Read Time:17 Minute

“സ്വന്തം കൊതുകുകളോ? അതിന് ആർക്ക് വേണം ഈ നാശം പിടിച്ച പഹയന്മാരെ?” നിശിതവും രൂക്ഷവുമായ ചോദ്യങ്ങൾ കേൾക്കുന്നുണ്ട്. പൂമ്പാറ്റകളെ പോലെ വർണ്ണഭംഗിയില്ലായിരിക്കാം, തേനീച്ചകളെ പോലെ തേൻ ചുരത്തുന്നുമില്ലായിരിക്കാം; എങ്കിലും കൊതുകുകൾക്കും അവകാശപ്പെട്ടതാണല്ലോ ഈ ഭൂമി മലയാളം; നമുക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും. ഇനി വിഷയത്തിലേക്ക് കടക്കാം. വൈവിധ്യത്തിന്റെ കാര്യത്തിൽ കേരളത്തിലെ കൊതുകുകൾ അത്യാവശ്യം ധനികർ തന്നെയാണ്. ഇതുവരെയായി 150 കൊതുക് സ്പീഷീസുകൾ ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യയിലെ കൊതുകുകളുടെ 37 ശതമാനത്തോളം വരും. ഈ 150  സ്പീഷീസുകളിൽ 17 സ്പീഷീസുകളെ ആദ്യമായി കണ്ടെത്തിയത് കേരളത്തിൽ നിന്നാണ്. അവയെയാണ് കേരളത്തിന്റെ സ്വന്തം കൊതുകുകൾ എന്ന് വിശേഷിപ്പിച്ചത്. അവ ഏതൊക്കെയാണ് എന്ന് പറയുന്നതിന് മുൻപ് കേരളത്തിൽ നടന്ന കൊതുകു വർഗ്ഗീകരണവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ ഒരു ഹ്രസ്വചരിത്രമാകാം.

Ronald Ross
റൊണാൾഡ് റോസ്സ്

കൊതുക് പഠനത്തിന്റെ ആരംഭം

മലമ്പനി പരത്തുന്നത് കൊതുകുകളാണെന്ന 1897 ലെ സർ റൊണാൾഡ് റോസ്സിന്റെ (Sir Ronald Ross) കണ്ടുപിടുത്തത്തോടെയാണ് ഗവേഷകരുടെ ശ്രദ്ധ കൊതുകുകളിലേക്ക് തിരിഞ്ഞത്. 1900 ഡിസംബർ 11 ന് ഇന്ത്യൻ മെഡിക്കൽ സർവീസിലെ ലെഫ്റ്റനന്റ് കേണൽ ജിയോ. എം. ഗൈൽസ് ബോംബേ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി (BNHS) യുടെ മുമ്പിൽ ദീർഘമായ ഒരു പ്രഭാഷണം നടത്തി. അക്കാലത്ത് ഇന്ത്യയിൽ  കൊതുകുകളെ കുറിച്ചുള്ള പഠനങ്ങൾ വളരെ കുറവായിരുന്നു. ആ സ്ഥിതി മാറണമെന്നും സൊസൈറ്റി അംഗങ്ങൾ കൊതുക് പഠനത്തിൽ  കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതോടൊപ്പം ഇന്ത്യയിലെ കൊതുകുകളെ കുറിച്ച് അദ്ദേഹം നടത്തിയ ആമുഖപഠനവും അവതരിപ്പിച്ചു. ഈ പ്രഭാഷണം 1901-ൽ  ബോംബേ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ജേണലിൽ പ്രസിദ്ധീകരിച്ചു. പ്രസ്തുത പഠനത്തിൽ കേരളത്തിൽ നിന്നും കണ്ടെത്തിയ രണ്ട് പുതിയ കൊതുകുകളെ കുറിച്ചും പരാമർശിക്കുന്നുണ്ട്.

ലെഫ്റ്റനന്റ് കേണൽ ജിയോ. എം. ഗൈൽസ്

1901 ൽ തന്നെ ബ്രിട്ടീഷ് മ്യൂസിയത്തിലെ ഫ്രെഡ്. വി. തിയോബാൾഡ് പ്രസിദ്ധീകരിച്ച ലോകത്തിലെ കൊതുകുകളുടെ സമ്പൂർണ്ണ പട്ടികയിലും കേരളത്തിൽ നിന്നുള്ള നാല് പുതിയ കൊതുകുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇത് രണ്ടുമാണ് കേരളത്തിലെ കൊതുകുകളെ കുറിച്ചുള്ള ആദ്യ പഠനങ്ങൾ. അതിന് ശേഷം നടന്ന പ്രധാന പഠനങ്ങൾ  1933 ൽ പുറത്തുവന്ന ക്രിസ്റ്റഫറിന്റെ (Christopher) പഠനവും (അതിൽ കേരളത്തിലെ 16 അനഫലസ് കൊതുകുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്) 1934 ലെ ബറോഡിന്റെ (Barraud) പഠനവുമായിരുന്നു (ക്യുലിസിനേ ഉപകുടുംബത്തിലെ 41 കൊതുകുകൾ ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്).

ഫ്രെഡ്. വി. തിയോബാൾഡ്

1938 ൽ എം.ഓ.ടി അയ്യങ്കാർ തന്റെ പഠനത്തിൽ എഴുപത്തി രണ്ട് കൊതുകുകളെ കുറിച്ച് പരാമർശിക്കുന്നുണ്ട്. അത്രയും സ്വാതന്ത്ര്യത്തിന് മുൻപ്. സ്വാതന്ത്ര്യത്തിന് ശേഷം കേരളത്തിൽ നടന്ന പ്രധാനപ്പെട്ട  കൊതുക് പഠനം 1992 ൽ പ്രസിദ്ധീകരിച്ച തിവാരിയുടെയും ഹിരിയന്റേയും പഠനമാണ്. തുടർന്ന് 2003 ൽ ഹിരിയനും സംഘവും കേരളത്തിലെ ജപ്പാൻ ജ്വരബാധിത പ്രദേശങ്ങളിൽ നടത്തിയ പഠനങ്ങളിൽ 21 തരം കൊതുകുകളെ കണ്ടെത്തി. സമാനമായ ഒരു പഠനം 2004 ൽ  അരുണാചലവും സംഘവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൽ 18 തരം കൊതുകുകളെ കുറിച്ച് പറയുന്നുണ്ട്. 2006 ൽ രാജവേലും സംഘവും കണ്ണൂർ ജില്ലയിലെ കണ്ടൽക്കാടുകളിൽ നടത്തിയ പഠനത്തിൽ 17 തരം കൊതുകുകളെ കണ്ടെത്തി. ഏറെ വർഷങ്ങൾക്ക് ശേഷം 2009 ൽ ത്യാഗിയും കൂട്ടരും കേരളത്തിൽ നിന്നും ഒരു പുതിയ അനഫലസ് കൊതുകിനെ കണ്ടെത്തി. 2011 ൽ രാജവേലും സംഘവും നടത്തിയ പഠനത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ലഭിച്ച  18 സ്പീഷീസുകളെ കുറിച്ച് പറയുന്നുണ്ട് . 2012 ൽ പ്രസിദ്ധീകരിച്ച മറ്റൊരു പ്രധാന പഠനത്തിലൂടെ സുമോദൻ റബർ പാൽ ശേഖരിക്കുന്ന പാത്രങ്ങളിൽ നിന്നും 12 തരം കൊതുകുകളെ കണ്ടെത്തി. 2013 ൽ ബാലസുബ്രണ്യനും  നിഖിലും ചേർന്ന് ആലപ്പുഴയിലും കോട്ടയത്തും നടത്തിയ പഠനത്തിൽ 44 സ്പീഷീസുകൾ രേഖപ്പെടുത്തി. തുടർന്ന് വയനാട്ടിലെ തോട്ടം മേഖലകളിൽ  നിന്നും മേബി തങ്കച്ചനും ആര്യ ഗോപിനാഥും കൂടി 17 സ്പീഷീസുകളും 2019 ൽ എറണാകുളം ജില്ലയിൽ നിന്ന് രാധാകൃഷ്ണൻ 26 സ്പീഷീസുകളും പിടികൂടി. ഒടുവിൽ 2023 ൽ മേബി തങ്കച്ചനും കൂട്ടരും മറ്റൊരു പഠനത്തിൽ വയനാട്ടിൽ നിന്നു തന്നെ 17 സ്പീഷീസുകളെ കണ്ടെത്തുകയും  അവയുടെ തന്മാത്രാ പഠനം നടത്തുകയും ചെയ്തു. ഇത്രയുമാണ് വർഗ്ഗീകരണവുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇതുവരെ നടന്ന പ്രധാനപ്പെട്ട കൊതുക് പഠനങ്ങൾ.

Culex tritaeniorhynchus

സ്വന്തം കൊതുകുകൾ

ഇരുപതാം നൂറ്റാണ്ട് പിറന്ന് അധികം കഴിയും മുൻപ് കേരളത്തിന് ആറ് പുതിയ കൊതുകുകളെ കിട്ടി. ഗൈലിന്റെ വക രണ്ടും  തിയോബാൾഡിന്റെ വക നാലും. തുടങ്ങിവെച്ചത് ഗൈലാണ്. അദ്ദേഹം കണ്ടുപിടിച്ച കൊതുകുകളാണ് ക്യൂലക്സ് ട്രൈറ്റീനിയോറിൻഖസും (Culex tritaeniorhynchus ) ക്യൂലക്സ് ബൈറ്റീനിയോറിൻഖസും (Cx. bitaeniorhynchus). തിരുവിതാംകൂറിലെ ഏതോ സ്ഥലത്ത് നിന്നാണ് രണ്ടിനേയും പിടികൂടിയത്. കൃത്യമായ സ്ഥലം രേഖപ്പെടുത്തിയിട്ടില്ല. കണ്ടുപിടിച്ച കാലത്ത് ഇവയ്ക്ക് ഏതെങ്കിലും രോഗവുമായി ബന്ധമുള്ള കാര്യമൊന്നും അറിയാമായിരുന്നില്ല. രണ്ടും ജപ്പാൻ ജ്വരം (Japanese encephalitis) പരത്തുന്ന രോഗവാഹകരാണെന്ന (vectors) കാര്യം പിൽക്കാലത്താണ് മനസ്സിലായത്. ക്യൂലക്സ് ട്രൈറ്റീനിയോറിൻഖസാണ് കേരളത്തിലെ ജപ്പാൻ ജ്വരവാഹകരിൽ ഏറ്റവും പ്രധാനി. ഇവയുടെ കൂത്താടികൾ വയലുകളിലും കുളങ്ങളിലും മറ്റും വളരുന്നവയാണ്. ഇവയുടെ തുമ്പിക്കൈയിൽ (proboscis) മൂന്ന് മഞ്ഞവരകളുണ്ട്. അങ്ങനെയാണ് ഈ പേര് കിട്ടിയത്. ബൈറ്റീനിയോറിൻഖസിന് രണ്ട് വരകളും. ഇന്ത്യൻ മെഡിക്കൽ സർവീസിലെ ക്യാപ്റ്റൻ ജയിംസാണ് ഇവയെ ശേഖരിച്ചത്. അദ്ദേഹം തന്നെയാണ് തിയോബാൾഡിനും കൊതുകുകളെ എത്തിച്ചുകൊടുത്തത്. അതിൽ  നാല് പുതിയ കൊതുകുകളുള്ളതായി അദ്ദേഹം കണ്ടെത്തുകയും ചെയ്തു. ഒരെണ്ണത്തിന് ക്യാപ്റ്റന്റെ പേരും നൽകി- അനഫലസ് ജെയിംസി (Anopheles jamesi). ഫിക്കാൽബിയ മിനിമ (Ficalbia minima), മാൻസോണിയ അനുലിഫെറ (Mansonia annulifera), മാൻസോണിയ യൂണിഫോമിസ് (Mansonia uniformis) എന്നിവയാണ് മറ്റ് മൂന്ന് കൊതുകുകൾ. നാലിനേയും പിടികൂടിയത് കൊല്ലത്ത് വെച്ചാണ്. ഇവയിൽ അവസാനത്തെ രണ്ടും മന്ത് രോഗ വാഹകരാണ്. കേരളത്തിൽ രണ്ടുതരം മന്തുണ്ട്. ബാൻക്രോഫ്റ്റിയൻ മന്തും ബ്രൂജിയൻ മന്തും. ബ്രൂജിയൻ മന്ത് പരത്തുന്ന കൊതുകുകളാണ് മാൻസോണിയകൾ. ഇവയിൽ പ്രധാനി മാൻസോണിയ അനുലിഫെറയാണ്. ജലസസ്യങ്ങളുടെ വേരുകളിലുള്ള വായു അറകളിൽ നിന്നാണ് മാൻസോണിയ കൊതുകുകളുടെ കൂത്താടികൾക്ക് പ്രാണവായു ലഭിക്കുന്നത്. ഇവയ്ക്ക് പുറമേ മൂന്ന് പുതിയ സ്പീഷീസുകൾ കൂടി തിയോബാൾഡിന്റെ പേരിലുണ്ട്. 1905 ൽ തിരുവിതാംകൂറിൽ നിന്ന് കണ്ടെത്തിയ യൂറനോടീനിയ ആൽബോആനുലേറ്റയും (Uranotaenia alboannulata) 1910ൽ തിരുവനന്തപുരത്തെ പാലോടിൽ നിന്ന് കണ്ടെത്തിയ ടൊപ്പോമിയാ ഓറോവെന്ററും (Topomyia auroventer) വെറാലിന യൂണിഫോമിസും (Verrallina uniformis). ഇവ മൂന്നും നിരുപദ്രവകാരികളാണ്.

അടുത്ത മൂന്ന് പുതിയ സ്പീഷീസുകളെ കണ്ടെത്തുന്നത് 1922 ൽ എഫ്. ഡബ്ലിയു എഡ്വേർഡ്സ് (F.W. Edwards) ആണ്. മൂന്നിനേയും കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലെ പുതുപ്പാടിയിലും. ഖസാൻ ചാന്ദ് എന്ന ഇന്ത്യക്കാരനാണ് മൂന്നിനേയും പിടിച്ച് അദ്ദേഹത്തെ ഏൽപ്പിച്ചത്. അവയിൽ രണ്ടെണ്ണത്തിന് പിടുത്തക്കാരന്റെ പേര് കൊടുത്ത് ആദരിക്കുകയും ചെയ്തു- ക്യൂലക്സ് ഖസാനിയും (Cx. khazani ) ഹീസ്മാനിയ ചാന്ദിയും (Heizmannia chandi).  മൂന്നാമത്തേതിന്റെ പേര് ഹീസ്മാനിയ ഡിസ്ക്രിപ്പെൻസ് (Hz. discrepens). മൂവർക്കും രോഗങ്ങളുമായി ബന്ധമില്ല.

പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു പുതിയ സ്പീഷീസിനെ ഫിലിപ്പ് ജെയിംസ് ബറോഡ് (Philip James Barraud) മലബാറിൽ നിന്നും കണ്ടെത്തിയത്. പേര് യൂറനോടീനിയ ലൂട്ടിയോള (U. luteola).

ഇന്ത്യൻ ശാസ്ത്രജ്ഞർ

ഇതുവരെ പറഞ്ഞവരെല്ലാം ഇംഗ്ലീഷ് ശാസ്ത്രജ്ഞരായിരുന്നു. ആദ്യമായി ഒരു ഇന്ത്യക്കാരന്റെ, അതും മലയാളിയുടെ, പേര് ഒരു കൊതുകിന്റെ പേരിനോട്  ചേർക്കപ്പെടുന്നത് 1950 ലാണ്. കൊതുകിന്റെ പേര് വെറാലിന സെക്കുലേറ്റ (Verrallina seculata), കണ്ടെത്തിയ സ്ഥലം പത്തനംതിട്ട. ശാസ്ത്രജ്ഞന്റെ പേര് എം.എ.യു. മേനോൻ. എട്ട് വർഷം കഴിഞ്ഞപ്പോൾ ഇതേ മേനോന്റെ പേരിൽ ഒരു പുതിയ കൊതുകും പിറന്നു. പേരിട്ടത് പി. എഫ്. മാറ്റിംഗ്ലി (P.F. Mattingly) എന്ന ഇംഗ്ലീഷ് കാരൻ. കൊതുകിന്റെ പേര് ഏഡിസ് മേനോനി (Aedes menoni);  കൊതുകിനെ പിടിച്ചത് തിരുവിതാംകൂറിൽ നിന്ന്. 

വീണ്ടുമൊരു പുതിയ സ്പീഷീസിനെ കണ്ടെത്തുന്നത് 1992 ൽ സൈലന്റ് വാലിയിലെ ഒരു മരപ്പൊത്തിൽ നിന്നാണ്. ഏഡിസ് റൂബനേ (Aedes rubenae) എന്ന് പേരിട്ട ഈ കൊതുകിനെ കണ്ടെത്തിയത് എസ്.സി. തിവാരിയും ജെ.ഹിരിയനും. ഇരുപതാം നൂറ്റാണ്ടിൽ കേരളത്തിൽ നിന്ന് കണ്ടെത്തിയ അവസാനത്തെ പുതിയ കൊതുക് സ്പീഷീസ് എന്ന പ്രത്യേകതയുമുണ്ട് ഏഡിസ് റൂബനേയ്ക്ക് .

ഇരുപത്തൊന്നാം നൂറ്റാണ്ട്

ദീർഘമായ ഒരിടവേളയ്ക്ക് ശേഷം 2009 ലാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ആദ്യത്തെ പുതിയ കൊതുക് സ്പീഷീസിനെ കണ്ടെത്തുന്നത്. ബി. കെ. ത്യാഗിയും കൂട്ടരും കൊല്ലത്തെ കുഴിത്തുറയിൽ നിന്നും കണ്ടെത്തിയ ഈ കൊതുകിന്റെ കൂത്താടികൾ ഉപ്പുവെള്ളത്തിൽ വളരുന്നവയാണ്. പേര് അനഫലസ് സൂഡോസൺഡായിക്കസ് (Anopheles pseudosundaicus). അന്തമാൻ നിക്കോബാർ ദ്വീപുകളിൽ മലമ്പനി പരത്തുന്ന കൊതുകുകളാണ് അനഫലസ് സൺഡായിക്കസ് (Anopheles sundaicus). അവ വളരുന്നതും ഉപ്പുവെള്ളത്തിൽ തന്നെയാണ്. ഈ കൊതുകുമായുള്ള സമാനതകളാണ് സൂഡോസൺഡായിക്കസ് എന്ന പേരിടാൻ കാരണം. ഇവ മലമ്പനി പരത്തുമോ ഇല്ലയോ എന്ന കാര്യം പഠനവിഷയമാക്കേണ്ടതുണ്ട്.

അടുത്ത പുതിയ സ്പീഷീസ് എപ്പോൾ?

ഇതുവരെ കേരളത്തിൽ നിന്നും കണ്ടെത്തിയ പുതിയ കൊതുക് സ്പീഷീസുകളിൽ അവസാനത്തേതാണ് അനഫലസ് സൂഡോസൺഡായിക്കസ്. കേരളത്തിൽ നിന്ന് ഇനിയും  പുതിയ കൊതുക് സ്പീഷീസുകൾ കണ്ടെത്താൻ സാധ്യതയുണ്ടോ? തീർച്ചയായുമുണ്ട്. ചില സൂചനകൾ ഇപ്പോൾ തന്നെ ലഭ്യമാണ്. നമുക്ക് കാത്തിരിക്കാം.

  ക്ര.നംസ്പീഷീസ്വർഷംകണ്ടെത്തിയ സ്ഥലം
1Culex tritaeniorhynchus Giles1901തിരുവിതാംകൂർ
2Cx. bitaeniorhynchus Giles1901തിരുവിതാംകൂർ
3Anopheles jamesi Theobald1901കൊല്ലം
4Ficalbia minima (Theobald)1901കൊല്ലം
5Mansonia annulifera (Theobald)1901കൊല്ലം
6Ma. uniformis (Theobald)1901കൊല്ലം
7Uranotaenia alboannulata (Theobald)1905തിരുവിതാംകൂർ
8Topomyia auroventer (Theobald)1910പാലോട്, തിരുവനന്തപുരം
9Verrallina uniformis (Theobald)1910പാലോട്
10Cx. khazani Edwards1922പുതുപ്പാടി, കോഴിക്കോട്
11Heizmannia chandi Edwards1922പുതുപ്പാടി
12Hz. discrepens (Edwadrs)1922പുതുപ്പാടി
13U. luteola Barraud1934മലബാർ
14Ve. seculata (Menon)1950പത്തനംതിട്ട
15Aedes menoni Mattingly1958തിരുവിതാംകൂർ
16Aedes rubenae Tewari & Hiriyan1992സൈലന്റ് വാലി
17An. pseudosundaicus Tyagi et al2009കൊല്ലം

അധിക വായനയ്ക്ക്

  1. Giles, G.M. (1901). A plea for the collective investigation of Indian Culicidae, with suggestions as to moot points for enquiry, and a prodromus of species known to the author. Journ. Bomb.Nat. Hist. Soc. 13: 592-610.
  2. Christophers, S. R. (1933). Fauna of British India including Ceylon and Burma. Vol. 4. Tribe Anopheline. Taylor and Francis, London.
  3. Barraud, P.J. (1934). The Fauna of British India including Ceylon and Burma. Diptera. Vol. V. Family Culicidae. Tribes Megarhini and Culicini. Taylor and Francis, London.
  4. Nagpal, B.N. and Sharma, V.P. (1995). Indian Anophelines. Oxford and IBH Publishing Co. Pvt. Ltd.

കൊതുകിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കൊതുകു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post എന്താണ് കള്ളക്കടൽ പ്രതിഭാസം ?
Next post കിട്ടു – ശാസ്ത്രകഥ
Close