Read Time:12 Minute

കൊതുകുകൾ കാൻസർ പരത്തുമോ? 

കാൻസർ ഒരു സാംക്രമിക രോഗമല്ലല്ലോ എന്ന് പറയാൻ വരട്ടെ, പകരുന്ന കാൻസറുകളും ഉണ്ട്!

കാൻസർ ഒരു സാംക്രമിക രോഗമല്ലല്ലോ. അങ്ങനെ അടച്ചു പറയാൻ വരട്ടെ, പകരുന്ന കാൻസറുകളും ഉണ്ട്! സസ്തനികൾക്കിടയിൽ മൂന്ന് തരം സാംക്രമിക കാൻസറുകൾ ഉള്ളതായി അറിയാം: സിറിയൻ ഹാംസ്റ്ററുകളിൽ കാണപ്പെടുന്ന കൺടേജിയസ് റെറ്റിക്കുലം സെൽ സാർകോമ (Contagious reticulum cell sarcoma), ടാസ്മാനിയൻ ഡെവിളുകളിൽ കാണപ്പെടുന്ന ഡെവിൾ ഫേഷിയൽ ട്യൂമർ ഡിസീസ് (Devil facial tumour disease), നായ്ക്കളിൽ കാണപ്പെടുന്ന കനൈൻ ട്രാൻസ്മിസിബിൾ വെനേറിയൽ ട്യൂമർ (Canine transmissible venereal tumor). ടാസ്മാനിയൻ ഡെവിളുകളുടെ നിലനിൽപ്പിന് ഏറ്റവും വലിയ ഭീഷണി ഡെവിൾ ഫേഷിയൽ ട്യൂമർ ഡിസീസ് ആണത്രെ. വന്നുകഴിഞ്ഞാൽ ആറുമാസത്തിനകം മരണം സംഭവിക്കും.

ഫേഷിയൽ ട്യൂമർ ഡിസീസ് ബാധിച്ച ടാസ്മാനിയൻ ഡെവിൾ

വളരെ അപൂർവ്വമായി മനുഷ്യരിലും സാംക്രമിക കാൻസറുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയവദാനം, സ്റ്റെം സെൽ ദാനം എന്നിവ വഴിയാണ് പലപ്പോഴും കാൻസർ പകരുന്നത്. അതിനു പുറമേ ഗർഭിണിയിൽ നിന്നും ഗർഭസ്ഥ ശിശുവിലേക്ക് കാൻസർ പകർന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇവയ്ക്ക് പുറമേ വൈറസുകൾ, ബാക്റ്റീരിയകൾ, പരാദങ്ങൾ തുടങ്ങിയ രോഗാണുക്കളും കാൻസറിന് കാരണങ്ങളാകാറുണ്ട്. കാൻസർ ഗവേഷണത്തിന്റെ അന്താരാഷ്ട്ര ഏജൻസി  (The International Agency for Research on Cancer) യുടെ കണക്ക് പ്രകാരം ലോകമെമ്പാടുമുള്ള കാൻസറുകളിൽ ഇരുപത് ശതമാനവും രോഗാണുക്കൾ മൂലമുണ്ടാകുന്നതാണ്. ഇത്തരം കാൻസറുകൾ നേരിട്ട് പകരില്ലെങ്കിലും രോഗാണുക്കൾ പകരുമല്ലോ. ഇനിയുള്ള ചോദ്യമിതാണ്: കാൻസറുകൾ പരത്തുന്നതിൽ  കൊതുകുകൾക്ക് എന്തെങ്കിലും പങ്കുണ്ടോ?  ഉണ്ടെന്നാണ് ചില പഠനങ്ങൾ സൂചിപ്പിക്കുന്നത്.

ഹാംസ്റ്ററുകളിലെ കാൻസർ

കൺടേജിയസ് റെറ്റിക്കുലം സെൽ സാർകോമ കൊതുകിലൂടെ പകരുമോ എന്ന പരീക്ഷണം ആദ്യമായി നടക്കുന്നത് 1965 ലാണ്. എയ്ഡിസ് ഈജിപ്തൈ (Aedes aegypti) കൊതുകുകളെയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. രോഗമുള്ള ഹാംസ്റ്ററുകളെ കടിച്ച കൊതുകുകളെ രോഗമില്ലാത്ത ഹാംസ്റ്ററുകളെ കടിപ്പിച്ചപ്പോൾ അവയ്ക്ക് കാൻസർ വന്നതായി കണ്ടു. ഇതേ തുടർന്നുള്ള മറ്റൊരു പഠനത്തിൽ ട്യൂമർ കോശങ്ങൾ എട്ട് മണിക്കൂറോളം എയ്ഡിസ് ഈജിപ്തൈയിൽ നശിക്കാതെയിരിക്കുമെന്നും എന്നാൽ അവ വിഭജനത്തിന് വിധേയമാകില്ലെന്നും കണ്ടെത്തി.

പരീക്ഷണം വഴിയല്ലാതെ, സ്വാഭാവികമായി കൊതുകുകൾ ഈ കാൻസർ പരത്തുന്നുണ്ടെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ല. എങ്കിലും അതിനുള്ള സാധ്യത പൂർണ്ണമായി തള്ളിക്കളയാനും കഴിയില്ല.

രോഗാണു വാഹകർ

ഇതുവരെയായി മുപ്പത്തിമൂന്ന് രോഗാണുക്കൾക്ക് കാൻസറുമായി ബന്ധമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. അവയിൽ ഇരുപത്തേഴെണ്ണം കൊതുകുകളിലുണ്ട് (പട്ടിക കാണുക). കൊതുകുകൾ മൂവായിരത്തി അഞ്ഞൂറിലധികം സ്പീഷീസുകളുണ്ട്. അവയെല്ലാം തന്നെ പ്രസ്തുത രോഗാണുക്കൾക്കായി വിശകലനം ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ ബാക്കിയുള്ള ആറെണ്ണവും കൊതുകുകളിലുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 2016 ൽ പ്രസിദ്ധീകരിച്ച ഒരു പരികല്പനയിൽ (hypothesis) സ്വീഡനിലെ കാരോലിൻസ്ക ഇൻസ്റ്റിട്യൂട്ടിലെ ശാസ്ത്രജ്ഞർ ഇങ്ങനെ പറയുന്നു:

കൊതുക് കടിയിലൂടെ കാൻസർ ഉണ്ടാകാൻ രണ്ട് കാരണങ്ങളാണുള്ളത്.

  1. ചില കൊതുകുകളിൽ ഒരേ സമയം ഒന്നിൽ കൂടുതൽ രോഗാണുക്കളുണ്ടാകാം. അത് അറുപതുവരെയാകാം. ഈ അറുപത്  രോഗാണുക്കളുടെ മിശ്രിതം (cocktail) കൊതുക് കടിയിലൂടെ നേരിട്ട് രക്തത്തിലെത്തുന്ന ഒരു വ്യക്തിയുടെ രോഗപ്രതിരോധ ശക്തി തീരേ ദുർബലമാവുകയും അത് കാൻസർ വരാനുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
  1. ഈ രോഗാണുക്കൾ മുഴുവനുമോ അല്ലെങ്കിൽ കൂട്ടത്തിൽ ചിലത് മാത്രമോ സംഘടിതമായി പ്രവർത്തിക്കുകയും ശരീരത്തിന്റെ ചില ഭാഗങ്ങളെ ലക്ഷ്യം വെക്കുകയും ചെയ്യുന്നു. രോഗാണു മിശ്രിതത്തിന്റെ പ്രത്യേകതയനുസരിച്ച് വിവിധ തരം കാൻസറുകളുണ്ടാകാം.”

തങ്ങളുടെ പരികൽപ്പനയെ ബലപ്പെടുത്താൻ അവർ പല തെളിവുകളും നിരത്തുന്നുണ്ട്. അവയിൽ രണ്ടെണ്ണം മാത്രം സൂചിപ്പിക്കാം.

  1. അമേരിക്കയിലെ 50 സംസ്ഥാനങ്ങളിൽ നടന്ന ഒരു പഠനം മലമ്പനിയും കാൻസറും തമ്മിലുള്ള ബന്ധം സംശയാതീതമായി തെളിയിക്കുന്ന ഒന്നായിരുന്നു. അനഫലസ് കൊതുകുകൾ പരത്തുന്ന രോഗമാണല്ലോ മലമ്പനി.
  2.  കാൻസറിന് കാരണമായേക്കാവുന്ന എപ്പിസ്റ്റീൻ-ബാർ വൈറസ് (Epstein–Barr virus) കൊതുകുകൾ പരത്തുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഇതുപോലെ കാൻസറിന് കാരണമാകാവുന്ന മറ്റ് പല വൈറസുകളും കൊതുകുകൾ വഴി സംക്രമിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

കൊതുക് കടി മൂലം കാൻസർ

കടിയിലൂടെ കാൻസർ പരത്തുക മാത്രമല്ല കടി തന്നെ കാൻസറിന് കാരണമായാലോ? അങ്ങനെയൊരു സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട് 2015 ൽ പുറത്തുവന്ന ഒരു പഠനം. ത്വക്കിനെ വളരെ അപൂർവ്വമായി മാത്രം ബാധിക്കുന്ന പ്രൈമറി ഇൻഡിറ്റേർമിനേറ്റ് ഡെൻട്രിറ്റിക്ക് ട്യൂമറാണ് (Primary indeterminate dendritic cell tumor) പഠനവിധേയമായ കാൻസർ. കാരണം കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത ഒരു അപൂർവയിനം കാൻസറാണിത്.

ത്വക്ക് കാൻസർ

അപൂർവമായെങ്കിലും ഈ കാൻസർ രക്താർബുദമായി പരിണമിക്കാറുണ്ട്. നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധ വ്യവസ്ഥയുമായയി (immune system ) ബന്ധപ്പെട്ട ഡെൻഡ്രിറ്റിക്ക് കോശങ്ങളുടെ (Dendritic cells) അമിതമായ വിഭജനമാണ് ഇതിന്റെ പ്രധാന ലക്ഷണം. പഠനം നടന്നത് ചൈനയിലാണ്. ഇരുപത്തെട്ട് വയസ്സുള്ള ഒരു ചെറുപ്പക്കാരന്റെ പുറത്ത് കൊതുക് കടിയേൽക്കുന്നു. നാലാഴ്ച കഴിഞ്ഞപ്പോൾ കടിയേറ്റ ഭാഗത്ത് ഒരു ചെറിയ മുഴ രൂപം കൊണ്ടു. രണ്ട് മാസത്തിനകം മുഴകളും (nodules ) തടിപ്പുകളും (plaques ) ശരീരം മുഴുവൻ പടർന്നുപിടിച്ചു (ചിത്രം കാണുക). എട്ട് മാസം കഴിഞ്ഞപ്പോൾ ചികിൽസക്കായി  ആശുപത്രിയിലെത്തുന്നു. തുടർന്നുള്ള പരിശോധനയിൽ രോഗം ഉറപ്പാക്കുന്നു. 17 മാസത്തിന് ശേഷം ചികിൽസയൊന്നുമില്ലാതെ തന്നെ രോഗം ശമിക്കുകയും ചെയ്തു. കൊതുകുകടി മൂലം കാൻസർ ഉണ്ടാകുന്ന ലോകത്തിലെ ആദ്യത്തെ സംഭവമായിരുന്നു ഇത്. എങ്ങനെയാണ് കൊതുക് കടി കാൻസറുണ്ടാക്കുന്നതെന്നതിന് തൃപ്തികരമായ വിശദീകരണങ്ങളൊന്നുമില്ല . എന്നാൽ കൊതുകിന്റെ ഉമിനീരിലെ ചില ഘടകങ്ങൾ പ്രതിരോധ വ്യവസ്ഥയെ വിപരീതമായി ബാധിക്കുന്നതായി തെളിവുകളുണ്ട്. അങ്ങനെയുള്ള മാറ്റങ്ങളാകാം കാൻസറിന് കാരണമാകുന്നത്.

വാൽക്കഷണം

കൊതുകു കടിയും കാൻസറും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന വളരെ കുറച്ചു പഠനങ്ങൾ മാത്രമേ ഇതുവരെ നടന്നിട്ടുള്ളൂ. വിശദമായ പഠനങ്ങൾ നടത്താതെ ഈ സാധ്യതയെ തളളുവാനോ കൊള്ളുവാനോ കഴിയില്ല.

പട്ടിക: കൊതുകുകളിൽ കാണുന്ന കാൻസറിന് കാരണക്കാരായ രോഗാണുക്കൾ 


അധിക വായനയ്ക്ക് 

  1. Banfield WG, Woke PA, Mackay CM, Cooper HL (1965). Mosquito transmission of a reticulum cell sarcoma of hamsters. Science. 148(3674): 1239–40.
  2. Banfield WG, Woke PA, Mackay CM (1966). Mosquito transmission of lymphomas. Cancer. 19: 1333-36
  3. Mo X, Guo W and Ye H (2015). Primary Indeterminate Dendritic Cell Tumor of Skin Correlated to Mosquito Bite. Medicine. 94(34): 1-3
  4. Ward M and Benellib G (2018). Culiseta annulata – just a biting nuisance or a deadly foe? Pathogens and Global Health.112(2): 96–100
  5. Ward M, Ward A and Jahansson O (2016). Does the mosquito have more of a role in certain cancers than is currently appreciated? – The mosquito cocktail hypothesis. Medical Hypotheses. 86: 85–91
  6. Welsh JS (2011). Contagious Cancer. The Oncologist.16:1-4

കൊതുകിനെക്കുറിച്ച് അറിയേണ്ടതെല്ലാം

കൊതുകു ലേഖനങ്ങൾ

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
100 %

Leave a Reply

Previous post കേരളത്തിലുള്ള Mugger crocodile മുതലയാണോ ചീങ്കണ്ണിയാണോ?
Next post ശാസ്ത്രകോൺഗ്രസ് തടയുന്നത് ശാസ്ത്രവിരുദ്ധതയുടെ തെളിവ്
Close