പ്രൊഫ. സി ടി കുര്യനെ പറ്റി ഏറെ കേൾക്കുകയും വായിക്കുകയും ചെയ്തിരുന്നുവെങ്കിലും 2012 ലാണ് ഡോ. ആർ വിജി മേനോൻ മുഖേന ഞാൻ ഡോ. കുര്യനെ അടുത്തു പരിചയപ്പെടുന്നത്. അതാകട്ടെ അദ്ദേഹത്തിന്റെ “Wealth and Illlfare” എന്ന ഗ്രന്ഥം മലയാളത്തിലേക്ക് തർജ്ജമ ചെയ്യുന്നതുമായി ബന്ധപ്പെട്ടായിരുന്നു. അതിൻറെ തർജ്ജമ പൂർത്തിയാക്കുന്നത് അദ്ദേഹത്തിന്റെ ബാംഗ്ലൂരിലെ വീട്ടിൽ വച്ചായിരുന്നു. അന്ന് തുടങ്ങിയ ബന്ധം ഒരു ദശാബ്ദത്തിലേറെ നീണ്ടുനിന്നു. അദ്ദേഹത്തിന്റെ അവസാനത്തെ ഗ്രന്ഥമായ Economics of Real life ഉം തർജ്ജമ ചെയ്യാൻ എനിക്ക് ഭാഗ്യമുണ്ടായി. രണ്ട് ഗ്രന്ഥങ്ങളും “സമ്പത്തും ദാരിദ്ര്യവും”, “ജീവിതയാഥാർത്ഥ്യങ്ങളുടെ അർത്ഥശാസ്ത്രം” എന്ന പേരിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് പ്രസിദ്ധീകരിച്ചത്. രണ്ടാമത്തെ പുസ്തകത്തിൻറെ അച്ചടി പൂർത്തിയാക്കി ഏൽപ്പിക്കാൻ എറണാകുളത്തെ പുത്തൻകുറിശ്ശിയിലെ താമസസ്ഥലത്ത് പോയപ്പോഴാണ് അദ്ദേഹത്തെ അവസാനമായി കണ്ടത്. അന്ന് ടീച്ചർക്കൊപ്പം ഉച്ചഭക്ഷണത്തിന് ശേഷമാണ് ഞാൻ പിരിഞ്ഞത്. തർജ്ജമയുമായി ബന്ധപ്പെട്ടും മറ്റ് വിഷയങ്ങളെ പറ്റിയും 10 വർഷം അദ്ദേഹവുമായി ഫോണിലും നേരിട്ടും സംസാരിച്ചതിലൂടെ ഞാൻ അറിയാതെ തന്നെ കുര്യൻ സാറിന്റെ ഒരു അനൗപചാരിക വിദ്യാർത്ഥിയായി മാറുകയായിരുന്നു. അതുവഴി നാല് പതിറ്റാണ്ടുകളിലേറെ ഞാൻ മനസ്സിലാക്കിയ സാമ്പത്തിക ശാസ്ത്രത്തിന്റെ മറ്റൊരു ഭാഗം ഒരു മനുഷ്യമുഖം കൂടുതൽ തെളിമയോടെ എനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞു. ഡോ കുര്യൻറെ ഗ്രന്ഥങ്ങളും ലേഖനങ്ങളും സംഭാഷണങ്ങളും എല്ലാം ഈ മൂല്യമാണ് പ്രചരിപ്പിക്കുന്നത്.
പഠനവും പ്രവർത്തനവും
ഇന്ത്യയിലെ ഏറ്റവും തലമുതിർന്ന സാമ്പത്തിക ശാസ്ത്രജ്ഞനായ സി.ടി. കുര്യൻ പത്തനംതിട്ട ജില്ലയിലെ നെല്ലാനികുന്നിലാണ് ജനിച്ചു വളർന്നത്. മദ്രാസ്, സ്റ്റാൻഫോർഡ് (US) സർവ്വകലാശാലകളിലെ ഉപരിപഠനത്തിനുശേഷം 1962-1978 കാലത്ത് അദ്ദേഹം മദ്രാസ് ക്രിസ്ത്യൻ കോളേജിൽ അധ്യാപകനായിരുന്നു. ഇക്കാലത്ത് (1975-77ൽ) യുജിസിയുടെ ദേശീയ ഫെലോ ആയും പ്രവർത്തിച്ചു. 1978-1988 കാലത്തെ പ്രശസ്ത ഗവേഷണ കേന്ദ്രമായ മദ്രാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് (MIDS) ന്റെ ഡയറക്ടർ ആയിരുന്നു. 1992-94 ൽ ICSSR ന്റെ ദേശീയ ഫെലോ ആയി. 1997-2003 കാലത്ത് MIDS ൻ്റെ ചെയർമാനായിരുന്നു. 1996ൽ അദ്ദേഹത്തിന് UGC യുടെ Lifetime Achievement Award ലഭിച്ചു. 1994 ൽ മാൽക്കം & എലിസബത്ത് ആദിശേഷയ്യ ട്രസ്റ്റിന്റെ ചെയർമാനായി സേവനമനുഷ്ഠിച്ചു. 2002 ഇന്ത്യൻ എക്കണോമിക്സ് അസോസിയേഷൻ (IEA) പ്രസിഡന്റും ആയിരുന്നു. 2012 ബാംഗ്ലൂരിൽ സാമ്പത്തിക ശാസ്ത്ര ഗവേഷണ കേന്ദ്രമായ ISEC ലെ ബോർഡ് മെമ്പർ ആയി.
സാമ്പത്തിക ശാസ്ത്രത്തിൽ ഡോ. കുര്യൻ 15 ഗ്രന്ഥങ്ങളുടെയും ഒട്ടേറെ ഗവേഷണപ്രബന്ധങ്ങളുടെയും കർത്താവാണ്. ഇവയിൽ (1) Poverty and Development (2) Dynamics of Real Transformation (3) The Economy (4) Growth and Justice (5) Global Capitalism and Indian Economy (6) Rethinking Economics (7) Wealth and Illfare (9) Economics of Real Life എന്നിവ ഏറെ ശ്രദ്ധേയമായ ഗ്രന്ഥങ്ങളാണ്. ഇവയ്ക്ക് പുറമേ ഫ്രണ്ട് ലൈൻ ദ്വൈവാരികയിൽ കാലികപ്രസക്തമായ ഗ്രന്ഥങ്ങളെ പരിചയപ്പെടുത്തുന്ന ഒരു പംക്തി തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.
ശ്രദ്ധേയനായ ഒരു വിദ്യാഭ്യാസ പ്രവർത്തകൻ കൂടിയായിരുന്ന ഡോ. കുര്യൻ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ച അശോക് മിത്ര വിദ്യാഭ്യാസ കമ്മീഷനിൽ അംഗമായിരുന്നു. അക്കാലത്ത് ആലുവയിൽ നടന്ന പരിഷത്തിന്റെ സംസ്ഥാന പ്രവർത്തക ക്യാമ്പ് ഉദ്ഘാടനം ചെയ്തത് ഡോ. കുര്യൻ ആയിരുന്നു.
വേറിട്ടൊരു സാമ്പത്തിക ശാസ്ത്രജ്ഞൻ
എഴുത്തിലെ ലാളിത്യവും ഉള്ളടക്കത്തിലെ ദരിദ്ര പക്ഷപാതിത്വവുമാണ് സി ടി കുര്യനെ വേറിട്ടൊരു സാമ്പത്തിക ശാസ്ത്രജ്ഞൻ ആക്കുന്നത്. ചിലപരിചിതമായ നവ ക്ലാസിക്കൽ സിദ്ധാന്തങ്ങളുടെ ചട്ടക്കൂളിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തെ മോചിപ്പിക്കാൻ ഉള്ള ശ്രമം മാത്രമല്ല, സാമ്പത്തിക ശാസ്ത്രമെന്ന പഠനശാഖയിൽ പുതിയൊരു ജനപക്ഷ സമീപനം ഉയർത്തിക്കൊണ്ടുവരുന്നതിലും അദ്ദേഹത്തിന്റെ സംഭാവനകൾ ശ്രദ്ധേയമാണ്. ഈയൊരു പൊതു നിലപാടിൽ ഇന്ത്യൻ സമ്പദ്ഘടനയിൽ ഉണ്ടായ മാറ്റങ്ങളെ വിലയിരുത്തുന്ന ഈടുറ്റ ഗ്രന്ഥങ്ങളാണ് ഡോ കുര്യന്റെ പ്രധാന സംഭാവന.
ഇത്തരം നിലപാടുകളും അതിനനുസൃതമായ പരിപാടികളും ഔന്നത്യത്തിൽ എത്തുന്നത് അവസാനത്തെ രണ്ട് ഗ്രന്ഥങ്ങളായ Wealth and Illlfare ലും Economics of Real Life ലും ആണ്. ഡോ. കുര്യന്റെ ഇതര ഗ്രന്ഥങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ രണ്ടു പുസ്തങ്ങളാണിവ. ഈ ഗ്രന്ഥങ്ങളിൽ ഉപയോഗിക്കുന്ന പരികല്പനകൾ എല്ലാം തന്നെ ഔപചാരികവും ലാഭാധിഷ്ഠിതവുമായ കമ്പോള യുക്തിയിൽ നിന്ന് വ്യത്യസ്തമായ; അനൌപചാരികവും ജനകീയവുമായ പ്രായോഗിക യുക്തിയുടെ നിലപാട് തറയിൽ ഉറച്ചുനിന്നു മനുഷ്യ ജീവിത പ്രശ്നങ്ങളെ അപഗ്രഥിക്കാനാണ് ശ്രമിക്കുന്നത്.
ഉൽപാദകരും ഉപഭോക്താക്കളും എന്ന നിലയിൽ കമ്പോളത്തെ രണ്ട് തട്ടാക്കി പകുത്തു കൊണ്ടുള്ളതും, ചോദന-പ്രദാന സിദ്ധാന്തങ്ങളെ അടിസ്ഥാനമാക്കി ഉള്ളതുമായ നവ ക്ലാസിക്കൽ സാമ്പത്തിക ശാസ്ത്രത്തിന്റെ അപഗ്രഥനത്തിന്റെ പരിമിതികളെ ഡോ. കുര്യൻ ഓരോന്നായി ചൂണ്ടിക്കാണിക്കുകയായിരുന്നു. ഇതിനേക്കാളുപരി മൂന്ന് പതിറ്റാണ്ടായി നടപ്പാക്കിവരുന്ന നവലിബറൽ നയങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയിലും ജനജീവിതത്തിലും വരുത്തിയ മാറ്റങ്ങളുടെ വസ്തുനിഷ്ഠമായ വിലയിരുത്തുകൾ കൂടിയാണ് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾ. Global Capitalism and Indian Economy എന്ന ചെറിയ ഗ്രന്ഥം ഇത് സംബന്ധിച്ച വലിയ കാര്യങ്ങൾ പ്രതിപാദിക്കുന്നതാണ്. നവ ലിബറലിസവും അതിന്റെ പ്രത്യാഘാതങ്ങളും ഇന്ത്യൻ ഭരണഘടനയുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് അനേക കാതം പിറകോട്ട് വലിക്കുകയാണ്. അതുകൊണ്ടുതന്നെ ജനാധിപത്യ വ്യവസ്ഥയുടെ പിൻബലത്തോടെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പിടിച്ചു പറ്റാനുള്ള ആഹ്വാനത്തോടെയാണ് Wealth and illfare ഉം Economy of Real Life ഉം അവസാനിക്കുന്നത്.
ദാരിദ്ര്യത്താൽ വലയം ചെയ്ത സമ്പത്തിന്റെ തുരുത്തുകൾ നിറഞ്ഞു കൊണ്ടിരിക്കുന്ന ഇന്ത്യയിൽ ജീവിതയാഥാർത്ഥ്യങ്ങളുടെ അർത്ഥശാസ്ത്രം എന്താണെന്ന് ഡോ. കുര്യൻ അദ്ദേഹത്തിന്റെ പുസ്തകങ്ങളിലൂടെയും പ്രവർത്തനങ്ങളിലൂടെയും നമുക്ക് കാട്ടിത്തരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു, “സാമ്പത്തിക വളർച്ച കൂടിക്കൊണ്ടിരിക്കുന്ന ഇന്ത്യയിൽ ഒരു ചെറു ന്യൂനപക്ഷം ആഡംബരജീവിതത്തിൽ ആറാടുമ്പോൾ നല്ലൊരു വിഭാഗം ജനങ്ങൾക്ക് ആവശ്യ ജീവിതോപാധികൾ പോലും ലഭ്യമാകാത്ത തരത്തിലുള്ള വൈരുദ്ധ്യത്തിന്റെ കാരണങ്ങൾ അറിയാൻ” ഞങ്ങൾ കുടുംബ ചർച്ചകളിൽ ശ്രമിക്കുകയുണ്ടായി. ഇക്കാര്യങ്ങൾ കുടുംബ ചർച്ചകളിൽ മാത്രം ഒതുക്കി നിർത്താതെ സാധാരണ ജനങ്ങൾക്ക് ഉപകരിക്കും വിധം അദ്ദേഹം പുസ്തകങ്ങളും പ്രബന്ധങ്ങളുമാക്കി നമുക്കു തന്നു.
തികഞ്ഞ മനുഷ്യപക്ഷപാതിയായ ഡോ.സി.ടി. കുര്യന്റെ ആശയങ്ങളെ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ മുന്നോട്ട് നയിക്കുക എന്നത് തികച്ചും കാലിക പ്രാധാന്യമുള്ള ഒരു രാഷ്ട്രീയ പ്രവർത്തനമാണ്. അതിനാൽ തന്നെ അവ ഉൾക്കൊള്ളുകയും പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യുക എന്നതാണ് സി ടി കുര്യന് നമുക്ക് സമർപ്പിക്കാവുന്ന ഏറ്റവും വലിയ ആദരം.
ഡോ. സി.ടി. കുര്യന്റെ പുസ്തകങ്ങൾ
സമ്പത്തും ദാരിദ്ര്യവും – ജനജീവിതത്തിന്റെ അർത്ഥശാസ്ത്രം
ഡോ.സി.ടി.കുര്യൻ
വിവർത്തനം : ടി.പി.കുഞ്ഞിക്കണ്ണൻ
ദരിദ്രപക്ഷത്തുനിന്നുകൊണ്ട് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയും അതിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെയും സാമാന്യജനതക്കുവേണ്ടി അസാമാന്യമായ വിധത്തിൽ ലളിതമായും സരളമായും അവതരിപ്പിക്കുന്ന ഗ്രന്ഥമാണ് സമ്പത്തും ദാരിദ്യവും.
പ്രസാധനം :കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വില :300
ജീവിതയാഥാർത്ഥ്യങ്ങളുടെ അർത്ഥശാസ്ത്രം- മാമുൽ വിരുദ്ധചിന്തകൾ
ഡോ.സി.ടി.കുര്യൻ
വിവർത്തനം : ടി.പി.കുഞ്ഞിക്കണ്ണൻ
ധനശാസ്ത്രം ഒരു സാമൂഹികശാസ്ത്രമാണെന്നും അതിന്റെ ഉള്ളടക്കം മനുഷ്യനും മനുഷ്യനും തമ്മിലും, മനുഷ്യനും പ്രകൃതിയും തമ്മിലും ഉള്ള പ്രതിപ്രവർത്തനങ്ങളാണെന്നും നിത്യജീവിത വഴിയോരങ്ങളിലൂടെ വ്യക്തമാക്കുന്ന ഗ്രന്ഥം.
പ്രസാധനം :കേരള ശാസ്ത്രസാഹിത്യ പരിഷത്ത്
വില :400