Read Time:15 Minute

കൊതുക് പെട്ടിയിൽ ഒരു രോഗം കൂടി

എഴുപത്തിയെട്ടോളം രോഗങ്ങൾ പരത്താനുള്ള കഴിവുണ്ട് കൊതുകുകൾക്ക്.  രോഗാണുക്കളിൽ ഭൂരിഭാഗവും  വൈറസുകൾ തന്നെ. കൂടാതെ  പ്രോട്ടോസോവകളും  ഹെൽമന്ത് വിരകളുമുണ്ട്. കൂട്ടത്തിൽ കൂടാൻ  ഇപ്പോളിതാ ഒരു ബാക്ടീരിയയും!

കൊതുക് പെട്ടിയിൽ  രോഗങ്ങൾക്ക് ഒട്ടും പഞ്ഞമില്ല. എഴുപത്തിയെട്ടോളം രോഗങ്ങൾ പരത്താനുള്ള കഴിവുണ്ട് കൊതുകുകൾക്ക്.  രോഗാണുക്കളിൽ ഭൂരിഭാഗവും  വൈറസുകൾ തന്നെ. കൂടാതെ  പ്രോട്ടോസോവകളും  ഹെൽമന്ത് വിരകളുമുണ്ട്. കൂട്ടത്തിൽ കൂടാൻ  ഇപ്പോളിതാ ഒരു ബാക്ടീരിയയും! ബാക്ടീരിയയുടെ പേര് മൈക്കോബാക്ടീരിയം അൾസറൻസ് (Mycobacterium ulcerans). രോഗത്തിന്റെ പേര് ബുറുളി അൾസർ (Buruli ulcer). ആദ്യം ബുറുളി അൾസർ എന്താണെന്ന് നോക്കാം. അതിന് ശേഷം കൊതുകിലേക്ക് വരാം.

ബുറുളി അൾസർ

പ്രധാനമായും ത്വക്കിനെ ബാധിക്കുന്ന അൾസറാണ് ബുറുളി അൾസർ. ചിലപ്പോൾ അസ്ഥികളേയും ബാധിച്ചുവെന്ന് വരാം. വളരെ പതുക്കെ ഭേദമാകുന്നതും ദീർഘകാലം നിലനിൽക്കുന്നതുമായ (Chronic) അൾസറാണ്  ബുറുളി അൾസർ. രോഗവൈകല്യം മൂലം സ്ഥിരമായ രൂപവൈകൃതമോ (disfigurement) അംഗവൈകല്യമോ സംഭവിച്ചേക്കാം.  1897 ൽ  ഉഗാണ്ടയിൽ പ്രവർത്തിച്ചിരുന്ന ആൽബർട്ട് ആർ കുക്ക് (Albert R. Cook) എന്ന മിഷനറി ഡോക്ടറാണ് ഇത്തരം അൾസറിനെ കുറിച്ച് ശാസ്ത്രലോകത്തിന് ആദ്യമായി അറിവ് നൽകിയത്. പിന്നേയും ഏറെ വർഷങ്ങൾ കഴിഞ്ഞാണ് (1930 കളിൽ) രോഗമുണ്ടാക്കുന്നത് ഒരു ബാക്ടീരിയയാണെന്ന് കണ്ടെത്തിയത്. ആസ്ത്രേലിയയിലെ ബെയിൺസ്ഡെയിൽ നഗരത്തിലുള്ള ബേക്കർ ഇൻസ്റ്റിറ്യൂട്ടിലെ പീറ്റർ മക്കല്ലം (Peter MacCallum), ജീൻ ടോൾഹേസ്റ്റ് (Jean Tolhurst) ഗ്ലെൻ ബക്കിൾ, (Glen Buckle), എച്ച്. എ. സിസ്സൺസ് (H.A. Sissons) എന്നിവർ ചേർന്നാണ് ഈ സുപ്രധാന കണ്ടുപിടുത്തം നടത്തിയത്. ഈ ബാക്റ്റീരിയ കടത്തിവിട്ട് അവർ എലികളിൽ അൾസർ ഉണ്ടാക്കി. കുഷ്ഠവും ക്ഷയവുമുണ്ടാക്കുന്ന ബാക്ടീരിയകളുമായി അടുത്ത ബന്ധമുള്ള ബാക്ടീരിയയാണ് ബുറുളി അൾസർ ഉണ്ടാക്കുന്ന  മൈക്കോബാക്ടീരിയം അൾസറൻസ്. 1960 കളിൽ ഉഗാണ്ടയിലെ തന്നെ  ബുറുളി കൌണ്ടിയിലായിരുന്നു പ്രസ്തുത അൾസർ ബാധിതർ ഏറ്റവും കൂടുതലുണ്ടായിരുന്നത്. അങ്ങനെയാണ് ഇത് ബുറുളി അൾസറായത്.

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്തിലുള്ള 33 രാജ്യങ്ങളിൽ ബുറുളി അൾസർ ഉണ്ട്. ഭൂരിപക്ഷം രാജ്യങ്ങളും തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ,  പടിഞ്ഞാറൻ ശാന്തസമുദ്ര പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ്. വികസിത രാഷ്ട്രങ്ങളായ ജപ്പാനും ആസ്ത്രേലിയയും പട്ടികയിലുണ്ട്. ഇവയിൽ 14 രാജ്യങ്ങൾ മാത്രമാണ് വർഷം തോറും ലോകാരോഗ്യ സംഘടനയ്ക്ക് രോഗത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ നൽകുന്നുള്ളൂ. 2021 ൽ ഈ പതിനാല് രാജ്യങ്ങളിലായി മൊത്തം 1370 കേസുകളാണുണ്ടായിരുന്നത് (ഇതാണ് ഇപ്പോൾ ലഭ്യമായ ഏറ്റവും പുതിയ കണക്ക് ). ചില ഗവേഷകരുടെ അഭിപ്രായത്തിൽ ലോകാരോഗ്യ സംഘടനയുടെ പട്ടികയിൽ പെടാത്ത, ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും ചെറിയ തോതിലെങ്കിലും ബുറുളി അൾസർ ഉണ്ടാകാമെന്നാണ് (മേപ്പ് കാണുക).

വേദനയില്ലാത്ത ചെറിയ മുഴകളായോ, വലിയ ഒരു ഫലകമായോ (plaque), കൈകാലുകളിലും മുഖത്തും വേദനയില്ലാത്ത വീക്കമായോ ആണ് രോഗാരംഭം. നാലാഴ്ചയ്ക്കകം ഇത് അൾസറായി മാറാം. വേദനയും പനിയും ഉണ്ടാകില്ല.  രോഗത്തിന്റെ തീവ്രതയനുസരിച്ച് അൾസറിനെ മൂന്ന് തരമായി  വർഗ്ഗീകരിച്ചിട്ടുണ്ട്.  മൈക്കോബാക്ടീരിയം അൾസറൻസ് മൈക്കോലാക്ടോൺ (mycolactone) എന്ന ഒരു പ്രത്യേകതരം വിഷം പുറത്തുവിടുന്നുണ്ട്. ഈ വിഷമാണ് ത്വക്കിനെ നശിപ്പിക്കുന്നതും അൾസർ ഉണ്ടാക്കുന്നതും.

ചില ആന്റിബയോട്ടിക്കുകളുടെ മിശ്രിതമാണ് ചികിത്സക്കായി ഉപയോഗിക്കുന്നത്. ശാരീരിക വൈകല്യം സംഭവിച്ചവർക്ക്   ഫിസിയോതെറാപ്പി ആവശ്യമായി വരും. ക്ഷയത്തിനെതിരെ ഉപയോഗിക്കുന്ന ബി. സി. ജി. വാക്സിൻ ചെറിയ രീതിയിൽ ഫലപ്രദമാണെന്ന് കണ്ടിട്ടുണ്ട്. മൈക്കോബാക്ടീരിയം അൾസറൻസ് എങ്ങനെയാണ് പകരുന്നത് എന്ന ചോദ്യം കഴിഞ്ഞ എൺപത് വർഷങ്ങളോളമായി ഒരു പ്രഹേളികയായി തുടരുകയായിരുന്നു.

Aedes notoscriptus

കൊതുകുബന്ധം  

ഏതെങ്കിലും ഒരു രോഗവും കൊതുകുകളുമായുള്ള ബന്ധം തെളിയിക്കുന്ന ഏറ്റവും പ്രശസ്തമായ പഠനം നടന്നത് ഇന്ത്യയിലായിരുന്നു. സെക്കന്തരാബാദിൽ   നടന്ന ആ പഠനത്തിലൂടെയാണ് സർ റൊണാൾഡ് റോസ്സ് 1897  ആഗസ്ത് 20ന് കൊതുകുകളാണ്  മലമ്പനി പരത്തുന്നത് എന്ന് തെളിയിച്ചത്. മൈക്കോബാക്ടീരിയം അൾസറൻസിന്റെ കൊതുകുബന്ധം സ്ഥാപിച്ചെടുക്കാനുള്ള ഗവേഷണം നടന്നത് ആസ്ത്രേലിയയിലാണ്. ബുറുളി അൾസർ ഒരു മൃഗജന്യരോഗമാണെന്ന കണ്ടെത്തലോടെയാണ് മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്കുള്ള മൈക്കോബാക്ടീരിയം അൾസറൻസിന്റെ സഞ്ചാരത്തെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ആരംഭം. പല സസ്തനികളിലും ഈ ബാക്ടീരിയയുടെ സാന്നിദ്ധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട്. ആസ്ത്രേലിയയിൽ  മാത്രം കാണുന്ന പോസ്സം (Possum) അത്തരമൊരു സസ്തനിയാണ്.

പോസ്സം (Possum)

പോസ്സത്തിൽ നിന്നും മനുഷ്യനിലേക്ക് രോഗം പകരുന്നത് കൊതുകുകൾ വഴിയാകാമെന്ന ചിന്തയ്ക്ക് രണ്ട് ദശബ്ദങ്ങളോളം പഴക്കമുണ്ട്.    ദക്ഷിണ പൂർവ്വ ആസ്ത്രേലിയയിൽ സ്ഥിതി ചെയ്യുന്ന പോയിന്റ് ലോൺസ്ഡെയിൽ (Point Lonsdale) നഗരത്തിൽ 2001 മുതൽ 2007 വരെയുള്ള കാലഘട്ടത്തിൽ ബുറുളി അൾസർ രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർദ്ധനവ് കാണപ്പെട്ടിരുന്നു. 2004 മുതൽ 2007 വരെ ഒരു സംഘം ഗവേഷകർ നടത്തിയ പഠനത്തിൽ 11,504 കൊതുകുകളെ പിടിക്കുകയും മൈക്കോബാക്ടീരിയം അൾസറൻസിന്റെ സാന്നിദ്ധ്യം പരിശോധിക്കുകയും ചെയ്തു. അവയിൽ അഞ്ച് സ്പീഷീസുകളിൽ മൈക്കോബാക്ടീരിയം അൾസറൻസിന്റെ സാന്നിദ്ധ്യം തെളിയിക്കുകയും ചെയ്തു. കൂട്ടത്തിൽ ഏറ്റവും കൂടുതൽ ഏഡിസ് കാംപ്റ്റോറിൻഖസ് (Ae. camptorhynchus) എന്ന കൊതുകിലായിരുന്നു. കൊക്ക്വില്ലെറ്റിഡിയ ലിനിയാലിസ് (Coquillettidia linealis), ക്യൂലക്സ് ആസ്ട്രേലിക്കസ് (Culex australicus), ഏഡിസ് നോട്ടോസക്രിപ്റ്റസ് (Ae. notoscriptus), അനഫലസ് അനുലിപ്പസ് (Anopheles annulipes) എന്നിവയായിരുന്നു മറ്റു കൊതുകുകൾ. എന്നാൽ ഈ കൊതുകുകൾ  ബുറുളി അൾസർ പരത്തുന്നുവെന്നതിനുള്ള തെളിവുകളൊന്നും കിട്ടിയിരുന്നില്ല.

തുടക്കത്തിൽ സൂചിപ്പിച്ച കൊതുക് പഠനം നടന്നത് ആസ്ത്രേലിയയിലെ തന്നെ മെൽബോൺ നഗരത്തിന് തെക്ക് വശമുള്ള മോണിങ്ടൺ പെനിൻസുലയിലാണ് (Mornington Peninsula). 2019–2020 കാലയളവിൽ പീറ്റർ മീയുടെ നേതൃത്വത്തിലുളള പഠനസംഘം  73,580 കൊതുകുകളെ പിടിച്ച് പഠനം നടത്തുകയും 27 കൊതുക് സ്പീഷീസുകളിൽ രോഗാണുക്കളെ കണ്ടെത്തുകയും ചെയ്തു. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത്  ഏഡിസ് നോട്ടോസക്രിപ്റ്റസ് (Ae. notoscriptus) ആയിരുന്നു. ഈ കൊതുക് രോഗസംക്രമണത്തിൽ പങ്കാളിയാണോ എന്ന അന്വേഷണമാണ് പിന്നീട് നടന്നത്. മൈക്കോബാക്ടീരിയം അൾസറൻസിന്റെ സാന്നിധ്യമുള്ള ഏഡിസ് നോട്ടോസക്രിപ്റ്റസ് കൊതുകുകളെ പിടിച്ചത് മനുഷ്യരിൽ ബുറുളി അൾസർ വ്യാപകമായുള്ള പ്രദേശങ്ങളിൽ നിന്നാണെന്ന് അന്വേഷണത്തിൽ നിന്നും വ്യക്തമായി. മാത്രമല്ല അതേ ഭൂപ്രദേശങ്ങളിലുള്ള പോസ്സങ്ങളിലും ഈ ബാക്റ്റീരിയ ഉണ്ടായിരുന്നു. ജനിതക വിശകലനം നടത്തിയപ്പോൾ ഈ മൂന്ന് വാഹകരിലുമുള്ള  മൈക്കോബാക്ടീരിയം അൾസറൻസ് ബാക്റ്റീരിയകൾ ഒരേ ജനിതകഘടനയുള്ളവയാണെന്നും വ്യക്തമായി. അതിന് പുറമേ കൊതുകുകളുടെ ആമാശയത്തിലുള്ള രക്തത്തിന്റെ വിശകലനം വഴി അവ മനുഷ്യക്തവും പോസ്സരക്തവും പാനം ചെയ്തതായും കണ്ടെത്തി. എല്ലാ തെളിവുകളും ചേർത്തുവെച്ച് വായിച്ചപ്പോൾ  പോസ്സത്തിൽ നിന്നും മനുഷ്യനിലേക്ക് ബുറുളി അൾസർ എത്തിക്കുന്ന ഒരു വാഹനം ഏഡിസ് നോട്ടോസക്രിപ്റ്റസ് കൊതുകുകളാണെന്ന നിഗമനത്തിൽ  പഠനസംഘം എത്തിച്ചേർന്നു.

ഭാവി പഠനങ്ങൾ 

മലമ്പനിയുമായി ബന്ധപ്പെട്ട സർ റോണാൾ റോസ്സിന്റെ 1897 ലെ കൊതുക് സിദ്ധാന്തം പൊതുവേ അംഗീകരിക്കപ്പെട്ടിരുന്നുവെങ്കിലും അത് സംശയാതീതമായി തെളിയിക്കപ്പെട്ടത് 1900 ൽ ലണ്ടൻ സ്കൂൾ ഓഫ് ട്രോപ്പിക്കൽ മെഡിസിനിൽ നടന്ന ഒരു പഠനത്തിലൂടെയാണ്. ഇറ്റലിയിലെ മലമ്പനി രോഗികളെ കടിച്ച അനഫലസ് കൊതുകുകളെ ഇംഗ്ലണ്ടിലേക്ക് കൊണ്ട് വരികയും ആരോഗ്യവാന്മാരായ രണ്ട് വിദ്യാർഥികളെ കടിപ്പിക്കുകയും ചെയ്തു. രണ്ടുപേർക്കും മലമ്പനി ബാധിച്ചു. ഇന്നത്തെ കാലത്ത് അത്തരം പരീക്ഷണങ്ങൾ നടത്താൻ എത്തിക്സുമായി ബന്ധപ്പെട്ട കാരണങ്ങളാൽ ബുദ്ധിമുട്ടാണെങ്കിലും മൃഗ മാതൃകകൾ ഉപയോഗിച്ച് ചെയ്യാമോ എന്ന് പരിശോധിക്കാവുന്നതാണ്. അതിന് പുറമേ പോസ്സങ്ങൾ  ഇല്ലാത്ത മറ്റ് ഭൂപ്രദേശങ്ങളിൽ രോഗപ്രസാരണം എങ്ങനെയെന്നും കണ്ടെത്തേണ്ടതുണ്ട്. അന്വേഷണം മറ്റ് കൊതുകുകളിലേക്ക്  നീളേണ്ടതുമുണ്ട്.        

കണ്ടെത്തലിന്റെ പ്രസക്തി

1898 ൽ മലമ്പനി പരത്തുന്നത് അനഫലസ് കൊതുകുകളാണെന്ന് കണ്ടെത്തിയത് ഇറ്റാലിയൻ ജന്തുശസ്ത്രജ്ഞനായ ജി. ബി. ഗ്രാസ്സിയാണ് (റൊണാൾഡ് റോസ്സ് ഏത് സ്പീഷീസാണെന്ന് പറഞ്ഞിട്ടില്ല). കണ്ടുപിടുത്തത്തെ തുടർന്ന് ആവേശഭരിതനായ ഗ്രാസ്സി ഇങ്ങനെ പ്രഖ്യാപിച്ചത്രേ: “ഒടുവിൽ ആ താക്കോലും കണ്ടെത്തി. വാതായനങ്ങൾ തുറക്കപ്പെട്ടു. ഇറ്റലിയിൽ നിന്ന് ഒരു പ്രഭാപൂരം പുറത്തേക്കൊഴുകി.” മലമ്പനി നിയന്ത്രണത്തിന് കൊതുകു നിവാരണം ശക്തമായ ഒരു ആയുധമായത് ഈ കണ്ടെത്തലുകൾക്ക് ശേഷമാണ്. രോഗപ്രതിരോധത്തിനുള്ള യാതൊരു മാർഗ്ഗങ്ങളും ഇന്നേവരെ കണ്ടുപിടിക്കപ്പെടാത്ത രോഗമാണ് ബുറുളി അൾസർ. ബുറുളിപ്പൂട്ട് തുറക്കാൻ കെൽപ്പുള്ള മറ്റൊരു താക്കോലായി മാറുമോ ഈ കണ്ടുപിടുത്തം? കാത്തിരുന്നു കാണാം.

അധിക വായനയ്ക്ക്:

  1. Johnson, P. D. R. et al. (2007) Mycobacterium ulcerans in mosquitoes captured during outbreak of Buruli ulcer, southeastern Australia. Emerg. Infect. Dis. 13, 1653–1660.
  2. Mee PT, Buultjens AH, Oliver J et al. (2024). Mosquitoes provide a transmission route between possums and humans for Buruli ulcer in southeastern Australia. Nature Microbiology. 23 January 2024. (Published online).
  3. Simpson H, Deribe K, Tabah EN et al. (2019).  Mapping the global distribution of Buruli ulcer: a systematic review with evidence consensus. Lancet Glob Health, 7: e912–22.

കൊതുകിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കൊതുകു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
75 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
25 %

Leave a Reply

Previous post നക്ഷത്രങ്ങളിലെ ന്യൂക്ലിയർ ഫിഷന്റെ ആദ്യ തെളിവ്
Next post ഓറഞ്ചും നാരങ്ങയും എവിടെ നിന്ന് വന്നു?
Close