കടപ്പാട് © newscientist.com

1943 ല്‍ വടക്കന്‍ അയര്‍ലന്‍ഡില്‍ ജനിച്ച ജോസിലിന്‍ ബര്‍ണല്‍, കാംബ്രിഡ്ജ് സര്‍വകലാശാലയില്‍ ഗവേഷണപഠനത്തിനിടെ 1967 ല്‍ തന്റെ പരീക്ഷണശാലയിലെ ദൂരദര്‍ശിനിയിലൂടെ അപരിചിതമായ ഒരു പള്‍സേറ്റിങ് സിഗ്നല്‍ അന്തരീക്ഷത്തില്‍നിന്ന് വരുന്നത് നിരീക്ഷിക്കാനിടയായി. സഹഗവേഷകരുടെ സഹായത്തോ ടെ ഈ വികിരണങ്ങള്‍ അതിവേഗം തിരിഞ്ഞു കൊണ്ടിരിക്കുന്ന ന്യൂട്രോണ്‍ നക്ഷത്രത്തില്‍നിന്നോ പള്‍സാറില്‍നി ന്നോ വരുന്നതാണെന്നു മനസ്സിലാക്കി. 1974 ലെ നൊബേല്‍സമ്മാന ജേതാവായി ബര്‍ണലിനെ പരിഗണിക്കാതിരുന്നത് ഇന്നും ശാസ്ത്രലോകത്ത് ചര്‍ച്ചാവിഷയമാണ്. എഡിന്‍ബര്‍ഗ് റോയല്‍ സൊസൈറ്റിയുടെ ആദ്യത്തെ വനിതാ പ്രസിഡണ്ടായിരുന്നു ബര്‍ണല്‍.


8. സാന്‍ഡ്ര ഫേബര്‍ (Sandra Faber)

1944 ല്‍ അമേരിക്കയില്‍ ജനിച്ച സാന്‍ഡ്ര ഫേബര്‍, നക്ഷത്രക്കൂട്ടങ്ങളുടെ ഉല്പത്തിയും വികാസവും സംബന്ധിച്ചുള്ള പഠനത്തിലൂടെയാണ് ശ്രദ്ധേയയായത്. നക്ഷത്ര സമൂഹങ്ങള്‍ തമ്മിലുള്ള ദൂരംകാണാന്‍ അവയുടെ വേഗതയും ശോഭയും ആധാരമാക്കിയുള്ള ഫേ ബര്‍ ജാക്സണ്‍ ബന്ധം കണ്ടെത്തി. മഹാവിസ്ഫോടന സമയത്തുള്ള നക്ഷത്രക്കൂട്ടങ്ങളുടെ ജനനം മന സ്സിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചരിത്രത്തിലെ ഏറ്റവും വലിയ ഹബിള്‍ സ്പെയ്സ് ദൂരദര്‍ശി നി പദ്ധതിയായ കാന്‍ഡില്‍സി (CANDELS- Cosmic Assembly Near – infrared Deep Extragal actic Legacy Survey ) ല്‍ ഭാഗഭാക്കായി. 2013 ല്‍ അന്നത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമയില്‍നിന്ന് ശാസ്ത്രത്തിനുള്ള ദേശീയ പുരസ്കാരം കരസ്ഥമാക്കി.


9. വെരാ കൂപ്പര്‍ റൂബിന്‍ (Vera Rubin)

കടപ്പാട് pbs.org

സ്ത്രീകളുടെ ഇടയില്‍ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളര്‍ത്തുന്നതില്‍ ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തിയ അമേരിക്കന്‍ വാനശാസ്ത്രജ്ഞയാണ് വെരാ കൂപ്പര്‍ റൂബിന്‍. നക്ഷത്രക്കൂട്ടങ്ങളുടെ അതിവേഗത കണക്കിലെടുക്കുമ്പോള്‍ നക്ഷത്രങ്ങള്‍ തമ്മിലുള്ള ഗുരുത്വാകര്‍ഷണബലത്തിനുമാത്രം അവയെ പരസ്പരം ബന്ധിപ്പിച്ച് നിര്‍ത്താനാവില്ല എന്ന കണ്ടെത്തലിലൂടെ അജ്ഞാതമായ പദാര്‍ഥത്തിന്റെ സാന്നിധ്യം വെറാ കൂപ്പര്‍ കണ്ടെത്തി. ഊര്‍ജവും പ്രകാശ വും ഇല്ലാത്ത ഗുരുത്വാകര്‍ഷണബലമുള്ള ശ്യാമദ്രവ്യ(dark matter) ത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിലൂടെ വളരെയേറെ പ്രശംസയും ബഹുമതികളും വെറാ കൂപ്പറെ തേടിയെത്തി. നിരീക്ഷിത കോണീയ ചലനവും (observed angular motion) പ്രവചിത കോണീയ ചലനവും (predicted angular motion) തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയതിലൂടെയാണ് ശ്യാമദ്രവ്യത്തിന്റെ പഠനം എളുപ്പമാക്കിയത്.


10. ഹെയ്ഡി ഹാമല്‍ (Heidi Hammel)

കടപ്പാട് pbs.org

1960 ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച ഹെയ്ഡി ഹാമല്‍, സ്പെയ്സ് സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ശാസ്ത്രജ്ഞ ആയിരുന്നു. നെപ്റ്റ്യൂണ്‍, യുറാന സ് എന്നീ ഗ്രഹങ്ങളെ ആധാരമാക്കിയായിരുന്നു ഹാമലിന്റെ പ്രധാന ഗവേഷണം. ഹബിള്‍ ദൂരദര്‍ശിനിയുടെ ര ണ്ടാം തലമുറയില്‍പ്പെട്ട ജെയിംസ് വെബ്ബ് ദൂരദര്‍ശിനിയുടെ ഉപയോഗം സൗരയൂഥത്തെക്കുറിച്ചുള്ള പഠനത്തിന് വ്യക്തത നല്കാന്‍ ഇടയാക്കി. സാധാരണ ജനങ്ങള്‍ക്ക് ശാസ്ത്രത്തെ പരിചയപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിക്കാന്‍ ഹെയ്ഡി ഹാമലിന് സാധിച്ചിട്ടുണ്ട്.


2019 ഡിസംബര്‍ ലക്കം ശാസ്ത്രകേരളം ഗ്രഹണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ശാസ്ത്രകേരളം ഓണ്‍ലൈനായി വരി ചേരുവാന്‍ https://www.kssppublications.com/

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ഇന്ത്യൻ സർക്കിൾ മെത്തേഡ്
Next post 1919 ലെ പൂര്‍ണ സൂര്യഗ്രഹണം ഐന്‍സ്റ്റൈനെ പ്രശസ്തനാക്കിയതെങ്ങിനെ?
Close