Read Time:7 Minute

കേരളത്തിലെ ഏറ്റവും പഴയ കൊതുക്

ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള മരക്കറയുടെ ഫോസ്സിലുകൾ കേരളത്തിലെ ചിലയിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ഒരു മരക്കറയിൽ നിന്നും ഒരു ആൺ കൊതുകിനെ കിട്ടിയതായി പഠനങ്ങൾ വന്നിട്ടുണ്ട്.

ഴുതിയാലും എഴുതിയാലും തീരില്ല കൊതുക് വിശേഷങ്ങൾ. ഇന്ന് പറയാൻ പോകുന്നത് കേരളത്തിലെ ഏറ്റവും പഴയ കൊതുകിനെ കുറിച്ചാണ്. കൃത്യമായി പറഞ്ഞാൽ നമുക്കറിയാവുന്നതിൽ ഏറ്റവും പഴയത്. അത് പറയുന്നതിന് മുൻപ് കൊതുകുകളുടെ ലോകചരിത്രം പറയേണ്ടിവരും. ഇന്ന് ലഭ്യമായ ഏറ്റവും പഴയ കൊതുക് ഫോസ്സിൽ ലഭിച്ചത് മിയാന്മറിൽ നിന്നാണ്. 90-100 ദശലക്ഷം വർഷങ്ങൾ  പഴക്കമുള്ള ആംബറിനുള്ളിൽ നിന്നാണ് ഈ കൊതുകിനെ ലഭിച്ചത്. മരങ്ങളുടെ തൊലിയിലുണ്ടാകുന്ന മുറിവുകളിൽ നിന്ന് പുറത്തെക്കൊഴുകുന്ന കറ (Resin) ഉയർന്ന മർദ്ദത്തിനും താപത്തിനും വിധേയമായി മഞ്ഞ നിറമുള്ള രത്നക്കല്ലുകളായി മാറും. ഇതാണ് ആംബർ. കറയിൽ ഒട്ടിപ്പോയ അനവധി  ചെറു ജീവികളെയും ദിനോസറുകളടക്കമുള്ള വലിയ ജീവികളുടെ ശരീരഭാഗങ്ങളും ഇങ്ങനെ ലഭിച്ചിട്ടുണ്ട്. കൊതുകിന്റെ ഈ പൂർവികന് ശാസ്ത്രജ്ഞർ ബർമാക്യൂലക്സ് ആന്റിക്വസ് (Burmaculex antiquus) എന്നാണ് പേരിട്ടത്.

ആധുനിക കാലത്തെ കൊതുകുമായി രൂപത്തിൽ ചില്ലറ വ്യത്യാസങ്ങളൊക്കെയുണ്ടെങ്കിലും ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ കൊതുകുകളുമായും ഈ കൊതുകിന് ബന്ധമുണ്ടെന്നാണ് തന്മാത്രാ പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ  ആദ്യമായി ഉണ്ടായ കൊതുക് ഇതല്ല എന്നുതന്നെയാണ് ശാസ്ത്രപക്ഷം. ഏകദേശം 187 ദശലക്ഷം   വർഷങ്ങൾക്ക് മുൻപായിരിക്കാം ആദ്യകൊതുകിന്റെ ജനനം എന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. ഇനി നമുക്ക് കേരളത്തിലേക്ക് വരാം. 

കളിമൺ ഖനിയിലെ കൊതുക്

കേരളത്തിൽ നിന്ന് ഇതുവരെ ആംബർ കുഴിച്ചെടുത്തതായി ചരിത്രമില്ല. അതുകൊണ്ടുതന്നെ ആംബറിനുള്ളിൽ കുടുങ്ങിയ കൊതുകിനെ കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നതിൽ അർത്ഥവുമില്ല. എന്നാൽ വളരെ അപൂർവമായി ലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള (Tertiary period) മരക്കറയുടെ ഫോസ്സിലുകൾ കേരളത്തിലെ ചിലയിടങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ മാടായിപ്പാറയ്ക്കടുത്തുള്ള ഉപേക്ഷിക്കപ്പെട്ട കളിമൺ ഖനിയിൽ നിന്നും അത്തരം ‘കറക്കട്ടകൾ’ കണ്ടെടുത്തിട്ടുണ്ട്. ലക്നൌവിലെ ബീർബൽ സാനി ഇൻസ്റ്റിറ്യൂട്ട് ഓഫ് പാലിയോബോട്ടണിയിലെയും ലക്നൌ യൂണിവേർസിറ്റി സുവോളജി ഡിപ്പാർട്ട്മെന്റിലെയും ഒരു സംഘം ഗവേഷകർ രണ്ടായിരാമാണ്ടിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ ഇത്തരത്തിലുള്ള ഒരു കറക്കറയിൽ നിന്നും ഒരു ആൺ കൊതുകിനെ കിട്ടിയതായി പറയുന്നുണ്ട്. നിർഭാഗ്യവശാൽ ഒന്നിലേറെ പരിമിതികളുള്ള ഒരു പഠനമാണത്. 

  1. ടെർഷ്യറി എന്ന് പറയുന്നത് 66 ദശലക്ഷം വർഷം മുൻപ് മുതൽ 2.6 ദശലക്ഷം വർഷം മുൻപ് വരെ നീണ്ടുനിന്ന അതിദീർഘമായ ഒരു കാലഘട്ടമാണ്. മാടായിപ്പാറയിൽ നിന്ന് ലഭിച്ച കറക്കട്ടയുടെ കൃത്യമായ പ്രായം ഗവേഷകർ സൂചിപ്പിക്കുന്നില്ല
  2. കൂടെക്കൊടുത്ത കൊതുകിന്റെ ഫോട്ടോയ്ക്ക് വ്യക്തത തീരെയില്ല.
  3. കൊതുകിന്റെ വർഗ്ഗീകരണം നടത്തിയിട്ടില്ല.
  4. തന്മാത്രാ പഠനങ്ങൾ നടത്തിയിട്ടില്ല. അവർക്ക് കിട്ടിയത് കൊതുക് തന്നെയാണെങ്കിൽ കേരളത്തിൽ നിന്നും ലഭിച്ച ഒരേയൊരു ഫോസ്സിൽ കൊതുകും ഏറ്റവും പഴയ കൊതുകുമായിരിക്കുമത്.  

അധിക വായനയ്ക്ക്

  1. Borkent A and Grimaldi DA (2004). The Earliest Fossil Mosquito (Diptera: Culicidae), in Mid-Cretaceous Burmese Amber. Ann. Entomol. Soc. Am. 97(5): 882-888. 
  2. Borkent A (1993). A world catalog of fossil and extant Corethrellidae and Chaoboridae (Diptera), with a listing of references to keys, bionomic information, and descriptions of each known life stage. Entomol. Scand. 24: 1-24.
  3. Shukla M, Kumar P, Prakash A, Srivastava GP, Kumar M (2000). Resin-embedded Insects and other Organic Remains from Warkalli formation, Kerala Coast, India. Journal of Geological Society of India. 56: 315-319. 

കൊതുകിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Happy
Happy
43 %
Sad
Sad
0 %
Excited
Excited
43 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
14 %

Leave a Reply

Previous post ചൈനയിലെ സാഹചര്യം മറ്റൊരു മഹാമാരിക്ക് സാധ്യത ഒരുക്കുന്നുണ്ടോ ? എന്താണ് യാഥാർഥ്യം ?
Next post ഓപ്പൺ എ.ഐ.യിൽ എന്തു സംഭവിക്കുന്നു?
Close