Read Time:20 Minute

റബ്ബർ തോട്ടത്തിൽ ഒരു കൊതുക് ശാസ്ത്രജ്ഞൻ

റബ്ബർ തോട്ടത്തിലെ കൊതുകുളെക്കുറിച്ചുള്ള ഗവേഷണാനുഭവങ്ങൾ ഡോ.പി.കെ.സുമോദൻ പങ്കുവെക്കുന്നു..


ഴ തകർത്ത് പെയ്യുന്ന ഒരു ജൂലായ് സായാഹ്നം. വർഷം 2001. മാനന്തവാടിയിലെ പഴശ്ശി സ്മാരകത്തിനരികിലുള്ള വയനാട് ജില്ലാ മെഡിക്കൽ ഓഫീസിൽ, അന്നത്തെ ജോലി കഴിഞ്ഞ്, വീട്ടിലേക്ക് പുറപ്പെടാനൊരുങ്ങുകയായിരുന്നു. മഴ ഇത്തിരി ശമിച്ചോട്ടെ എന്ന് കരുതി. അപ്പോഴാണ് കുന്നു കയറി, മഴയിലൂടെ ഒരു ബൈക്ക് വന്നത്. ഞാനന്ന് വയനാട് ജില്ലാ മലേറിയ ഓഫീസറാണ്. ഗോവയിലെ മലേറിയ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞന്റെ ജോലി ഉപേക്ഷിച്ച് വയനാട്ടിലെത്തിയിട്ട് ഏതാനും മാസങ്ങളായിട്ടേയുള്ളൂ. അപ്പോഴേക്കും എന്റെ ‘കൊതുകു ഗവേഷണ’ താല്പര്യം വയനാട്ടിലെ ആരോഗ്യപ്രവർത്തകരുടെ ഇടയിൽ പാട്ടായിരുന്നു. കൊതുകുകളുമായി ബന്ധപ്പെട്ട പുതിയ നിരീക്ഷണങ്ങൾ എന്റെ ചെവിയിലെത്തിക്കാൻ അവർ കാട്ടിയ ഉത്സാഹം എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. എന്റെ പിൽക്കാല ഗവേഷണത്തിന്റെ ഗതിമാറ്റിയ ഒരു സന്ദേശ വാഹകനായിരുന്നു മഴയിലൂടെ ഓടിയെത്തിയ ആ ബൈക്കിലുണ്ടായിരുന്നത്. മാനന്തവാടിക്കടുത്തുള്ള  കുറുക്കൻമൂല പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പീറ്റർ അബ്രാഹാം.

പീറ്റർ പറഞ്ഞത്

മാനന്തവാടിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെയാണ് പീറ്ററിന്റെ വീട്. വീട്ടിൽ പോകുന്ന വഴി എന്നെ കാണാൻ മാത്രമാണ് കുത്തനെയുള്ള ആ കുന്ന് കയറിവന്നത്. വന്ന ഉടനെ പീറ്റർ ചോദിച്ചു:

“സാറ് റബ്ബർത്തോട്ടങ്ങൾ കണ്ടിട്ടുണ്ടോ?”

“ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്. എന്തേ ചോദിക്കാൻ?”

“റബ്ബർ തോട്ടത്തിലെ കൊതുകുകളെ കണ്ടിട്ടുണ്ടോ?” ഒരു കള്ളച്ചിരിയോടെ വീണ്ടും പീറ്ററിന്റെ ചോദ്യം. സത്യത്തിൽ ഞാൻ കണ്ടിട്ടില്ലായിരുന്നു. എന്റെ അജ്ഞത പീറ്ററിനെ ഉൽസാഹഭരിതനാക്കി.

“ഞാനും ആദ്യമായാ കാണുന്നത്. നല്ല മഴയായത് കൊണ്ട് റബ്ബർ വെട്ടുന്നത് നിർത്തിവെച്ചിരിക്കയാ. റബ്ബർ പാൽ ശേഖരിക്കുന്ന പാത്രത്തിലിപ്പോൾ നിറയെ മഴവെള്ളമാ. അതിൽ നിറയെ കൊതുക് കൂത്താടികളും.”  അത് കേട്ടതും എന്റെ ഉള്ളിലെ ഗവേഷകൻ ഞെട്ടിയുണർന്നു. ഇങ്ങനെയൊരു കാര്യം ആദ്യമായി കേൾക്കുകയാണ്. ഇതങ്ങനെ വെറുതെ വിടേണ്ട കാര്യമല്ല. ചിലപ്പോൾ  അന്താരാഷ്ട്രതലത്തിൽ  തന്നെ കൊണ്ടുചെന്നെത്തിച്ചേക്കാവുന്ന ഗവേഷണ സാധ്യതയുണ്ട്. അന്നത്തെ ആ തോന്നൽ പിൽക്കാലത്ത് യാഥാർഥ്യമാവുകയും ചെയ്തു. അതിലേക്ക് പിന്നീട് വരാം. പിറ്റേ ദിവസം തന്നെ പീറ്ററേയും കൂട്ടി അടുത്തുള്ള റബ്ബർ തോട്ടത്തിലേക്ക് പുറപ്പെട്ടു. `

റബ്ബർ തോട്ടത്തിൽ കണ്ടത്

പീറ്റർ പറഞ്ഞത് അക്ഷരം പ്രതി ശരിയായിരുന്നു. പാൽപാത്രങ്ങളിൽ കൊതുകു കൂത്താടികളും പ്യൂപ്പകളും തിങ്ങി നിറഞ്ഞിരുന്നു. അത്യാർത്തിയോടെ എല്ലാം ഞാൻ പ്ലാസ്റ്റിക്ക് പാത്രങ്ങളിൽ നിറച്ച് വീട്ടിലേക്ക് കൊണ്ടുപോയി. അവിടെ എനിക്കൊരു കൊച്ചു പരീക്ഷണ മൂലയുണ്ടായിരുന്നു. പിറ്റേന്നാൾ മുതൽ കൊതുകുകൾ പുറത്തുവന്നു തുടങ്ങി. മിക്കവയും ഞാൻ അതുവരെ കാണാത്ത കൊതുകുകൾ. ചിലതിനെയൊക്കെ തിരിച്ചറിയാൻ കഴിഞ്ഞു. അല്ലാത്തവ ചെറിയ കുപ്പികളിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിച്ചുവെച്ചു. തിരിച്ചറിഞ്ഞവയുടെ കൂട്ടത്തിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ആൽബോപിക്ട്സ് (Aedes albopictus) കൊതുകുകളും ഉണ്ടായിരുന്നു. ഡെങ്കിപ്പനി കേരളത്തിൽ വന്നു തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.  ആദ്യത്തെ ഡെങ്കി കേസുകൾ രേഖപ്പെടുത്തിയത് 1997 ൽ കോട്ടയം ജില്ലയിലായിരുന്നു. പതിനാല് കേസുകളും നാല് മരണവും. റബ്ബർ കൃഷി ഏറ്റവും കൂടുതലുള്ളതും കോട്ടയം ജില്ലയിൽ തന്നെയാണല്ലോ. അന്ന് ഡെങ്കി പരത്തിയ  കൊതുകുകൾ റബ്ബർ തോട്ടങ്ങളിൽ വിരിഞ്ഞവ തന്നെയായിരിക്കാനാണ് സാധ്യത. 2001 വരെ മലബാർ ജില്ലകളിൽ ഡെങ്കി വിരുന്നെത്തിയിരുന്നില്ല. എന്നാൽ 2002 ലെ മഴക്കാലത്ത് കണ്ണൂർ  ജില്ലയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു മരണം ഡെങ്കിപ്പനി കൊണ്ടായിരിക്കാമെന്ന് ആരോഗ്യവകുപ്പിന് സംശയമുണ്ടായി. തിരുവനന്തപുരത്തെ ആസ്ഥാനത്ത് നിന്നും പ്രസ്തുത മരണം വിശദമായി അന്വേഷിക്കാൻ ഒരു വിദഗ്ദ്ധസംഘം നിയോഗിക്കപ്പെട്ടു. കൊതുക് ഗവേഷണ രംഗത്തെ മുൻപരിചയം കണക്കിലെടുത്ത് എന്നെയും ആ വിദഗ്ദ്ധസംഘത്തിൽ ഉൾപ്പെടുത്തി. ഏറെ സന്തോഷത്തോടെയും ഉൽസാഹത്തോടെയും ഞാൻ വയനാടൻ ചുരമിറങ്ങി. എന്റെ റബർ ഗവേഷണത്തിന്റെ രണ്ടാം ഘട്ടത്തിന്റെ തുടക്കമായിരുന്നു ആ യാത്ര.

സെമിനാരിയിലെ താമസം

കണ്ണൂർ ജില്ലയിലെ ശ്രീകണ്ഠാപുരത്തിനടുത്തായിരുന്നു നേരത്തെ പറഞ്ഞ മരണം നടന്നത്. മരണം നടന്ന വീടിനു ചുറ്റും ഞങ്ങൾ പഠനം തുടങ്ങി. എന്നെ സഹായിക്കാൻ അന്നത്തെ കണ്ണൂർ ജില്ലാ മലേറിയ ഓഫീസർ പരേതനായ വിനോദ്കുമാറും ഉണ്ടായിരുന്നു. തിരുവനന്തപുരത്തെ സംഘം തിരിച്ചു പോയെങ്കിലും ഞങ്ങൾ ഒരു ദിവസം കൂടി പഠനം തുടരാൻ തീരുമാനിച്ചു. ശ്രീകണ്ഠാപുരത്തിനടുത്ത് ഒരു സെമിനാരിയിലായിരുന്നു ഞങ്ങൾക്ക് താമസമൊരുക്കിയിരുത്. ഒരു വലിയ റബർതോട്ടത്തിനു നടുവിലായിരുന്നു ആ ഗസ്റ്റ് ഹൗസ്. പിറ്റേന്ന് അതിരാവിലെയുണർന്ന് ഞാൻ തോട്ടത്തിലേക്കിറങ്ങി. ഞെട്ടിക്കുന്ന കാഴ്ചകളാണ് എന്നെയും കാത്തു  അവിടെ ഉണ്ടായിരുന്നത്. ആയിരക്കണക്കിന് റബർ മരങ്ങളുള്ള തോട്ടമാണ്. മഴക്കാലം. റബർ  ടാപ്പിംഗ് നിർത്തി വെച്ചിരുന്നു. പാൽ പാത്രങ്ങളിലെല്ലാം മഴവെള്ളം നിറഞ്ഞിട്ടുണ്ട്. അവയിൽ നൂറു കണക്കിന് കൊതുക് കൂത്താടികളും! നല്ലൊരു ശതമാനവും ഈഡിസ് ആൽബോപിക്ടസ് ആയിരുന്നു! വയനാട്ടിലെയും കണ്ണൂരിലെയും എന്റെ  നിരീക്ഷണങ്ങൾ ലോകാരോഗ്യ സംഘടനയുടെ ഗവേഷണ പ്രസിദ്ധീകരണമായ ഡെങ്കി ബുള്ളറ്റിനിൽ പ്രസിദ്ധീകരിച്ചു വന്നു. റബർ തോട്ടങ്ങളുടെ കൊതുകു ബന്ധം വിവരിക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ പഠനമായിരുന്നു അത്. അതുകൊണ്ടു തന്നെ അതിനു വലിയ  സ്വീകരണമാണ് ശാസ്ത്രലോകത്തു നിന്ന് ലഭിച്ചത്. 2003 ൽ ആരോഗ്യ വകുപ്പ് വിട്ട് കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അദ്ധ്യാപകനായി. എന്നാൽ ഗവേഷണവും കൂടെ കൊണ്ടുവന്നു. റബർ ഗവേഷണം വിശദമായി തുടരാൻ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്റെ ധനസഹായവും ലഭിച്ചു. അങ്ങനെ രണ്ടു വർഷക്കാലം വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ എന്റെ പഠനം വ്യാപിപ്പിച്ചു.

കൊതുക് വൈവിധ്യം

വയനാട്ടിൽ നിന്ന് ശേഖരിച്ച പാൽപ്പാത്രങ്ങളിൽ നിന്ന് അറിയുന്നതും അറിയാത്തതുമായ അനേകം കൊതുകുകൾ പുറത്ത് വന്നതായി നേരത്തെ പറഞ്ഞിരുന്നല്ലോ. രോഗവാഹി (Vector) എന്ന നിലയ്ക്ക് അന്ന് ഈഡിസ് ആൽബോപിക്ടസിലായിരുന്നു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഇത്തവണ ശ്രദ്ധ മറ്റ് കൊതുകുകളിലേക്കും വ്യാപരിപ്പിച്ചു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷനൻ നല്കിയ പണമുപയോഗിച്ച് കോളേജിൽ ഒരു പരീക്ഷണശാലയൊരുക്കി. ലഭ്യമായ പ്രസിദ്ധീകരണങ്ങളുപയോഗിച്ച് മറ്റ് കൊതുകുകളെ തിരിച്ചറിയാൻ ശ്രമിച്ചു. കൂടുതൽ പഠനത്തിനായി പോണ്ടിച്ചേരിയിലെ വെക്റ്റർ കൺട്രോൾ റിസർച്ച് സെന്ററിലേക്ക് വണ്ടി കയറി (ICMR-Vector Control Research Centre). അവിടുത്തെ വിദഗ്ധരുടെ സഹായത്തോടെ എല്ലാ കൊതുകുകളെയും തിരിച്ചറിഞ്ഞു. ആറ് ജനുസ്സുകളിലായി പന്ത്രണ്ട് കൊതുക് സ്പീഷീസുകളുണ്ടായിരുന്നു. ഒരു പാൽ പാത്രത്തിൽ അഞ്ചു സ്പീഷീസുകൾ വരെ ഒന്നിച്ചു വളരുന്നതായി കണ്ടു. ഈ പഠനം ഔദ്യോഗികമായി രണ്ടു വർഷത്തേക്കായിരുന്നുവെങ്കിലും എന്റെ പഠനങ്ങൾ തുടരുക തന്നെ ചെയ്തു. നേരത്തെ സൂചിപ്പിച്ചത് പോലെ ഈ പഠനങ്ങൾ അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുകയും, 2011  ൽ ബാങ്കോക്കിലെ ഫ്രഞ്ച് ഗവേഷണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസേർച്ച് ആന്റ് ഡെവലപ്പ്മെന്റ് (IRD) അവർ സംഘടിപ്പിച്ച ഒരു അന്താരാഷ്ട്ര സിമ്പോസിയത്തിലേക്ക് എനിക്ക് ക്ഷണം ലഭിക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിൽ ചൈനയിലും മലേഷ്യയിലും എന്റെ പഠനങ്ങൾ  അവതരിപ്പിക്കാനുള്ള അവസരങ്ങൾ ലഭിച്ചു.

റബ്ബർ കൃഷിയുടെ സഞ്ചാരം

ആമസോൺ തടഭൂമിയിൽ നിന്നും 70000 റബ്ബർ വിത്തുകൾ ശേഖരിച്ച് രഹസ്യമായി അദ്ദേഹം ഇംഗ്ലണ്ടിലെത്തിച്ചു.

ബ്രസീലിൽ നിന്ന് ഇംഗ്ലണ്ടിലേക്ക്

1870 കളിൽ ബ്രീട്ടീഷ് സർക്കാർ ഹെൻറി വിക്കാം (Henry Wickham) എന്ന പര്യവേഷകനെ ഒരു രഹസ്യ ദൗത്യത്തിനായി ബ്രസീലിലേക്ക് പറഞ്ഞയച്ചു.

ആമസോൺ തടഭൂമിയിൽ നിന്നും 70000 റബ്ബർ വിത്തുകൾ ശേഖരിച്ച് രഹസ്യമായി അദ്ദേഹം ഇംഗ്ലണ്ടിലെത്തിച്ചു.

എന്നാൽ അവിടുത്തെ പരീക്ഷണ വളർത്തൽ പരാജയപ്പെട്ടു.

കൽക്കത്തയിലേക്ക്

അവിടെ നിന്നും ബ്രിട്ടീഷ് ആധിപത്യമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കും. കൽക്കത്തയിലെ ബൊട്ടാണിക്കൽ  ഗാർഡനിലും എത്തി കുറച്ചു വിത്തുകൾ.

എന്നാൽ അവിടുത്തെ പരീക്ഷണ വളർത്തൽ പരാജയപ്പെട്ടു.

റബ്ബർ കൃഷി ഇന്ത്യയിലേക്ക്

ശ്രീലങ്കയിൽ

ശ്രീലങ്കയിലെ പരീക്ഷണം വിജയിച്ചു

റബ്ബർ കൃഷി ഇന്ത്യയിലേക്ക്

പരീക്ഷണാടിസ്ഥാനത്തിൽ, ഇന്ത്യയിൽ തന്നെ റബ്ബർ മരങ്ങൾ ആദ്യമായി വളർത്തിയെടുത്തത് നിലമ്പൂരിലാണ്. എന്നാൽ ആദ്യത്തെ റബ്ബർ തോട്ടം സ്ഥാപിച്ചത് 1902 ൽ തട്ടേക്കാട്ടും.

തട്ടേക്കാട്ടും നിലമ്പൂരും

1878 ൽ ശ്രീലങ്കയിലെ ഹെനറാത്ത്ഗോഡ ബൊട്ടാണിക്ക് ഗാർഡനിൽ നിന്നും റബ്ബർ തൈകൾ കേരളത്തിലെ നിലമ്പൂരിലെത്തി.

പരീക്ഷണാടിസ്ഥാനത്തിൽ, ഇന്ത്യയിൽ തന്നെ റബ്ബർ മരങ്ങൾ ആദ്യമായി വളർത്തിയെടുത്തത് നിലമ്പൂരിലാണ്. എന്നാൽ ആദ്യത്തെ റബ്ബർ തോട്ടം സ്ഥാപിച്ചത് 1902 ൽ തട്ടേക്കാട്ടും.

ഇന്ന് നമ്മുടെ സംസ്ഥാനത്ത് ഏകദേശം അഞ്ചര ലക്ഷം ഹെക്ടറിൽ റബ്ബർ കൃഷിയുണ്ടെന്നാണ് കണക്ക്. ഒരു ഹെക്ടറിൽ അഞ്ഞൂറോളം മരങ്ങളുണ്ടാകും. മൊത്തം ഇരുപത്തിയേഴരക്കോടി മരങ്ങൾ.

കേരളത്തിൽ വ്യാപകമാകുന്നു

1940 ന് ശേഷമാണ് റബ്ബർ കൃഷി കേരളത്തിൽ വ്യാപകമായത്.

ഇന്ന് നമ്മുടെ സംസ്ഥാനത്ത് ഏകദേശം അഞ്ചര ലക്ഷം ഹെക്ടറിൽ റബ്ബർ കൃഷിയുണ്ടെന്നാണ് കണക്ക്. ഒരു ഹെക്ടറിൽ അഞ്ഞൂറോളം മരങ്ങളുണ്ടാകും. മൊത്തം ഇരുപത്തിയേഴരക്കോടി മരങ്ങൾ.


റബ്ബർതോട്ടം – കൊതുകുകളുടെ സ്വപ്നഭൂമി

തെക്കേ അമേരിക്കൻ വൃക്ഷമായ റബ്ബർ കേരളത്തിലെത്തിച്ചത് ബ്രിട്ടീഷുകാരാണ്. രസകരമാണ് റബ്ബർ മരങ്ങളുടെ ആ രാജ്യാന്തര യാത്രയുടെ ചരിത്രം. റബ്ബർ മരങ്ങൾ തഴച്ചുവളരുന്ന ദക്ഷിണ അമേരിക്കൻ പ്രദേശങ്ങൾ സ്പെയിനിന്റെ ആധിപത്യത്തിലായിരുന്നു. അതുകൊണ്ടുതന്നെ റബ്ബറിന്റെ ആഗോള കുത്തകയും അവരുടെ കൈവശമായിരുന്നു. ഈ കുത്തക അവസാനിപ്പിക്കേണ്ടത് ബ്രീട്ടീഷുകാരുടെ ഒരു അടിയന്തര ആവശ്യമായിരുന്നു. അങ്ങനെ 1870 കളിൽ ബ്രീട്ടീഷ് സർക്കാർ ഹെൻറി വിക്കാം (Henry Wickham) എന്ന പര്യവേഷകനെ ഒരു രഹസ്യ ദൗത്യത്തിനായി ബ്രസീലിലേക്ക് പറഞ്ഞയച്ചു. ആമസോൺ തടഭൂമിയിൽ നിന്നും 70000 റബ്ബർ വിത്തുകൾ ശേഖരിച്ച് രഹസ്യമായി അദ്ദേഹം ഇംഗ്ലണ്ടിലെത്തിച്ചു. അവിടെ നിന്നും ബ്രിട്ടീഷ് ആധിപത്യമുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കും. കൽക്കത്തയിലെ ബൊട്ടാണിക്കൽ  ഗാർഡനിലും എത്തി കുറച്ചു വിത്തുകൾ. എന്നാൽ അവിടുത്തെ പരീക്ഷണ വളർത്തൽ പരാജയപ്പെട്ടു. എന്നാൽ ശ്രീലങ്കയിലെ പരീക്ഷണം വിജയിക്കുക തന്നെ ചെയ്തു. 1878 ൽ ശ്രീലങ്കയിലെ ഹെനറാത്ത്ഗോഡ ബൊട്ടാണിക്ക് ഗാർഡനിൽ നിന്നും റബ്ബർ തൈകൾ കേരളത്തിലെ നിലമ്പൂരിലെത്തി. പരീക്ഷണാടിസ്ഥാനത്തിൽ, ഇന്ത്യയിൽ തന്നെ റബ്ബർ മരങ്ങൾ ആദ്യമായി വളർത്തിയെടുത്തത് നിലമ്പൂരിലാണ്. എന്നാൽ ആദ്യത്തെ റബ്ബർ തോട്ടം സ്ഥാപിച്ചത് 1902 ൽ തട്ടേക്കാട്ടും. 1940 ന് ശേഷമാണ് റബ്ബർ കൃഷി കേരളത്തിൽ വ്യാപകമായത്.

ഇന്ന് നമ്മുടെ സംസ്ഥാനത്ത് ഏകദേശം അഞ്ചര ലക്ഷം ഹെക്ടറിൽ റബ്ബർ കൃഷിയുണ്ടെന്നാണ് കണക്ക്. ഒരു ഹെക്ടറിൽ അഞ്ഞൂറോളം മരങ്ങളുണ്ടാകും. മൊത്തം ഇരുപത്തിയേഴരക്കോടി മരങ്ങൾ. എല്ലാ മരങ്ങളും വെട്ടുന്നവയാണെങ്കിൽ അത്രയും പാൽ പാത്രങ്ങളുമുണ്ടാകും. അവയിലെല്ലാം മഴവെള്ളം കെട്ടിക്കിടക്കുമെങ്കിൽ അത്രയും ‘കൊതുക് കേന്ദ്രങ്ങളും’. ഒരു പാത്രത്തിൽ നിന്ന് ശരാശരി 100 കൊതുകുകൾ പുറത്തു വരുമെങ്കിൽ രണ്ടായിരത്തി എഴുന്നൂറ്റി അൻപത് കോടി കൊതുകുകൾ! സംശയം വേണ്ട, കൊതുകുകളുടെ സ്വപനഭൂമി തന്നെയാണ് റബ്ബർ തോട്ടങ്ങൾ. ഇതൊരു ഭീകര പ്രശ്നം തന്നെയാണെന്നതിൽ സംശയമൊന്നുമില്ല. എന്നാൽ എളുപ്പം പരിഹരിക്കാവുന്ന പ്രശ്നവുമാണ്. മഴക്കാലത്ത് വെട്ട് നിർത്തുകയാണെങ്കിൽ ഒന്നുകിൽ  പാൽപാത്രങ്ങൾ  കമഴ്ത്തി വയ്ക്കുക, അല്ലെങ്കിൽ  അഴിച്ചെടുത്ത് മഴ കൊള്ളാതെ  സൂക്ഷിച്ചു വയ്ക്കുക. വലിയൊരു പ്രശ്നത്തിന് ചെറിയ പരിഹാരക്രിയ.


ലേഖകന്റെ പുസ്തകം

Mosquito- breeding in the Rubber Plantations of Kerala

Dr. Sumodan P K


കൂടുതൽ വായനയ്ക്ക് :
  • Sumodan, P.K. (2003). Potential of Rubber Plantations as breeding source for Aedes albopictus in Kerala, India. Dengue Bulletin. 27: 197-198
  • P.K. Sumodan (2010). Mosquito-breeding in Rubber plantations of Kerala, India.: A study based on ecosystem approach. VDM Verlag, Germany.
  • Sumodan, P.K. (2012) Species diversity of mosquito breeding in the rubber plantations of Kerala, India. Journal of American Mosq. Control Association. 28(2): 114-115.
  • Sumodan P. K., Morales Vargas R., Jinrapa P, Anchana S., LeFait-Robin R. and Dujardin J. P. (2015). Rubber plantations as a mosquito box amplification in South and South East Asia. In Socio-Ecological Dimensions of Infectious diseases in Southeast Asia. Ed. Serge Morand, Dujardin J. P., LeFait-Robin R and Chamnarn, A. Springer Singapore. Pp 155-167

കൊതുകിനെക്കുറിച്ച് അറിയേണ്ടതെല്ലാം

Happy
Happy
80 %
Sad
Sad
20 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Previous post ലൂക്കയുടെ ശാസ്ത്രപൂക്കള മത്സരം – ആരംഭിച്ചു
Next post തിരുവോണത്തിന്റെ നക്ഷത്രവഴി 
Close