Read Time:15 Minute

ഒൻപതാം കൊതുക്

ഒൻപതാം കൊതുകിന്റെ കാരുണ്യത്താൽ മലമ്പനി പരത്തുന്നത് കൊതുകുകളാണെന്ന വിശ്വപ്രസിദ്ധമായ കണ്ടുപിടുത്തമുണ്ടായി…


കേൾക്കാം

എഴുതിയത് : ഡോ. പി.കെ.സുമോദൻ അവതരണം : രാമചന്ദ്രൻ സി.ആർ

1894 നവംബർ മാസത്തിലെ ഒരു സായാഹ്നം. പാട്രിക്ക് മാൻസനും റൊണാൾഡ് റോസ്സും ലണ്ടനിലെ ഓക്സ്ഫോർഡ് തെരുവിലൂടെ നടക്കുകയായിരുന്നു. പൊടുന്നനെ റോസ്സിന് നേരെ തിരിഞ്ഞ് മാൻസൻ ചോദിച്ചു: “കൊതുകുകൾ മന്ത് പരത്തുന്നത് പോലെതന്നെ മലമ്പനിയും പരത്തുമെന്ന ഒരു സിദ്ധാന്തം ഞാൻ രൂപീകരിച്ചതിനെ കുറിച്ച് താങ്കൾക്കറിയാമോ?” റോസ്സിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു:  “ഇതുപോലൊരു അനുമാനം ലാവരാന്റെ ഒരു പുസ്തകത്തിൽ വായിച്ചതോർക്കുന്നു.”  കഥ തുടരുന്നതിന് മുൻപ് ഇതുവരെ പരാമർശിക്കപ്പെട്ട മൂന്നു പേരേയും പരിചയപ്പെടാം.

റൊണാൾഡ് റോസ്:

1897 ൽ, മലമ്പനി പരത്തുന്നത് കൊതുകുകളാണെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ. പ്രസ്തുത കണ്ടെത്തലിന് 1902 ലെ നൊബേൽ പുരസ്കാരം ലഭിച്ചു.

പാട്രിക്ക് മാൻസൻ:

1877 ൽ, മന്ത് പരത്തുന്നത് കൊതുകുകളാണെന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ. റൊണാൾഡ് റോസിന്റെ ഗുരുസ്ഥാനീയൻ.

ലാവരാൻ:

മുഴുവൻ പേര് ചാൾസ് ലൂയിസ് അൽഫോൻസ് ലാവരാൻ.  1880 ൽ, മലമ്പനിയുടെ രോഗാണുവായ പ്ലാസ്മോഡിയം കണ്ടുപിടിച്ച ഫ്രഞ്ച് ശാസ്ത്രജ്ഞൻ. ഈ കണ്ടുപിടുത്തത്തിന് 1907 ലെ നൊബേൽ പുരസ്കാരം ലഭിച്ചു.

ഇനി കഥ തുടരാം

1881 മുതൽ ഇന്ത്യൻ മെഡിക്കൽ സർവീസിലായിരുന്നു റോസിന് ജോലി. തുടക്കത്തിൽ പറഞ്ഞ സംഭവം നടക്കുമ്പോൾ അദ്ദേഹം ഇന്ത്യയിൽ നിന്ന് ലീവിൽ വന്നിരിക്കയായിരുന്നു. ലാവരാന്റെ കണ്ടുപിടുത്തത്തെ കുറിച്ച് സംസാരിക്കാനാണ് മാൻസനെ തേടിയെത്തിയത്. ലാവരാൻ കണ്ടെത്തിയ സൂക്ഷ്മ ജീവികളെ ഒട്ടേറെ മലമ്പനി രോഗികളിൽ മാൻസനും കണ്ടിരുന്നു. മലമ്പനി പരത്തുന്നത് കൊതുകുകളായിരിക്കുമെന്ന് അദ്ദേഹം ബലമായി സംശയിച്ചു. ഇംഗ്ലണ്ടിൽ മലമ്പനിയില്ലാതിരുന്നതിനാൽ തന്റെ പരികൽപന പരിശോധിക്കാനുള്ള സാധ്യതയില്ലായിരുന്നു. ആ ദൌത്യം അദ്ദേഹം റോസിനെ ഏൽപ്പിച്ചു.

പാട്രിക്ക് മാൻസണും (Patrick Manson )ഡോക്ടർ റൊണാൾഡ് റോസ്സും (Ronald Ross).

മാൻസന്റെ പരികൽപന

ഏറെയും ഭാവനയിലധിഷ്ഠിതമായിരുന്നു മാൻസന്റെ പരികൽപന. മലമ്പനിയുടെ കൊതുക് സിദ്ധാന്തം എന്നറിയപ്പെട്ട ആ  പരികൽപന  ഇങ്ങനെയായിരുന്നു: കൊതുകുകൾ മലമ്പനി രോഗികളുടെ രക്തം കുടിക്കുമ്പോൾ രക്തത്തോടൊപ്പം മലമ്പനി പരാദങ്ങളും അവയുടെ ആമാശയത്തിലെത്തുന്നു. പരാദങ്ങളുടെ ലൈംഗിക രൂപങ്ങളിൽ (sexual forms) നിന്നും നേർത്ത തന്തുക്കൾ പോലെയുള്ള രൂപങ്ങൾ പുറത്ത് വരികയും ചെയ്യുന്നു (മലമ്പനി രോഗികളുടെ രക്തം പരിശോധിക്കുമ്പോൾ ഈ പ്രതിഭാസം മാൻസൻ നിരീക്ഷിച്ചിരുന്നു). ഈ തന്തുക്കൾ അവയുടെ സ്പോറുകൾ ആണെന്നാണ്  മാൻസൻ കരുതിയിരുന്നത് (അവ പുംബീജങ്ങളാണെന്ന് പിൽക്കാലത്ത് മനസ്സിലായി). ആമാശയത്തിൽ നിന്നും ഈ തന്തുക്കൾ കൊതുകിന്റെ ആമാശയ ഭിത്തി തുളച്ച് കോശങ്ങളിൽ പ്രവേശിക്കുന്നു. കോശങ്ങൾക്കുള്ളിൽ വളർച്ച പ്രാപിച്ച് അവ അജ്ഞാതമായ ഏതോ രൂപം പ്രാപിക്കുകയും, മുട്ടയിടുന്നതിനിടയ്ക്കൊ മറ്റോ കൊതുക് കുടിവെള്ളത്തിൽ വീണ് ചാവുമ്പോൾ, കൊതുകിൽ നിന്ന് രക്ഷപ്പെട്ട് വെള്ളത്തിലെത്തുകയും ചെയ്യുന്നു. അത്തരത്തിലുള്ള വെള്ളം കുടിക്കുന്ന ഒരാൾക്ക് മലമ്പനിയുണ്ടാവുകയും ചെയ്യുന്നു. ഇതിൽ വെള്ളത്തിലെത്തുന്ന ഭാഗമൊഴിച്ച് ബാക്കിയെല്ലാം ശരിയാണെന്ന് പിൽക്കാലത്ത് തെളിഞ്ഞു.

റോസിന്റെ കൊതുകകൾ

ലീവ് കഴിഞ്ഞ്, 1895 മാർച്ചിൽ റോസ്സ് ഇന്ത്യയിൽ തിരിച്ചെത്തി. സെക്കന്തരാബാദിലായിരുന്നു അദ്ദേഹത്തെ നിയമിച്ചിരുന്നത്. ഒട്ടും സമയം കളയാതെ റോസ്സ് തന്റെ ഗവേഷണം ആരംഭിച്ചു. ആദ്യമായി കൊതുകുകളെ പിടിക്കാൻ മൂന്ന് സഹായികളെ ഏർപ്പാടാക്കി. നിർഭാഗ്യവശാൽ കൊതുകുകളുമായി ബന്ധപ്പെട്ട (പ്രത്യേകിച്ചും ഇന്ത്യയിലെ കൊതുകുകൾ) ഗവേഷണ പ്രസീദ്ധീകരണങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഇത് ഗവേഷണത്തിന് ഒട്ടേറെ പ്രതിബന്ധങ്ങൾ സൃഷ്ടിച്ചു. ഒരു ഡോക്ടറായ റോസ്സിന് കൊതുകുകളുടെ വർഗ്ഗീകരണത്തെ കുറിച്ച് ഒട്ടും തന്നെ അറിവുണ്ടായിരുന്നില്ല. അതുകൊണ്ട് അദ്ദേഹം സ്വന്തമായി ഒരു വർഗ്ഗീകരണ രീതിയുണ്ടാക്കി. അതുവരെ ശേഖരിച്ച കൊതുകുകളെ മൂന്നായി തരം തിരിച്ചു:

  1. ചാരവർണ്ണൻ അല്ലെങ്കിൽ മുതുക് വരയൻ കൊതുകുകൾ (Grey or barred-back mosquitoes): ഇന്നത്തെ ക്യൂലക്സ് കൊതുകുകൾ.
  2. പുള്ളിക്കൊതുക് (Brindled mosquitoes): ഇന്നത്തെ ഈഡിസ് കൊതുകുകൾ
  3. പുള്ളിച്ചിറകൻ കൊതുക് (Dappled winged mosquitoes): ഇന്നത്തെ അനഫലസ് കൊതുകുകൾ.

പരീക്ഷണ കാലം

പിന്നീടുള്ള രണ്ടു വർഷം അദ്ദേഹം നിരന്തരമായ പരീക്ഷണങ്ങളിൽ മുഴുകി. മലമ്പനി രോഗികളെ വലയ്ക്കുള്ളിൽ കിടത്തി കൊതുകുകളെ കൊണ്ട് കടിപ്പിക്കുന്നതായിരുന്നു പരീക്ഷണ രീതി. അങ്ങനെ രക്തം കുടിച്ച കൊതുകുകളെ പല ദിവസങ്ങളിലായി കീറിമുറിച്ച് പരിശോധിക്കുകയും ചെയ്തു. ആദ്യത്തെ രണ്ട് വിഭാഗത്തിൽപെട്ട കൊതുകുകളെയാണ് കൂടുതൽ കിട്ടിയിരുന്നത്. അതുകൊണ്ട് പരീക്ഷണങ്ങൾ നടത്തിയതും അവയിലായിരുന്നു. സ്വാഭാവികമായും പരീക്ഷണങ്ങളെല്ലാം പരാജയപ്പെട്ടു. ഒടുവിൽ 1897 ആഗസ്ത് മാസം വന്നെത്തി.

പുള്ളിച്ചിറകുകാരികൾ

ആഗസ്ത് പതിനഞ്ചിന് മൂന്ന് കൊതുക് പിടുത്തക്കാരിലൊരാൾ ഒരു കുപ്പിയിൽ വ്യത്യസ്തമായ കുറെ കൂത്താടികളെ കൊണ്ടുവന്നു. പിറ്റേന്ന് രാവിലെ പ്രഭാത ഭക്ഷണത്തിന് ശേഷം റോസ്സ് രോഗികളെ സന്ദർശിക്കാൻ പോയതായിരുന്നു. അവിടെ ഉണ്ടായിരുന്ന ഒരു അറ്റന്റർ  ചുമരിലിരിക്കുന്ന ഒരു ചെറിയ കൊതുകിനെ കാണിച്ചുകൊടുത്തു. അതൊരു പുള്ളിച്ചിറകുകാരിയായിരുന്നു. റോസ്സ് ആ കൊതുകിനെ പിടിച്ച്, പുകയിലപ്പുകയുപയോഗിച്ച് കൊന്നു. ഉടൻ തന്നെ അതിനെ കീറിമുറിച്ച് പരിശോധിച്ചെങ്കിലും വിശേഷപ്പെട്ട ഒന്നും കണ്ടില്ല. ഈ സംഭവം നടക്കുമ്പോൾ ഒരു അറ്റന്റർ ഓടിക്കിതച്ചു വന്ന്, തലേന്ന് കൊണ്ടുവന്ന കുപ്പിയിൽ പുള്ളിച്ചിറകൻ കൊതുകുകൾ പുറത്ത് വന്ന സന്തോഷ വാർത്തയറിയിച്ചു. ആവേശഭരിതനായ റോസും ഒപ്പം മൊത്തം ഗവേഷണ സംഘവും ഉടൻ തന്നെ കർമ്മനിരതരായി.

ഹുസൈൻ ഖാൻ

ആ ചരിത്ര ദൌത്യത്തിൽ പങ്കാളിയാകാൻ ഹുസൈൻ ഖാൻ എന്ന മലമ്പനി രോഗിയുമുണ്ടായിരുന്നു. അദ്ദേഹത്തെ കൊതുക് വലയ്ക്കുള്ളിൽ കിടത്തി, മുഴുവൻ കൊതുകുകളേയും തുറന്ന് വിട്ടു. അപ്പോൾ സമയം ഉച്ച കഴിഞ്ഞ് 12.25. അഞ്ച് മിനുറ്റിനകം പത്ത് കൊതുകുകൾ  വയറുനിറയെ ചോരകുടിച്ചു. അവയിൽ ഒന്നിനെ 12.45 നും രണ്ടാമത്തേതിനെ 12.55 നും കീറിമുറിച്ച് പരിശോധിച്ചു. ഒന്നും സംഭവിച്ചില്ല. പതിനേഴാം തീയതി ആകുമ്പോഴേക്കും ബാക്കിയുള്ള എട്ട് കൊതുകുകളിൽ രണ്ടെണ്ണം ചത്തുപോയി. ഇനി ബാക്കി ആറെണ്ണം മാത്രം. രണ്ടെണ്ണത്തിനെ കൂടി കീറിമുറിച്ചു. ഫലം തലേദിവസത്തേത് തന്നെ. ബാക്കി നാലെണ്ണം. പതിനെട്ടാം തീയതിയും പത്തൊൻപതാം തീയതിയും ഓരോന്നിനെ കൂടി ബലികൊടുത്തു. രണ്ട് കൊതുകുകൾ ബാക്കിയായി.

ആഗസ്റ്റ് 20

അന്ന് ആകാശം മേഘാവൃതമായിരുന്നു. ചൂട് അസഹനീയവും. പതിവ് ജോലികളെല്ലാം തീർത്ത്  റോസ്സ് ഒമ്പതാം കൊതുകിനെ കീറിമുറിക്കാനിരുന്നു. അപ്പോഴേക്കും സമയം ഒരു മണി.  അദ്ദേഹം അത്യന്തം ക്ഷീണിതനായിരുന്നു. എങ്കിലും നല്ല രീതിയിൽ തന്നെ കീറിമുറിക്കാൻ കഴിഞ്ഞു. ഏറെ സമയമെടുത്ത്, പതുക്കെ പതുക്കെ, ഓരോ മൈക്രോണും വിശദമായി പരിശോധിച്ചു. പക്ഷേ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. നൈരാശ്യത്തിന്റെ പടുകുഴിയിൽ  പതിച്ചുപോയ നിമിഷങ്ങൾ. തന്റെ സിദ്ധാന്തം പൂർണ്ണമായും അബദ്ധമായിരുന്നു എന്നുപോലും ഒരു നിമിഷത്തിൽ ചിന്തിച്ചുപോയി. എന്നാൽ ആമാശയത്തിലെ കുറച്ചു ഭാഗങ്ങൾ കൂടി പരിശോധിക്കാൻ ബാക്കിയുണ്ടായിരുന്നു. പെട്ടെന്ന്, അത് അദ്ദേഹത്തിന്റെ കണ്ണിൽപ്പെട്ടു. വൃത്താകൃതിയിലുള്ള ഒരു കൂട്ടം വെളുത്ത കോശങ്ങൾ. ഓരോ കോശത്തിന്റേയും വ്യാസം 12 മൈക്രോൺ. അവയ്ക്കുള്ളിൽ ഒരു കൂട്ടം തരികൾ. തരികൾക്ക് നിറം കട്ടിക്കറുപ്പ്. പ്ലാസ്മോഡിയത്തിനുള്ളിൽ കാണുന്ന അതേ വർണ്ണത്തരികൾ. അവ പ്ലാസ്മോഡിയത്തിന്റെ മറ്റൊരു രൂപമാണെന്നതിൽ റോസ്സിന് സംശയമൊന്നുമില്ലായിരുന്നു (അവ പ്ലാസ്മോഡിയത്തിന്റെ സിക്താണ്ഡങ്ങളായിരുന്നു). അങ്ങനെ ഒൻപതാം കൊതുകിന്റെ കാരുണ്യത്താൽ വിശ്വപ്രസിദ്ധമായ ഒരു കണ്ടുപിടുത്തമുണ്ടായി- മലമ്പനി പരത്തുന്നത് കൊതുകുകളാണ്. അടുത്ത ദിവസം ബാക്കിയായ പത്താം കൊതുകിലും അതേ കാഴ്ച ആവർത്തിച്ചു. ഒരു ദിവസം കൊണ്ട് കറുത്ത തരികൾ നിറഞ്ഞ വെളുത്ത കോശങ്ങൾ ഇത്തിരികൂടി വളരുകയും ചെയ്തിരുന്നു! റോസ്സിന് തന്റെ സിദ്ധാന്തത്തിൽ പരിപൂർണ്ണ വിശ്വാസമായി. അങ്ങനെ ആഗസ്ത് 20 പിൽക്കാലത്ത് ലോക കൊതുക് ദിനമായി.

ലോകത്തിലെ ഏറ്റവും ഭീകര ജീവി കൊതുകാണ്. ഇത് വെറും തമാശയല്ല. കൊതുക് കടിയേറ്റ് ഒരു വർഷം ലക്ഷക്കണക്കിനാളുകളാണ് മരണമടയുന്നത്.


അധികവായനയ്ക്ക്

Ross Ronald (1923). Memoirs, with a full account of the great malaria problem and its solution. London, J. Murray.


കൊതുകിനെ കുറിച്ച് ലൂക്ക പ്രസിദ്ധീകരിച്ച മറ്റു ലേഖനങ്ങൾ

വായിക്കാം
വായിക്കാം
Happy
Happy
17 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
17 %
Angry
Angry
0 %
Surprise
Surprise
67 %

Leave a Reply

Previous post നരേന്ദ്ര ധാബോൽക്കർ അനുസ്മരണം : വേണം കേരളത്തിലും അന്ധവിശ്വാസ നിരോധന നിയമം
Next post ധാബോൽക്കറെ സ്മരിക്കുമ്പോൾ
Close